വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ഷൂസ്‌ ധരിക്കാൻ സുഖപ്രദമാണോ?

നിങ്ങളുടെ ഷൂസ്‌ ധരിക്കാൻ സുഖപ്രദമാണോ?

നിങ്ങളു​ടെ ഷൂസ്‌ ധരിക്കാൻ സുഖ​പ്ര​ദ​മാ​ണോ?

“ഷൂവിന്റെ ഏതു ഭാഗമാണ്‌ ഇറുകി​യി​രി​ക്കു​ന്ന​തെന്ന്‌ ഏറ്റവും നന്നായി അറിയാ​വു​ന്നത്‌ അതു ധരിച്ചി​രി​ക്കുന്ന ആൾക്കാണ്‌.”—ഒരു റോമൻ പണ്ഡിത​ന്റേ​തെന്നു കരുത​പ്പെ​ടുന്ന വാക്കുകൾ.

അവസാ​ന​മാ​യി നിങ്ങൾ ഒരു ജോഡി ഷൂസ്‌ വാങ്ങി​യത്‌ എപ്പോ​ഴാണ്‌? അവ ധരിക്കാൻ സുഖ​പ്ര​ദ​മാ​യി​രു​ന്നോ? അവ തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾ എത്ര നേര​മെ​ടു​ത്തു? കടയിലെ ജീവന​ക്കാ​രൻ അഥവാ ഫിറ്റർ നിങ്ങൾക്ക്‌ എത്ര​ത്തോ​ളം സഹായ​മാ​യി​രു​ന്നു? ധരിക്കു​മ്പോ​ഴുള്ള സുഖ​ത്തെ​ക്കാൾ അവയുടെ സ്റ്റൈൽ നോക്കി​യാ​ണോ നിങ്ങൾ അവ വാങ്ങി​യത്‌? കുറച്ചു​നാൾ അത്‌ ഉപയോ​ഗിച്ച സ്ഥിതിക്ക്‌ ഇപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഷൂസിന്റെ ഏതെങ്കി​ലും ഭാഗം ഇറുകി​യി​രി​പ്പു​ണ്ടോ?

ഷൂസ്‌ വാങ്ങുക എന്നത്‌ ഒരു നിസ്സാര കാര്യമല്ല. ശരിയായ അളവി​ലു​ള്ളവ കണ്ടുപി​ടി​ക്കുക എന്നത്‌ വളരെ സങ്കീർണ​വും ചിന്താ​ക്കു​ഴപ്പം ഉണ്ടാക്കു​ന്ന​തു​മായ കാര്യ​മാണ്‌. എന്തു​കൊ​ണ്ടാ​ണത്‌?

ഒത്ത പാകമു​ള്ളത്‌ വാങ്ങൽ

ഒന്നാമ​താ​യി, നിങ്ങളു​ടെ ഏതു പാദമാണ്‌ വലുത്‌? ഇടത്തേ​തോ വലത്തേ​തോ? രണ്ടിനും ഒരേ വലിപ്പ​മാ​ണെന്നു നിങ്ങൾ കരുതു​ന്നു​ണ്ടോ? എങ്കിൽ ഒരിക്കൽക്കൂ​ടി ചിന്തി​ക്കുക! കണക്കി​ലെ​ടു​ക്കേണ്ട മറ്റൊരു ഘടകം, ഓരോ പാദത്തി​നും നാലു തരത്തി​ലുള്ള പാകം ഉണ്ടെന്നു​ള്ള​താണ്‌. വിശ്ര​മാ​വ​സ്ഥ​യി​ലു​ള്ളത്‌, ഭാരം താങ്ങു​മ്പോ​ഴു​ള്ളത്‌, ചലനാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോ​ഴു​ള്ളത്‌, താപനി​ല​യ്‌ക്ക്‌ അനുസ​ര​ണ​മാ​യി​ട്ടു​ള്ളത്‌ എന്നിവ​യാണ്‌ അവ. ഇവ തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

