സ്വകാര്യത സംബന്ധിച്ച സമനിലയുള്ള വീക്ഷണം
സ്വകാര്യത സംബന്ധിച്ച സമനിലയുള്ള വീക്ഷണം
“യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.”—സദൃശവാക്യങ്ങൾ 15:3.
നമ്മുടെ ഓരോ ചലനവും മറ്റൊരു മനുഷ്യൻ നിരീക്ഷിക്കുന്നുണ്ടെന്നു വിചാരിക്കുക. അയാൾക്കു നമ്മുടെ രഹസ്യ വിചാരങ്ങളെയും ഉള്ളിന്റെ ഉള്ളിലെ മോഹങ്ങളെയും പോലും വായിച്ചെടുക്കാൻ കഴിയുമെന്നും കരുതുക. അങ്ങനെയൊരു സ്ഥിതിവിശേഷത്തിൽ ആരുംതന്നെ സന്തുഷ്ടരായിരിക്കുമെന്നു തോന്നുന്നില്ല. എന്നിരുന്നാലും, ദൈവത്തിനു സാധ്യമാണെന്നു ബൈബിൾ പറയുന്നത് ഇതുതന്നെയാണ്. എബ്രായർ 4:13-ൽ ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.” ഇത് നമ്മുടെ സ്വകാര്യതയുടെ മേലുള്ള ഒരു കടന്നുകയറ്റമല്ലേ? ഒരിക്കലുമല്ല. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്?
ഒരു ദൃഷ്ടാന്തം പറയാം. നമ്മൾ കടലിൽ നീന്തുകയാണ് എന്നിരിക്കട്ടെ. ജാഗ്രതയോടെ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കാൻ ബീച്ചിൽ ലൈഫ്ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. അതിനെ സ്വകാര്യതയുടെ മേലുള്ള ഒരു കടന്നുകയറ്റമായി നിങ്ങൾ വീക്ഷിക്കുകയില്ല. വാസ്തവത്തിൽ, അവർ അവിടെ ഉള്ളത് നിങ്ങൾക്കു സുരക്ഷിതത്വബോധം പ്രദാനം ചെയ്യുകയേ ഉള്ളൂ. നിങ്ങൾ അപകടത്തിൽ പെടുകയാണെങ്കിൽ ഉടനടി അവർ നിങ്ങളുടെ രക്ഷയ്ക്കായി കുതിച്ചെത്തുമെന്നു നിങ്ങൾക്കറിയാം. അതുപോലെതന്നെയാണ് ഒരു അമ്മയുടെ കാര്യവും. തന്റെ കുഞ്ഞിന്റെ മേൽ എല്ലായ്പോഴും അവൾക്കൊരു കണ്ണുണ്ടായിരിക്കും. അല്ലാത്തപക്ഷം ശ്രദ്ധയും കരുതലും ഇല്ലാത്ത ഒരു മാതാവായിട്ടാവും മറ്റുള്ളവർ അവളെ കരുതുക.
സമാനമായി, യഹോവയാം ദൈവം നമ്മുടെ വിചാരങ്ങളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്നത് അവൻ കരുതലുള്ള ഒരു ദൈവം ആയതുകൊണ്ടാണ്. ബൈബിളിലെ ഒരു പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയില്ലെലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) എന്നാൽ നമ്മുടെ സ്വകാര്യമായ നിനവുകളെയും നടപടികളെയും വാസ്തവത്തിൽ യഹോവ എത്രത്തോളം കാണുന്നുണ്ട്? ദൈവപുത്രനായ യേശു ഉൾപ്പെടുന്ന ചില സംഭവങ്ങൾ ഇതു സംബന്ധിച്ചു വെളിച്ചം വീശുന്നവയാണ്.
