രൂഢമൂലമായ കാരണങ്ങളും ദൂരവ്യാപക ഫലങ്ങളും
രൂഢമൂലമായ കാരണങ്ങളും ദൂരവ്യാപക ഫലങ്ങളും
“എനിക്കു വിശക്കുന്നുണ്ടായിരുന്നു, എന്റെ വിശപ്പിനെപ്പറ്റി അന്വേഷിക്കാൻ നിങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചു. എനിക്കു വീടില്ലായിരുന്നു, എന്റെ ഈ ദുരവസ്ഥയെപ്പറ്റി നിങ്ങൾ ഒരു റിപ്പോർട്ടു തയ്യാറാക്കി. ഞാൻ രോഗിയായിരുന്നു, ഹതഭാഗ്യരെ കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾ ഒരു സെമിനാർ വിളിച്ചുകൂട്ടി. എന്റെ ദുരിതത്തിന്റെ സമസ്തതലങ്ങളെയും കുറിച്ചു നിങ്ങൾ അന്വേഷിച്ചു. എന്നിട്ടെന്തായി, ഇന്നും ഞാൻ വിശക്കുന്നവനും വീടില്ലാത്തവനും രോഗിയുമായി തുടരുന്നു.”—അജ്ഞാത ലേഖകൻ.
ലോകത്തിലെ പല സംഘടനകളും വികലപോഷണം അവസാനിപ്പിക്കാൻ എണ്ണമറ്റ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഉദാഹരണത്തിന്, യുഎൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) 1996-ലെ ലോക ഭക്ഷ്യ ഉച്ചകോടി ലോകത്തിലെ വികലപോഷിതരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ ഒരു ലക്ഷ്യം വെക്കുകയുണ്ടായി, അതായത്, 2015 ആകുമ്പോഴേക്ക് എണ്ണം ഏതാണ്ട് 40 കോടിയായി കുറയ്ക്കാൻ. a
ചില പുരോഗതികൾ കൈവരിക്കാനായി എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, “ലോകവ്യാപകമായി വികലപോഷണം കുറച്ചുകൊണ്ടുവരുന്നതിൽ
വ്യക്തമായും മാന്ദ്യം നേരിട്ടിരിക്കുന്നു” എന്ന് എഫ്എഒ-യുടെ അടുത്തകാലത്തെ റിപ്പോർട്ടായ ലോകത്തിലെ ഭക്ഷ്യ അരക്ഷിതത്വം 2001, സമ്മതിക്കുന്നു. അതുകൊണ്ട് ഉച്ചകോടിയുടെ ലക്ഷ്യം ഇപ്പോഴും അപ്രാപ്യമായി തുടരുന്നു. മാത്രമല്ല “മിക്ക വികസ്വരരാജ്യങ്ങളിലും വികലപോഷിതരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണു ചെയ്തിരിക്കുന്നത്” എന്നും റിപ്പോർട്ടു സമ്മതിക്കുന്നു.ഈ ശത്രുവിനെ അടിയറവു പറയിക്കാൻ ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം കാണുന്നതിന്, വികലപോഷണം എന്താണെന്നും അതിന്റെ ദൂരവ്യാപക ഫലങ്ങളും രൂഢമൂലമായ കാരണങ്ങളും എന്തൊക്കെയാണെന്നും നാം ആദ്യം പരിശോധിക്കേണ്ടതുണ്ട്.
വികലപോഷണത്തിന് ഇടയാക്കുന്നത് എന്താണ്?
ശരീരകോശങ്ങൾക്ക് ആവശ്യത്തിനു പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് വികലപോഷണം സംഭവിക്കുന്നത്. സാധാരണമായി രണ്ടു ഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. അതായത്, (1) ആവശ്യത്തിനു മാംസ്യങ്ങൾ, കലോറികൾ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ ശരീരത്തിൽ എത്താതിരിക്കൽ; (2) തുടരെത്തുടരെ ഉണ്ടാകുന്ന രോഗബാധ.
വയറിളക്കം, അഞ്ചാംപനി, മലമ്പനി എന്നിങ്ങനെയുള്ള രോഗങ്ങളും ശ്വാസകോശസംബന്ധമായ തകരാറുകളുമൊക്കെ ശരീരത്തെ തളർത്തിക്കളയുകയും ശരീരത്തിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. രോഗിക്ക് വിശപ്പ് ഇല്ലാതാകുന്നതുമൂലം വളരെ കുറച്ച് ആഹാരമേ കഴിക്കാനാകൂ, ഇതു വികലപോഷണത്തിന് ഇടയാക്കുന്നു. ഇനി, മറുവശം ചിന്തിച്ചാൽ ഒരിക്കൽ ഒരു കുട്ടി വികലപോഷിതനായിത്തീർന്നാൽപ്പിന്നെ അവൻ രോഗബാധിതനാകാനുള്ള സാധ്യതയും വർധിക്കുന്നു. ഇങ്ങനെ പിഇഎം മൂലമുള്ള മരണനിരക്ക് വർധിക്കുന്നതിലേക്കു നയിക്കുന്ന ഒരു വിഷമവൃത്തം സൃഷ്ടിക്കപ്പെടുന്നു.
