ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചിരിക്കൂ, ആരോഗ്യം നിലനിറുത്തൂ!
ഹൃദയം തുറന്നുള്ള ചിരി ഒരുവനെ പ്രസരിപ്പുള്ളവനാക്കി നിറുത്തുന്നതിലുമധികം ചെയ്യുന്നു. അത് അന്തഃസ്രാവ ഗ്രന്ഥികളുടെയും നാഡികളുടെയും പ്രതിരോധവ്യവസ്ഥയുടെയും അസന്തുലിതാവസ്ഥയെ സമനിലയിലാക്കുന്നു, ഹൃദയമിടിപ്പിനെയും ശ്വാസോച്ഛ്വാസത്തെയും സ്ഥിരതയുള്ളതാക്കുന്നു, വാതരോഗത്തിനു താത്കാലിക ആശ്വാസം കൈവരുത്തുകപോലും ചെയ്യുന്നു. ജപ്പാനിലെ ചില ഡോക്ടർമാരാണ് അങ്ങനെ അഭിപ്രായപ്പെടുന്നത്. ചിരി ചേതനീനാഡികളെ ഉത്തേജിപ്പിക്കുന്നു. അതാകട്ടെ, പേശികളിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുകയും തത്ഫലമായി തലച്ചോറിന്റെ പ്രവർത്തനത്തെ ഊർജിതപ്പെടുത്തുകയും ചെയ്യുന്നു. നമ്മൾ ഹൃദയം തുറന്നു ചിരിക്കുമ്പോൾ പേശികൾക്കു നല്ല വ്യായാമം ലഭിക്കുന്നു. ഐഎച്ച്റ്റി ആസാഹി ഷിംബുൺ എന്ന വർത്തമാനപത്രത്തിൽ വന്ന ഒരു അഭിപ്രായമനുസരിച്ച്, ഒരാൾ വയറു കുറയ്ക്കാൻ “കിടന്നും എഴുന്നേറ്റിരുന്നും വ്യായാമം ചെയ്യുമ്പോൾ അടിവയറ്റിലെ പേശികൾക്ക് ഉണ്ടാകുന്ന അതേ ആയാസം”തന്നെ ചിരിക്കുമ്പോഴും ഉണ്ടാകുന്നു. ഒസാക്കക്കാരനായ മിച്ചിയോ താനാക്ക എന്ന മനശ്ശാസ്ത്രജ്ഞൻ, ചിരിയുടെ നല്ല ഫലത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: “ഇത് പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഫലപ്രദമായ ഒരു ഔഷധമാണ്.”(g02 12/08)
“വൈദ്യന്മാരായ” മൃഗങ്ങൾ
“വന്യമൃഗങ്ങൾക്കു വൈദ്യസഹായം ആവശ്യമായി വരുമ്പോൾ അവയ്ക്കു സ്വന്തമായി ചില ചികിത്സകൾ നടത്താൻ കഴിയുമെന്നും വാസ്തവത്തിൽ അവ അങ്ങനെ ചെയ്യാറുണ്ടെന്നും മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചു പഠനം നടത്തുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്ന”തായി ലണ്ടന്റെ ദി ഇക്കോണമിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ടാൻസാനിയയിലെ ചിമ്പാൻസികൾ തങ്ങളുടെ കുടലിലെ കൊക്കപ്പുഴുവിനെ നശിപ്പിക്കുന്നതിന് ഒരുതരം ചെടിയുടെ കാമ്പ് തിന്നാറുണ്ട്. ഇതിൽ കൊക്കപ്പുഴുവിനെ കൊല്ലാൻ കഴിവുള്ള വിഷം അടങ്ങിയിരിക്കുന്നു. ആഫ്രിക്കയിൽ എമ്പാടുമുള്ള ചിമ്പാൻസികൾ അതിസൂക്ഷ്മമായ മുള്ളുകളുള്ള ഒരുതരം