വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും

മോട്ടോർ വാഹനങ്ങൾ, ഇന്നലെയും ഇന്നും

മോ​ട്ടോർ വാഹനങ്ങൾ, ഇന്നലെ​യും ഇന്നും

പുരാതന കാലം മുതലേ ഗതാഗത സൗകര്യ​ങ്ങ​ളു​ടെ കാര്യ​ത്തിൽ മനുഷ്യൻ താത്‌പ​ര്യം കാണി​ച്ചി​ട്ടുണ്ട്‌. ആദ്യ​മൊ​ക്കെ മൃഗങ്ങ​ളു​ടെ പുറത്താ​യി​രു​ന്നു അവന്റെ സവാരി. എന്നാൽ കൂടുതൽ മെച്ചപ്പെട്ട യാത്രാ​സൗ​ക​ര്യ​ങ്ങൾ കണ്ടെ​ത്തേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രു​ന്നു. സഞ്ചാരം കൂടുതൽ സുഗമ​മാ​ക്കു​ന്ന​തിൽ ചക്രങ്ങൾ വളരെ സഹായ​ക​മാ​ണെന്നു കണ്ടെത്ത​പ്പെട്ടു. അങ്ങനെ, കുതി​ര​കളെ പൂട്ടിയ വണ്ടിക​ളും രഥങ്ങളും നിലവിൽ വന്നു. എന്നിരു​ന്നാ​ലും, 19-ാം നൂറ്റാ​ണ്ടി​ലെ ചില കണ്ടുപി​ടി​ത്തങ്ങൾ മുമ്പു സങ്കൽപ്പി​ക്കാൻപോ​ലും സാധ്യ​മ​ല്ലാഞ്ഞ വിപ്ലവ​ക​ര​മായ മുന്നേ​റ്റ​ങ്ങ​ളാണ്‌ ഗതാഗത രംഗത്ത്‌ ഉണ്ടാക്കി​യത്‌.

പരിഷ്‌ക​രിച്ച എഞ്ചിനു​കൾ

പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പാദത്തിൽ നിക്കോ​ളാസ്‌ ഓഗസ്റ്റ്‌ ഓട്ടോ എന്ന ജർമൻകാ​രൻ, വാതകം ഉപയോ​ഗിച്ച്‌ ഓടി​ക്കുന്ന ഒരു ചതുർസ്‌​ട്രോക്ക്‌ എഞ്ചിൻ വികസി​പ്പി​ച്ചെ​ടു​ത്തു. കാല​ക്ര​മേണ, ആവി എഞ്ചിനു​ക​ളും വൈദ്യു​ത എഞ്ചിനു​ക​ളും പിന്തള്ള​പ്പെട്ടു. ജർമനി​യി​ലെ കാൾ ബെൻസ്‌, ഗോട്ട്‌ലീബ്‌ ഡെയിം​ലർ എന്നിവ​രാ​യി​രു​ന്നു യൂറോ​പ്യൻ മോ​ട്ടോർ വാഹന നിർമാണ രംഗത്തെ അഗ്രഗാ​മി​കൾ. ബെൻസ്‌ 1885-ൽ മൂന്നു ചക്രമുള്ള ഒരു കാർ ഉണ്ടാക്കി ഓടിച്ചു. ഒരു ശക്തിസ്‌​ട്രോ​ക്കു ലഭിക്കാൻ പിസ്റ്റണി​ന്റെ രണ്ടു പ്രവർത്ത​ന​ച​ക്രം വേണ്ടി​യി​രുന്ന ഒരു ഏകസി​ലി​ണ്ടർ എഞ്ചിനാ​യി​രു​ന്നു അതിൽ ഉപയോ​ഗി​ച്ചത്‌. മിനി​ട്ടിൽ 250 പരി​ക്ര​മണം വരെ ആ എഞ്ചിനു സാധ്യ​മാ​യി. ഒരിടത്ത്‌ ഉറപ്പിച്ച നിലയിൽ നിന്നു പ്രവർത്തി​ക്കുന്ന വാതക എഞ്ചിനു​കൾ 1872 മുതൽ ഡെയിം​ലർ നിർമി​ച്ചു​വ​ന്നി​രു​ന്നു. ഒരു പതിറ്റാ​ണ്ടി​ല​ധി​കം കാലത്തി​നു ശേഷം വിൽഹം മൈബാ​ക്കു​മാ​യി ചേർന്ന്‌ ഒരു അതിവേഗ ആന്തര-ദഹന എഞ്ചിൻ അദ്ദേഹം നിർമി​ച്ചു. അതിന്‌ ഒരു കാർബ​റേറ്റർ കൂടെ ഉണ്ടായി​രു​ന്ന​തി​നാൽ ഗാസൊ​ലിൻ ഇന്ധനമാ​യി ഉപയോ​ഗി​ക്കുക സാധ്യ​മാ​യി​രു​ന്നു.

