എനിക്കൊരു ദത്തുപുത്രി ആകേണ്ടിവന്നത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കൊരു ദത്തുപുത്രി ആകേണ്ടിവന്നത് എന്തുകൊണ്ട്?
“ഇതൊരു ആജീവനാന്ത വൈകല്യം പോലെയാണ്, ഒരിക്കലും ഭേദമാക്കാൻ കഴിയാത്ത ഒരു ഹൃദയനൊമ്പരം.”—റോബർട്ട് a
ജനിച്ചപ്പോൾത്തന്നെ ദത്തെടുക്കപ്പെട്ട ഒരു വ്യക്തി തന്റെ ജീവിതത്തെ വർണിക്കുന്നത് അങ്ങനെയാണ്. അദ്ദേഹം ഇങ്ങനെ തുടരുന്നു: “എന്റെ ശരിക്കുള്ള കുടുംബം ഏതാണ്? എന്റെ വീട്ടുകാരൊക്കെ താമസിക്കുന്നത് എവിടെയാണ്? അവരെന്നെ ഉപേക്ഷിച്ചത് എന്തിനാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വാസ്തവത്തിൽ ജീവിതത്തിലെ ഓരോ ദിവസവും ഉള്ളിന്റെയുള്ളിൽ നിങ്ങൾ ഉത്തരംതേടുകയാവും.”
ചാൻറ്റ്യെലിന്റെ പിതാവിനെ ആരോ ദത്തെടുത്തു വളർത്തിയതായിരുന്നു. തന്റെ യഥാർഥ മുത്തശ്ശീമുത്തശ്ശന്മാർ ആരെന്നറിയാത്തതിൽ അവൾക്കു വലിയ സങ്കടമുണ്ട്. അവൾ ഇങ്ങനെ പറയുന്നു: “അമ്മാവന്മാരുടെയും അമ്മായിമാരുടെയും അടുത്ത ബന്ധുക്കളുടെയും സഹവാസം ലഭിക്കാത്തത് തികച്ചും അന്യായം ആണെന്ന് എനിക്കു തോന്നുന്നു.” ദത്തെടുത്തു വളർത്തപ്പെട്ട എല്ലാവർക്കും ഇങ്ങനെയൊക്കെ തോന്നണമെന്നില്ല, എന്നാൽ ചിലർക്ക് അങ്ങനെ തോന്നുന്നു. എന്തുകൊണ്ട്?
ഒരു കോപകാരണം
യഥാർഥ മാതാപിതാക്കളിൽനിന്ന് താൻ എടുത്തുമാറ്റപ്പെട്ടിരിക്കുകയാണ് എന്നറിയുന്നത് ഒരു കുട്ടിയെ വൈകാരിക സംഘർഷത്തിലേക്കു തള്ളിവിട്ടേക്കാം. കുഞ്ഞുന്നാളിൽത്തന്നെ ദത്തെടുക്കപ്പെട്ട കത്രീന ഇങ്ങനെ പറയുന്നു: “എപ്പോഴും കോപിക്കുന്ന ഒരു പ്രകൃതമായിരുന്നു എന്റേത്. കാരണം എന്റെ പെറ്റമ്മ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. എന്നെ കാണാൻ ഭംഗിയില്ലാത്തതുകൊണ്ടും സ്നേഹിക്കാൻ കൊള്ളാത്തതുകൊണ്ടുമാണ് അമ്മ എന്നെ ഉപേക്ഷിച്ചത് എന്ന് എനിക്കു തോന്നി. അമ്മ എനിക്കൊരു അവസരം തന്നിരുന്നെങ്കിൽ തീർച്ചയായും ഞാൻ അമ്മയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമായിരുന്നു. പെറ്റമ്മയെപ്പറ്റി ചിന്തിച്ച ഓരോ നിമിഷവും എന്റെ കോപം ഇരട്ടിക്കുകയായിരുന്നു.”
കത്രീനയെ ദത്തെടുത്ത മാതാപിതാക്കളുമായുള്ള അവളുടെ ബന്ധവും സമ്മർദപൂരിതമായിരുന്നു. “എന്റെ ദത്തുമാതാപിതാക്കൾ വാസ്തവത്തിൽ എന്നെ എന്റെ അമ്മയിൽനിന്ന് അകറ്റിക്കളയുകയായിരുന്നു എന്ന് എനിക്കു തോന്നി,” കത്രീന പറയുന്നു. “അതുകൊണ്ട് ഞാൻ ദേഷ്യം മുഴുവൻ അവരോടു തീർക്കുമായിരുന്നു.” അതേ, ദത്തെടുക്കപ്പെടുന്ന കുട്ടികൾ പലപ്പോഴും കോപത്തിലൂടെയാണ് തങ്ങളുടെ പ്രതികരണം പ്രകടിപ്പിക്കുന്നത്.
