പരിശോധനയിൻ മധ്യേ വിശ്വാസം നാസി യൂറോപ്പിൽ
പരിശോധനയിൻ മധ്യേ വിശ്വാസം നാസി യൂറോപ്പിൽ
ആന്റോൺ ലെറ്റോൺയാ പറഞ്ഞപ്രകാരം
മാർച്ച് 12, 1938. ഹിറ്റ്ലറുടെ സൈന്യം ഓസ്ട്രിയൻ അതിർത്തി കടന്നിരുന്നു. പടമുന്നേറ്റത്തിന് അകമ്പടിയായി സൈനിക ഗാനങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും റേഡിയോയിലൂടെ അവിടെയാകെ മുഴങ്ങി. തീവ്രമായ രാജ്യസ്നേഹത്തിന്റെ അലകൾ എന്റെ ജന്മനാടായ ഓസ്ട്രിയയിൽ എങ്ങും ആഞ്ഞടിക്കുകയായിരുന്നു.
ഹിറ്റ്ലറിന്റെ പിടിച്ചടക്കലിനെ തുടർന്ന് ഓസ്ട്രിയയിലാകെ ജനങ്ങൾ ആവേശഭരിതരായിരുന്നു. അദ്ദേഹത്തിന്റെ “ആയിരം വർഷ ഭരണം” ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും അന്ത്യം കുറിക്കുമെന്നു പലരും പ്രത്യാശിച്ചു. കത്തോലിക്കാ പുരോഹിതന്മാർപോലും രാജ്യത്താകെ അലയടിക്കുന്ന വികാരനിർഭരമായ രാജ്യസ്നേഹ പ്രകടനങ്ങളിൽ പങ്കുചേർന്നുകൊണ്ട് ഹിറ്റ്ലറിനു സല്യൂട്ട് ചെയ്തു.
അന്ന് എനിക്കു വെറും 19 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും ഹിറ്റ്ലറിന്റെ മോഹനവാഗ്ദാനങ്ങൾ ഒന്നും എന്നെ തെല്ലും ഉലച്ചില്ല. ഏതെങ്കിലും മാനുഷ ഗവൺമെന്റുകൾക്കു മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം വരുത്താൻ കഴിയുമെന്നു ഞാൻ വിശ്വസിച്ചിരുന്നില്ല.
ബൈബിൾ സത്യം പഠിക്കുന്നു
ഓസ്ട്രിയയിലെ ഡോണാവിറ്റ്സിൽ 1919 ഏപ്രിൽ 19-നാണു ഞാൻ ജനിച്ചത്. വീട്ടിലെ മൂന്നു കുട്ടികളിൽ ഇളയതായിരുന്നു ഞാൻ. പിതാവ് കൽക്കരി ഖനിയിലെ കഠിനാധ്വാനിയായ ഒരു തൊഴിലാളി ആയിരുന്നു. 1923-ൽ ഞങ്ങളെയും കൂട്ടി അദ്ദേഹം ഫ്രാൻസിലേക്കു പോയി. അവിടെ ഖനനം നടന്നുകൊണ്ടിരുന്ന ലിയേവെൻ എന്ന പട്ടണത്തിൽ അദ്ദേഹത്തിനു ജോലി കിട്ടി. തന്റെ ചില ഉറച്ച രാഷ്ട്രീയ ബോധ്യങ്ങൾ നിമിത്തം അദ്ദേഹം മതത്തെ എപ്പോഴും സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചിരുന്നത്. അതേസമയം അമ്മയാണെങ്കിൽ ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയും. ദൈവത്തിൽ വിശ്വസിക്കാൻ അമ്മ കുട്ടികളായ ഞങ്ങളെ പഠിപ്പിച്ചു. എന്നും രാത്രിയിൽ അമ്മ ഞങ്ങളോടൊപ്പമിരുന്നു പ്രാർഥിക്കുമായിരുന്നു. ക്രമേണ, മതത്തിലുള്ള അവിശ്വാസം കൂടുതൽ ശക്തമായിത്തീർന്നിട്ട് പിതാവ് അമ്മയെ പള്ളിയിൽ പോലും വിടാതായി.
അങ്ങനെയിരിക്കെ, 1920-കളുടെ അവസാനം ഞങ്ങൾ വിന്റ്സെന്റ്സ് പ്ലാറ്റൈസിനെ കണ്ടുമുട്ടി. യൂഗോസ്ലാവിയൻ വംശജനായ ആ യുവാവിനെ ഞങ്ങൾ വിൻകോ എന്നു വിളിച്ചു. അദ്ദേഹത്തിനു ബൈബിൾ വിദ്യാർഥികളുമായി ബന്ധമുണ്ടായിരുന്നു—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. താമസിയാതെ ബൈബിൾ വിദ്യാർഥികളിൽ ഒരാൾ ഞങ്ങളുടെ കുടുംബത്തെ സന്ദർശിക്കാൻ തുടങ്ങി. പള്ളിയിൽ പോകുന്നതു പിതാവ് വിലക്കിയിരുന്നതിനാൽ വീട്ടിൽ വെച്ച് ദൈവത്തെ ആരാധിക്കാമോ എന്ന് അമ്മ വിൻകോയോടു ചോദിച്ചു. ദൈവം “കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല” എന്നു വ്യക്തമാക്കുന്ന പ്രവൃത്തികൾ 17:24 കാണിച്ചിട്ട്, ദൈവത്തെ ആരാധിക്കാനുള്ള ഉചിതമായ ഒരു സ്ഥലമാണു വീടെന്ന് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. അമ്മയ്ക്കു വളരെ സന്തോഷമായി, ബൈബിൾ വിദ്യാർഥികളുടെ വീടുകളിൽവെച്ചു നടത്തുന്ന യോഗങ്ങൾക്ക് അമ്മ സംബന്ധിക്കാൻ തുടങ്ങി.
