വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്‌?

കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

കോപ്പി​യ​ടി​ക്കു​ന്ന​തിൽ എന്താണു തെറ്റ്‌?

“കോപ്പി​യ​ടി​ക്കു​ന്നതു തെറ്റാ​ണെന്ന്‌ എല്ലാവർക്കും അറിയാം, പക്ഷേ അത്‌ ചെയ്യാൻ എളുപ്പ​മാണ്‌.” —17 വയസ്സുള്ള ജിമ്മി.

പരീക്ഷ എഴുതു​മ്പോൾ അടുത്തി​രി​ക്കുന്ന സഹപാ​ഠി​യു​ടെ ഉത്തരക്ക​ട​ലാ​സി​ലേക്ക്‌ ഏറുക​ണ്ണി​ട്ടു നോക്കാ​നുള്ള പ്രവണത നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? എങ്കിൽ, നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നി​യി​ട്ടു​ള്ളത്‌. 12-ാം ക്ലാസ്സിൽ പഠിക്കുന്ന ജെൻ സഹപാ​ഠി​ക​ളു​ടെ നിർല​ജ്ജ​മായ ഈ സ്വഭാ​വ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “കോപ്പി​യ​ടി​ച്ചിട്ട്‌, അത്‌ എങ്ങനെ​യാണ്‌ ചെയ്‌ത​തെന്ന്‌ അവർ വീമ്പി​ള​ക്കും.” അവൾ ഇങ്ങനെ തുടരു​ന്നു: “നിങ്ങൾ അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ കാര്യ​മായ എന്തോ കുഴപ്പ​മു​ണ്ടെന്ന മട്ടിലാ​യി​രി​ക്കും അവർ നിങ്ങളെ വീക്ഷി​ക്കുക.”

“ഉയർന്ന മാർക്കു​കൾ കരസ്ഥമാ​ക്കുന്ന” കൗമാ​ര​പ്രാ​യ​ക്കാ​രിൽ 80 ശതമാ​ന​വും കോപ്പി​യ​ടി​ച്ചി​ട്ടു​ണ്ടെന്നു സമ്മതി​ച്ച​താ​യി ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു സർവേ കാണി​ക്കു​ന്നു. എന്നാൽ ഇവരിൽ 95 ശതമാ​ന​വും ഒരിക്കൽപ്പോ​ലും പിടി​ക്ക​പ്പെ​ട്ടി​ട്ടില്ല. മിഡിൽ സ്‌കൂ​ളി​ലെ​യും ഹൈസ്‌കൂ​ളി​ലെ​യും 20,000 കുട്ടി​കളെ പങ്കെടു​പ്പി​ച്ചു​കൊണ്ട്‌ ഒരു സർവേ നടത്തി​യ​ശേഷം, ജോസ​ഫ്‌സൺ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ എത്തിക്‌സ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “സത്യസ​ന്ധ​ത​യും വിശ്വ​സ്‌ത​ത​യും മറ്റും ഇന്ന്‌ അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” കോപ്പി​യടി പോലുള്ള കള്ളത്തരങ്ങൾ ഇത്രയ​ധി​കം വ്യാപ​ക​മാണ്‌ എന്നറി​ഞ്ഞ​പ്പോൾ വിദ്യാ​ഭ്യാ​സ പ്രവർത്തകർ അമ്പരന്നു​പോ​യി! സ്‌കൂൾ ഡയറക്ട​റായ ഗാരി ജെ. നീൽസി​ന്റെ അഭി​പ്രാ​യം, കാര്യ​ത്തി​ന്റെ ഗൗരവം കുറേ​ക്കൂ​ടി എടുത്തു​കാ​ട്ടു​ന്നു. അദ്ദേഹം പറയുന്നു: “കള്ളത്തരം കാണി​ക്കാ​ത്തവർ ന്യൂന​പ​ക്ഷ​മേ​യു​ള്ളൂ.”

