ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
അധഃപതിക്കുന്ന പെരുമാറ്റ മര്യാദകൾ
“ജപ്പാൻ ജനതയുടെ പെരുമാറ്റ മര്യാദകൾ അധഃപതിച്ചിരിക്കുന്നു.” ദ യോമിയുരി ഷിംബുൻ വർത്തമാനപത്രം അടുത്തകാലത്തു നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 2,000-ത്തോളം പേരിൽ ഏതാണ്ട് 90 ശതമാനവും പ്രതികരിച്ചത് അങ്ങനെയായിരുന്നു. അസഹ്യപ്പെടുത്തുന്നതായി അവർ കണ്ടെത്തിയത് എന്താണ്? “സിഗരറ്റു കുറ്റികൾ, ച്യൂയിങ് ഗം, പാനീയങ്ങൾ വരുന്ന കാനുകൾ തുടങ്ങിയവ ആളുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത്” തങ്ങളെ അസ്വസ്ഥരാക്കുന്നതായി 68 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബഹളം വെക്കുന്ന കുട്ടികളെ അച്ചടക്കം ശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നതായി പകുതിയിലധികം പേരും ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്തെ സെല്ലുലാർ ഫോൺ ഉപയോഗവും ഓമനമൃഗങ്ങളുടെ വിസർജ്യം കോരിക്കളയാത്തതും അനുചിതമായി കാറും സൈക്കിളും പാർക്കു ചെയ്യുന്നതും പരാതിയുടെ പട്ടികയിൽപ്പെടുന്നു. അപമര്യാദയുടെ കാര്യത്തിൽ ഏറ്റവും അധികം വിമർശിക്കപ്പെട്ടത് യുവജനങ്ങളാണ്. “സർവേയിൽ പങ്കെടുത്ത 20-നും 40-നും മധ്യേ പ്രായമുള്ളവരിൽ 66 ശതമാനം പേർ മിഡിൽ സ്കൂൾ-ഹൈസ്കൂൾ വിദ്യാർഥികളുടെ ഇടയിലെ മോശമായ പെരുമാറ്റ മര്യാദകളെ അപലപിച്ചു.” (g03 2/08)
‘തലച്ചോറിന് നുണപറച്ചിൽ ബുദ്ധിമുട്ടുപിടിച്ച പണിയാണ്’
സത്യം പറയുന്നതിനെക്കാൾ നുണപറയുമ്പോൾ തലച്ചോറിന് നന്നേ ക്ലേശിക്കേണ്ടി വരുന്നു എന്ന് പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഒരാൾ നുണ പറയുമ്പോൾ മസ്തിഷ്കത്തിലെ ഏതെല്ലാം ഭാഗങ്ങളാണു സജീവമാകുന്നത് എന്നു തിരിച്ചറിയാൻ ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (fMRI) മെഷീൻ ഉപയോഗിച്ച് ഡോക്ടർ ഡാനിയേൽ ലാങ്ലേബൻ ഈ പ്രതിഭാസത്തെ പഠിച്ചുവരികയായിരുന്നു. ഒരു ചോദ്യത്തെ അഭിമുഖീകരിക്കുമ്പോൾ നമ്മുടെ മസ്തിഷ്കത്തിന് ആദ്യം അതിനെ വിശകലനം ചെയ്യേണ്ടതുണ്ട്. അതേത്തുടർന്ന്, “നുണ കെട്ടിച്ചമയ്ക്കുന്നതിനോ പറയുന്നതിനോ മുമ്പ് ഒരു നുണയൻ ആദ്യം ചിന്തിക്കുന്നത് സ്വാഭാവികമായും സത്യസന്ധമായ ഉത്തരത്തെ കുറിച്ചായിരിക്കും” എന്ന് മെക്സിക്കോ സിറ്റിയിലെ വർത്തമാനപത്രമായ ദ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. “ശ്രമം കൂടാതെ തലച്ചോറിൽ നിന്ന് ഒരിക്കലും ഒരു ഉത്തരം പ്രതീക്ഷിക്കേണ്ട,” ലാങ്ലേബൻ പറയുന്നു. “സത്യം പറയുന്നതിനെക്കാൾ നുണ പറയുന്ന പ്രക്രിയയാണ് കൂടുതൽ സങ്കീർണം, അതിന് നാഡീകോശങ്ങൾ കൂടുതലായി പ്രവർത്തിക്കേണ്ടിവരുന്നു.” വർധിച്ച ഈ പ്രവർത്തനം fMRI മെഷീനിൽ കൂടി നിരീക്ഷിച്ചാൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ ഒരു ബൾബുപോലെ പ്രകാശിക്കുന്നതു കാണാം. “എത്ര വാചാലനായ നുണയന്റെയും തലച്ചോറിന് നുണപറച്ചിൽ ബുദ്ധിമുട്ടുപിടിച്ച പണിതന്നെയാണ്,” പത്രം പറയുന്നു. (g03 2/22)