ഹൃദയങ്ങളെയും മനസ്സുകളെയും വായിക്കുന്നതിനുള്ള പ്രാപ്തി
ഒരിക്കൽ യേശു ഒരു പരീശന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പാപിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ കടന്നുവന്ന് അവന്റെ കാൽക്കൽ ഇരുന്നു. അവൾ കരയാനും അവന്റെ പാദങ്ങളിൽ വീണ കണ്ണുനീർ തലമുടികൊണ്ട് തുടയ്ക്കാനും തുടങ്ങി. വിവരണം തുടർന്ന് ഇങ്ങനെ പറയുന്നു: “അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു . . . എന്നു ഉള്ളിൽ പറഞ്ഞു.” യേശുവിന്റെ തുടർന്നുള്ള സംസാരത്തിൽ നിന്നും അവൻ ആ സ്ത്രീയുടെ സാഹചര്യത്തെ കുറിച്ചു മാത്രമല്ല പരീശൻ തന്റെ “ഉള്ളിൽ പറഞ്ഞ”തും കൂടി മനസ്സിലാക്കി എന്നു വ്യക്തമാകുന്നു.—ലൂക്കൊസ് 7:36-50.
മറ്റൊരു സന്ദർഭത്തിൽ യേശുവിന് താൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതിനെ എതിർത്തിരുന്ന ഒരു കൂട്ടം ആളുകളെ അഭിമുഖീകരിക്കേണ്ടിവന്നു. മത്തായി 9:4-ലെ വിവരണം ഇങ്ങനെ പറയുന്നു: “യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? . . . എന്നു ചോദിച്ചു.” മറ്റുള്ളവരുടെ ചിന്തകൾ മനസ്സിലാക്കാനുള്ള യേശുവിന്റെ കഴിവ് സമർഥമായ അനുമാനത്തെക്കാൾ കവിഞ്ഞ ഒന്നായിരുന്നു.
കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നുണ്ടെന്നു ലാസറിന്റെ പുനരുത്ഥാനത്തെ സംബന്ധിച്ചുള്ള വിവരണം വിശകലനം ചെയ്താൽ കാണാൻ കഴിയും. യേശുവിന്റെ ഒരു അടുത്ത സുഹൃത്തായിരുന്ന ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. അവന്റെ ചിന്തകൾ നശിച്ചിരുന്നു, ശരീരം അഴുകിത്തുടങ്ങുകയും ചെയ്തിരുന്നു. (സങ്കീർത്തനം 146:3, 4) ലാസറിന്റെ കല്ലറയ്ക്കലെ കല്ല് നീക്കാൻ യേശു നിർദേശിച്ചപ്പോൾ അവന്റെ സഹോദരി മാർത്ത, “കർത്താവേ, നാററം വെച്ചുതുടങ്ങി” എന്നു പറഞ്ഞുകൊണ്ട് അവനെ തടഞ്ഞു. എന്നാൽ ദൈവത്തിന്റെ ശക്തിയുടെ സഹായത്താൽ യേശു ലാസറിനെ ഉയിർപ്പിച്ചു; മുമ്പു ജീവിച്ചിരുന്ന അതേ ലാസറിനെത്തന്നെ ഉയിർപ്പിക്കത്തക്കവിധം അവന്റെ ഏറ്റവും സ്വകാര്യമായ ഓർമകൾ പോലും അവനു തിരികെ നൽകിക്കൊണ്ടുതന്നെ.—യോഹന്നാൻ 11:38-44; 12:1, 2.
നമ്മുടെ ഉള്ളിന്റെയുള്ളിലെ ചിന്തനങ്ങൾ പോലും വിവേചിക്കാനുള്ള യഹോവയുടെ പ്രാപ്തി സംബന്ധിച്ച് ഉറപ്പുനൽകുന്നതാണ് പ്രാർഥനയെ കുറിച്ചുള്ള യേശുവിന്റെ പ്രസ്താവന. ശിഷ്യന്മാരെ മാതൃകാ പ്രാർഥന പഠിപ്പിക്കും മുമ്പ് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.” കൂടാതെ അവൻ ഇങ്ങനെയും പറഞ്ഞു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.”—മത്തായി 6:6, 8.
ദൈവം നമ്മെ നിരീക്ഷിക്കുന്നു എന്ന് അറിയുന്നതിന്റെ പ്രയോജനങ്ങൾ
യഹോവ സർവ ഹൃദയങ്ങളെയും പരിശോധിക്കയും “വിചാരങ്ങളും നിരൂപണങ്ങളും എല്ലാം” ഗ്രഹിക്കയും ചെയ്യുന്നു എന്ന് അറിയുന്നത് നമ്മുടെ പ്രവർത്തനങ്ങൾക്കു കൂച്ചുവിലങ്ങിടുകയും നമുക്കുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? (1 ദിനവൃത്താന്തം 28:9) ഒരിക്കലുമില്ല. മറിച്ച്, നമുക്കു യാതൊന്നും യഹോവയിൽനിന്നു മറച്ചുവെക്കാൻ സാധിക്കില്ല എന്ന അറിവ് ശരി ചെയ്യുന്നതിനുള്ള ഒരു ശക്തമായ പ്രേരകഘടകമായി വർത്തിക്കും.
