നിങ്ങളുടെ ഗർഭകാലം സുരക്ഷിതമാക്കുക
നിങ്ങളുടെ ഗർഭകാലം സുരക്ഷിതമാക്കുക
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
ഓരോ വർഷവും അഞ്ചു ലക്ഷത്തിലധികം സ്ത്രീകൾ ഗർഭസംബന്ധമായ കാരണങ്ങളാൽ മരണമടയുന്നു എന്ന് ഐക്യരാഷ്ട്രങ്ങളുടെ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, ആറു കോടിയിലധികം സ്ത്രീകൾ വർഷന്തോറും ഗർഭധാരണത്തോടു ബന്ധപ്പെട്ട ഗുരുതരമായ കുഴപ്പങ്ങൾ അഭിമുഖീകരിക്കുന്നതായി ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി ചൂണ്ടിക്കാണിക്കുന്നു. ഇവരിൽ മൂന്നിൽ ഒരു ഭാഗം സ്ത്രീകൾക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ക്ഷതങ്ങളോ അണുബാധയോ ഉണ്ട്. വികസ്വര രാജ്യങ്ങളിലെ സ്ഥിതി ഒന്നുകൂടി വഷളാണ്. തുടരെത്തുടരെയുള്ള ഗർഭധാരണവും പ്രസവവും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധയും ഈ രാജ്യങ്ങളിലെ സ്ത്രീകളിൽ പലരെയും പരിക്ഷീണരും രോഗികളും ആക്കി മാറ്റിയിരിക്കുന്നു. അതേ, ഗർഭധാരണത്തിനു ദോഷം ചെയ്യാൻ കഴിയും, ചിലപ്പോൾ അത് അപകടകരവും ആയേക്കാം. തന്റെ ഗർഭകാലം സുരക്ഷിതമാക്കാൻ ഒരു സ്ത്രീക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ഗർഭധാരണത്തിനു മുമ്പുള്ള ആരോഗ്യപരിചരണം
ആസൂത്രണം ചെയ്യുക. തങ്ങൾക്ക് എത്ര കുട്ടികൾ വേണമെന്നു ഭാര്യാഭർത്താക്കന്മാർ ആദ്യം തന്നെ തീരുമാനിക്കേണ്ടതുണ്ട്. അധികം പ്രായവ്യത്യാസമില്ലാത്ത ചെറിയ കുട്ടികളും മുലകുടിക്കുന്ന ഒരു കുഞ്ഞും ഉള്ളപ്പോൾത്തന്നെ, ഒരു സ്ത്രീ വീണ്ടും ഗർഭിണിയാകുന്നത് വികസ്വര രാജ്യങ്ങളിൽ സാധാരണമാണ്. ശ്രദ്ധാപൂർവമായ ആസൂത്രണവും പരിഗണനയും ഉണ്ടെങ്കിൽ കുട്ടികൾ തമ്മിൽ ന്യായമായ പ്രായവ്യത്യാസം ഉണ്ടായിരിക്കും. മാത്രമല്ല, സ്ത്രീക്ക് അതു വളരെ ആശ്വാസം കൈവരുത്തുകയും പ്രസവശേഷം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനു സഹായിക്കുകയും ചെയ്യും.
പോഷണം. ഗർഭകാലം സുരക്ഷിതമാക്കുന്നതിനെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്ന ഒരു സമിതിയുടെ അഭിപ്രായപ്രകാരം, അപകടകരമായ എന്തെങ്കിലും ശീലമുണ്ടെങ്കിൽ അതിൽനിന്നു വിട്ടു നിൽക്കുന്നതിനും ഗർഭസ്ഥ ശിശുവിന് ആവശ്യമായ പോഷണം ശരീരത്തിൽ ഒരുക്കുന്നതിനുമായി ഗർഭിണിയാകുന്നതിനു മുമ്പ് ഒരു സ്ത്രീക്കു കുറഞ്ഞതു നാലു മാസമെങ്കിലും ആവശ്യമാണ്. ഉദാഹരണത്തിന്, അമ്മയുടെ ശരീരത്തിൽ ധാരാളം ഫോളിക് ആസിഡ് ഉണ്ടെങ്കിൽ ന്യൂറൽ ട്യൂബ് ശരിയായി അടയാത്തതുമൂലം സംഭവിക്കുന്ന സ്പൈന ബൈഫിഡാ എന്ന തകരാറ് ഒരു പരിധി വരെ തടയാനാകും. സാധാരണമായി ഗർഭധാരണം നടന്ന് 24 മുതൽ 28 വരെ ദിവസങ്ങൾക്കുള്ളിൽ—മിക്ക സ്ത്രീകളും തങ്ങൾ ഗർഭിണികൾ ആണെന്നു തിരിച്ചറിയുന്നതിനു വളരെ മുമ്പുതന്നെ—ഭ്രൂണത്തിന്റെ ന്യൂറൽ ട്യൂബ് അടയുന്നു. അതുകൊണ്ട് ഗർഭം ധരിക്കാൻ തീരുമാനിക്കുന്ന ചില സ്ത്രീകൾ ഫോളിക് ആസിഡ് കഴിക്കുന്നു.