അധികം വൈകാ​തെ​തന്നെ മിനി​ട്ടിൽ 900 തവണ കറങ്ങുന്ന ഒരു എഞ്ചിൻ ഡെയിം​ല​റും മൈബാ​ക്കും കൂടി വികസി​പ്പി​ച്ചെ​ടു​ത്തു. പിന്നീട്‌, അവർ മറ്റൊരു എഞ്ചിൻ നിർമി​ച്ചു. 1885 നവംബർ 10-ന്‌ അവർ അത്‌ ഒരു സൈക്കി​ളിൽ ഘടിപ്പിച്ച്‌ ഓടി​ക്കു​ക​യു​ണ്ടാ​യി. 1926-ൽ ഡെയിം​ല​റും ബെൻസും തങ്ങളുടെ സ്ഥാപനങ്ങൾ ഒരേകു​ട​ക്കീ​ഴിൽ ആക്കി​ക്കൊണ്ട്‌ ഉത്‌പ​ന്ന​ത്തിന്‌ മെഴ്‌സി​ഡസ്‌-ബെൻസ്‌ എന്നു പേരിട്ടു. a എന്നിരു​ന്നാ​ലും ഈ രണ്ടു വ്യക്തി​ക​ളും ഒരിക്ക​ലും പരസ്‌പരം കണ്ടതേ​യില്ല എന്നുള്ള​താണ്‌ വിചി​ത്രം.

ഫ്രഞ്ചു​കാ​രാ​യ ഏമിൽ ലെവാ​സോ​റും റെനേ പാനറും ചേർന്ന്‌ 1890-ൽ ചേസി​സി​ന്റെ മധ്യത്തിൽ മോ​ട്ടോർ ഘടിപ്പിച്ച ഒരു ചതുർചക്ര വാഹനം നിർമി​ച്ചു. തുടർന്നു​വന്ന വർഷം വാഹന​ത്തി​ന്റെ മുൻഭാ​ഗത്ത്‌ മോ​ട്ടോർ ഘടിപ്പി​ച്ചു​കൊണ്ട്‌ അവർ അതു പരിഷ്‌ക​രി​ച്ചു. മൺപാ​ത​ക​ളി​ലെ പൊടി​യിൽനി​ന്നും ചെളി​യിൽനി​ന്നും ഇതു മോ​ട്ടോ​റി​നു കൂടുതൽ സംരക്ഷണം നൽകു​മാ​യി​രു​ന്നു.

മോ​ട്ടോർ വാഹനങ്ങൾ സുലഭ​മാ​കു​ന്നു

ആദ്യകാല മോ​ട്ടോർ വാഹന​ങ്ങൾക്കു വലിയ വിലയാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ധനികർക്കു മാത്രമേ അതു വാങ്ങാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ 1908-ൽ, ഹെൻറി ഫോർഡ്‌ അസംബ്ലി-ലൈൻ സമ്പ്രദാ​യം ഉപയോ​ഗിച്ച്‌ ടി-മോഡൽ കാറു​ക​ളു​ടെ നിർമാ​ണം തുടങ്ങി​യ​തോ​ടെ ആ സ്ഥിതി മാറി. ‘ടിൻ ലിസി’ എന്ന ഓമന​പ്പേ​രിൽ അറിയ​പ്പെ​ടാൻ തുടങ്ങിയ ഈ കാർ മോ​ട്ടോർ വാഹന നിർമാണ രംഗത്ത്‌ വിപ്ലവ​ക​ര​മായ മാറ്റങ്ങ​ളാണ്‌ ഉണ്ടാക്കി​യത്‌. ഇതിനു വില തീരെ കുറവാ​യി​രു​ന്നു. ബഹുവിധ ഉപയോ​ഗങ്ങൾ സാധ്യ​മാ​യി​രു​ന്നു എന്നു മാത്രമല്ല കേടു​പോ​ക്കി പരിപാ​ലി​ക്കാ​നും എളുപ്പ​മാ​യി​രു​ന്നു. അങ്ങനെ സാധാ​ര​ണ​ക്കാ​ര​നു​പോ​ലും കാറു വാങ്ങാം എന്ന നിലയാ​യി. b ഇരുപ​താം നൂറ്റാ​ണ്ടി​ലെ കെങ്കേമൻ കാറുകൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്നത്‌ “അമേരി​ക്ക​യ്‌ക്കും, ഒടുവിൽ ലോക​ത്തി​നു​ത​ന്നെ​യും ‘ചക്രം പിടി​പ്പി​ച്ചത്‌’” ടി-മോഡൽ കാറു​ക​ളാ​യി​രു​ന്നു എന്നാണ്‌.

