മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാൻ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാൻ കഴിയും?
“മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം എല്ലായിടത്തുമുണ്ട്.”—പതിനാറുകാരനായ ജെസി.
“ഞാൻ വളർന്നുവരവേ അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും ദുഷ്കരമായ പ്രശ്നങ്ങളിലൊന്ന് സ്കൂളിലെ സഹപാഠികളിൽ നിന്നുള്ള സമ്മർദം ആയിരുന്നു.”—21 വയസ്സുള്ള ജോനഥൻ
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം നാം ഗൗരവമായി കാണേണ്ട ഒരു പ്രശ്നംതന്നെയാണ്. എങ്കിലും അതിനെ ചെറുത്തുനിൽക്കുക സാധ്യമാണ്. വാസ്തവത്തിൽ നിങ്ങൾക്ക് അത്തരം സമ്മർദത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ, എന്തിന് അതിൽനിന്നു പ്രയോജനം നേടാൻ പോലും കഴിയും. എങ്ങനെ?
ഈ ലേഖന പരമ്പരയുടെ കഴിഞ്ഞ ലക്കത്തിൽ, മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ ചെറുക്കുന്നതിനു നാം സ്വീകരിക്കേണ്ട ആദ്യ പടിയെ കുറിച്ച് ഞങ്ങൾ വിശദമായി പ്രതിപാദിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തിനു നിങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയും എന്ന വസ്തുത അംഗീകരിക്കുന്നതും നിങ്ങൾ ആ സമ്മർദത്തിനു വഴങ്ങാൻ എത്രത്തോളം സാധ്യതയുണ്ട് എന്നു തിരിച്ചറിയുന്നതുമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. a ക്രിയാത്മകമായ മറ്റെന്തു നടപടി നിങ്ങൾക്കു സ്വീകരിക്കാൻ കഴിയും? നിങ്ങൾക്കാവശ്യമായ സഹായം പ്രദാനം ചെയ്യുന്ന മാർഗനിർദേശങ്ങൾ ദൈവവചനത്തിലുണ്ട്. സദൃശവാക്യങ്ങൾ 24:5 ഇങ്ങനെ പറയുന്നു: “പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു.” മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ ചെറുക്കാനുള്ള നിങ്ങളുടെ കഴിവിനെ ബലപ്പെടുത്തുന്ന എന്തുതരം പരിജ്ഞാനമാണുള്ളത്? അതിനുള്ള ഉത്തരം കാണുന്നതിനു മുമ്പ്, ഇത്തരം സമ്മർദം നിങ്ങളെ കീഴ്പെടുത്താൻ ഇടയാക്കിയേക്കാവുന്ന ഒരു ഘടകത്തെ കുറിച്ച് നമുക്ക് ആദ്യം ചർച്ചചെയ്യാം.
ആത്മവിശ്വാസത്തിന്റെ അഭാവം—ഒരു അപകടം
യഹോവയുടെ സാക്ഷികളായ യുവജനങ്ങൾക്ക്, മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം ചിലപ്പോൾ ഒരു പ്രത്യേക വെല്ലുവിളി ഉയർത്തുന്നതായി തോന്നുന്നു. മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസം പങ്കുവെക്കേണ്ടി വരുമ്പോഴാണിത്. (മത്തായി 28:19, 20) നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു മറ്റു ചെറുപ്പക്കാരോടു പറയുന്നത് ദുഷ്കരമായി ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. 18 വയസ്സുള്ള മെലാനീ പറയുന്നതു ശ്രദ്ധിക്കൂ: “ഞാൻ ഒരു സാക്ഷിയാണെന്നു മറ്റു യുവജനങ്ങളോടു പറയേണ്ടിവന്നപ്പോൾ അതു വിചാരിച്ചതിലുമധികം ബുദ്ധിമുട്ടായിരുന്നു. ധൈര്യം സംഭരിച്ചു ഞാനതു പറയാൻ ഒരുങ്ങുമ്പോഴേക്കും എനിക്കു പിന്നെയും ഭയമാകും.” സമപ്രായക്കാരിൽ നിന്നുള്ള തെറ്റായതരം സമ്മർദത്തിന്റെ സ്വാധീനം, തന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചു.
