വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വികലപോഷണത്തിന്‌ ഉടൻ അവസാനം!

വികലപോഷണത്തിന്‌ ഉടൻ അവസാനം!

വികല​പോ​ഷ​ണ​ത്തിന്‌ ഉടൻ അവസാനം!

“ഇന്നലെ​കളെ അപേക്ഷി​ച്ചു നോക്കി​യാൽ ഇന്നു നാം സമൃദ്ധി​യു​ടെ ലോക​ത്താണ്‌ ജീവി​ക്കു​ന്നത്‌. . . . താത്ത്വി​ക​മാ​യി പറഞ്ഞാൽ . . . എല്ലാവർക്കും ആവശ്യ​മാ​യ​തി​ലും അധികം ഭക്ഷണമുണ്ട്‌.” ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു പഠന റിപ്പോർട്ടാണ്‌ അപ്രകാ​രം പറഞ്ഞത്‌. ഇതു സത്യമാ​ണെ​ങ്കിൽ വികല​പോ​ഷ​ണ​ത്തി​നു കാരണ​മായ യഥാർഥ പ്രശ്‌നം എന്താണ്‌?

“ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തും വിതരണം ചെയ്യു​ന്ന​തും സമമാ​യി​ട്ടല്ല എന്നതാണു പ്രശ്‌നം” എന്നു ലോകാ​രോ​ഗ്യ സംഘടന അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ദുഃഖ​ക​ര​മെന്നു പറയട്ടെ, ഫലഭൂ​യി​ഷ്‌ഠ​മായ വികസ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ സമൃദ്ധ​മായ വിളകൾ മിക്ക​പ്പോ​ഴും പണത്തിനു വേണ്ടി കയറ്റു​മതി ചെയ്യു​മ്പോൾ വെറും​കൈ​യോ​ടെ ഒട്ടിയ​വ​യ​റു​മാ​യി നോക്കി​നിൽക്കാ​നേ അവിടത്തെ ദരി​ദ്രനു കഴിയാ​റു​ള്ളൂ. ഒരു ന്യൂന​പക്ഷം ഇതിൽ നിന്നു ഹ്രസ്വ​കാല ലാഭം കൊയ്യു​മ്പോൾ ബഹുഭൂ​രി​പ​ക്ഷ​ത്തിന്‌ ഇതു ദീർഘ​കാല നഷ്ടം വരുത്തി​വെ​ക്കു​ന്നു.” എഫ്‌എഒ അടുത്ത​കാ​ലത്ത്‌ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നത്‌ ഭൂഗ്ര​ഹ​ത്തി​ലെ ‘ഏറ്റവും സമ്പന്നരായ 20 ശതമാനം ആളുകൾ ആകെയുള്ള മത്സ്യത്തി​ന്റെ​യും മാംസ​ത്തി​ന്റെ​യും 45 ശതമാനം കഴിക്കു​മ്പോൾ ഏറ്റവും ദരി​ദ്ര​രായ 20 ശതമാ​ന​ത്തി​നു കിട്ടു​ന്നത്‌ ആകെയു​ള്ള​തി​ന്റെ വെറും 5 ശതമാ​ന​മാണ്‌’ എന്നാണ്‌.

മാത്രമല്ല, “ഉയർന്ന നിലവാ​ര​മുള്ള വിദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും കൃത്യ​ത​യുള്ള വിവര​ങ്ങ​ളു​ടെ​യും അഭാവ​വും വികല​പോ​ഷ​ണ​ത്തി​ലേക്കു നയിക്കു​ന്നു” എന്ന്‌ യൂനി​സെഫ്‌ പറയുന്നു. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “വിജ്ഞാനം പ്രദാനം ചെയ്യു​ന്ന​തി​നാ​യി ശ്രദ്ധാ​പൂർവം ആസൂ​ത്രണം ചെയ്‌തി​ട്ടുള്ള പദ്ധതി​ക​ളും മെച്ചമായ വിദ്യാ​ഭ്യാ​സം വ്യാപ​ക​മാ​യി ലഭ്യമാ​ക്കാ​നുള്ള ഫലപ്ര​ദ​മായ മാർഗ​ങ്ങ​ളും ഇല്ലാതെ വികല​പോ​ഷ​ണ​ത്തോ​ടു പൊരു​താൻ ആവശ്യ​മായ പ്രാപ്‌തി​യും അവബോ​ധ​വും ശീലങ്ങ​ളും ആളുക​ളിൽ വളർത്തി​യെ​ടു​ക്കാൻ സാധ്യമല്ല.” എന്നാൽ ഭക്ഷണം ലഭിക്കാ​തെ വരു​മ്പോൾ ഒരുവന്റെ ആരോ​ഗ്യം ക്ഷയിക്കു​ക​യും വിദ്യാ​ഭ്യാ​സം നേടു​ന്ന​തി​നുള്ള കഴിവു കുറയു​ക​യും ചെയ്യുന്നു. അങ്ങനെ വീണ്ടും ഒരു വിഷമ​വൃ​ത്തം തീർക്ക​പ്പെ​ടു​ന്നു.