ഇന്ന്‌, ഏതാണ്ട്‌ ഒരു നൂറ്റാ​ണ്ടി​നു ശേഷം കാർ ഒരു ആഡംബര വസ്‌തു എന്നതി​നെ​ക്കാ​ളേറെ ഒരാവ​ശ്യ​മാ​യി മാറി​യി​രി​ക്കു​ന്നു. എന്തിന്‌, അര​മൈൽപോ​ലും പോകാ​നി​ല്ലാ​ത്തി​ട​ത്തും ആളുകൾ ഇന്ന്‌ കാറിനെ ആശ്രയി​ക്കു​ന്നു എന്ന്‌ ലണ്ടൻ ദിനപ്പ​ത്ര​മായ ഇൻഡി​പ്പെൻഡന്റ്‌ പ്രസി​ദ്ധീ​ക​രിച്ച ഒരു പഠനം സൂചി​പ്പി​ച്ചു.

സാങ്കേ​തി​ക രംഗത്തെ മുന്നേ​റ്റങ്ങൾ ഉയർന്ന വേഗം മാത്രമല്ല കൂടുതൽ സുരക്ഷ​യും സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. നിരവധി രാജ്യ​ങ്ങ​ളിൽ മരണക​ര​മായ കാറപ​ക​ട​ങ്ങൾതന്നെ വാസ്‌ത​വ​ത്തിൽ കുറഞ്ഞി​ട്ടുണ്ട്‌. കാറു വാങ്ങു​മ്പോൾ ഭംഗി​യേ​ക്കാ​ളേറെ സുരക്ഷ​യ്‌ക്കാണ്‌ മുൻതൂ​ക്കം നൽകേ​ണ്ടത്‌ എന്ന്‌ ആളുകൾക്കു ബോധ്യ​മാ​യി തുടങ്ങി​യി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, കൂട്ടി​യി​ടി ഉണ്ടാകു​മ്പോൾ, പരിഷ്‌ക​രിച്ച ‘ക്രമ്പിൾ സോണു​കൾ’ മുഖാ​ന്തരം ആഘാതം വിഴു​ങ്ങി​ക്ക​ള​യാൻ ചേസി​സി​ന്റെ ചില ഭാഗങ്ങൾക്കു സാധി​ക്കു​ന്നു. അതേസ​മയം ഡ്രൈ​വർക്കും യാത്ര​ക്കാർക്കും ചുറ്റു​മുള്ള കൂടുതൽ ബലവത്തായ ചട്ടക്കൂട്‌ ഒരു സുരക്ഷാ​ക​വചം പോലെ പ്രവർത്തി​ക്കു​ന്നു. തെന്നലുള്ള വഴിക​ളിൽ വാഹനം നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ‘ആന്റി​ലോക്ക്‌ ബ്രേക്ക്‌’ സംവി​ധാ​നം സഹായി​ക്കു​ന്നു. ത്രിബന്ധ സീറ്റ്‌ ബെൽറ്റു​കൾ നെഞ്ചി​നും ഇടുപ്പി​നും സുരക്ഷ പ്രദാനം ചെയ്യുന്നു. വാഹനം ഇടിക്കുന്ന നിമി​ഷ​ത്തിൽത്തന്നെ മുഖത്തി​നു​നേരെ വീർത്തു​വ​രുന്ന എയർബാ​ഗു​കൾ തല ചെന്ന്‌ സ്റ്റിയറി​ങ്ങി​ലോ ഡാഷ്‌ബോർഡി​ലോ ഇടിക്കു​ന്നത്‌ തടയുന്നു. c

