വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ മ്യൂസിക്‌ വീഡിയോകൾ കാണണമോ?

ഞാൻ മ്യൂസിക്‌ വീഡിയോകൾ കാണണമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ മ്യൂസിക്‌ വീഡി​യോ​കൾ കാണണ​മോ?

“മ്യൂസിക്‌ വീഡി​യോ​കൾ ഗംഭീ​ര​മാണ്‌. ചിലതു കൊച്ചു സിനി​മകൾ പോ​ലെ​യാണ്‌, അതിൽ അവർ ഒരു കഥ പറയുന്നു. അതിലെ നൃത്താ​വി​ഷ്‌കാ​രം എന്നെ അതിശ​യി​പ്പി​ക്കാ​റുണ്ട്‌.”—കെയ്‌സി.

നൂതന സംഗീത ധാരയു​ടെ സ്‌പന്ദ​നങ്ങൾ അറിയാ​നുള്ള നല്ലൊരു മാർഗ​മാണ്‌ അവ. ഏറ്റവും ജനപ്രീ​തി നേടുന്ന 40 സൂപ്പർഹിറ്റ്‌ സംഗീത രചനകൾക്കും അപ്പുറ​ത്തുള്ള സംഗീത ലോക​ത്തേക്ക്‌ അവ നിങ്ങളെ കൊണ്ടു​പോ​കു​ന്നു. മാത്രമല്ല, മ്യൂസിക്‌ വീഡി​യോ​കൾ സംഭാ​ഷ​ണ​ത്തിൽ വിളമ്പാ​നുള്ള രസകര​മായ നുറു​ങ്ങു​കൾ കൂടി​യാണ്‌.”—ജോഷ്‌.

“മ്യൂസിക്‌ വീഡി​യോ​യി​ലെ വിശദാം​ശങ്ങൾ എനിക്കു പ്രധാ​ന​മാണ്‌—ആരാണു പാടു​ന്നത്‌, അവളുടെ വേഷവി​ധാ​നം, അവളുടെ ചേഷ്ടകൾ എന്നിവ​യൊ​ക്കെ​ത്തന്നെ. ഇവയെ​ല്ലാം ചേരു​മ്പോ​ഴാണ്‌ ഈരടി​ക​ളു​ടെ അർഥം ഇതൾവി​രി​യു​ന്നത്‌.” —കിം​ബെർലി.

“എന്റെ ഏറ്റവും പ്രിയ​പ്പെട്ട സംഗീ​ത​വൃ​ന്ദങ്ങൾ ഇത്തവണ എന്താണു ചെയ്യാൻ പോകു​ന്ന​തെന്നു കാണാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ആധുനിക സാങ്കേ​തിക വിദ്യ​യി​ലൂ​ടെ വികസി​പ്പി​ച്ചെ​ടുത്ത അതിലെ അസാധാ​രണ ദൃശ്യ സവി​ശേ​ഷ​തകൾ എനിക്ക്‌ ഏറെ പ്രിയ​പ്പെ​ട്ട​വ​യാണ്‌. ചില വീഡി​യോ​കൾ ചിരി​യു​ണർത്തു​ന്ന​വ​യാണ്‌. പക്ഷേ നിങ്ങൾ ജാഗ്രത പാലി​ക്കേ​ണ്ട​തുണ്ട്‌.”—സാം.

മ്യൂസിക്‌ വീഡി​യോ​കൾ കാണു​ന്നത്‌ ഒരുപക്ഷേ നിങ്ങളും ആസ്വദി​ക്കു​ന്നു​ണ്ടാ​വാം. ആദ്യ​മൊ​ക്കെ ടെലി​വി​ഷൻ സ്‌ക്രീ​നിൽ പ്രത്യ​ക്ഷ​പ്പെട്ട മ്യൂസിക്‌ വീഡി​യോ​കൾ താരത​മ്യേന കുറഞ്ഞ ചെലവിൽ ലളിത​മാ​യി നിർമി​ച്ച​വ​യാ​യി​രു​ന്നു. എന്നാൽ ഇവ തകൃതി​യാ​യി വിറ്റഴി​ക്ക​പ്പെ​ടു​ക​യും ആളുകൾക്ക്‌ അതി​നോ​ടു താത്‌കാ​ലി​ക​മായ കമ്പമല്ല ഉള്ളത്‌ എന്നു വ്യക്തമാ​കു​ക​യും ചെയ്‌ത​തോ​ടെ, അവ കലാപ​ര​മാ​യും സാങ്കേ​തി​ക​മാ​യും ഒന്നി​നൊ​ന്നു സങ്കീർണ​തകൾ നിറഞ്ഞ​താ​യി മാറാൻ പിന്നെ അധിക​നാൾ വേണ്ടി​വ​ന്നില്ല. അവ ഇന്ന്‌ സംഗീത ലോക​ത്തി​ന്റെ ഒരു അവിഭാ​ജ്യ​ഘ​ട​ക​മാണ്‌. മാത്രമല്ല, യുവജ​ന​ങ്ങൾക്ക്‌ ഇതൊരു ഹരമായി മാറി​യി​രി​ക്കു​ന്നു. ചില രാജ്യ​ങ്ങ​ളിൽ മ്യൂസിക്‌ വീഡി​യോ​കൾ പ്രക്ഷേ​പണം ചെയ്യാ​നാ​യി മാത്രം ടിവി സ്റ്റേഷനു​കൾ പ്രവർത്തി​ക്കു​ന്നുണ്ട്‌!

എന്നാൽ ഇവ കാണു​ന്ന​തിൽ ജാഗ്രത പാലി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഇവിടെ പരാമർശിച്ച സാമി​നെ​പ്പോ​ലെ​യുള്ള ചെറു​പ്പ​ക്കാർ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ചില മ്യൂസിക്‌ വീഡി​യോ​കൾ ഒരുപക്ഷേ നിങ്ങളു​ടെ ചിന്തക​ളെ​യും ധാർമിക മൂല്യ​ങ്ങ​ളെ​യും ദുഷി​പ്പി​ക്കു​ക​യും സ്രഷ്ടാ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ തകരാ​റി​ലാ​ക്കു​ക​പോ​ലും ചെയ്‌തു​കൊണ്ട്‌ നിങ്ങളിൽ മോശ​മായ ഫലം ഉളവാ​ക്കി​യേ​ക്കും എന്നതി​നാ​ലാ​ണോ അത്‌? ഓ, ഇത്ര​ത്തോ​ള​മൊ​ക്കെ കടന്നു ചിന്തി​ക്കേ​ണ്ട​തു​ണ്ടോ എന്ന്‌ ഒരുപക്ഷേ നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ ഒരു നിമിഷം ചിന്തി​ക്കുക. നിങ്ങൾ ഒരു തടാക​ത്തി​ലോ സമു​ദ്ര​ത്തി​ലോ നീന്താൻ പോകു​മ്പോൾ, അവിടെ നീന്തു​ന്നത്‌ അപകട​മാണ്‌ എന്ന്‌ എഴുതി വെച്ചി​രി​ക്കുന്ന ബോർഡു​കൾ നിങ്ങൾ കാണുന്നു എന്നിരി​ക്കട്ടെ. ആ മുന്നറി​യി​പ്പു​കൾ അവഗണി​ക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​മോ? ഒരിക്ക​ലു​മല്ല. അതു​പോ​ലെ​തന്നെ മ്യൂസിക്‌ വീഡി​യോ​കൾ വീക്ഷി​ക്കു​ന്നതു സംബന്ധി​ച്ചുള്ള ചില മുന്നറി​യി​പ്പു​കൾക്കു ചെവി​കൊ​ടു​ക്കു​ന്ന​തും നിങ്ങളു​ടെ ഭാഗത്തു ബുദ്ധി​യാ​യി​രി​ക്കും.

