മൊബൈൽ ഫോൺ “ആസക്തി”
മൊബൈൽ ഫോൺ “ആസക്തി”
ജപ്പാനിലെ ഉണരുക! ലേഖകൻ
“മൊബൈൽ ഫോണിനോടുള്ള പ്രിയം ഒരു ആസക്തിയായിത്തീർന്നിരിക്കുന്നു” എന്ന ഒരു വാർത്താശീർഷകം ജപ്പാന്റെ ദ ഡെയ്ലി യോമിയുരിയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ആസക്തിയോ? “യുവജനങ്ങൾ മൊബൈൽ ഫോണിനെ തങ്ങളുടെ ശരീരത്തിന്റെതന്നെ ഒരു ഭാഗമായിട്ടാണു വീക്ഷിക്കുന്നതെന്നു തോന്നുന്നു. അതു സമീപത്തില്ലെങ്കിൽ അവർക്കാകെ വെപ്രാളമാണ്” എന്ന് പ്രസ്തുത വർത്തമാനപ്പത്രം പറയുന്നു. മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്താൽ മിക്കവരും അത് എപ്പോഴും ഓൺ ചെയ്തു വെക്കുന്നു. “തങ്ങളുടെ മൊബൈലിലൂടെ സന്ദേശം ഒന്നും ലഭിച്ചില്ലെങ്കിൽ അവർക്ക് ആകപ്പാടെ ഉത്കണ്ഠയും അസ്വസ്ഥതയും ആണ്. തങ്ങൾ ആർക്കും വേണ്ടാത്തവർ ആണെന്നൊക്കെ അവർക്കു തോന്നിത്തുടങ്ങുന്നു.” ഇങ്ങനെ സംഭ്രാന്തിയിലായവർ മൊബൈൽ ഫോണിലൂടെ വരുന്ന എല്ലാ ലിഖിത സന്ദേശത്തിനും തത്ക്ഷണം മറുപടി അയയ്ക്കും, ഒട്ടുമിക്കപ്പോഴും അതിന്റെ യാതൊരു ആവശ്യവുമില്ലെങ്കിലും.
സമനിലയോടെ ഉപയോഗിക്കുന്നെങ്കിൽ മൊബൈൽ ഫോൺ തീർച്ചയായും പ്രയോജനപ്രദമാണ്. അടിയന്തിര സന്ദർഭങ്ങളിൽ അതു വളരെ അമൂല്യമെന്നു തെളിഞ്ഞിട്ടുണ്ട്. പക്ഷേ മൊബൈൽ ഫോൺ “ആസക്തി” മനുഷ്യന്റെ സ്വാഭാവിക ആശയവിനിമയ പാടവത്തിനു ഹാനികരമാണെന്നു ചില ആധികാരിക ഉറവിടങ്ങൾ പറയുന്നു. ഓസാക്കായിലെ ഒരു മിഡിൽ സ്കൂൾ അധ്യാപിക തന്റെ ഉത്കണ്ഠ ഇങ്ങനെ രേഖപ്പെടുത്തിയതായി വർത്തമാനപ്പത്രം പറയുന്നു: “മുഖഭാവവും പെരുമാറ്റവും മറ്റുള്ളവരുടെ ശബ്ദത്തിന്റെ ധ്വനിയുമൊക്കെ തിരിച്ചറിയാനുള്ള പ്രാപ്തി കുട്ടികൾക്കു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പരിണതഫലമാകട്ടെ, കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസനയും. മറ്റുള്ളവരുടെ വികാരങ്ങളെ അവർ തീരെ മാനിക്കാതായിരിക്കുന്നു.”
ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ഭാവിയിൽ കുട്ടികൾ സെൽ ഫോണിനെ കൂടുതൽ ആശ്രയിക്കും എന്നത് ഉറപ്പാണ്. കുട്ടികളിൽ അത് ഉളവാക്കുന്ന മോശമായ ഫലങ്ങളുടെ അളവു കുറയ്ക്കുന്നതിന് ഒരു പോംവഴിയേ ഉള്ളൂ, മുതിർന്നവർതന്നെ അതിന്റെ ഉപയോഗത്തിൽ നല്ല മാതൃക വെക്കുക.” (g03 1/8)