വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“ടെലി​ഫോൺ അമ്മമാർ” ഒരുക്കുന്ന കൊതി​യൂ​റും വിഭവങ്ങൾ

രുചി​യോ​ടെ ഭക്ഷണം കഴിക്കാൻ ആഗ്രഹ​മുണ്ട്‌, പക്ഷേ ഒന്നുകിൽ പാചക​ത്തി​നു സമയമില്ല അല്ലെങ്കിൽ അതിൽ താത്‌പ​ര്യ​മില്ല. സ്‌പെ​യി​നി​ലെ മാഡ്രി​ഡി​ലുള്ള അവിവാ​ഹി​ത​രായ ചെറു​പ്പ​ക്കാർ ഇതി​നൊ​രു പുതിയ പരിഹാ​രം കണ്ടെത്തി​യി​രി​ക്കു​ന്നു. ഇന്റർനെ​റ്റി​ലൂ​ടെ അവർ ഒരു “അമ്മയെ” വാടക​യ്‌ക്കെ​ടു​ക്കു​ന്നു എന്ന്‌ സ്‌പെ​യി​നി​ലെ വർത്തമാ​ന​പ്പ​ത്ര​മായ എൽ പോയിസ്‌ പറയുന്നു. ആഴ്‌ച​യിൽ രണ്ടു തവണ ഈ ദത്തുമാ​താവ്‌ വീട്ടി​ലു​ണ്ടാ​ക്കിയ ആരോ​ഗ്യ​ക​ര​മായ ഭക്ഷണം ടാക്‌സി​യിൽ എത്തിക്കു​ന്നു. മത്സ്യം, പാസ്റ്റ, പച്ചക്കറി​കൾ, പയറു​വർഗങ്ങൾ, മാംസം, പഴങ്ങൾ, പാൽ ഉത്‌പ​ന്നങ്ങൾ എന്നിങ്ങനെ കുറെ ദിവസ​ത്തേ​ക്കുള്ള ഭക്ഷണം ഉണ്ടായി​രി​ക്കും. “ടെലി​ഫോൺ അമ്മ” തന്റെ ഓരോ ദത്തുപു​ത്ര​നെ​യും ഇടയ്‌ക്കി​ടെ ഫോണിൽ വിളി​ക്കും. ആവശ്യ​ത്തി​നു ഭക്ഷണം ഫ്രിഡ്‌ജി​ലു​ണ്ടോ, ഏതൊക്കെ തരം ആഹാര​മാണ്‌ ഇഷ്ടം, ഇനിയും എന്തെങ്കി​ലും ആവശ്യ​മു​ണ്ടോ എന്നെല്ലാം അറിയാ​നാ​ണത്‌. നാലോ അതില​ധി​ക​മോ പേരു​ണ്ടെ​ങ്കിൽ എന്നും ഓഫീ​സി​ലും ഭക്ഷണം എത്തിക്കു​ന്ന​താണ്‌. വാരാ​ന്ത​ത്തേക്ക്‌ ഒരു പ്രത്യേക മെനു ഉണ്ടായിരിക്കും.(g03 1/22)