മിക്ക മാതാ​പി​താ​ക്ക​ളും തങ്ങളുടെ കുട്ടികൾ സ്‌കൂൾ പ്രവർത്ത​ന​ങ്ങ​ളിൽ ശ്ലാഘനീ​യ​മാ​യി പെരു​മാ​റാൻ ആഗ്രഹി​ക്കു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, നിരവധി യുവജ​നങ്ങൾ പരീക്ഷ​യിൽ കള്ളത്തരം കാണി​ച്ചു​കൊ​ണ്ടു തങ്ങളുടെ സത്യസ​ന്ധ​തയെ കളങ്ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പുതിയ എന്തെല്ലാം രീതി​ക​ളാണ്‌ അവർ ഉപയോ​ഗി​ക്കു​ന്നത്‌? ചില യുവജ​നങ്ങൾ കോപ്പി​യ​ടി​ക്കാൻ തുനി​യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾ ഇത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സാങ്കേ​തിക വിദ്യയെ കൂട്ടു​പി​ടി​ച്ചുള്ള കോപ്പി​യ​ടി

കോപ്പി​യ​ടി​ക്കാൻ വിദ്യാർഥി​കൾ ഇന്ന്‌ പല മാർഗങ്ങൾ അവലം​ബി​ക്കു​ന്നുണ്ട്‌. ഗൃഹപാ​ഠ​വും പരീക്ഷ​യു​ടെ ഉത്തരങ്ങ​ളും മറ്റും കോപ്പി​യ​ടി​ക്കു​ന്ന​തിന്‌ വിദ്യാർഥി​കൾ മുൻകാ​ല​ങ്ങ​ളിൽ സ്വീക​രി​ച്ചി​രുന്ന മാർഗ​ങ്ങ​ളും ഇക്കാലത്ത്‌ ഉപയോ​ഗി​ക്കുന്ന അത്യാ​ധു​നിക രീതി​ക​ളും തമ്മിൽ അജഗജാ​ന്ത​ര​മുണ്ട്‌. അതിന്‌ ഉപയോ​ഗി​ക്കുന്ന ഒരു ആധുനിക മാർഗം പേജറാണ്‌. ഉത്തരങ്ങൾ ദൂരെ​യുള്ള വ്യക്തി​യിൽനി​ന്നും അറിയാ​നുള്ള സംവി​ധാ​നം ഇതിലുണ്ട്‌. സാധാരണ ഉള്ളതി​നെ​ക്കാൾ കൂടുതൽ വിവരങ്ങൾ മുൻകൂ​ട്ടി പ്രോ​ഗ്രാം ചെയ്‌തു വെക്കാൻ കഴിയുന്ന കാൽക്കു​ലേ​റ്റ​റു​ക​ളും ഇക്കൂട്ടർ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. വസ്‌ത്ര​ത്തിൽ ഒളിപ്പി​ച്ചി​രി​ക്കുന്ന കൊച്ചു ക്യാമ​റ​യി​ലൂ​ടെ ചോദ്യ​ങ്ങൾ അയച്ചു​കൊണ്ട്‌ മറ്റ്‌ എവി​ടെ​യെ​ങ്കി​ലും ഉള്ള വ്യക്തി​യോ​ടു സഹായം അഭ്യർഥി​ക്കാം. ഇൻഫ്രാ​റെഡ്‌ തരംഗങ്ങൾ ഉള്ള ചില അത്യാ​ധു​നിക ഉപകര​ണങ്ങൾ ഉപയോ​ഗി​ച്ചു ക്ലാസ്സിന്റെ മറ്റൊരു ഭാഗത്തി​രി​ക്കുന്ന സഹപാ​ഠി​ക്കു സന്ദേശം അയയ്‌ക്കാം. ചില ഇന്റർനെറ്റ്‌ സൈറ്റു​ക​ളിൽ എല്ലാ വിഷയ​ങ്ങ​ളു​ടെ​യും, പരീക്ഷ​യ്‌ക്കു വരുന്ന ചോദ്യ​ങ്ങ​ളും അവയുടെ ഉത്തരങ്ങ​ളും ലഭ്യമാണ്‌!