പ്രധാനമായ മറ്റൊരു ഘടകം ഇരുമ്പാണ്. ഗർഭകാലത്ത് ഒരു സ്ത്രീക്ക് സാധാരണ വേണ്ടതിന്റെ ഇരട്ടി ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പു തീരെ കുറവാണെങ്കിൽ വിളർച്ച സംഭവിക്കും. വികസ്വര രാജ്യങ്ങളിലെ മിക്ക സ്ത്രീകളുടെയും കാര്യത്തിൽ ഇതൊരു വലിയ പ്രശ്നമാണ്. തുടരെത്തുടരെയുള്ള ഗർഭധാരണം മൂലം ശരീരത്തിൽ നിന്നു നഷ്ടമാകുന്ന ഇരുമ്പിന്റെ കുറവു നികത്താൻ വേണ്ടത്ര a
സമയം ലഭിക്കാത്തതിനാൽ അവസ്ഥ ഏറെ വഷളാകുന്നു.പ്രായം. പതിനാറു വയസ്സിൽ താഴെയുള്ള ഗർഭിണികളായ പെൺകുട്ടികളിൽ മരണ സാധ്യത, 20’കളിലായിരിക്കുന്ന ഗർഭിണികളെക്കാൾ 60 ശതമാനം കൂടുതലാണ്. അതേസമയം, 35-നു മേൽ പ്രായമുള്ള സ്ത്രീകൾക്കു ജനിക്കുന്ന കുട്ടികൾ ഡൗൺ സിൻഡ്രോം പോലുള്ള ജനന വൈകൃതങ്ങൾ ഉള്ളവരായിരിക്കാനുള്ള സാധ്യത കൂടുതലുണ്ട്. ഇളം പ്രായത്തിൽ അമ്മമാരാകുന്നവർക്കും പുനരുത്പാദനപ്രാപ്തി തീരാറാകുമ്പോൾ അമ്മമാരാകുന്നവർക്കും പ്രീക്ലാമ്പ്സിയ (ഗർഭിണികളിൽ രക്തക്കുഴൽ സങ്കോചിക്കുന്ന രോഗം) ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗർഭധാരണം നടന്ന് 20 ആഴ്ചകൾക്കു ശേഷം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദവും ഉള്ളിലെ നീർവീക്കവും ആണ് ഈ ക്രമക്കേടിന്റെ ലക്ഷണങ്ങൾ. മൂത്രത്തിൽ മാംസ്യത്തിന്റെ അളവും വളരെ കൂടുതൽ ആയിരിക്കും. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവാപായ സാധ്യത വർധിപ്പിക്കുന്നു.
അണുബാധ. മൂത്രാശയം, ഗർഭാശയഗളം എന്നിവിടങ്ങളിലും ഉദരത്തിലും ദഹനവ്യവസ്ഥയിലും ഉണ്ടാകുന്ന അണുബാധ ഗർഭകാലത്തു കൂടുതൽ അപകടകരമാകുന്നു. ഇത് മാസം തികയാതെയുള്ള പ്രസവത്തിനും പ്രീക്ലാമ്പ്സിയയ്ക്കും ഇടയാക്കുന്നു. ഏതുതരം അണുബാധയും ഗർഭധാരണത്തിനു മുമ്പു ചികിത്സിച്ചു ഭേദമാക്കുന്നതാണ് ഉത്തമം.
