ഒരു വൻദുരന്തം
ഒരു വൻദുരന്തം
എറിക്കിന് ആറുമാസം പ്രായമുണ്ട്. a പക്ഷേ, അവന്റെ ഉയരവും തൂക്കവും കേവലം ഒന്നോ രണ്ടോ മാസം പ്രായമായ കുട്ടിയുടേതുപോലെയാണ്. അവനു തൂക്കം വളരെ കുറവാണെങ്കിലും കാലുകളും വയറും വീർത്തിരിക്കുന്നു. മുഖമാകട്ടെ ചീർത്ത് വൃത്താകൃതിയിലാണ്. അവനു വിളർച്ചയുണ്ട്. മുടിയാണെങ്കിൽ എളുപ്പം പൊട്ടിപ്പോകുന്നതും ശോഭ മങ്ങിയതുമാണ്. അവന്റെ തൊലിപ്പുറത്തു വ്രണങ്ങളുണ്ട്. അവൻ അങ്ങേയറ്റം അസ്വസ്ഥനാണ്. എറിക്കിന്റെ കണ്ണുകൾ പരിശോധിക്കുമ്പോൾ ഡോക്ടർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അവന്റെ നേത്രകലയ്ക്ക് എളുപ്പത്തിൽ ക്ഷതം സംഭവിച്ചേക്കാം. സാധ്യതയനുസരിച്ച് എറിക്കിന്റെ മാനസിക വികാസത്തിനും തകരാറു സംഭവിച്ചിട്ടുണ്ട്. ദുഃഖകരമെന്നു പറയട്ടെ, ഈ കുട്ടിയുടേതുപോലുള്ള അവസ്ഥ അസാധാരണമായ ഒന്നല്ല.
“ലോകമൊട്ടാകെയുള്ള പകുതിയിലധികം ശിശുമരണങ്ങളിലും ഇതിനു പങ്കുണ്ട്. മാനവരാശിയെ ഗ്രസിച്ച കറുത്ത മരണമെന്ന പകർച്ചവ്യാധിക്കു ശേഷം ഇത്രയധികം മരണങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒരു രോഗം തലപൊക്കിയിട്ടില്ല. എന്നാൽ ഇതാകട്ടെ ഒരു പകർച്ചവ്യാധി അല്ലതാനും. ഇതിനെ അതിജീവിക്കുന്നവരും ഇതിന്റെ വിനാശകഫലങ്ങൾ പേറുന്നു. ദശലക്ഷങ്ങൾ അംഗവൈകല്യമുള്ളവരായിത്തീരുന്നു, ഇവരുടെ രോഗപ്രതിരോധ ശേഷി താറുമാറാകുന്നു, മാനസിക വൈകല്യങ്ങളും ഇവരെ ബാധിക്കുന്നു. ഇതിന്റെ കരാളഹസ്തങ്ങൾ സ്ത്രീകളെയും കുടുംബങ്ങളെയും ആത്യന്തികമായി സമൂഹത്തെത്തന്നെ വരിഞ്ഞുമുറുക്കുന്നു.”—ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ (യൂനിസെഫ്) റിപ്പോർട്ടായ ലോകത്തിലെ കുട്ടികളുടെ അവസ്ഥ (ഇംഗ്ലീഷ്).
മേൽ വിവരിച്ചത് ഏതു രോഗത്തെപ്പറ്റിയാണ്? “ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അടിയന്തിര പ്രശ്നം” എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വികലപോഷണത്തെ—പ്രത്യേകിച്ച് മാംസ്യ-ഊർജ വികലപോഷണത്തെ (പ്രൊട്ടീൻ-എനർജി മാൽന്യുട്രീഷ്യൻ, പിഇഎം) [മാംസ്യങ്ങളുടെയോ കലോറികളുടെയോ അതിന്റെ രണ്ടിന്റെയുമോ കുറവു മൂലമുണ്ടാകുന്ന വികലപോഷണം]—കുറിച്ച്. ഈ ദുരന്തം എത്ര വലുതാണ്? ലോകാരോഗ്യ സംഘടന ഇപ്രകാരം പറയുന്നു: “ഓരോ വർഷവും ലോകമൊട്ടാകെ മരിക്കുന്ന 1 കോടി 4 ലക്ഷം കുട്ടികളിൽ പകുതി പേരുടെയെങ്കിലും മരണത്തിൽ ഇതിനൊരു പങ്കുണ്ട്.”
വികലപോഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ജീവകങ്ങളോ ധാതുക്കളോ പോലെ ഒന്നോ അതിലധികമോ പോഷകങ്ങളുടെ അപര്യാപ്തത മൂലമുള്ള പോഷണക്കുറവ് മുതൽ പൊണ്ണത്തടിയും ഭക്ഷണക്രമത്തോടു ബന്ധപ്പെട്ട സ്ഥായിയായ മറ്റു രോഗങ്ങളും ഇവയ്ക്ക് ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, “പിഇഎം ആണ് വികലപോഷണത്തിന്റെ ഏറ്റവും മാരകമായ രൂപം” എന്നു ലോകാരോഗ്യ സംഘടന പറയുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഇതിന്റെ മുഖ്യ ഇരകൾ.
