വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച വിധം

ഒരു അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച വിധം

ഒരു അപകടം എന്റെ ജീവി​തത്തെ മാറ്റി​മ​റിച്ച വിധം

സ്റ്റാൻലി ഒമ്‌ബെവാ പറഞ്ഞ പ്രകാരം

അതിവേഗത്തിൽ ഓടി​ച്ചു​പോയ ഒരു വാഹനം എന്നെ തട്ടിയി​ട്ടു. 1982-ൽ ആയിരു​ന്നു ആ സംഭവം. എനിക്കു ചികിത്സ ലഭി​ച്ചെ​ങ്കി​ലും എന്റെ കഴുത്തി​നും നെഞ്ചി​നും ഇടയ്‌ക്കുള്ള ഒരു ഡിസ്‌ക്‌ തെറ്റി​യ​തി​നാൽ ഇടയ്‌ക്കി​ടെ വേദന അനുഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. താമസി​യാ​തെ ഞാൻ എന്റെ ദിനച​ര്യ​യി​ലേക്കു മടങ്ങി​വന്നു. എന്നിരു​ന്നാ​ലും, 15 വർഷങ്ങൾക്കു ശേഷം എന്റെ വിശ്വാ​സ​ത്തിന്‌ ഏറ്റവും വെല്ലു​വി​ളി ഉയർത്തിയ പരി​ശോ​ധ​നയെ ഞാൻ നേരിട്ടു.

അപകട​ത്തി​നു മുമ്പും അതിനു ശേഷം കുറെ നാള​ത്തേ​ക്കും ഞാൻ തികച്ചും ഊർജ​സ്വ​ല​നാ​യി​രു​ന്നു. ഞാൻ ക്രമമാ​യി വ്യായാ​മം ചെയ്‌തി​രു​ന്നു. വാരാ​ന്ത​ങ്ങ​ളിൽ 10 മുതൽ 13 വരെ കിലോ​മീ​റ്റർ ദൂരം ഞാൻ ജോഗിങ്‌ നടത്തു​മാ​യി​രു​ന്നു. കൂടാതെ, ഞാൻ കഠിന​മായ കായി​കാ​ധ്വാ​നം ചെയ്യു​ക​യും സ്‌ക്വാഷ്‌ (നാലു​വ​ശ​ത്തും ചുമരു​കൾ ഉള്ള കളിക്ക​ള​ത്തിൽ റാക്കറ്റും പന്തും ഉപയോ​ഗിച്ച്‌ രണ്ടു പേർക്കു കളിക്കാ​വുന്ന ഒരു കായിക വിനോ​ദം) കളിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതു​പോ​ലെ ഞങ്ങൾ താമസി​ക്കുന്ന കെനി​യ​യി​ലെ നയ്‌റോ​ബി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തി​ലും ഒരു വലിയ സമ്മേള​ന​ഹാ​ളി​ന്റെ പണിയി​ലും ഞാൻ സഹായി​ച്ചു.

അങ്ങനെ​യി​രി​ക്കെ, 1997-ൽ എനിക്ക്‌ കൂടെ​ക്കൂ​ടെ കലശലായ നെഞ്ചു​വേദന അനുഭ​വ​പ്പെ​ടാൻ തുടങ്ങി. കശേരു​ക്ക​ളു​ടെ ഇടയ്‌ക്കുള്ള ഒരു ഡിസ്‌കിന്‌ സ്ഥാന​ഭ്രം​ശം സംഭവി​ച്ചിട്ട്‌ അതു സുഷു​മ്‌നാ നാഡിയെ അമർത്തു​ന്നു​ണ്ടെന്നു വൈദ്യ​പ​രി​ശോ​ധ​ന​യിൽ വ്യക്തമാ​യി. തുടക്ക​ത്തിൽ പരാമർശിച്ച അപകട​ത്തി​ന്റെ പരിണ​ത​ഫ​ല​മാ​യി​രു​ന്നു ഇത്‌.