വികലപോഷണം കൂടുതലും കുട്ടികളിൽ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? കുട്ടികളുടെ വളർച്ച ത്വരിത ഗതിയിലാണ്. അതുകൊണ്ട് അവർക്കു കൂടുതൽ കലോറികളും മാംസ്യങ്ങളും ആവശ്യമാണ്. സമാനമായ കാരണങ്ങളാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വികലപോഷണത്തിനുള്ള സാധ്യത ഏറെയാണ്.
മിക്കപ്പോഴും കുഞ്ഞിന്റെ പ്രശ്നം അതിന്റെ ജനനത്തിനു മുമ്പുതന്നെ തുടങ്ങുന്നു. ഗർഭകാലത്തും അതിനു മുമ്പും മാതാവു വികലപോഷിതയാണെങ്കിൽ ജനിക്കുന്ന കുഞ്ഞിനു തൂക്കക്കുറവ് ഉണ്ടായിരിക്കും. തുടർന്ന്, കുഞ്ഞിന്റെ മുലകുടി നേരത്തേ നിറുത്തുന്നതും, അനാരോഗ്യകരമായ ഭക്ഷണരീതികൾ പിൻപറ്റുന്നതും ശുചിത്വമില്ലായ്മയും വികലപോഷണത്തെ വരുത്തിവെക്കുന്നു.
ആവശ്യത്തിന് പോഷകഘടകങ്ങൾ ഇല്ലാതെ വരുമ്പോൾ കുട്ടിയുടെ വളർച്ച മുരടിക്കുന്നു. ഇത്തരം കുഞ്ഞുങ്ങൾ സദാ കരഞ്ഞുകൊണ്ടിരിക്കുന്നതായി കാണാം. ഇവർക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അവസ്ഥ വഷളാകുന്നതിന് അനുസരിച്ച് തൂക്കക്കുറവു കൂടുതൽ പ്രകടമായിത്തീരുന്നു. കുഞ്ഞിന്റെ കണ്ണുകളും നെറുകയിലെ ലോലമായ ഭാഗവും (fontanel) കുഴിയുന്നു. ത്വക്കിനും കലകൾക്കും ഇലാസ്തികത നഷ്ടപ്പെടുന്നു. ശരീരോഷ്മാവ് നിലനിറുത്താനുള്ള കഴിവു കുറയുന്നു.
മറ്റു വിധങ്ങളിലുള്ള വികലപോഷണവും ഉണ്ട്. ഇവയും കുട്ടികളുടെ വളർച്ച മുരടിക്കാൻ ഇടയാക്കിയേക്കാം. ഉദാഹരണത്തിന് ധാതുക്കളുടെയും—പ്രധാനമായി ഇരുമ്പ്, അയഡിൻ, സിങ്ക് എന്നിവ—ജീവകങ്ങളുടെയും—പ്രത്യേകിച്ചു ജീവകം എ—അപര്യാപ്തത ഇതിനു കാരണമായേക്കാം. ജീവകം എ-യുടെ കുറവ് ലോകവ്യാപകമായി ഏകദേശം 10 കോടി കുഞ്ഞുങ്ങളെ ബാധിക്കുന്നുവെന്നും അന്ധതയ്ക്കു കാരണമാകുന്നുവെന്നും യൂനിസെഫ് പറയുന്നു. ഇതു പ്രതിരോധവ്യവസ്ഥയെ ദുർബലമാക്കുകയും രോഗബാധയെ ചെറുക്കാനുള്ള കുഞ്ഞിന്റെ പ്രാപ്തി കുറയ്ക്കുകയും ചെയ്യുന്നു.
ദൂരവ്യാപക ഫലങ്ങൾ
വികലപോഷണം, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ ശരീരത്തെ താറുമാറാക്കുന്നു. ഹൃദയം, വൃക്കകൾ, വയറ്, കുടലുകൾ, ശ്വാസകോശങ്ങൾ, തലച്ചോറ് എന്നിവയുൾപ്പെടെ എല്ലാ അവയവങ്ങളെയും വ്യവസ്ഥകളെയും അതു ബാധിച്ചേക്കാം.
വിവിധ പഠനങ്ങൾ തെളിയിക്കുന്ന പ്രകാരം, ശാരീരിക വളർച്ച മുരടിക്കുന്നതോടൊപ്പം കുട്ടിക്കു ബുദ്ധിവൈകല്യവും ഉണ്ടാകുന്നു. ഇത്തരം കുട്ടികളുടെ ബുദ്ധിനിലവാരവും പഠനപ്രാപ്തിയും വളരെ താഴ്ന്നതായിരിക്കും. വികലപോഷണത്തിന്റെ ദൂരവ്യാപക ഫലങ്ങളിൽ ഏറ്റവും ഗുരുതരമായവ എന്നാണ് ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ട് ഈ ഫലങ്ങളെ വിശേഷിപ്പിച്ചത്.