വിശ്ര​മാ​വ​സ്ഥ​യി​ലുള്ള പാകത്തെ കുറിച്ച്‌ പ്രൊ​ഫ​ഷണൽ ഷൂ ഫിറ്റിങ്‌ എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “പാദം സ്വസ്ഥമാ​യി​രി​ക്കു​മ്പോ​ഴുള്ള (ഉപഭോ​ക്താവ്‌ ഇരിക്കു​മ്പോ​ഴുള്ള) ഷൂവിന്റെ പാകം ആണ്‌ ഇത്‌.” “ഭാരം താങ്ങു​മ്പോ​ഴു​ള്ളത്‌” എന്ന പദം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ഒരു വ്യക്തി നിൽക്കു​മ്പോ​ഴാണ്‌ ഇത്‌ അളക്കു​ന്നത്‌. ഈ നില പാദത്തി​ന്റെ വലിപ്പ​ത്തി​നും ആകൃതി​ക്കും മാറ്റം വരുത്തു​ന്നു. മേലു​ദ്ധ​രിച്ച പരാമർശ ഗ്രന്ഥം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സ്വസ്ഥമാ​യി​രി​ക്കുന്ന ഒരു പാദം അസ്ഥിക​ളും തരുണാ​സ്ഥി​ക​ളും ഉള്ള ഒരു അയഞ്ഞ സഞ്ചിയാണ്‌. ഭാരം താങ്ങു​മ്പോൾ പെട്ടെ​ന്നു​തന്നെ അത്‌ വലിഞ്ഞു​മു​റു​കി പാദത്തി​ന്റെ അളവിനു വ്യത്യാ​സം വരുന്നു.” എന്നാൽ ഇനിയു​മുണ്ട്‌ രണ്ടുതരം.

ചലനാ​വ​സ്ഥ​യിൽ ആയിരി​ക്കു​മ്പോൾ അതായത്‌ നടക്കു​ക​യും ഓടു​ക​യും ചാടു​ക​യും മറ്റു വ്യായാ​മ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യും ചെയ്യു​മ്പോ​ഴു​ള്ള​താണ്‌ ചലനാ​വ​സ്ഥ​യിൽ ആയിരി​ക്കു​മ്പോ​ഴുള്ള പാകം. ഇതു “പാദത്തി​ന്റെ വലിപ്പ​ത്തി​ലും ആകൃതി​യി​ലും അനുപാ​ത​ങ്ങ​ളി​ലും വ്യതി​യാ​നങ്ങൾ ഉണ്ടാക്കു​ന്നു. ഈ വ്യതി​യാ​നങ്ങൾ ഓരോ ചലനാ​വ​സ്ഥ​യി​ലും വ്യത്യ​സ്‌ത​മാ​യി​രി​ക്കും.” നാലാ​മ​ത്തേത്‌ താപനി​ല​യ്‌ക്ക്‌ അനുസ​ര​ണ​മാ​യി​ട്ടുള്ള പാകം ആണ്‌. ചൂട്‌, നനവ്‌, അന്തരീ​ക്ഷ​ത്തി​ലെ ഈർപ്പം എന്നിവ​യു​ടെ ഫലമായി പാദത്തി​നു​ണ്ടാ​കുന്ന വ്യതി​യാ​ന​ങ്ങ​ളെ​യാണ്‌ ഇതു പരാമർശി​ക്കു​ന്നത്‌. പാദം 5 ശതമാനം കണ്ട്‌ വികസി​ക്കാൻ ഇവ ഇടയാ​ക്കി​യേ​ക്കാം. ദിവസ​വും വൈകു​ന്നേരം കാലിൽനിന്ന്‌ ഷൂസ്‌ ഊരി​ക്ക​ഴി​യു​മ്പോൾ നിങ്ങൾക്കു വലിയ ആശ്വാസം തോന്നു​ന്നെ​ങ്കിൽ അതിശ​യി​ക്കാ​നില്ല, പ്രത്യേ​കി​ച്ചും പാദത്തിന്‌ ഇണങ്ങാത്ത ഷൂസ്‌ ആണ്‌ ധരിക്കു​ന്ന​തെ​ങ്കിൽ! മിക്ക​പ്പോ​ഴും അതാണ്‌ സംഭവി​ക്കു​ന്ന​തും.

പാദം അളക്കു​ന്നത്‌ എങ്ങനെ?

പത്തരയോ പതി​നൊ​ന്നോ സൈസി​ന്റെ ഇടത്തരം വീതി​യുള്ള ഷൂസാണ്‌ എറിക്‌ വർഷങ്ങ​ളാ​യി വാങ്ങി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. ആ കാലമ​ത്ര​യും അദ്ദേഹ​ത്തിന്‌ കീഴ്‌പോ​ട്ടു മടങ്ങി​യി​രി​ക്കുന്ന ഒരു കാൽവി​ര​ലിൽ തഴമ്പ്‌ ഉണ്ടായി​രു​ന്നു. മാത്രമല്ല, ഇടതു​പെ​രു​വി​ര​ലി​ലെ നഖം അകത്തേക്കു വളരു​ക​യും ചെയ്‌തി​രു​ന്നു. ഒരു ഷൂ ഫിറ്റ​റെ​ക്കൊണ്ട്‌ പാദങ്ങ​ളു​ടെ അളവ്‌ എടുപ്പി​ക്കാൻ പാദ​രോ​ഗ​ഡോ​ക്ടർ അദ്ദേഹ​ത്തോ​ടു നിർദേ​ശി​ച്ചു. ഷൂസ്‌ തനിക്ക്‌ സുഖ​പ്ര​ദ​മാ​ക​ണ​മെ​ങ്കിൽ 12 1/2 സൈസും A വീതി​യും ഉള്ളതാ​യി​രി​ക്കണം എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ എറിക്‌ അതിശ​യി​ച്ചു​പോ​യി! വീതി കുറഞ്ഞ പാദ​ത്തെ​യാണ്‌ “A” സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ ഷൂസ്‌ സുഖ​പ്ര​ദ​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താൻ രണ്ട്‌ രേഖീയ അളവുകൾ, അതായത്‌ നീളവും വീതി​യും മാത്രം മതിയോ? പാദത്തി​ന്റെ അളവെ​ടു​ക്കേ​ണ്ടത്‌ എങ്ങനെ​യാണ്‌?

പാദങ്ങ​ളു​ടെ സൈസ്‌ നിശ്ചയി​ക്കാ​നാ​യി ചില രാജ്യ​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി ഉപയോ​ഗി​ച്ചു​വ​രു​ന്നത്‌ ബ്രാ​ന്നോക്‌ എന്ന ഉപകര​ണ​മാണ്‌. (ചിത്രം കാണുക.) പിൻവ​രുന്ന മൂന്ന്‌ അടിസ്ഥാന അളവുകൾ എടുക്കാ​നാ​യി ഇത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌: പാദത്തി​ന്റെ ആകമാന നീളം, ഉപ്പൂറ്റി മുതൽ ഗോള​സന്ധി (ball joint) വരെയുള്ള അകലം, പാദ ഗോള​ത്തി​ന്റെ വീതി (ball width). എന്നാൽ ഓരോ പാദത്തി​നും തനതായ ആകൃതി​യും വ്യാപ്‌ത​വു​മുണ്ട്‌. വ്യക്തമായ ആ കാരണ​ത്താൽത്ത​ന്നെ​യാണ്‌ വാങ്ങു​ന്ന​തി​നു മുമ്പ്‌ നാം ഷൂസ്‌ ഇട്ടു​നോ​ക്കു​ന്നത്‌. ഇവിടെ ഒരു കെണി ഒളിഞ്ഞി​രി​പ്പുണ്ട്‌. വളരെ ഇഷ്ടപ്പെട്ട ഷൂസ്‌ ഇട്ടു​നോ​ക്കു​മ്പോൾ അൽപ്പം ഇറുകി​യി​രി​ക്കുന്ന അനുഭവം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? “അവ അയഞ്ഞു​കൊ​ള്ളും” എന്നു കടക്കാരൻ പറയുന്നു. നിങ്ങൾ അവ വാങ്ങുന്നു. എന്നാൽ ഏതാനും ദിവസ​മോ ആഴ്‌ച​യോ ഉപയോ​ഗി​ച്ചു കഴിയു​മ്പോൾ അതു വാങ്ങേ​ണ്ടാ​യി​രു​ന്നു എന്നു നിങ്ങൾക്ക്‌ തോന്നി​ത്തു​ട​ങ്ങു​ന്നു. ഈ ഷൂസ്‌ നിങ്ങളു​ടെ അടുത്ത തഴമ്പി​നോ പെരു​വി​രൽ വീക്കത്തി​നോ തുടക്ക​മി​ടു​ക​യോ നഖം അകത്തേക്കു വളരാൻ ഇടയാ​ക്കു​ക​യോ ചെയ്യും!