തുടക്കത്തിൽ പരാമർശിച്ച എറിക്കിനെപ്പോലെ വികലപോഷിതരായ ദശലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ കുറിച്ച് ഒന്നു ചിന്തിക്കുക. അത്തരമൊരു അവസ്ഥയിലായതിന് അവർ ഉത്തരവാദികളല്ല, അവർക്ക് അതിൽ നിന്നു രക്ഷപ്പെടാൻ കഴിയുകയുമില്ല. ശിശുപോഷക വിദഗ്ധയായ ഹിയോർഹീനാ റ്റൂസായിന്റ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “നിരപരാധികളും നിസ്സഹായരുമാണ് ദുരന്തഫലങ്ങൾ അനുഭവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്.”
എല്ലാവർക്കും വേണ്ടുവോളം ഭക്ഷണം ലഭ്യമല്ലെന്നും തത്ഫലമായി ഈ ദുരവസ്ഥ ഒഴിവാക്കാനാവാത്ത ഒന്നാണെന്നും ചിലർ നിഗമനം ചെയ്തേക്കാം. എന്നാൽ ലോകാരോഗ്യ സംഘടന പറയുന്നതു ശ്രദ്ധിക്കുക: “നാം ജീവിക്കുന്നത് സമൃദ്ധിയുടെ ഒരു ലോകത്താണ്.” അതേ, ഭൂമിയിലെ സകല മനുഷ്യർക്കും ആവശ്യമായതിലും അധികം ഭക്ഷണം ഇവിടെയുണ്ട്. മാത്രമല്ല, ഏറ്റവും എളുപ്പത്തിൽ തടയാവുന്നതും ഏറ്റവും കുറഞ്ഞ ചിലവിൽ ചികിത്സിച്ചു ഭേദമാക്കാവുന്നതുമായ രോഗമാണു വികലപോഷണം. ഈ വസ്തുതകൾ നിങ്ങളെ രോഷം കൊള്ളിക്കുന്നില്ലേ?
വികലപോഷണത്തിന്റെ ഇരകൾ
വികലപോഷണം കുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ 2001 ജൂലൈയിലെ റിപ്പോർട്ടനുസരിച്ച് “വികലപോഷണം വീഴ്ത്തുന്ന കരിനിഴൽ എങ്ങും വ്യാപിച്ചിരിക്കുകയാണ്. ഏതാണ്ട് 80 കോടി ആളുകളെ, ലോകത്തെ വികസ്വര രാജ്യങ്ങളിലെ മൊത്തം ആളുകളുടെ 20 ശതമാനത്തെ, അതു ബാധിച്ചിരിക്കുന്നു.” ലോകവ്യാപകമായി എട്ടു പേരിൽ ഒരാൾ വീതം ഇതിന്റെ കെടുതികൾ സഹിക്കുന്നു എന്നാണ് ഇതിന്റെ അർഥം.
വികലപോഷിതരായ ആളുകൾ ഏറ്റവും കൂടുതൽ ഉള്ളത് ഏഷ്യയിലാണ്, പ്രധാനമായും ദക്ഷിണ മധ്യ ഏഷ്യയിൽ. എന്നാൽ ജനസംഖ്യയോടുള്ള അനുപാതത്തിൽ നോക്കിയാൽ ഏറ്റവും കൂടുതൽ വികലപോഷിതരുള്ളത് ആഫ്രിക്കയിലാണ്. കരീബിയനിലും ലാറ്റിൻ അമേരിക്കയിലുമുള്ള ചില വികസ്വര രാജ്യങ്ങൾക്കാണ് അടുത്ത സ്ഥാനം.
വികസിതരാജ്യങ്ങൾ വികലപോഷണത്തിന്റെ പിടിയിൽനിന്നും വിമുക്തമാണോ? അല്ല. ലോകത്തിലെ ഭക്ഷ്യ അരക്ഷിതത്വം 2001 (ഇംഗ്ലീഷ്), എന്ന റിപ്പോർട്ടു പ്രകാരം, വ്യവസായവത്കൃത രാജ്യങ്ങളിൽ ജീവിക്കുന്ന 1 കോടി 10 ലക്ഷം ആളുകൾ വികലപോഷിതരാണ്. മാത്രമല്ല, പ്രത്യേകിച്ചും കിഴക്കൻ യൂറോപ്പിൽ ഉള്ള രാജ്യങ്ങളും മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളും പോലെ, വികസിത രാജ്യങ്ങളുടെ നിരയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കുന്നവയിൽ വികലപോഷിതരായ 2 കോടി 70 ലക്ഷം ആളുകളുണ്ട്.
വികലപോഷണം ഇത്രമാത്രം ഗുരുതരമാകാൻ കാരണമെന്താണ്? വികലപോഷിതരുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഇതിന്റെ കരാളഹസ്തത്തിൽനിന്നു നമ്മുടെ ഭൂഗ്രഹം എന്നെങ്കിലും മോചിതമാകുമോ? അടുത്ത ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (g03 2/22)
[അടിക്കുറിപ്പ്]
a യഥാർഥ പേരല്ല.
[4-ാം പേജിലെ ചാർട്ട്/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
വികലപോഷണത്തിന്റെ അപകടസാധ്യതയിലായിരിക്കുന്ന രാജ്യങ്ങൾ
ഉയർന്ന അപകടസാധ്യത
ശരാശരി അപകടസാധ്യത
കുറഞ്ഞ അപകടസാധ്യത
അപകടസാധ്യത ഇല്ല അല്ലെങ്കിൽ വിവരങ്ങൾ അപര്യാപ്തം
[3-ാം പേജിലെ ചിത്രം]
സുഡാനിൽ ദുരിതാശ്വാസ സഹായവും പ്രതീക്ഷിച്ച്
[കടപ്പാട്]
UN/DPI Photo by Eskinder Debebe