ഇതു പിതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ‘ഈ അസംബന്ധം നിറുത്താൻ’ അദ്ദേഹം അമ്മയോടു പറഞ്ഞു. ബൈബിൾ വിദ്യാർഥികളിൽനിന്നു ഞങ്ങളെ അകറ്റാനായി, ഞങ്ങളെല്ലാവരും ഞായറാഴ്ചകളിലെ കുർബ്ബാനയിൽ സംബന്ധിക്കണമെന്നു പോലും അദ്ദേഹം ശാഠ്യം പിടിച്ചു! അമ്മ പള്ളിയിൽ പോകാൻ തീർത്തും വിസമ്മതിച്ചതിനാൽ ഞാൻ അൾത്താരയിൽ പുരോഹിതന്റെ സഹായിയായി സേവിക്കണമെന്ന് പിതാവ് ശഠിച്ചു. ഇക്കാര്യത്തിൽ പിതാവിന്റെ ആഗ്രഹത്തെ അമ്മ മാനിച്ചെങ്കിലും, എന്റെ ഹൃദയത്തിലും മനസ്സിലും ബൈബിൾ തത്ത്വങ്ങൾ ഉൾനടുന്നതിലും ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു പോകുമ്പോഴൊക്കെ എന്നെയും കൊണ്ടുപോകുന്നതിലും അമ്മ തുടർന്നു.
പെപി എന്ന ചെല്ലപ്പേരുള്ള എന്റെ പെങ്ങൾ യോസഫീനായും വിൻകോയും 1928-ൽ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പിന്നീട് അവർ വിവാഹിതരായി. പിറ്റേ വർഷം ലിയേവെനിൽവെച്ച് അവരുടെ മകൾ ഫീനി ജനിച്ചു. മൂന്നു വർഷം കഴിഞ്ഞ്, സാക്ഷികളുടെ പ്രവർത്തനത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന യൂഗോസ്ലാവിയയിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ അവർക്കു ക്ഷണം ലഭിച്ചു. നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും അവരുടെ സന്തോഷത്തിനും യഹോവയുടെ സേവനത്തോടുള്ള തീക്ഷ്ണതയ്ക്കും മങ്ങലേറ്റില്ല. അവരുടെ മികച്ച ദൃഷ്ടാന്തം ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരാനുള്ള ആഗ്രഹം എന്നിൽ ഉളവാക്കി.
ആത്മീയ വളർച്ച
ദുഃഖകരമെന്നു പറയട്ടെ, പൊരുത്തക്കേടുകൾ നിമിത്തം ഞങ്ങളുടെ പിതാവും മാതാവും 1932-ൽ വിവാഹമോചനം നേടി. ഞാൻ അമ്മയോടൊപ്പം ഓസ്ട്രിയയിലേക്കു പോയി. എന്റെ മൂത്ത സഹോദരൻ വിൽഹെം (വില്ലി) ഫ്രാൻസിൽത്തന്നെ താമസിച്ചു. അതിനുശേഷം പിതാവുമായി എനിക്കു യാതൊരു ബന്ധവും ഇല്ലായിരുന്നു. തന്റെ മരണംവരെ അദ്ദേഹം ഞങ്ങളോട് എതിർപ്പു തുടർന്നു.
ഓസ്ട്രിയയിലെ ഗാംലിറ്റ്സ് ഗ്രാമത്തിൽ ഞാനും അമ്മയും സ്ഥിരതാമസം തുടങ്ങി. അടുത്തെങ്ങും സഭ ഇല്ലായിരുന്നതിനാൽ അമ്മ ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ എന്നോടൊപ്പം ക്രമമായി ചർച്ച ചെയ്യുമായിരുന്നു. എന്നാൽ ഏഡൂവാർട്ട് വോഹിന്റ്സ് എന്ന വ്യക്തി മാസത്തിൽ രണ്ടു തവണ വീട്ടിൽ വന്ന് ഞങ്ങൾക്ക് ആവശ്യമായ ആത്മീയ പോഷണം നൽകിയിരുന്നത് ഞങ്ങൾക്കു വളരെ സന്തോഷം പകർന്നു. ഗ്രാറ്റ്സ് എന്ന സ്ഥലത്തുനിന്നു ഞങ്ങളെ സന്ദർശിക്കുന്നതിന് ഓരോ ദിശയിലേക്കും അദ്ദേഹത്തിന് 100 കിലോമീറ്ററോളം സൈക്കിൾ ചവിട്ടണമായിരുന്നു!
ഹിറ്റ്ലറിന്റെ ഭീകരവാഴ്ചയുടെ തുടക്കത്തിൽ, 1938-ൽത്തന്നെ വോഹിന്റ്സ് സഹോദരനെ അറസ്റ്റു ചെയ്തു. അദ്ദേഹത്തെ ലിൻസിലെ ഒരു ദയാവധ സ്ഥാപനത്തിൽവെച്ച് ഗ്യാസ് ചേംബറിൽ വധിച്ചു എന്നു കേട്ടപ്പോൾ ഞങ്ങളെല്ലാം അതീവ ദുഃഖിതരായി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിശ്വാസം യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാൻ ഞങ്ങൾക്കു ശക്തിയേകി.