നിരീക്ഷണ ക്യാമറകളെ പേടിച്ചിട്ടല്ല താൻ സത്യസന്ധയായിരിക്കുന്നത് എന്ന് ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച എലിസബെത്ത് പറയുന്നു. മറിച്ച്, “യഹോവ എന്റെ നടപ്പു നിരീക്ഷിക്കുന്നു എന്ന അറിവ് എന്റെ എല്ലാ ഇടപാടുകളിലും, തൊഴിൽ സ്ഥലത്തല്ലാത്തപ്പോൾ പോലും സത്യസന്ധത പാലിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു” എന്നാണ് അവൾ പറയുന്നത്.
ഏതാണ്ട് അതേ അഭിപ്രായമാണ് ജിമ്മിന്റെയും. അദ്ദേഹം ജോലി ചെയ്യുന്ന ഫാക്ടറിയിൽ തൊഴിലാളികൾ മോഷണം നടത്തുന്നതു പതിവാണ്. എന്നിരുന്നാലും തന്റെ തൊഴിലുടമയെ വഞ്ചിക്കാൻ ജിം തയ്യാറല്ല. അദ്ദേഹം ഇങ്ങനെ പറയുന്നു: “കമ്പനിയിൽ നിന്ന് എന്തെങ്കിലും ഒളിച്ചു കടത്തുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ ദൈവവുമായുള്ള എന്റെ ബന്ധമാണ് എനിക്കു പ്രധാനം. ഞാൻ ചെയ്യുന്നതെല്ലാം അവൻ കാണുന്നുണ്ടെന്ന് എനിക്കറിയാം.”
ദൈവം നമ്മുടെ സകല പ്രവർത്തനങ്ങളും മനസ്സിലാക്കുന്നു എന്ന അറിവും ഒപ്പം അവനുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ ആഗ്രഹവും, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായിക്കും. ദൃഷ്ടാന്തത്തിന്, ഡെഗ് എന്ന യുവാവിന്റെ കാര്യമെടുക്കാം. ഒരു ക്രിസ്തീയ ഭവനത്തിലാണ് അവൻ വളർന്നുവന്നത്. എന്നിട്ടും ദൈവത്തിന് തന്റെ ചെയ്തികൾ കാണാനാകും എന്ന വസ്തുതയെ അവൻ ഗൗരവമായി എടുത്തില്ല. തത്ഫലമായി അവൻ ഒരു ഇരട്ട ജീവിതമാണ് നയിച്ചത്. കുടുംബത്തോടൊപ്പം അവൻ ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരായിക്കൊണ്ടിരുന്നു. എന്നാൽ അപ്പോഴും പുറത്തുപോയി തന്റെ കൂട്ടുകാരുമൊത്ത് അവൻ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. മോട്ടോർസൈക്കിൾ സവാരി അവനു ഹരമായിരുന്നു. അങ്ങനെ അവൻ കുപ്രസിദ്ധമായ ഒരു മോട്ടോർസൈക്കിൾ സംഘത്തിൽ ചെന്നുപെട്ടു. അംഗീകാരം പിടിച്ചുപറ്റാനുള്ള ശ്രമത്തിൽ ഡെഗ് ഗൗരവമുള്ള പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടു.
എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം ഡെഗ് വീണ്ടും ബൈബിൾ പഠിക്കാൻ ആരംഭിച്ചു. ആളുകളുടെ ചെയ്തികൾ കാണുന്ന, അവയിൽ സന്തോഷവും സന്താപവും തോന്നുന്ന ഒരു യഥാർഥ വ്യക്തിയാണ് യഹോവയാം ദൈവം എന്ന് അവൻ മനസ്സിലാക്കാൻ തുടങ്ങി. ദൈവത്തിന്റെ ഉന്നത ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ഒരു യെശയ്യാവു 41:13-ന്റെ സത്യത അന്നു ഞാൻ അനുഭവിച്ചറിഞ്ഞു: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” ജീവിതത്തിൽ പരിവർത്തനം വരുത്തുന്നതിന് ആവശ്യമായ ബലം യഹോവ തനിക്കു നൽകിയെന്ന് ഡെഗ് മനസ്സിലാക്കുന്നു.
