മ്യൂസിക് വീഡിയോകൾ—ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പു നടത്താൻ എനിക്കെങ്ങനെ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
മ്യൂസിക് വീഡിയോകൾ—ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പു നടത്താൻ എനിക്കെങ്ങനെ കഴിയും?
“കുപ്രസിദ്ധമായ ഒരു ഗായകസംഘത്തിന്റെയോ മോശമായ ഒരു പാട്ടിന്റേയോ പേരു കാണുമ്പോൾത്തന്നെ ഞാൻ ചാനൽ മാറ്റും.”—കേസി.
മ്യൂസിക് വീഡിയോകൾ—പല യുവജനങ്ങളും അവയെ അതീവ രസകരമായ വിനോദോപാധിയായി കരുതുന്നു. എന്നാൽ ഈ ലേഖന പരമ്പരയുടെ കഴിഞ്ഞ ഒരു ലേഖനത്തിൽ നാം കണ്ടതുപോലെ പല മ്യൂസിക് വീഡിയോകളിലും അക്രമത്തിന്റെയും ലൈംഗിക അധാർമികതയുടെയും ഞെട്ടിക്കുന്ന ചിത്രീകരണങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. a ദൈവം കുറ്റം വിധിക്കുന്ന സംഗതികൾ ഉന്നമിപ്പിക്കുന്ന ഏതു വിനോദവും വീക്ഷിക്കുന്നതിൽനിന്ന് ഒരു ക്രിസ്ത്യാനി ഒഴിഞ്ഞിരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, മ്യൂസിക് വീഡിയോകൾ എല്ലാം അധാർമികത നിറഞ്ഞത് ആയിരിക്കണമെന്നില്ല. തീരെ മോശമല്ലാത്ത, തരക്കേടില്ലാത്തവ എന്നു പോലും വിശേഷിപ്പിക്കാവുന്ന വീഡിയോകൾ ഉണ്ടായിരിക്കാം. എന്നിരുന്നാലും ഇവയൊക്കെ ദൈവവചനത്തിനു വിരുദ്ധമായ ചില ആശയങ്ങൾ കൗശലപൂർവം കടത്തിവിട്ടേക്കാം.
മ്യൂസിക് വീഡിയോകൾ കാണുന്നതിന് നിങ്ങളുടെ മാതാപിതാക്കൾ അനുവദിച്ചാൽത്തന്നെ നിങ്ങൾ അതു സംബന്ധിച്ച് വിവേചനയുള്ളവരായിരിക്കണം. കാണാൻ ഉചിതമായവയും അല്ലാത്തവയും തമ്മിൽ വേർതിരിച്ചറിയാൻ തക്കവണ്ണം നിങ്ങളുടെ ബൈബിൾ പരിശീലിത “ഗ്രഹണപ്രാപ്തികൾ” ഉപയോഗിക്കുക. (എബ്രായർ 5:14, NW) ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ബൈബിൾ തത്ത്വങ്ങൾ ഏതൊക്കെയാണ്? താഴെ കൊടുത്തിരിക്കുന്ന ബൈബിൾ വാക്യങ്ങളും അഭിപ്രായങ്ങളും നിങ്ങൾക്കു സഹായകമായിരുന്നേക്കാം.
സദൃശവാക്യങ്ങൾ 4:23: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” വളരെ വിലപ്പെട്ടതായി നിങ്ങൾ കരുതുന്ന സ്പോർട്സ് സാമഗ്രികളോ ഒരു സംഗീത ഉപകരണമോ നിങ്ങൾക്കു സ്വന്തമായി ഉണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അവയെ നല്ല നിലയിലും സുരക്ഷിതമായ സ്ഥലത്തും സൂക്ഷിക്കാൻ നിങ്ങളാലാവുന്നതു ചെയ്യും. അതിനു കേടുപറ്റുമെന്നോ മോഷ്ടിക്കപ്പെടുമെന്നോ ഉള്ള ഭയം നിമിത്തം, ഒരു നിമിഷത്തേക്കുപോലും നിങ്ങൾ അത് അശ്രദ്ധമായി തെരുവിൽ ഇട്ടേക്കുകയില്ല. അതേ, നിങ്ങൾ അതു കാത്തുകൊള്ളും. സമാനമായി, അനാരോഗ്യകരമായ വിനോദവുമായി സമ്പർക്കത്തിൽ വരാൻ നിങ്ങളുടെ ഹൃദയത്തെ ഒരു നിമിഷത്തേക്കുപോലും അനുവദിക്കാതിരുന്നുകൊണ്ട് അതിനെ കാത്തുകൊള്ളാൻ നിങ്ങൾ തീരുമാനം എടുക്കേണ്ടതുണ്ട്.