എന്റെ ആരോഗ്യ സ്ഥിതി വഷളാ​കു​ന്ന​തി​നു മുമ്പ്‌, എനിക്ക്‌ സെയിൽസ്‌മാ​നാ​യി ഒരു ജോലി കിട്ടി​യി​രു​ന്നു. ആ ജോലിക്ക്‌ കുടും​ബാ​രോ​ഗ്യ ഇൻഷു​റൻസ്‌ ആനുകൂ​ല്യം ഉണ്ടായി​രു​ന്നു. ബിസി​നസ്സ്‌ രംഗത്ത്‌ എനിക്കു ശോഭ​ന​മാ​യൊ​രു ഭാവി​യു​ള്ള​താ​യി തോന്നി. എന്നാൽ 1998-ന്റെ പകുതി​യാ​യ​പ്പോ​ഴേ​ക്കും എനിക്ക്‌ നെഞ്ചു​മു​തൽ പാദം​വരെ കഠിന​മായ മരവിപ്പ്‌ അനുഭ​വ​പ്പെ​ടാൻ തുടങ്ങി. ദിവസം ചെല്ലു​ന്തോ​റും എന്റെ ആരോ​ഗ്യം ക്ഷയിച്ചു​വന്നു.

അധികം താമസി​യാ​തെ, എനിക്കു ജോലി​യും അതോ​ടൊ​പ്പ​മുള്ള എല്ലാ ആനുകൂ​ല്യ​ങ്ങ​ളും നഷ്ടപ്പെട്ടു. അപ്പോൾ ഞങ്ങളുടെ രണ്ടു പെൺമ​ക്ക​ളിൽ, സിൽവി​യ​യ്‌ക്കു 13 വയസ്സും വിൽഹെൽമീ​ന​യ്‌ക്കു 10 വയസ്സു​മാ​യി​രു​ന്നു പ്രായം. എന്റെ ജോലി ഇല്ലാതാ​യ​തോ​ടെ ഭാര്യ ജോയ്‌സി​ന്റെ ശമ്പളമാ​യി ഏക ആശ്രയം. പുതിയ സാഹച​ര്യ​ത്തെ നേരി​ടേ​ണ്ട​താ​യി വന്നപ്പോൾ അത്യാ​വ​ശ്യ​മി​ല്ലാത്ത കാര്യങ്ങൾ വെട്ടി​ച്ചു​രു​ക്കി​ക്കൊണ്ട്‌ ഞങ്ങൾ ജീവിതം ക്രമ​പ്പെ​ടു​ത്തി. അങ്ങനെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തി മുന്നോ​ട്ടു പോകാൻ ഞങ്ങൾക്കു സാധിച്ചു.

നിഷേ​ധാ​ത്മക വികാ​ര​ങ്ങൾ

എന്റെ അവസ്ഥ എത്ര ഗുരു​ത​ര​മാ​ണെന്നു ക്രമേണ മനസ്സി​ലാ​ക്കി​യ​പ്പോൾ നിഷേ​ധാ​ത്മക വികാ​രങ്ങൾ എന്നെ കീഴ്‌പെ​ടു​ത്തി​യെന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഞാൻ പെട്ടെന്ന്‌ അസ്വസ്ഥ​നാ​കു​ക​യും എന്നെ കുറിച്ചു മാത്രം ചിന്തി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. ചില​പ്പോ​ഴൊ​ക്കെ തൊട്ട​തി​നും പിടി​ച്ച​തി​നും എല്ലാം ഞാൻ ദേഷ്യ​പ്പെ​ടു​ക​യും വഴക്കു​ണ്ടാ​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അപ്പോ​ഴേ​ക്കും ഒരു വിഷാ​ദ​രോ​ഗി​യെ പോലെ ആയിത്തീർന്നി​രു​ന്നു ഞാൻ. കുടും​ബ​ത്തി​ലെ എല്ലാ അംഗങ്ങ​ളും സമ്മർദ​ത്തിൻ കീഴി​ലാ​യി. എന്റെ ഭാര്യ​യും മക്കളും അവർ മുമ്പൊ​രി​ക്ക​ലും അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത ഒരു അസാധാ​രണ സാഹച​ര്യ​ത്തെ നേരിട്ടു.