സങ്കീർത്തനം 37:8) അത് എങ്ങനെ സാധിക്കും? ദൈവവചനം അതിനും ഉത്തരം നൽകുന്നു: “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ചയാൽ,” NW] മനുഷ്യന്നു ദീർഘക്ഷമവരുന്നു.” (സദൃശവാക്യങ്ങൾ 19:11) നിങ്ങളുടെതന്നെ സാഹചര്യം സംബന്ധിച്ച് ഉൾക്കാഴ്ചയുള്ളവരായിരിക്കുന്നത് കോപത്തെ നിയന്ത്രിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അത് എങ്ങനെയാണ്?
അത്തരം കോപം അപകടകരമാണ്. കത്രീനയുടെ കാര്യത്തിൽ നാം കണ്ടതുപോലെ, ചിലപ്പോൾ അനുചിതമായ വിധത്തിൽ, അല്ലെങ്കിൽ നിർദോഷികളുടെ മേൽ ആയിരിക്കും ദേഷ്യം തീർക്കുന്നത്. ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക.” (തെറ്റായ നിഗമനങ്ങൾ തിരുത്തൽ
നിങ്ങളുടെ കോപത്തിന് ഇന്ധനം പകരുന്ന നിഗമനങ്ങളെ പരിശോധിക്കാൻ ഉൾക്കാഴ്ച നിങ്ങളെ സഹായിക്കും. ദൃഷ്ടാന്തത്തിന്, നിങ്ങൾക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം മാതാപിതാക്കൾ നിങ്ങളെ ദത്തുനൽകാൻ തീരുമാനിച്ചത് എന്ന് നിങ്ങൾ നിഗമനം ചെയ്യുന്നുണ്ടോ? കത്രീനയ്ക്ക് അങ്ങനെയാണു തോന്നിയത്. എന്നാൽ എല്ലായ്പോഴും വാസ്തവം അതാണോ? നിങ്ങളെ ദത്തുനൽകാൻ അവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് കണക്കുകൂട്ടിയെടുക്കുക അസാധ്യമായിരുന്നേക്കാം, എന്നുവരികിലും നിഷേധാത്മകമായ നിഗമനങ്ങൾ നടത്താതിരിക്കാൻ തക്ക കാരണമുണ്ട്. ഇതു ചിന്തിക്കുക, എന്തുകൊണ്ടാണ് ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ദത്തുനൽകുന്നത്? പലപ്പോഴും, മറ്റുമാർഗമില്ല എന്ന് അവർ ചിന്തിക്കുന്നതുകൊണ്ടാണ്.
മോശെയുടെ കാര്യമെടുക്കാം. പുറപ്പാടു 2-ാം അധ്യായത്തിൽ ബൈബിൾ വിവരണം പറയുന്ന പ്രകാരം ഇസ്രായേല്യർക്കു പിറക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാൻ ഫറവോൻ കൽപ്പന പുറപ്പെടുവിച്ചപ്പോൾ യോഖേബെദ് ശിശുവായിരുന്ന മോശെയെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു. ഒടുവിൽ, കാര്യം പരസ്യമാകുമെന്ന സ്ഥിതിയായി. എന്നാൽ തന്റെ കുഞ്ഞ് വധിക്കപ്പെടുന്നതു കാണാൻ ആ അമ്മയ്ക്കാകുമായിരുന്നില്ല. അതുകൊണ്ട് “അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽവെച്ചു.”—പുറപ്പാടു 2:3.
തന്റെ പൊന്നോമനയെ ഇങ്ങനെ ഉപേക്ഷിക്കുന്നത് തീർച്ചയായും അവളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. പക്ഷേ അതല്ലാതെ അവൾക്ക് വേറെ എന്തുചെയ്യാൻ കഴിയുമായിരുന്നു? കുഞ്ഞിനോടുള്ള സ്നേഹം, അവന് ഏറ്റവും നല്ലതെന്ന് അവൾക്കു തോന്നിയതു ചെയ്യാൻ അവളെ പ്രേരിപ്പിച്ചു. രസകരമെന്നു പറയട്ടെ, അവളുടെ മകൾ ഞാങ്ങണപ്പെട്ടകത്തിനു കാവൽ നിൽപ്പുണ്ടായിരുന്നു, തന്റെ കുഞ്ഞനുജൻ സുരക്ഷിതമായ കൈകളിൽ എത്തുന്നതുവരെ അവൾ ആ നിൽപ്പു തുടർന്നു. ഉത്കണ്ഠാകുലയായ അമ്മയുടെ നിർദേശപ്രകാരം ആയിരിക്കണം അവൾ അങ്ങനെ ചെയ്തത്.
അത്തരം വ്യക്തമായ അടിയന്തിര സാഹചര്യങ്ങൾ നിമിത്തമല്ല എല്ലായ്പോഴും ദത്തുനൽകൽ നടക്കുന്നത് എന്നതു സത്യംതന്നെ, പക്ഷേ അങ്ങനെ ചെയ്യുന്നതിനു പിന്നിലെ മാതാപിതാക്കളുടെ ആന്തരം പലപ്പോഴും ഒന്നുതന്നെയാണ്. റോബർട്ട് പറയുന്നു: “ഞാനൊരു ജാരസന്തതിയായിരുന്നു. എന്നെ വളർത്തിക്കൊണ്ടുവരുന്നത് അമ്മയുടെ വീട്ടുകാർക്ക് വലിയൊരു ഭാരമാകുമായിരുന്നു, പ്രത്യേകിച്ചും കുടുംബത്തിൽ മറ്റു കുട്ടികളുംകൂടെ ഉണ്ടായിരുന്നതിനാൽ. അതുകൊണ്ട് എന്നെ ദത്തുനൽകുന്നതായിരിക്കും എനിക്കേറ്റവും നല്ലത് എന്ന് എന്റെ അമ്മ ചിന്തിച്ചിട്ടുണ്ടാവണം.”
കുട്ടികളെ മറ്റു കുടുംബങ്ങളിൽ വളർത്താൻ നൽകുന്നതിനു മറ്റനേകം കാരണങ്ങളും കണ്ടേക്കാം എന്നതു ശരിതന്നെ.
എന്നാൽ ഈ ദൃഷ്ടാന്തങ്ങളിൽ നമ്മൾ കണ്ടതുപോലെ അമ്മ തന്റെ കുഞ്ഞിനെ വെറുക്കുന്നതുകൊണ്ടോ അതിനെന്തെങ്കിലും വൈകല്യമുള്ളതുകൊണ്ടോ ആയിരിക്കണമെന്നില്ല ദത്തുനൽകാൻ തീരുമാനിക്കുന്നത്. മറ്റൊരു കുടുംബം തന്റെ കുഞ്ഞിനെ വളർത്തിയാൽ തനിക്കു നൽകാൻ കഴിയാത്ത പരിലാളനം അതിന് അവിടെ ലഭിക്കും എന്ന് ഈ അമ്മമാരിൽ പലരും ആത്മാർഥമായി വിശ്വസിക്കുന്നു.സ്നേഹിക്കപ്പെടുന്നതിന്റെ മൂല്യം
ഉൾക്കാഴ്ച നേടുന്നത് മറ്റൊരു വിധത്തിലും നിങ്ങളെ സഹായിക്കും. നിങ്ങൾ എന്തുകൊണ്ടാണ് ദത്തെടുക്കപ്പെട്ടത് എന്നു ചിന്തിക്കുക. വീണ്ടും നമുക്ക് മോശെയുടെ കാര്യത്തിലേക്കു മടങ്ങാം. അങ്ങനെ, “ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.” (പ്രവൃത്തികൾ 7:21) കൊന്നുകളയാൻ കൽപ്പനയിട്ടിരിക്കുന്ന എബ്രായ ശിശുക്കളിൽ ഒന്നാണെന്ന് അറിയാമായിരുന്നിട്ടും അതിനു സംരക്ഷണം നൽകാൻ ഫറവോന്റെ പുത്രിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ബൈബിൾ വിവരണം ശ്രദ്ധിക്കുക: “കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി.” (പുറപ്പാടു 2:6) അതേ, അങ്ങനെ മോശെയെ അവൾ ദത്തെടുത്തു. അവൻ വെറുക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തില്ല, മറിച്ച് അവനു സ്നേഹം ലഭിച്ചു.
