മാഗ്നാകാർട്ടയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ അന്വേഷണവും
മാഗ്നാകാർട്ടയും സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ അന്വേഷണവും
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിലെ സറി കൗണ്ടിയുടെ പ്രകൃതിരമണീയമായ നാട്ടിൻ പുറങ്ങളിലൂടെ ഒഴുകുന്ന തെംസ് നദി. അതിന്റെ തീരത്തെ വിശാലമായ പുൽത്തകിടികളിൽ ഒന്നിൽ ഒരു സ്മാരകം നിലകൊള്ളുന്നുണ്ട്. 13-ാം നൂറ്റാണ്ടിൽ അരങ്ങേറിയ ഒരു സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒരു ആലേഖനം അതിൽ കാണാം. ഇവിടെ, റനിമിഡ് പുൽപ്പുറത്തു വെച്ചാണ് [1199 മുതൽ 1216 വരെ ഭരണം നടത്തിയ] ഇംഗ്ലണ്ടിലെ ജോൺ രാജാവിന് സമരം ചെയ്യുന്ന ഇടപ്രഭുക്കന്മാരെ അഭിമുഖീകരിക്കേണ്ടി വന്നത്. രാജാവിന്റെ കെടുകാര്യസ്ഥതയിൽ അസ്വസ്ഥരായിത്തീർന്ന പ്രബലരായ ജന്മികൾ ആയിരുന്നു അവർ. ചില അവകാശങ്ങൾ അനുവദിച്ചു നൽകിക്കൊണ്ട് തങ്ങളുടെ ആവലാതികൾക്ക് ഒരു പരിഹാരം കാണണമെന്ന് അവർ രാജാവിനോട് ആവശ്യപ്പെട്ടു. ശക്തമായ സമ്മർദത്തിനു വഴങ്ങി രാജാവിന് ഒടുവിൽ ആ രേഖയിൽ മുദ്ര പതിക്കേണ്ടിവന്നു. ഈ അവകാശ പത്രമാണ് പിൽക്കാലത്ത് മാഗ്നാകാർട്ട (മഹാരേഖ) എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്.
“പാശ്ചാത്യ ചരിത്രത്തിലെ അദ്വിതീയ നിയമരേഖ” എന്ന് മാഗ്നാകാർട്ടയെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനുള്ള ഉത്തരത്തിലൂടെ കണ്ണോടിച്ചാൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം സംബന്ധിച്ചു പല വിവരങ്ങളും ഇതൾവിരിയുന്നതു കാണാം.
ഇടപ്രഭുക്കന്മാരെ സംബന്ധിക്കുന്ന വകുപ്പുകൾ
ജോൺ രാജാവ് റോമൻ കത്തോലിക്കാ സഭയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. സ്റ്റീവൻ ലാങ്ടണിനെ കാന്റർബറി ആർച്ചുബിഷപ്പായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം ഇന്നസെന്റ് മൂന്നാമൻ പാപ്പായെ ധിക്കരിച്ചു. തത്ഫലമായി സഭ അതിന്റെ പിന്തുണ പിൻവലിച്ചു. രാജാവ് ഫലത്തിൽ മതഭ്രഷ്ടനുമായി. ഗത്യന്തരമില്ലാതെ ജോൺ രാജാവ് ഒരു അനുരഞ്ജന ശ്രമം നടത്തി. തന്റെ രാജ്യങ്ങളായ ഇംഗ്ലണ്ടും അയർലണ്ടും പാപ്പായ്ക്ക് അടിയറ വെക്കാൻ അദ്ദേഹം തയ്യാറായി. സഭയോടു കൂറുപുലർത്തിക്കൊള്ളാമെന്നും ആണ്ടോടാണ്ട് കപ്പം നൽകിക്കൊള്ളാമെന്നുമുള്ള രാജാവിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആ രാജ്യങ്ങൾ പാപ്പാ ജോണിനു തിരിച്ചു നൽകി. അങ്ങനെ ജോൺ പാപ്പായുടെ സാമന്ത രാജാവായിത്തീർന്നു.
വർധിച്ചുവന്ന സാമ്പത്തിക പ്രതിസന്ധി നിമിത്തം രാജാവ് നട്ടം തിരിഞ്ഞു. തന്റെ 17 വർഷ ഭരണത്തിനിടയിൽ 11 തവണ അദ്ദേഹം ഭൂവുടമകളുടെമേൽ കൂടുതലായ കരം ചുമത്തി. സഭയുടെയും സാമ്പത്തിക കാര്യാദികളുടെയും പേരിലുണ്ടായ ഒച്ചപ്പാടുകൾ ജനങ്ങൾക്ക് രാജാവിലുള്ള വിശ്വാസം കെടുത്തുന്നതായിരുന്നു. രാജാവിന്റെ ചെയ്തികളാകട്ടെ, എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ളതുമായിരുന്നു.
ഒടുവിൽ, രാജ്യത്തിന്റെ വടക്കുഭാഗത്തു പാർത്തിരുന്ന ഇടപ്രഭുക്കന്മാർ ഇനിമേൽ യാതൊരു കരവും അടയ്ക്കില്ലെന്നു തീരുമാനിച്ചു. എങ്ങും പ്രക്ഷോഭം ആളിക്കത്തി. രാജഭക്തി പരസ്യമായി പരിത്യജിച്ചുകൊണ്ട് ലണ്ടൻ നഗരത്തിലേക്ക് അവർ അണിയണിയായി നീങ്ങി. വിൻഡ്സർ കൊട്ടാരത്തിലെ രാജാവും അൽപ്പം കിഴക്കോട്ടുമാറി സ്റ്റേൻസ് പട്ടണത്തിൽ തമ്പടിച്ച ഇടപ്രഭുക്കന്മാരും തമ്മിൽ ചൂടുപിടിച്ച ഒത്തുതീർപ്പു ചർച്ചകൾ അരങ്ങേറി. അണിയറ ചർച്ചകൾക്ക് ഒടുവിൽ ഇരു നഗരങ്ങൾക്കും മധ്യേ റനിമിഡ് പുൽപ്പുറത്ത് അവർ മുഖാമുഖം കണ്ടുമുട്ടി. ഇവിടെവെച്ച്, 1215 ജൂൺ 15 തിങ്കളാഴ്ച, 49 വകുപ്പുകൾ അടങ്ങുന്ന ഒരു അവകാശപത്രത്തിൽ ജോൺ രാജാവ് മുദ്രവെച്ചു. ‘ഇടപ്രഭുക്കന്മാർ അനുമതി തേടുന്നതും രാജാവ് അംഗീകാരം നൽകുന്നതുമായ വകുപ്പുകൾ’ എന്നു പറഞ്ഞാണ് അതു തുടങ്ങിയത്.
നിയമവാഴ്ചയിൻ കീഴിൽ സ്വാതന്ത്ര്യം
അധികം വൈകാതെതന്നെ ജോൺ രാജാവിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ച് സംശയങ്ങൾ തലപൊക്കിത്തുടങ്ങി. രാജവിരുദ്ധവും പാപ്പാവിരുദ്ധവുമായ വികാരങ്ങൾ അലയടിക്കവേ, പാപ്പായെ
കാണാൻ രാജാവ് റോമിലേക്ക് നയതന്ത്ര പ്രതിനിധികളെ അയച്ചു. റനിമിഡ് കരാർ വെറും പൊള്ളയായ ഒന്നാണെന്ന് വിധിയെഴുതിക്കൊണ്ട്, അതു റദ്ദുചെയ്തതായി പാപ്പാ ഉടനടി ശാസന പുറപ്പെടുവിക്കുകയും ചെയ്തു. ഇംഗ്ലണ്ടിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. പിറ്റേ വർഷം ജോൺ അകാലചരമം പ്രാപിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ഒമ്പതു വയസ്സുകാരൻ ഹെൻറി സിംഹാസനസ്ഥനായി.റനിമിഡ് കരാർ പുനഃപ്രഖ്യാപനം ചെയ്യാൻ ഹെൻറി രാജകുമാരന്റെ അനുയായികൾ ഏർപ്പാടാക്കി. മാഗ്നാകാർട്ട എന്ന പേരിലുള്ള ഒരു ലഘുഗ്രന്ഥം പറയുന്നതനുസരിച്ച്, “സ്വേച്ഛാധിപത്യത്തെ അമർച്ച ചെയ്യാനുള്ള ഒരു നൈയമിക ആയുധം എന്ന രൂപത്തിൽ നിന്നും, മിതവാദികളായ പൗരജനങ്ങളെ അനുനയിപ്പിച്ച് രാജാവിന് അനുകൂലമായി അണിചേർക്കാൻ സഹായിക്കുന്ന ഒരു പ്രകടനപത്രിക എന്ന രൂപത്തിലേക്ക്” ഈ പരിഷ്കരിച്ച പതിപ്പ് “തിരക്കിട്ടു ഭേദഗതിചെയ്യുകയായിരുന്നു.” ഹെൻറിയുടെ ഭരണകാലത്ത് വീണ്ടും പലതവണ ഈ കരാർ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പിൻഗാമിയായ എഡ്വേർഡ് ഒന്നാമൻ മാഗ്നാകാർട്ടയെ 1297 ഒക്ടോബർ 12-ന് ഒരിക്കൽക്കൂടി പ്രാമാണീകരിച്ചു. ഒടുവിൽ അതിന്റെ ഒരു പ്രതി ഇംഗ്ലണ്ടിലെ പാർലമെന്റു നിയമങ്ങളുടെ നിയമസംഹിതയിൽ ചേർക്കുകയും ചെയ്തു—പ്രത്യേക പൊതുജന പ്രാധാന്യമുള്ള കാര്യങ്ങളാണ് ഈ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പ്രമാണ രേഖ ഏകാധിപതിയുടെ അധികാരങ്ങൾക്കു കൂച്ചുവിലങ്ങിട്ടു. പ്രജകളെപ്പോലെ രാജാവും നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്ന് ഇതു പ്രഖ്യാപിച്ചു. 20-ാംനൂറ്റാണ്ടിലെ വിഖ്യാതനായ ചരിത്രകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഏകാധിപത്യഭരണകൂടത്തിന് നിയന്ത്രണവും സമനിലയും അനിവാര്യമാക്കുന്ന ഒരു സംവിധാനം [മാഗ്നാകാർട്ട] പ്രദാനം ചെയ്തു. അവശ്യം വേണ്ട അധികാരങ്ങൾ അത് രാജാവിനു നൽകുമ്പോൾത്തന്നെ നിഷ്ഠുരനോ കോമാളിയോ ആയ ഒരു സ്വേച്ഛാധിപതി അധികാര ദുർവിനിയോഗം ചെയ്യുന്നത് അതു തടയുകയും ചെയ്യുമായിരുന്നു.” തികച്ചും ഉദാത്തമായ ആദർശങ്ങൾ തന്നെ! എന്നാൽ സാധാരണക്കാരന് ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുമായിരുന്നോ? അന്ന് തുലോം a
തുച്ഛമായ പ്രയോജനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഉന്നതശ്രേണിയിൽപ്പെട്ട, വാസ്തവത്തിൽ വിരലിലെണ്ണാവുന്ന അന്നത്തെ “സ്വതന്ത്ര പൗരന്മാ”രുടെ പൗരാവകാശങ്ങൾ മാത്രമായിരുന്നു മാഗ്നാകാർട്ട ചർച്ച ചെയ്തത്.“മാഗ്നാകാർട്ടയുടെ ചരിത്രത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ, തലമുറകൾ അതിനെ ഭീഷണി നേരിടുന്ന സ്വാതന്ത്ര്യത്തിന്റെ പരിപാലകൻ എന്നു വ്യാഖ്യാനിച്ചു. അങ്ങനെ മാഗ്നാകാർട്ട ഒരു പ്രതീകവും മർദനത്തിന് എതിരായുള്ള സമരാഹ്വാനവും ആയിത്തീർന്നു” എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പ്രസ്താവിക്കുന്നു. ഈ പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ പാർലമെന്റിന്റെ ഓരോ സെഷനും മാഗ്നാകാർട്ടയെ ആവർത്തിച്ചു സ്ഥിരീകരിച്ചുകൊണ്ടാണ് ആരംഭിച്ചിരുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ നിയമജ്ഞർ ചില വിശേഷാവകാശങ്ങൾക്കുള്ള അടിത്തറയായി മാഗ്നാകാർട്ടയിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തി. ജൂറിയുടെ മുമ്പാകെ വിചാരണ ലഭിക്കാനുള്ള അവകാശം, അന്യായ തടങ്കൽ നിരോധിക്കുന്ന ഹേബിയസ് കോർപസ് b ആക്ട്, നിയമസമത്വം, അന്യായ അറസ്റ്റിൽ നിന്നുള്ള സ്വാതന്ത്ര്യം, നികുതി പിരിവു പാർലമെന്റിന്റെ അധീനതയിൽ കൊണ്ടുവരൽ എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നു. മാഗ്നാകാർട്ടയെ ‘ഇംഗ്ലീഷുകാരുടെ ഭരണഘടനയുടെ വേദപുസ്തകം’ എന്നാണ് ബ്രിട്ടീഷ് ഭരണതന്ത്രജ്ഞനായ വില്യം പിറ്റ് വിശേഷിപ്പിച്ചത്.
അന്വേഷണം തുടരുന്നു
1996 മുതൽ 2000 വരെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബഹുമാന്യ ചീഫ് ജസ്റ്റിസ് ആയിരുന്ന ബിങ്ങാം പ്രഭു ഇങ്ങനെ തുറന്നു പറയുന്നു: “രേഖയിൽ വാസ്തവത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കാൾ പറഞ്ഞിട്ടുണ്ട് എന്നു കരുതപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചരിത്രത്തിൽ പലപ്പോഴും മാഗ്നാകാർട്ടയ്ക്ക് ഭരണഘടനാപരമായ പ്രാധാന്യം നൽകിയിരിക്കുന്നത്.” കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും, മാഗ്നാകാർട്ടയോടു ബന്ധപ്പെട്ട സ്വാതന്ത്ര്യം സംബന്ധിച്ച ആദർശങ്ങൾ കാലക്രമത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ദേശങ്ങളിലെങ്ങും വ്യാപിക്കുകതന്നെ ചെയ്തു.
ഇംഗ്ലണ്ടിൽ നിന്ന് 1620-ൽ, പുനരധിവാസത്തിനായി അമേരിക്കയിലേക്ക് കപ്പൽ കയറിയവർ മാഗ്നാകാർട്ടയുടെ ഒരു പ്രതിയും കൂടെ കൈയിൽ കരുതിയിരുന്നു. ഭരണകൂടത്തിൽ അർഹമായ പ്രാതിനിധ്യം നൽകാതെ തങ്ങളുടെ കയ്യിൽനിന്നു കരംപിരിക്കുന്നതിന് എതിരെ അമേരിക്കയിലെ ബ്രിട്ടീഷ് കോളനികൾ 1775-ൽ സമരം തുടങ്ങിയപ്പോൾ, ഇന്ന് മസാച്ചുസെറ്റ്സ് സംസ്ഥാനം എന്നറിയപ്പെടുന്നിടത്തെ നിയമസമിതി അത്തരം നികുതികൾ മാഗ്നാകാർട്ടയുടെ പ്രത്യക്ഷലംഘനം ആണെന്ന് വിധിയെഴുതി. ഒരു കൈയിൽ വാളും മറുകൈയിൽ മാഗ്നാകാർട്ടയും പിടിച്ച ഒരു ആൾരൂപം അന്ന് മസാച്ചുസെറ്റ്സിൽ ഉപയോഗിച്ചിരുന്ന ഔദ്യോഗിക സീലിൽ ആലേഖനം ചെയ്തിരുന്നു.
അമേരിക്കൻ ഐക്യനാടുകൾക്ക് ഒരു ഭരണഘടന മെനയാൻ ഒരുമിച്ചു കൂടിയ പുതുതായി പിറന്ന രാജ്യത്തിന്റെ പ്രതിനിധികൾ, നിയമവാഴ്ചയിൻ കീഴിൽ സ്വാതന്ത്ര്യം എന്ന തത്ത്വം ഉയർത്തിപ്പിടിച്ചു. ഈ തത്ത്വം സ്വാംശീകരിച്ചതിൽ നിന്നുമാണ് അമേരിക്കൻ മൗലികാവകാശ പത്രിക ഉരുത്തിരിഞ്ഞത്. അങ്ങനെ 1957-ൽ മാഗ്നാകാർട്ടയുടെ അംഗീകരണാർഥം റനിമിഡ് പുൽത്തകിടിയിൽ അമേരിക്കൻ ബാർ അസ്സോസിയേഷൻ ഒരു സ്മാരകം പണിതു. അതിൽ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു: “മാഗ്നാകാർട്ടയുടെ ഓർമയ്ക്കായി—നിയമ വാഴ്ചയിൻ കീഴിൽ സ്വാതന്ത്ര്യത്തിന്റെ പ്രതീകം.”