എന്റെ വികാ​രങ്ങൾ തികച്ചും ന്യായ​മാണ്‌ എന്നാണ്‌ ആ സമയത്ത്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. അങ്ങനെ​യി​രി​ക്കെ പെട്ടെന്ന്‌ എന്റെ തൂക്കം വർധിച്ചു. മലശോ​ധ​ന​യോ​ടും മൂത്രം നിയ​ന്ത്രി​ക്കു​ന്ന​തി​നോ​ടും ബന്ധപ്പെട്ട്‌ എനിക്കു വലിയ പ്രശ്‌നം നേരിട്ടു. പലപ്പോ​ഴും എനിക്കു വളരെ നാണ​ക്കേട്‌ തോന്നു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും ഞാൻ കരഞ്ഞു​കൊണ്ട്‌ വീടിന്റെ ഒരു മൂലയിൽ ഒറ്റക്കി​രി​ക്കും. ഒരു കോമാ​ളി​യെ പോലെ തോന്നു​മാറ്‌ ഞാൻ കോപം​കൊണ്ട്‌ പൊട്ടി​ത്തെ​റിച്ച സമയങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. ഞാൻ എന്റെ സാഹച​ര്യ​ത്തെ കൈകാ​ര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭയിലെ ഒരു മൂപ്പനെന്ന നിലയിൽ, ഏതുത​ര​ത്തി​ലുള്ള കഷ്ടപ്പാ​ടാ​യാ​ലും ശരി അതിന്‌ യഹോ​വയെ പഴിചാ​ര​രുത്‌ എന്നു ഞാൻ എന്റെ സഹ ക്രിസ്‌ത്യാ​നി​കളെ മിക്ക​പ്പോ​ഴും ബുദ്ധി​യു​പ​ദേ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പക്ഷേ എന്റെ കാര്യം വന്നപ്പോൾ ‘ഇങ്ങനെ സംഭവി​ക്കാൻ യഹോവ ഇടയാ​ക്കി​യത്‌ എന്തിനാണ്‌’ എന്ന്‌ ഒന്നല്ല, പലതവണ ഞാൻ എന്നോ​ടു​തന്നെ ചോദി​ച്ചു. മറ്റുള്ള​വരെ ശക്തീക​രി​ക്കാൻ 1 കൊരി​ന്ത്യർ 10:13 പോ​ലെ​യുള്ള വാക്യങ്ങൾ ഞാൻ ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും എന്റെ പരി​ശോ​ധന സഹിക്കാ​വു​ന്ന​തി​ലേറെ കഠിന​മാ​ണെന്ന്‌ എനിക്കു തോന്നി!

വൈദ്യ​സ​ഹാ​യം സംബന്ധിച്ച വെല്ലു​വി​ളി

മെച്ചപ്പെട്ട വൈദ്യ​സ​ഹാ​യം തേടു​ന്ന​തും ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. ഫിസി​യോ തെറാ​പ്പി​സ്റ്റി​നെ​യും കിറോ​പ്രാ​ക്‌റ്റിക്‌ (നട്ടെല്ലി​ന്റെ സ്ഥാനം മാറിയ ഭാഗം കൈ​കൊ​ണ്ടു പിടി​ച്ചി​ടുന്ന ചികി​ത്സാ​സ​മ്പ്ര​ദാ​യം) ചികി​ത്സ​ക​നെ​യും അക്യു​പം​ങ്‌ചർ ചികിത്സാ വിദഗ്‌ധ​നെ​യും ഞാൻ ഒരു ദിവസം​തന്നെ സന്ദർശി​ക്കു​മാ​യി​രു​ന്നു. ചില​പ്പോൾ അൽപ്പ​നേ​രത്തെ ആശ്വാസം കിട്ടും, അത്രമാ​ത്രം. അസ്ഥിശ​സ്‌ത്ര​ക്രി​യാ വിദഗ്‌ധ​നും നാഡീ​ശ​സ്‌ത്ര​ക്രി​യാ വിദഗ്‌ധ​നും ഉൾപ്പെടെ ഞാൻ ഒരുപാട്‌ ഡോക്ടർമാ​രെ പോയി കണ്ടു. എല്ലാവ​രും ഒരേ കാര്യ​മാ​ണു പറഞ്ഞത്‌: വേദന കുറയ്‌ക്കു​ന്ന​തി​നും സ്ഥാനം തെറ്റിയ ഡിസ്‌കു നീക്കു​ന്ന​തി​നും ശസ്‌ത്ര​ക്രിയ കൂടിയേ തീരൂ. എന്റെ ബൈബി​ള​ധി​ഷ്‌ഠിത വിശ്വാ​സം നിമിത്തം യാതൊ​രു സാഹച​ര്യ​ത്തി​ലും എനിക്കു രക്തം നൽകരു​തെന്നു ഞാൻ ഈ ഡോക്ടർമാ​രോ​ടെ​ല്ലാം വ്യക്തമാ​യി വിശദീ​ക​രി​ച്ചു.—പ്രവൃ​ത്തി​കൾ 15:28, 29.

ആദ്യത്തെ സർജൻ എന്നോടു പറഞ്ഞത്‌, എന്റെ മുതുക്‌ തുളച്ച്‌ ശസ്‌ത്ര​ക്രിയ നടത്താ​മെ​ന്നാണ്‌. എന്നാൽ ഈ പ്രക്രിയ കുറച്ച്‌ അപകടം പിടി​ച്ച​താ​ണെന്നു പറഞ്ഞു. മാത്രമല്ല, രക്തം ഉപയോ​ഗി​ക്കില്ല എന്നുള്ള​തിന്‌ അദ്ദേഹം എനിക്ക്‌ ഉറപ്പു തന്നുമില്ല. പിന്നെ ഞാൻ അങ്ങോട്ടു പോയില്ല.

രണ്ടാമത്തെ സർജൻ പറഞ്ഞത്‌, കഴുത്തിൽ ഒരു ദ്വാര​മു​ണ്ടാ​ക്കി സുഷു​മ്‌നാ നാഡി​യിൽ ശസ്‌ത്ര​ക്രിയ നടത്താം എന്നാണ്‌. അതു വളരെ ഭീകര​മാ​ണെന്ന്‌ എനിക്കു തോന്നി. രക്തപ്പകർച്ച​യോ​ടു ബന്ധപ്പെട്ട എന്റെ തീരു​മാ​നം സംബന്ധിച്ച്‌ അദ്ദേഹ​ത്തിന്‌ എതിര​ഭി​പ്രാ​യം ഒന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും ശസ്‌ത്ര​ക്രിയ നടത്താൻ അദ്ദേഹം തിടു​ക്കം​കൂ​ട്ടി, അധികം വിശദാം​ശങ്ങൾ നൽകി​യു​മില്ല. അതു​കൊണ്ട്‌ ഞാൻ പിന്നെ അങ്ങോ​ട്ടും പോയില്ല.

എന്നിരു​ന്നാ​ലും, പ്രാ​ദേ​ശിക ആശുപ​ത്രി ഏകോപന സമിതി​യിൽ സേവി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഹായ​ത്തോ​ടെ, സഹകരണ മനോ​ഭാ​വ​മുള്ള ഒരു ഡോക്ടറെ കണ്ടെത്താൻ എനിക്കു കഴിഞ്ഞു. ശസ്‌ത്ര​ക്രിയ സംബന്ധിച്ച ഈ സർജന്റെ അഭി​പ്രാ​യം രണ്ടാമത്തെ സർജൻ നിർദേ​ശി​ച്ച​തി​നോ​ടു സമാന​മാ​യി​രു​ന്നു. എന്റെ കഴുത്തിൽ ഒരു മുറിവ്‌ ഉണ്ടാക്കി വേണമാ​യി​രു​ന്നു ശസ്‌ത്ര​ക്രിയ നടത്താൻ. അപകട സാധ്യത വളരെ കുറവാ​ണെന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു.