വികലപോഷണത്തെ അതിജീവിക്കുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോഴും ഇതിന്റെ പരിണതഫലങ്ങൾ അവരിൽ നിലനിന്നേക്കാം. അതുകൊണ്ടാണ് യൂനിസെഫ് ഇപ്രകാരം വിലപിച്ചത്: “പൂർണമായിത്തന്നെ ഒഴിവാക്കാനാകുമായിരുന്നിട്ടും മനുഷ്യ ബുദ്ധി ഇത്ര വലിയ തോതിൽ നഷ്ടമാകാൻ അനുവദിക്കുക എന്നത് തീർത്തും ബുദ്ധിശൂന്യവും കുറ്റകരവും ആണ്.” അതുകൊണ്ട് വികലപോഷണത്തിന്റെ ദൂരവ്യാപക ഫലങ്ങൾ വലിയ ഉത്കണ്ഠയ്ക്കു കാരണമായിത്തീർന്നിരിക്കുന്നു. ശൈശവത്തിൽ വികലപോഷണത്തിന് ഇരയായ കുട്ടികൾ മുതിർന്നു കഴിയുമ്പോൾ അവർക്ക് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിങ്ങനെയുള്ള നീണ്ടുനിൽക്കുന്ന രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് അടുത്തകാലത്തെ ഗവേഷണങ്ങൾ കാണിക്കുന്നു.
എന്നിരുന്നാലും, യൂനിസെഫ് അംഗീകരിക്കുന്ന പ്രകാരം ഗുരുതരമായ വികലപോഷണമല്ല ഏറ്റവും വ്യാപകമായ പ്രശ്നം. അതിങ്ങനെ പറയുന്നു: “വികലപോഷണവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 75 ശതമാനത്തിൽ അധികവും ഉണ്ടായിരിക്കുന്നതു മിതവും ചെറിയ തോതിൽ ഉള്ളതുമായ വികലപോഷണം നിമിത്തമാണ്.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) കുട്ടികളിലെ മിതമായ അല്ലെങ്കിൽ ചെറിയ തോതിലുള്ള വികലപോഷണത്തിന് ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാൻ കഴിയും. അതുകൊണ്ട് കുട്ടികളിൽ വികലപോഷണത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നടത്തേണ്ടതു വളരെ പ്രധാനമാണ്.—7-ാം പേജിലെ ചതുരം കാണുക.
രൂഢമൂലമായ കാരണങ്ങൾ
നാം മുമ്പു കണ്ടതുപോലെ, വികലപോഷണത്തിന്റെ പ്രത്യക്ഷ കാരണം ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ ദൗർലഭ്യമാണ്. എന്നാൽ കൂടുതൽ സാരമായ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, പാരിസ്ഥിതിക കാരണങ്ങളും ഉണ്ട്. ഇവയിൽ മുഖ്യം ദാരിദ്ര്യം ആണ്. ഇത് പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളിലെ ദശലക്ഷങ്ങളെ ബാധിക്കുന്നു. എന്നിരുന്നാലും, ദാരിദ്ര്യം വികലപോഷണത്തിനുള്ള ഒരു കാരണം മാത്രമല്ല, അതിന്റെ ഒരു പരിണതഫലം കൂടിയാണ്. അതായത്, പോഷകാഹാര കുറവ് ആളുകളുടെ പ്രവർത്തന ക്ഷമതയെ ക്ഷയിപ്പിക്കുന്നു. തന്മൂലം ദാരിദ്ര്യത്തിന്റെ രൂക്ഷത വർധിക്കുന്നു.
മറ്റുചില സംഗതികളും ഇതിനു കാരണമാകുന്നുണ്ട്. അജ്ഞത അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കു ഹേതുവാകുന്നു.