പുതിയ ജീവിതം തുടങ്ങാൻ അവൻ പ്രേരിതനായി. കൂട്ടം വിടുന്ന ആരെയും തല്ലിച്ചതയ്ക്കുക എന്നതായിരുന്നു അവൻ ഉൾപ്പെട്ട സംഘത്തിന്റെ രീതി. എന്നിരുന്നാലും സംഘത്തിന്റെ ഒരു യോഗത്തിൽ വെച്ച് താൻ വിരമിക്കുകയാണെന്ന് എല്ലാവരും കേൾക്കെ ഡെഗ് അറിയിച്ചു. അവൻ പറയുന്നു: “അതു പറയാനായി എഴുന്നേറ്റപ്പോൾ എന്റെ ഹൃദയം പടപടാ മിടിക്കുകയായിരുന്നു. സിംഹക്കുഴിയിലെ ദാനീയേലിനെപ്പോലെയാണ് എനിക്കു തോന്നിയത്. എന്നാൽ നിശ്ശബ്ദമായി യഹോവയോടു പ്രാർഥിച്ചിട്ട് എന്തുകൊണ്ടാണ് സംഘം വിടുന്നത് എന്ന് ഞാൻ വളരെ ശാന്തമായി അവരോടു വിശദീകരിച്ചു. ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ഒരാളൊഴികെ സംഘത്തിലെ മറ്റെല്ലാവരും വന്ന് എനിക്കു കൈതരുകയും നല്ലതുവരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.ന്യായമായ ഒരു വീക്ഷണം
നമുക്കു ദൈവത്തിൽനിന്നു കാര്യങ്ങൾ മറച്ചു വെക്കാൻ കഴിയും എന്നു ചിന്തിക്കുന്നതു ഭോഷത്തമാണ്. വളരെ തുറന്ന ഭാഷയിൽ ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം [“യഹോവ,” NW] ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” (സങ്കീർത്തനം 14:1) മുൻലേഖനങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ, ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരു പ്രത്യേക മുഖം തിരഞ്ഞുപിടിക്കാൻ കഴിയുന്ന തരം ക്യാമറകൾ മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെലിഫോൺ ഉപയോഗിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഇടയിൽനിന്ന് ഒരു പ്രത്യേക വ്യക്തിയുടെ മാത്രം ശബ്ദം വേർതിരിച്ചെടുക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ പോലും അവർ കണ്ടുപിടിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ, മനുഷ്യ മസ്തിഷ്കത്തിന്റെതന്നെ സ്രഷ്ടാവായ ദൈവത്തിന് താൻ ഉചിതമെന്നു കരുതുന്ന സന്ദർഭങ്ങളിൽ ഏതൊരു മനുഷ്യന്റെയും മനോവിചാരങ്ങൾ പരിശോധിക്കാനുള്ള കഴിവ് തീർച്ചയായും ഉണ്ട്.
ഒരു വ്യക്തിയുടെ സ്വകാര്യ പ്രവർത്തനങ്ങൾ സംബന്ധിച്ചു മുഴുകാര്യങ്ങളും അറിയാനുള്ള അവകാശം ദൈവത്തിനുണ്ട്, എന്നാൽ മനുഷ്യർക്ക് അതില്ല. ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: ‘നിങ്ങളിൽ ആരും ദുഷ്പ്രവൃത്തിക്കാരനോ പരകാര്യത്തിൽ ഇടപെടുന്നവനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു.’ (1 പത്രൊസ് 4:15) അപ്പൊസ്തലനായ പൗലൊസും “പരകാര്യത്തിൽ” ഇടപെടുന്നതിനെതിരെ മുന്നറിയിപ്പു നൽകുന്നു.—1 തിമൊഥെയൊസ് 5:13.
തീരെ ചെറിയ ഓഡിയോ, വീഡിയോ ഉപകരണങ്ങൾ രഹസ്യമായി സ്ഥാപിച്ച് മറ്റുള്ളവരുടെ ശബ്ദവും ചിത്രവും അവരറിയാതെ റെക്കോർഡു ചെയ്യുന്ന രീതി ചില രാജ്യങ്ങളിൽ സാധാരണ പൗരന്മാരുടെ ഇടയിലും വർധിച്ചുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ ‘പരകാര്യത്തിൽ ഇടപെടുക’തന്നെയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, സിഡ്നി ഒളിമ്പിക് ഗെയിംസിലെ സ്വർണ മെഡൽ ജേതാവായ ജപ്പാനിലെ നാവോക്കോ റ്റാക്കാഹാഷി എന്ന മാരത്തോൺ ഓട്ടക്കാരിയുടെ കുളിമുറിയിൽ അവരറിയാതെ രഹസ്യമായി സ്ഥാപിച്ചിരുന്ന ഒരു ‘കുഞ്ഞൻ’ ക്യാമറ അവർ അടുത്തയിടെ കണ്ടെത്തി. അതുപയോഗിച്ചു നിർമിച്ച ഒരു വീഡിയോയുടെ ആയിരക്കണക്കിനു കോപ്പികൾ നിയമവിരുദ്ധമായി വിറ്റഴിക്കപ്പെടുകയും ചെയ്തു.
വ്യക്തിവിവരങ്ങൾ ചോർത്തിയെടുത്ത് ആളുകളെ കുഴപ്പത്തിലാക്കുന്ന ഏർപ്പാടും വ്യാപകമാണ്. അതുകൊണ്ട് ഇത്തരം നുഴഞ്ഞുകയറ്റങ്ങളിൽ നിന്ന് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളുന്നത് തികച്ചും ന്യായയുക്തമാണ്. a ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3.
രഹസ്യ ചെയ്തികൾ—പരസ്യ വിചാരണ
അക്രമവും കുറ്റകൃത്യവും തീവ്രവാദവും വർധിച്ചുവരുന്നതിനാൽ ഗവണ്മെന്റുകൾ തങ്ങളുടെ പൗരന്മാരുടെമേൽ കൂടുതൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും നിരീക്ഷണ ക്യാമറകളുടെയും രഹസ്യമായ ടാപ്പിങ് സംവിധാനങ്ങളുടെയും ആവശ്യം മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത ഒരു കാലം വരാൻ പോകുകയാണ്. പെട്ടെന്നുതന്നെ യഹോവയാം ദൈവം മുഴു മനുഷ്യവർഗത്തെയും അവരുടെ രഹസ്യവും പരസ്യവും ആയ ചെയ്തികളുടെ കണക്കുതീർപ്പിനായി കൂട്ടിവരുത്തും എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—ഇയ്യോബ് 34:21, 22.
ചരിത്രത്തിൽ ഇന്നോളം മനുഷ്യവർഗത്തെ കാർന്നുതിന്നുകൊണ്ടിരുന്ന അക്രമം, വിദ്വേഷം, കുറ്റകൃത്യം എന്നിവയിൽനിന്നും ഈ ഭൂഗ്രഹം അന്നു വിമുക്തമാകും. ഇതെങ്ങനെയാണ് സാധ്യമാകുക? ജീവിച്ചിരിക്കുന്ന സകലരെയും യഹോവ അടുത്തറിയുമെന്നു മാത്രമല്ല, ജീവിച്ചിരിക്കുന്ന സകലരും യഹോവയെയും അടുത്തറിയും എന്നതാണ് അതിനു കാരണം. യെശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ സത്യമെന്നു തെളിയും: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9. (g03 1/22)
[അടിക്കുറിപ്പ്]
a “സൂക്ഷിക്കുക!” എന്ന ചതുരം കാണുക.
[12-ാം പേജിലെ ആകർഷക വാക്യം]
നമുക്കു യാതൊന്നും യഹോവയിൽനിന്നു മറച്ചുവെക്കാൻ സാധിക്കില്ല എന്ന അറിവ് ശരി ചെയ്യുന്നതിനുള്ള ഒരു ശക്തമായ പ്രേരകഘടകമായി വർത്തിക്കും
[11-ാം പേജിലെ ചതുരം/ചിത്രം]
സൂക്ഷിക്കുക!
സ്വകാര്യതയും ഓൺ-ലൈൻ തൊഴിൽ സൈറ്റുകളും: തൊഴിൽ തേടുന്നവർ വ്യക്തിഗത വിവരങ്ങളുടെ ഒരു സംഗ്രഹം ഓൺ-ലൈനിൽ നൽകാറുണ്ട്. ഇതു മുഖാന്തരം അവരിൽ പലരുടെയും സ്വകാര്യത അപകടത്തിലായേക്കാം. കാരണം, തൊഴിലന്വേഷകർ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ പലപ്പോഴും വർഷങ്ങളോളം അത്തരം ഓൺ-ലൈൻ സൈറ്റുകളിൽ കിടക്കാറുണ്ട്. വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പു നടത്തുന്നവർക്ക് ഈ സൈറ്റുകളിൽനിന്നു ധാരാളം വിവരങ്ങൾ ലഭിച്ചേക്കാം. ചില തൊഴിൽ സൈറ്റുകൾ തൊഴിലന്വേഷകരിൽ നിന്ന് അവരുടെ പേര്, വിലാസം, പ്രായം, തൊഴിൽ പരിചയം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നു. ലഭിക്കുന്ന വിവരങ്ങൾ അവർ പരസ്യക്കമ്പനികൾ പോലുള്ള മൂന്നാം-കക്ഷികൾക്കു നൽകുന്നു.
സ്വകാര്യതയും മൊബൈൽ സംഭാഷണവും: കോഡ്ലെസ് സെല്ലുലാർ ഫോണുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ചെലവു കുറഞ്ഞ മാർഗങ്ങൾ ഒന്നും നിലവിലില്ല. നിങ്ങൾ തികച്ചും സ്വകാര്യമായ ഒരു വിഷയമാണു സംസാരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഒരു സാധാരണ ടെലിഫോൺ ഉപയോഗിക്കുന്നതായിരുന്നേക്കാം കൂടുതൽ സുരക്ഷിതം. നിങ്ങൾ മാത്രമല്ല നിങ്ങൾ സംസാരിക്കുന്ന വ്യക്തിയും സാധാരണ ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് അങ്ങനെയുള്ളപ്പോൾ ഉറപ്പുവരുത്തണം. കോഡ്ലെസ് ഫോണുകളിൽനിന്നുള്ള തരംഗങ്ങളെ ചില റേഡിയോ സ്കാനറുകൾക്കോ മറ്റു കോഡ്ലെസ് ഫോണുകൾക്കോ ബേബി മോണിട്ടറുകൾക്കോ പിടിച്ചെടുക്കാനാകും. ഫോണിൽ കൂടി എന്തെങ്കിലും വാങ്ങാൻ ഇടപാടു ചെയ്തിട്ട് നിങ്ങൾ ക്രെഡിറ്റ് കാർഡ് നമ്പരും അതിന്റെ കാലാവധി തീരുന്ന തീയതിയും പറഞ്ഞുകൊടുക്കുന്നു എങ്കിൽ നിങ്ങളുടെ കോഡ്ലെസ് അല്ലെങ്കിൽ സെല്ലുലാർ ഫോൺ സംഭാഷണം ചോർത്തിയെടുക്കുന്ന ആരെങ്കിലും നിങ്ങളെ തട്ടിപ്പിന് ഇരയാക്കിയേക്കാം. b
[അടിക്കുറിപ്പ്]
b പ്രൈവസി വാച്ച് ക്ലിയറിങ്ഹൗസ് വെബ് സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ.
[9-ാം പേജിലെ ചിത്രം]
ഒരു ലൈഫ്ഗാർഡിന്റെ സൂക്ഷ്മ നിരീക്ഷണത്തെ സ്വകാര്യതയുടെ മേലുള്ള ഒരു കടന്നുകയറ്റമായി ആരും കരുതാറില്ല
[10-ാം പേജിലെ ചിത്രം]
ദൈവം നമ്മുടെ സകല പ്രവർത്തനങ്ങളും മനസ്സിലാക്കുന്നു എന്ന അറിവ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഡെഗിനെ പ്രേരിപ്പിച്ചു