1938—ഒരു കറുത്ത വർഷം
ഓസ്ട്രിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം 1935-ൽത്തന്നെ നിരോധിച്ചിരുന്നു. 1938-ൽ ഹിറ്റ്ലറുടെ സൈന്യം ഓസ്ട്രിയയിലേക്കു കടന്നപ്പോൾ ഞങ്ങളുടെ ശുശ്രൂഷ അങ്ങേയറ്റം അപകടകരമായി. ഞാനും അമ്മയും സാക്ഷികളാണെന്ന് ഞങ്ങളുടെ അയൽക്കാർക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ട് ആളുകളുടെ വെട്ടത്തു വരാതിരിക്കാൻ ഞങ്ങൾ കഴിവതും ശ്രമിച്ചു. നാസികളുടെ കണ്ണിൽപ്പെടാതിരിക്കാനായി ഞാൻ രാത്രി മുഴുവനും ഒരു കളപ്പുരയിൽ കഴിച്ചു കൂട്ടാൻ പോലും തുടങ്ങി.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തെട്ടിന്റെ തുടക്കമായപ്പോഴേക്കും, ഞാൻ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു ബേക്കറിയിൽ ജോലി ചെയ്തു തുടങ്ങിയിരുന്നു. എന്നാൽ “ഹെയ്ൽ ഹിറ്റ്ലർ” എന്നു പറയാനും ഹിറ്റ്ലറിന്റെ യുവജനസംഘടനയിൽ അംഗമാകാനും വിസമ്മതിച്ചതിനാൽ എന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എന്നാൽ യഹോവയാം ദൈവത്തിനുള്ള സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്താനുള്ള എന്റെ തീരുമാനം പൂർവാധികം ശക്തിപ്പെടുകയാണു ചെയ്തത്.
അമ്മയും ഞാനും 1938 ഏപ്രിൽ 8-നു സ്നാപനമേറ്റു. ഞങ്ങളും സ്നാപനാർഥികളായ മറ്റ് ഏഴു പേരും രാത്രിയിൽ കാട്ടിലെ ഒറ്റപ്പെട്ട ഒരു കുടിലിൽ ഒത്തുകൂടി. സ്നാപന പ്രസംഗം കഴിഞ്ഞ്, പത്തു മിനിട്ട് ഇടവിട്ട് ഞങ്ങൾ ഓരോരുത്തരായി ഇടുങ്ങിയ ഒരു നടപ്പാതയിലൂടെ താഴെയുള്ള അലക്കുപുരയിലേക്കു പോയി. അവിടെ വെള്ളം നിറച്ച ഒരു സിമന്റു തൊട്ടിയിൽ ഞങ്ങൾ സ്നാപനമേറ്റു.
ഓസ്ട്രിയയെ ജർമനിയോടു ചേർക്കുന്നതു സംബന്ധിച്ച് 1938 ഏപ്രിൽ 10-ന് പ്രഹസന വോട്ടിങ് നടത്തുകയുണ്ടായി. “ഹിറ്റ്ലറിനു വോട്ടുചെയ്യുക!” എന്ന മുദ്രാവാക്യം അടങ്ങിയ പോസ്റ്ററുകൾ രാജ്യമെമ്പാടും കാണാമായിരുന്നു. അമ്മയോടും എന്നോടും വോട്ടുചെയ്യാൻ ആവശ്യപ്പെട്ടില്ല. കാരണം വളരെക്കാലം ഫ്രാൻസിൽ താമസിച്ച് മടങ്ങിയെത്തിയ ഞങ്ങൾക്ക് ഒരിടത്തും പൗരത്വം ഇല്ലായിരുന്നു. ഇതു പിന്നീട് എന്റെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ദക്ഷിണ ഓസ്ട്രിയയിലെ ക്ലാഗെൻഫുർട്ടിൽനിന്നുള്ള ഫ്രാന്റ്സ് ഗാൻസ്റ്റെ ക്രമമായി ഞങ്ങൾക്കു വീക്ഷാഗോപുരം എത്തിച്ചുതന്നിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്നതിനു മുമ്പ് ദൈവവചനത്തിൽനിന്ന് ആത്മീയമായി ശക്തി പ്രാപിക്കാൻ ഇതുമൂലം ഞങ്ങൾക്കു കഴിഞ്ഞു.
എന്റെ സഹോദരൻ, വില്ലി
എന്നെക്കാൾ നാലു വയസ്സു മൂത്തതായിരുന്നു വില്ലി. ഒമ്പതു വർഷം മുമ്പ് ഞാനും അമ്മയും ഫ്രാൻസിൽനിന്നു പോന്നതിൽപ്പിന്നെ എന്റെ ജ്യേഷ്ഠനായ വില്ലിക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ചെറുപ്പത്തിൽ വില്ലിക്ക് അമ്മ ബൈബിൾ വിഷയങ്ങൾ പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിലും മുതിർന്നപ്പോൾ, ഹിറ്റ്ലറിന്റെ ഭരണമാണ് ശോഭനമായ ഭാവിയിലേക്കുള്ള താക്കോൽ എന്നു
വിശ്വസിക്കാൻമാത്രം വില്ലി വഴിതെറ്റിക്കപ്പെട്ടിരുന്നു. 1940 മേയിൽ, ഒരു നാസി എന്ന നിലയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒരു ഫ്രഞ്ച് കോടതി ജ്യേഷ്ഠന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ പെട്ടെന്നുതന്നെ ജർമൻ സൈന്യം ഫ്രാൻസ് ആക്രമിച്ചപ്പോൾ ജ്യേഷ്ഠൻ മോചിതനായി. ആ അവസരത്തിലാണ് ജ്യേഷ്ഠൻ പാരീസിൽനിന്ന് ഞങ്ങൾക്കൊരു കാർഡ് അയയ്ക്കുന്നത്. വില്ലി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷംതോന്നി, എന്നാൽ വില്ലിയിൽ വന്ന മാറ്റങ്ങളെ കുറിച്ചു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി.യുദ്ധകാലത്ത് മിക്കപ്പോഴും വില്ലി ഞങ്ങളെ സന്ദർശിച്ചിരുന്നു. എസ്എസു-മായി (ഷുറ്റ്സ്സ്റ്റാഫൽ, ഹിറ്റ്ലറിന്റെ വിശിഷ്ട അകമ്പടിസേന) വില്ലി നല്ല ബന്ധത്തിൽ ആയിരുന്നതുകൊണ്ടാണ് ഇതു സാധിച്ചത്. ഹിറ്റ്ലറിന്റെ സൈനിക വിജയങ്ങളിൽ എന്റെ ജ്യേഷ്ഠൻ മതിമറന്നുപോയി. ബൈബിൾ അധിഷ്ഠിത പ്രത്യാശയിലേക്കു ജ്യേഷ്ഠന്റെ ശ്രദ്ധതിരിക്കാൻ ഞാൻ ആകുന്നത്ര ശ്രമിക്കുമായിരുന്നു. അതു കേൾക്കുമ്പോൾ ജ്യേഷ്ഠൻ ഇങ്ങനെ പറയും: “വെറുതെ വിഡ്ഢിത്തം പുലമ്പാതിരിക്കൂ, മിന്നൽ വേഗത്തിൽ ഹിറ്റ്ലർ ആക്രമിച്ച് മുന്നേറുന്നതു കണ്ടില്ലേ, ജർമൻകാർ താമസിയാതെ ഈ ലോകത്തിന്റെ ഭരണാധിപന്മാരാകും!”
ഒരിക്കൽ വില്ലി അവധിക്കു വീട്ടിൽ വന്നപ്പോൾ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ശത്രുക്കൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഞാൻ അവനു സമ്മാനിച്ചു. അത് 1942 ഫെബ്രുവരിയിലായിരുന്നു എന്ന് എനിക്കോർമയുണ്ട്. എന്നെ അതിശയിപ്പിച്ചുകൊണ്ട്, ഒറ്റയിരിപ്പിന് ജ്യേഷ്ഠൻ അതു വായിച്ചുതീർത്തു. ഹിറ്റ്ലറിന്റെ ഭരണം തികഞ്ഞ പരാജയത്തിലേക്കു നീങ്ങുമെന്ന് എന്റെ ജ്യേഷ്ഠൻ തിരിച്ചറിയാൻ തുടങ്ങി. താനിതു വരെ പിന്തുണച്ചത് മനുഷ്യത്വം ലവലേശമില്ലാത്ത ഒരു ദുർഭരണത്തെയാണെന്നു മനസ്സിലാക്കിയപ്പോൾ, പെട്ടെന്നുതന്നെ തന്റെ തെറ്റു തിരുത്താൻ ജ്യേഷ്ഠൻ ദൃഢനിശ്ചയമെടുത്തു.
ബൈബിൾ സത്യത്തിനുവേണ്ടിയുള്ള വില്ലിയുടെ നിലപാട്
പിറ്റേ മാസം വില്ലി വീണ്ടും ഞങ്ങളെ സന്ദർശിച്ചു. അപ്പോഴേക്കും ആൾ ആകെ മാറിയിരുന്നു. ജ്യേഷ്ഠൻ ഇങ്ങനെ പറഞ്ഞു: “ആന്റൺ, ഞാൻ സ്വീകരിച്ചത് തെറ്റായ പാതയായിരുന്നു.”
“വില്ലീ, ഇതു തിരിച്ചറിയാൻ നീ വളരെ താമസിച്ചുപോയി,” ഞാൻ പ്രതിവചിച്ചു.
അപ്പോൾ ജ്യേഷ്ഠൻ പറഞ്ഞു: “ഇല്ല, അധികം താമസിച്ചിട്ടില്ല! ‘ചെയ്യേണ്ടതെല്ലാം ജീവിച്ചിരിക്കുമ്പോൾ നീ ചെയ്യുക’ എന്നു ബൈബിൾ പറയുന്നു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. അതിനു ഞാൻ ദൈവത്തിനു നന്ദി പറയുന്നു.”—സഭാപ്രസംഗി 9:10.
“നീയിപ്പോൾ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?” ഞാൻ ചോദിച്ചു.
“ഒരു സൈനികനായി തുടരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.” “ഞാൻ നാസികളുമായുള്ള ബന്ധം വേർപെടുത്താൻ പോകുകയാണ്, വരുന്നതു വരട്ടെ.” ഇതായിരുന്നു വില്ലിയുടെ മറുപടി.
പെട്ടെന്നുതന്നെ വില്ലി യൂഗോസ്ലാവിയയിലെ സാഗ്രെബിലുള്ള ഞങ്ങളുടെ പെങ്ങൾ പെപിയെ ഒരിക്കൽക്കൂടെ സന്ദർശിക്കാൻ പോയി. അവിടെ നിരോധനത്തിൻ കീഴിൽ നടത്തപ്പെട്ട സാക്ഷികളുടെ യോഗങ്ങളിൽ കുറച്ചു നാൾ സംബന്ധിച്ച ശേഷം രഹസ്യമായി സ്നാപനമേറ്റു. അങ്ങനെ ഒടുവിൽ മുടിയനായ പുത്രൻ തിരിച്ചുവന്നു!—ലൂക്കൊസ് 15:11-24.
ഫ്രാൻസിലെ നാസികളിൽ നിന്നു രക്ഷപ്പെടാനായി അതിർത്തിവഴി സ്വിറ്റ്സർലൻഡിലേക്കു കടക്കാൻ വില്ലി ശ്രമിച്ചു. പക്ഷേ, ജർമൻ സൈനിക പോലീസ് വില്ലിയെ അറസ്റ്റുചെയ്തു. ബർലിനിലെ സൈനിക-കോടതിയിൽ വെച്ചു വില്ലിയെ വിചാരണചെയ്തു. സൈന്യത്തിൽനിന്ന് ഒളിച്ചോടി എന്ന കാരണത്താൽ 1942 ജൂലൈ 27-ന് വില്ലിയെ വധശിക്ഷയ്ക്കു വിധിച്ചു. ബർലിൻ ടാഗെൽ എന്ന സ്ഥലത്തെ സൈനിക ജയിലിൽ ആയിരുന്ന വില്ലിയെ സന്ദർശിക്കാൻ എനിക്ക് അനുവാദം ലഭിച്ചു. ഒരു ചെറിയ അറയിലേക്ക് അവർ എന്നെ കൊണ്ടുപോയി. എന്നിട്ട്, വില്ലിയെയും അവിടേക്കു കൊണ്ടുവന്നു. വില്ലിയെ ഒരു തടവറ സൂക്ഷിപ്പുകാരനോടു ചേർത്തു ബന്ധിച്ചിരുന്നു. ഈ അവസ്ഥയിൽ എന്റെ ജ്യേഷ്ഠനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. പരസ്പരം ആലിംഗനം ചെയ്യാൻപോലും ഞങ്ങൾക്ക് അനുവാദമില്ലായിരുന്നു. വിടപറയാൻ വെറും 20 മിനിട്ടേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.
എന്റെ കണ്ണു നിറഞ്ഞിരിക്കുന്നതു കണ്ടിട്ട് ജ്യേഷ്ഠൻ പറഞ്ഞു: “ആന്റോൺ, നീ എന്തിനാണു കരയുന്നത്? സന്തോഷിക്കയല്ലേ വേണ്ടത്! സത്യം വീണ്ടും കണ്ടെത്താൻ എന്നെ സഹായിച്ചതിൽ ഞാൻ യഹോവയോട് എത്ര നന്ദിയുള്ളവനാണെന്നോ! ഹിറ്റ്ലറിനു വേണ്ടിയാണു മരിക്കേണ്ടി വന്നിരുന്നതെങ്കിൽ എനിക്കു പ്രത്യാശയ്ക്കു യാതൊരു വകയും ഉണ്ടായിരിക്കുമായിരുന്നില്ല. പക്ഷേ യഹോവയ്ക്കായി മരിച്ചാൽ ഞാൻ പുനരുത്ഥാനത്തിൽ വരും എന്ന് എനിക്ക് ഉറപ്പാണ്. അപ്പോൾ നമുക്കു വീണ്ടും കാണാമല്ലോ!”
വില്ലി ഞങ്ങൾക്കയച്ച വിടവാങ്ങൽ സന്ദേശത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “ഞാൻ സേവിക്കുന്ന എന്റെ പ്രിയപ്പെട്ട ദൈവം എനിക്ക് ആവശ്യമായതെല്ലാം നൽകുന്നു. ഞാൻ സഹിച്ചുനിന്നു ജയശാലിയായിത്തീരേണ്ടതിന് അവൻ തീർച്ചയായും എന്നെ അന്ത്യത്തോളം താങ്ങി പരിപാലിക്കും. എനിക്കു യാതൊരു ഖേദവുമില്ല, അക്കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മാത്രമല്ല ഞാൻ കർത്താവിൽ അചഞ്ചലനായി നിലകൊള്ളുകയും ചെയ്യുന്നു!”
അതിന്റെ പിറ്റേന്ന്, അതായത് 1942 സെപ്റ്റംബർ 2-ന് ബർലിനു സമീപം ബ്രാൻഡൻബർഗ് ജയിലിൽ വില്ലി വധിക്കപ്പെട്ടു. അപ്പോൾ വില്ലിക്ക് 27 വയസ്സായിരുന്നു. ഫിലിപ്പിയർ 4:13-ലെ വാക്കുകളുടെ സത്യതയ്ക്ക് അടിവരയിടുന്നതാണ് വില്ലിയുടെ ജീവിത മാതൃക. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”
വിൻകോ, മരണത്തോളം വിശ്വസ്തൻ
ജർമൻ സൈന്യം 1941-ൽ യൂഗോസ്ലാവിയയിലേക്കു കടന്നതു നിമിത്തം പെപിക്കും ഭർത്താവ് വിൻകോയ്ക്കും 12 വയസ്സുള്ള മകൾ ഫീനിക്കും ഓസ്ട്രിയയിലേക്കു തിരിച്ചു വരേണ്ടതായി വന്നു. അപ്പോഴേക്കും ഓസ്ട്രിയയിലുള്ള മിക്ക സാക്ഷികളെയും തടവറകളിലും തടങ്കൽപ്പാളയങ്ങളിലും ആക്കി കഴിഞ്ഞിരുന്നു. എന്റെ പെങ്ങൾക്കും കുടുംബത്തിനും ജർമൻ പൗരത്വം ഇല്ലാതിരുന്നതിനാൽ ദക്ഷിണ ഓസ്ട്രിയയിൽ ഞങ്ങളുടെ വീടിനടുത്ത് ഒരു കൃഷിയിടത്തിൽ അവരെക്കൊണ്ടു നിർബന്ധിച്ചു പണിയെടുപ്പിച്ചു.
അങ്ങനെയിരിക്കെ, 1943 ആഗസ്റ്റ് 26-ന് ഗസ്റ്റപ്പോ (നാസികളുടെ രഹസ്യപ്പോലീസ്) വിൻകോയെ അറസ്റ്റുചെയ്തു. ഫീനി തന്റെ പിതാവിനോടു യാത്രപറയാൻ ചെന്നപ്പോൾ ഒരു പോലീസ് മേധാവി അവളെ അതിശക്തമായി പ്രഹരിച്ചു. ആ പ്രഹരമേറ്റ് അവൾ ചുഴറ്റിയെറിയപ്പെട്ടു. ഗസ്റ്റപ്പോ വിൻകോയെ പല തവണ ചോദ്യം ചെയ്യുകയും മൃഗീയമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ മ്യൂണിക്കിലെ ഷ്റ്റാഡെൽഹൈം ജയിലിലേക്കു മാറ്റി.
എന്റെ ജോലിസ്ഥലത്തുവെച്ച് 1943 ഒക്ടോബർ 6-ന് പോലീസ് എന്നെ അറസ്റ്റുചെയ്തു. വിൻകോയെ പാർപ്പിച്ചിരുന്ന ഷ്റ്റാഡെൽഹൈം ജയിലിലേക്കു തന്നെയാണ് എന്നെയും അയച്ചത്. എനിക്കു ഫ്രഞ്ച് നല്ല വശമായിരുന്നതിനാൽ യുദ്ധത്തടവുകാരായ ഫ്രഞ്ചുകാർക്കുവേണ്ടി ഒരു തർജമക്കാരനായി എന്നെ ഉപയോഗിച്ചു. ജയിൽ വളപ്പിലൂടെ നടക്കുമ്പോൾ എനിക്കു വിൻകോയുമായി സംസാരിക്കാൻ അവസരം കിട്ടിയിരുന്നു.
ഒടുവിൽ വിൻകോയ്ക്കും മരണശിക്ഷ വിധിച്ചു. സാക്ഷികൾക്ക് ബൈബിൾ സാഹിത്യങ്ങൾ നൽകിയതും തടങ്കൽപ്പാളയങ്ങളിൽ ആയിരുന്ന സാക്ഷികളുടെ ഭാര്യമാരെ പണപരമായി സഹായിച്ചതുമായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. വില്ലിയെ വധിച്ച, ബർലിന് അടുത്തുള്ള അതേ ജയിലിലേക്കു വിൻകോയെയും കൊണ്ടുപോയി. അവിടെ വെച്ച് 1944 ഒക്ടോബർ 9-ന് അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.
തന്റെ കുടുംബവുമായുള്ള വിൻകോയുടെ അവസാനത്തെ കൂടിക്കാഴ്ച കരളലിയിക്കുന്നതായിരുന്നു. അദ്ദേഹം മുറിവും ചതവുമേറ്റ് ചങ്ങലയാൽ ബന്ധിതനായി കാണപ്പെട്ടു. ബന്ധിക്കപ്പെട്ടിരുന്നതു കാരണം അദ്ദേഹത്തിനു തന്റെ കുടുംബത്തെ അവസാനമായൊന്ന് ആശ്ലേഷിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. തന്റെ പിതാവിനെ അവസാനമായി കാണുമ്പോൾ ഫീനിക്ക് 14 വയസ്സായിരുന്നു. പിതാവിന്റെ അവസാന വാക്കുകൾ ഇപ്പോഴും അവളുടെ കാതിൽ മുഴങ്ങുന്നു: “ഫീനീ, നിന്റെ അമ്മയെ നോക്കിക്കൊള്ളണം!”
പിതാവിന്റെ മരണശേഷം ഫീനിയെ അവളുടെ അമ്മയിൽ നിന്നും ബലമായി അകറ്റി ഒരു നാസിക്കുടുംബത്തോടൊപ്പം ആക്കി. അവളെ “എങ്ങനെയും മാറ്റിയെടുക്കാൻ” ആയിരുന്നു പിന്നെ ആ കുടുംബത്തിന്റെ ശ്രമം. പലപ്പോഴും അവർ അവളെ മൃഗീയമായി മർദിച്ചു. റഷ്യൻ സൈന്യം ഓസ്ട്രിയയിൽ എത്തിയപ്പോൾ, ഫീനിയെ അതിക്രൂരമായി ദ്രോഹിച്ച ആ ജർമൻ കുടുംബത്തെ വെടിവെച്ചുകൊന്നു. കിരാത പ്രവൃത്തികൾക്കു കുപ്രസിദ്ധരായ നാസികളായാണ് അവർ ഈ കുടുംബത്തെ വീക്ഷിച്ചത്.