നാം കണ്ടുകഴിഞ്ഞതുപോലെ രോഗബാധയും ഒരു പങ്കുവഹിക്കുന്നു. അസന്തുലിതമായ ഭക്ഷ്യവിതരണവും സ്ത്രീകളോടുള്ള വിവേചനയും പോലുള്ള സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളും ഉണ്ട്. സ്ത്രീകൾ മിക്കപ്പോഴും പുരുഷന്മാർ കഴിച്ചതിനു ശേഷമാണു ഭക്ഷണം കഴിക്കുന്നത്, അതും അവരെക്കാൾ കുറച്ചു മാത്രം. അതുപോലെ സ്ത്രീകൾക്കു വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും നിഷേധിക്കപ്പെടുന്നു. തന്മൂലം തങ്ങളുടെ കുട്ടികളെ വേണ്ടതുപോലെ പരിപാലിക്കാനുള്ള അറിവ് അവർക്കു ലഭിക്കാതെ പോകുന്നു.ഇനി, പാരിസ്ഥിതിക ഘടകങ്ങൾ ഭക്ഷ്യോത്പാദനത്തിന്റെ തോതു കുറയാൻ ഇടയാക്കുന്നു. ഇവയിൽ പ്രകൃതി വിപത്തുകളും യുദ്ധവും ഉൾപ്പെടും. ലോകത്തിലെ ഭക്ഷ്യ അരക്ഷിതത്വം 2001, പറയുന്നതനുസരിച്ച് 1999 ഒക്ടോബർ മുതൽ 2001 ജൂൺ വരെയുള്ള കാലഘട്ടത്തിൽ മാത്രം 22 രാജ്യങ്ങളെ വരൾച്ച ബാധിക്കുകയുണ്ടായി. 17 രാജ്യങ്ങളിൽ ചുഴലിക്കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ നാശം വിതച്ചു. 14 രാജ്യങ്ങളിൽ ആഭ്യന്തരയുദ്ധമോ കലാപമോ ഉണ്ടായി. 3 രാജ്യങ്ങളിൽ കൊടുംശൈത്യം അനുഭവപ്പെട്ടു, 2 രാജ്യങ്ങളിൽ ഭൂകമ്പം ഉണ്ടായി.
പ്രതിവിധിയും പ്രതിരോധവും
വികലപോഷണം ബാധിച്ച ഒരു കുട്ടിയെ എങ്ങനെ ചികിത്സിക്കാം? വികലപോഷണം ഗുരുതരം ആണെങ്കിൽ പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുതന്നെയാണ് ഉത്തമം. ഡോക്ടർമാർക്കായുള്ള, ലോകാരോഗ്യ സംഘടനയുടെ ഒരു നിർദേശപുസ്തകം അനുസരിച്ച്, ഡോക്ടർമാർ കുട്ടിയുടെ അവസ്ഥ വിലയിരുത്തി എന്തെങ്കിലും രോഗബാധയോ നിർജ്ജലീകരണമോ ഉണ്ടെങ്കിൽ അതു ചികിത്സിക്കും. ക്രമേണ കുട്ടിക്കു ഭക്ഷണം നൽകാൻ തുടങ്ങുന്നു. ആദ്യമൊക്കെ ട്യൂബുവഴിയാണ് ഭക്ഷണം ഉള്ളിലെത്തിക്കുക. ഈ പ്രാരംഭഘട്ടത്തിന് ഒരാഴ്ച സമയം ആവശ്യമായി വന്നേക്കാം.
വികലപോഷണം സംഭവിക്കുന്നതിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്കു കുട്ടിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് അടുത്തതായി നടക്കുന്നത്. വീണ്ടും കുട്ടിക്ക് അമ്മയുടെ പാൽ കൊടുത്തു തുടങ്ങുന്നു. എത്രത്തോളം ഭക്ഷണം കഴിക്കാമോ അത്രയും കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വൈകാരികവും ശാരീരികവുമായ പിന്തുണ ഈ ഘട്ടത്തിൽ അനുപേക്ഷണീയമാണ്. കുട്ടിക്കു പരിപാലനവും വാത്സല്യവും നൽകുമ്പോൾ അവന്റെ അവസ്ഥയ്ക്ക് അതിശയകരമായ പുരോഗമനം ഉണ്ടാകുന്നു. കുട്ടി വീണ്ടും പഴയ ഗുരുതരാവസ്ഥയിൽ ആകാതിരിക്കാൻ, അമ്മയുടെയും കുഞ്ഞിന്റെയും ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ സംബന്ധിച്ച് അമ്മയെ ബോധവത്കരിക്കുന്നു. ഇതിനുശേഷം കുട്ടിയെ ആശുപത്രിയിൽനിന്ന് വിട്ടയയ്ക്കുന്നു. എങ്കിലും അതിനുശേഷവും ഇടയ്ക്കിടയ്ക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലോ ക്ലിനിക്കിലോ കൊണ്ടുപോകേണ്ടതു പ്രധാനമാണ്.
എന്നിരുന്നാലും പ്രതിരോധം അതായത് രോഗം വരാതെ നോക്കുന്നതാണ് എപ്പോഴും അഭികാമ്യം. അതുകൊണ്ടാണ് പല രാജ്യങ്ങളിലും ഗവണ്മെന്റ് സ്ഥാപനങ്ങളും സ്വകാര്യ സംഘടനകളുമൊക്കെ, ഭക്ഷണത്തിലെ കുറവുനികത്തൽ പരിപാടികൾ അഥവാ ജീവകങ്ങളും മറ്റും ചേർത്ത് സമ്പുഷ്ടമാക്കിയ ഭക്ഷണം പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന പരിപാടികൾ നടപ്പിലാക്കിയിരിക്കുന്നത്. വികലപോഷണം തടയുന്നതിൽ സമുദായവും പല വിധത്തിൽ പങ്കുവഹിക്കുന്നു. പോഷകാഹാരത്തെ കുറിച്ചുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുക, കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക, കക്കൂസുകൾ നിർമിക്കുക, പരിസരം ശുചിയായി സൂക്ഷിക്കുക, പ്രതിരോധ കുത്തിവെപ്പു പ്രചാരണപരിപാടികൾ ഏറ്റെടുത്തു നടത്തുക, കുട്ടികളുടെ വളർച്ചയും മാനസിക വികാസവും നിരീക്ഷിക്കുക എന്നിങ്ങനെ പല വിധങ്ങളിൽ സമുദായം പൊതുജനാരോഗ്യത്തിനു സംഭാവന ചെയ്യുന്നു.