എഫെസ്യർ 2:1, 2, (NW): “നിങ്ങൾ നിങ്ങളുടെ ലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നിട്ടും നിങ്ങളെ[യാണു] [ദൈവം ജീവിപ്പിച്ചത്], അവയിൽ നിങ്ങൾ ഒരു കാലത്ത് ഈ ലോകവ്യവസ്ഥിതിക്ക് അനുസൃതമായി, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ ഭരണാധിപന് അനുസൃതമായി, നടന്നു.” ഇവിടെ പരാമർശിച്ചിരിക്കുന്ന വായു ലോകത്തിന്റെ ആത്മാവാണ്, ഭക്തികെട്ട നടത്തയ്ക്ക് ഇടയാക്കുന്ന മനോഭാവങ്ങളും ചിന്താഗതികളും ആണത്. പല മ്യൂസിക് വീഡിയോകളും ഈ ആത്മാവിനെയാണു പ്രതിഫലിപ്പിക്കുന്നത്. ഇത് സന്തോഷം, സമാധാനം, ഇന്ദ്രിയജയം (ആത്മനിയന്ത്രണം) തുടങ്ങിയ ഫലങ്ങൾ പുറപ്പെടുവിക്കുന്ന ദൈവാത്മാവിനു കടകവിരുദ്ധമാണ്.—ഗലാത്യർ 5:22, 23
2 തിമൊഥെയൊസ് 2:22: ‘യൗവനമോഹങ്ങളെ വിട്ടോടുക.’ ലൈംഗിക ദൃശ്യങ്ങൾ, അവ എത്ര ക്ഷണിക നേരത്തേക്കുള്ളതായാൽപ്പോലും, വീക്ഷിക്കുന്നത് മോഹങ്ങൾ ആളിക്കത്താനേ ഇടയാക്കൂ. അത്തരം രംഗങ്ങൾ മറന്നുകളയാൻ ബുദ്ധിമുട്ടാണെന്നു പല യുവജനങ്ങളും സമ്മതിക്കുന്നു. മാത്രമല്ല, അവ മനസ്സിൽ വീണ്ടും വീണ്ടും അയവിറക്കാനുള്ള പ്രവണത പോലും ഉണ്ട്. സഭ്യമല്ലാത്ത ഒരു വീഡിയോ കണ്ട ഡേവ് എന്ന യുവാവ് ഇപ്രകാരം സമ്മതിക്കുന്നു: “പിന്നീട് ആ പാട്ടു കേൾക്കുമ്പോഴെല്ലാം ഈ വീഡിയോ എന്റെ മനസ്സിലേക്കു കടന്നുവന്നിരുന്നു.” അത്തരം വീഡിയോകൾ വീക്ഷിക്കുന്നത് അധാർമിക ലൈംഗിക തൃഷ്ണ വളരാൻ ഇടയാക്കും.—1 കൊരിന്ത്യർ 6:18; കൊലൊസ്സ്യർ 3:5.
സദൃശവാക്യങ്ങൾ 13:20: “ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും (“ചീത്തയാകും,” NW).” നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക; ‘മദ്യാസക്തരെയും അക്രമം, ആത്മവിദ്യ, അധാർമികത എന്നിവയിൽ ഏർപ്പെടുന്നവരെയും ഞാൻ എന്റെ വീട്ടിലേക്കു ക്ഷണിക്കുമോ?’ ടെലിവിഷനിലൂടെ ഇത്തരക്കാരുമായി സഹവസിക്കുന്നത് അവരെ നിങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുന്നതു പോലെതന്നെയാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങൾ ‘ചീത്തയാകാൻ’ ഇടയാക്കുമോ? കിംബെർലി എന്ന യുവതി ഇപ്രകാരം പറയുന്നു: “സാമൂഹിക കൂടിവരവുകളിൽ പെൺകുട്ടികൾ, തങ്ങൾ അടുത്തകാലത്തു കണ്ട വീഡിയോയിലേതുപോലെ വസ്ത്രധാരണം ചെയ്യുകയും അതിലെ അശ്ലീലച്ചുവയുള്ള നൃത്തചേഷ്ടകൾ അനുകരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.” നിങ്ങളും സമാനമായ ചില സംഗതികൾ നിരീക്ഷിച്ചിട്ടുണ്ടാവാം. ദൈവിക നിലവാരങ്ങളോട് യാതൊരു ആദരവും പ്രകടമാക്കാത്തവരെ അനുകരിക്കുന്നതുവഴി ഈ യുവജനങ്ങൾ തങ്ങൾ ‘ചീത്തയാകാൻ’ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നു കാണിക്കുന്നു. അതുകൊണ്ട് ഏതുതരത്തിലുമുള്ള ‘മോശമായ സഹവാസവും’ നിശ്ചയമായും ഒഴിവാക്കുക.—1 കൊരിന്ത്യർ 15:33, NW.