തീർച്ച​യാ​യും, ശ്രദ്ധ​യോ​ടെ വാഹന​മോ​ടി​ക്കുക എന്നതിനു പകരം വെക്കാ​വുന്ന മറ്റൊ​ന്നു​മില്ല. “അലക്ഷ്യ​മാ​യാണ്‌ കാറോ​ടി​ക്കു​ന്ന​തെ​ങ്കിൽ ഏതു സുരക്ഷാ​സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടും പ്രയോ​ജ​ന​മില്ല; ഭൗതിക നിയമങ്ങൾ ലംഘി​ച്ചാൽ യാതൊ​രു അത്യാ​ധു​നിക സാങ്കേ​തി​ക​വി​ദ്യ​ക്കും നമ്മുടെ ജീവൻ രക്ഷിക്കാ​നാ​വില്ല,” മെക്‌സി​ക്കോ സിറ്റി​യി​ലെ എൽ ഇക്കൊ​ണോ​മി​സ്റ്റാ എന്ന പത്രം പറയുന്നു.

ഇന്നത്തെ ചില വാഹനങ്ങൾ ചലിക്കുന്ന വീടു​ക​ളാണ്‌. സിഡി പ്ലെയർ, ടിവി, ടെലി​ഫോൺ, മുന്നി​ലും പിന്നി​ലും വെവ്വേറെ ശബ്ദ-താപ നിയ​ന്ത്ര​ണങ്ങൾ എന്നുവേണ്ട എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളും ചില വാഹന​ങ്ങ​ളിൽ സജ്ജീക​രി​ച്ചി​രി​ക്കു​ന്നു. ഉപഗ്ര​ഹ​ങ്ങ​ളു​ടെ സഹായ​ത്താൽ പ്രവർത്തി​ക്കുന്ന ആഗോള സ്ഥാനനിർണയ സംവി​ധാ​നം ഉള്ള കാറു​ക​ളു​മുണ്ട്‌. ലക്ഷ്യസ്ഥാ​നത്ത്‌ എത്താനുള്ള ഏറ്റവും സുഗമ​മായ വഴി ഇതു മുഖാ​ന്തരം ഡ്രൈ​വർക്കു കണ്ടുപി​ടി​ക്കാൻ കഴിയും. ചില സംവി​ധാ​നങ്ങൾ നിരത്തു​ക​ളി​ലെ തടസ്സങ്ങളെ കുറിച്ച്‌ ഏറ്റവും പുതിയ വിവരങ്ങൾ വരെ നൽകും. അത്യാ​ധു​നിക സംവി​ധാ​ന​ങ്ങ​ളും ഏറ്റവും പുതിയ മോഡ​ലും അനേകർക്കും ഒരു അഭിമാന ചിഹ്നമാ​യി മാറി​യി​രി​ക്കു​ന്നു. നിർമാ​താ​ക്കാ​ളും പരസ്യ​ക്ക​മ്പ​നി​ക​ളും ഇതിനെ നന്നായി മുത​ലെ​ടു​ക്കു​ന്നു​മുണ്ട്‌.

അങ്ങനെ, നൂറി​ല​ധി​കം വർഷം മുമ്പ്‌ നിരത്തി​ലി​റ​ങ്ങിയ മോ​ട്ടോർവാ​ഹനം കാതങ്ങൾതന്നെ പിന്നി​ട്ടി​രി​ക്കു​ന്നു. ശ്രദ്ധ​യോ​ടെ, സുരക്ഷി​ത​മാ​യി കൈകാ​ര്യം ചെയ്‌താൽ മോ​ട്ടോർ വാഹനങ്ങൾ വാണി​ജ്യ​പ​ര​മായ കാര്യ​ങ്ങൾക്കും ഉല്ലാസ​യാ​ത്ര​കൾക്കു​മൊ​ക്കെ ഉപയോ​ഗി​ക്കാൻ കഴിയുന്ന സുഖ​പ്ര​ദ​മായ ഒരു ഗതാഗത മാർഗം ആയിരി​ക്കും. (g03 1/8)

[അടിക്കു​റി​പ്പു​കൾ]

a ഡെയിംലർ പദ്ധതി​ക്കു​വേണ്ടി മുതൽമു​ട​ക്കി​യ​വ​രിൽ പ്രമു​ഖ​നാ​യി​രുന്ന എമിൽ യെല്ലി​നെക്‌ എന്നയാൾ പുതിയ കാറിന്‌ തന്റെ പുത്രി മെഴ്‌സി​ഡ​സി​ന്റെ പേരു നൽകണ​മെന്ന്‌ ആഗ്രഹം പ്രകടി​പ്പി​ച്ചു. മെഴ്‌സി​ഡസ്‌ കാറു​കൾക്ക്‌ ആ പേരു ലഭിച്ചത്‌ അങ്ങനെ​യാണ്‌. ഡെയിം​ലർ എന്നത്‌ ഒരു ജർമൻ ചുവയുള്ള പേരാ​യ​തി​നാൽ കാറിന്‌ ഫ്രാൻസിൽ വിൽപ്പന കുറഞ്ഞു​പോ​യേ​ക്കു​മെന്ന്‌ അദ്ദേഹം ഭയപ്പെട്ടു.