പൂർണ​മാ​യും ചേരു​ന്നത്‌ നിങ്ങൾക്കു ലഭിക്കു​ന്നു​ണ്ടോ?

പൂർണ​മാ​യും ചേരുന്ന ഷൂസ്‌ കണ്ടെത്തുക സാധ്യ​മാ​ണോ? ‘അല്ല’ എന്ന്‌ പ്രൊ​ഫ​ഷണൽ ഷൂ ഫിറ്റിങ്‌ എന്ന ഗ്രന്ഥം തുറന്നു പറയുന്നു. എന്തു​കൊ​ണ്ടാ​ണത്‌? “തരണം ചെയ്യാ​നാ​വാത്ത നിരവധി പ്രതി​ബ​ന്ധ​ങ്ങ​ളാണ്‌ അതിനു കാരണം. . . . ആരു​ടെ​യും കാര്യ​ത്തിൽ രണ്ടു പാദങ്ങ​ളു​ടെ​യും വലിപ്പ​വും ആകൃതി​യും അനുപാ​ത​ങ്ങ​ളും പ്രവർത്ത​ന​വി​ധ​വും ഒരിക്ക​ലും ഒരു​പോ​ലെയല്ല.” അതു​കൊണ്ട്‌ നിങ്ങളു​ടെ വലിയ പാദത്തിന്‌ ഒരു ഷൂ പൂർണ​മാ​യി ചേരു​ന്ന​താ​ണെ​ങ്കിൽ മറ്റേ പാദത്തിന്‌ അങ്ങനെ ആയിരി​ക്കില്ല. “അതിന്റെ അർഥം നല്ല പാകമുള്ള ഷൂസ്‌ ലഭിക്കു​ക​യി​ല്ലെന്നല്ല, പകരം ‘പൂർണ​മാ​യും’ ചേരുന്ന എന്ന പ്രയോ​ഗം അഥവാ ആശയം സംബന്ധിച്ച്‌ നാം കൂടുതൽ ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്ക​ണ​മെന്നു മാത്ര​മാണ്‌.”

നിങ്ങളു​ടെ പാദം ഷൂസിൽ എവി​ടെ​യൊ​ക്കെ​യാണ്‌ മർദം ചെലു​ത്തു​ന്ന​തെന്ന്‌ അറിയ​ണ​മെ​ന്നു​ണ്ടെ​ങ്കിൽ പഴയ, ഉപയോ​ഗിച്ച ചിലവ എടുത്തു നോക്കുക. ഷൂവിന്റെ അകവശ​ത്തുള്ള ലൈനി​ങ്ങിൽ നോക്കുക. എവി​ടെ​യാണ്‌ ഏറ്റവും കൂടുതൽ തേയ്‌മാ​ന​മു​ള്ളത്‌? പലപ്പോ​ഴും അത്‌ ഷൂവി​ന​കത്ത്‌ ഉപ്പൂറ്റി​യു​ടെ ഭാഗത്തും അതിന്റെ പുറകി​ലും പാദ ഗോളം കൊള്ളു​ന്നി​ട​ത്തു​മാ​യി​രി​ക്കും. ഇത്‌ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? “ഷൂസിന്റെ ചില ഭാഗങ്ങൾക്കു പാദത്തി​ന്റെ പ്രസ്‌തുത ഭാഗങ്ങ​ളു​മാ​യി വേണ്ടവി​ധം ചേർച്ച​യി​ല്ലെന്ന്‌.” “ചില ഭാഗങ്ങൾക്ക്‌ കൂടുതൽ തേയ്‌മാ​നം സംഭവി​ക്കു​ന്നു എന്നാൽ മറ്റു ചിലയി​ട​ങ്ങ​ളിൽ യാതൊ​രു തേയ്‌മാ​ന​വു​മി​ല്ല​താ​നും.”