മാതാപിതാക്കൾ തങ്ങളെ വെറുതെ ഉപേക്ഷിച്ചിട്ടു പോകുകയായിരുന്നില്ല—ഇന്ന് അത്തരം പ്രവണത സാധാരണമാണെങ്കിലും—മറിച്ച് തങ്ങൾക്കുവേണ്ടി കരുതുന്നതിനുള്ള ഏർപ്പാടുകൾ ചെയ്ത് ചില ശിശുപരിപാലന സംഘടനകളിൽ ഏൽപ്പിക്കുകയായിരുന്നു എന്ന് ദത്തെടുക്കപ്പെട്ട പല കുട്ടികളും പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് ആരെങ്കിലും അവരെ സ്നേഹിച്ചുകൊണ്ട് അവരെ പോറ്റിപ്പുലർത്താൻ തയ്യാറായപ്പോൾ അവർ ദത്തെടുക്കപ്പെട്ടു. നിങ്ങളുടെ കാര്യം ഏതാണ്ട് ഇങ്ങനെയാണോ? നിങ്ങൾക്കു ലഭിച്ച സ്നേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതു വിലമതിക്കുന്നതും നിങ്ങളുടെ ദുഃഖങ്ങളിൽനിന്ന് ആശ്വാസം നേടാൻ നിങ്ങളെ സഹായിക്കും.
കൂടാതെ, നിങ്ങളെ ദത്തെടുത്ത കുടുംബത്തിന്റെ മാത്രമല്ല മറ്റുള്ളവരിൽനിന്നുള്ള സ്നേഹവും നിങ്ങൾക്കു ലഭിച്ചേക്കാം. നിങ്ങൾ ക്രിസ്തീയ സഭയുടെ ഭാഗമാണെങ്കിൽ നിങ്ങളെ സ്നേഹിക്കുന്ന നിരവധി ആത്മീയ മാതാപിതാക്കളും സഹോദരീസഹോദരന്മാരും ഉണ്ടായിരിക്കുന്നതിന്റെ സന്തോഷം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. (മർക്കൊസ് 10:29, 30) ക്രിസ്തീയ മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും” ആയിരിക്കും. (യെശയ്യാവു 32:2) പക്വതയുള്ള സഹക്രിസ്ത്യാനികളെ കണ്ടെത്തി അവരുമായി മനസ്സുതുറക്കാൻ വിമുഖത കാണിക്കാതിരിക്കുക. നിങ്ങളുടെ മനസ്സിലും ഹൃദയത്തിലുമുള്ളത് അവരുമായി തുറന്നു സംസാരിക്കുക.
ക്രിസ്തീയ സഭയിൽ ശക്തമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതു വളരെ പ്രധാനമാണെന്ന് റോബർട്ട് കരുതുന്നു. “ഒരു ശൂന്യതാബോധം എനിക്ക് ഇപ്പോഴുമുണ്ട്,” റോബർട്ട് മനസ്സുതുറക്കുന്നു. “പക്ഷേ, എന്റെ ആത്മീയ കുടുംബം എനിക്കു തരുന്ന സ്നേഹം എന്റെ നൊമ്പരങ്ങളെയെല്ലാം മനസ്സിന്റെ ഒരു കോണിലേക്കു തള്ളിമാറ്റാൻ എന്നെ സഹായിക്കുന്നു.”
നിങ്ങൾക്കു വിജയിക്കാൻ കഴിയും
അതുകൊണ്ട് തെറ്റായ, നിഷേധാത്മക ചിന്തകളെ ചെറുക്കുക. ദത്തെടുത്തു വളർത്തപ്പെട്ടതുകൊണ്ട് ജീവിതത്തിൽ വിജയിക്കാൻ കഴിയില്ല എന്ന ചിന്തയും അതിൽ ഉൾപ്പെടുന്നു. അത്തരം നിഷേധാത്മക ചിന്തകൾ മുരടിപ്പിക്കുന്നതാണ്! (സദൃശവാക്യങ്ങൾ 24:10) മാത്രവുമല്ല, വാസ്തവത്തിൽ അങ്ങനെ ചിന്തിക്കുന്നതിനു യുക്തിസഹമായ യാതൊരു അടിസ്ഥാനവും ഇല്ലതാനും.