അമേരിക്കൻ ഭരണതന്ത്രജ്ഞയായ എലനർ റൂസ്വെൽറ്റ് 1948-ൽ, ഐക്യരാഷ്ട്ര സംഘടനയുടെ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം എഴുതിയുണ്ടാക്കുന്നതിൽ സഹായിച്ചപ്പോൾ, അത് “മുഴു മനുഷ്യരാശിക്കും വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര മാഗ്നാകാർട്ട” ആയിത്തീരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തീർച്ചയായും, മനുഷ്യവർഗത്തിന്റെ സ്വാതന്ത്ര്യദാഹത്തിന്റെ തീക്ഷ്ണത വെളിപ്പെടുത്തുന്നതാണ് മാഗ്നാകാർട്ടയുടെ ചരിത്രം. വിഭാവനകൾ എത്ര ഉത്കൃഷ്ടമായിരുന്നാലും, ഇന്ന് അനേകം നാടുകളിലും മനുഷ്യന്റെ മൗലികാവകാശങ്ങൾ ഭീഷണി നേരിടുകയാണ്. സകലർക്കും സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ മനുഷ്യ ഭരണകൂടങ്ങൾ ആവർത്തിച്ചു പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ തികച്ചും വിഭിന്നമായ മറ്റൊരു ഭരണകൂടത്തിന്റെ നിയമത്തിൻ കീഴിലുള്ള ശ്രേഷ്ഠമായ സ്വാതന്ത്ര്യത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നത്. ആ ഭരണകൂടം ദൈവരാജ്യമാണ്.
ദൈവത്തെ സംബന്ധിച്ച് വളരെ ശ്രദ്ധേയമായ ഒരു കാര്യം ബൈബിൾ ചൂണ്ടിക്കാണിക്കുന്നു: “യഹോവയുടെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ട്.” (2 കൊരിന്ത്യർ 3:17, NW) ദൈവരാജ്യം ഏതുതരം സ്വാതന്ത്ര്യമാണ് മനുഷ്യവർഗത്തിനു വാഗ്ദാനം ചെയ്യുന്നത് എന്ന് അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികൾ അടുത്ത തവണ നിങ്ങളെ സന്ദർശിക്കുമ്പോൾ അവരോടു ചോദിക്കുന്നത് നല്ലതായിരിക്കില്ലേ? വിമോചനത്തിലേക്കു നയിക്കുന്ന സന്തോഷദായകമായ ഉത്തരങ്ങളായിരിക്കും നിങ്ങൾക്കു ലഭിക്കുക.
(g02 12/22)
[അടിക്കുറിപ്പുകൾ]
a “അന്ന്, 1215-ൽ ‘സ്വതന്ത്ര പൗരൻ’ (freeman) എന്ന പദം ഒരു പ്രത്യേക കൂട്ടം ആളുകളെ കുറിക്കാൻ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. 17-ാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിൽ മുഴുപൗരന്മാരും തന്നെ ഉൾപ്പെട്ടു.”—പാശ്ചാത്യസംസ്കാര ചരിത്രം (ഇംഗ്ലീഷ്).
b ഒരാളെ തടങ്കലിൽ വെച്ചിരിക്കുന്നതിന് നിയമാനുസൃതമായ കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഉത്തരവു പുറപ്പെടുവിച്ചുകൊണ്ടുള്ള നിയമരേഖയാണ് ഹേബിയസ് കോർപസ് റിട്ട്.