ഷൂസ്‌ സുഖ​പ്ര​ദ​മാ​യി​രി​ക്കു​ന്ന​തിൽ അതിന്റെ ത്രോട്ട്‌ പോലും സുപ്ര​ധാന പങ്കുവ​ഹി​ക്കു​ന്നുണ്ട്‌. വിവിധ ത്രോട്ട്‌-ലൈൻ സ്റ്റൈലു​കൾ ഉണ്ടെന്നു​ള്ളത്‌ നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? ബാൽ സ്റ്റൈൽ അനുസ​രിച്ച്‌, മേൽപ്പാ​ളി​കൾ രണ്ടി​നെ​യും കാൽവി​ര​ലു​കൾക്ക്‌ ഏറ്റവും അടുത്തുള്ള ലേസ്‌ പോയി​ന്റിൽവെച്ച്‌ വലിച്ച​ടു​പ്പി​ക്കു​ന്നു. എന്നാൽ, നിങ്ങളു​ടെ കാൽപ്പാ​ദങ്ങൾ വണ്ണമു​ള്ള​താ​ണെ​ങ്കിൽ ബ്ലൂച്ചർ സ്റ്റൈൽ ആണ്‌ കൂടുതൽ സുഖ​പ്രദം. കാരണം, ഇതിൽ കാൽവി​ര​ലു​കൾക്ക്‌ ഏറ്റവും അടുത്തുള്ള ലേസ്‌ പോയി​ന്റിൽ ഇരുവ​ശ​ങ്ങ​ളും അകന്നാണ്‌ നിൽക്കു​ന്നത്‌. (ചിത്രം നോക്കുക.) ഈ വിശദാം​ശം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? മേൽ പ്രസ്‌താ​വിച്ച ഗ്രന്ഥം പറയുന്നു: “ഷൂസിന്റെ ത്രോട്ട്‌ വരിഞ്ഞു​മു​റു​കി ഇരിക്കു​ന്ന​തി​നാൽ ഉപ്പൂറ്റി പുറകി​ലേക്കു തള്ളുന്ന​താണ്‌ ഷൂ കാരണ​മു​ണ്ടാ​കുന്ന ഉപ്പൂറ്റി സംബന്ധ​മായ മിക്ക അസ്വസ്ഥ​ത​കൾക്കും നേരി​ട്ടുള്ള കാരണം.”

സ്‌ത്രീ​ക​ളു​ടെ ഉപ്പൂറ്റി​പൊ​ങ്ങിയ ഷൂസു​ക​ളോ?

ഉപ്പൂറ്റി​പൊ​ങ്ങിയ പാദര​ക്ഷ​ക​ളോ​ടാണ്‌ സ്‌ത്രീ​കൾക്കു പൊതു​വേ കമ്പം. എന്നാൽ അവ ശരീര​ത്തി​ന്മേൽ പല തരത്തി​ലുള്ള സമ്മർദം ചെലു​ത്തു​ന്നു. ഉപ്പൂറ്റി​പൊ​ങ്ങിയ ചെരു​പ്പു​കൾ മിക്ക​പ്പോ​ഴും മുമ്പോട്ട്‌ ഒരു ചെരി​വിന്‌ ഇടയാ​ക്കി​ക്കൊണ്ട്‌ ശാരീ​രിക നിലയ്‌ക്ക്‌ മാറ്റം​വ​രു​ത്തു​ന്നു. തത്‌ഫ​ല​മാ​യി ശരീരത്തെ നേരെ നിറു​ത്താൻ മുട്ട്‌ കൂടുതൽ മടക്കേ​ണ്ട​താ​യി വരുന്നു. കൂടാതെ, ഉപ്പൂറ്റി​പൊ​ങ്ങിയ ചെരു​പ്പു​കൾ ചെറു​വ​ണ്ണ​ത്തു​ട​യി​ലെ പേശികൾ സങ്കോ​ചി​ക്കാ​നും അങ്ങനെ അവ കൂടുതൽ തള്ളിനിൽക്കാ​നും ഇടയാ​ക്കു​ന്നു.

അതു​കൊ​ണ്ടു​ത​ന്നെ, മിക്ക​പ്പോ​ഴും സ്‌ത്രീ​ക​ളു​ടെ ഷൂസിന്റെ നിർണാ​യക ഭാഗവും അവൾക്ക്‌ സുഖമോ അസ്വസ്ഥ​ത​യോ കൈവ​രു​ത്തുന്ന മുഖ്യ ഘടകവും ഷൂസിന്റെ ഹീൽ അഥവാ ഉപ്പൂറ്റി​യാണ്‌. ഷൂസിന്‌ ഉയർന്ന ഉപ്പൂറ്റി​യു​ള്ള​തി​നു പ്രധാ​ന​പ്പെട്ട മൂന്നു കാരണ​ങ്ങ​ളു​ണ്ടെന്നു പ്രൊ​ഫ​ഷണൽ ഷൂ ഫിറ്റിങ്‌ പറയുന്നു: ‘(1) അത്‌ പൊക്കം കൂട്ടു​ക​യും മറ്റും ചെയ്‌തു​കൊണ്ട്‌ “സ്റ്റാറ്റസ്‌” വർധി​പ്പി​ക്കു​ന്നു, (2) ഷൂവിലെ കൂടു​ത​ലായ ഒരു ഡി​സൈ​നോ സ്റ്റൈലോ അതിനു മോടി കൂട്ടുന്നു, (3) ഉപ്പൂറ്റി​പൊ​ങ്ങിയ ഷൂസ്‌ സ്‌ത്രീ​ക​ളു​ടെ കാലു​കൾക്ക്‌ കൂടുതൽ ആകാര​വ​ടിവ്‌ നൽകു​ക​യും മറ്റും ചെയ്‌തു​കൊണ്ട്‌ അവരുടെ ആകർഷ​ക​ത്വം വർധി​പ്പി​ക്കു​ന്നു.’

ഹീലിന്റെ ഏതു ഭാഗത്തു​കൂ​ടെ​യാണ്‌ ശരീര​ഭാ​ര​ത്തി​ന്റെ രേഖ (the line of the body weight) കടന്നു​പോ​കു​ന്ന​തെന്നു നിർണ​യി​ക്കുന്ന അതിന്റെ മുന്നോ​ട്ടുള്ള ചെരിവ്‌ സംബന്ധിച്ച്‌ സ്‌ത്രീ​കൾ പ്രത്യേ​കിച്ച്‌ ശ്രദ്ധാ​ലു​ക്കൾ ആയിരി​ക്കണം. ഹീലിന്റെ മുന്നരി​കി​ലോ പിന്നരി​കി​ലോ ആയാണ്‌ ആ രേഖ വരുന്ന​തെ​ങ്കിൽ, അത്‌ അപകട​ക​ര​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഹീൽ വളഞ്ഞ്‌ ആൾ നിലത്തു​വീ​ഴാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം.

ഹ്രസ്വ​മാ​യ ഈ ചർച്ചയിൽനി​ന്നും ഒരു കാര്യം വ്യക്തമാണ്‌. ഒത്ത പാകമുള്ള ഷൂസ്‌ ലഭിക്ക​ണ​മെ​ങ്കിൽ സമയം വേണം. ഒരുപക്ഷേ അതിന്‌ കൂടുതൽ പണച്ചെ​ല​വും വന്നേക്കാം. കാരണം, നല്ല ഷൂസ്‌ നിർമി​ക്കു​ന്ന​തിന്‌ കൂടുതൽ സമയം വേണം. എങ്കിലും, നിങ്ങളു​ടെ പൊതു​വി​ലുള്ള സുഖത്തി​ന്റെ​യും ആരോ​ഗ്യ​ത്തി​ന്റെ​യും​മേൽ വലിയ ഫലം ഉളവാ​ക്കാൻ ധരിക്കുന്ന ഷൂസിനു കഴിയും. അതു​കൊണ്ട്‌ ഷൂസ്‌ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ സമയ​മെ​ടു​ക്കുക. ശരിയാ​യി അളവെ​ടു​ക്കുക. ക്ഷമ പ്രകട​മാ​ക്കുക. ഫാഷനോ പുറം​മോ​ടി​യോ നിങ്ങളെ മയക്കരുത്‌. (g03 3/8)

[19-ാം പേജിലെ ചതുരം]

ഷൂസ്‌ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ മനസ്സിൽ പിടി​ക്കേണ്ട കാര്യങ്ങൾ

വില്യം എ. റോസ്സി​യും റോസ്‌ റ്റെനന്റും പ്രൊ​ഫ​ഷണൽ ഷൂ ഫിറ്റിങ്‌ എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ പിൻവ​രുന്ന നിർദേ​ശങ്ങൾ നൽകുന്നു:

“പാദത്തി​ന്റെ അളവെ​ടു​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം ആളുകൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ ആവശ്യ​മായ ഷൂസിന്റെ കൃത്യ​മായ സൈസ്‌ നിർണ​യി​ക്കു​കയല്ല.” എന്തു​കൊ​ണ്ടാ​ണത്‌? കാരണം, ഉപ്പൂറ്റി​യു​ടെ ഉയരം, സ്റ്റൈൽ, പാറ്റേ​ണു​കൾ, ഉപയോ​ഗി​ച്ചി​രി​ക്കുന്ന വസ്‌തു, കമ്പനി എന്നിവ​പോ​ലുള്ള അനേക ഘടകങ്ങൾ ഷൂസിന്റെ സൈസി​നെ സ്വാധീ​നി​ച്ചേ​ക്കാം. നിരവധി രാജ്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​ങ്ങ​ളായ നിലവാ​ര​ങ്ങ​ളിൽ പാദര​ക്ഷകൾ നിർമി​ക്ക​പ്പെ​ടുന്ന ഇക്കാലത്ത്‌ അത്‌ പ്രത്യേ​കി​ച്ചും സത്യമാണ്‌.

പാദങ്ങ​ളു​ടെ അളവെ​ടു​ക്കുന്ന സമയത്ത്‌ വിരലു​കൾ മടങ്ങി​യി​രുന്ന്‌ അളവ്‌ തെറ്റാ​തി​രി​ക്കാൻ സോക്‌സി​ന്റെ മുൻഭാ​ഗം വലിച്ചി​ടുക.

അളവ്‌ എടുക്കു​മ്പോൾ നിങ്ങൾ ഏതു നിലയി​ലാ​യി​രി​ക്കണം? ഇരിക്ക​ണോ അതോ നിൽക്ക​ണോ? “ഷൂസ്‌ വാങ്ങുന്ന ആളിനെ ഇരുത്തി​ക്കൊണ്ട്‌ അളവെ​ടു​ക്കു​ന്ന​താ​കാം എളുപ്പം.” എന്നാൽ ഇത്‌ തെറ്റായ അളവ്‌ കാണി​ച്ചേ​ക്കാം. അതു​കൊണ്ട്‌ അളവെ​ടു​ക്കു​മ്പോൾ എഴു​ന്നേറ്റു നിൽക്കുക. രണ്ടും പാദത്തി​ന്റെ​യും അളവെ​ടു​ക്കുക. ഇടത്തേ പാദം വലുതാ​യി​രി​ക്കു​മെന്നു വെറുതേ അനുമാ​നി​ക്ക​രുത്‌. അതേ, രണ്ടി​ന്റെ​യും അളവെ​ടു​ക്കുക!

“വിദഗ്‌ധ​മായ ഷൂ ഫിറ്റി​ങ്ങി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യുന്ന വിശിഷ്ട വ്യാപാ​രി​ക​ളോ​ടൊത്ത്‌ പ്രവർത്തി​ക്കുന്ന നല്ല പരിശീ​ലനം സിദ്ധിച്ച നിപു​ണ​രായ ഒരു കൂട്ടം ആളുക​ളു​ടേതു മാത്ര​മായ ഒരു വൈദ​ഗ്‌ധ്യ​വും സേവന​വു​മാണ്‌ പ്രൊ​ഫ​ഷണൽ ഷൂ ഫിറ്റിങ്‌.”

[18-ാം പേജിലെ രേഖാ​ചി​ത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഒരു ഷൂവിന്റെ ഭാഗങ്ങൾ

സോൾ

വാംപ്‌

ത്രോട്ട്‌

സോക്‌ ലൈനിംങ്‌

ഹീൽ ബ്രസ്റ്റ്‌

ടോപ്പ്‌ ലിഫ്‌റ്റ്‌

ടോ ക്യാപ്‌

ഔട്ട്‌സോൾ

വെൽറ്റ്‌

വാംപ്‌

ത്രോട്ട്‌ ലൈൻ

ടങ്‌ ബാർ

ക്വർട്ടർ

ഹീൽ പാഡ്‌

ഹീൽ

[19-ാം പേജിലെ ചിത്രങ്ങൾ]

ബ്രാന്നോക്‌ ഉപകരണം

[20-ാം പേജിലെ ചിത്രം]

ഈ ഏഴ്‌ അടിസ്ഥാന സ്റ്റൈലു​കളെ ആധാര​മാ​ക്കി​യു​ള്ള​താണ്‌ എല്ലാ ഷൂ ഡി​സൈ​നു​ക​ളും

[20-ാം പേജിലെ ചിത്രങ്ങൾ]

ത്രോട്ട്‌-ലൈൻ സ്റ്റൈലു​കൾ

ബ്ലൂച്ചർ

ബാൽ