b ടി-മോഡൽ കാറിന്‌ തുടക്ക​ത്തിൽ 850 ഡോളർ ആയിരു​ന്നു വില. എന്നാൽ 1924 ആയപ്പോ​ഴേ​ക്കും വെറും 260 ഡോളർ കൊടു​ത്താൽ ഒരു പുതു​പു​ത്തൻ ഫോർഡ്‌ വാങ്ങാ​മെ​ന്നാ​യി. ടി-മോഡ​ലി​ന്റെ നിർമാ​ണം 19 വർഷം തുടർന്നു. അത്തരം ഒന്നര​ക്കോ​ടി​യി​ല​ധി​കം കാറു​ക​ളാണ്‌ രണ്ടു പതിറ്റാ​ണ്ടു​കൊ​ണ്ടു നിരത്തി​ലി​റ​ങ്ങി​യത്‌.

c സുരക്ഷാ സംവി​ധാ​ന​മാ​യി എയർബാ​ഗു​കൾ മാത്ര​മാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ അത്‌ അപകട​കരം ആയിരു​ന്നേ​ക്കാം, വിശേ​ഷി​ച്ചും കുട്ടി​കൾക്കും ചെറു​പ്പ​ക്കാർക്കും.

[24-27 പേജു​ക​ളി​ലെ ചാർട്ട്‌/ചിത്രങ്ങൾ]

സൂചിപ്പിച്ചിരിക്കുന്ന വർഷങ്ങൾ നിർമാണ കാലഘ​ട്ടത്തെ കുറി​ക്കു​ന്നു

1885 ബെൻസ്‌ മോ​ട്ടോർ കാർ

ലോകത്തിലെ ആദ്യത്തെ സൗകര്യ​പ്ര​ദ​മായ മോ​ട്ടോർ വാഹനം

1907-25 റോൾസ്‌-റോയ്‌സ്‌ സിൽവർ ഗോസ്റ്റ്‌

വേഗത്തിലും ശക്തിയി​ലും മുന്നി​ട്ടു​നി​ന്നു; ഇരമ്പൽ കുറഞ്ഞ​തും വിശ്വ​സിച്ച്‌ യാത്ര​ചെ​യ്യാ​വു​ന്ന​തു​മാ​യി​രു​ന്നു ഈ ആഡംബര വാഹനം

1908-27 ടി-മോഡൽ ഫോർഡ്‌

വൻതോതിലുള്ള ഉത്‌പാ​ദന രീതിക്ക്‌ ഇന്ധന​മേകി; 1,50,00,000-ത്തിലധി​കം കാറുകൾ വിറ്റഴി​ക്ക​പ്പെ​ട്ടു

പശ്ചാത്തലം: ഫോർഡി​ന്റെ പ്രൊ​ഡക്ഷൻ ലൈൻ സംവി​ധാ​നം

1930-7 കാഡി​ല്ലാക്‌ വി16 7.4-എൽ

ലോകത്തിലെ ആദ്യ​ത്തേ​തും ഏറ്റവും വിജയ​പ്ര​ദ​മാ​യി നിർമി​ക്ക​പ്പെ​ട്ട​തു​മായ 16 സിലിണ്ടർ എഞ്ചിൻ

1939-ഇന്നുവരെ ഫോൽക്‌സ്‌വാ​ഗൻ ബീറ്റ്‌ൽ

2,00,00,000-യിലധി​കം കാറു​ക​ളാണ്‌ പുറത്തി​റ​ങ്ങി​യത്‌. പുതിയ ബീറ്റ്‌ൽ (താഴെ ഇടത്ത്‌) 1998-ൽ നിരത്തി​ലി​റ​ങ്ങി

