ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ചൂതാട്ടം “ചൂതാട്ടം—നിരുപദ്രവകരമായ വിനോദമോ?” എന്ന ലേഖന പരമ്പര ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. (സെപ്റ്റംബർ 8, 2002) കാലോചിതമായ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിങ്ങളെ ഉപയോഗിച്ചതിന് ഞാൻ യഹോവയോടു നന്ദി പറയുന്നു. ചൂതാട്ട ആസക്തിയുള്ളവരുടെ ലക്ഷണങ്ങൾ പട്ടികപ്പെടുത്തിയിരുന്നതു വായിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. കാരണം നിങ്ങൾ എന്റെ ഭർത്താവിനെ കുറിച്ചുതന്നെ വിവരിക്കുന്നതുപോലെ ആയിരുന്നു അത്! ദുഃഖകരമെന്നു പറയട്ടെ, മോശമായ ഈ ശീലം ഗുരുതരമായ മറ്റു പാപങ്ങളിലേക്കും നയിച്ചു. ചൂതാട്ടം തീക്കളിയാണ്. ഇതു നിരുപദ്രവകരമായ വിനോദമല്ല എന്ന് എല്ലാവരും ഓർമിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു.
എം. ജി., ഐക്യനാടുകൾ (g03 3/22)
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . എന്നെ കൂടുതൽ ആകർഷകമാക്കാൻ എന്തു ചെയ്യാനാകും?” എന്ന ലേഖനത്തിന് എന്റെ ഹൃദയംഗമമായ നന്ദി. (സെപ്റ്റംബർ 8, 2002) എനിക്ക് 22 വയസ്സുണ്ട്. എന്റെ ആന്തരിക ഗുണങ്ങൾ മെച്ചപ്പെടുത്താൻ ആ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു. സൗമ്യത എന്ന ഗുണം വളർത്തിയെടുക്കുക എന്നതാണ് എന്റെ പ്രഥമലക്ഷ്യം. എല്ലാറ്റിലും ഉപരിയായി യഹോവയുടെ ദൃഷ്ടിയിൽ അഴകുള്ള വ്യക്തിയായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം നല്ല ലേഖനങ്ങൾ ദയവായി തുടർന്നും പ്രസിദ്ധീകരിക്കുക.
എ. എച്ച്., ജപ്പാൻ (g03 3/8)
ഈ ലേഖനം എന്റെ ഹൃദയത്തെ തൊട്ടുണർത്തി. എനിക്ക് 18 വയസ്സുണ്ട്. ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ഞാൻ ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ട്. ഇനിമുതൽ യഹോവയുടെ സഹായത്താൽ ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.—ഗലാത്യർ 5:22, 23.
എം. ആർ. എ., ബ്രസീൽ (g03 3/8)
ആളുകൾക്ക് എന്നെ കണ്ടാൽ ആകർഷണം തോന്നുമോ എന്ന് കഴിഞ്ഞ രണ്ടു വർഷമായി ഞാൻ പലപ്പോഴും ചിന്തിക്കുമായിരുന്നു. എന്നെ കാണാൻ അത്ര ഭംഗിയില്ലെന്നു ചിലപ്പോൾ തോന്നുമായിരുന്നു. എന്നാൽ ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ, ദൈവത്തിന്റെ നീതിയുള്ള ഒരു ദാസിയായിരിക്കുന്നതിലൂടെ എനിക്കു ദൈവമുമ്പാകെ ആകർഷകത്വം ഉള്ളവളായിരിക്കാൻ കഴിയുമെന്നും അതാണ് ഏറ്റവും പ്രധാനമായിരിക്കുന്നത് എന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ആ വിവരങ്ങൾക്ക് വളരെ നന്ദി.