വിശ്വസ്തതയുടെ കാര്യത്തിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം കാഴ്ചവെച്ച സ്ത്രീപുരുഷന്മാർപോലും ദൈവത്തെക്കുറിച്ച് ആളുകളോടു സംസാരിക്കുന്നതിൽ മടി കാണിച്ചിട്ടുണ്ട് എന്ന് ബൈബിൾ വ്യക്തമാക്കുന്നു. യിരെമ്യാവിന്റെ കാര്യംതന്നെ പരിചിന്തിക്കുക. ആളുകളോടു ധൈര്യസമേതം തന്റെ സന്ദേശം യിരെമ്യാവു 1:6, 7.
അറിയിക്കാൻ ദൈവം അവനോട് ആവശ്യപ്പെട്ടു. അത് അനുസരിച്ചാൽ പരിഹാസവും പീഡനവും ഉണ്ടാകുമെന്ന് യുവാവായ യിരെമ്യാവിന് അറിയാമായിരുന്നു. കൂടാതെ അവന് ആത്മവിശ്വാസവും കുറവായിരുന്നു. എന്തുകൊണ്ട്? അവൻ ദൈവത്തോട് ഇപ്രകാരം പറഞ്ഞു: “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” ഒരു ബാലനായതിനാൽ ആ നിയോഗം ഏറ്റെടുക്കാൻ താൻ പ്രാപ്തനല്ലെന്ന് യിരെമ്യാവു പറഞ്ഞു. എന്നാൽ ദൈവം അതിനോടു യോജിച്ചോ? ഇല്ല. യഹോവ അവന് ഈ ഉറപ്പു നൽകി: “‘ഞാൻ ബാലൻ’ എന്നു നീ പറയരുതു.” ആ യുവാവ് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഒരു സുപ്രധാന നിയോഗം നൽകിക്കൊണ്ട് യഹോവ തന്റെ ഉദ്ദേശ്യ പ്രകാരംതന്നെ മുന്നോട്ടു പോയി.—നമുക്ക് ആത്മവിശ്വാസം കുറവാണെങ്കിൽ നമ്മെക്കുറിച്ചു തന്നെ ഒരു അനിശ്ചിതത്വം തോന്നാനിടയുണ്ട്. അപ്പോൾ പുറത്തു നിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാൻ നമുക്ക് ഏറെ ബുദ്ധിമുട്ടു തോന്നിയേക്കാം. ഗവേഷണ ഫലങ്ങൾ ഇതു ശരിവെക്കുന്നു. ഉദാഹരണത്തിന്, 1937-ൽ മുസാഫെർ ഷെരീഫ് എന്ന ടർക്കിഷ്-അമേരിക്കൻ ശാസ്ത്രജ്ഞൻ പ്രസിദ്ധമായൊരു പരീക്ഷണം നടത്തി. അദ്ദേഹം കുറെപ്പേരെ ഒരു ഇരുട്ടുമുറിയിൽ അടച്ചിട്ടു. എന്നിട്ട് ഒരു പ്രകാശബിന്ദു കാണിച്ചു. ആ പ്രകാശബിന്ദു അവിടെ നിന്ന് എത്ര ദൂരം നീങ്ങിയിട്ടുണ്ടെന്ന് അവരോടു ചോദിച്ചു.
വാസ്തവത്തിൽ അതു നിശ്ചലമായിരുന്നു. നീങ്ങുന്നു എന്നത് വെറും ഒരു തോന്നൽ ആയിരുന്നു. ഓരോരുത്തരോടായി ചോദിച്ചപ്പോൾ അവരെല്ലാം സ്വന്ത അഭിപ്രായങ്ങൾ പറഞ്ഞു, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ. പിന്നീട് അദ്ദേഹം എല്ലാവരെയും ഒന്നിച്ചു നിറുത്തി ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ഉറക്കെപ്പറയാൻ ആവശ്യപ്പെട്ടു. എന്തു സംഭവിച്ചു? തങ്ങൾ എത്തിച്ചേർന്ന നിഗമനങ്ങൾ ആത്മവിശ്വാസത്തോടെ വിളിച്ചുപറയാൻ അവർക്കായില്ല. അവർ പരസ്പരം സ്വാധീനിക്കപ്പെട്ടു. പരീക്ഷണം ആവർത്തിച്ചപ്പോൾ അവരുടെ അഭിപ്രായങ്ങളും ഏകീഭവിച്ചു. അങ്ങനെ ആ കൂട്ടത്തിന് ഒരു “പൊതു അഭിപ്രായ”മുണ്ടായി. അതിനുശേഷം ഓരോരുത്തരോടായി വീണ്ടും അഭിപ്രായം ആരാഞ്ഞപ്പോഴും കൂട്ടത്തിന്റെ പൊതു അഭിപ്രായത്തോടു പറ്റിനിൽക്കാനുള്ള പ്രവണതയായിരുന്നു ഭൂരിപക്ഷത്തിനും.
ഈ പരീക്ഷണം ഒരു സുപ്രധാന വസ്തുത വ്യക്തമാക്കുന്നു. അതായത്, ഉറച്ച ബോധ്യമോ ആത്മവിശ്വാസമോ ഇല്ലാത്തപ്പോൾ ആളുകൾ മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. അത് ഗൗരവമുള്ള ഒരു സംഗതിയാണ്, അല്ലേ? ഇനി, ഗൗരവമായ പരിചിന്തനം അർഹിക്കുന്ന ചില സുപ്രധാന കാര്യങ്ങളിൽ, അതായത്, വിവാഹത്തിനു മുമ്പേയുള്ള ലൈംഗികത, മയക്കുമരുന്നിന്റെ ദുരുപയോഗം, പിന്തുടരേണ്ട ജീവിത ലക്ഷ്യങ്ങൾ എന്നിവയിലൊക്കെ മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം ഒരു വില്ലനെപ്പോലെ കടന്നുവരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും ‘പൊതുജനാഭിപ്രായം’ പിന്തുടരുന്നെങ്കിൽ നാം സ്വന്തം ഭാവിക്കുതന്നെ തുരങ്കം വെക്കുകയായിരിക്കും. (പുറപ്പാടു 23:2) അങ്ങനെയെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും?
മേൽപ്പറഞ്ഞ പരീക്ഷണത്തിൽ, പ്രകാശബിന്ദു നിശ്ചലമാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? നിങ്ങൾ അതു തുറന്നു പറയുമായിരുന്നോ? തീർച്ചയായും, മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നമുക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കണം. എന്തുതരം ആത്മവിശ്വാസം? നമുക്ക് അതെങ്ങനെ നേടാൻ കഴിയും?
യഹോവയിൽ ആശ്രയിക്കുക
ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനെപ്പറ്റി ആളുകൾ വാതോരാതെ സംസാരിക്കുന്നത് ഒരുപക്ഷേ നിങ്ങൾ കേട്ടിരിക്കാം. എന്നാൽ അത് എപ്രകാരം നേടാം, ഏത് അളവോളം അത് ഉണ്ടായിരിക്കണം എന്നീ കാര്യങ്ങളിൽ പലരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്, ചിലപ്പോൾ പരസ്പരവിരുദ്ധം പോലുമാണ്. എന്നാൽ ബൈബിൾ സമനിലയുള്ള ഒരു വീക്ഷണം പുലർത്തുന്നു. അതിങ്ങനെ പറയുന്നു: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ . . . സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ . . . നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) ഈ വാക്യത്തിന്റെ മറ്റൊരു പരിഭാഷ പിൻവരുന്ന പ്രകാരമാണ്: “തനിക്ക് യഥാർഥത്തിൽ ഉള്ളതിലധികം മൂല്യം തനിക്ക് ഉണ്ടെന്ന് ആരും ഭാവിക്കരുത് എന്നു ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു; മറിച്ച്, സമചിത്തതയോടു കൂടി സ്വയം വിലയിരുത്തുക.”—ചാൾസ് ബി. വില്യംസ്.
