വിദ്വേഷത്തിന്റെ ചങ്ങലയിൽനിന്ന് മോചനം
വിദ്വേഷത്തിന്റെ ചങ്ങലയിൽനിന്ന് മോചനം
ഹോസേ ഗൊമെസ് പറഞ്ഞപ്രകാരം
ദക്ഷിണ ഫ്രാൻസിലെ റൊൻയക്ക് എന്ന കൊച്ചു പട്ടണത്തിൽ 1964 സെപ്റ്റംബർ 8-നാണു ഞാൻ ജനിച്ചത്. എന്റെ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ആൻഡലൂസിയൻ ജിപ്സികൾ ആയിരുന്നു. വടക്കേ ആഫ്രിക്കയിലെ അൾജീരിയയും മൊറോക്കോയും ആയിരുന്നു അവരുടെ ജന്മദേശം. ജിപ്സികളുടെ സംസ്കാരത്തിൽ സാധാരണ കണ്ടുവരാറുള്ളതുപോലെ വലിയ കൂട്ടുകുടുംബം ആയിട്ടാണു ഞങ്ങളും ജീവിച്ചത്.
അക്രമസ്വഭാവമുള്ള ഒരു വ്യക്തി ആയിരുന്നു എന്റെ പിതാവ്. അദ്ദേഹം അമ്മയെ ഉപദ്രവിക്കുന്ന രംഗങ്ങൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഒടുവിൽ അമ്മ വിവാഹമോചനം നേടാൻ തീരുമാനിച്ചു. അതാകട്ടെ ജിപ്സികൾക്കിടയിൽ വളരെ വിരളമായ ഒരു കാര്യമായിരുന്നു. അമ്മ എന്നെയും അനുജനെയും മൂത്ത പെങ്ങളെയും കൂട്ടി ബെൽജിയത്തിലേക്കു പോയി. അവിടെ എട്ടു വർഷം ഞങ്ങൾ സ്വസ്ഥമായി ജീവിച്ചു.
എങ്കിലും കാര്യങ്ങൾക്കു മാറ്റം വന്നു. കുട്ടികളായ ഞങ്ങൾ അച്ഛനെ കാണാൻ ആഗ്രഹിച്ചു. അതുകൊണ്ട് അമ്മ ഞങ്ങളോടൊപ്പം ഫ്രാൻസിലേക്കു തിരിച്ചുവന്നു. കുടുംബം വീണ്ടും ഒന്നിച്ചു. പിതാവിനോടൊപ്പം താമസിക്കുന്നത് എനിക്കു പിന്നെയും ചില വെല്ലുവിളികൾ ഉയർത്തി. ഞങ്ങൾ ബെൽജിയത്തിൽ ആയിരുന്നപ്പോൾ എവിടെ പോകുന്നതും അമ്മയോടൊപ്പമായിരുന്നു. എന്നാൽ എന്റെ പിതാവിന്റെ കുടുംബത്തിൽ സംഗതികൾ വ്യത്യസ്തമായിരുന്നു. പുരുഷന്മാർ പുരുഷന്മാരോടൊപ്പം മാത്രമേ സഹവസിച്ചിരുന്നുള്ളൂ. അവകാശങ്ങളൊക്കെ പുരുഷന്മാർക്ക്, കടമകളൊക്കെ സ്ത്രീകൾക്ക് ഇതായിരുന്നു അവരുടെ ചിന്താഗതി. ഉദാഹരണത്തിന്, ഒരു ദിവസം അത്താഴം കഴിഞ്ഞു പാത്രങ്ങൾ കഴുകാനും മേശ വൃത്തിയാക്കാനും ഞാൻ ആന്റിയെ സഹായിക്കാൻ ആഗ്രഹിച്ചു. പക്ഷേ ഇളയച്ഛൻ എന്നെ സ്വവർഗസംഭോഗി എന്നു വിളിച്ച് അധിക്ഷേപിക്കുകയാണു ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ പാത്രം കഴുകൽ സ്ത്രീകൾക്കു മാത്രമുള്ള ജോലിയായിരുന്നു. ക്രമേണ, വികലമായ ഈ വീക്ഷണം എന്റെ ചിന്താഗതിയെയും സ്വാധീനിച്ചു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ പിതാവ് വീണ്ടും അമ്മയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഞാനും സഹോദരനും തടസ്സം പിടിക്കാൻ ചെന്നാൽ അക്രമം ഞങ്ങളുടെ നേർക്കാകും, പിന്നെ ജനലിലൂടെ പുറത്തു ചാടി രക്ഷപ്പെടുകയേ വഴിയുള്ളൂ. പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പെങ്ങളെയും പിതാവ് ഉപദ്രവിക്കുമായിരുന്നു. അവസ്ഥകൾ ഇങ്ങനെയൊക്കെ ആയിരുന്നതിനാൽ കഴിയുന്നത്ര സമയം ഞാൻ വീട്ടിൽനിന്ന് അകന്നുനിന്നു. ആ 15-ാം വയസ്സിൽ എനിക്കു ജീവിതത്തെ സംബന്ധിച്ച് ഒരു ലക്ഷ്യവും ഇല്ലായിരുന്നു.