എന്നാൽ വികലപോഷണം തടയാൻ ഓരോ വ്യക്തിക്കും എന്തുചെയ്യാൻ കഴിയും? 8-ാം പേജിലെ ചതുരത്തിൽ സഹായകമായ ചില നിർദേശങ്ങളുണ്ട്. കൂടാതെ, ശിശുപോഷക വിദഗ്ധയായ ഹിയോർഹീന റ്റൂസായിന്റിന്റെ ശുപാർശ അനുസരിച്ച്, കുഞ്ഞു ജനിച്ച് ഏഴു ദിവസത്തിനു ശേഷം അമ്മ ശിശുരോഗ വിദഗ്ധനെ സമീപിക്കുകയോ ആരോഗ്യപരിപാലന കേന്ദ്രം സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്. കുഞ്ഞിന് ഒരു മാസം പ്രായമാകുമ്പോഴും തുടർന്നുള്ള ഓരോ മാസത്തിലും ഇപ്രകാരം ചെയ്യേണ്ടതാണ്. കുഞ്ഞിനു നിർജ്ജലീകരണമോ ഗുരുതരമായ വയറിളക്കമോ പനിയോ ഉള്ളതിന്റെ ലക്ഷണങ്ങൾ കാണുന്നെങ്കിലും അമ്മ വൈദ്യസഹായം തേടേണ്ടതാണ്.
ഈ ശുപാർശകളും നിർദേശങ്ങളുമൊക്കെ കുട്ടികളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്താൻ സഹായകമാണെങ്കിലും വികലപോഷണം മനുഷ്യശ്രമങ്ങളാൽ പരിഹരിക്കാനാവാത്ത ഒരു വലിയ സമസ്യയാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എല്ലാവർക്കും ആവശ്യത്തിനു ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കുന്നതും പോഷകാഹാരത്തെ കുറിച്ചുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതും ഒരു വിഷമപ്രശ്നമായിത്തന്നെ അവശേഷിക്കുന്നു.” ആ സ്ഥിതിക്ക്, വികലപോഷണം എന്ന അടിയന്തിര പ്രശ്നം എന്നെങ്കിലും പരിഹരിക്കപ്പെടുമെന്നു പ്രത്യാശിക്കാനാകുമോ? (g03 2/22)
[അടിക്കുറിപ്പ്]
a ലോക ഭക്ഷ്യ ഉച്ചകോടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1997 ആഗസ്റ്റ് 8 ഉണരുക!യുടെ 12-14 പേജുകൾ കാണുക.
[7-ാം പേജിലെ ചതുരം]
നിങ്ങളുടെ കുട്ടിക്ക് പോഷകാഹാര കുറവുണ്ടോ?
കുട്ടിക്കു മതിയായ പോഷണം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് ആരോഗ്യ വിദഗ്ധർ നിഗമനത്തിലെത്തുന്നത് എങ്ങനെയാണ്? അവർ കുട്ടിയിൽ കാണപ്പെടുന്ന പല രോഗലക്ഷണങ്ങൾ വിശകലനം ചെയ്തേക്കാം. കുട്ടിയുടെ ആഹാരശീലങ്ങളെപ്പറ്റി അന്വേഷിക്കാനിടയുണ്ട്. ചിലപ്പോൾ ഒരു ലബോറട്ടറി പരിശോധന നടത്താൻ ആവശ്യപ്പെട്ടേക്കാം. എന്നിരുന്നാലും, ഏറ്റവും സാധാരണമായി അവർ പിൻപറ്റുന്ന നടപടിക്രമം കുട്ടിയുടെ ശരീര അളവുകൾ പരിശോധിക്കുക എന്നതാണ്. കുട്ടിയുടെ ശരീര അളവുകളെ ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഉണ്ടായിരിക്കേണ്ട തൂക്കം, ഉയരം തുടങ്ങിയവയുടെ അനുപാതം സംബന്ധിച്ചുള്ള മാനദണ്ഡവുമായി താരതമ്യം ചെയ്യുന്നു. എന്തിന്റെ അഭാവത്താലുള്ള വികലപോഷണമാണു കുട്ടിക്കുള്ളതെന്നും അത് എത്രമാത്രം ഗുരുതരമാണെന്നും വ്യക്തമായ നിഗമനത്തിലെത്താൻ ഇത് അവരെ സഹായിക്കുന്നു.
തൂക്കം, ഉയരം, കൈയുടെ വണ്ണം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട അളവുകൾ. തൂക്കവും പ്രായവും തമ്മിലുള്ള താരതമ്യത്തിലൂടെ, വികലപോഷണം എത്ര രൂക്ഷമാണെന്നു വ്യക്തമാകുന്നു. കുട്ടി വെറും എല്ലും തോലുമായി കാണപ്പെടുന്നെങ്കിൽ അവസ്ഥ അപകടകരമാണ്. കുട്ടിക്ക് സാധാരണ നിലവാരത്തിൽനിന്നും 40 ശതമാനത്തിലേറെ തൂക്കക്കുറവ് ഉണ്ടെങ്കിൽ അവസ്ഥ ഗുരുതരമായിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. തൂക്കക്കുറവ് 25 മുതൽ 40 വരെ ശതമാനമാണെങ്കിൽ വികലപോഷണം മിതവും 10 മുതൽ 25 വരെ ആണെങ്കിൽ ചെറിയ തോതിലുള്ളതുമാണ്. പ്രായത്തോടുള്ള താരതമ്യത്തിൽ കുട്ടിക്കു തീരെ പൊക്കക്കുറവ് ആണെങ്കിൽ കുട്ടി വികലപോഷണത്തിന് ഇരയായിട്ട് ദീർഘകാലമായെന്നു മനസ്സിലാക്കാം, കുട്ടിയുടെ വളർച്ച മുരടിച്ചിരിക്കുന്നു.
പിഇഎമ്മിന്റെ ഏറ്റവും ഗുരുതരമായ രൂപങ്ങളിൽ ചിലതാണ് മരാസ്മസ്, ക്വാഷിയോർകർ എന്നിവ. ചിലപ്പോഴൊക്കെ ഇവ രണ്ടിന്റെയും ലക്ഷണങ്ങൾ ഒരുമിച്ചു പ്രത്യക്ഷപ്പെടാറുമുണ്ട്. 6 മുതൽ 18 വരെ മാസം പ്രായമുള്ള, അതായത് മുലകുടിക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളിലാണ് മരാസ്മസ് (ക്രമേണയുള്ള തൂക്കം നഷ്ടപ്പെടൽ) കണ്ടുവരുന്നത്. ആവശ്യമായ കലോറികളുടെയും പോഷകങ്ങളുടെയും അഭാവം കുറെ നാളുകളായി ശരീരത്തിൽ അനുഭവപ്പെടുമ്പോഴാണ് ഇതിനു മെല്ലെ തുടക്കമിടുന്നത്. ആവശ്യത്തിനു മുലയൂട്ടാതിരിക്കുകയോ അമ്മയുടെ പാലിനു പകരം കൂടുതൽ നേർപ്പിച്ച ആഹാരസാധനങ്ങൾ കൊടുക്കുകയോ ചെയ്യുന്നതിനാലാണ് ഇതുണ്ടാകുന്നത്. തത്ഫലമായി കുഞ്ഞിന്റെ തൂക്കം തീരെ കുറയുന്നു. പേശികൾ തീർത്തും ശോഷിച്ചിട്ട് കുഞ്ഞ് എല്ലും തോലുമാകുന്നു. കുഞ്ഞിന്റെ വളർച്ച മുരടിക്കുന്നു. അവന്റെ മുഖം കുട്ടിത്തം നഷ്ടപ്പെട്ട് ഏതാണ്ട് ഒരു “വൃദ്ധന്റെ” മുഖം പോലെ ആയിത്തീരുന്നു. കുട്ടി സദാ അസ്വസ്ഥനാകുകയും കരയുകയും ചെയ്യുന്നു.