ഇലകൾ തിന്നുന്നു. ഈ ഇലകളിലെ മുള്ളുകൾ അവയുടെ കുടലിലുള്ള കൃമികളെ നീക്കം ചെയ്യുന്നു. ക്ഷാരസ്വഭാവമുള്ള വിഷാംശം അടങ്ങിയ വിത്തുകൾ ഭക്ഷിക്കുന്ന മാക്കതത്തകൾ കൂട്ടത്തിൽ കുറച്ചു കളിമണ്ണുകൂടി അകത്താക്കാറുണ്ട്. അവയുടെ ഭക്ഷണത്തിലെ അപകടകരമായ വിഷത്തെ കളിമണ്ണ് നിർവീര്യമാക്കുന്നതായി കാണപ്പെടുന്നു. അലാസ്കയിലെ തവിട്ടുകരടികൾ, കാനഡയിലെ മഞ്ഞുവാത്തകൾ, ചെന്നായ്ക്കൾ എന്നിവയും കുടലിലെ പരാന്നജീവികളെ കുടിയൊഴിപ്പിക്കാൻ ചിലതരം സസ്യങ്ങൾ തിന്നാറുണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ചില ഗുരുതരമായ രോഗങ്ങളെ വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിജയകരമായി തരണം ചെയ്തിരിക്കുന്നതായും എന്നാൽ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളിൽ അത്തരം രോഗങ്ങൾ മിക്കപ്പോഴും അവ ചത്തൊടുങ്ങുന്നതിന് ഇടയാക്കുന്നതായും ഒട്ടേറെ വന്യമൃഗങ്ങളിൽ നടത്തിയ രക്തപരിശോധന വെളിപ്പെടുത്തുന്നു. “തങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി വന്യമൃഗങ്ങൾക്കു ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് അത്തരം നിരീക്ഷണങ്ങൾ കാണിക്കുന്നു. എന്നാൽ ബന്ധിതരായ മൃഗങ്ങൾക്ക് അതു സാധിക്കില്ല” എന്ന് ദി ഇക്കോണമിസ്റ്റ് കൂട്ടിച്ചേർക്കുന്നു.(g02 12/08)
മുഖ്യ കൊലയാളി
“കറുത്ത മരണത്തെ പിന്തള്ളിക്കൊണ്ട് എയ്ഡ്സ് ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി മാറിയിരിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “14-ാം നൂറ്റാണ്ടിൽ 4 കോടി ആളുകളുടെ ജീവൻ അപഹരിച്ചുകൊണ്ട് കറുത്ത മരണം എന്ന പകർച്ചവ്യാധി യൂറോപ്പിലും ഏഷ്യയിലും സംഹാരതാണ്ഡവമാടി. ഇപ്പോൾ ഏതാണ്ട് 700 വർഷങ്ങൾക്കുശേഷം ചരിത്രം ആവർത്തിക്കപ്പെടുകയാണ്.” ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്കും ഏതാണ്ട് 6.5 കോടി ആളുകളുടെ ജീവൻ എച്ച്ഐവി അപഹരിച്ചിരിക്കും. ക്ഷയവും മലേറിയയും അതിലുമധികം ആളുകളെ ഇപ്പോൾ പിടികൂടുന്നുണ്ടെങ്കിലും ഈ രോഗങ്ങൾ സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും ഉളവാക്കുന്ന ഫലങ്ങൾ എയ്ഡ്സിനെക്കാൾ കുറവാണ് എന്നു പറയപ്പെടുന്നു. (g02 12/08)
പ്രണയലേഖനം എങ്ങനെ എഴുതണം . . .