ഗർഭകാലത്തുള്ള ആരോഗ്യപരിചരണം
പ്രസവപൂർവ പരിചരണം. ഗർഭകാലത്ത് ഉടനീളം ക്രമമായി ഡോക്ടറെ സന്ദർശിക്കുന്നതു മാതാവിന്റെ മരണ സാധ്യത കുറയ്ക്കും. ചില രാജ്യങ്ങളിൽ ക്ലിനിക്കുകളും ആശുപത്രികളും കുറവാണെങ്കിൽ പോലും പരിചയസമ്പന്നരായ മിഡ്വൈഫുകളുടെ സേവനം ലഭ്യമായിരുന്നേക്കാം.
ഗർഭകാലത്തു നടത്തുന്ന പരിശോധനകൾ, നിങ്ങൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമായ സാഹചര്യങ്ങളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കാൻ പരിചയസമ്പന്നരായ ഡോക്ടർമാരെ സഹായിക്കും. ഗർഭത്തിൽ ഒന്നിലധികം ഭ്രൂണങ്ങൾ വളരുമ്പോഴും, ഉയർന്ന രക്തസമ്മർദം, ഹൃദയത്തിനും വൃക്കകൾക്കും തകരാർ, പ്രമേഹം എന്നിവ ഉണ്ടാകുമ്പോഴും ആണ് പ്രത്യേക ശ്രദ്ധ ആവശ്യമായി വരുന്നത്. നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ടെറ്റനസ് തടയാൻ ചില രാജ്യങ്ങളിൽ, ഗർഭിണികളായ സ്ത്രീകൾക്കു ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ നൽകാറുണ്ട്. അതുപോലെ ഗർഭധാരണത്തിനു ശേഷം 26-നും 28-നും ഇടയ്ക്കുള്ള ആഴ്ചയിൽ സ്ട്രെപ്റ്റോകോക്കസ് ബി നിർണയ പരിശോധനയും നടത്തുന്നു. ഈ ബാക്ടീരിയ വൻകുടലിന്റെ അടിഭാഗത്തു കാണപ്പെടുന്നെങ്കിൽ പ്രസവസമയത്തു കുഞ്ഞിന് അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
അതുവരെയുള്ള ചികിത്സാസംബന്ധമായ എല്ലാ രേഖകളും സഹിതം തന്നെക്കുറിച്ചുള്ള മുഴുവിവരങ്ങളും ഡോക്ടർമാർക്കു നൽകാൻ ഗർഭിണിയായ സ്ത്രീ തയ്യാറായിരിക്കേണ്ടതാണ്. മാത്രമല്ല, എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ അത് ഡോക്ടർമാരോടു ചോദിച്ചു മനസ്സിലാക്കാനും മടി വിചാരിക്കരുത്. അതുപോലെ യോനീനാളത്തിലൂടെയുള്ള രക്തസ്രാവം, മുഖത്തിനു പെട്ടെന്നുണ്ടാകുന്ന വീക്കം, ശക്തവും നീണ്ടുനിൽക്കുന്നതുമായ തലവേദന, വിരലുകളിൽ വേദന, കാഴ്ച പെട്ടെന്നു മങ്ങുകയോ ക്ഷയിക്കുകയോ ചെയ്യുക, അടിവയറ്റിൽ ശക്തമായ വേദന, തുടർച്ചയായ ഛർദി, വിറയൽ അല്ലെങ്കിൽ പനി, ഭ്രൂണത്തിന്റെ ചലനത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ, യോനീനാളത്തിലൂടെ ദ്രാവകം നഷ്ടപ്പെടുക, മൂത്രം ഒഴിക്കുമ്പോൾ വേദന, മൂത്രത്തിന്റെ അളവു തീരെ കുറഞ്ഞു പോകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടേണ്ടതാണ്.