ക്വാഷിയോർകർ എന്ന പദം ഒരു ആഫ്രിക്കൻ ഭാഷാഭേദത്തിൽനിന്നാണ് എടുത്തിട്ടുള്ളത്. “സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കുട്ടി” എന്നാണ് അതിന്റെ അർഥം. അമ്മയ്ക്കു മറ്റൊരു കുഞ്ഞ് ഉണ്ടാകുമ്പോൾ ഇളയ കുഞ്ഞെന്ന സ്ഥാനം നഷ്ടപ്പെട്ട് മുലകുടി നിറുത്തേണ്ടിവരുന്ന കുട്ടിയെ ഇത് അർഥമാക്കുന്നു. മുലകുടി നിറുത്തിയതിനു ശേഷമാണ് ഈ അവസ്ഥ കണ്ടുവരുന്നത്. കലോറികൾ ആവശ്യത്തിന് അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മാംസ്യങ്ങൾ ഒട്ടുംതന്നെ കുട്ടിക്കു ലഭിക്കാതിരിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിനിൽക്കാൻ ഇത് ഇടയാക്കുന്നു. തന്മൂലം ഉദരം, കൈകാലുകൾ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങൾ വീർത്തുവരുന്നു. ചിലപ്പോൾ ഇതു മുഖത്തെയും ബാധിക്കുന്നു. മുഖം പൂർണ ചന്ദ്രനെപ്പോലെ വൃത്താകൃതിയിലായിത്തീരുന്നു. ത്വക്കിൽ വ്രണങ്ങൾ ഉണ്ടാകുന്നു, മുടിയുടെ നിറത്തിനും, ഘടനയ്ക്കും വ്യത്യാസം വരുന്നു. ഈ അവസ്ഥയിലുള്ള കുട്ടികൾക്കു കരൾവീക്കം പിടിപെടുന്നു. അവർ ഉദാസീനരും ദുഃഖിതരും ആയി കാണപ്പെടുന്നു. മുമ്പു പരാമർശിച്ച എറിക്കിന്റെ കാര്യത്തിൽ ഇതാണു സംഭവിച്ചത്. അവൻ ജനിച്ച ആ മാസം മാത്രമേ അമ്മ അവനെ മുലയൂട്ടിയുള്ളൂ. അതിനു ശേഷം വളരെ നേർപ്പിച്ച പശുവിൻ പാലാണ് അവനു നൽകിയത്. മൂന്നുമാസം ആയപ്പോൾ അവന് പച്ചക്കറി സൂപ്പുകളും പഞ്ചസാര വെള്ളവും നൽകാൻ തുടങ്ങി. അവനെ ഒരു അയൽക്കാരിയുടെ സംരക്ഷണയിൽ വിട്ടു.
പിഇഎമ്മിന്റെ മറ്റൊരു രൂപം മരാസ്മസിന്റെയും ക്വാഷിയോർകറിന്റെയും ലക്ഷണങ്ങൾ ഉൾപ്പെടുന്ന ഒന്നാണ്. തക്കസമയത്തു ചികിത്സിച്ചില്ലെങ്കിൽ ഇവയെല്ലാം മരണത്തിൽ കലാശിച്ചേക്കാം.
[8-ാം പേജിലെ ചതുരം/ചിത്രം]
വികലപോഷണത്തിൽനിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക!
◼ കുട്ടിയെ വികലപോഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിന് അമ്മയുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഗർഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകൾ കൂടുതൽ കലോറികളും മാംസ്യങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു മാംസ്യങ്ങൾ, അമ്മയുടെ പാൽ വർധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട്, ഭക്ഷണം വളരെ കുറച്ചു മാത്രം ഉള്ളപ്പോൾ, കൊച്ചുകുട്ടികൾക്കും ഗർഭധാരണം നടക്കാവുന്ന പ്രായത്തിലുള്ള സ്ത്രീകൾക്കും മുൻഗണന കൊടുക്കേണ്ടതാണ്.
◼ എല്ലായ്പോഴുംതന്നെ കുഞ്ഞിനു ലഭിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണം അതിന്റെ അമ്മയുടെ പാൽ ആണ്. വിശേഷിച്ച്, കുഞ്ഞു ജനിച്ചു കഴിഞ്ഞുള്ള ആദ്യദിവസങ്ങളിലെ പാലിൽ കുഞ്ഞിനെ രോഗബാധയിൽ നിന്നു സംരക്ഷിക്കാനാവശ്യമായ ആന്റിബോഡികൾ (പ്രതിവസ്തുക്കൾ) അടങ്ങിയിരിക്കുന്നു. ആദ്യത്തെ നാലു മാസത്തോളം കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ എല്ലാംതന്നെ മുലപ്പാലിൽ നിന്നും ലഭിക്കുന്നു.
◼ മുലപ്പാൽ തുടർന്നും കുഞ്ഞിന്റെ മുഖ്യ ഭക്ഷണമാണെങ്കിലും നാലുമാസത്തിനും ആറുമാസത്തിനും ഇടയ്ക്ക് മറ്റു ഭക്ഷ്യവസ്തുക്കൾ കുഞ്ഞിനു കൊടുത്തു തുടങ്ങാം. ക്രമേണ പഴങ്ങളും പച്ചക്കറികളുമൊക്ക ഞെരടി കുഴച്ചു കൊടുക്കാവുന്നതാണ്. ഓരോ പുതിയ ഭക്ഷണവുമായി പരിചയത്തിലാകാൻ കുഞ്ഞിന് വേണ്ടത്ര സമയം അനുവദിക്കുക. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ്, കുഞ്ഞ് ആ ഭക്ഷണവുമായി പരിചയിച്ചശേഷം മറ്റൊരുതരം ഭക്ഷണം നൽകാൻ കഴിയും. പുതിയ ഭക്ഷണം കുഞ്ഞിനെക്കൊണ്ടു കഴിപ്പിക്കുന്നതിനു ക്ഷമയും തുടർച്ചയായ ശ്രമവും ആവശ്യമാണ്. കുഞ്ഞിനുവേണ്ടി ആഹാരം തയ്യാറാക്കുമ്പോൾ മനസ്സിൽപ്പിടിക്കേണ്ട ഒരു സുപ്രധാന സംഗതിയുണ്ട്: കർശനമായ ശുചിത്വപാലനം! ഭക്ഷണപദാർഥങ്ങളും ഉപയോഗിക്കുന്ന പാത്രങ്ങളുമെല്ലാം നന്നായി കഴുകി വൃത്തിയാക്കുക!