പരീക്ഷ​യിൽ കള്ളത്തരങ്ങൾ കാണി​ക്കാ​നുള്ള വർധിച്ചു വരുന്ന ദുഷ്‌പ്ര​വ​ണ​ത​യ്‌ക്ക്‌ മാറ്റം വരുത്താൻ വിദ്യാ​ഭ്യാ​സ പ്രവർത്തകർ ശ്രമി​ക്കു​ന്നുണ്ട്‌. പക്ഷേ അതത്ര എളുപ്പമല്ല. എന്തൊ​ക്കെ​യാണ്‌ കള്ളത്തര​ത്തി​ന്റെ പട്ടിക​യിൽ വരുന്നത്‌ എന്നതു സംബന്ധി​ച്ചു വിദ്യാർഥി​കൾക്കും അധ്യാ​പ​കർക്കും വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പ്രോ​ജ​ക്ടിൽ ഒരുകൂ​ട്ടം വിദ്യാർഥി​കൾ ഒന്നിച്ചു പ്രവർത്തി​ക്കു​മ്പോൾ, സത്യസ​ന്ധ​വും അല്ലാത്ത​തു​മായ സഹകരണം ഏതാണ്‌ എന്നു വേർതി​രി​ക്കുക പ്രയാ​സ​മാ​യി​രി​ക്കാം. ഇപ്രകാ​രം ഒന്നിച്ചു പ്രവർത്തി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ, ജോലി​യെ​ല്ലാം മറ്റുള്ള​വ​രെ​ക്കൊ​ണ്ടു ചെയ്യിച്ച്‌ മുത​ലെ​ടു​ക്കു​ന്ന​വ​രും കുറവല്ല. “ചില വിദ്യാർഥി​കൾ കുഴി​മ​ടി​യ​ന്മാ​രാണ്‌, അവർ യാതൊ​ന്നും ചെയ്യില്ല” എന്ന്‌ ഒരു കമ്മ്യൂ​ണി​റ്റി കോളജ്‌ വിദ്യാർഥി​യായ യൂജി പറയുന്നു. “എന്നാൽ ഒരു ജോലി​യും ചെയ്യാത്ത അവർക്ക്‌ മറ്റുള്ള​വർക്കൊ​പ്പം ഗ്രെയ്‌ഡും കിട്ടുന്നു. ഇതു ശരിക്കും വഞ്ചനയാണ്‌,” അവൻ കൂട്ടി​ച്ചേർക്കു​ന്നു.

അവർ കള്ളത്തരം കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ശരിയായ തയ്യാറാ​കൽ ഇല്ലാത്ത വിദ്യാർഥി​ക​ളാ​ണു മുഖ്യ​മാ​യും ഇതിനു തുനി​യു​ന്നത്‌ എന്ന്‌ ഒരു സർവേ കാണി​ക്കു​ന്നു. ചില വിദ്യാർഥി​കൾക്കു സ്‌കൂ​ളിൽ കടുത്ത മത്സരത്തെ നേരി​ടേ​ണ്ടി​വ​രു​ന്നു. വേറെ ചിലർക്കാ​കട്ടെ, എത്ര മാർക്കു വാങ്ങി​ക്കൊ​ണ്ടു ചെന്നാ​ലും തൃപ്‌തി​വ​രാത്ത മാതാ​പി​താ​ക്ക​ളിൽ നിന്നുള്ള നിരന്തര സമ്മർദ​വും ഉണ്ട്‌. അവരുടെ പ്രതീ​ക്ഷ​കൾക്കൊത്ത്‌ ഉയരാൻ തങ്ങൾക്കു വേറൊ​രു പോം​വ​ഴി​യു​മി​ല്ലെന്നു കരുതി ഇക്കൂട്ടർ പരീക്ഷ​യു​ടെ സമയത്ത്‌ കോപ്പി​യ​ടി​ക്കാൻ മുതി​രു​ന്നു. 13 വയസ്സുള്ള സാം പറയുന്നു: “ഡാഡി​ക്കും മമ്മിക്കും മാർക്കാണ്‌ പ്രധാനം. ‘കണക്കിന്‌ എത്ര മാർക്ക്‌ കിട്ടി? ഇംഗ്ലീ​ഷിന്‌ എത്ര മാർക്ക്‌ കിട്ടി?’ എനിക്കതു കേൾക്കു​ന്നതേ ദേഷ്യ​മാണ്‌!”