തൊഴിൽ സ്ഥലത്തെ “പീഡനം”
സ്പെയിനിൽ ആളുകൾ ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തുന്നതിന്റെ പ്രധാന കാരണം “മാനസിക പീഡനം” ആണെന്ന് എൽ പായിസ് സേമാനാൽ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. സ്പെയിനിൽ 20 ലക്ഷത്തിലധികം തൊഴിലാളികൾ തൊഴിൽ സ്ഥലത്തെ നിരന്തര പീഡനം സഹിക്കുന്നു. മനഃശാസ്ത്രജ്ഞനായ ഇന്യാക്കി പിനിവെൽ പറയുന്നതനുസരിച്ച് പീഡനത്തിന് ഇരയാകുന്നവർ ഏറെയും തൊഴിലിൽ മിടുക്കരാണ്. തൊഴിലിലെ അവരുടെ പ്രാവീണ്യം മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്നതാണു പ്രശ്നം. അങ്ങനെയുള്ളവരെ അവമതിക്കാനായി സഹപ്രവർത്തകർ അവരുടെ ജോലി പിടിച്ചുവെക്കുകയും സംഭാഷണങ്ങളിൽനിന്ന് അവരെ ഒഴിവാക്കുകയും കണ്ടില്ലെന്ന മട്ടിൽ കടന്നു പോകുകയും മറ്റും ചെയ്യാറുണ്ട്. അതുമല്ലെങ്കിൽ അവരെ നിരന്തരം വിമർശിക്കുകയോ അവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുംവിധം അപശ്രുതികൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നു. “യൂറോപ്പിലെ ഇരുപതു ശതമാനം ആത്മഹത്യകളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു” എന്ന് റിപ്പോർട്ടു പ്രസ്താവിക്കുന്നു. എന്താണിതിനു പ്രതിവിധി? മാസിക ഇങ്ങനെ നിർദേശിക്കുന്നു: “അങ്ങനെ സംഭവിക്കുന്നെങ്കിൽ ഒരിക്കലും നിശ്ശബ്ദരായിരിക്കരുത്. ദൃക്സാക്ഷികളുണ്ടോയെന്നു നോക്കുക. കമ്പനി അധികൃതരെ വിവരമറിയിക്കുക. പീഡനത്തിനു വിധേയനാകുന്നതിനു നിങ്ങളെത്തന്നെ കുറ്റപ്പെടുത്താതിരിക്കുക. തീർത്തും അസഹനീയമാണെങ്കിൽ ഡിപ്പാർട്ടുമെന്റോ ജോലിയോ മാറുന്നതാണ് നല്ലത്.” (g03 2/08)
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ
“ലോകത്തിലെ ഇരുപതു ശതമാനം കുട്ടികളും മാനസിക പ്രശ്നങ്ങളോ പെരുമാറ്റ വൈകല്യങ്ങളോ ഉള്ളവരാണ്. ഇത് അവരുടെ ശേഷിച്ച ജീവിതത്തെ ബാധിച്ചേക്കാം” എന്ന് ലണ്ടൻ ദിനപത്രമായ ദി ഇൻഡിപെൻഡന്റ് പ്രസ്താവിക്കുന്നു. യുവജനങ്ങൾക്കിടയിൽ വിഷാദവും ആത്മഹത്യയും സ്വയം ദ്രോഹിക്കാനുള്ള പ്രവണതയും “ഞെട്ടിക്കുംവിധം” വർധിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്ര ശിശു ക്ഷേമ നിധിയുടെയും ഒരു സംയുക്ത റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരിക്കുന്നു. യുദ്ധ കലുഷിതമായ പ്രദേശങ്ങളിലും ദ്രുതഗതിയിലുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്കു