കാലാന്തരത്തിൽ ഞാനും അക്രമസ്വഭാവമുള്ള ഒരു വ്യക്തിയായി മാറി. ആളുകളെ വിരട്ടുന്നതും ശല്യം ചെയ്യുന്നതുമൊക്കെ എനിക്കൊരു ഹരമായിരുന്നു. ചിലപ്പോഴൊക്കെ മറ്റു ചെറുപ്പക്കാരെ ഞാൻ മനപ്പൂർവം ശുണ്ഠിപിടിപ്പിക്കും. മിക്കപ്പോഴും കൈയിൽ കത്തിയും ചങ്ങലയും കൊണ്ടുനടന്നിരുന്നതിനാൽ എന്നോട് എതിർക്കാൻ മുതിരുന്നവർ ചുരുക്കമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, ഞാൻ വാഹനങ്ങൾ മോഷ്ടിച്ചു വിൽക്കാൻ തുടങ്ങി. ചിലപ്പോൾ ഞാൻ അവയ്ക്കു തീവെക്കും, എന്നിട്ട് അഗ്നിശമനസേന തീയണയ്ക്കുന്നതു നോക്കി രസിക്കും. കൂടാതെ, കടകളും സ്റ്റോറുകളും കുത്തിപ്പൊളിച്ചു മോഷണം നടത്തുന്നതും ഞാൻ ഒരു തൊഴിലാക്കി. പല തവണ ഞാൻ അറസ്റ്റിലായി. എന്നെ സഹായിക്കേണമേ എന്ന് ഓരോ തവണയും ഞാൻ ദൈവത്തോടു പ്രാർഥിച്ചു!
അതേ, എനിക്കു ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ ബെൽജിയത്തിൽ ആയിരുന്നപ്പോൾ ഞാൻ ഒരു കോൺവെന്റ് സ്കൂളിൽ പഠിക്കുകയുണ്ടായി. അതുകൊണ്ട്, ഞാൻ ചെയ്യുന്ന കാര്യങ്ങളൊക്കെ തെറ്റാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ദൈവവിശ്വാസം എന്റെ സ്വഭാവത്തിൽ യാതൊരു പ്രഭാവവും ചെലുത്തിയില്ല. തെറ്റു ചെയ്യുമ്പോഴൊക്കെ ക്ഷമയ്ക്കായി ദൈവത്തോടു യാചിക്കുക, അത്രയേ ചെയ്യേണ്ടതുള്ളൂ എന്നു ഞാൻ വിചാരിച്ചു.
മോഷണക്കുറ്റത്തിന്, 1984-ൽ എന്നെ 11 മാസത്തെ തടവിനു ശിക്ഷിച്ചു. മാർസേൽസിലുള്ള ബോമെറ്റ് ജയിലിലേക്കാണ്
എന്നെ അയച്ചത്. അവിടെവെച്ചു ഞാൻ എന്റെ ശരീരത്തിൽ പലയിടത്തും പച്ചകുത്തി. അതിലൊന്നിൽ ഇങ്ങനെ എഴുതിയിരുന്നു: “വിദ്വേഷവും പ്രതികാരവും.” ജയിൽവാസം എന്റെ സ്വഭാവത്തെ അൽപ്പം പോലും മെച്ചപ്പെടുത്തിയില്ല, പകരം അത് അധികാരത്തോടും സമൂഹത്തോടുമുള്ള എന്റെ വിദ്വേഷത്തിന്റെ ആഴം വർധിപ്പിക്കുകയാണു ചെയ്തത്. മൂന്നു മാസം കഴിഞ്ഞു ജയിൽ മോചിതനായപ്പോൾ, എന്റെ മനസ്സിൽ മുമ്പെന്നത്തേതിലും അധികം വിദ്വേഷം കുമിഞ്ഞുകൂടിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദുരന്തം എന്റെ ജീവിതത്തെ മാറ്റിമറിച്ചു.പ്രതികാരദാഹവുമായി
എന്റെ കുടുംബം മറ്റൊരു ജിപ്സി കുടുംബവുമായി വഴക്കിലായി. ഞാനും ഇളയച്ഛന്മാരും ചേർന്ന് അവരോട് ഏറ്റുമുട്ടാൻ ചെന്നു. ഇരുകുടുംബക്കാരുടെയും കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നു. വാക്കുതർക്കം മൂത്ത് അവർ എന്റെ പിതാവിന്റെ മൂത്തസഹോദരൻ പിയറിനെയും മറ്റൊരു ബന്ധുവിനെയും വെടിവെച്ചു കൊന്നു. കോപാക്രാന്തനായ ഞാൻ കൈയിൽ തോക്കുമായി തെരുവിൽ നിന്നുകൊണ്ട് അലറിവിളിച്ചു. ഒടുവിൽ ബന്ധുക്കളിൽ ഒരാൾ എന്റെ കയ്യിൽനിന്നു തോക്കു പിടിച്ചുവാങ്ങി എവിടെയോ ഒളിപ്പിച്ചു.
ഞാൻ പിതാവിനെപ്പോലെ സ്നേഹിച്ച പിയർ അങ്കിളിന്റെ മരണം എന്നെ തീരാദുഃഖത്തിലാഴ്ത്തി. ജിപ്സികളുടെ ആചാരമനുസരിച്ചു ഞാൻ കുറച്ചുനാൾ വിലാപം അനുഷ്ഠിച്ചു. കുറെ ദിവസത്തേക്കു ഷേവു ചെയ്യുകയോ മാംസാഹാരം കഴിക്കുകയോ ചെയ്തില്ല. ഞാൻ ടെലിവിഷൻ കണ്ടില്ല, സംഗീതം ശ്രവിച്ചില്ല. എന്റെ അങ്കിളിന്റെ മരണത്തിനു കാരണക്കാരായവരോടു പകരം ചോദിക്കുമെന്നു ഞാൻ പ്രതിജ്ഞയെടുത്തു. എന്നാൽ എന്റെ ബന്ധുക്കൾ ജാഗരൂകരായിരുന്നു. ഒരു കാരണവശാലും തോക്ക് എന്റെ കയ്യിൽ കിട്ടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
കാലം കടന്നുപോയി, 1984 ആഗസ്റ്റിൽ ഞാൻ സൈനിക സേവനത്തിനു ചേർന്നു. ഐക്യരാഷ്ട്രങ്ങളുടെ, ലബനോനിലെ സമാധാന സേനയിൽ ചേരുമ്പോൾ എനിക്ക് 20 വയസ്സായിരുന്നു. കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക, ഇതായിരുന്നു ഞാൻ ഏറ്റെടുത്ത വെല്ലുവിളി. ആ സമയത്തു ഞാൻ ഒരുപാടു ഹാഷിഷ് വലിക്കുമായിരുന്നു. ലഹരി മാത്രമല്ല, അപകടമൊന്നും സംഭവിക്കില്ല എന്ന ഒരു തോന്നലും അത് എനിക്കു നൽകി.
ലബനോനിൽ ആയുധങ്ങൾ കിട്ടാൻ എളുപ്പമായിരുന്നു. അതുകൊണ്ട് എന്റെ അങ്കിളിനെ കൊന്നവരോടുള്ള പ്രതികാര നടപടികളുമായി മുന്നോട്ടു പോകാൻ ഫ്രാൻസിലേക്ക് ആയുധങ്ങൾ അയയ്ക്കാൻ ഞാൻ തീരുമാനിച്ചു. തദ്ദേശവാസികളിൽനിന്ന് വെടിക്കോപ്പുകളോടൊപ്പം രണ്ടു കൈത്തോക്കുകളും ഞാൻ വാങ്ങി. തോക്കുകൾ അഴിച്ച് രണ്ടു റേഡിയോകളുടെ ഉള്ളിലാക്കി ഞാൻ അവ വീട്ടിലേക്ക് അയച്ചു.
