എന്താണ് ഭൗതികത്വം?
ബൈബിളിന്റെ വീക്ഷണം
എന്താണ് ഭൗതികത്വം?
ആത്മീയ കാര്യങ്ങളിൽ താത്പര്യമെടുക്കാനുള്ള പ്രാപ്തിയും ദൈവത്തെ ആരാധിക്കാനുള്ള വാഞ്ഛയും നൈസർഗികമായിത്തന്നെ മനുഷ്യനുണ്ട്. അപ്പോഴും, അവൻ നിർമിക്കപ്പെട്ടിരിക്കുന്നത് ഭൗതിക മൂലകങ്ങളിൽനിന്ന് ആയതിനാൽ അവന് ഭൗതിക ആവശ്യങ്ങളും ഭൗതിക സംഗതികൾ ആസ്വദിക്കാനുള്ള പ്രാപ്തിയുമുണ്ട്. ചില ക്രിസ്ത്യാനികൾക്കു ഭൗതിക ധനസമൃദ്ധിയുണ്ട്. എന്നാൽ അത് അതിൽത്തന്നെ ഭൗതികത്വത്തിന്റെയും ആത്മീയതയില്ലായ്മയുടെയും തെളിവാണോ? അതേസമയം, ദരിദ്രരായവർ ഭൗതികത്വത്താൽ ബാധിക്കപ്പെടാത്തവരും ആത്മീയ മനസ്കർ ആയിരിക്കാൻ കൂടുതൽ സാധ്യതയുള്ളവരുമാണോ?
ധാരാളം ധനമോ സമ്പത്തോ ഉണ്ടായിരിക്കുക എന്നതിനെക്കാളധികം കാര്യങ്ങൾ ഭൗതികത്വത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന വസ്തുതയോടു നിങ്ങൾ യോജിക്കും എന്നതിനു സംശയമില്ല. എന്താണ് യഥാർഥത്തിൽ ഭൗതികത്വം എന്നും ആത്മീയതയ്ക്ക് അതുയർത്തുന്ന അപകടങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയും എന്നും മനസ്സിലാക്കുന്നതിന് പിൻവരുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
അവർക്കു സമ്പത്തും ശ്രേയസ്സും ഉണ്ടായിരുന്നു
ബൈബിൾ കാലങ്ങളിലെ വിശ്വസ്ത ദൈവദാസരിൽ ചിലർ സമ്പത്തും ശ്രേയസ്സും ഉള്ളവരായിരുന്നു. ഉദാഹരണത്തിന്, ‘കന്നുകാലി, വെള്ളി, പൊന്ന് ഈ വകയിൽ അബ്രാഹാം ബഹുസമ്പന്നനായിരുന്നു.’ (ഉല്പത്തി 13:2) ബൃഹത്തായ മൃഗസമ്പത്തും വളരെയധികം ദാസീദാസന്മാരും ഉണ്ടായിരുന്നതുനിമിത്തം ഇയ്യോബ് “സകലപൂർവ്വദിഗ്വാസികളിലും മഹാനായി” അറിയപ്പെട്ടു. (ഇയ്യോബ് 1:3) ദാവീദ്, ശലോമോൻ മുതലായ ഇസ്രായേല്യ രാജാക്കന്മാർക്കും അളവറ്റ സമ്പത്തുണ്ടായിരുന്നു.—1 ദിനവൃത്താന്തം 29:1-5; 2 ദിനവൃത്താന്തം 1:11, 12; സഭാപ്രസംഗി 2:4-9.
ഒന്നാം നൂറ്റാണ്ടിലെ സഭയിലും സമ്പന്നരായ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. (1 തിമൊഥെയൊസ് 6:17) “തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി . . . ദൈവഭക്തയായോരു സ്ത്രീ” എന്ന് ലുദിയയെ വിളിച്ചിരിക്കുന്നു. (പ്രവൃത്തികൾ 16:14) കരിഞ്ചുവപ്പു നിറമുള്ള ചായവും അതുപയോഗിച്ചു നിറം പിടിപ്പിച്ച വസ്ത്രങ്ങളും [രക്താംബരം] വളരെ വിലപിടിപ്പുള്ളതും ഉന്നത സ്ഥാനീയരോ ധനികരോ മാത്രം ഉപയോഗിച്ചിരുന്നതും ആയിരുന്നു. തന്നിമിത്തം ലുദിയയും ഒരളവോളം സമ്പന്നയായിരുന്നിരിക്കണം.
അതേസമയം, ബൈബിൾകാലങ്ങളിലെ യഹോവയുടെ ആരാധകരിൽ ചിലർ തീരെ ദരിദ്രരായിരുന്നു. പ്രകൃതി വിപത്തുകളും അപകടങ്ങളും മരണവും ചില കുടുംബങ്ങളെ ദാരിദ്ര്യത്തിൽ ആഴ്ത്തി. (സഭാപ്രസംഗി 9:11, 12) മറ്റുള്ളവർ സമ്പത്തും ഭൗതിക വസ്തുവകകളും ആസ്വദിക്കുന്നതു നിരീക്ഷിച്ചത് അത്തരം ദരിദ്രരെ സംബന്ധിച്ചിടത്തോളം വലിയ പരിശോധനതന്നെ ആയിരുന്നിരിക്കണം! അപ്പോൾ പോലും, ധനികരായവരെ ഭൗതികത്വ ചിന്താഗതിക്കാരെന്നു വിധിക്കുന്നതോ സമ്പന്നരല്ലാത്തവരാണ് ദൈവത്തെ കൂടുതൽ തികവോടെ സേവിക്കുന്നത് എന്ന് നിഗമനം ചെയ്യുന്നതോ അവരുടെ ഭാഗത്തു തികച്ചും തെറ്റായിരിക്കുമായിരുന്നു. എന്തുകൊണ്ട്? ഭൗതികത്വചിന്തയുടെ അടിസ്ഥാനം എന്താണ് എന്നു പരിചിന്തിക്കുക.