കത്തെഴുത്തു തൊഴിലാക്കിയവർക്ക് ഇതാ ഒരു സുവർണാവസരം, അവർ തയ്യാറാക്കുന്ന പ്രണയലേഖനങ്ങൾക്ക് ആവശ്യക്കാർ ഏറെ. ഡീ വോച്ച് ജർമൻ വാരികയാണ് ഇതു പറഞ്ഞത്. മനസ്സ് അക്ഷരങ്ങളിലൂടെ തുറന്നുകാണിക്കാൻ അറിയാത്തവർക്ക് കൂലി എഴുത്തുകാർ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുന്നു. എഴുത്തുകൂലി കൊടുത്താൽ മതി, രസികൻ പ്രേമലേഖനം തയ്യാർ. ആവശ്യക്കാരന്റെ അഭ്യർഥനയ്ക്ക് അനുസൃതമായി വികാരനിർഭരമോ ഗൗരവം മുറ്റിനിൽക്കുന്നതോ ആയിരിക്കും പ്രേമലേഖനങ്ങൾ. കവിതകളും ലഭ്യമാണ്, ഇതിന് അൽപ്പം വിലപേശലുമാവാം. പല തരക്കാരാണ് പ്രണയികൾക്കുവേണ്ടി ഇത്തരം കത്തുകൾ എഴുതിക്കൊടുക്കുന്നത്. ചിലർ പ്രൊഫഷണൽ എഴുത്തുകാരോ, ജേർണലിസ്റ്റുകളോ ആണ്, വേറെ ചിലർക്ക് പ്രണയലേഖനം എഴുതുന്നത് ഒരു വിനോദമാണ്. ഇനിയും മറ്റു ചിലർ കമ്പ്യൂട്ടറുകളിൽ ഓൺ-ലൈൻ സഹായംവരെ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ, സംഗതി വിജയിക്കുമെന്നൊന്നും ഉറപ്പുപറയാനാവില്ല. ഒരു കൂലി എഴുത്തുകാരൻ തന്റെ വിശ്വസ്തനായ ഉപഭോക്താവിനുവേണ്ടി മൂന്നു വർഷം “പ്രണയത്തിൽ ചാലിച്ച മോഹനവാഗ്ദാനങ്ങൾ നിറഞ്ഞ” പ്രേമലേഖനങ്ങൾ എഴുതിയിട്ടും ഇതുവരെ കാമുകി കടാക്ഷിച്ചില്ലത്രേ. (g02 12/08)
നിങ്ങളുടെ നടുവ് സൂക്ഷിക്കുക!
“അനുചിതമായ ശരീരനില, അമിതഭാരം, ആവശ്യത്തിനുള്ള ശാരീരിക വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം സാവധാനം നട്ടെല്ലിനെ ക്ഷയിപ്പിക്കും” എന്ന് സ്പാനിഷ് വർത്തമാനപത്രമായ എൽ പായേസ് സേമേനേൽ പറയുന്നു. വികസിത രാജ്യങ്ങളിലെ 80 ശതമാനം പേർക്കും തങ്ങളുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും നടുവേദന ഉണ്ടായിട്ടുണ്ട്. അതു തടയുകയോ ലഘൂകരിക്കുകയോ ചെയ്യുന്നതിനു നമ്മുടെ ശരീരനിലയിൽ ചില ക്രമപ്പെടുത്തലുകൾ വരുത്തണം എന്ന്, നട്ടെല്ലിനുണ്ടാകുന്ന കുഴപ്പങ്ങളെപ്പറ്റി പ്രത്യേക പഠനം നടത്തുന്ന സ്പാനിഷ് കൊവാക്സ് ക്ലിനിക് ശുപാർശ ചെയ്യുന്നു. ലളിതമായ ചില നിർദേശങ്ങൾ ഇതാ: നട്ടെല്ലു നിവർത്തി ചെരിഞ്ഞു കിടക്കുക. ഇരിക്കുമ്പോൾ നടുവ് കസേരയുടെ ചാരുവശത്തോടു നന്നായി ചേർന്നിരിക്കണം. കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കുമ്പോൾ നിങ്ങളുടെ ചുമലുകൾ അതിന്റെ സ്വാഭാവിക സ്ഥാനത്തുതന്നെ ഇരിക്കട്ടെ. നിങ്ങൾക്കു കുനിയണമെങ്കിൽ നടുവു വളയ്ക്കാതെ മുട്ടുകുത്തി കുനിയുക. കുറെ സമയം നിൽക്കേണ്ടിവരുമ്പോൾ നിങ്ങളുടെ ഭാരം ഒരു കാലിൽ താങ്ങിയിട്ട്, മറ്റേ കാൽ നടയിലോ സ്റ്റൂളിലോ കയറ്റിവെച്ച് അതിന് അൽപ്പം വിശ്രമം കൊടുക്കുക. (g02 12/08)
ചവറിൽനിന്നു സ്വർണം
വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള ലാഭകരമായ എളുപ്പവഴി ജപ്പാനിലെ ഒരു കമ്പനി കണ്ടുപിടിച്ചിരിക്കുന്നു. അക്കിറ്റ പ്രിഫെക്ചറിലുള്ള, അയിരുകൾ ഉരുക്കി ശുദ്ധീകരിക്കുന്ന ഒരു കമ്പനി, ഭീമമായ തുകയും സമയവും ചെലവഴിച്ച് അയിരുകൾ ഖനനം ചെയ്യുന്നതിനു പകരം ഉപേക്ഷിക്കപ്പെട്ട സെൽഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ചില ഭാഗങ്ങൾ ഉരുക്കിയെടുത്ത് ലോഹങ്ങൾ വീണ്ടെടുക്കുന്നതായി ടോക്കിയോയിലെ വർത്തമാനപത്രമായ ഐഎച്ച്റ്റി ആസാഹി ഷിംബുൺ പറയുന്നു. കമ്പനിയുടെ പ്രസിഡന്റ് പറയുന്നതനുസരിച്ച്, “ബാറ്ററിയില്ലാത്ത, ഉപയോഗിച്ചശേഷം കളയുന്ന ഒരു ടൺ സെൽഫോണുകളിൽ നിന്നു നൂറുകണക്കിനു ഗ്രാം സ്വർണം ഉത്പാദിപ്പിക്കാൻ കഴിയും.” പരമ്പരാഗത രീതി ഉപയോഗിച്ചു ചെയ്യുന്ന ഖനനത്തോടുള്ള താരതമ്യത്തിൽ, ഈ ഓരോ ടൺ പാഴ്വസ്തുക്കളിൽ നിന്നും “വീണ്ടെടുക്കുന്ന ലോഹത്തിന്റെ അളവ്” അത്രയും അയിരിൽ നിന്നു കിട്ടുന്നതിന്റെ ഏതാണ്ടു പത്തിരട്ടിയാണ്. മാത്രമല്ല സ്വർണത്തിനായി സെൽഫോണുകൾ ‘ഖനനം’ ചെയ്യുന്നത് ഏതാണ്ട് അയിരിൽ നിന്നു ലോഹം വേർതിരിച്ചെടുക്കുന്നതുപോലെ തന്നെ ആയതിനാൽ ആവശ്യമായ ഉപകരണങ്ങൾക്കായി പണം പ്രത്യേകിച്ച് ചെലവാക്കേണ്ടതുമില്ല. (g02 12/22)
പ്രകൃതിജന്യമായ ഒരു ശീതളപദാർഥം
ജർമനിയിലെ ഒരു ഗവേഷണ സംഘം പ്രകൃതിയിൽനിന്ന് ഒരു പ്രത്യേക രാസപദാർഥം കണ്ടെടുത്തിരിക്കുന്നു. കർപ്പൂരത്തെക്കാൾ 35 മടങ്ങ് ശീതളിമ നൽകാൻ കഴിവുള്ള ഇതിന് കർപ്പൂരത്തിന്റെ രുചിയല്ലെന്നു മാത്രം. ബിയറിലും വിസ്കിയിലുമൊക്കെ അടങ്ങിയിട്ടുള്ള, ശീതളിമ നൽകുന്ന ഈ സ്വാഭാവിക രാസവസ്തു കണ്ടുപിടിച്ചത് മ്യൂണിക്കിലുള്ള ഗാർച്ചിംഗിലെ ജർമൻ റിസേർച്ച് സെന്റർ ഫോർ ഫുഡ് കെമിസ്ട്രിയാണ്. ഗവേഷണ സംഘത്തിന്റെ ഡയറക്ടറായ തോമസ് ഹോഫ്മാനെ ഉദ്ധരിച്ചുകൊണ്ട് ന്യൂ സയന്റിസ്റ്റ് മാസിക ഇപ്രകാരം പറയുന്നു: “ബിയർ, കുപ്പികളിൽ വാങ്ങാൻ കിട്ടുന്ന കുടിവെള്ളം, പുളിരസമുള്ള പാനീയങ്ങൾ, ചോക്കലേറ്റ്, ചിലതരം മധുര പലഹാരങ്ങൾ എന്നിവയ്ക്കെല്ലാം ഉന്മേഷദായകമായ ശീതളിമ നൽകുന്ന പ്രത്യേക രുചി പകരാൻ ഈ പദാർഥത്തിനാകും.” കർപ്പൂരത്തെക്കാൾ 250 മടങ്ങ് കുറഞ്ഞ സാന്ദ്രതയിൽ ഇത് ത്വക്കിനു കുളിർമ നൽകുന്നതിനാൽ സൗന്ദര്യ വർധക വസ്തുക്കളിലും തൊലിപ്പുറമേ തേക്കാൻ ഉപയോഗിക്കുന്ന ലായനികളിലും ചേർക്കാൻ കഴിയും. (g02 12/22)
വളവും സൂപ്പർബഗ്ഗുകളും
“കൃഷിയിടങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് ഉയർന്ന അളവിൽ ആന്റിബയോട്ടിക്കുകൾ നൽകിയതിനാൽ യൂറോപ്പിലെ വയലുകൾ മലിനമായിരിക്കുകയാണ്” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിലും യൂറോപ്യൻ യൂണിയനിലുമായി 10,000 ടണ്ണിലധികം ആന്റിബയോട്ടിക്കുകൾ ഓരോ വർഷവും വളർത്തു മൃഗങ്ങൾക്കു നൽകുന്നുണ്ട്. രോഗം തടയുന്നതിനും വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണിത്. “കൃഷിയിടങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് വർധിച്ച അളവിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നതും മനുഷ്യനെ ബാധിക്കുന്ന, ആന്റിബയോട്ടിക്കുകളെ ചെറുക്കാൻ കെൽപ്പുള്ള സൂക്ഷ്മാണുക്കളുടെ (സൂപ്പർബഗ്ഗുകൾ) എണ്ണത്തിലെ വർധനയും തമ്മിൽ ബന്ധമുണ്ടെന്ന് അടുത്തകാലത്തെ പഠനം തെളിയിക്കുന്ന”തായി മാസിക പറയുന്നു. “മരുന്നുകൾ കഴിച്ച മൃഗങ്ങളുടെ കാഷ്ഠം വളമായി വയലിൽ വിതറുമ്പോൾ അത് നമ്മുടെ ഭക്ഷണത്തിലും വെള്ളത്തിലും കലരുന്നു, വിളകളെ മലിനമാക്കുന്നു. ഈ വിളകളാണ് നാം ഭക്ഷിക്കുന്നത്,” ന്യൂ സയന്റിസ്റ്റ് കൂട്ടിച്ചേർക്കുന്നു. (g02 12/22)
മുത്തശ്ശീമുത്തശ്ശന്മാരെ “ദത്തെടുക്കാം”
സ്പെയിനിലെ ചില കുടുംബങ്ങൾ, ബന്ധുമിത്രാദികളാരും ഇല്ലാത്ത പ്രായംചെന്ന 66 പേരെ “ദത്തെടുക്കാ”നുള്ള ക്രമീകരണം ചെയ്യുകയുണ്ടായി എന്ന് സ്പാനിഷ് വർത്തമാനപത്രമായ എൽ പായിസ് റിപ്പോർട്ടു ചെയ്യുന്നു. “ഒറ്റയ്ക്കു കഴിയാൻ പ്രയാസമുള്ള പ്രായം ചെന്നവർക്ക്, വൃദ്ധസദനത്തിൽ പോകുന്നതിനു പകരമുള്ള ഒരു ക്രമീകരണമാണിത്” എന്ന് വർത്തമാനപത്രം തുടർന്നു പറയുന്നു. പ്രായമായവരെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചവരിൽ, 50-നും 60-നും ഇടയ്ക്ക് പ്രായമായ ദമ്പതികൾ ഉണ്ട്, ഇവർ തങ്ങളുടെ ജീവിതം പ്രായമായ ഒരു വ്യക്തിയോടൊപ്പം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. വീട്ടിൽ മുത്തശ്ശീമുത്തശ്ശന്മാരുടെ ആവശ്യം അനുഭവപ്പെട്ട കൊച്ചുകുട്ടികളുള്ള ചില കുടുംബങ്ങളാണ് മറ്റൊരു കൂട്ടർ. ദത്തെടുക്കുന്ന കുടുംബങ്ങൾക്കു ചില സാമ്പത്തിക സഹായങ്ങൾ ലഭ്യമാണെങ്കിലും, “പണമല്ല അവരെ പ്രേരിപ്പിച്ച ഘടകം” എന്ന് ഈ പരിപാടിയുടെ ജനറൽ ഡയറക്ടറായ മരീസാ മുൺയോസ് കാബാൽയാരോ പറയുന്നു. “പണമാണ് ലക്ഷ്യമെങ്കിൽ അവർ വേഗം മടുത്തുപോകും കാരണം പ്രായമായവരെ സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.” (g02 12/22)
ദേഷ്യം നിങ്ങളെ കൊല്ലും
“പെട്ടെന്നു ദേഷ്യം വരുന്നവർക്ക് മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്” എന്ന് സ്പാനിഷ് വർത്തമാനപത്രമായ ഡിയാരിയോ മെഡിക്കോ പറയുന്നു. പെട്ടെന്ന് അരിശപ്പെടുന്ന സ്വഭാവമുള്ളവർക്ക് ഹൃദയധമനീരോഗം ഉണ്ടാകാൻ വർധിച്ച സാധ്യത ഉള്ളതായി ദീർഘകാലം മുമ്പുതന്നെ ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. അത്തരം സ്വഭാവമുള്ളവരിൽ മസ്തിഷ്കാഘാതത്തിനുള്ള സാധ്യതയും ഏറെയാണെന്ന് അടുത്തകാലത്തെ പഠനം തെളിയിച്ചിരിക്കുന്നു. പ്രായപൂർത്തിയായ 14,000 പേരെ ഉൾപ്പെടുത്തിയ ഒരു സർവേ കാണിക്കുന്നത്, 60 വയസ്സിൽ താഴെയുള്ള ദേഷ്യക്കാരായവർക്ക് ആഘാതമുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി ആണെന്നാണ്. എന്തുകൊണ്ട്? ദേഷ്യപ്പെടുമ്പോൾ രക്തസമ്മർദം വർധിക്കുന്നു, രക്തക്കുഴൽ വേഗത്തിൽ ചുരുങ്ങുന്നു, രക്തം കട്ടപിടിക്കാൻ ഇടയാക്കുന്ന പദാർഥങ്ങളുടെ അളവ് വർധിക്കുന്നു. അങ്ങനെ “ക്രമേണ അത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ സാരമായി ബാധിക്കുന്നു” എന്നു റിപ്പോർട്ടു പറയുന്നു. (g02 12/22)