സങ്കീർത്തനം 11:5: “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമം പ്രിയപ്പെടുന്നവനെയും,” NW] അവന്റെ ഉള്ളം വെറുക്കുന്നു.” നാം മൗഢ്യവും അധമവുമായ അക്രമരംഗങ്ങൾ അടങ്ങിയ വീഡിയോകൾ വീക്ഷിക്കുന്നത് മറ്റുള്ളവർ കാണുന്നെങ്കിൽ നമ്മൾ ‘അക്രമം പ്രിയപ്പെടുന്നവർ’ ആണ് എന്ന ധാരണ അത് അവർക്കു നൽകുകയില്ലേ?
ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക എന്ന വെല്ലുവിളി
“സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) അതുകൊണ്ട് ലോകത്തിന്റെ ചിന്താഗതികളാലും മനോഭാവങ്ങളാലും മലിനപ്പെടാത്ത വിനോദങ്ങൾ കണ്ടെത്തുക ഒന്നിനൊന്ന് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. ചില മ്യൂസിക് വീഡിയോ ചാനലുകൾ അഭികാമ്യമല്ലാത്ത ഒട്ടേറെ വിവരങ്ങൾ അവതരിപ്പിച്ചേക്കാം. എന്നാൽ അധാർമികതയോ അക്രമമോ നിറഞ്ഞതല്ലാത്ത പരിപാടികൾ പോലും മിക്കപ്പോഴും ലോകത്തിന്റെ ആത്മാവിനെ ഉന്നമിപ്പിക്കുന്നവയാണ്. പ്രശസ്തമായ ഒരു മ്യൂസിക്-വീഡിയോ ചാനൽ, “ഒരു സംഗീത ചാനൽ എന്ന നിലയിൽനിന്ന് ‘പ്രത്യേക ജീവിതരീതികൾ ഉന്നമിപ്പിക്കുന്ന ഒരു ചാനൽ’ ആയി മാറിയിരിക്കുന്നു” എന്ന് ഒരു പ്രൊഫഷണൽ സംഗീതജ്ഞൻ അഭിപ്രായപ്പെടുകയുണ്ടായി.
മോശമായ വീഡിയോകൾ ഒഴിവാക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്, ഒരു വീഡിയോ മോശമാണെങ്കിൽ ചാനൽ മാറ്റിയേക്കുക, അത്രയല്ലേ ഉള്ളൂ എന്നു നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ പ്രശ്നമിതാണ്, മറ്റു ടിവി ചാനലുകൾ വീക്ഷിക്കുമ്പോഴും നിങ്ങൾ ഇതേ ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതുണ്ടായിരിക്കാം. കാരണം അക്രമമോ അശ്ലീലമോ വർണനാത്മകമായി അവതരിപ്പിക്കുന്ന അല്ലെങ്കിൽ ധാർമിക കാര്യങ്ങളിൽ ആളുകൾ അനുരഞ്ജനപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പരിപാടികളാണ് പല ചാനലുകളും അവതരിപ്പിക്കുക. എപ്പോൾ വേണമെങ്കിലും ചാനൽ മാറ്റേണ്ടിവരും എന്നറിഞ്ഞുകൊണ്ട് ഒരു വിനോദ പരിപാടി ആസ്വദിക്കുക എന്നത് അസഹ്യപ്പെടുത്തുന്നതും ഒരുപക്ഷേ നിരാശപ്പെടുത്തുന്നതുപോലുമാണ് എന്നതാണു സത്യം. ചിലപ്പോൾ ചാനൽ മാറ്റിവരുമ്പോഴേക്ക് ആ ദൃശ്യങ്ങൾ നാം കാണാനിടയാകുകയും അധാർമിക രംഗങ്ങൾ മനസ്സിൽ പതിയുകയും ചെയ്തിരിക്കും. എന്നിരുന്നാലും 2 ശമൂവേൽ 22:21.
നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളാൻ നിങ്ങൾ സ്വീകരിക്കുന്ന ആത്മാർഥമായ ഏതു ശ്രമങ്ങൾക്കും യഹോവയാം ദൈവം പ്രതിഫലം നൽകും എന്ന് ഉറപ്പുള്ളവരായിരിക്കുക.—സഹായകമായിരുന്നേക്കാവുന്ന മറ്റുചില പ്രായോഗിക പടികളും ഉണ്ട്. തുടക്കത്തിൽ പരാമർശിച്ച കേസി തനിക്കു സഹായകമെന്നു തെളിഞ്ഞ കാര്യങ്ങളെ കുറിച്ച് ഇപ്രകാരം വിശദീകരിക്കുന്നു: “സാധാരണമായി ഗായകസംഘത്തിന്റെ പേരും പാട്ടിന്റെ ശീർഷകവും വീഡിയോയുടെ തുടക്കത്തിൽത്തന്നെ കാണിക്കാറുണ്ട്. ഓരോ ഗായകസംഘവും ഏതെങ്കിലും രീതിയിൽ പേരുകേട്ടതാണ്, ഒന്നുകിൽ നല്ലതായിരിക്കാം അല്ലെങ്കിൽ മോശമായിരിക്കാം. അതുകൊണ്ട് ഏതൊക്കെ ഗായകസംഘങ്ങളും പാട്ടുകളും ആണ് മോശമായിരിക്കാൻ സാധ്യതയുള്ളത് എന്നു നിങ്ങൾക്കു മിക്കപ്പോഴും അറിയാൻ സാധിക്കും. അതുകൊണ്ട് ദുഷ്കീർത്തിയുള്ള ഒരു ഗായകസംഘത്തിന്റെയോ മോശമായ ഒരു പാട്ടിന്റെയോ പേരു കാണുമ്പോൾത്തന്നെ ഞാൻ ചാനൽ മാറ്റും.”
‘നിങ്ങളുടെ ഹൃദയത്തിൽ സത്യം സംസാരിക്കൽ’
നിങ്ങൾക്കു ബൈബിൾ തത്ത്വങ്ങളെ കുറിച്ചുള്ള നല്ല ഗ്രാഹ്യം ഉണ്ടെങ്കിൽപ്പോലും സഭ്യമല്ലാത്ത കാര്യങ്ങളുടെ നേർക്കു കണ്ണടച്ചുകളയാനുള്ള സാധ്യതയുണ്ട്. എങ്ങനെ? കാര്യങ്ങളെ സ്വയം ന്യായീകരിച്ചുകൊണ്ട്. (യാക്കോബ് 1:22, NW) ‘തന്റെ ഹൃദയത്തിൽ സത്യം സംസാരിക്കുന്നവൻ’ ആണ് യഹോവയുടെ സ്നേഹിതൻ എന്നു ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 15:2, NW) അതുകൊണ്ട് നിങ്ങളോടുതന്നെ സത്യസന്ധരായിരിക്കുക. സ്വയം വഞ്ചിക്കാതിരിക്കുക. ചോദ്യം ചെയ്യത്തക്ക എന്തെങ്കിലും വീക്ഷിക്കുന്നതിനെ നിങ്ങൾ സ്വയം ന്യായീകരിക്കുന്നതായി കണ്ടാൽ നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക, ‘ഞാൻ ഇതു കണ്ടുകൊണ്ടിരിക്കുന്നതു വാസ്തവത്തിൽ യഹോവ അംഗീകരിക്കുമോ?’ ഏതാണു ശരി ഏതാണു തെറ്റ് എന്നിവ കേവലം മനസ്സിലാക്കുന്നതല്ല മറിച്ച്, ശരിയായതു ചെയ്യാൻ തീരുമാനം എടുക്കുന്നതാണു പലപ്പോഴും വെല്ലുവിളിയായിരിക്കുന്നത് എന്നതു മനസ്സിൽപ്പിടിക്കുക! നിങ്ങൾ യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ ചില വിനോദങ്ങളെക്കാളധികം വിലപ്പെട്ടതായി കരുതണം.—2 കൊരിന്ത്യർ 6:16സി, 17.
