സ്വകാര്യതയുടെ സ്വകാര്യ ദുഃഖം
സ്വകാര്യതയുടെ സ്വകാര്യ ദുഃഖം
“ഒരു പരമ ദരിദ്രൻ തന്റെ കുടിലിന്റെ ഉള്ളിൽ രാജാവിന്റെ സർവ അധികാരത്തെയും ധിക്കരിച്ചേക്കാം.”—1759-1806 കാലയളവിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ വില്യം പിറ്റ്.
മറ്റാളുകളുടെ അനാവശ്യ നിരീക്ഷണങ്ങളിൽനിന്നും ഒഴിഞ്ഞ്, സ്വകാര്യത ആസ്വദിക്കുന്നതിനുള്ള ആഗ്രഹം ഏതൊരാൾക്കും ഉണ്ട്. അതിനായി ജീവിതത്തിലെ ചില കാര്യങ്ങൾക്കു ചുറ്റും മറകെട്ടാനുള്ള അവകാശം അയാൾക്കുണ്ട് എന്നാണ് പിറ്റിന്റെ വാക്കുകൾ അർഥമാക്കുന്നത്.
വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്ന് ഉള്ളവർ വ്യത്യസ്ത അർഥങ്ങളായിരിക്കും സ്വകാര്യതയ്ക്കു നൽകുന്നത്. ഉദാഹരണത്തിന്, പസിഫിക് ദ്വീപസമൂഹമായ സമോവയിൽ ഒട്ടുമിക്ക വീടുകൾക്കും ചുവരുകളില്ല. വീട്ടിൽ നടക്കുന്ന സകല സംഗതികളും വെളിയിൽ നിൽക്കുന്നവർക്കു കാണാമെന്നു ചുരുക്കം. എന്നാൽപ്പോലും ക്ഷണിക്കപ്പെടാതെ വീട്ടിനുള്ളിലേക്കു കയറുന്നത് മര്യാദകേടായിട്ടാണ് അവിടെയുള്ളവരും കരുതുന്നത്.
സദൃശവാക്യങ്ങൾ 25:17) ‘സ്വന്തകാര്യം നോക്കിനടക്കാൻ’ അപ്പൊസ്തലനായ പൗലൊസ് പ്രബോധിപ്പിച്ചു.—1 തെസ്സലൊനീക്യർ 4:12.
അൽപ്പമെങ്കിലും സ്വകാര്യത ആസ്വദിക്കാനുള്ള ഓരോ വ്യക്തിയുടെയും അവകാശം പണ്ടുമുതലേ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. വില്യം പിറ്റിന്റെ മേലുദ്ധരിച്ച വിഖ്യാതമായ പ്രസ്താവനയ്ക്ക് ആയിരക്കണക്കിനു വർഷം മുമ്പുതന്നെ, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യം ബൈബിൾ ചൂണ്ടിക്കാണിച്ചിരുന്നു. ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.” (സ്വകാര്യതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ദ യുനെസ്കോ കുരിയർ എന്ന മാസിക അതിനെ “പൗരാവകാശങ്ങളുടെ അടിത്തറ” എന്നു വിളിക്കുന്നു. അതുപോലെതന്നെ, ഒരു പ്രമുഖ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകൻ പറഞ്ഞത് ഇങ്ങനെയാണ്: “ഒരർഥത്തിൽ പറഞ്ഞാൽ എല്ലാ മനുഷ്യാവകാശങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു.”
എന്നിരുന്നാലും, ഇന്ന് കുറ്റകൃത്യങ്ങളും ആഗോള തീവ്രവാദവും പെരുകിവരുന്ന പശ്ചാത്തലത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സ്വകാര്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതെ നിവൃത്തിയില്ല എന്ന് ഗവണ്മെന്റുകളും നിയമപാലകരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണത്? കാരണം സ്വകാര്യതയ്ക്കുള്ള അവകാശത്തെ സമൂഹത്തിലെ കുറ്റവാളി വൃന്ദങ്ങൾ ദുഷ്ടതയ്ക്കു മറയാക്കിയിരിക്കുന്നു. അതുകൊണ്ട് തങ്ങളുടെ പൗരന്മാരുടെ സ്വകാര്യത ഭഞ്ജിക്കാതെ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നുള്ളത് ഗവണ്മെന്റുകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.
സ്വകാര്യതയും സുരക്ഷിതത്വവും —വടംവലി മുറുകുന്നു
ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2001 സെപ്റ്റംബർ 11-ന് അരങ്ങേറിയ ഭീകരാക്രമണം വ്യക്തി-സ്വകാര്യതയുടെ ചില വശങ്ങളിൽ കൈകടത്താൻ ഗവണ്മെന്റുകൾക്ക് അവകാശമില്ലേ എന്നു ചിന്തിക്കാൻ അനേകമാളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. “സെപ്റ്റംബർ 11 കാര്യങ്ങളെ കീഴ്മേൽ മറിച്ചിരിക്കുന്നു” എന്ന് ഒരു മുൻ യു.എസ്. ഫെഡറൽ ട്രേഡ് കമ്മീഷണർ ബിസിനസ്വീക്ക് മാസികയോടു പറയുകയുണ്ടായി. “സ്വകാര്യത സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ തീവ്രവാദികൾ സ്വൈരവിഹാരം നടത്തുന്നു. സ്വകാര്യതയുടെമേൽ അൽപ്പം കൈകടത്തൽ വേണ്ടിവരുമെങ്കിൽപ്പോലും ഇത്തരക്കാരെ മറനീക്കി പുറത്തുകൊണ്ടുവരുന്നതിൽ ഭൂരിഭാഗം ജനങ്ങളും പിന്തുണ നൽകുമെന്നു തന്നെയാണ് എന്റെ വിശ്വാസം,” അദ്ദേഹം കൂട്ടിച്ചേർത്തു. മാസിക ഇങ്ങനെ തുടർന്നു: “സെപ്റ്റംബർ 11-നു ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്ന പ്രകാരം, മുഖച്ഛായ തിരിച്ചറിയുന്ന സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനെ 86 ശതമാനം അമേരിക്കക്കാരും അനുകൂലിക്കുന്നു; 81 ശതമാനം പേർ ബാങ്ക്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ സൂക്ഷ്മ നിരീക്ഷണം ശുപാർശ ചെയ്യുന്നു; 68 ശതമാനം ഒരു ദേശീയ തിരിച്ചറിയൽ കാർഡിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നു.”
ഉടമസ്ഥന്റെ വിരലടയാളവും നേത്രപടലത്തിന്റെ സ്കാൻ ചെയ്ത ചിത്രവും സൂക്ഷിക്കുന്ന തിരിച്ചറിയൽ കാർഡുകളാണ് പാശ്ചാത്യ നാടുകളിലെ ചില ഭരണകൂടങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത്. കൂടാതെ അയാൾ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച മുഴുരേഖയും അതുപോലെ സാമ്പത്തിക കാര്യങ്ങളുടെ പൂർണവിവരവും ഈ കാർഡ് ഉപയോഗിച്ചു കണ്ടെത്താൻ കഴിയും. തിരിച്ചറിയൽ കാർഡിലുള്ള കാര്യങ്ങൾ വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും മുഖച്ഛായ തിരിച്ചറിയുന്ന നിരീക്ഷണ ക്യാമറകളിലെ പ്രതിരൂപവുമായി ഒത്തുനോക്കുന്നതിനും സാങ്കേതികവിദ്യ മുഖാന്തരം സാധ്യമാണ്. അങ്ങനെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ വാങ്ങാനെത്തുന്ന കുറ്റവാളികളെ കയ്യോടെ പിടികൂടാൻ കഴിയും.
ബോംബുകൾ, തോക്കുകൾ, കത്തികൾ തുടങ്ങിയ മാരകായുധങ്ങൾ വസ്ത്രത്തിനടിയിലോ വീട്ടിലെ ചുമരിനു പിന്നിലോ ഒളിപ്പിക്കാൻ ശ്രമിച്ചാലും ഇന്ന് അവ നിഷ്പ്രയാസം കണ്ടെത്താൻ കഴിയും. നിങ്ങളുടെ വസ്ത്രത്തിനുള്ളിലുള്ള എന്തിന്റെയും ചിത്രങ്ങൾ നൽകാൻ കഴിയുന്ന തരം ഉപകരണങ്ങളാണ് ചില സുരക്ഷാ ഏജൻസികളുടെ കൈയിലുള്ളത്. അടുത്ത മുറിയിൽ കൂടി നടക്കുന്ന അല്ലെങ്കിൽ അവിടെ ശ്വാസമുതിർക്കുന്ന ഓരോരുത്തരും ആരെന്നുപോലും കൃത്യമായി തിരിച്ചറിയാൻ അത്യാധുനിക റഡാർ സംവിധാനങ്ങൾ പോലീസിനെ സഹായിക്കുന്നു. ഇത്രയൊക്കെയാണെങ്കിലും നിരീക്ഷണ സംവിധാനങ്ങളുടെ എണ്ണത്തിലെ ഈ കുതിച്ചുകയറ്റം വാസ്തവത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കു കുറച്ചിട്ടുണ്ടോ?
ക്യാമറകൾ കള്ളന്മാരെ പിന്തിരിപ്പിക്കുന്നുണ്ടോ?
ഓസ്ട്രേലിയയിലെ ഒരു ഒറ്റപ്പെട്ട പട്ടണമായ ബെർക്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുതിച്ചുയർന്നപ്പോൾ നാല് ക്ലോസ്ഡ് സർക്കിട്ട് ടെലിവിഷൻ ക്യാമറകൾ സ്ഥാപിക്കുകയുണ്ടായി. തത്ഫലമായി കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ താണു. എന്നാൽ ലോകവ്യാപകമായുള്ള സ്ഥിതി അതല്ല. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ 1994-ൽ 32 ക്ലോസ്ഡ് സർക്കിട്ട് ടെലിവിഷൻ ക്യാമറകൾ സ്ഥാപിച്ചു. തുടർന്നു വന്ന വർഷം ചില പ്രത്യേകതരം കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി സ്കോട്ടിഷ് ഓഫീസ് സെൻട്രൽ റിസർച്ച്
യൂണിറ്റിന്റെ ഒരു പഠനം കണ്ടെത്തി. എന്നിരുന്നാലും റിപ്പോർട്ട് ഇങ്ങനെ തുടർന്നു: “വേശ്യാവൃത്തിയും അസാന്മാർഗിക പ്രവർത്തനങ്ങളും ഉൾപ്പെട്ട ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ 120 എണ്ണവും തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ടവ 2,185-ഉം മയക്കുമരുന്നിനോടു ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങൾ 464 എണ്ണവും വർധിച്ചു.”നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം ഒരു പ്രദേശത്തെ കുറ്റകൃത്യങ്ങൾ കുറച്ചേക്കാമെങ്കിലും മൊത്തത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ അതു വലിയ മാറ്റമൊന്നും വരുത്തുമെന്നു തോന്നുന്നില്ല. “അടവുമാറ്റം” എന്നു പോലീസും കുറ്റാന്വേഷകരും വിളിക്കുന്ന ഒരു പ്രതിഭാസത്തെപ്പറ്റി ദ സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. പത്രം ഇങ്ങനെ പ്രസ്താവിച്ചു: “ക്യാമറയും പോലീസ് പട്രോളിങ്ങും നിമിത്തം നിൽക്കക്കള്ളിയില്ലാതാകുമ്പോൾ, അവർ പുതിയ മേച്ചിൽപ്പുറം തേടി മറ്റൊരു സ്ഥലത്തേക്കു നീങ്ങുകയായി.” ബൈബിൾ ദീർഘനാളുകൾ മുമ്പേ പ്രസ്താവിച്ച ഒരു സംഗതി ഇപ്പോൾ നിങ്ങളുടെ ഓർമയിലേക്കു വന്നേക്കാം: “തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതുമില്ല.”—യോഹന്നാൻ 3:20.
റഡാർ, എക്സ്-റേ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ എത്രതന്നെ അത്യാധുനികമായിരുന്നാലും അവയ്ക്കൊന്നും വ്യക്തികളുടെ
മനസ്സിലും ഹൃദയത്തിലും ഉള്ള കാര്യങ്ങൾ ഒപ്പിയെടുക്കാൻ സാധ്യമല്ല എന്നുള്ളതാണ് നിയമപാലകർ നേരിടുന്ന വെല്ലുവിളി. വാസ്തവത്തിൽ കുറ്റകൃത്യങ്ങളും വിദ്വേഷവും അക്രമങ്ങളും കുറയ്ക്കാനുള്ള യഥാർഥ പോരാട്ടം നടക്കേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്.എന്നിരുന്നാലും, ഇന്നുവരെ മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏതൊരു സാങ്കേതികവിദ്യയെക്കാളും അതിവിശാലമായ നിരീക്ഷണ പരിധിയുള്ള ഒരു സവിശേഷതരം നിരീക്ഷണം ഇപ്പോൾത്തന്നെ നിലവിലുണ്ട്. അത് എന്താണെന്നും അതിനു മനുഷ്യന്റെ സ്വഭാവത്തിന്മേൽ എന്തു പ്രഭാവം ചെലുത്താനാകും എന്നും അടുത്ത ലേഖനം ചർച്ച ചെയ്യുന്നതായിരിക്കും. (g03 1/22)
[6-ാം പേജിലെ ആകർഷക വാക്യം]
“സ്വകാര്യത സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ തീവ്രവാദികൾ സ്വൈരവിഹാരം നടത്തുന്നു”
[7-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളുടെ വൈദ്യപരിശോധനാ രേഖകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കപ്പെടുന്നുണ്ടോ?
തങ്ങളുടെ വൈദ്യപരിശോധനാ രേഖകളുടെ—ഡോക്ടർമാർക്കും ആശുപത്രികൾക്കും വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ—സ്വകാര്യ സ്വഭാവം കർശനമായും കാത്തുസൂക്ഷിക്കപ്പെടും എന്നാണു പലരുടെയും ധാരണ. എന്നാൽ, “വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നു നിങ്ങൾ കരുതുന്നെങ്കിൽ അതു വെറുതെയാണ്” എന്ന് സ്വകാര്യതയുടെ സംരക്ഷണത്തെ മുൻനിറുത്തി രൂപംനൽകപ്പെട്ട പ്രൈവസി റൈറ്റ്സ് ക്ലിയറിങ്ഹൗസ് എന്ന സംഘടന മുന്നറിയിപ്പു തരുന്നു. ഡേറ്റാബേസ് നേഷൻ—21-ാം നൂറ്റാണ്ടിൽ സ്വകാര്യതയുടെ അന്ത്യം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ സിംസൺ ഗാർഫിങ്കൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “വൈദ്യപരിശോധനാ രേഖകൾ ഇന്ന് മുമ്പെന്നത്തെക്കാളുമധികം ഉപയോഗിക്കപ്പെടുന്നു. ആർക്കു തൊഴിൽ നൽകണമെന്നും ഇൻഷ്വറൻസ് അനുവദിക്കണമെന്നും നിശ്ചയിക്കുന്നതിന് തൊഴിലധികൃതരും ഇൻഷ്വറൻസ് കമ്പനികളും അവ പരിശോധിക്കുന്നു. പണപ്പിരിവു നടത്താൻ ആശുപത്രികളും മതസംഘടനകളും അതൊരു തുറുപ്പുചീട്ടായി ഉപയോഗിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങൾക്കു സാധ്യതയുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് വ്യാപാരികളും രോഗികളുടെ വൈദ്യപരിശോധനാ രേഖകളെ ആശ്രയിക്കുന്നു.”
ഗാർഫിങ്കൽ ഇങ്ങനെ തുടരുന്നു: “ഒരു രോഗി ആശുപത്രിയിൽ ഒരു സാധാരണ സന്ദർശനം നടത്തുമ്പോൾത്തന്നെ, 50 മുതൽ 75 വരെ ആളുകൾക്ക് അയാളുടെ രേഖകൾ കൈകാര്യം ചെയ്യേണ്ടതായി വരുന്നു എന്ന സംഗതി രേഖകളുടെ രഹസ്യ സ്വഭാവം നിലനിറുത്തുന്നതിനു വിലങ്ങുതടിയാണ്.” ചില സ്ഥലങ്ങളിൽ, രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ തങ്ങളുടെ അവകാശങ്ങൾ അടിയറവെക്കുന്ന തരത്തിലുള്ള ചില രേഖകളോ പൊതുവായ സമ്മതപത്രങ്ങളോ അത്ര ശ്രദ്ധിക്കാതെ ഒപ്പിട്ടു നൽകിയേക്കാം. ഇത്തരം ഫാറങ്ങളിൽ ഒപ്പിട്ടുകൊടുക്കുമ്പോൾ “നിങ്ങളുടെ വൈദ്യ പരിശോധന സംബന്ധിച്ച വിവരങ്ങൾ ഇൻഷ്വറൻസ് കമ്പനികൾക്കും സർക്കാർ ഏജൻസികൾക്കും മറ്റുള്ളവർക്കും കൈമാറാൻ ആരോഗ്യ പ്രവർത്തകരെ അല്ലെങ്കിൽ ആശുപത്രികളെ നിങ്ങൾ അനുവദിക്കുകയാണ്” എന്ന് പ്രൈവസി റൈറ്റ്സ് ക്ലിയറിങ്ഹൗസ് പ്രസ്താവിക്കുന്നു.
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സ്വകാര്യതയും കച്ചവട താത്പര്യങ്ങളും ഏറ്റുമുട്ടുമ്പോൾ
ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ വിശേഷാൽ നിരീക്ഷണങ്ങൾക്കു വിധേയരാണ്, അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും. പ്രൈവസി റൈറ്റ്സ് ക്ലിയറിങ്ഹൗസ് ഇപ്രകാരം പ്രസ്താവിക്കുന്നു: “സ്വകാര്യത പൂർണമായി ഉറപ്പുനൽകുന്ന യാതൊരുവിധ ഓൺലൈൻ പ്രവർത്തനങ്ങളും സേവനങ്ങളും ഇല്ല എന്നതാണു വാസ്തവം. . . . ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ ‘സൈറ്റു’കളിൽ നിന്ന് വിവരങ്ങളോ രേഖകളോ സ്വീകരിച്ചേക്കാം, അതല്ലെങ്കിൽ വെറുതെ ബ്രൗസ് ചെയ്ത് വായിച്ചെന്നു വരാം. പലരും കരുതുന്നത് ഇത്തരം പ്രവർത്തനങ്ങൾ മറ്റാരും അറിയുകയേ ഇല്ല എന്നാണ്. എന്നാൽ ആ ധാരണ തെറ്റാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാൾ ഏതെല്ലാം ന്യൂസ് ഗ്രൂപ്പുകൾ അല്ലെങ്കിൽ ഫയലുകൾ തുറന്നു പരിശോധിച്ചു എന്നും ഏതെല്ലാം സൈറ്റുകൾ സന്ദർശിച്ചു എന്നും ഉള്ള വിവരങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക ഓൺ ലൈൻ പ്രവർത്തനങ്ങളുടെയും രേഖകൾ സൂക്ഷിക്കുക സാധ്യമാണ്. . . . ഒരാൾ ഏതുതരം സൈറ്റുകളാണു സന്ദർശിക്കുന്നത് . . . എന്നുള്ളതിന്റെ രേഖ പണം പിടുങ്ങുന്നതിനുള്ള സുവർണാവസരങ്ങൾ കച്ചവടക്കാർക്കു പ്രദാനം ചെയ്തേക്കാം. . . . ഒരേ അഭിരുചികളും സ്വഭാവങ്ങളും ഉള്ള ആളുകളുടെ പട്ടിക തയ്യാറാക്കി ഇടനിലക്കാരുടെ സഹായം കൂടാതെ അവരെ തങ്ങളുടെ കച്ചവട ലക്ഷ്യങ്ങളാക്കാൻ അതു കച്ചവടക്കാരെ സഹായിക്കുന്നു.”
ഇടനിലക്കാരില്ലാതെ തപാൽ മുഖേനയും മറ്റും നേരിട്ടു കച്ചവടം നടത്തുന്ന ‘ഡയറക്ട് മാർക്കറ്റിങ്’ പ്രസ്ഥാനങ്ങളുടെ കൈയിൽ നിങ്ങളുടെ വിലാസം ചെന്നെത്താൻ വേറെ എന്തെങ്കിലും സാധ്യതയുണ്ടോ? പിൻവരുന്ന കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുമ്പോൾ നിങ്ങളുടെ പേരും കയറിക്കൂടിയേക്കാം:
◼ ഉത്പന്നങ്ങളുടെ വാറന്റി കാർഡോ രജിസ്ട്രേഷൻ കാർഡോ പൂരിപ്പിച്ചു നൽകുമ്പോൾ.
◼ ക്ലബ്ബുകൾ, സംഘടനകൾ, ധർമസ്ഥാപനങ്ങൾ എന്നിവയിൽ അംഗമാവുകയോ അവയ്ക്കു സംഭാവന നൽകുകയോ ചെയ്യുമ്പോൾ.
◼ മാസികകൾ, പുസ്തക ക്ലബ്ബുകൾ, മ്യൂസിക് ക്ലബ്ബുകൾ എന്നിവയുടെ വരിക്കാരാകുമ്പോൾ.
◼ ഫോൺ ബുക്കിൽ നിങ്ങളുടെ പേരും വിലാസവും പട്ടികപ്പെടുത്തുമ്പോൾ.
◼ നറുക്കെടുപ്പു മത്സരങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ.
കൂടാതെ, പലചരക്കു കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാൻ നിങ്ങൾ ഒരു ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ അതുമല്ലെങ്കിൽ ഒരു ചെക്ക്-കാഷിങ് കാർഡോ ഉപയോഗിക്കുന്നു എന്നു കരുതുക. നിങ്ങളുടെ പേരും വിലാസവും പ്രൈസ് സ്കാനറിലൂടെ കടന്നുപോകുമ്പോൾ വാങ്ങിച്ച സാധനങ്ങളുടെ പട്ടികയോടൊപ്പം കമ്പനി അതും കൂടി രേഖപ്പെടുത്തിയേക്കാം. അങ്ങനെ അവർ നിങ്ങൾ വാങ്ങാൻ പ്രിയപ്പെടുന്ന സാധനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളുടെ ഒരു വിശദമായ ‘ഡേറ്റാബേസ്’ തന്നെ രൂപപ്പെടുത്തുകയും കച്ചവട ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തേക്കാം. a
[അടിക്കുറിപ്പ്]
a പ്രൈവസി വാച്ച് ക്ലിയറിങ്ഹൗസ് വെബ് സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ.
[6, 7 പേജുകളിലെ ചിത്രങ്ങൾ]
നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം കുറ്റകൃത്യ നിരക്കു കുറച്ചിട്ടുണ്ടോ?