നിങ്ങളുടെ “മൂല്യം” വസ്തുനിഷ്ഠമായി “വിലയിരുത്തു”ന്നെങ്കിൽ, ദുരഭിമാനം, പൊങ്ങച്ചം, അഹംഭാവം എന്നിങ്ങനെ അമിത ആത്മവിശ്വാസത്തിന്റേതായ ലക്ഷണങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. മാത്രമല്ല, സമനിലയുള്ള ഒരു കാഴ്ചപ്പാട് ഉണ്ടെങ്കിൽ, നേരാംവണ്ണം ചിന്തിക്കാനും ന്യായവാദം ചെയ്യാനും ജ്ഞാനപൂർവകമായ തീരുമാനം എടുക്കാനും ആവശ്യമായ ആത്മവിശ്വാസവും നിങ്ങൾക്ക് ഉണ്ടായിരിക്കും. സ്രഷ്ടാവ് നിങ്ങൾക്കു ‘ന്യായബോധം’ നൽകിയിട്ടുണ്ട്. അതു നിസ്സാരമായി കാണേണ്ട ഒന്നല്ല, മറിച്ച് മൂല്യവത്തായ ഒരു സമ്മാനമാണ്. (റോമർ 12:1, NW) ഇതു മനസ്സിൽ പിടിക്കുന്നെങ്കിൽ, സ്വയം തീരുമാനങ്ങൾ എടുക്കാതെ ആ ഉത്തരവാദിത്വം മറ്റുള്ളവരെ ഏൽപ്പിക്കുന്ന പ്രവണതയെ ചെറുക്കാൻ നിങ്ങൾക്കു കഴിയും. എന്നിരുന്നാലും നിങ്ങൾക്കു കൂടുതൽ സംരക്ഷണമായി ഉതകുന്ന മറ്റൊരു തരം ആത്മവിശ്വാസം ഉണ്ട്.
ദിവ്യ നിശ്വസ്തതയിൽ ദാവീദ്രാജാവ് ഇങ്ങനെ എഴുതി: “യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.” (സങ്കീർത്തനം 71:5) അതേ, ദാവീദ് തന്റെ സ്വർഗീയ പിതാവിൽ പൂർണ ആശ്രയം വെച്ചു. ചെറുപ്പം മുതൽത്തന്നെ അവൻ അങ്ങനെ ചെയ്തിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്ത് ദ്വന്ദ്വയുദ്ധത്തിനു യിസ്രായേൽ പടയാളികളെ വെല്ലുവിളിച്ചപ്പോൾ ദാവീദ് ഒരു ബാലൻ അല്ലെങ്കിൽ കൗമാരപ്രായക്കാരൻ ആയിരുന്നിരിക്കാം. ഗൊല്യാത്തിന്റെ പോർവിളിയിൽ ഭടന്മാരെല്ലാം ഭയന്നുപോയി. (1 ശമൂവേൽ 17:11, 33) സാധ്യതയനുസരിച്ച് പ്രതികൂല സ്വാധീനം ചെലുത്തുന്ന ഒരു സമ്മർദം അവർക്കിടയിലും ഉണ്ടായി. ഇത്ര അതികായനും ധൈര്യശാലിയും മല്ലനുമായ ഒരുവന്റെ വെല്ലുവിളി സ്വീകരിച്ച് അവനുമായി അങ്കം കുറിക്കാൻമാത്രം ചിത്തഭ്രമമൊന്നും തങ്ങൾക്കില്ല എന്നവർ പരസ്പരം സംസാരിച്ചിട്ടുണ്ട് എന്നതിനു തർക്കമില്ല. അവരുടെ സംസാരത്തിൽ ശുഭാപ്തിവിശ്വാസം ഇല്ലായിരുന്നു. എന്നാൽ ഇത്തരം സമ്മർദമൊന്നും യുവാവായ ദാവീദിനെ ഒരു തരത്തിലും ബാധിച്ചില്ല. എന്തുകൊണ്ട്?