◼ അഞ്ചുമുതൽ ഒമ്പതുവരെ മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്, പാലിൽനിന്നു കിട്ടുന്ന കലോറികളും മാംസ്യവും മതിയാകാതെ വരും. അപ്പോൾ തുടർച്ചയായി മറ്റു ഭക്ഷണപദാർഥങ്ങൾ കൊടുക്കേണ്ടതാണ്. പച്ചക്കറികളിൽ നിന്നു തയ്യാറാക്കുന്ന ബേബിഫുഡ്, മറ്റുതരം കുറുക്കുകൾ എന്നിവയാണ് ആദ്യം കൊടുത്തു തുടങ്ങാവുന്നവ. തുടർന്ന് മാംസവും പാൽ ഉത്പന്നങ്ങളും നൽകാൻ കഴിയും. ആദ്യമൊക്കെ ഭക്ഷണം നന്നായി അരിച്ചു നൽകേണ്ടതാണ്. എന്നാൽ കുഞ്ഞിന് ആറുമാസം പ്രായമാകുന്നതോടെ ഭക്ഷണപദാർഥങ്ങൾ തീരെ ചെറുതായി അരിഞ്ഞു നൽകിയാൽ മതിയാകും. ഉപ്പോ പഞ്ചസാരയോ ചേർക്കേണ്ട ആവശ്യമില്ല, അതു നൽകാൻ ശുപാർശ ചെയ്യുന്നുമില്ല.
◼ എട്ടുമാസം കഴിഞ്ഞും അമ്മയുടെ പാൽ കൊടുക്കുന്നത് നല്ലതാണെങ്കിലും അത് മേലാൽ കുഞ്ഞിന്റെ മുഖ്യഭക്ഷണമായി കണക്കാക്കരുത്. മറ്റു കുടുംബാംഗങ്ങൾ കഴിക്കുന്ന ഭക്ഷണംതന്നെ കുഞ്ഞിനും കൊടുത്തു തുടങ്ങണം. ഭക്ഷണം അങ്ങേയറ്റം ശുചിയായിരിക്കണം, ചവയ്ക്കാൻ എളുപ്പത്തിനു ചെറുതായി അരിഞ്ഞതും ആയിരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, മാംസം, പാൽ ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെട്ട ഭക്ഷണക്രമമാണ് ഏറ്റവും ഉത്തമം. b പ്രത്യേകിച്ചു കുട്ടികൾക്ക് ജീവകം എ ധാരാളമുള്ള ഭക്ഷണം ആവശ്യമാണ്. ഉദാഹരണത്തിന്, മുലപ്പാൽ, കടുംപച്ച നിറമുള്ള ഇലക്കറികൾ, മാങ്ങ, കാരറ്റ്, പപ്പായ എന്നിങ്ങനെ ഓറഞ്ചോ മഞ്ഞയോ നിറമുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾ ദിവസം അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
◼ വൈവിധ്യമാർന്ന ഭക്ഷണപദാർഥങ്ങൾ കൊടുക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യും. കുഞ്ഞിനു ഗുണമേന്മയുള്ള ഭക്ഷണം നൽകാൻ അമ്മ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ വയറു നിറഞ്ഞു കഴിഞ്ഞും കഴിക്കാൻ നിർബന്ധിക്കരുത്; എന്നാൽ കുഞ്ഞ് കൂടുതൽ ഭക്ഷണം ആവശ്യപ്പെട്ടാൽ കൊടുക്കാതിരിക്കുകയും അരുത്.
[അടിക്കുറിപ്പ്]
b കൂടുതൽ വിവരങ്ങൾ 2002 ജൂൺ 8 ഉണരുക!യിലെ “പോഷകഗുണമുള്ള ആഹാരം നിങ്ങളുടെ എത്തുപാടിൽ” എന്ന ലേഖനത്തിൽ ലഭ്യമാണ്.
[ചിത്രം]
ഒരു നവജാതശിശുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഭക്ഷണം അതിന്റെ അമ്മയുടെ പാലാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു
[കടപ്പാട്]
© Caroline Penn/Panos Pictures
[7-ാം പേജിലെ ചിത്രം]
ഭൂട്ടാനിലെ ഒരു സ്കൂളിൽ കുട്ടികൾ നുറുക്കുഗോതമ്പുകൊണ്ടുള്ള ഒരു വിഭവവും പച്ചക്കറികളും കഴിക്കുന്നു
[കടപ്പാട്]
FAO photo/WFP Photo: F. Mattioli
[9-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടിയുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്കു നടപടികൾ കൈക്കൊള്ളാൻ കഴിയും
[കടപ്പാട്]
FAO photo