ചൊറി​ത്ത​വ​ള​കൾക്ക്‌ ഒരു തുരങ്കം

കാനഡ​യി​ലെ വാൻകൂ​വർ ഐലന്റ്‌ ഹൈ​വേ​യിൽ ജോലി ചെയ്യു​ക​യാ​യി​രുന്ന എൻജി​നീ​യർമാർ തങ്ങളുടെ ഹൈ​വേക്കു കുറുകെ മറ്റൊരു റോഡു കണ്ട്‌ അതിശ​യി​ച്ചു​പോ​യി. അത്‌ “ചൊറി​ത്ത​വ​ളകൾ തീർത്ത റോഡ്‌” ആയിരു​ന്നു. ബ്യൂട്ടി​ഫുൾ ബ്രിട്ടീഷ്‌ കൊളം​ബിയ മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌, “മൂന്നു സെന്റി​മീ​റ്റർ വലിപ്പ​മുള്ള ലക്ഷക്കണ​ക്കി​നു ചൊറി​ത്ത​വ​ളകൾ” ചതുപ്പു​നി​ലത്തു പോയി പ്രജനനം നടത്തി​യ​ശേഷം പണിതീ​രാത്ത ഹൈ​വേക്കു കുറുകെ തങ്ങളുടെ സ്വാഭാ​വിക വാസസ്ഥ​ല​മായ കുന്നിൻ പ്രദേ​ശ​ത്തേക്കു മടങ്ങവേ രൂപം​കൊണ്ട പാതയാ​യി​രു​ന്നു അത്‌. ഈ ഹൈവേ പണിതീർന്നാൽ ചൊറി​ത്ത​വ​ള​കൾക്ക്‌ ഉണ്ടാകാ​വുന്ന “ആപത്തിന്‌ എങ്ങനെ പരിഹാ​രം കണ്ടെത്താ​മെന്ന്‌ എൻജി​നീ​യർമാർ തലപു​കഞ്ഞ്‌ ആലോ​ചി​ച്ചു.” അവർ ഇത്‌ എങ്ങനെ പരിഹ​രി​ക്കു​മാ​യി​രു​ന്നു? എൻജി​നീ​യർമാർ കണ്ടുപി​ടിച്ച പോം​വ​ഴി​യെ​ക്കു​റിച്ച്‌, ഈ പദ്ധതി​യു​ടെ പരിസ്ഥി​തി വിഭാഗം കോ-ഓർഡി​നേറ്റർ ആയ ക്രേഗ്‌ ബാർലോ പറയുന്നു, “ഹൈ​വേക്ക്‌ അടിയി​ലൂ​ടെ നനവി​ല്ലാത്ത തുരങ്കങ്ങൾ ഉണ്ടാക്കി, അതി​ലേക്ക്‌ അവയെ നയിക്കാൻ തക്കവണ്ണം അവർ ഒരു വേലി​യും ഉണ്ടാക്കി.” പാശ്ചാത്യ ചൊറി​ത്ത​വ​ളകൾ “ജല മലിനീ​ക​ര​ണ​ത്തി​ന്റെ​യും സ്വാഭാ​വിക വാസസ്ഥലം നഷ്ടപ്പെ​ടു​ന്ന​തി​ന്റെ​യും കാലാ​വസ്ഥാ വ്യതി​യാ​ന​ങ്ങ​ളു​ടെ​യും ഇരകളാണ്‌” എന്ന്‌ മാസിക കൂട്ടി​ച്ചേർത്തു. (g03 1/22)

ക്ഷയരോ​ഗം തേർവാഴ്‌ച തുടരു​ന്നു

ക്ഷയരോ​ഗത്തെ നിർമാർജനം ചെയ്യാൻ കഴിഞ്ഞി​ട്ടില്ല എന്ന്‌ ബ്യൂനസ്‌ ഐറിസ്‌ വർത്തമാ​ന​പ്പ​ത്ര​മായ ക്ലൂറിൻ റിപ്പോർട്ടു ചെയ്യുന്നു, പ്രത്യേ​കി​ച്ചും ദാരി​ദ്ര്യം പ്രബല​മാ​യി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ. അർജന്റീ​ന​യിൽ “വർഷം തോറും 14,000 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു” എന്ന്‌ ലേഖനം പറയുന്നു. “ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ റിപ്പോർട്ട്‌ അനുസ​രിച്ച്‌ . . . , ഈ രോഗം ഓരോ വർഷവും 20 ലക്ഷം പേരുടെ ജീവൻ അപഹരി​ക്കു​ന്നു.” വികല​പോ​ഷ​ണ​വും ദാരി​ദ്ര്യ​വു​മാണ്‌ ക്ഷയത്തിന്റെ പ്രധാന കാരണ​മെ​ങ്കി​ലും, ഇതൊരു പകർച്ച​വ്യാ​ധി ആയതി​നാൽ ആർക്കും അതു പിടി​പെ​ട്ടേ​ക്കാം. “ക്ഷയം ഒരു സാം​ക്ര​മിക രോഗ​മാണ്‌, എല്ലാ സാമൂ​ഹിക അതിർവ​ര​മ്പു​ക​ളെ​യും ഇതു ഭേദി​ക്കു​ന്നു” എന്ന്‌ ക്ഷയത്തി​നെ​തി​രെ​യുള്ള മരുന്നു​ക​ളു​ടെ ഉപയോ​ഗ​ത്തിൽ മുന്നണി പ്രവർത്ത​ക​നാ​യി​രുന്ന മൊൺടോ​നർ പറയുന്നു. ഒരാൾക്ക്‌ വിമാ​ന​ത്തിൽ വെച്ചോ സ്വന്തസ​മൂ​ഹ​ത്തിൽ വെച്ചോ ജോലി​സ്ഥ​ലത്തു വെച്ചോ ഈ രോഗം പിടി​പെ​ടാം (g03 1/22)

