ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി
ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി
വർഷം 1937. വിഭിന്ന പ്രത്യയശാസ്ത്രങ്ങൾ പല യൂറോപ്യൻ രാജ്യങ്ങളിലും സംഘർഷം സൃഷ്ടിച്ചിരുന്ന കാലം. ആ ഇരുണ്ട നാളുകളിൽ സത്യ ക്രിസ്ത്യാനികൾക്കു പ്രയാസകരമായ ഒരു തീരുമാനത്തെ അഭിമുഖീകരിക്കേണ്ടി വന്നു, ദൈവത്തെ അനുസരിക്കണമോ അതോ മനുഷ്യരെ അനുസരിക്കണമോ? (പ്രവൃത്തികൾ 5:29) ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചാൽ മരിക്കേണ്ടി വന്നേക്കാമെന്ന് സൈനികസേവനത്തിൽ ചേരാൻ പ്രായമായ ചെറുപ്പക്കാർക്ക് അറിയാമായിരുന്നു.
സ്പെയിനിൽനിന്നുള്ള 19 വയസ്സുകാരൻ ആന്റോണിയോ ഗാർഗായോ അത്തരമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. സ്പെയിനിൽ ആഭ്യന്തരയുദ്ധം തുടങ്ങി ഏതാണ്ട് ഒരു വർഷം ആയപ്പോൾ ജനറൽ ഫ്രാങ്കോയുടെ നാഷ്ണലിസ്റ്റ് സൈന്യത്തിൽ സേവിക്കാൻ ആന്റോണിയോയെ വിളിച്ചു. അതിന്റെ തലേ വർഷമാണ് ആന്റോണിയോ സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നത്. ദൈവദാസർ നിഷ്പക്ഷരായിരിക്കണമെന്നും യുദ്ധം അഭ്യസിക്കുക പോലും ചെയ്യരുതെന്നുമുള്ള തിരുവെഴുത്ത് അനുശാസനം അവന് അറിയാമായിരുന്നു. (യെശയ്യാവു 2:4; യോഹന്നാൻ 17:16) സൈന്യത്തിൽ ചേർന്ന് സ്വന്തം രാജ്യക്കാരെ കൊന്നൊടുക്കാൻ മനസ്സുവരാതെ ആന്റോണിയോ ഫ്രാൻസിലേക്കു പലായനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവനെ അറസ്റ്റുചെയ്യുകയും ഫ്രഞ്ച് അതിർത്തിക്കടുത്തുള്ള ഹ്വെസ്ക പ്രവിശ്യയിലെ ഹാക്കാ പട്ടണത്തിലെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു.
ഒരു സൈനിക കോടതി ആന്റോണിയോയുടെ മുമ്പാകെ കർക്കശമായ ഈ തിരഞ്ഞെടുപ്പ് വെച്ചു: ഒന്നുകിൽ ആയുധമെടുക്കുക, അല്ലെങ്കിൽ വധശിക്ഷ ഏറ്റുവാങ്ങുക. ആന്റോണിയോ ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചു. വധിക്കപ്പെടുന്നതിനു കുറച്ചു മുമ്പ് അവൻ യഹോവയുടെ സാക്ഷികളല്ലായിരുന്ന തന്റെ അമ്മയ്ക്കും സഹോദരിക്കും പിൻവരുന്ന കത്ത് എഴുതി:
“എന്നെ അറസ്റ്റു ചെയ്തു. വിചാരണ പോലും ചെയ്യാതെ എന്നെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. ഈ ഭൂമിയിലെ എന്റെ ജീവിതം ഇന്ന് രാത്രി അവസാനിക്കും. നിങ്ങൾ സങ്കടപ്പെടുകയോ കരയുകയോ ചെയ്യരുത് . . . , കാരണം ഞാൻ ദൈവത്തെ അനുസരിച്ചിരിക്കുന്നു. എന്തായാലും എനിക്ക് കാര്യമായി ഒന്നും നഷ്ടപ്പെടുന്നില്ല, ദൈവത്തിന്റെ ഹിതമെങ്കിൽ പുതിയതും മെച്ചപ്പെട്ടതുമായ ഒരു ജീവിതം എനിക്ക് ലഭിക്കും. . . . എന്റെ അന്ത്യനാഴിക അടുത്തുവരവേ എനിക്ക് എന്തെന്നില്ലാത്ത ശാന്തത തോന്നുന്നു. ഞാൻ ഒത്തിരി സ്നേഹിക്കുന്ന എന്റെ അമ്മയ്ക്കും സഹോദരിക്കും എന്റെ അവസാന ആലിംഗനം.” a
വധിക്കാൻ കൊണ്ടുപോകുമ്പോൾ ആന്റോണിയോ യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുകയായിരുന്നെന്ന് മൂന്ന് സൈനികർ പിന്നീട് റിപ്പോർട്ടു ചെയ്തു. ഇത്തരം ത്യാഗങ്ങൾ ദൈവത്തിന്റെയും അവന്റെ പുത്രന്റെയും ശ്രദ്ധയിൽ പെടാതെ പോകുന്നില്ല. ആന്റോണിയോയെ പോലുള്ള വിശ്വസ്ത ക്രിസ്ത്യാനികൾക്കു പുനരുത്ഥാനത്തിലൂടെ പ്രതിഫലം ലഭിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—യോഹന്നാൻ 5:28, 29. (g03 3/8)
[അടിക്കുറിപ്പ്]
a സ്പെയിനിലെ സൈനിക രേഖാസൂക്ഷിപ്പുമുറിയിൽ ദശാബ്ദങ്ങളോളം സൂക്ഷിച്ച ഈ കത്ത് ഒരിക്കലും ആന്റോണിയോയുടെ അമ്മയുടെ അടുത്ത് എത്തിയില്ല.