വിധേയമാകുന്ന രാജ്യങ്ങളിലും ജീവിക്കുന്നവരാണ് ഏറ്റവും അധികം ബാധിക്കപ്പെടുന്നത്. വിഷാദമഗ്നരായ കുട്ടികളിൽ “മറ്റു രോഗങ്ങൾക്കും അപകടകരമായ ശീലങ്ങൾക്കും ഉള്ള പ്രവണത കൂടുതലാണ്. ഇത് അവരുടെ ജീവൻ കുരുന്നിലേ നുള്ളിക്കളഞ്ഞേക്കാം” എന്ന് റിപ്പോർട്ടു പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് പ്രസ്താവിക്കുന്നു. “മുതിർന്നവരുടെ ഇടയിലെ അകാല മരണങ്ങളിൽ ഏതാണ്ട് 70 ശതമാനത്തിനും കാരണം കൗമാര പ്രായത്തിൽ തുടങ്ങുന്ന പുകവലി, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം എന്നിവ പോലുള്ള ദുശ്ശീലങ്ങളാണ്” എന്നും അതു ചൂണ്ടിക്കാട്ടി. (g03 2/08)
ആരോഗ്യം നിലനിറുത്തൽ
“കായിക പ്രവർത്തനങ്ങൾ ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കാൻ സഹായിക്കുന്നു, പ്രമേഹം, അസ്ഥിദ്രവീകരണം തുടങ്ങിയ രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, രാത്രിയിൽ സുഖനിദ്ര പ്രദാനം ചെയ്യുന്നു” എന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് ആൻഡ് ന്യുട്രീഷൻ ലെറ്റർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിനെല്ലാം പുറമേ, “ആരോഗ്യനില നിങ്ങളുടെ ആയുർദൈർഘ്യത്തിന്റെ ഒരു നിർണായക ഘടകമാണ്.” സ്റ്റാൻഫോർഡ് സർവകലാശാലയിലെയും യു.എസ്. വെറ്റെറൻസ് അഫയേഴ്സ് ഹെൽത്ത് കെയർ സിസ്റ്റത്തിലെയും ഗവേഷകർ 6,000-ത്തിലധികം മധ്യവയസ്കരിൽ 13 വർഷം നീണ്ട ഒരു പഠനം നടത്തുകയുണ്ടായി. ക്ഷീണിച്ചു തളർന്നുപോകാതെ ഒരു വ്യക്തിക്ക് എത്രത്തോളം വ്യായാമം ചെയ്യാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ അയാൾ ദീർഘകാലം ജീവിച്ചിരിക്കുമോ എന്നു പറയാനാകും എന്നായിരുന്നു അവരുടെ കണ്ടെത്തൽ. വ്യായാമം ചെയ്യാനുള്ള പ്രാപ്തിയെ ജനിതക ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ടെന്ന് മറ്റു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നുവരികിലും ചുറുചുറുക്കോടെയുള്ള നടത്തം പോലുള്ള “ലഘു” വ്യായാമം ദിവസവും ചെയ്യുന്നതുപോലും ആരോഗ്യം നിലനിറുത്തുന്നതിൽ വളരെ സഹായകമാണ്. (g03 2/08)
യുവജനങ്ങൾക്കിടയിൽ മദ്യം പ്രചരിപ്പിക്കുന്നു
“ഓസ്ട്രേലിയയിലെ യുവജനങ്ങളിൽ ഏതാണ്ടു പത്തിലൊന്ന് മദ്യത്തിന് അടിമകളാണ്” എന്ന് ഓസ്ട്രേലിയയിലെ സൺഡേ ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. നല്ല ഒരു വാരാന്തം എന്നു പറഞ്ഞാൽ “ശരിക്കൊന്നു പൂസാകുന്നതാണ്” എന്ന മനോഭാവം യുവാക്കൾക്കിടയിൽ ഉടലെടുത്തിരിക്കുന്നു എന്നാണ് ഓസ്ട്രേലിയയിലെ ആൽക്കഹോൾ ആൻഡ് അതർ ഡ്രഗ്സ് കൗൺസിൽ അധ്യക്ഷനായ പ്രൊഫസർ ഈയാൻ വെബ്സ്റ്റർ പറയുന്നത്. ദ സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, യുവജനങ്ങൾക്കിടയിലെ മദ്യ പ്രചാരണം എന്ന “തഴച്ചു വളരുന്ന ആഗോള വ്യവസായം” ചില വിദഗ്ധരെ അസ്വസ്ഥരാക്കുന്നു. ലഹരിപാനീയങ്ങളുടെ വിപണനം നടത്തുന്ന മിക്കവാറും എല്ലാ കമ്പനികൾക്കും യുവജനങ്ങളെ ഉന്നംവെച്ചുകൊണ്ടുള്ള വെബ് സൈറ്റുകൾ ഉള്ളതായി ഗവേഷകർ കണ്ടെത്തുകയുണ്ടായി. “ഇത്തരം വെബ് സൈറ്റുകൾ സംഗീത മേളകൾക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചലച്ചിത്രങ്ങളെ കുറിച്ചുള്ള നിരൂപണം ഉൾപ്പെടുത്തുകയും ഒപ്പം തങ്ങളുടെ ഉത്പന്നത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു.” “മദ്യത്തെ യുവജനങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന” ഈ പ്രചാരണതന്ത്രങ്ങൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഉത്കണ്ഠയുള്ളതായി റിപ്പോർട്ടു പറഞ്ഞു. (g03 2/08)
സമൂഹത്തിൽനിന്നും ഉൾവലിയൽ
പ്രമുഖമായി കൗമാരക്കാരെയും പ്രായപൂർത്തിയെത്തിയ ചെറുപ്പക്കാരെയും ബാധിക്കുന്ന, പ്രത്യക്ഷത്തിൽ പുതുതായി തോന്നുന്ന ഒരു പ്രതിഭാസം ജപ്പാനിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന യുവജനങ്ങൾ ചെയ്ത ക്രൂരമായ ചില കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തവേയാണ് ഹികികോമോറീ (സമൂഹത്തിൽനിന്നുള്ള ഉൾവലിയൽ രൂക്ഷമാകുന്ന അവസ്ഥ) എന്നു വിളിക്കപ്പെടുന്ന ഈ പ്രതിഭാസം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയത്. “കൂട്ടിന് ഒരു കമ്പ്യൂട്ടറും വീഡിയോ ഗെയിമുകളുമായി, ബാഹ്യലോകവുമായി യാതൊരു സമ്പർക്കവുമില്ലാതെ മാസങ്ങളോളം മുറിക്കുള്ളിൽ ചടഞ്ഞുകൂടുന്ന ജീവിതരീതി അവരുടെയിടയിൽ അസാധാരണമല്ലെന്ന് ഈ കുറ്റവാളികളുടെ ജീവിതരീതി സംബന്ധിച്ചു നടത്തിയ ഗവേഷണം വെളിപ്പെടുത്തി” എന്ന് വൈദ്യശാസ്ത്ര ജേർണലായ ദ ലാൻസെറ്റ് റിപ്പോർട്ടു ചെയ്യുന്നു. മറ്റു തെളിവുകൾ സൂചിപ്പിക്കുന്ന പ്രകാരം അക്രമത്തെക്കാൾ ഉദാസീനതയാണ് ഹികികോമോറീയുടെ കൂടുതൽ സാധാരണമായി കണ്ടുവരുന്ന ലക്ഷണം. എന്നിരുന്നാലും, “സമൃദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ആധുനിക ജാപ്പനീസ് ജീവിതത്തിലെ സുഖസൗകര്യങ്ങളുടെയും ഉത്പന്നമാണ് ഈ പ്രതിഭാസം എന്നതിനോട് ആളുകൾ പരക്കെ യോജിക്കുന്നു” എന്ന് ജേർണൽ പ്രസ്താവിക്കുന്നു. “ഇതുള്ളവർ, വീട്ടിലെത്തിച്ചു കൊടുക്കുന്ന ഭക്ഷണപാനീയങ്ങൾ തിന്നും കുടിച്ചുംകൊണ്ട്, ഉണർന്നിരിക്കുന്ന സമയത്തിലധികവും ഇന്റർനെറ്റ് ഉപയോഗിച്ചും വീഡിയോ ഗെയിം കളിച്ചും ചെലവഴിക്കുന്നു.” സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു ജീവിക്കുന്ന യുവജനങ്ങൾ ജപ്പാനിൽ പത്തു ലക്ഷത്തോളം വരുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. (g03 2/08)