ചിലരു​ടെ കാര്യ​ത്തിൽ, നല്ല ഗ്രെയ്‌ഡു​കൾ നേടാ​നുള്ള തുടർച്ച​യായ സമ്മർദം കള്ളത്തരം കാണി​ക്കു​ന്ന​തി​ലേക്ക്‌ അവരെ നയി​ച്ചേ​ക്കാം. അമേരി​ക്ക​യി​ലെ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ സ്വകാ​ര്യ​ജീ​വി​തം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “പഠനത്തിൽ സംതൃ​പ്‌തി കണ്ടെത്തു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തെ ഉയർന്ന ഗ്രെയ്‌ഡു​കൾ വാരി​ക്കൂ​ട്ടാൻ സമ്മർദം ചെലു​ത്തി​ക്കൊണ്ട്‌ അസന്തു​ലിത വീക്ഷണം പുലർത്തുന്ന സമൂഹ​ങ്ങ​ളിൽ ബലിക​ഴി​ക്ക​പ്പെ​ടു​ന്നതു സത്യസ​ന്ധ​ത​യാണ്‌.” മിക്ക വിദ്യാർഥി​ക​ളും ഇതു ശരി​വെ​ക്കു​ന്നു. ഒരു വിഷയ​ത്തി​നു പോലും തോൽക്കാൻ ആരും ആഗ്രഹി​ക്കു​ക​യില്ല. അപ്പോൾ പിന്നെ മുഴു​വി​ഷ​യ​ങ്ങൾക്കും തോറ്റാ​ലുള്ള സ്ഥിതി​യോ? “ചിലർക്കു തോൽക്കുന്ന കാര്യം ആലോ​ചി​ക്കു​ന്നതേ പേടി​യാണ്‌,” ഹൈസ്‌കൂൾ വിദ്യാർഥി​യായ ജിമ്മി അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ഉത്തരം അറിയാ​മെ​ങ്കിൽ പോലും അതു ശരിയാ​ണെന്ന്‌ ഉറപ്പാ​ക്കാ​നാ​യി അവർ കോപ്പി​യ​ടി​ക്കും.”

സത്യസ​ന്ധ​ത​യു​ടെ നിലവാ​രങ്ങൾ ബലിക​ഴി​ക്കാൻ തയ്യാറാ​കുന്ന ആളുക​ളു​ടെ എണ്ണം പെരുകി വരുന്ന​തി​നാൽ ഇത്തരം കാര്യങ്ങൾ നിരു​പ​ദ്ര​വ​ക​ര​മായ സംഗതി​ക​ളാ​യി വീക്ഷി​ക്ക​പ്പെ​ട്ടേ​ക്കാം. ചില​പ്പോൾ അവ തികച്ചും പ്രയോ​ജ​ന​ക​ര​മാ​ണെന്നു പോലും തോന്നി​യേ​ക്കാം. “ഇന്നലെ പരീക്ഷ​യിൽ ഒരു കുട്ടി കോപ്പി​യ​ടി​ക്കു​ന്നതു ഞാൻ കണ്ടു,” 17 വയസ്സുള്ള ഗ്രെഗ്‌ പറയുന്നു. “ഇന്നു പരീക്ഷ പേപ്പർ തിരിച്ചു കിട്ടി​യ​പ്പോൾ ആ കുട്ടി​ക്കാണ്‌ എന്നെക്കാൾ മാർക്ക്‌.” സമപ്രാ​യ​ക്കാർക്കി​ട​യിൽ ഈ പ്രവണത സാധാ​ര​ണ​മാ​യ​തി​നാൽ അങ്ങനെ ചെയ്യാൻ പലരും സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു. “മറ്റുള്ളവർ അതു ചെയ്യു​ന്ന​തു​കൊ​ണ്ടു താനും അങ്ങനെ ചെയ്യേ​ണ്ട​താണ്‌ എന്നു ചില വിദ്യാർഥി​കൾക്കു തോന്നു​ന്നു” എന്നു യൂജി പറയുന്നു. എന്നാൽ അതാണോ ശരി?