എന്റെ സൈനികസേവനം അവസാനിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ഞാനും മറ്റു മൂന്നു സുഹൃത്തുക്കളും കൂടി ഔദ്യോഗിക അനുമതി ഇല്ലാതെ പുറത്തുപോയി. ബാരക്കുകളിൽ തിരിച്ചെത്തിയപ്പോൾ അവർ ഞങ്ങളെ തടവിലാക്കി. രോഷാകുലനായ ഞാൻ അവിടെവെച്ച് ഒരു കാവൽക്കാരനെ ആക്രമിച്ചു. വെറും ഒരു പെയോ—ഒരു ജിപ്സി അല്ലാത്തവൻ—എന്നെ തരംതാഴ്ത്തിയത് എനിക്കു സഹിച്ചില്ല. അടുത്തദിവസം ഞാൻ വീണ്ടും വഴക്കുണ്ടാക്കി. ഇത്തവണ ഒരു ഉദ്യോഗസ്ഥനോട് ആയിരുന്നു. എന്നെ ലിയൻസിലുള്ള മൊൻറ്റ്ലൂയെക്ക് ജയിലിലേക്ക് അയച്ചു. സൈനികസേവനത്തിന്റെ ശേഷിച്ച ഭാഗം ഞാൻ അവിടെയാണു ചെലവഴിച്ചത്.
തടവറയിൽ ഞാൻ സ്വാതന്ത്ര്യം കണ്ടെത്തുന്നു
മൊൻറ്റ്ലൂയെക്ക് ജയിലിലെ ആദ്യദിവസംതന്നെ, പ്രസന്നവദനനായ ഒരു ചെറുപ്പക്കാരൻ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തു. അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാൾ ആണെന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹവും അതേ വിശ്വാസമുള്ള മറ്റു ചിലരും ആയുധം എടുക്കാത്തതിന്റെ പേരിൽ മാത്രമാണു തടവിലായിരിക്കുന്നത് എന്നും കൂടി മനസ്സിലാക്കിയപ്പോൾ ഞാൻ ചിന്താക്കുഴപ്പത്തിലായി. കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു.
യഹോവയുടെ സാക്ഷികൾക്കു ദൈവത്തോട് യഥാർഥ സ്നേഹം ഉണ്ടെന്നു ഞാൻ കണ്ടെത്തി. അവരുടെ ഉയർന്ന ധാർമിക നിലവാരങ്ങൾ എന്നിൽ മതിപ്പുളവാക്കി. എന്നിരുന്നാലും, എനിക്ക് ഒട്ടനവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, മരിച്ചവർക്കു ജീവനുള്ളവരുമായി സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്താൻ കഴിയുമോ എന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. കാരണം പല ജിപ്സികളും അങ്ങനെ വിശ്വസിച്ചിരുന്നു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്ന പുസ്തകം ഉപയോഗിച്ചു ബൈബിൾ പഠിക്കാൻ എന്നെ സഹായിക്കാമെന്ന് ഷാൻ പൊൾ എന്ന ഒരു സാക്ഷി പറഞ്ഞു.
ഒറ്റ രാത്രികൊണ്ട് ആ പുസ്തകം ഞാൻ വായിച്ചു തീർത്തു. വായിച്ച കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. ഇപ്പോൾ ഈ തടവറയിൽ ഞാനിതാ യഥാർഥ സ്വാതന്ത്ര്യം കണ്ടെത്തിയിരിക്കുന്നു! അവസാനം ഞാൻ ജയിൽ വിമോചിതനായി. വീട്ടിലേക്കു പോകാനായി ട്രെയിനിൽ കയറുമ്പോൾ എന്റെ ബാഗു നിറയെ ബൈബിൾ പ്രസിദ്ധീകരണങ്ങളായിരുന്നു.