നീതി​യും മറ്റുള്ള​വ​രി​ലുള്ള നിസ്സ്വാർഥ താത്‌പ​ര്യ​വും

ഇത്തരം നിരാ​ശാ​ജ​ന​ക​മായ തടസ്സങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും ഈ രംഗത്തു പ്രവർത്തി​ക്കുന്ന ചില വിദഗ്‌ധർ ഇപ്പോ​ഴും ശുഭാ​പ്‌തി​വി​ശ്വാ​സം കൈവി​ട്ടി​ട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, എഫ്‌എഒ-യുടെ ഡയറക്ടർ ജനറലായ ഷാക്ക്‌ ജൂഫ്‌ തന്റെ ശുഭ​പ്ര​തീക്ഷ ഇപ്രകാ​രം വിവരി​ക്കു​ന്നു: “ഓരോ പുരു​ഷ​നും സ്‌ത്രീ​ക്കും കുട്ടി​ക്കും ദിവസ​വും പോഷ​ക​സ​മ്പു​ഷ്ട​വും സുരക്ഷി​ത​വു​മായ ആഹാരം ലഭിക്കുന്ന ഒരു ലോകം ഞാൻ ഭാവന​യിൽ കാണുന്നു. അവിടെ സമ്പന്നത​യും ദാരി​ദ്ര്യ​വും തമ്മിൽ ഇന്നു കാണുന്ന ഞെട്ടി​ക്കുന്ന അകലം ഉണ്ടായി​രി​ക്കു​ക​യില്ല. വിവേ​ച​ന​ത്തി​നു പകരം സഹിഷ്‌ണു​ത​യും ആഭ്യന്ത​ര​ക​ല​ഹ​ത്തി​നു പകരം സമാധാ​ന​വും ആയിരി​ക്കും അവിടെ ഉണ്ടായി​രി​ക്കുക. പരിസ്ഥി​തി​യു​ടെ സന്തുലി​താ​വസ്ഥ തകിടം മറിക്കാ​തെ പ്രകൃ​തി​യു​ടെ വിഭവ​സ്രോ​ത​സ്സു​കൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തും തളർത്തുന്ന നിരാ​ശ​യ്‌ക്കു പകരം പൊതു​വേ എല്ലാവ​രും സമൃദ്ധി ആസ്വദി​ക്കു​ന്ന​തു​മായ ഒരു അവസ്ഥ ഞാൻ വിഭാവന ചെയ്യുന്നു.”

നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ഈ പ്രതീ​ക്ഷകൾ പൂവണി​യു​ന്ന​തിന്‌ ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തി​ലും വിതര​ണ​ത്തി​ലു​മുള്ള വർധന​യെ​ക്കാൾ അധികം ആവശ്യ​മാണ്‌. അതേ, വ്യാപ​ക​മായ തോതിൽ നീതി നടപ്പാ​ക്ക​പ്പെ​ടു​ക​യും മനുഷ്യർ പരസ്‌പരം നിസ്സ്വാർഥ താത്‌പ​ര്യം പ്രകട​മാ​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. പക്ഷേ ഈ ശ്രേഷ്‌ഠ ഗുണങ്ങ​ളൊ​ന്നും ഇന്നത്തെ വ്യാപാ​ര​രം​ഗത്ത്‌ സാധാ​ര​ണമല്ല എന്നതാണു വാസ്‌തവം.

അത്യാ​ഗ്ര​ഹം, ദാരി​ദ്ര്യം കലാപം സ്വാർഥത എന്നിങ്ങ​നെ​യുള്ള വലിയ പ്രതി​ബ​ന്ധ​ങ്ങളെ തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ ഭൂഗ്ര​ഹത്തെ വികല​പോ​ഷ​ണ​ത്തി​ന്റെ പിടി​യിൽനി​ന്നും വിമു​ക്ത​മാ​ക്കുക സാധ്യ​മാ​ണോ? അതോ ഇതു വെറു​മൊ​രു സ്വപ്‌ന​മാ​ണോ?