അപകട​ക​ര​മായ ഒരു ശീലം

കോപ്പി​യ​ടി​ക്കു​ന്ന​തി​നെ മോഷ​ണ​ത്തോട്‌ ഉപമി​ക്കുക. പലരും മോഷ്ടി​ക്കു​ന്നു എന്നതു​കൊണ്ട്‌ അതു സ്വീകാ​ര്യ​മായ ഒരു സംഗതി ആയിത്തീ​രു​ന്നു​ണ്ടോ? ‘തീർച്ച​യാ​യും ഇല്ല,’ പ്രത്യേ​കിച്ച്‌ പണം നഷ്ടപ്പെ​ടു​ന്നത്‌ നിങ്ങൾക്കാ​ണെ​ങ്കിൽ മോഷ​ണത്തെ നിങ്ങൾ ഒരിക്ക​ലും അംഗീ​ക​രി​ക്കില്ല. കോപ്പി​യ​ടി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ അർഹമ​ല്ലാത്ത കാര്യ​ങ്ങൾക്കുള്ള ബഹുമ​തി​യാണ്‌ നാം നേടു​ന്നത്‌—ഒരുപക്ഷേ, സത്യസ​ന്ധ​മാ​യി അധ്വാ​നി​ക്കു​ന്ന​വരെ മുത​ലെ​ടു​ത്തു​കൊ​ണ്ടു​പോ​ലും. (എഫെസ്യർ 4:28) “അത്‌ ഒട്ടും ശരിയല്ല,” അടുത്ത​യി​ടെ ഹൈസ്‌കൂൾ പഠനം പൂർത്തി​യാ​ക്കിയ ടോമി പറയുന്നു. “വാസ്‌ത​വ​ത്തിൽ, [കോപ്പി​യ​ടി​ക്കു​മ്പോൾ] അറിയി​ല്ലാത്ത ഒരു കാര്യം അറിയാം എന്നു നാം പറയു​ക​യാ​ണു ചെയ്യു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ നമ്മൾ കള്ളം പറയു​ക​യാണ്‌.” ഇതു സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം കൊ​ലൊ​സ്സ്യർ 3:9-ൽ വ്യക്തമാ​യി കാണാ​വു​ന്ന​താണ്‌. ‘അന്യോ​ന്യം ഭോഷ്‌കു പറയരുത്‌’ എന്നു നാം അവിടെ വായി​ക്കു​ന്നു.

കോപ്പി​യ​ടി, മാറ്റാൻ ബുദ്ധി​മു​ട്ടുള്ള ഒരു ദുശ്ശീ​ല​മാ​യി മാറാ​നി​ട​യുണ്ട്‌. “പരീക്ഷ ജയിക്കാൻ, പഠിക്കേണ്ട ആവശ്യം പോലു​മി​ല്ലെന്ന്‌ ഇങ്ങനെ​യു​ള്ളവർ വിചാ​രി​ക്കു​ന്നു” എന്ന്‌ ജെന്ന പറയുന്നു. “അവർ കോപ്പി​യ​ടി​യിൽ ആശ്രയി​ക്കു​ന്നു, എന്നാൽ സ്വന്തം കാലിൽ നിൽക്കേണ്ട സാഹച​ര്യം വരു​മ്പോൾ എന്തു ചെയ്യണം എന്ന്‌ ഇക്കൂട്ടർക്ക്‌ നിശ്ചയ​മി​ല്ലാ​തെ വരുന്നു” അവൾ കൂട്ടി​ച്ചേർക്കു​ന്നു.