യുദ്ധശേഷം എന്റെ പെങ്ങൾ മുഴുസമയ ശുശ്രൂഷ തുടർന്നു. അവളുടെ രണ്ടാം ഭർത്താവായ ഹാൻസ് ഫോർസ്റ്ററോടൊപ്പം 1998-ലെ തന്റെ മരണം വരെ യഹോവയുടെ സാക്ഷികളുടെ സ്വിസ്സ് ബ്രാഞ്ചിൽ അവൾ സേവനമനുഷ്ഠിച്ചു. ഫീനി തന്റെ മാതാപിതാക്കളുടെ പാതതന്നെ പിന്തുടർന്നു. ഇപ്പോൾ അവൾ സ്വിറ്റ്സർലൻഡിൽ സത്യദൈവമായ യഹോവയെ സേവിക്കുന്നു.
ഒടുവിൽ സ്വാതന്ത്ര്യം!
മ്യൂണിക്കിലെ ഞങ്ങളുടെ ജയിൽ 1945-ന്റെ ആരംഭത്തിൽ ബോംബിട്ടു നശിപ്പിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിൽ നാശത്തിനിരയായി. നഗരം തകർന്നു തരിപ്പണമായിരുന്നു. ഞാൻ തടവറയിലായിട്ട് 18 മാസം കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ ജഡ്ജിയുടെ മുമ്പാകെ എന്നെ വിചാരണ ചെയ്യാനുള്ള ദിവസം വന്നെത്തി. 1945 മേയ് 8-ന് യുദ്ധം ഔദ്യോഗികമായി അവസാനിക്കുന്നതിനു കേവലം രണ്ടാഴ്ച മുമ്പായിരുന്നു അത്. വിചാരണയ്ക്കിടെ അവർ എന്നോടു ചോദിച്ചു: “സൈനികസേവനം ചെയ്യാൻ താങ്കൾക്കു സമ്മതമാണോ?”
“ഒരു തടവുകാരന് യൂണിഫോം ധരിക്കാനും ‘ഹെയ്ൽ ഹിറ്റ്ലർ’ പറയാനും അനുവാദമില്ലല്ലോ?” എന്നു ഞാൻ മറുപടി പറഞ്ഞു. ജർമൻ സൈന്യത്തിൽ ചേരാൻ സമ്മതമാണോ എന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: “ദയവായി നിർബന്ധിത സൈനിക സേവനത്തിനുള്ള പേപ്പർ എനിക്കു തന്നേക്കൂ, അപ്പോൾ ഞാൻ എന്റെ തീരുമാനം നിങ്ങളെ അറിയിക്കാം.”
ഏതാനും ദിവസങ്ങൾക്കു ശേഷം യുദ്ധം അവസാനിച്ചു. ഞാൻ സ്വതന്ത്രനാണെന്ന് എന്നോടു പറഞ്ഞു. താമസിയാതെ ഞാൻ ഗ്രാറ്റ്സിലേക്കു പോയി. അവിടെ 35 സാക്ഷികളുള്ള ഒരു ചെറിയ സഭ സംഘടിപ്പിക്കപ്പെട്ടു. ഇപ്പോൾ ഗ്രാറ്റ്സിൽ എട്ടു സഭകളുണ്ട്.
സ്നേഹമയിയായ ഒരു സഹായി
യുദ്ധശേഷം അധികം താമസിയാതെ ഞാൻ ഹേലേനെ ഡുൺസ്റ്റിനെ കണ്ടുമുട്ടി. മുമ്പ് നാസി പാർട്ടിയിൽ അംഗമായിരുന്ന ഒരു യുവ സ്കൂൾ അധ്യാപികയായിരുന്നു അവൾ. നാസിസം നിമിത്തം അവൾ ആകെ നിരാശപ്പെട്ടിരിക്കുകയായിരുന്നു. അവളോടുള്ള എന്റെ ആദ്യ സംഭാഷണത്തിൽ അവൾ ചോദിച്ചു: “മറ്റാർക്കും ദൈവത്തിന്റെ നാമം അറിഞ്ഞുകൂടാത്തപ്പോൾ അത് യഹോവ എന്നാണെന്ന് നിങ്ങൾക്കുമാത്രം എങ്ങനെ അറിയാം?”
“കാരണം മിക്ക ആളുകളും ബൈബിൾ പരിശോധിക്കുന്നില്ല,” ഞാൻ മറുപടി പറഞ്ഞു. എന്നിട്ട് ദൈവത്തിന്റെ നാമം ബൈബിളിൽനിന്ന് അവളെ കാണിച്ചു.
“ദൈവത്തിന്റെ നാമം യഹോവ എന്നാണെന്നു ബൈബിൾ പറയുന്നെങ്കിൽ അതു തീർച്ചയായും എല്ലാവരെയും അറിയിക്കേണ്ടതാണ്!” അവൾ ആവേശത്തോടെ പറഞ്ഞു. ഹേലേനെ ബൈബിൾ സത്യം പ്രസംഗിക്കാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞ് അവൾ യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. 1948 ജൂൺ 5-ന് ഞങ്ങൾ വിവാഹിതരായി.
തുടർന്ന്, 1953 ഏപ്രിൽ 1-ന് ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരായി. പിന്നീട്, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിനടുത്തുള്ള വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിന്റെ 31-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനായി ഞങ്ങളെ ക്ഷണിച്ചു. അവിടെ ഞങ്ങൾക്ക് 64 രാജ്യങ്ങളിൽ നിന്നുള്ള സഹവിദ്യാർഥികളുമായി ശരിക്കും ഊഷ്മളമായ സഹവാസം ആസ്വദിക്കാൻ കഴിഞ്ഞു.