1941-ഇന്നുവരെ ജീപ്പ്‌

കണ്ടാൽ ഏറ്റവും വേഗം തിരി​ച്ച​റി​യാ​വുന്ന വാഹനം

1948-65  പോർഷ്‌ 356

ഫോൽക്‌സ്‌വാഗൻ ബീറ്റ്‌ലി​ന്റെ ചുവടു​പി​ടിച്ച്‌; പോർഷി​ന്റെ ജൈ​ത്ര​യാ​ത്ര​യു​ടെ തുടക്കം

1952-7 മെഴ്‌സി​ഡസ്‌-ബെൻസ്‌ 300എസ്‌എൽ

ഗൾവിങ്‌ എന്ന ഓമന​പ്പേ​രിൽ അറിയ​പ്പെട്ട ഇത്‌ സ്‌പേസ്‌ ഫ്രേമും ഫ്യുവൽ-ഇഞ്ചക്ഷൻ എഞ്ചിനും ഉള്ള ആദ്യത്തെ കാറാ​യി​രു​ന്നു

1955-68 സീ​ട്രോ​യെൻ ഡിഎസ്‌ 19

സ്റ്റിയറിംഗിലും ബ്രെയ്‌ക്കു​ക​ളി​ലും 4-സ്‌പീഡ്‌ ഗിയർ ഷിഫ്‌റ്റി​ലും സെൽഫ്‌-ലെവലിങ്‌ സസ്‌പെൻഷ​നി​ലും ഹൈ​ഡ്രോ​ളിക്‌ ശക്തി ഉപയോ​ഗ​പ്പെ​ടു​ത്തി

1959-ഇന്നുവരെ മിനി

ഒട്ടേറെ പുതു​മകൾ നിറഞ്ഞ, ജനപ്രീ​തി നേടിയ ഈ കാർ കാറോ​ട്ട​മ​ത്സ​ര​ങ്ങ​ളും റാലി​ക​ളും അടക്കി​വാ​ണു

1962-4 ഫെറാറി 250 ജിടിഒ

300-കുതി​ര​ശ​ക്തി​യിൽ കുതി​ച്ചു​പാ​യുന്ന ഒരു വി-12 സ്‌പോർട്‌സ്‌ കാർ

1970-3 ഡാറ്റ്‌സുൻ 240ഇസഡ്‌

ചെലവുകുറഞ്ഞ വിശ്വ​സ്‌ത​നായ സ്‌പോർട്‌സ്‌ കാർ

1970-ഇന്നുവരെ റെയ്‌ഞ്ച്‌ റോവർ

ദുർഘട പാതകൾ താണ്ടാൻ ലോക​ത്തി​ലെ ഏറ്റവും മികച്ച ഫോർ-വീൽ ഡ്രൈവ്‌ വാഹനം

1984-ഇന്നുവരെ ക്രിസ്‌ലർ മിനി​വാൻ

മിനിവാൻ ഭ്രമത്തിന്‌ തിരി​കൊ​ളു​ത്തിയ വാഹനം

ത്രസ്റ്റ്‌ എസ്‌എ​സ്‌സി

ഔദ്യോഗിക രേഖകൾ അനുസ​രിച്ച്‌ മണിക്കൂ​റിൽ 1,228 കിലോ​മീ​റ്റർ വേഗത്തിൽ 1997 ഒക്ടോബർ 15-ന്‌ യു.എസ്‌.എ.-യിലെ നിവാഡാ ബ്ലാക്‌ റോക്‌ മരുഭൂ​മി കുറുകെ കടന്നു

[കടപ്പാട്‌]

ബെൻസ്‌ മോ​ട്ടോർ കാർ: DaimlerChrysler Classic; പശ്ചാത്തലം: Brown Brothers; മോഡൽ ടി: Courtesy of VIP Classics; റോൾസ്‌-റോയ്‌സ്‌: Photo courtesy of Rolls-Royce & Bentley Motor Cars

ജീപ്പ്‌: Courtesy of DaimlerChrysler Corporation; ബ്ലാക്ക്‌ ബീറ്റ്‌ൽ: Courtesy Vintage Motors of Sarasota; യെലോ ബീറ്റ്‌ൽ: VW Volkswagen AG

സീട്രോയെൻ: © CITROËN COMMUNICATION; മെഴ്‌സി​ഡസ്‌ ബെൻസ്‌: PRNewsFoto

ക്രിസ്‌ലർ മിനിവാൻ: Courtesy of DaimlerChrysler Corporation; ഡാറ്റ്‌സുൻ: Nissan North America; ത്രസ്റ്റ്‌ എസ്‌എസ്‌സി: AP Photo/Dusan Vranic