[13-ാം പേജിലെ ചതുരം/ചിത്രം]
മഹാരേഖ
“ഇടപ്രഭുക്കന്മാരെ സംബന്ധിക്കുന്ന വകുപ്പുകൾ” എന്ന നിലയിലാണു മാഗ്നാകാർട്ടയുടെ (“മഹാരേഖ” എന്നർഥം വരുന്ന ലാറ്റിൻ പ്രയോഗം) തുടക്കം. 49 വകുപ്പുകളുള്ള ഈ രേഖയിലാണ് ജോൺ രാജാവ് ആദ്യം മുദ്ര പതിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വകുപ്പുകളുടെ എണ്ണം 63 ആയി ഉയർന്നു. രാജാവ് വീണ്ടും അതിൽ മുദ്ര പതിച്ചു നൽകി. 1217-ൽ ഭേദഗതിചെയ്ത് ഇറക്കിയ പതിപ്പിൽ വനംവകുപ്പ് നിയമങ്ങൾ പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ചെറിയ രേഖ കൂടി ചേർത്തിരുന്നു. അന്നുമുതലാണ് ഈ വകുപ്പുകൾക്ക് എല്ലാംകൂടെ മാഗ്നാകാർട്ട എന്ന പേരു ലഭിച്ചത്.
ഒമ്പത് വിഭാഗങ്ങളിലായാണ് 63 വകുപ്പുകൾ. ഇടപ്രഭുക്കന്മാരുടെ ആവലാതികൾ; നീതിന്യായം, നിയമം എന്നിവയിലെ പരിഷ്കാരം; പള്ളിയുടെ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ടവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് നിയമ സംഹിതയിലെ പൗരസ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ അടിസ്ഥാനം ഈ അവകാശ പത്രത്തിന്റെ 39-ാം വകുപ്പാണ്. അത് ഇപ്രകാരം പറയുന്നു: “ഒരു സ്വതന്ത്ര വ്യക്തിയെയും അയാളുടെ സമസ്ഥാനീയരുടെ നിയമാനുസൃത വിധിന്യായത്തിന്റെയോ ദേശീയ നിയമത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ പിടിച്ചുകെട്ടാനോ തടവിൽ വെക്കാനോ പാടില്ല; അതുപോലെതന്നെ അയാളുടെ അവകാശങ്ങൾ നിഷേധിക്കാനോ സ്വത്തു കണ്ടുകെട്ടാനോ പാടില്ല; അയാളെ ഭ്രഷ്ടനാക്കാനോ നാടുകടത്താനോ പാടില്ല; അയാൾക്കെതിരെ ബലപ്രയോഗത്തിനു മുതിരാനോ അതിനായി ആളുകളെ അയയ്ക്കാനോ പാടില്ല.”
[ചിത്രം]
പശ്ചാത്തലം: മാഗ്നാകാർട്ടയുടെ ഭേദഗതിചെയ്ത മൂന്നാം പതിപ്പ്
[കടപ്പാട്]
By permission of the British Library, 46144 Exemplification of King Henry III’s reissue of Magna Carta 1225
[12-ാം പേജിലെ ചിത്രം]
ജോൺ രാജാവ്
[കടപ്പാട്]
From the book Illustrated Notes on English Church History (Vols. I and II)
[12-ാം പേജിലെ ചിത്രം]
ജോൺ രാജാവ് തന്റെ കിരീടം പാപ്പായുടെ പ്രതിനിധിക്ക് അടിയറവെക്കുന്നു
[കടപ്പാട്]
From the book The History of Protestantism (Vol. I)
[13-ാം പേജിലെ ചിത്രം]
1215-ൽ ജോൺ രാജാവിന് നാട്ടിലെ ഇടപ്രഭുക്കന്മാരെ അഭിമുഖീകരിക്കേണ്ടി വരുന്നു, മാഗ്നാകാർട്ടയിൽ മുദ്ര പതിക്കാൻ രാജാവ് നിർബന്ധിതനാകുന്നു
[കടപ്പാട്]
From the book The Story of Liberty, 1878
[14-ാം പേജിലെ ചിത്രം]
ഇംഗ്ലണ്ടിലെ റനിമിഡിൽ സ്ഥിതിചെയ്യുന്ന മാഗ്നാകാർട്ട സ്മാരകം
[കടപ്പാട്]
ABAJ/Stephen Hyde
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിലെ പശ്ചാത്തലം: By permission of the British Library, Cotton Augustus II 106 Exemplification of King John’s Magna Carta 1215; ജോൺ രാജാവിന്റെ മുദ്ര: Public Record Office, London