ഒരേ​യൊ​രു യഥാർഥ പരിഹാ​രം

ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌, വികല​പോ​ഷ​ണ​ത്തി​നു വഴിമ​രു​ന്നി​ടുന്ന പ്രശ്‌നങ്ങൾ നമ്മെ അതിശ​യി​പ്പി​ക്കേ​ണ്ട​തില്ല. ദൈവ​വ​ചനം ഇപ്രകാ​രം പറയുന്നു: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും, ദ്രവ്യാ​ഗ്ര​ഹി​ക​ളും . . . വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും . . . സൽഗു​ണ​ദ്വേ​ഷി​ക​ളും . . . ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

അടിയു​റ​ച്ചു​പോയ ഇത്തരം ചിന്താ​ഗ​തി​കൾ ദൈവ​ത്തി​ന്റെ സഹായ​മി​ല്ലാ​തെ ഉന്മൂലനം ചെയ്യാൻ മനുഷ്യ​വർഗ​ത്തി​നു സാധ്യ​മാ​ണോ? സാധ്യ​മാ​ണെന്നു തോന്നു​ന്നില്ല, അല്ലേ? ഭരണരം​ഗ​ത്തുള്ള ചിലർ സാമൂ​ഹിക പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നാ​യി സദു​ദ്ദേ​ശ്യ​ത്തോ​ടെ മുന്നി​ട്ടി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും മറ്റുള്ള​വ​രു​ടെ ഭാഗത്തെ സ്വാർഥ​ത​യും പണസ്‌നേ​ഹ​വും അപൂർണ​ത​ക​ളു​മെ​ല്ലാം ഈ സത്‌ശ്ര​മ​ങ്ങൾക്കു തടസ്സം സൃഷ്ടി​ക്കു​ന്ന​താ​യി നിങ്ങൾ ഒരുപക്ഷേ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം. ഏറ്റവും ആത്മാർഥ​മായ ശ്രമങ്ങൾപോ​ലും ഇങ്ങനെ നിഷ്‌ഫ​ല​മാ​യി​ത്തീ​രു​ന്നു.—യിരെ​മ്യാ​വു 10:23.

എന്നിരു​ന്നാ​ലും ഈ പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ടും എന്നത്‌ ഒരു പാഴ്‌കി​നാ​വല്ല. ദൈവ​രാ​ജ്യം സകല അനീതി​ക്കും ഇന്നു മനുഷ്യ​വർഗത്തെ കാർന്നു തിന്നു​കൊ​ണ്ടി​രി​ക്കുന്ന എല്ലാ ദുരി​ത​ങ്ങൾക്കും അവസാനം വരുത്തു​മെന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.

യെശയ്യാ​വു 9:6-7-ൽ നമുക്കാ​യി ഈ മഹത്തായ പ്രത്യാശ നൽകി​യി​രി​ക്കു​ന്നു: “നമുക്കു ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു; നമുക്കു ഒരു മകൻ നല്‌ക​പ്പെ​ട്ടി​രി​ക്കു​ന്നു; ആധിപ​ത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുത​മ​ന്ത്രി, വീരനാം ദൈവം, നിത്യ​പി​താ​വു, സമാധാ​ന​പ്രഭു എന്നു പേർ വിളി​ക്ക​പ്പെ​ടും. അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല; ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ലും അവന്റെ രാജത്വ​ത്തി​ലും ഇന്നുമു​തൽ എന്നെ​ന്നേ​ക്കും അവൻ അതിനെ ന്യായ​ത്തോ​ടും നീതി​യോ​ടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ തീക്ഷ്‌ണത അതിനെ നിവർത്തി​ക്കും.”

കർത്താ​വി​ന്റെ പ്രാർഥന ഉരുവി​ട്ടു​കൊണ്ട്‌ “നിന്റെ രാജ്യം വരേണമേ” എന്ന്‌ പറയു​മ്പോൾ ആളുകൾ ഈ രാജ്യ​ത്തി​നു​വേ​ണ്ടി​യാ​ണു പ്രാർഥി​ക്കു​ന്നത്‌. (മത്തായി 6:9, 10) “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ തീക്ഷ്‌ണത അതിനെ നിവർത്തി​ക്കും” എന്ന്‌ യെശയ്യാവ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. അതേ, മനുഷ്യ​രു​ടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തിൽ യഹോ​വ​യാം ദൈവം എല്ലായ്‌പോ​ഴും അതീവ തത്‌പ​ര​നാ​യി​രു​ന്നി​ട്ടുണ്ട്‌. സകലർക്കും വേണ്ടു​വോ​ളം ഭക്ഷണം ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയുന്ന വിധത്തി​ലാണ്‌ അവൻ ഈ ഭൂഗ്ര​ഹത്തെ രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നത്‌.

