നിങ്ങൾ സദാ നിരീക്ഷണത്തിൻ കീഴിലോ?
നിങ്ങൾ സദാ നിരീക്ഷണത്തിൻ കീഴിലോ?
ജോലിസ്ഥലത്ത് എലിസബെത്ത് എല്ലായ്പോഴും ക്യാമറയുടെ കണ്ണുവെട്ടത്താണ്. ഓഫീസ് കെട്ടിടത്തിലേക്കു കടന്നാലുടൻ ക്യാമറ തുറിച്ചു നോക്കുകയായി. ജോലിക്കിടയിൽ എങ്ങോട്ടു തിരിഞ്ഞാലും ഉണ്ട് ക്യാമറയുടെ കഴുകൻ കണ്ണുകൾ. അവൾ ജോലി ചെയ്യുന്നത് പ്രതിദിനം ദശലക്ഷക്കണക്കിനു ഡോളർ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ ആയതിനാൽ കർശനമായ ഈ നിരീക്ഷണ സംവിധാനങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കാവുന്നതേയുള്ളൂ.
താൻ സദാ സൂക്ഷ്മ നിരീക്ഷണത്തിൻ കീഴിലാണ് എന്ന് എലിസബെത്തിനും അറിയാം. കാരണം അതെല്ലാം നന്നായി വിശദീകരിച്ചു കൊടുത്തിട്ടാണ് അവളെ ജോലിക്ക് എടുത്തിരിക്കുന്നത്. എന്നാൽ കോടിക്കണക്കിന് മറ്റാളുകളോട്, ദിവസവും അവർ ഏതെല്ലാം വിധത്തിലാണു നിരീക്ഷണ വിധേയരായിരിക്കുന്നത് എന്ന് അത്ര എളുപ്പം വിശദീകരിച്ചു കൊടുക്കാനായെന്നു വരില്ല.
തുറന്ന കണ്ണുകളുള്ള ഒരു സമൂഹത്തിൽ കഴിഞ്ഞുകൂടൽ
ജോലി സ്ഥലത്ത് നിങ്ങൾ എല്ലായ്പോഴും സൂക്ഷ്മ നിരീക്ഷണത്തിൻ കീഴിലാണോ? ലോകവ്യാപകമായി, ദശലക്ഷക്കണക്കിനു തൊഴിലാളികൾ ജോലിസ്ഥലത്ത് ഇന്റർനെറ്റും ഇ-മെയിലും ഉപയോഗിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. “യു.എസ്.-ലെ പ്രമുഖ കമ്പനികളിൽ മുക്കാൽ പങ്കും (73.5%) തങ്ങളുടെ ജോലിക്കാർ നടത്തുന്ന ഫോൺകോളുകളും അവരുടെ ഇ-മെയിൽ, ഇന്റർനെറ്റ് ഉപയോഗവും മറ്റു പ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിക്കുന്നു, ജോലിക്കാരുടെ കമ്പ്യൂട്ടർ ഫയലുകളും അവർ പരിശോധിക്കാറുണ്ട്” എന്ന് അമേരിക്കൻ മാനേജ്മെന്റ് അസ്സോസിയേഷന്റെ 2001-ലെ സർവേ കണ്ടെത്തുകയുണ്ടായി.
നിരീക്ഷണ സാമഗ്രികൾക്കായി ഗവൺമെന്റുകൾ കോടിക്കണക്കിനു രൂപയാണു ചെലവിടുന്നത്. 2001 ജൂലൈ 11-ന് യൂറോപ്യൻ പാർലമെന്റിനു മുമ്പാകെ സമർപ്പിച്ച ഒരു റിപ്പോർട്ടു പറയുന്ന പ്രകാരം, “സംഭാഷണങ്ങളും മറ്റും ചോർത്താനുള്ള ഒരു ഗോളാന്തര സംവിധാനം നിലവിലുണ്ട്. . . . അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ സഹകരണത്തിലൂടെയാണ് ഈ ‘ടാപ്പിങ്’ സംവിധാനം പ്രവർത്തിക്കുന്നത്.” ഉപഗ്രഹങ്ങൾ മുഖാന്തരം റിലെ ചെയ്യപ്പെടുന്ന ടെലിഫോൺ, ഫാക്സ്, ഇന്റർനെറ്റ്, ഇ-മെയിൽ സന്ദേശങ്ങൾ, ‘എഷലോൺ’ (ECHELON) എന്നറിയപ്പെടുന്ന സാറ്റലൈറ്റ് റിസീവർ സ്റ്റേഷനുകളുടെ ഒരു ഗോളാന്തര നെറ്റ്വർക്ക് സംവിധാനം ഉപയോഗിച്ച്, ഈ ഗവണ്മെന്റുകൾ ചോർത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഈ സംവിധാനം മുഖാന്തരം ഗവണ്മെന്റുകൾക്ക് “പ്രത്യേക ഫാക്സ് സന്ദേശങ്ങളും ഇ-മെയിലുകളും തിരഞ്ഞുപിടിക്കാനാവും. വ്യക്തികളുടെ ശബ്ദം തിരിച്ചറിയുന്ന പ്രോഗാം ഉപയോഗിച്ച് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തി ചെയ്യുന്ന ഫോൺകോളുകൾ എല്ലാം വേർതിരിക്കാനാകും” എന്ന് ഓസ്ട്രേലിയൻ വർത്തമാനപ്പത്രം അവകാശപ്പെടുന്നു.
നിയമപാലകരും ഇത്തരം അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകളെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. “ഇ-മെയിലുകൾ, തത്ക്ഷണ സന്ദേശങ്ങൾ, ഡിജിറ്റൽ ഫോൺകോളുകൾ എന്നിവ നിരീക്ഷിക്കാൻ സഹായിക്കുന്ന” ‘കാർണിവർ’ എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ അമേരിക്കയിലെ എഫ്ബിഐ ഉപയോഗിച്ചു വരുന്നതായി ബിസിനസ്വീക്ക് മാസിക റിപ്പോർട്ടു ചെയ്യുന്നു. അതിനിടെ, ബ്രിട്ടനിലെ ഒരു പുതിയ നിയമം “ഫോൺ, ഫാക്സ് മെഷീൻ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്ന ആയിരങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിന്” നിയമപാലകരെ അനുവദിക്കും എന്ന് ബിബിസി ന്യൂസ് റിപ്പോർട്ടു ചെയ്യുകയുണ്ടായി.
മറഞ്ഞിരിക്കുന്ന ക്യാമറകളും വിവരങ്ങളുടെ പ്രളയവും
ഫോൺ, ഫാക്സ്, ഇ-മെയിൽ തുടങ്ങിയവ ഉപയോഗിക്കാത്തപ്പോൾ പോലും ആളുകൾ നിരീക്ഷണത്തിനു വിധേയരായിരുന്നേക്കാം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്ത്, 5,500 ക്യാമറകളാണ് തീവണ്ടി യാത്രക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നത്. അതേ സംസ്ഥാനത്തുതന്നെ 1,900 സർക്കാർ ബസുകളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണ ക്യാമറകളുടെ എണ്ണത്തിന്റെ ആളോഹരി നോക്കിയാൽ ബ്രിട്ടനാണ് മുന്നിൽ. അവിടെ 55 പേർക്ക് ഒരു ക്യാമറ വീതം ഉണ്ടെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. 1996-ൽ, പൊതുസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച 74 പട്ടണങ്ങൾ അല്ലെങ്കിൽ നഗരങ്ങൾ മാത്രമാണ് ബ്രിട്ടനിൽ ഉണ്ടായിരുന്നത്. 1999 ആയപ്പോഴേക്കും അവയുടെ എണ്ണം 500 ആയി. നിരീക്ഷണ ക്യാമറകളുമായി ബന്ധപ്പെടുത്തി പുതിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആളെ തിരിച്ചറിയാനുള്ള കഴിവു പോലും ക്യാമറകൾക്കു കൈവന്നിരിക്കുകയാണ്. വിമാനത്താവളങ്ങളിലും പൊതുചത്വരങ്ങളിലും മറ്റും എത്ര ആൾത്തിരക്കുണ്ടായിരുന്നാലും ശരി, അന്വേഷിക്കുന്ന ആളെ ക്യാമറ തപ്പിയെടുത്തുകൊള്ളും.
നിങ്ങൾ അറിയാതെ നിങ്ങളുടെ സ്വകാര്യ ജീവിതം പോലും ഒപ്പിയെടുക്കാൻ കഴിയും എന്ന നിലയിലായിരിക്കുന്നു. പ്രൈവസി ഇന്റർനാഷണൽ എന്ന മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടറായ സൈമൺ ഡേവീസ് ഇങ്ങനെ പറയുന്നു: “പൊതുജനങ്ങളെപ്പറ്റി ഇത്രയധികം വിവരങ്ങൾ ശേഖരിച്ച ഒരു കാലഘട്ടം ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ല. വികസിത രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിൽ പണം കൈകാര്യം ചെയ്യുന്ന ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ പ്രധാനപ്പെട്ട 400-ഓളം ഡേറ്റാബേസുകളിലായി സൂക്ഷിച്ചിരിക്കുന്നു. ഓരോരുത്തരെയും സംബന്ധിച്ച് ബൃഹത്തായ ഓരോ ഗവേഷണ ഗ്രന്ഥം രചിക്കാൻ മാത്രമുള്ള വിവരങ്ങൾ അവയിലുണ്ട്.”
സ്വകാര്യത നിലനിറുത്താൻ നമുക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും? (g03 1/22)