പ്രകാശ മലിനീ​ക​ര​ണ​ത്തി​നെ​തി​രെ പ്രഥമ നിയമം

പ്രകാശ മലിനീ​ക​ര​ണ​ത്തി​നെ​തി​രെ നിയമം കൊണ്ടു​വ​രുന്ന ആദ്യ രാജ്യം ചെക്ക്‌ റിപ്പബ്ലി​ക്കാണ്‌. ബെർലി​ന്നർ മൊർഗൻപോസ്റ്റ ആണ്‌ അപ്രകാ​രം റിപ്പോർട്ടു ചെയ്‌തത്‌. 2002 ജൂൺ 1 മുതൽ പ്രാബ​ല്യ​ത്തിൽ വന്ന ഇത്‌, അന്തരീക്ഷ സംരക്ഷണ നിയമം എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഈ നിയമ​ത്തി​നു ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​രിൽ നിന്നും പൊതു​ജ​ന​ങ്ങ​ളിൽ നിന്നും വ്യാപ​ക​മായ പിന്തുണ ലഭിക്കു​ക​യു​ണ്ടാ​യി. പ്രകാശ മലിനീ​ക​ര​ണത്തെ നിയമം ഇപ്രകാ​ര​മാ​ണു നിർവ​ചി​ക്കു​ന്നത്‌: “ഏതു കൃത്രിമ വെളിച്ചം ഉപയോ​ഗി​ക്കു​മ്പോ​ഴും നിർദിഷ്ട പരിധി​ക്ക​പ്പു​റം, പ്രത്യേ​കിച്ച്‌ ചക്രവാള നിരപ്പി​നു മുകളി​ലേക്കു, പ്രകാശം ചിതറി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ അതു പ്രകാ​ശ​മ​ലി​നീ​ക​ര​ണ​മാണ്‌.” ഇത്തരത്തിൽ ചിതറി​പ്പോ​കുന്ന പ്രകാശം നിശാ​ന​ഭസ്സ്‌ നിരീ​ക്ഷി​ക്കു​ന്ന​തി​നു തടസ്സം സൃഷ്ടി​ക്കു​മെ​ന്ന​തി​നാൽ, ലൈറ്റു​കൾക്കു മറ പിടി​പ്പി​ക്കാൻ പൗരന്മാ​രോ​ടും സംഘട​ന​ക​ളോ​ടും ആവശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ജൂൺ 1-നു മുമ്പു​തന്നെ ബർണോ നഗരത്തി​ലെ പ്രധാന ബിസി​നസ്സ്‌ മേഖല​യിൽ ഇത്തരം മറകൾ ഉപയോ​ഗി​ക്കാൻ തുടങ്ങി​യി​രു​ന്നു, അതു വളരെ ഫലകര​മാ​ണെന്നു കണ്ടെത്തു​ക​യും ചെയ്‌തു. “പുരോ​ഗതി വളരെ അമ്പരപ്പി​ക്കു​ന്ന​താണ്‌” എന്നു ചെക്ക്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ യാൻ ഹോല്ലാൻ പറയുന്നു. (g03 1/22)