മോശെ തനിക്കു ലഭിച്ച അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തി എന്നത് ഓർത്തിരിക്കേണ്ട ഒരു സംഗതിയാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.” (പ്രവൃത്തികൾ 7:22) അതിലുപരി, അവൻ ആത്മീയ പ്രബോധനവും സ്വീകരിച്ചു. അവന്റെ സ്വർഗീയ പിതാവായ യഹോവ അവന്റെ ഹൃദയത്തിൽ പൂർണമായും ഒരു യാഥാർഥ്യമായിത്തീരാൻ ആ പ്രബോധനം ഇടയാക്കി. (എബ്രായർ 11:27) അവൻ തന്റെ ജീവിതത്തിൽ വിജയിച്ചോ?
പിന്നീട് മോശെ 30 ലക്ഷത്തിലധികം വരുന്ന ശക്തമായ ഒരു ജനതയുടെ നായകനായിത്തീർന്നു. ഒരു പ്രവാചകനും ന്യായാധിപനും സൈന്യാധിപനും ചരിത്രകാരനും ന്യായപ്രമാണ ഉടമ്പടിയുടെ മധ്യസ്ഥനും ബൈബിളിലെ അഞ്ചു പുസ്തകങ്ങളുടെ എഴുത്തുകാരനും ഒക്കെ ആയിത്തീരാനുള്ള പദവി അവനു ലഭിച്ചു. കൂടാതെ, ഇയ്യോബിന്റെ പുസ്തകവും 90-ാം സങ്കീർത്തനവും അവൻ എഴുതിയതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതേ, മോശെയുടെ ജീവിതം തികച്ചും വിജയപ്രദമായിരുന്നു. ദത്തെടുത്തു വളർത്തപ്പെട്ട നിരവധി കുട്ടികൾക്ക് ഇതുപോലെ വിജയിക്കാൻ കഴിയുന്നുണ്ട്, നിങ്ങൾക്കും അതിനു കഴിയും.
റോബർട്ട് വിവാഹിതനാവുകയും തന്റെ രണ്ടു കുട്ടികളെ വിജയകരമായി വളർത്തിക്കൊണ്ടുവരികയും ചെയ്തിരിക്കുന്നു. അദ്ദേഹം ഇന്ന് ക്രിസ്തീയ സഭയിലെ ഒരു മൂപ്പനാണ്. ഒരു ദത്തുപുത്രനായി വളർന്നുവന്ന വർഷങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: “എനിക്കു നേരെയാക്കാൻ കഴിയാത്ത കാര്യങ്ങൾ ചിന്തിച്ച് മനസ്സു പുണ്ണാക്കുന്നതു നിറുത്തിയിട്ട് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്കു നന്ദിയുള്ളവനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”
കുട്ടികളെ വളർത്തുന്ന ഒരു ‘ഫോസ്റ്റർ ഹോമിൽ’ മാതാപിതാക്കൾ നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന, അല്ലെങ്കിൽ ഒരു കുടുംബം നിങ്ങളെ ദത്തെടുത്തിരിക്കുന്ന സാഹചര്യത്തിൽ നിഷേധാത്മക ചിന്തകളോട് കൂടെക്കൂടെ നിങ്ങൾക്കു പോരാടേണ്ടതുണ്ടായിരിക്കാം. എന്നാൽ ക്രിയാത്മക ചിന്തകൾ വളർത്തിയെടുക്കാൻ പരിശ്രമിക്കുക. ഫിലിപ്പിയർ 4:8, 9 വാഗ്ദാനം ചെയ്യുന്നതുപോലെ ദൈവത്തിനു പ്രസാദകരമായ കാര്യങ്ങൾ “പരിചിന്തിക്കുന്നതിൽ തുടരുക”യാണെങ്കിൽ (NW) “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” എന്നിരുന്നാലും, നിങ്ങളെ ദത്തെടുത്തിരിക്കുന്ന കുടുംബത്തിൽ ജീവിക്കുമ്പോൾത്തന്നെ വിജയംവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക നടപടികൾ എന്തൊക്കെയാണ്? ഈ പരമ്പരയുടെ ഒരു ഭാവി ലേഖനം അതിനുള്ള ഉത്തരം നൽകുന്നതായിരിക്കും. (g03 4/22)
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്ന വിവരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ബാധകമാണ്.
[26-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളെ ആരെങ്കിലും ദത്തെടുത്തിരിക്കുന്നതുതന്നെ കാണിക്കുന്നത്, അവരുടെ കുടുംബത്തിലെ ഒരംഗമായി നിങ്ങളെ സ്വീകരിക്കാനും പരിപാലിക്കാനും തയ്യാറായിക്കൊണ്ട് അവർ നിങ്ങളെ സ്നേഹിച്ചിരിക്കുന്നു എന്നാണ്