മ്യൂസിക് വീഡിയോകൾ വീക്ഷിക്കുന്നതു സംബന്ധിച്ചു വിവേചനയുള്ളവർ ആയിരിക്കണം എന്നു പറഞ്ഞല്ലോ. എന്നാൽ അങ്ങനെ ആയിരിക്കുന്നതിന് സാധാരണഗതിയിൽ അർധമനസ്സോടെയോ ഒഴുക്കൻ മട്ടിലോ ഉള്ള ഒരു തീരുമാനം പോരാ. നിങ്ങളുടെ തീരുമാനം ഉറച്ചതല്ലെങ്കിൽ താമസിയാതെ നിങ്ങൾ പ്രലോഭനത്തിനു വഴങ്ങിയേക്കാം. ഭാര്യയോടു വിശ്വസ്തനായിരിക്കാൻ ദൈവഭക്തനായ ഇയ്യോബ് എങ്ങനെയുള്ള ഒരു തീരുമാനമാണ് എടുത്തതെന്നു ബൈബിൾ വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ് 31:1) ഇതിനെ കുറിച്ചൊന്നു ചിന്തിക്കുക! തന്റെ കണ്ണുകൾകൊണ്ട് എന്തൊക്കെ കാണാം എന്തൊക്കെ കാണരുത് എന്നതു സംബന്ധിച്ച് തന്നോടുതന്നെ ഇയ്യോബ് ഒരു നിയമം അഥവാ ഗൗരവമേറിയ ഒരു കരാർ ചെയ്തു. ഫലത്തിൽ ഇതുതന്നെ നിങ്ങൾക്കും ചെയ്യാവുന്നതാണ്. മോശമായ കാര്യങ്ങൾ കാണുകയില്ല എന്ന് ഒരു ഉറച്ച തീരുമാനം—ഗൗരവമായൊരു പ്രതിജ്ഞ—എടുക്കുക. നിയതമായ അതിർവരമ്പുകൾ വെക്കുക. ഇതൊരു പ്രാർഥനാവിഷയം ആക്കുക. നിങ്ങൾ ചെയ്ത കരാറിനോടു വിശ്വസ്തത പാലിക്കുക. അത് എഴുതിവെക്കുന്നതു സഹായകമാണെങ്കിൽ അങ്ങനെ പോലും ചെയ്യുക. ഇക്കാര്യത്തിൽ കൂടുതലായ സഹായം ആവശ്യമാണെങ്കിൽ നിങ്ങൾക്ക് ആശ്രയിക്കാൻ കൊള്ളാവുന്ന മുതിർന്ന ആരോടെങ്കിലും, ഉദാഹരണത്തിന് മാതാപിതാക്കളോടുതന്നെ എന്തുകൊണ്ട് ഈ കാര്യം സംസാരിച്ചുകൂടാ?
അപകടങ്ങളെ പ്രതി, ചില ക്രിസ്തീയ യുവജനങ്ങൾ മ്യൂസിക് വീഡിയോകൾ കാണുകയില്ല എന്നു തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിലുള്ള നിങ്ങളുടെ തീരുമാനം എന്തായിരുന്നാലും നിങ്ങളുടെ ഗ്രഹണ പ്രാപ്തികൾ ഉപയോഗിക്കുക. ഒരു ശുദ്ധ മനസ്സാക്ഷി നിലനിറുത്തുക. നവോന്മേഷദായകവും ആരോഗ്യാവഹവുമായ വിനോദങ്ങൾ മാത്രം ആസ്വദിക്കുമ്പോൾ നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെക്കാതിരിക്കാനും യഹോവയുമായുള്ള സൗഹൃദം നിലനിറുത്താനും നിങ്ങൾക്കു കഴിയും. (g03 3/22)
[അടിക്കുറിപ്പ്]
a 2003 മാർച്ച് 8 ലക്കത്തിലെ, “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ മ്യൂസിക് വീഡിയോകൾ കാണണമോ?” എന്ന ലേഖനം കാണുക.
[12-ാം പേജിലെ ചിത്രം]
അധാർമികത നിറഞ്ഞവയല്ലെങ്കിൽപ്പോലും ചില വീഡിയോകൾ ഹാനികരമായ ആശയങ്ങൾ ഉന്നമിപ്പിക്കുന്നു
[13-ാം പേജിലെ ചിത്രം]
ദൈവാംഗീകാരം ഇല്ലാത്ത സംഗതികൾ ഒന്നും വീക്ഷിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക