കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരു വേലി
കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരു വേലി
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഒരു കാലത്ത് അത് വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ വടക്കുമുതൽ തെക്കുവരെ രണ്ടായി പകുത്തിരുന്നു. തടിയും കമ്പിയുംകൊണ്ടു നിർമിച്ച, 1,830 കിലോമീറ്ററിലേറെ നീളമുണ്ടായിരുന്ന അത് 1907-ൽ പൂർത്തിയായപ്പോൾ ലോകത്തിലേക്കും ഏറ്റവും നീളം കൂടിയ വേലിയായിരുന്നു. ‘നമ്പർ വൺ റാബിറ്റ് പ്രൂഫ് ഫെൻസ്’ (മുയലുകളെ തടയുന്ന നെടുനീളൻ വേലി) എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക നാമം.
പേരു സൂചിപ്പിക്കുന്നതുപോലെ, 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കു പറ്റത്തോടെ നീങ്ങിക്കൊണ്ടിരുന്ന മുയലുകളുടെ ശല്യം സഹിക്കവയ്യാതെ ഒരു പ്രതിരോധ ഉപാധി എന്ന നിലയിലാണ് ഈ വേലി ആദ്യം നിർമിച്ചത്. നൂറു വർഷത്തോളം പഴക്കമുള്ള അതിന്റെ മിക്ക ഭാഗങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു കാരണത്താൽ അടുത്തകാലത്തായി ഇത് ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ മനുഷ്യനിർമിത വേലി പരോക്ഷമായി പ്രാദേശിക കാലാവസ്ഥയെ സ്വാധീനിക്കുന്നതായി കാണപ്പെടുന്നു.
ഒരു മീറ്ററിനെക്കാൾ അൽപ്പംകൂടെ മാത്രം ഉയരമുള്ള ഈ വേലിക്ക് അത്തരം ഒരു പ്രഭാവം ചെലുത്താൻ കഴിയുന്നത് എങ്ങനെയെന്നു പരിശോധിക്കുന്നതിനുമുമ്പ് അസാധാരണമായ ഈ നിർമിതിയുടെ ചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.
വിജയിക്കാഞ്ഞ ശ്രമങ്ങൾ
മുയൽപ്പടയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിൽ, 1901 മുതൽ 1907 വരെ 400-ഓളം പേർ നമ്പർ വൺ റാബിറ്റ് പ്രൂഫ് ഫെൻസിന്റെ നിർമാണത്തിനുവേണ്ടി പണിയെടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ കാർഷിക വകുപ്പ് പറയുന്ന പ്രകാരം, “ഏതാണ്ട് 8,000 ടൺ നിർമാണ വസ്തുക്കൾ കപ്പലിൽ കൊണ്ടുവന്ന് റെയിൽമാർഗം ഡിപ്പോകളിൽ എത്തിച്ചു. അവിടെനിന്ന് വേലിയുടെ പണി നടക്കുന്ന ഉൾപ്രദേശങ്ങളിലേക്ക് കുതിര, ഒട്ടകം, കഴുത എന്നിവയെ ഉപയോഗിച്ച് അവ വണ്ടികളിൽ വലിച്ചുകൊണ്ടുപോയി.”
വേലിക്ക് ഇരുവശവും മൂന്നു മീറ്റർ വീതിയിൽ പണിക്കാർ കാടു വെട്ടിത്തെളിച്ചു. വെട്ടിയിട്ട മരങ്ങളുടെ കുറേഭാഗം വേലിക്കാലുകളായി ഉപയോഗിച്ചു, മരങ്ങൾ ഇല്ലായിരുന്നിടത്ത് ഇറക്കുമതി ചെയ്ത ലോഹക്കാലുകൾ നാട്ടി. പണി പൂർത്തിയായപ്പോൾ മുയലുകളുടെ മുന്നേറ്റം തടയുന്ന ഒരു വേലി മാത്രമല്ല, ഭൂഖണ്ഡത്തിന്റെ കുറുകെ കടന്നുപോകുന്ന ഒരു പരുക്കൻ വഴിയും രൂപംകൊണ്ടു.
ഈ വേലി, ആക്രമിച്ചു മുന്നേറുന്ന മുയൽപ്പറ്റത്തെ അടച്ചുകെട്ടിയ സ്ഥലങ്ങളിലേക്കു വഴിതിരിച്ചുവിടുകയും അവിടെ അവ ചത്തൊടുങ്ങുകയും ചെയ്തു. ഈ വിധത്തിൽ അത് ഒരു പടുകൂറ്റൻ വലപോലെ പ്രവർത്തിച്ചു. എന്നാൽ ചില സ്ഥലങ്ങളിൽ മുയലുകൾ വേലിചാടി. എങ്ങനെ? ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് അണമുറിയാതെ ഒഴുകിയെത്തിയ മുയൽപ്പറ്റങ്ങൾ വേലിക്കരികിൽ ചത്തു കൂനകൂടിക്കിടന്ന മുയലുകളുടെ മുകളിലൂടെ കയറി അപ്പുറത്തെത്തി. ആദ്യത്തെ വേലിയിൽനിന്ന് പുറത്തേക്കു നീണ്ടുനിൽക്കുന്ന രണ്ട് വേലികൾ കൂടി പിന്നീട് പണിയുകയുണ്ടായി. അങ്ങനെ വേലികളുടെ ശൃംഖലയുടെ ആകെ നീളം 3,256 കിലോമീറ്ററായി.
മാനുഷ സഹിഷ്ണുതയ്ക്ക് ഒരു സാക്ഷ്യം
എഫ്. എച്ച്. ബ്രൂംഹോളിനെപ്പോലുള്ള ഏതാനും ചില അതിർത്തി സവാരിക്കാർ ഈ നെടുനീളൻ വേലി മുഴുവൻ റോന്തുചുറ്റിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമുള്ള വേലി (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ബ്രൂംഹോൾ ഇങ്ങനെ പറയുന്നു: ‘വേലിയും അതിനു സമാന്തരമായി കടന്നുപോകുന്ന പാതയും നല്ല നിലയിൽ സംരക്ഷിക്കുക, വേലിക്ക് ഇരുവശവും ആവശ്യമായ വീതിയിൽ കാടും പടപ്പും വെട്ടി നിറുത്തുക, ഓരോ 32 കിലോമീറ്റർ ദൂരത്തിലും വെച്ചിരിക്കുന്ന ഗേറ്റുകൾ സംരക്ഷിക്കുക, കെണിയിൽ അകപ്പെടുന്ന മുയലുകളെ എടുത്തു കളയുക എന്നിവയായിരുന്നു റോന്തുചുറ്റുന്നവരുടെ ജോലികൾ.’
ലോകത്തിൽ, ഏറ്റവും അധികം ഏകാന്തത അടിച്ചേൽപ്പിക്കുന്ന തൊഴിലുകളിൽ ഒന്നായിരുന്നിരിക്കണം റോന്തുചുറ്റുന്നവരുടേത്. ഒരു മനുഷ്യജീവിപോലും കൂട്ടിനില്ലാതെ അവർ സദാ ഒറ്റയ്ക്കായിരുന്നു. കൂട്ടിനുണ്ടെന്നു പറയാൻ ആകെ ഉണ്ടായിരുന്നത് ഒട്ടകങ്ങളായിരുന്നു, അവയെയുംകൊണ്ട് റോന്തുചുറ്റുന്നവർ ഓരോരുത്തരും വേലിയുടെ നോക്കെത്താ ദൂരത്തോളം, കിലോമീറ്ററുകൾ തന്നെ, നീണ്ടുകിടക്കുന്ന ഒരു ഭാഗം സംരക്ഷിക്കണമായിരുന്നു. ചിലർക്ക് ഒട്ടകങ്ങൾപോലും കൂട്ടിനില്ലായിരുന്നു. സൈക്കിളിൽ വേണമായിരുന്നു വേലിയോടു ചേർന്നുള്ള ദുർഘടം പിടിച്ച പാതയിലൂടെ അവർ റോന്തുചുറ്റാൻ. എന്നാൽ ഇന്നാകട്ടെ, അവശേഷിക്കുന്ന വേലിയുടെ ഭാഗത്ത് ആളുകൾ റോന്തുചുറ്റുന്നത് മോട്ടോർ വാഹനങ്ങളിലാണ്.
തികഞ്ഞ പരാജയം ആയിരുന്നില്ല
മുയലുകളെക്കൊണ്ടുള്ള ഉപദ്രവം അവസാനിപ്പിക്കാനായില്ലെങ്കിലും മറ്റൊരു ശല്യക്കാരനെ—ഓസ്ട്രേലിയയിലെതന്നെ പക്ഷികളിൽ ഒന്നായ എമുവിനെ—അകറ്റിനിറുത്താൻ ഈ വേലി വളരെ പ്രയോജനകരമാണെന്നു തെളിഞ്ഞിരിക്കുന്നു. 1976-ൽ, പറക്കാൻ കഴിയാത്ത അസാധാരണ വലിപ്പമുള്ള ഇത്തരം 1,00,000-ത്തിൽപ്പരം പക്ഷികൾ വേലിക്കു പടിഞ്ഞാറുള്ള ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളിലേക്കു കൂട്ടത്തോടെ കുടിയേറാൻ തുടങ്ങി. വേലി അവയുടെ അധിനിവേശം തടഞ്ഞു. 90,000 പക്ഷികളെ കുരുതി കഴിക്കേണ്ടി വന്നെങ്കിലും ആ വർഷത്തെ വിളയിൽ അധികവും വിനാശത്തിൽനിന്നു സംരക്ഷിക്കാൻ അതു മുഖാന്തരം കഴിഞ്ഞു.
അന്നത്തെ ഈ പ്രതിസന്ധിക്കുശേഷം, എമുവിൽനിന്നും അലഞ്ഞുതിരിയുന്ന കാട്ടുനായ്ക്കളിൽനിന്നും വെസ്റ്റേൺ ഓസ്ട്രേലിയയിലെ കൃഷയിടങ്ങളെ സംരക്ഷിക്കാനായി 1,170 കിലോമീറ്റർ ദൂരം വേലി ബലവത്താക്കുകയോ ചില പ്രദേശങ്ങളും കൂടെ അതിനകത്തു വരത്തക്കവിധം അത് മാറ്റിക്കെട്ടുകയോ a തത്ഫലമായി ഈ വേലി ഒരു അതിർത്തി രേഖയായി തീർന്നിരിക്കുന്നു. കിഴക്ക്, ഓസ്ട്രേലിയയുടെ ഹൃദയഭാഗത്തെ മനുഷ്യസ്പർശമേൽക്കാതെ കാടുപിടിച്ചു കിടക്കുന്ന ഭൂമി. പടിഞ്ഞാറ്, മനുഷ്യർ ഭംഗിയായി കൃഷിചെയ്തു നിറുത്തിയിരിക്കുന്ന വിസ്തൃതമായ വയലേലകളും.
ചെയ്തു.അപ്രതീക്ഷിതമായി കാലാവസ്ഥയെ നിയന്ത്രിച്ച ഒരു ചുവർ
ഈ വേലി കാലാവസ്ഥയുടെമേൽ ചെലുത്തുന്നതായി കാണുന്ന പ്രഭാവത്തിനു കാരണം കിഴക്കും പടിഞ്ഞാറും വളരുന്ന സസ്യങ്ങളിലുള്ള വലിയ വ്യത്യാസമാണ്. ദ ഹെലിക്സ് എന്ന ശാസ്ത്രമാസിക ഇപ്രകാരം പറയുന്നു: “വേലിക്കു കിഴക്ക് മഴ കൂടുതൽ ലഭിക്കാനും പടിഞ്ഞാറ് മഴ കുറയാനും തുടങ്ങിയിരിക്കുന്നത് തികച്ചും ആശ്ചര്യകരമാണ്.” തന്മൂലം, കിഴക്കുള്ള പ്രകൃതിജന്യ സസ്യങ്ങൾക്ക് നിരന്തരം പ്രകൃതിദത്ത ജലം ലഭിക്കുമ്പോൾ പടിഞ്ഞാറുള്ള കർഷകർക്ക് ജലസേചനത്തെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. ഈ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരിക്കാവുന്ന ഒരു കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാസിക ഇങ്ങനെ വിശദീകരിക്കുന്നു: “പാടശേഖരങ്ങളിലെ ആഴത്തിൽ വേരുകളില്ലാത്ത കാർഷിക വിളകൾ തനിയെ വളർന്നു വരുന്ന വേരുറച്ച സസ്യങ്ങളുടെ അത്രയും ജലം ഇലകളിലൂടെ ബാഷ്പമായി പുറന്തള്ളുന്നില്ല.”