എന്റെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടാൻ ഞാൻ മാർട്ടിഗിലുള്ള രാജ്യഹാളിലേക്കു പോയി. എറിക് എന്നു പേരുള്ള മുഴുസമയ ശുശ്രൂഷകനായ യുവാവിന്റെ സഹായത്തോടെ ഞാൻ ബൈബിൾ പഠനം തുടർന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ പുകവലി നിറുത്തി. എന്നോടൊപ്പം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന മുൻ സുഹൃത്തുക്കളെ കാണുന്നതും നിറുത്തി. സദൃശവാക്യങ്ങൾ 27:11-ന് ചേർച്ചയിൽ പ്രവർത്തിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരുന്നു. അതിങ്ങനെ പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” സ്നേഹവാനായ ഒരു പിതാവിനെ ഞാൻ യഹോവയിൽ കണ്ടു. അതുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു.
മാറ്റം വരുത്തുന്നതിന്റെ വെല്ലുവിളി
ക്രിസ്തീയ തത്ത്വങ്ങൾ ബാധകമാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്, ഞാൻ വീണ്ടും മയക്കു മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങി. ഈ ദുശ്ശീലം ആഴ്ചകളോളം നീണ്ടുനിന്നു. പ്രതികാരചിന്ത ഉപേക്ഷിക്കുക എന്നതായിരുന്നു എനിക്ക് ഏറെ ദുഷ്കരമായിരുന്ന സംഗതി. എറിക് അറിയാതെ ഞാൻ എപ്പോഴും ഒരു തോക്കു കൊണ്ടുനടന്നിരുന്നു. എന്റെ അങ്കിളിനെ കൊന്നവരോട് എങ്ങനെ പകരം വീട്ടാം എന്നതായിരുന്നു അപ്പോഴും എന്റെ ചിന്ത. രാത്രി മുഴുവൻ ഞാൻ അവരെ അന്വേഷിച്ചു നടക്കുമായിരുന്നു.
ഞാൻ എറിക്കിനോട് ഈ സംഗതി സംസാരിച്ചു. എന്നാൽ ആയുധം കൈയിൽ വെക്കുന്ന, പ്രതികാരദാഹിയായ ഒരുവന് ദൈവവുമായി ഒരു നല്ല ബന്ധത്തിൽ വരാൻ സാധ്യമല്ല എന്ന് എറിക് വിശദീകരിച്ചുതന്നു. എനിക്കിപ്പോൾ ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. റോമർ 12:19-ലെ അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശത്തെ കുറിച്ചു ഞാൻ ആഴമായി ധ്യാനിച്ചു. അവിടെ പൗലൊസ് ഇങ്ങനെ എഴുതുന്നു: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ.” ഈ ബുദ്ധിയുപദേശവും തീക്ഷ്ണമായ പ്രാർഥനയും എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ എന്നെ സഹായിച്ചു. (സങ്കീർത്തനം 55:22) അവസാനം ഞാൻ ആയുധങ്ങൾ ഉപേക്ഷിക്കുകതന്നെ ചെയ്തു. ഒരു വർഷത്തെ ബൈബിൾ പഠനത്തിനുശേഷം, 1986 ഡിസംബർ 26-ന് എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
എന്റെ കുടുംബത്തിന്റെ പ്രതികരണം
ഞാൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കണ്ടപ്പോൾ എന്റെ മാതാപിതാക്കളും ബൈബിൾ പഠിക്കാൻ ആഗ്രഹിച്ചു. അവർ വീണ്ടും വിവാഹിതരായി. 1989-ൽ അമ്മ സ്നാപനമേറ്റു. കാലാന്തരത്തിൽ എന്റെ കുടുംബത്തിലെ നിരവധി പേർ ബൈബിൾ സന്ദേശത്തോടു പ്രതികരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു.
ഒരു മുഴുസമയ ശുശ്രൂഷകൻ ആകാനുള്ള എന്റെ ആഗ്രഹം 1988 ആഗസ്റ്റിൽ സഫലമായി. അപ്പോഴാണ് എന്റെ സഭയിലെതന്നെ ഒരു യുവസഹോദരിയായ കാറ്റ്യയുമായി ഞാൻ പ്രണയത്തിലാകുന്നത്. 1989 ജൂൺ 10-ന് ഞങ്ങൾ വിവാഹിതരായി. വിവാഹത്തിന്റെ ആദ്യവർഷം അത്ര സന്തോഷകരമായിരുന്നില്ല. കാരണം സ്ത്രീകളോടുള്ള മനോഭാവത്തിൽ ഞാൻ പിന്നെയും ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരുന്നു. 1 പത്രൊസ് 3:7-ൽ, ഭാര്യമാരെ ബഹുമാനിക്കാൻ ഭർത്താക്കന്മാർക്കു നൽകിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കാൻ എനിക്കു ബുദ്ധിമുട്ടു തോന്നി. എന്റെ അഹങ്കാരം ഇല്ലായ്മ ചെയ്യുന്നതിനും ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തുന്നതിനും ഉള്ള ശക്തിക്കായി ഞാൻ വീണ്ടും വീണ്ടും ദൈവത്തോടു പ്രാർഥിച്ചു. കാര്യങ്ങൾ ക്രമേണ മെച്ചപ്പെട്ടു.
അങ്കിളിന്റെ മരണം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും. അദ്ദേഹം കൊലചെയ്യപ്പെട്ടതിനെ കുറിച്ചുള്ള ഓർമങ്ങൾ എന്നെ വീർപ്പുമുട്ടിക്കാറുണ്ട്. ഞങ്ങൾക്കു കുടിപ്പകയുണ്ടായിരുന്ന കുടുംബത്തിലെ ആരെയെങ്കിലും അപ്രതീക്ഷിതമായി കണ്ടുമുട്ടുമോ എന്നുള്ള ഭീതി, സ്നാപനമേറ്റിട്ടും വർഷങ്ങളോളം എന്നെ പിന്തുടർന്നു. അവർ എന്നെ ആക്രമിച്ചാൽ ഞാൻ എന്തു ചെയ്യും? ഞാൻ എങ്ങനെ പ്രതികരിക്കും? എന്റെ പഴയ സ്വഭാവം തലപൊക്കുമോ?
അങ്ങനെയിരിക്കെ, ഒരു ദിവസം അടുത്തുള്ള ഒരു സഭയിൽ ഞാൻ പരസ്യപ്രസംഗം നടത്താൻ പോയി. അവിടെ വെച്ച്, എന്റെ അങ്കിളിനെ കൊന്നവരുടെ ബന്ധുവായ പെപ്പ എന്ന യുവതിയെ ഞാൻ കണ്ടു. അവളെ കണ്ടമാത്രയിൽ എന്നിൽ വീണ്ടും പ്രതികാരദാഹം ഉണർന്നുവെന്ന് ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. എന്റെ ക്രിസ്തീയ വ്യക്തിത്വം ശരിക്കും ശോധന ചെയ്യപ്പെട്ടു. പക്ഷേ ഞാൻ വികാരങ്ങളെ അടക്കി. പിന്നീട്, അവളുടെ സ്നാപന ദിവസം, യഹോവയെ സേവിക്കാനുള്ള അവളുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ഞാൻ അവളെ ആലിംഗനം ചെയ്തു. കഴിഞ്ഞതെല്ലാം മറന്ന് എന്റെ ആത്മീയ സഹോദരിയായി ഞാൻ അവളെ സ്വീകരിച്ചു.
വിദ്വേഷത്തിന്റെ ചങ്ങലയിൽനിന്നു മോചിതനാകാൻ സഹായിച്ചതിന് ഞാൻ ദിവസവും യഹോവയ്ക്കു നന്ദി പറയുന്നു. യഹോവയുടെ കരുണ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെ ആയിരുന്നേനെ? അവന്റെ സഹായത്താൽ ഞാൻ ഇന്ന് ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കുന്നു. എനിക്കിപ്പോൾ ഭാവിയെ കുറിച്ച് ഒരു പ്രത്യാശയുണ്ട്—വിദ്വേഷത്തിൽനിന്നും അക്രമത്തിൽനിന്നും വിമുക്തമായ ഒരു പുതിയ ലോകത്തെ കുറിച്ചുള്ള പ്രത്യാശ. “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.” ദൈവത്തിന്റെ ഈ വാഗ്ദാനം നിവൃത്തിയാകും എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.—മീഖാ 4:4. (g03 1/8)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[17-ാം പേജിലെ ചിത്രം]
1985-ൽ ലബനോനിലെ യുഎൻ സമാധാന സേനയോടൊപ്പം
[18-ാം പേജിലെ ചിത്രം]
കാറ്റ്യയോടും മക്കളായ റ്റിമിയോ, പിയർ എന്നിവരോടും ഒപ്പം