അപകട മേഖലകൾ

കാണു​ന്ന​തും കേൾക്കു​ന്ന​തു​മായ കാര്യ​ങ്ങൾക്ക്‌ നിങ്ങളെ ബാധി​ക്കാൻ കഴിയും എന്ന വസ്‌തുത നിങ്ങൾ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. ഇസ്രാ​യേ​ലി​ലെ ആദ്യത്തെ രാജാ​വായ ശൗൽ സംഗീതം പ്രയോ​ജ​ന​ക​ര​മായ വിധത്തിൽ ഉപയോ​ഗി​ച്ചെന്നു ബൈബിൾ പറയുന്നു. സംഗീതം അവന്റെ വികാ​ര​ങ്ങളെ ശാന്തമാ​ക്കി. (1 ശമൂവേൽ 16:14-23) സംഗീ​ത​ത്തി​നു ദൂഷ്യ​ഫ​ല​ങ്ങ​ളും ഉണ്ടോ? റോക്ക്‌ ആൻഡ്‌ റോൾ—അതിന്റെ ചരി​ത്ര​വും ശൈലി​യിൽ വന്ന വികാ​സ​വും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പിൻവ​രുന്ന പ്രകാരം പറയുന്നു: “സംഗീ​ത​ത്തിന്‌ ചില സമയങ്ങ​ളിൽ ശക്തമായ സ്വാധീ​നം ചെലു​ത്താൻ കഴിയു​മെ​ന്നും എന്നാൽ ചില​പ്പോൾ അതിന്‌ ഒരു സ്വാധീ​ന​വും ചെലു​ത്താൻ കഴിയില്ല എന്നും ഒരുവനു പറയാ​നാ​വില്ല. റോക്ക്‌ സംഗീ​ത​ത്തിന്‌ നല്ല ഫലങ്ങൾ ഉണ്ടെന്നു നമ്മൾ സമ്മതി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതിനു ദൂഷ്യ​ഫ​ല​ങ്ങ​ളും ഉണ്ടെന്നു നമ്മൾ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ‘ഞാൻ സംഗീ​ത​മൊ​ക്കെ കേൾക്കു​ന്നു​ണ്ടെ​ങ്കി​ലും അത്‌ എന്നെ ഒരു തരത്തി​ലും ബാധി​ക്കു​ന്നില്ല’ എന്ന്‌ അഹംഭാ​വ​ത്തോ​ടെ പറയുന്ന ഒരു വ്യക്തി ഒന്നുകിൽ തീർത്തും ബുദ്ധി​ശൂ​ന്യ​നാണ്‌ അല്ലെങ്കിൽ കാര്യ​ങ്ങളെ കുറിച്ചു തികച്ചും അജ്ഞനാണ്‌.”

കണ്ണിനു നമ്മുടെ ചിന്തക​ളു​ടെ​യും വികാ​ര​ങ്ങ​ളു​ടെ​യും​മേൽ സ്വാധീ​നം ചെലു​ത്താൻ കഴിയും എന്നു ബൈബിൾ ആവർത്തി​ച്ചു വ്യക്തമാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 27:20; 1 യോഹ​ന്നാൻ 2:16) വളരെ സ്വാധീന ശക്തിയുള്ള ദൃശ്യങ്ങൾ സംഗീ​ത​ത്തോ​ടു കൂട്ടി​ച്ചേർത്തു​കൊണ്ട്‌ വീഡി​യോ നിർമാ​താ​ക്കൾ ശ്രോ​താ​ക്ക​ളിൽ സംഗീ​ത​ത്തി​നുള്ള സ്വാധീ​നം ശ്രദ്ധേ​യ​മാം വിധം വർധി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ഏതുതരം ദൃശ്യ​ങ്ങ​ളാ​ണു സാധാരണ ഉപയോ​ഗി​ക്കു​ന്നത്‌?

ഒരു പഠനം വെളി​പ്പെ​ടു​ത്തുന്ന പ്രകാരം, ഏതാണ്ട്‌ 57 ശതമാനം റോക്ക്‌ വീഡി​യോ​ക​ളും അക്രമങ്ങൾ നിറഞ്ഞ​വ​യാണ്‌. ആ വീഡി​യോ​ക​ളു​ടെ ഏതാണ്ട്‌ 76 ശതമാ​ന​ത്തി​ലും ലൈം​ഗിക ക്രിയകൾ പ്രദർശി​പ്പി​ക്കു​ന്നു. അടുത്ത​കാ​ലത്തെ മറ്റൊരു പഠനം അനുസ​രിച്ച്‌, കഥ പറയുന്ന വീഡി​യോ​ക​ളിൽ 75 ശതമാ​ന​ത്തി​ലും ലൈം​ഗിക ദൃശ്യ​ങ്ങ​ളു​ടെ അവതരണം ഉൾപ്പെ​ടു​ന്നു. ഈ വീഡി​യോ​ക​ളു​ടെ​തന്നെ പകുതി​യി​ല​ധി​ക​വും പ്രധാ​ന​മാ​യും സ്‌ത്രീ​കൾക്ക്‌ എതി​രെ​യുള്ള അക്രമത്തെ ചിത്രീ​ക​രി​ക്കു​ന്ന​വ​യാണ്‌. ഈ സംഗതി​ക​ളെ​ല്ലാം പരിചി​ന്തിച്ച സ്ഥിതിക്ക്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു, ഇത്തരത്തി​ലുള്ള വീഡി​യോ​കൾ വീക്ഷി​ക്കു​ന്നത്‌ നിങ്ങൾക്കു ദോഷം ചെയ്യു​മോ? ഒരു മാസിക ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “മ്യൂസിക്‌ വീഡി​യോ​കൾ കാണു​ന്നത്‌ വളരെ ചെറിയ പ്രായ​ത്തിൽത്ത​ന്നെ​യുള്ള ലൈം​ഗി​കത, അപകട​ക​ര​മായ ലൈം​ഗി​കത ഇവ സംബന്ധി​ച്ചുള്ള കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ മനോ​ഭാ​വ​ങ്ങളെ സ്വാധീ​നി​ക്കാൻ ഇടയു​ണ്ടെന്ന്‌ പരീക്ഷ​ണാർഥം നടത്തിയ പഠനങ്ങൾ തെളി​യി​ക്കു​ന്നു.” തങ്ങളുടെ മുൻഗാ​മി​ക​ളെ​യും സമകാ​ലി​ക​രെ​യും മറിക​ട​ന്നു​കൊണ്ട്‌ കൂടുതൽ ഞെട്ടി​ക്കുന്ന രീതി​യിൽ സംഗീതം അവതരി​പ്പി​ക്കാൻ സംഗീ​തജ്ഞർ ശ്രമി​ക്കു​മ്പോൾ മ്യൂസിക്‌ വീഡി​യോ​കൾ കൂടുതൽ കൂടുതൽ വർണനകൾ നിറഞ്ഞ​താ​യി മാറുന്നു.