മറ്റൊരു കാരണത്തെ കുറിച്ച് അന്തരീക്ഷ ശാസ്ത്ര പ്രൊഫസറായ റ്റോം ലൈയോൺസ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ സിദ്ധാന്തമനുസരിച്ച് പ്രകൃതിദത്തമായ കാട് കൃഷിഭൂമിയെക്കാൾ വളരെയേറെ ഇരുണ്ടതായതിനാൽ അത് അന്തരീക്ഷത്തിലേക്കു കൂടുതൽ ചൂട് ഉത്സർജിക്കുകയും . . . തന്മൂലം വായുവിലുണ്ടാകുന്ന വിക്ഷുബ്ധാവസ്ഥ മേഘങ്ങൾ രൂപംകൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.”
റാബിറ്റ് പ്രൂഫ് ഫെൻസ്, വെസ്റ്റേൺ ഓസ്ട്രേലിയയിലെ കർഷകരെ മുയൽബാധയിൽനിന്നു രക്ഷിച്ചില്ലായിരിക്കാം. എങ്കിലും അതു കാലാവസ്ഥയുടെ മേൽ ചെലുത്തുന്നതായി തോന്നുന്ന പ്രഭാവവും ഭൂമി ഉപയോഗിക്കുന്ന കാര്യത്തിൽ ദീർഘവീക്ഷണം ഉള്ളവരായിരിക്കേണ്ടതു സംബന്ധിച്ചു നൽകുന്ന പാഠവും അമൂല്യംതന്നെയാണെന്നു തെളിഞ്ഞേക്കാം. (g03 2/08)
[അടിക്കുറിപ്പ്]
a സ്റ്റേറ്റ് ബാരിയർ ഫെൻസ് (സംസ്ഥാന അതിർ വേലി) എന്നാണ് ഈ വേലി ഇപ്പോൾ അറിയപ്പെടുന്നത്.
[14, 15 പേജുകളിലെ മാപ്പ്]
നമ്പർ വൺ റാബിറ്റ് പ്രൂഫ് ഫെൻസ്
[15-ാം പേജിലെ ചിത്രം]
മുയലുകൾ
[15-ാം പേജിലെ ചിത്രം]
20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ വേലിക്കു റോന്തുചുറ്റുന്നു
[15-ാം പേജിലെ ചിത്രം]
എമുപ്പക്ഷികൾ
[15-ാം പേജിലെ ചിത്രം]
1,833 കിലോമീറ്റർ നീണ്ടുകിടന്നിരുന്ന നമ്പർ വൺ റാബിറ്റ് പ്രൂഫ് ഫെൻസ് ഒരിക്കൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ ഇടമുറിയാത്ത വേലിയായിരുന്നു. ഈ വേലി വനഭൂമിയെയും കൃഷിയിടത്തെയും തമ്മിൽ വേർതിരിക്കുകയും കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു ചുവരായി വർത്തിക്കുകയും ചെയ്യുന്നു
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വർണ ചിത്രങ്ങൾ: Department of Agriculture, Western Australia; മുകളിൽ മധ്യത്തിൽ: Courtesy of Battye Library Image number 003582D