ഐ. പി., ഐക്യനാടുകൾ (g03 3/8)
പ്രസവാനന്തര വിഷാദം “പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു” (സെപ്റ്റംബർ 8, 2002) എന്ന ലേഖനത്തിലെ വിവരങ്ങൾ വായിച്ചപ്പോൾ ഏതു തരത്തിലുമുള്ള വിഷാദത്തിനും അത് അനുയോജ്യമായിരിക്കുന്നതായി എനിക്കു തോന്നി. ഞാൻ വിഷാദവുമായി സ്ഥിരം മല്ലിടുന്നു. ഇക്കാര്യത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്നറിഞ്ഞത് എനിക്കു പ്രോത്സാഹനമായി. മാത്രമല്ല മറ്റ് എല്ലാ രോഗങ്ങളെയും പോലെ വിഷാദവും ദൈവരാജ്യത്തിൻ കീഴിൽ നിർമാർജനം ചെയ്യപ്പെടും എന്നുള്ള പ്രത്യാശയും എന്നെ ആശ്വസിപ്പിക്കുന്നു.
സി. എച്ച്., ഐക്യനാടുകൾ (g03 3/22)
പത്തുമാസം മുമ്പ്, ഒരു പെൺകുഞ്ഞിനു ജന്മമേകിയ ശേഷം പ്രസവാനന്തര ബുദ്ധിഭ്രമം എന്നെ ബാധിക്കാൻ തുടങ്ങി. എന്റെ കുഞ്ഞിന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ എനിക്കു താത്പര്യമില്ലായിരുന്നു. വൈദ്യസഹായവും കുടുംബാംഗങ്ങളുടെയും സഭയിലെ സഹോദരങ്ങളുടെയും സ്നേഹപൂർവകമായ പിന്തുണയും എനിക്കു വലിയ സഹായമായിരിക്കുന്നു. ഈ രോഗത്തെ കുറിച്ചു മനസ്സിലാക്കാൻ മറ്റു സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ലേഖനം സഹായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഈ മാസികയുടെ ഒരു പ്രതി എന്റെ ഡോക്ടർക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
എസ്. ഇസ്സഡ്., ദക്ഷിണാഫ്രിക്ക (g03 3/22)
തലമുടി “നിങ്ങൾ തലമുടിയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുവോ?” എന്ന ലേഖനത്തിനു ഹൃദയംഗമമായ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (സെപ്റ്റംബർ 8, 2002) എനിക്കു 36 വയസ്സുണ്ട്. ചെറിയ തോതിലാണെങ്കിലും എന്റെ മുടി കൊഴിയുന്നതിനെയും ഉള്ളു കുറയുന്നതിനെയും ചൊല്ലി ഞാൻ വിഷമിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാൽ ദിവസവും കുറച്ചു മുടി കൊഴിയുന്നതു സ്വാഭാവികമാണെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഇപ്പോൾ എനിക്ക് വളരെയേറെ ആശ്വാസം തോന്നുന്നു. ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതു നിറുത്തരുത്!
വി. ജി., സ്ലൊവാക്യ (g03 3/22)
തക്കസമയത്താണ് എനിക്ക് ഈ ലേഖനം കിട്ടിയത്. എന്റെ മുടി കൊഴിയുന്നതുകൊണ്ടു ഞാൻ അങ്ങേയറ്റം വിഷമത്തിലായിരുന്നു. ഈ ലേഖനം, പ്രത്യേകിച്ചും “സാധാരണഗതിയിൽ നിങ്ങൾ നിങ്ങളുടെ മുടിയെ കുറിച്ചു ചിന്തിക്കുന്ന അത്രയും മറ്റുള്ളവർ ചിന്തിക്കുന്നില്ല” എന്ന പ്രസ്താവന, എന്നെ ഏറെ സാന്ത്വനപ്പെടുത്തി. മാത്രമല്ല, കേശസംബന്ധമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരാളുടെ തലയിൽനിന്നു പോലും ദിവസവും ഏകദേശം 70 മുതൽ 100 വരെ മുടികൾ കൊഴിഞ്ഞുപോകുന്നുണ്ട് എന്നറിഞ്ഞതും എത്ര ആശ്വാസമായിരുന്നെന്നോ!
ഇ. എൽ., ഐക്യനാടുകൾ (g03 3/22)