ബിരുദദാനത്തിനു ശേഷം ഞങ്ങളെ വീണ്ടും ഓസ്ട്രിയയിലേക്കു നിയമിച്ചു. സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുക എന്നതായിരുന്നു കുറെ വർഷത്തേക്കു ഞങ്ങളുടെ നിയമനം. പിന്നീട് യഹോവയുടെ സാക്ഷികളുടെ ലക്സംബർഗിലുള്ള ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അതുകഴിഞ്ഞ് വിയന്നയിലുള്ള ഓസ്ട്രിയാ ബ്രാഞ്ച് ഓഫീസിലേക്കു പോകാൻ ആവശ്യപ്പെട്ടു. അവിടെ സേവിച്ചുകൊണ്ടിരിക്കെ 1972-ൽ, ഞങ്ങൾ സെർബോ-ക്രൊയേഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങി. വിയന്നയിൽ ജോലി ചെയ്യുന്ന യൂഗോസ്ലാവിയയിൽ നിന്നുള്ള കുടിയേറ്റക്കാരോടു സാക്ഷീകരിക്കുന്നതിനായിരുന്നു ഇത്. ഇപ്പോൾ ഇവിടെ വിയന്നയിൽ, സെർബോ-ക്രൊയേഷ്യൻ ഭാഷ സംസാരിക്കുന്ന എട്ട് സഭകളുണ്ട്. യൂറോപ്പിന്റെ മിക്കവാറും എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകൾ ഉൾപ്പെട്ടതാണ് ഈ സഭകൾ!
എന്നാൽ 2001 ആഗസ്റ്റ് 27-ന് ഹേലേനെ മരിച്ചു. 53 വർഷത്തെ സന്തുഷ്ടി നിറഞ്ഞ ഞങ്ങളുടെ വിവാഹ ജീവിതത്തിൽ ഉടനീളം അവൾ എനിക്ക് ആശ്രയയോഗ്യയായ, വിലപ്പെട്ട ഒരു സഹായിയും സഖിയും ആയിരുന്നു. ഇപ്പോൾ പുനരുത്ഥാന പ്രത്യാശയെ ഞാൻ മുമ്പെന്നത്തെക്കാൾ പ്രിയപ്പെട്ടതായി കരുതുന്നു.
ദൈവസ്നേഹത്തിൽ സംതൃപ്തൻ
ജീവിതത്തിൽ ദുരന്തങ്ങൾ അനുഭവിച്ചെങ്കിലും, ഓസ്ട്രിയാ ബ്രാഞ്ചിലെ സേവനത്തിൽ ഞാൻ സംതൃപ്തനായി തുടരുന്നു. “നാസി ഭരണത്തിന്റെ വിസ്മരിക്കപ്പെട്ട ഇരകൾ” എന്ന എക്സിബിഷനോടുള്ള ബന്ധത്തിൽ എന്റെ വ്യക്തിപരമായ അനുഭവങ്ങൾ വിവരിക്കാനുള്ള പദവി അടുത്ത കാലത്ത് എനിക്കു കിട്ടി. 1997 മുതൽ ഓസ്ട്രിയയിലെ 70 നഗരങ്ങളിലും പട്ടണങ്ങളിലും ഈ എക്സിബിഷൻ നടത്തപ്പെട്ടു. നാസി തടവറകളുടെയും തടങ്കൽപ്പാളയങ്ങളുടെയും ജീവിച്ചിരിക്കുന്ന ദൃക്സാക്ഷികൾക്ക് ആ ക്രൂരമായ പീഡനനാളുകളിൽ സത്യക്രിസ്ത്യാനികൾ കാണിച്ച വിശ്വാസത്തെയും ധൈര്യത്തെയും കുറിച്ച് പറയാനുള്ള അവസരം ലഭിച്ചു.
ആ വിശ്വസ്തരെ വ്യക്തിപരമായി അറിയാനിടയായത് ഒരു പദവിയായി ഞാൻ കണക്കാക്കുന്നു. അവർ റോമർ 8:38, 39-ന്റെ സത്യതയ്ക്കു തിളക്കമാർന്ന സാക്ഷ്യമായി വർത്തിക്കുന്നു. അവിടെ ഇങ്ങനെ വായിക്കുന്നു: “മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല.” (g03 2/08)
[17-ാം പേജിലെ ചിത്രം]
ഞങ്ങളുടെ കുടുംബം, 1930-ൽ (ഇടത്തുനിന്ന്): ഞാൻ, പെപി, പിതാവ്, വില്ലി, അമ്മ, വിൻകോ
[18-ാം പേജിലെ ചിത്രം]
എന്റെ സഹോദരൻ വില്ലി, വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ്
[19-ാം പേജിലെ ചിത്രം]
മ്യൂണിക്കിലെ ഷ്റ്റാഡെൽഹൈം ജയിലിൽ ഞാനും വിൻകോയും സമയം ചെലവഴിച്ചു
[19-ാം പേജിലെ ചിത്രം]
വിൻകോയുടെ മകൾ ഫീനിയെ ക്രൂരരായ ഒരു നാസി കുടുംബത്തോടൊപ്പം താമസിപ്പിച്ചു, അവൾ ഇന്നോളം വിശ്വസ്തയായി തുടർന്നിരിക്കുന്നു
[20-ാം പേജിലെ ചിത്രം]
53 വർഷത്തെ വിവാഹജീവിതത്തിൽ ഹേലേനെ എനിക്ക് ഒരു വിലപ്പെട്ട സഖിയായിരുന്നു
[20-ാം പേജിലെ ചിത്രം]
“നാസി ഭരണത്തിന്റെ വിസ്മരിക്കപ്പെട്ട ഇരകൾ” എന്ന എക്സിബിഷനിൽ സംസാരിക്കുന്നു