മദ്യവും മയക്കുമരുന്നും. മദ്യവും പുകയില ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ഒരു മാതാവിനു ജനിക്കുന്ന കുട്ടിക്ക് ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാൻ ഏറെ സാധ്യതയുണ്ട്. മയക്കുമരുന്നിന് അടിമയായിരുന്ന അമ്മമാർക്കു ജനിച്ച കുട്ടികൾക്ക്, മയക്കുമരുന്നുകൾ പെട്ടെന്നു നിറുത്തുന്നവർക്ക് ഉണ്ടാകുന്നതരം വേദനാകരമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ഗർഭകാലത്തു വല്ലപ്പോഴും ഒരു ഗ്ലാസ്സ് വീഞ്ഞു കുടിക്കുന്നതുകൊണ്ടു കുഴപ്പമില്ല എന്നു ചിലർ പറഞ്ഞേക്കാമെങ്കിലും മദ്യം പൂർണമായി ഒഴിവാക്കാനാണു ഡോക്ടർമാർ നിർദേശിക്കുന്നത്. അതുപോലെ, ഗർഭിണികൾ പുകവലിച്ചുകൊണ്ടിരിക്കുന്നവരുടെ സമീപത്തു പോലും നിൽക്കരുത്.
മരുന്നുകൾ. രോഗി ഗർഭിണിയാണെന്ന് അറിയാവുന്ന ഒരു ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ യാതൊരു കാരണവശാലും മരുന്നു കഴിക്കരുത്. അതുപോലെ താൻ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ കഴിച്ചാൽ എന്തെങ്കിലും അപകടം ഉണ്ടായേക്കുമോ എന്നു ഡോക്ടർ നന്നായി വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. ചില വിറ്റാമിൻ ഗുളികകൾപോലും ദോഷം ചെയ്യും. വിറ്റാമിൻ എ-യുടെ അമിത ഉപയോഗം ഭ്രൂണത്തിന് അംഗവൈകല്യങ്ങൾ വരുത്തിയേക്കാം.
തൂക്കം വർധിക്കൽ. ഗർഭിണിയായ സ്ത്രീക്ക് അമിതതൂക്കവും തീരെ തൂക്കക്കുറവും പാടില്ല. ക്രൗസെയുടെ ഫുഡ് നുട്രീഷൻ ആൻഡ് ഡയറ്റ് തെറാപ്പി അനുസരിച്ച് തൂക്കക്കുറവോടെ ജനിച്ച ഒരു ശിശുവിന്റെ മരണസാധ്യത സാധാരണ തൂക്കത്തോടെ ജനിച്ച ശിശുവിന്റേതിലും 40 ഇരട്ടിയാണ്. അതേസമയം അമിതഭക്ഷണം പൊണ്ണത്തടിക്കേ ഇടയാക്കുകയുള്ളൂ. ഗർഭധാരണത്തിന്റെ നാലാം മാസം മുതൽ ആവശ്യത്തിനു തൂക്കമേ വർധിക്കുന്നുള്ളൂവെങ്കിൽ, അമ്മയാകാൻ പോകുന്ന സ്ത്രീ അവളുടെ പുതിയ ആവശ്യമനുസരിച്ചുള്ള ശരിയായ ഭക്ഷണക്രമമാണു പിൻപറ്റുന്നത് എന്നു മനസ്സിലാക്കാം. b
ശുചിത്വവും മറ്റുചില കാര്യങ്ങളും. പതിവുപോലെ കുളിക്കുന്നതിൽ തെറ്റില്ല. പക്ഷേ യോനീനാളം
വൃത്തിയാക്കാൻ ഡൂഷ് (വെള്ളം ചീറ്റിക്കുന്ന ഒരുതരം ഉപകരണം) ഉപയോഗിക്കരുത്. ജർമൻ മീസിൽസ് (അഞ്ചാം പനിയുടെ വകഭേദം) പോലെയുള്ള വൈറസ് ബാധയുള്ളവരുമായുള്ള സമ്പർക്കം ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്. പരാദജീവികൾ മൂലമുണ്ടാകുന്ന ടോക്സോപ്ലാസ്മോസിസ് എന്ന രോഗം ഒഴിവാക്കാൻ നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. അതുപോലെ പൂച്ചകളുടെ വിസർജ്യവുമായി യാതൊരു തരത്തിലും സമ്പർക്കത്തിൽ വരാതിരിക്കുകയും വേണം. കൈകഴുകുക, വേവിക്കാത്ത ആഹാരസാധനങ്ങൾ കഴുകി ഭക്ഷിക്കുക എന്നിങ്ങനെയുള്ള അടിസ്ഥാന ശുചിത്വ നടപടികൾ ഒഴിച്ചുകൂടാനാവാത്തവയാണ്. ഗർഭകാലത്തെ ലൈംഗികബന്ധം സാധാരണ ഗതിയിൽ അപകടകരമല്ല. എന്നാൽ ഗർഭകാലത്തിന്റെ അവസാന ആഴ്ചകളിലും, രക്തസ്രാവം, വയറുവേദന എന്നിവ ഉള്ളപ്പോഴും മുമ്പു ഗർഭം അലസിയിട്ടുണ്ടെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുക.സുഖപ്രസവം