സാക്ഷരതാ പ്രശ്‌നം ലോക​വ്യാ​പ​കം

ഇക്കാലത്തു വിദ്യാർഥി​കളെ എത്ര കാര്യ​ക്ഷ​മ​ത​യോ​ടെ പഠിപ്പി​ക്കു​ന്നുണ്ട്‌? സാമ്പത്തിക സഹകരണ വികസന സംഘടന 32 രാജ്യ​ങ്ങ​ളിൽ നിന്നായി 15 വയസ്സു​കാ​രായ 2,65,000 ഹൈസ്‌കൂൾ വിദ്യാർഥി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു പഠനം നടത്തു​ക​യു​ണ്ടാ​യി. “നിർബ​ന്ധിത വിദ്യാ​ഭ്യാ​സ​ത്തി​ന്റെ കാലയ​ളവു പൂർത്തി​യാ​ക്കാ​റായ വിദ്യാർഥി​കൾ സമൂഹ​ത്തി​ലേക്കു പൂർണ​മാ​യും ഇറങ്ങി​ച്ചെ​ല്ലാൻ ആവശ്യ​മായ വൈദ​ഗ്‌ധ്യ​വും അറിവും എത്ര​ത്തോ​ളം നേടി​യെ​ടു​ത്തി​ട്ടുണ്ട്‌ എന്ന്‌ അറിയാ​നാ​യി​രു​ന്നു ഇത്‌.” വിദ്യാർഥി​ക​ളിൽ ആറു ശതമാ​ന​ത്തി​ന്റെ വായനാ​പ്രാ​പ്‌തി “ഏറ്റവും കുറഞ്ഞ വായനാ പ്രാപ്‌തി​യാ​യി കണക്കാ​ക്കുന്ന നിലവാ​ര​ത്തി​ലും താഴെ​യാണ്‌.” മറ്റൊരു 12 ശതമാ​ന​ത്തിന്‌, “നുറുങ്ങു വിവര​ങ്ങ​ളോ അല്ലെങ്കിൽ ഒരു പാഠത്തി​ന്റെ പ്രധാന വിഷയ​മോ പോലുള്ള തികച്ചും അടിസ്ഥാ​ന​പ​ര​മായ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി​യേ ഉള്ളൂ.” സാക്ഷര​ത​യിൽ പെൺകു​ട്ടി​ക​ളാ​യി​രു​ന്നു ആൺകു​ട്ടി​ക​ളെ​ക്കാൾ മിടുക്കർ. ഫിന്നിഷ്‌ വിദ്യാർഥി​കൾ വായന​യിൽ മുന്നിട്ടു നിന്ന​പ്പോൾ, ജപ്പാനി​ലും കൊറി​യ​യി​ലു​മുള്ള വിദ്യാർഥി​കൾ സയൻസി​നും കണക്കി​നു​മാ​യി​രു​ന്നു മുൻപ​ന്തി​യിൽ. “28 രാജ്യ​ങ്ങ​ളിൽ 20 എണ്ണത്തിൽ നിന്നുള്ള കുട്ടി​ക​ളോ​ടു ചോദി​ച്ച​പ്പോൾ അവരിൽ നാലു കുട്ടി​ക​ളിൽ ഒന്നില​ധി​കം പേരും പോകാ​നി​ഷ്ട​മി​ല്ലാത്ത സ്ഥലങ്ങളി​ലൊ​ന്നാ​യി​ട്ടാ​ണു സ്‌കൂ​ളി​നെ കണക്കാ​ക്കി​യത്‌,” എന്നു റിപ്പോർട്ടു പറയുന്നു. (g03 1/22)

40 വർഷത്തെ പുകവലി സമ്മാനി​ച്ചത്‌

ഇംഗ്ലണ്ടി​ലെ റോയൽ കോളജ്‌ ഓഫ്‌ ഫിസി​ഷ്യൻസ്‌ 1962-ൽ പ്രസി​ദ്ധീ​ക​രിച്ച പുകവ​ലി​യും ആരോ​ഗ്യ​വും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം, “പുകയി​ല​യു​ടെ അപകട​ങ്ങ​ളെ​പ്പറ്റി ബ്രിട്ട​നി​ലെ ഒരു ഔദ്യോ​ഗിക സംഘം നൽകുന്ന ആദ്യത്തെ വ്യക്തമായ മുന്നറി​യി​പ്പാണ്‌” എന്ന്‌ ലണ്ടന്റെ ദി ഇൻഡി​പ്പെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ആ സമയത്ത്‌, 70 ശതമാനം പുരു​ഷ​ന്മാ​രും 43 ശതമാനം സ്‌ത്രീ​ക​ളും പുകവ​ലി​ക്കാ​രാ​യി​രു​ന്നു. തുടർന്നു​വന്ന 40 വർഷങ്ങ​ളിൽ, “ഇംഗ്ലണ്ടിൽ മാത്രം 50 ലക്ഷം ആളുകൾ പുകവലി നിമിത്തം മരണമ​ടഞ്ഞു, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ഇവിടെ മരിച്ച​വ​രു​ടെ എണ്ണത്തിന്റെ 12 ഇരട്ടി​യാ​ണിത്‌.” ഇപ്പോൾ ഇവിടെ 29 ശതമാനം പുരു​ഷ​ന്മാ​രും 25 ശതമാനം സ്‌ത്രീ​ക​ളും മാത്രമേ പുകവ​ലി​ക്കാ​രാ​യി ഉള്ളു​വെ​ങ്കി​ലും, കമ്പനികൾ പുകവ​ലി​യെ “അനുഭൂ​തി പകരുന്ന ഒന്നായി അവതരി​പ്പി​ച്ചു​കൊണ്ട്‌ യുവജ​ന​ങ്ങൾക്കി​ട​യിൽ ഇന്നും വ്യാപ​ക​മാ​യി [സിഗര​റ്റു​കൾ] വിറ്റഴി​ക്കു​ന്നു” എന്ന്‌ ദി ഇൻഡി​പ്പെൻഡന്റ്‌ പറയുന്നു. പുകയി​ല​യു​ടെ ഉപയോ​ഗം വീണ്ടും വർധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പൊതു​ജ​നാ​രോ​ഗ്യ​ത്തിന്‌ ഒരു മുഖ്യ ഭീഷണി​യാ​യി അത്‌ ഇന്നും തുടരു​ക​യാ​ണെ​ന്നും റോയൽ കോള​ജി​ന്റെ അടുത്ത​കാ​ലത്തെ റിപ്പോർട്ടു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. 1950-ൽ, പുകവ​ലി​യും ശ്വാസ​കോശ അർബു​ദ​വും തമ്മിലുള്ള ബന്ധത്തെ കുറിച്ചു വെളി​പ്പെ​ടു​ത്തിയ സർ റിച്ചാർഡ്‌ ഡോൾ പറയു​ന്നത്‌, ദീർഘ​നാൾ ഈ ശീലം തുടർന്ന​വർക്കു​പോ​ലും ഇനിയാ​ണെ​ങ്കി​ലും അത്‌ ഉപേക്ഷി​ക്കാൻ സമയമു​ണ്ടെ​ന്നാണ്‌. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഞാൻ പറയാൻ ആഗ്രഹി​ക്കു​ന്നത്‌ ഇതാണ്‌, പുകവലി നിറു​ത്തുക, ആയുസ്സു വർധി​പ്പി​ച്ചു​കൊ​ണ്ടു ജീവിതം ആസ്വദി​ക്കുക.” (g03 1/22)