ഗൊല്യാത്തിനോടുള്ള ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (1 ശമൂവേൽ 17:45) ഗൊല്യാത്തിന്റെ അസാധാരണ വലിപ്പവും ശക്തിയും ആയുധങ്ങളും സംബന്ധിച്ചു ദാവീദിന് നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ യഹോവ തന്നോടു കൂടെ ഉണ്ട് എന്ന വസ്തുതയിൽ അവന് ഉറച്ച ബോധ്യം ഉണ്ടായിരുന്നു. യഹോവയോടുള്ള താരതമ്യത്തിൽ ഗൊല്യാത്ത് ഒന്നുമല്ല എന്നും ദാവീദിന് അറിയാമായിരുന്നു. യഹോവ തന്റെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ഗൊല്യാത്തിനെ എന്തിനു ഭയപ്പെടണം? ദൈവത്തിലുള്ള അത്തരം ആശ്രയം ദാവീദിനു സുരക്ഷിതത്വബോധം നൽകി. മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തിന്റെ തിരത്തള്ളലിൽപ്പെട്ട് അവൻ ആടിയുലഞ്ഞില്ല.
നിങ്ങൾക്കു യഹോവയിൽ അത്തരം ആശ്രയം ഉണ്ടോ? ദാവീദിന്റെ നാളുകളിലേതുപോലെതന്നെയാണ് യഹോവ ഇന്നും. അവന് ഒരു മാറ്റവുമില്ല. (മലാഖി 3:6; യാക്കോബ് 1:17) യഹോവയെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികമായി തന്റെ വചനത്തിലൂടെ അവൻ നിങ്ങളോടു പറഞ്ഞിരിക്കുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ ബോധ്യവും വർധിക്കും. (യോഹന്നാൻ 17:17) ജീവിതത്തിൽ നിങ്ങളെ വഴിനയിക്കുന്നതിന് ആവശ്യമായ ആശ്രയയോഗ്യവും മാറ്റമില്ലാത്തതുമായ നിലവാരങ്ങൾ ദൈവവചനത്തിലുണ്ട്. മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ ചെറുക്കാൻ അവ നിങ്ങളെ സഹായിക്കും. യഹോവയെ നിങ്ങളുടെ ആശ്രയമാക്കുന്നതിലുപരിയായി മറ്റു ചിലതും കൂടെ നിങ്ങൾക്കു ചെയ്യാനാകും.
മെച്ചപ്പെട്ട ഉപദേശകരെ തിരഞ്ഞെടുക്കുക
ഗുണകരമായ മാർഗനിർദേശം തേടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ദൈവവചനം ഇപ്രകാരം ഊന്നിപ്പറയുന്നു: “വിദഗ്ധമായ മാർഗനിർദേശം സമ്പാദിക്കുന്നവനാണു വിവേകിയായ ഒരു മനുഷ്യൻ.” (സദൃശവാക്യങ്ങൾ 1:5, NW) നിങ്ങളുടെ ക്ഷേമത്തിൽ ആത്മാർഥ താത്പര്യമുള്ള മാതാപിതാക്കൾക്കുതന്നെ മാർഗനിർദേശത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും. 25 വയസ്സുള്ള ഇന്ദിരയ്ക്ക് ഈ വസ്തുത നന്നായി അറിയാം. അവൾ ഇങ്ങനെ പറയുന്നു: “എന്റെ മാതാപിതാക്കൾ തിരുവെഴുത്തുകളിൽ നിന്ന് എന്നോടു ന്യായവാദം ചെയ്യുന്ന പതിവുണ്ടായിരുന്നു. അങ്ങനെ യഹോവ എനിക്കൊരു യാഥാർഥ്യമായിത്തീർന്നു. അതുകൊണ്ട് ഞാനിന്നും സത്യത്തിന്റെ പാതയിൽ തുടരുന്നു.” നിരവധി യുവജനങ്ങൾക്ക് ഇതേ അഭിപ്രായമുണ്ട്.