ഗർഭകാലത്തു തനിക്കുതന്നെ നല്ല ശ്രദ്ധ നൽകിയിട്ടുള്ള സ്ത്രീകൾക്കു പ്രസവത്തോടനുബന്ധിച്ച് സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രസവം വീട്ടിൽവെച്ചു വേണോ അതോ ആശുപത്രിയിൽ പോകണോ എന്ന് അവൾ ഇതിനോടകംതന്നെ തീരുമാനിച്ചിരിക്കും. അതുപോലെ, ഡോക്ടറോടും മിഡ്വൈഫിനോടും മറ്റും എങ്ങനെ സഹകരിക്കണം എന്നും അവൾക്കു നന്നായി അറിയാമായിരിക്കും. മാത്രമല്ല അവരുമായി നല്ല ആശയവിനിമയം പുലർത്തുന്നതിനും അവൾ ശ്രദ്ധിക്കും. അങ്ങനെയാകുമ്പോൾ പ്രസവസമയത്തെ ശാരീരിക നില, യോനീമുഖം വലുതാക്കൽ, ഫോഴ്സപ്സുകളുടെയും വേദന സംഹാരികളുടെയും ഉപയോഗം, ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പു പരിശോധിക്കാനുള്ള ഇലക്ട്രോണിക് ഉപകരണത്തിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച് അവളുടെ അഭിപ്രായത്തെ—അഭിപ്രായം പറയാൻ അവസരമുണ്ടെങ്കിൽ—ഡോക്ടർമാരും മിഡ്വൈഫുകളും മാനിച്ചേക്കും. അതുപോലെ മറ്റു ചില സുപ്രധാന കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്. അതായത്, വീട്ടിലെ പ്രസവം അത്ര സുരക്ഷിതമല്ലെങ്കിൽ ഏതു ക്ലിനിക്കിലേക്ക് അഥവാ ആശുപത്രിയിലേക്കാണു പോകേണ്ടത്? അമിത രക്തസ്രാവം ഉണ്ടെങ്കിൽ എന്തുചെയ്യും? രക്തസ്രാവം നിരവധി അമ്മമാരുടെ ജീവഹാനിക്കു കാരണമായതിനാൽ, രക്തപ്പകർച്ച സ്വീകരിക്കാത്ത രോഗിക്കുവേണ്ടി രക്തത്തിനു പകരമുള്ള പദാർഥങ്ങൾ തയ്യാറാക്കി വെച്ചിരിക്കണം. അതുപോലെ സിസേറിയൻ ആവശ്യമായി വന്നാൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ചും മുൻകരുതൽ എടുക്കേണ്ടതുണ്ട്.
മക്കൾ യഹോവ നൽകുന്ന അനുഗ്രഹവും അവനിൽനിന്നുള്ള “അവകാശവും” ആകുന്നു എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 127:3) തന്റെ ഗർഭകാലത്തെക്കുറിച്ച് ഒരു സ്ത്രീ എത്ര നന്നായി അറിയുന്നുവോ അത്രയധികം സുഖകരം ആയിരിക്കും അവളുടെ ഗർഭകാലവും പ്രസവവും. ഗർഭധാരണത്തിനു മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടും ഗർഭകാലത്ത് സ്വന്തം ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകിക്കൊണ്ടും പ്രസവത്തോട് അനുബന്ധിച്ചുള്ള വിവിധ കാര്യങ്ങളിൽ മുൻകരുതൽ സ്വീകരിച്ചുകൊണ്ടും ഒരു സ്ത്രീക്കു തന്റെ ഗർഭകാല സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. (g03 1/8)
[അടിക്കുറിപ്പുകൾ]
a കരൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, അണ്ടിപ്പരിപ്പ്, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ എന്നിവ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും കലവറകൾ ആണ്. വിറ്റാമിൻ ‘സി’ അടങ്ങിയ പഴവർഗത്തോടൊപ്പം ഇരുമ്പുസത്തുള്ള ഭക്ഷണം കഴിക്കുമ്പോൾ ഇരുമ്പിന്റെ അംശം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ എളുപ്പമാകും.