വിദ്യാ​ഭ്യാ​സ മേഖല​യി​ലെ ഒരു വിദഗ്‌ധൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “തങ്ങൾ കേൾക്കു​ക​യും മ്യൂസിക്‌ വീഡി​യോ​ക​ളിൽക്കൂ​ടി കാണു​ക​യും ചെയ്യുന്ന സംഗീതം, കഴിഞ്ഞ തലമു​റ​കളെ സ്വാധീ​നി​ച്ചി​രുന്ന സംഗീ​ത​ത്തിൽനിന്ന്‌ ഒട്ടും വ്യത്യ​സ്‌തമല്ല എന്നു ചിലർ വാദി​ക്കു​ന്നു . . . എന്നാൽ ഇന്നത്തെ മിക്ക കലാകാ​ര​ന്മാ​രും തങ്ങളുടെ ഉത്‌പ​ന്നങ്ങൾ വിറ്റഴി​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി ധിക്കാ​ര​പൂർവം അധാർമി​ക​ത​യും ഘോര​ത​യും അവയിൽ കുത്തി​നി​റ​യ്‌ക്കു​ന്ന​താ​യി കാണുന്നു.” ഒരു പ്രത്യേക മ്യൂസിക്‌ വീഡി​യോ ചാനൽ വീക്ഷി​ക്കു​ന്ന​വരെ കുറിച്ച്‌ ഷിക്കാ​ഗോ മാസിക ഇപ്രകാ​രം പറയുന്നു: “തീർത്തും പച്ചയ​ല്ലെ​ങ്കി​ലും കാര്യ​മായ മറയി​ല്ലാത്ത അശ്ലീല​ത്തി​ന്റെ തോരാത്ത ഒരു പെയ്‌ത്താണ്‌ അവർക്കു കിട്ടു​ന്നത്‌.”

ഷിക്കാ​ഗോ മാസിക ഒരു മ്യൂസിക്‌ വീഡി​യോ​യു​ടെ ഉള്ളടക്കത്തെ ഇപ്രകാ​രം വിവരി​ക്കു​ന്നു: “ഒരു റെസ്റ്ററ​ന്റിൽ ഇരിക്കുന്ന ചെറു​പ്പ​ക്കാ​രൻ പിന്നി​ലേക്കു തലചാ​യ്‌ക്കു​മ്പോൾ രക്തവർണ​ത്തി​ലുള്ള ആഴത്തി​ലുള്ള ഒരു വലിയ മുറിവ്‌ അവന്റെ കഴുത്തിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, അവന്റെ തല മുറിഞ്ഞു താഴെ വീഴുന്നു.” മറ്റൊരു വീഡി​യോ​യിൽ രക്തം നിറഞ്ഞ ഒരു വിവസ്‌ത്രീ​കരണ രംഗം കാണി​ക്കു​ക​യു​ണ്ടാ​യി. അതിൽ ഒരാൾ തന്റെ വസ്‌ത്രങ്ങൾ ഒന്നൊ​ന്നാ​യി അഴിച്ചു മാറ്റുന്നു. തുടർന്ന്‌ അയാൾ തന്റെ മാംസ​വും പേശി​ക​ളും കൂടെ നീക്കം ചെയ്യുന്നു. മറ്റു ചില കാര്യങ്ങൾ ഇവിടെ പരാമർശി​ക്കാൻപോ​ലും പറ്റാത്ത​വി​ധം ബീഭത്സ​മാണ്‌.

ഇവിടെ വർണി​ച്ചി​രി​ക്കുന്ന ഈ വീഡി​യോ​കൾ അങ്ങേയറ്റം അതിരു​ക​ട​ന്ന​വ​യാ​ണെ​ന്നും എന്നാൽ ഒട്ടുമി​ക്ക​വ​യും വലിയ കുഴപ്പ​മി​ല്ലാ​ത്ത​വ​യാ​ണെ​ന്നും പറഞ്ഞു​കൊണ്ട്‌ ചിലർ ഈ വസ്‌തു​തകൾ അവഗണി​ച്ചു കളഞ്ഞേ​ക്കാം. എന്തിന്‌, മ്യൂസിക്‌ വീഡി​യോ​കൾ പ്രത്യേ​കിച്ച്‌ ഞെട്ടി​പ്പി​ക്കു​ന്ന​വ​യോ വെറു​പ്പു​ള​വാ​ക്കു​ന്ന​വ​യോ ആയി തങ്ങൾക്കു തോന്നു​ന്നി​ല്ലെ​ന്നു​പോ​ലും ചിലർ വാദി​ച്ചേ​ക്കാം. എന്നാൽ, ഇത്തരം വീഡി​യോ​കൾ തുടർച്ച​യാ​യി വീക്ഷി​ച്ച​തു​മൂ​ലം ആളുക​ളു​ടെ മനസ്സു തഴമ്പി​ച്ചു​പോ​യി എന്നല്ലേ അതു കാണി​ക്കു​ന്നത്‌? തുടക്ക​ത്തിൽ പരാമർശിച്ച കെയ്‌സി എന്ന യുവാവ്‌ ഇങ്ങനെ സമ്മതി​ക്കു​ന്നു: “നിങ്ങൾ വീക്ഷി​ക്കുന്ന കാര്യ​ങ്ങൾക്കു പരിധി​കൾ വെക്കു​ന്നി​ല്ലെ​ങ്കിൽ ആദ്യ​മൊ​ക്കെ വളരെ നികൃ​ഷ്ട​മെന്നു നിങ്ങൾക്കു തോന്നി​യി​രുന്ന കാര്യങ്ങൾ ക്രമേണ വളരെ സാധാ​ര​ണ​മാ​യി തോന്നും. അറിയാ​തെ​തന്നെ, നിങ്ങൾ ഒരു പടി കൂടി അതിരു​ക​ട​ന്ന​വ​യ്‌ക്കാ​യി കാംക്ഷി​ക്കു​ന്നു. ഞെട്ടി​ക്കു​ന്ന​താ​യി മുമ്പ്‌ കരുതി​യ​വയെ നിങ്ങൾ മെല്ലെ അംഗീ​ക​രി​ച്ചു തുടങ്ങു​ന്നു.”

ഇതിന്റെ ഫലം എന്തായി​രി​ക്കും? ധാർമിക കാര്യ​ങ്ങ​ളിൽ ശരിയായ തീരു​മാ​നങ്ങൾ എടുക്കാ​നുള്ള നിങ്ങളു​ടെ കഴിവ്‌ ഗുരു​ത​ര​മാ​യി തകരാ​റി​ലാ​കു​ന്നു. നമ്മുടെ മനസ്സ്‌ മോശ​മാ​യി സ്വാധീ​നി​ക്ക​പ്പെ​ടാൻ വളരെ എളുപ്പ​മാ​യ​തു​കൊണ്ട്‌ ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “പ്രാ​യോ​ഗിക ജ്ഞാനവും ചിന്താ​പ്രാ​പ്‌തി​യും കാത്തു​സൂ​ക്ഷി​ക്കുക.” (സദൃശ​വാ​ക്യ​ങ്ങൾ 3:21, NW; 5:2, NW) യഹോ​വ​യാം ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ സൗഹൃ​ദ​ത്തി​നു കോട്ടം തട്ടും എന്നതാണ്‌ മറ്റൊരു ദൂഷ്യ​ഫലം. അതല്ലേ നിങ്ങൾക്കുള്ള ഏറ്റവും വിലപ്പെട്ട സ്വത്ത്‌? അതു​കൊണ്ട്‌ അനുചി​ത​മായ ഏതുതരം വിനോ​ദ​വും ഒഴിവാ​ക്കാ​നാ​യി നടപടി​കൾ സ്വീക​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​മാ​യുള്ള സുഹൃ​ദ്‌ബന്ധം നിങ്ങൾ കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തുണ്ട്‌. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കു​ക

ബൈബിൾ വ്യക്തമാ​യി കുറ്റം വിധി​ക്കുന്ന സംഗതി​കളെ ചിത്രീ​ക​രി​ക്കുന്ന രംഗങ്ങൾ വീക്ഷി​ക്കു​ന്നതു തെറ്റാണ്‌ എന്ന വസ്‌തുത ആദ്യം തന്നെ ദയവായി അംഗീ​ക​രി​ക്കുക. (സങ്കീർത്തനം 11:5, NW; ഗലാത്യർ 5:19-21; വെളി​പ്പാ​ടു 21:8) ‘വിശു​ദ്ധ​രായ ആളുകൾക്കു ചേരാത്ത’ കാര്യ​ങ്ങ​ളാണ്‌ ഒരു വീഡി​യോ​യിൽ ഉള്ളതെ​ങ്കിൽ അതു കാണു​ന്നതു നിറു​ത്താൻ നിങ്ങൾ ദൃഢനി​ശ്ചയം ഉള്ളവരാ​യി​രി​ക്കണം. (എഫെസ്യർ 5:3, 4) വളരെ ആവേശ​ക​ര​മായ ഒരു വീഡി​യോ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചാനൽ മാറ്റാ​നോ ടിവി നിറു​ത്താ​നോ അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. അതു​കൊണ്ട്‌ “വ്യർത്ഥ​ത​ക​ളിൽനിന്ന്‌ എന്റെ ദൃഷ്ടി തിരി​ക്ക​ണമേ” എന്ന്‌ എഴുതിയ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നിങ്ങളും പ്രാർഥി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം: —സങ്കീർത്തനം 119:37, പി.ഒ.സി. ബൈബിൾ.

മുമ്പ്‌ വിവരി​ച്ച​വ​യു​ടെ അത്രയും ഞെട്ടി​ക്കുന്ന രംഗങ്ങ​ളുള്ള വീഡി​യോ​കൾ കാണു​ന്ന​തിൽ നിന്നു സ്വാഭാ​വി​ക​മാ​യി​ത്തന്നെ നിങ്ങൾ പിന്തി​രി​ഞ്ഞേ​ക്കാം. എന്നിരു​ന്നാ​ലും, ചില വീഡി​യോ​ക​ളു​ടെ അവതര​ണ​രീ​തി വളരെ തന്ത്രപ​ര​മാണ്‌. അതിലെ ലൈം​ഗിക രംഗങ്ങൾ ക്ഷണിക​മോ നൊടി​യി​ട​യിൽ മാഞ്ഞു​പോ​കു​ന്ന​തോ ആയിരി​ക്കാം. അവയിലെ ഈരടി​ക​ളും ദൃശ്യ​ങ്ങ​ളു​മൊ​ക്കെ ദൈവി​ക​മ​ല്ലാത്ത ചില വീക്ഷണങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി, വിദഗ്‌ധ​മാ​യി മെന​ഞ്ഞെ​ടു​ത്തവ ആയിരി​ക്കാ​മെ​ങ്കി​ലും ആ വീക്ഷണ​ങ്ങളെ കുറിച്ച്‌ സ്‌പഷ്ട​മാ​യി യാതൊ​ന്നും പറയു​ക​യോ കാണി​ക്കു​ക​യോ ചെയ്‌തെന്നു വരില്ല. ഒരു പ്രത്യേക വീഡി​യോ വീക്ഷി​ച്ച​ശേഷം നിങ്ങൾക്ക്‌ അൽപ്പ​മെ​ങ്കി​ലും കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ നിങ്ങൾ കണ്ട കാര്യങ്ങൾ ഏതെങ്കി​ലും വിധത്തിൽ അനാ​രോ​ഗ്യ​ക​ര​മോ ക്രിസ്‌തീ​യ​വി​രു​ദ്ധ​മോ ആയിരു​ന്നി​രി​ക്കാ​നാ​ണു സാധ്യത. ഔചി​ത്യ​ത്തി​ന്റെ മാനദ​ണ്ഡങ്ങൾ വ്യക്തമ​ല്ലാ​ത്ത​പ്പോൾ ഏതു വീക്ഷി​ക്കണം ഏത്‌ ഒഴിവാ​ക്കണം എന്നതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ കഴിയുക?

തീർച്ച​യാ​യും, നിങ്ങൾ മ്യൂസിക്‌ വീഡി​യോ​കൾ കാണേ​ണ്ട​തു​ണ്ടോ എന്നത്‌ നിങ്ങളു​ടെ​യും മാതാ​പി​താ​ക്ക​ളു​ടെ​യും വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. നിങ്ങൾ എന്തു കാണണം എന്തു കാണരുത്‌ എന്നീ കാര്യ​ങ്ങ​ളിൽ തീരു​മാ​നങ്ങൾ എടുക്കാൻ മാതാ​പി​താ​ക്കൾക്ക്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌. (എഫെസ്യർ 6:1-3) എന്നാൽ മ്യൂസിക്‌ വീഡി​യോ​കൾ കാണാൻ മാതാ​പി​താ​ക്കൾ നിങ്ങൾക്ക്‌ അനുമതി നൽകു​ന്നെ​ങ്കിൽത്തന്നെ നിങ്ങൾക്ക്‌ ഒരു കാര്യം ശരിയാ​യി തോന്നു​ന്നു എന്നതു​കൊ​ണ്ടു മാത്രം അതു ചെയ്യരുത്‌. പകരം, ‘നന്മതി​ന്മ​കളെ വേർതി​രി​ച്ച​റി​യാൻ തക്കവണ്ണം നമ്മുടെ ഗ്രഹണ​പ്രാ​പ്‌തി​കളെ പരിശീ​ലി​പ്പി​ക്കാൻ’ എബ്രായർ 5:14 നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ നന്മയേത്‌ തിന്മ​യേത്‌ എന്നു തീരു​മാ​നി​ക്കാ​നുള്ള ഒരു അടിസ്ഥാ​നം പ്രദാനം ചെയ്യുന്ന ബൈബിൾ തത്ത്വങ്ങ​ളു​ടെ പഠനത്താൽ നമ്മുടെ ഗ്രഹണ​പ്രാ​പ്‌തി​കൾ പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു. അത്തരം ബൈബിൾ തത്ത്വങ്ങളെ കുറിച്ചു ധ്യാനി​ക്കു​ന്നതു മുഖേന, ഒരു പ്രത്യേക സന്ദർഭ​ത്തിൽ നിങ്ങളെ നയിക്കാൻ നിശ്ചിത ബൈബിൾ മാർഗ​നിർദേശം ഇല്ലെങ്കിൽപ്പോ​ലും നിങ്ങളു​ടെ ആത്മീയ ആരോ​ഗ്യ​ത്തി​നു വിപത്‌ക​ര​മാ​യത്‌ എന്താ​ണെന്നു തിരി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയും.

അങ്ങനെ​യെ​ങ്കിൽ, മ്യൂസിക്‌ വീഡി​യോ​കൾ കാണു​ന്നതു സംബന്ധിച്ച്‌ ഏതു ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ നയിക്കാൻ കഴിയും? ഒരു ഭാവി​ലേ​ഖ​ന​ത്തിൽ ഇതു ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും. (g03 2/22)

[22-ാം പേജിലെ ആകർഷക വാക്യം]

“‘ഞാൻ സംഗീ​ത​മൊ​ക്കെ കേൾക്കു​ന്നു​ണ്ടെ​ങ്കി​ലും അത്‌ എന്നെ ഒരുത​ര​ത്തി​ലും ബാധി​ക്കു​ന്നില്ല’ എന്ന്‌ അഹംഭാ​വ​ത്തോ​ടെ പറയുന്ന ഒരു വ്യക്തി ഒന്നുകിൽ തീർത്തും ബുദ്ധി​ശൂ​ന്യ​നാണ്‌ അല്ലെങ്കിൽ കാര്യ​ങ്ങളെ കുറിച്ചു തികച്ചും അജ്ഞനാണ്‌”

[23-ാം പേജിലെ ചിത്രങ്ങൾ]

അനാരോഗ്യകരമായ എന്തെങ്കി​ലും വീക്ഷി​ച്ചിട്ട്‌ യഥാർഥ​ത്തിൽ അതിനാൽ ബാധി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ നിങ്ങൾക്കു കഴിയു​മോ?