പൊണ്ണ​ത്തടി—വർധി​ച്ചു​വ​രുന്ന ഒരു ആഗോള പ്രശ്‌നം

പൊണ്ണ​ത്തടി മുതിർന്ന​വർക്കും കുട്ടി​കൾക്കും ഇടയിൽ “ലോക വ്യാപ​ക​മാ​യി, ഉത്‌ക​ണ്‌ഠ​യു​ള​വാ​ക്കും​വി​ധം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്ന്‌ ദ ലാൻസെറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ചില ദരിദ്ര രാജ്യ​ങ്ങ​ളിൽപ്പോ​ലും ഇത്‌ ഒരു പ്രശ്‌ന​മാ​യി മാറി​യി​രി​ക്കു​ക​യാ​ണെന്നു പത്രം കൂട്ടി​ച്ചേർക്കു​ന്നു. ഒരു പരിധി​വരെ പൊണ്ണ​ത്ത​ടി​ക്കു കാരണം സാങ്കേ​തി​ക​വി​ദ്യ​യാണ്‌ എന്നു നോർത്ത്‌ കരോ​ലിന സർവക​ലാ​ശാ​ല​യി​ലെ സാമ്പത്തി​ക​ശാ​സ്‌ത്ര വിദഗ്‌ധ​നും പോഷക-സാം​ക്ര​മി​ക​രോഗ ശാസ്‌ത്ര​ജ്ഞ​നും ആയ ബാരീ പോപ്‌കിൻ പറയുന്നു. ഇന്നു സാങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ചോളം, സോയാ​ബീൻ, പരുത്തി എന്നിവ​യിൽ നിന്നു ഭക്ഷ്യ​യോ​ഗ്യ​മായ എണ്ണ വേർതി​രി​ച്ചെ​ടു​ക്കാൻ സാധി​ക്കു​ന്നു. “ഏഷ്യയി​ലെ​യും ആഫ്രി​ക്ക​യി​ലെ​യും രാജ്യ​ങ്ങ​ളിൽ നിത്യ ഭക്ഷണത്തിൽ ചേരുന്ന അധിക കലോറി ഇത്തരം എണ്ണയിൽ നിന്നാണു മുഖ്യ​മാ​യും വരുന്നത്‌” എന്ന്‌ ദ ലാൻസെറ്റ്‌ പറയുന്നു. കൂടാതെ, ഗവൺമെ​ന്റി​ന്റെ കാർഷിക വ്യാപാര നയങ്ങൾ വളരെ കുറഞ്ഞ വിലയ്‌ക്ക്‌ പഞ്ചസാര കയറ്റു​മതി ചെയ്യുക സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ഇതുമൂ​ലം ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ഉത്‌പാ​ദ​കർക്കു ചെലവു കുറഞ്ഞ ഒരു വസ്‌തു ഉപയോ​ഗിച്ച്‌ തങ്ങളുടെ ഉത്‌പ​ന്ന​ങ്ങ​ളു​ടെ രുചി വർധി​പ്പി​ക്കാൻ കഴിയു​ന്നു. ഇതിനു​പു​റമേ, സാങ്കേ​തി​ക​വി​ദ്യ വളർന്ന​തോ​ടെ പല മേഖല​ക​ളി​ലും ജോലി​ഭാ​രം വളരെ കുറഞ്ഞി​രി​ക്കു​ന്നു, ഊർജം ചെലവി​ടാൻ അധികം മാർഗങ്ങൾ ഇല്ലാതാ​വു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അങ്ങനെ ക്രമേണ ആളുക​ളു​ടെ തൂക്കം വർധി​ക്കു​ന്നു. പൊണ്ണ​ത്തടി ഗുരുതര രോഗ​ങ്ങ​ളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയ-ധമനീ രോഗം എന്നിവ​യ്‌ക്ക്‌ കാരണ​മാ​യേ​ക്കാം എന്നതാണ്‌ ആരോഗ്യ വിദഗ്‌ധരെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തു​ന്നത്‌. (g03 1/8)