പണസ്നേഹം
“ആത്മീയമോ ധൈഷണികമോ ആയ കാര്യങ്ങൾക്കു പകരം ഭൗതിക കാര്യങ്ങളിൽ മുഴുകുക അഥവാ അവയ്ക്ക് ഊന്നൽ നൽകുക” എന്നാണ് ഒരു നിഘണ്ടു ഭൗതികത്വം എന്ന പദത്തെ നിർവചിക്കുന്നത്. അതുകൊണ്ട്, നമ്മുടെ ആഗ്രഹങ്ങളിലും മുൻഗണനകളിലും, ജീവിതത്തിൽ നാം എന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിലുമാണ്
ഭൗതികത്വം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. പിൻവരുന്ന രണ്ടു ബൈബിൾ ദൃഷ്ടാന്തങ്ങൾ ഇതു വ്യക്തമാക്കുന്നു.യിരെമ്യാവിന്റെ സെക്രട്ടറിയായി സേവിച്ചിരുന്ന ബാരൂക്കിനെ യഹോവ ശക്തമായി ബുദ്ധിയുപദേശിച്ചു. യെരൂശലേമിലെ സാഹചര്യങ്ങൾ നിമിത്തവും ജനരഞ്ജകനല്ലാതിരുന്ന യിരെമ്യാവിന്റെ സഹകാരി ആയിരുന്നതിനാലും ബാരൂക്ക് സാധ്യതയനുസരിച്ച് ദരിദ്രനായിരുന്നിരിക്കണം. എന്നിട്ടും യഹോവ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു.” മറ്റുള്ളവരുടെ ധനസമൃദ്ധിയിലും സാമ്പത്തിക ഭദ്രതയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ബാരൂക്ക് ഒരു ഭൗതികത്വ ചിന്താഗതി വളർത്താൻ തുടങ്ങിയിരുന്നിരിക്കണം. വരാൻ പോകുന്ന യെരൂശലേമിന്റെ നാശത്തിൽ താൻ അവനെ വിടുവിക്കുമെങ്കിലും അവന്റെ വസ്തുവകകൾ സംരക്ഷിക്കുകയില്ല എന്ന് യഹോവ ബാരൂക്കിനെ ഓർമിപ്പിച്ചു.—യിരെമ്യാവു 45:4, 5.
സമാനമായി ഭൗതിക കാര്യങ്ങളിൽ വ്യാപൃതനായ ഒരു മനുഷ്യന്റെ ദൃഷ്ടാന്തം യേശു പറയുകയുണ്ടായി. തനിക്കുള്ളതിനെ തന്റെ ദൈവസേവനം വർധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നതിനു പകരം അയാൾ തന്റെ മുഴു ശ്രദ്ധയും സമ്പത്തിൽ കേന്ദ്രീകരിച്ചു. ധനവാനായ ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിയും. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.’ യേശു തുടർന്ന് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവമോ അവനോടു: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ് 12:16-21.
ഈ രണ്ടു വിവരണങ്ങളുടെയും മുഖ്യാശയം എന്താണ്? ഒരാൾ ഭൗതികാസക്തനായിരിക്കുന്നത് തനിക്കുള്ള ഭൗതികധനത്തിന്റെ അളവു നിമിത്തമല്ല മറിച്ച് ഭൗതിക കാര്യങ്ങൾക്ക് അയാൾ നൽകുന്ന മുൻഗണന നിമിത്തമാണ് എന്നു മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ് 6:9, 10) ധനികനാകാനുള്ള ദൃഢതീരുമാനവും ഭൗതിക കാര്യങ്ങളോടുള്ള സ്നേഹവുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ആത്മപരിശോധന അനിവാര്യം
തങ്ങളുടെ സാമ്പത്തിക സ്ഥിതി എന്തുതന്നെയായിരുന്നാലും ഭൗതികത്വത്തിന്റെ കെണിയെ ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ദത്തശ്രദ്ധരാണ്. ധനത്തിന്റെ ശക്തി വഞ്ചനാത്മകമാണ്, അതിന് ആത്മീയതയെ ഞെരുക്കിക്കളയാനാകും. (മത്തായി 13:22) ആത്മീയ കാര്യങ്ങളിൽനിന്നു ഭൗതിക കാര്യങ്ങളിലേക്കുള്ള ശ്രദ്ധാഭ്രംശം നാം തിരിച്ചറിയുംമുമ്പേ നമ്മെ കീഴടക്കിയേക്കാം, പരിണതഫലങ്ങൾ കയ്പേറിയതുമായിരിക്കും.—സദൃശവാക്യങ്ങൾ 28:20; സഭാപ്രസംഗി 5:10.
അതുകൊണ്ട്, ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തിലെ മുൻഗണനകളും ലക്ഷ്യങ്ങളും സംബന്ധിച്ച് ആത്മപരിശോധന നടത്തണം. ഭൗതികമായി തങ്ങൾക്കുള്ളത് അൽപ്പമായിരുന്നാലും അധികമായിരുന്നാലും ആത്മീയ മനസ്കരായ ആളുകൾ ‘നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനുള്ള’ പൗലൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റാൻ പരിശ്രമിക്കുന്നു.—1 തിമൊഥെയൊസ് 6:17-19. (g03 4/08)