b ആരോഗ്യകരമായ തൂക്കത്തോടെയാണ് ഒരു സ്ത്രീ ഗർഭം ധരിക്കുന്നതെങ്കിൽ ഗർഭകാലത്തിന്റെ അവസാനമാകുമ്പോൾ 9 മുതൽ 12 വരെ കിലോഗ്രാം തൂക്കം വർധിക്കാവുന്നതാണ്. ഇളം പ്രായത്തിലുള്ളവരോ വികലപോഷിതരോ ആയ സ്ത്രീകൾ 12 മുതൽ 15 വരെ കിലോഗ്രാം തൂക്കം വർധിപ്പിക്കണം. അമിത തൂക്കം ഉള്ളവർക്ക് 7 മുതൽ 9 വരെ കിലോഗ്രാം തൂക്കമേ വർധിക്കാൻ പാടുള്ളൂ.
[22-ാം പേജിലെ ചതുരം]
ഗർഭിണികൾക്കുള്ള ചില നിർദേശങ്ങൾ
● ഗർഭിണിയുടെ ദിവസേനയുള്ള ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ (വിശേഷിച്ചും ഇരുണ്ട പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ളവ), പയറുവർഗങ്ങൾ (ബീൻസ്, സോയാബീൻ, പരിപ്പ്, കടല), ധാന്യങ്ങൾ (ഗോതമ്പ്, ചോളം, ഓട്ട്സ്, ബാർളി മുതലായവ) എന്നിവ ഉൾപ്പെടുത്തേണ്ടതാണ്. ധാന്യങ്ങൾ തവിടു കളയാത്തവയും ജീവകങ്ങൾ തുടങ്ങിയ പോഷകങ്ങൾ ചേർത്തവയും ആണെങ്കിൽ ഏറെ നന്ന്—മത്സ്യം, കോഴിയിറച്ചി, പോത്തിറച്ചി, മുട്ട, വെണ്ണ, കൊഴുപ്പു നീക്കിയ പാൽ എന്നിവയും കഴിക്കണം. കൊഴുപ്പ്, സംസ്കരിച്ച പഞ്ചസാര, ഉപ്പ് എന്നിവ മിതമായ തോതിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. അതുപോലെ, പരിരക്ഷക വസ്തുക്കൾ, കൂട്ടുപദാർഥങ്ങൾ (നിറവും രുചിയും വരുത്താൻ ചേർക്കുന്ന കൃത്രിമ പദാർഥങ്ങൾ) എന്നിവ അടങ്ങിയ ആഹാരസാധനങ്ങളും ഒഴിവാക്കുക. സ്റ്റാർച്ച്, മണ്ണ് എന്നിങ്ങനെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ തിന്നുന്നതു വികല പോഷണത്തിനും വിഷബാധയ്ക്കും ഇടയാക്കും.
● ഇനിയും മറ്റു ചില അപകടങ്ങൾക്ക് എതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്. എക്സ്റേ, ദോഷകരമായ രാസവസ്തുക്കൾ എന്നിവയുമായി കൂടുതൽ സമ്പർക്കത്തിൽ വരുന്നത് അപകടം ചെയ്യും. സുഗന്ധദ്രവ്യങ്ങളുടെയും മറ്റും ഉപയോഗം കുറയ്ക്കുക. അധികം ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമിത വ്യായാമവും ഒഴിവാക്കണം. കാരണം അതെല്ലാം ശരീരം അമിതമായി ചൂടാകാൻ ഇടയാക്കും. അമിതാധ്വാനവും ദീർഘനേരം നിൽക്കുന്നതും ഒഴിവാക്കുക. യാത്രചെയ്യുമ്പോൾ ഉചിതമായ സീറ്റ്ബെൽറ്റ് ഉപയോഗിക്കുക.