ലോക​ത്തി​ലെ അന്ധന്മാ​രു​ടെ 25 ശതമാനം ഇന്ത്യയിൽ

“ഇന്ത്യയിൽ 1.2 കോടി അന്ധന്മാ​രുണ്ട്‌. അതാകട്ടെ, ലോക​ത്താ​കെ​യുള്ള അന്ധന്മാ​രു​ടെ 25 ശതമാ​ന​മാണ്‌.” ഇന്ത്യയു​ടെ ഡെക്കാൻ ഹെറാൾഡ്‌ ആണ്‌ ഇതു പറയു​ന്നത്‌. കൂടാതെ, യൂത്ത്‌ വിഷൻ ഇന്ത്യയു​ടെ 2002-ലെ റിപ്പോർട്ടു പ്രകാരം, ഇന്ത്യയി​ലെ 40-ലധികം നഗരങ്ങ​ളി​ലെ കോ​ളെ​ജു​ക​ളിൽനി​ന്നും സ്‌കൂ​ളു​ക​ളിൽനി​ന്നും ശേഖരിച്ച വിവരങ്ങൾ കാണി​ച്ചത്‌, “50 ശതമാനം യുവജ​ന​ങ്ങൾക്കും കാഴ്‌ച സംബന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും അവർ അതേപ്പറ്റി ബോധ​വാ​ന്മാ​രല്ല” എന്നാണ്‌. റെറ്റി​ന​യി​ലെ അപവർത്തന തകരാ​റു​ക​ളും (refractive errors) തിമി​ര​വും ആണ്‌ പ്രധാ​ന​മാ​യും ഈ രാജ്യ​ത്തുള്ള ആളുക​ളു​ടെ നേത്ര വൈക​ല്യ​ങ്ങൾ എന്നു പഠനം തെളി​യി​ക്കു​ന്നു. എന്നാൽ ഇതു ചികി​ത്സി​ച്ചു ഭേദമാ​ക്കാ​വു​ന്നതേ ഉള്ളൂ. “ഈ സംഗതി​ക​ളെ​ക്കു​റി​ച്ചൊ​ന്നും വേണ്ടത്ര അറിവി​ല്ലാ​ത്ത​തും ആവശ്യ​ത്തി​നു നേത്ര​രോഗ വിദഗ്‌ധർ ഇല്ലാത്ത​തു​മാണ്‌” ഇന്ത്യയി​ലെ പ്രശ്‌ന​ത്തി​നു കാരണം എന്നു വർത്തമാ​ന​പ്പ​ത്രം പറയുന്നു. അത്‌ ഇങ്ങനെ തുടരു​ന്നു: “ഇന്ത്യയിൽ 5,000 നേത്ര​പ​രി​ശോ​ധ​കരേ ഉള്ളൂ. എന്നാൽ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ശുപാർശ അനുസ​രി​ച്ചാ​ണെ​ങ്കിൽ 40,000 പേർ വേണം.” (g03 1/8)