നിങ്ങൾ ക്രിസ്തീയ സഭയിലെ ഒരംഗം ആണെങ്കിൽ, അവിടെയുള്ള മേൽവിചാരകന്മാരും പക്വതയുള്ള ക്രിസ്തീയ സഹോദരീസഹോദരന്മാരും സഹായത്തിന്റെയും പിന്തുണയുടെയും വലിയ സ്രോതസ്സുകൾതന്നെയാണ്. നാദിയ എന്ന യുവതി പറയുന്നു: “എന്റെ സഭയിലെ മൂപ്പന്മാരെ ഞാൻ അതിയായി വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അധ്യക്ഷമേൽവിചാരകൻ ഒരിക്കൽ നടത്തിയ പ്രസംഗം യുവജനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതായിരുന്നു. അതു കേട്ട് ഞാനും എന്റെ കൂട്ടുകാരിയും അതിശയിച്ചുപോയി. കാരണം ഞങ്ങളുടെ വികാരങ്ങളാണ് അദ്ദേഹം അതേപടി പ്രസംഗത്തിൽ അവതരിപ്പിച്ചത്.”
നമ്മുടെമേൽ പ്രതികൂല സ്വാധീനം ചെലുത്തിയേക്കാവുന്ന സമ്മർദത്തെ എതിർക്കാൻ നമുക്ക് ക്രിയാത്മക സമ്മർദത്തെ ഉപയോഗിക്കാൻ കഴിയും. സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നെങ്കിൽ നല്ല ലക്ഷ്യങ്ങളോടും ശരിയായ നിലവാരങ്ങളോടുമൊക്കെ പറ്റിനിൽക്കാൻ അവരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടായിരിക്കും. എങ്ങനെയാണ് നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനാവുക? ഈ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കുക: “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും, എന്നാൽ മൂഢൻമാരോട് ഇടപാടുകളുള്ളവൻ ചീത്തയാകും.” (സദൃശവാക്യങ്ങൾ 13:20, NW) നാദിയ തന്റെ വിദ്യാലയത്തിലെ ജ്ഞാനികളായ സുഹൃത്തുക്കളെ തിരഞ്ഞെടുത്തു. തന്റെ അതേ ധാർമിക നിലവാരങ്ങൾ പുലർത്തുന്ന സഹാരാധകരായിരുന്നു അവർ. അവൾ ഇങ്ങനെ അനുസ്മരിക്കുന്നു: “സ്കൂളിൽ വെച്ച് സാക്ഷികൾ അല്ലാത്ത ആൺകുട്ടികൾ ഞങ്ങളോടു ‘സംസാരിക്കാൻ’ ചുറ്റും കൂടിയപ്പോൾ, ഞങ്ങൾ പിന്തുണയ്ക്കായി പരസ്പരം ആശ്രയിച്ചു.” നല്ല കൂട്ടുകാർക്കു നിങ്ങളിലെ അഭികാമ്യമായ ഗുണങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയും. അവരെ കണ്ടെത്തുന്നതിനായി നാം ചെയ്യുന്ന ശ്രമം തക്ക മൂല്യമുള്ളതാണ്.
നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, മാർഗനിർദേശത്തിനായി പക്വതയുള്ള ക്രിസ്ത്യാനികളെ സമീപിക്കുന്നെങ്കിൽ, സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നെങ്കിൽ മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്കു തീർച്ചയായും കഴിയും. സുഹൃത്തുക്കൾക്കിടയിൽ നിങ്ങൾ ക്രിയാത്മകമായ ഒരു സ്വാധീനമായിരിക്കും. അങ്ങനെ ജീവന്റെ പാതയിൽ നിങ്ങളോടൊപ്പമായിരിക്കുന്നതിന് നിങ്ങൾക്ക് അവരെയും സഹായിക്കാനാകും. (g02 12/22)
[അടിക്കുറിപ്പ്]
a 2002 ഡിസംബർ 8 ലക്കം ഉണരുക!യിലെ മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം—അതു വാസ്തവത്തിൽ അത്ര ശക്തമാണോ? എന്ന ലേഖനം കാണുക.
[26-ാം പേജിലെ ആകർഷക വാക്യം]
നിങ്ങളെപ്പോലെതന്നെ, ദൈവത്തെയും അവന്റെ നിലവാരങ്ങളെയും സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക
[26-ാം പേജിലെ ചിത്രങ്ങൾ]
“മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW
“ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും.”—സദൃശവാക്യങ്ങൾ 13:20, NW