യഹോ​വ​യെ കുറിച്ച്‌ സങ്കീർത്തനം 65:9-13 ഇങ്ങനെ പറയുന്നു: “നീ ഭൂമിയെ സന്ദർശി​ച്ചു നനെക്കു​ന്നു; നീ അതിനെ അത്യന്തം പുഷ്ടി​യു​ള്ള​താ​ക്കു​ന്നു; ദൈവ​ത്തി​ന്റെ നദിയിൽ വെള്ളം നിറെ​ഞ്ഞി​രി​ക്കു​ന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടു​ക്കു​ന്നു. നീ അതിന്റെ ഉഴവു​ചാ​ലു​കളെ നനെക്കു​ന്നു; നീ അതിന്റെ കട്ട ഉടെച്ചു​നി​ര​ത്തു​ന്നു; മഴയാൽ നീ അതിനെ കുതിർക്കു​ന്നു; അതിലെ മുളയെ നീ അനു​ഗ്ര​ഹി​ക്കു​ന്നു. . . . മേച്ചല്‌പു​റങ്ങൾ ആട്ടിൻകൂ​ട്ട​ങ്ങൾകൊ​ണ്ടു നിറെ​ഞ്ഞി​രി​ക്കു​ന്നു; താഴ്‌വ​രകൾ ധാന്യം​കൊ​ണ്ടു മൂടി​യി​രി​ക്കു​ന്നു.”

തീർച്ച​യാ​യും, സ്രഷ്ടാ​വായ യഹോ​വ​യാണ്‌ മനുഷ്യ​വർഗ​ത്തി​ന്റെ ഏറ്റവും വലിയ ദാതാവ്‌. അവൻ ‘സകലജ​ഡ​ത്തി​ന്നും ആഹാരം കൊടു​ക്കു​ന്നു: അവന്റെ ദയ എന്നേക്കു​മു​ള്ള​താണ്‌.’—സങ്കീർത്തനം 136:25.

ക്രിസ്‌തു​വി​ന്റെ കീഴി​ലുള്ള ദൈവ​രാ​ജ്യം സകല​രെ​യും പരിപാ​ലി​ക്കും എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. “ദേശത്തു പർവ്വത​ങ്ങ​ളു​ടെ മുകളിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​കും” എന്നു ബൈബിൾ പറയുന്നു. അന്ന്‌ യാതൊ​രു വിവേ​ച​ന​യും കൂടാതെ ഭക്ഷ്യവ​സ്‌തു​ക്കൾ എല്ലാവർക്കും ലഭ്യമാ​യി​രി​ക്കും. എന്തെന്നാൽ ‘നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും [യേശു​ക്രി​സ്‌തു] വിടു​വി​ക്കും. ദരി​ദ്ര​ന്മാ​രു​ടെ ജീവനെ അവൻ രക്ഷിക്കും.’ (സങ്കീർത്തനം 72:12, 13, 16) അതു​കൊണ്ട്‌ പ്രത്യാ​ശ​യു​ള്ള​വ​രാ​യി​രി​ക്കുക! വികല​പോ​ഷണം എന്ന അടിയ​ന്തിര പ്രശ്‌നം എന്നേക്കു​മാ​യി പരിഹ​രി​ക്ക​പ്പെ​ടാൻ പോകു​ന്നു. (g03 2/22)

[11-ാം പേജിലെ ആകർഷക വാക്യം]

“തത്ത്വത്തിൽ, പട്ടിണി​യും വികല​പോ​ഷ​ണ​വും നിർമാർജനം ചെയ്യുക സാധ്യ​മാണ്‌. അതിന്‌ ആവശ്യ​മായ വിഭവങ്ങൾ ലഭ്യമാണ്‌. പക്ഷേ . . . ദേശീ​യ​വും അന്തർദേ​ശീ​യ​വു​മായ തലത്തിൽ ശ്രമങ്ങൾ ഏകോ​പി​പ്പി​ക്കുക എന്നതാണു വെല്ലു​വി​ളി.”—ലോകാ​രോ​ഗ്യ സംഘടന

[10-ാം പേജിലെ ചിത്രം]