ഗലാത്യർ 6:7-ലെ തത്ത്വം ചിന്താർഹ​മാണ്‌: “മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും.” സ്‌കൂ​ളിൽ കോപ്പി​യ​ടി​ക്കു​ന്ന​തി​ന്റെ പരിണ​ത​ഫ​ലങ്ങൾ പലതാണ്‌. അതു മനസ്സാ​ക്ഷി​ക്കു​ത്തിന്‌ ഇടയാ​ക്കും, കൂട്ടു​കാർക്കു നിങ്ങളി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടും, പഠിക്കാ​നുള്ള അവസര​ങ്ങ​ളൊ​ന്നും നിങ്ങൾ ഉപയോ​ഗി​ക്കാ​ത്ത​തി​നാൽ പഠന​പ്രാ​പ്‌തി​കൾ മുരടി​ക്കും. കാൻസർ ക്രമേണ ഒരുവനെ മരണത്തി​ലേക്കു നയിക്കു​ന്നതു പോലെ, കള്ളത്തരം കാട്ടാ​നുള്ള ഈ പ്രവണത ജീവി​ത​ത്തി​ന്റെ മറ്റു തലങ്ങളി​ലേ​ക്കും പടരും. മാത്രമല്ല, മറ്റുള്ള​വ​രു​മാ​യുള്ള നിങ്ങളു​ടെ വില​യേ​റിയ ബന്ധത്തെ അതു മുറി​പ്പെ​ടു​ത്തും. അതിലു​പരി, കള്ളത്തരത്തെ വെറു​ക്കുന്ന യഹോ​വ​യാം ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ അതു പ്രതി​കൂ​ല​മാ​യി ബാധി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 11:1.

കോപ്പി​യ​ടി​ക്കു​ന്നവർ സ്വയം വഞ്ചിക്കു​ക​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 12:19) ഇക്കൂട്ടർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ പുരാതന യെരൂ​ശ​ലേ​മി​ലെ അഴിമ​തി​ക്കാ​രായ ഭരണാ​ധി​കാ​രി​കളെ അനുക​രി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌: “ഞങ്ങൾ ഭോഷ്‌കി​നെ ശരണമാ​ക്കി വ്യാജ​ത്തിൽ ഒളിച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 28:15) എന്നിരു​ന്നാ​ലും, കള്ളത്തരം കാണി​ക്കു​ന്ന​വനു തന്റെ പ്രവൃത്തി ദൈവ​ദൃ​ഷ്ടി​യിൽ നിന്ന്‌ ഒളിക്കാൻ സാധ്യമല്ല.—എബ്രായർ 4:13.

കള്ളത്തരം കാണി​ക്ക​രുത്‌!

കോപ്പി​യടി പോലുള്ള കള്ളത്തരം കാണി​ക്കു​ന്ന​തി​നു മിക്ക ചെറു​പ്പ​ക്കാ​രും നല്ല ശ്രമം ചെയ്യുന്നു, അവർക്ക​തി​നു സാമർഥ്യ​വും ഉണ്ട്‌. എന്നാൽ ഈ സംഗതി​കൾ സത്യസ​ന്ധ​മാ​യി പഠനകാ​ര്യ​ങ്ങ​ളി​ലേക്കു തിരിച്ചു വിടു​ക​യാ​ണെ​ങ്കിൽ അത്‌ എത്ര നന്നായി​രി​ക്കും. 18 വയസ്സുള്ള എബി പറയുന്നു: “കോപ്പി​യ​ടി​ക്കാൻ കാട്ടുന്ന ശ്രദ്ധ പഠിക്കാൻ കാട്ടി​യി​രു​ന്നെ​ങ്കിൽ ഇവർക്കു വളരെ നല്ല ഗ്രെയ്‌ഡു​കൾ കരസ്ഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു.”

കോപ്പി​യ​ടി​ക്കാ​നുള്ള പ്രലോ​ഭനം ശക്തമാ​യി​രി​ക്കാ​മെ​ന്നതു ശരിതന്നെ. പക്ഷേ, ധാർമി​ക​തയെ അപകട​പ്പെ​ടു​ത്തുന്ന ഈ ചതിക്കു​ഴി നിങ്ങൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:10-15) നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഒന്നാമ​താ​യി, നിങ്ങൾ എന്തിനാ​ണു സ്‌കൂ​ളിൽ ആയിരി​ക്കു​ന്നത്‌ എന്നു ചിന്തി​ക്കുക. പഠിക്കാ​നാണ്‌ അല്ലേ? ഭാവി​യിൽ നമുക്ക്‌ ആവശ്യ​മി​ല്ലാത്ത പല കാര്യ​ങ്ങ​ളും നാം സ്‌കൂ​ളിൽ പഠിക്കു​ന്നു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ അതെല്ലാം ഞാൻ എന്തിനു പഠിക്കണം, വെറുതേ കോപ്പി​യ​ടി​ച്ചാൽ പോരേ എന്നു വിചാ​രി​ക്കു​ന്നത്‌ ഉചിതമല്ല. കാരണം പുതിയ കാര്യങ്ങൾ പഠിക്കാ​നും പഠിച്ച കാര്യങ്ങൾ പ്രാ​യോ​ഗി​ക​മാ​ക്കാ​നും ഉള്ള പ്രാപ്‌തി​യെ ആണ്‌ നാം അതിലൂ​ടെ തടസ്സ​പ്പെ​ടു​ത്തു​ന്നത്‌. കാര്യങ്ങൾ നന്നായി ഗ്രഹി​ക്ക​ണ​മെ​ങ്കിൽ ശ്രമം കൂടിയേ തീരൂ. അതിനു ചില കാര്യങ്ങൾ ചെയ്യേ​ണ്ട​തു​മുണ്ട്‌. ബൈബിൾ ഇപ്രകാ​രം പറയുന്നു: “സത്യം വില്‌ക്കയല്ല വാങ്ങു​ക​യ​ത്രേ വേണ്ടതു; ജ്ഞാനവും പ്രബോ​ധ​ന​വും വിവേ​ക​വും അങ്ങനെ തന്നേ.” (സദൃശ​വാ​ക്യ​ങ്ങൾ 23:23) പഠന​ത്തെ​യും പരീക്ഷ​യ്‌ക്കു തയ്യാറാ​കു​ന്ന​തി​നെ​യും ഗൗരവ​ത്തോ​ടെ എടുക്കുക. “പരീക്ഷ​യ്‌ക്കു മുമ്പു നന്നായി പഠിക്കുക, അങ്ങനെ​യാ​കു​മ്പോൾ ഉത്തരം അറിയാം എന്നുള്ള ആത്മവി​ശ്വാ​സം നിങ്ങൾക്കു​ണ്ടാ​കും,” ജിമ്മി പറയുന്നു.

ചില​പ്പോൾ എല്ലാ ഉത്തരവും നിങ്ങൾക്ക​റി​യി​ല്ലാ​യി​രി​ക്കാം, തത്‌ഫ​ല​മാ​യി മാർക്കു കുറഞ്ഞു പോകു​ക​യും ചെയ്‌തേ​ക്കാം. എന്നിരു​ന്നാ​ലും, നിങ്ങളു​ടെ തത്ത്വങ്ങ​ളിൽ നിങ്ങൾ വിട്ടു​വീഴ്‌ച കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ, പുരോ​ഗതി കൈവ​രി​ക്കാൻ എന്തു ചെയ്യണ​മെന്നു നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 21:5.

കോപ്പി​യ​ടി​ക്കു​ന്ന​തി​നു കൂട്ടു​നിൽക്കാൻ സഹപാ​ഠി​കൾ സമ്മർദം ചെലു​ത്തു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ യൂജി എന്തു ചെയ്യുന്നു എന്നു ശ്രദ്ധി​ക്കുക: “ഞാൻ ഒരു സാക്ഷി​യാ​ണെന്ന്‌ ആദ്യം​തന്നെ അവരോ​ടു പറയും.” അവൻ തുടരു​ന്നു. “അതെന്നെ വളരെ സഹായി​ച്ചു. കാരണം യഹോ​വ​യു​ടെ സാക്ഷികൾ സത്യസ​ന്ധ​രാ​ണെന്ന്‌ അവർക്ക്‌ അറിയാം. പരീക്ഷ​യ്‌ക്കി​ട​യിൽ ആരെങ്കി​ലും ഉത്തരം പറഞ്ഞു​ത​രാൻ ആവശ്യ​പ്പെ​ട്ടാൽ, അപ്പോൾത്തന്നെ ഞാൻ ഇല്ല എന്നു പറയും. പിന്നീട്‌, ഞാൻ അങ്ങനെ ചെയ്യാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു വിശദീ​ക​രി​ക്കും.”

എബ്രാ​യർക്കു​ള്ള അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ വാക്കു​ക​ളോ​ടു യൂജി യോജി​ക്കു​ന്നു: ‘ഞങ്ങൾ സകലത്തി​ലും നല്ലവരാ​യി നടപ്പാൻ ഇച്ഛിക്കു​ന്നു.’ (എബ്രായർ 13:18) സത്യസ​ന്ധ​ത​യു​ടെ ഉന്നത നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കു​ക​യും കോപ്പി​യ​ടി​യി​ലൂ​ടെ തത്ത്വങ്ങ​ളിൽ വിട്ടു​വീഴ്‌ച കാണി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്നു എങ്കിൽ, അതു നിങ്ങൾക്കു കിട്ടുന്ന ഗ്രെയ്‌ഡു​കൾക്ക്‌ യഥാർഥ മൂല്യം നൽകും. അങ്ങനെ, സ്‌കൂ​ളിൽനി​ന്നു നിങ്ങൾ കൊണ്ടു​വ​രുന്ന, ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യ്‌ക്കുള്ള ആ തെളി​വാണ്‌ മാതാ​പി​താ​ക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. (3 യോഹ​ന്നാൻ 4) മാത്രമല്ല, നിങ്ങൾക്ക്‌ ഒരു ശുദ്ധമ​ന​സ്സാ​ക്ഷി ആസ്വദി​ക്കാ​നാ​കും, ഒപ്പം, യഹോ​വ​യാം ദൈവ​ത്തി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു എന്ന്‌ അറിയു​ന്ന​തി​ന്റെ ആനന്ദവും നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 27:11.

കോപ്പി​യ​ടി എത്ര സർവസാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും അത്‌ ഒഴിവാ​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ മറ്റുള്ള​വ​രു​മാ​യി നിങ്ങൾക്കുള്ള ആ നല്ല ബന്ധത്തെ നിലനി​റു​ത്താൻ നിങ്ങൾക്കു കഴിയും. ഏറ്റവും പ്രധാ​ന​മാ​യി, സത്യത്തി​ന്റെ ദൈവ​മായ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധവും സുദൃ​ഢ​മാ​കും.—സങ്കീർത്തനം 11:7; 31:5. (g03 1/22)

[14-ാം പേജിലെ ആകർഷക വാക്യം]

കോപ്പിയടിക്കുന്ന വ്യക്തി താൻ മോഷ്ടി​ക്കു​ക​യാണ്‌ എന്നു പലപ്പോ​ഴും തിരി​ച്ച​റി​യു​ന്നില്ല

[14-ാം പേജിലെ ആകർഷക വാക്യം]

കോപ്പിയടി കൂടുതൽ ഗൗരവ​മേ​റിയ കള്ളത്തരങ്ങൾ കാണി​ക്കു​ന്ന​തി​ലേക്കു നയി​ച്ചേ​ക്കാം

[15-ാം പേജിലെ ആകർഷക വാക്യം]

കള്ളത്തരം കാണി​ക്കുന്ന വ്യക്തിക്കു ദൈവ​മു​മ്പാ​കെ ഒന്നും ഒളിക്കാൻ സാധ്യമല്ല

[15-ാം പേജിലെ ചിത്രം]

പരീക്ഷയ്‌ക്കു മുമ്പ്‌ നന്നായി പഠിക്കു​ന്നത്‌ നിങ്ങൾക്ക്‌ ആത്മവി​ശ്വാ​സം നൽകും