ശസ്‌ത്ര​ക്രി​യ നടത്തുന്ന വിധത്തെ കുറി​ച്ചുള്ള വിവരണം കേട്ട​പ്പോൾ എനിക്കു ഭീതി തോന്നി. വളരെ ലോല​മായ അവയവ​ങ്ങ​ളായ ഹൃദയം, ശ്വാസ​കോ​ശം എന്നിവ​യു​ടെ സമീപ​ത്താണ്‌ ഇത്തര​മൊ​രു കീറി​മു​റി​ക്കൽ നടത്താൻ പോകു​ന്നത്‌ എന്നു ചിന്തി​ച്ച​പ്പോൾ എനിക്കാ​കെ ഭയമായി. ഞാൻ ജീവ​നോ​ടെ തിരി​ച്ചെ​ത്തു​മോ എന്നൊക്കെ ഞാൻ ഓർത്തു. അത്തരം നിഷേ​ധാ​ത്മക ചിന്തകൾ എന്റെ പേടി കൂട്ടി​യതേ ഉള്ളൂ.

അങ്ങനെ 1998, നവംബർ 25-ന്‌ നയ്‌റോ​ബി ആശുപ​ത്രി​യിൽ വെച്ച്‌ നാലു മണിക്കൂർ നീണ്ടു​നിന്ന വിജയ​ക​ര​മായ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു ഞാൻ വിധേ​യ​നാ​യി. ശസ്‌ത്ര​ക്രി​യ​യിൽ എന്റെ ശ്രോ​ണീയ അസ്ഥിയിൽനിന്ന്‌ (pelvic bone) ഒരു കഷണം എടുത്തു​മാ​റ്റി. ആ കഷണം ആകൃതി​വ​രു​ത്തി ലോഹ​ത്ത​കി​ടും സ്‌ക്രൂ​വും ചേർത്ത്‌ ഡിസ്‌കി​ന്റെ സ്ഥാനത്ത്‌ ഉറപ്പിച്ചു വെച്ചു. ഇതു വലിയ സഹായ​മാ​യെ​ങ്കി​ലും എന്റെ എല്ലാ പ്രശ്‌ന​ങ്ങ​ളും ഇതോടെ അവസാ​നി​ച്ചില്ല. നടക്കാൻ എനിക്ക്‌ ഒരുപാട്‌ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെട്ടു. ഇപ്പോ​ഴും, വിട്ടു​മാ​റാത്ത മരവി​പ്പുണ്ട്‌.

ക്രിയാ​ത്മക മനോ​ഭാ​വം

ഞാൻ മുമ്പു പറഞ്ഞതു​പോ​ലെ, എന്റെ ശോച​നീയ അവസ്ഥയിൽ പരിത​പി​ച്ചും ആധിപൂ​ണ്ടും ഞാൻ വളരെ സമയം ചെലവ​ഴി​ച്ചി​രു​ന്നു. എന്നാൽ വൈരു​ദ്ധ്യ​മെന്നു പറയട്ടെ, എന്റെ ശാന്തത​യെ​യും ശുഭാ​പ്‌തി വിശ്വാ​സ​ത്തെ​യും പ്രതി നിരവധി ഡോക്ടർമാ​രും നേഴ്‌സു​മാ​രും എന്നെ അനു​മോ​ദി​ക്കു​മാ​യി​രു​ന്നു. അവർക്ക്‌ എന്താണ്‌ അങ്ങനെ തോന്നി​യത്‌? കാരണം കഠിന​മായ വേദന ഉണ്ടായി​രു​ന്ന​പ്പോൾ പോലും, ദൈവ​ത്തി​ലുള്ള എന്റെ വിശ്വാ​സത്തെ കുറിച്ച്‌ ഞാൻ അവരോ​ടു സംസാ​രി​ച്ചി​രു​ന്നു.

ഞാൻ കടന്നു​പോയ വിഷമ സാഹച​ര്യ​ങ്ങൾ നിമിത്തം ചില​പ്പോ​ഴൊ​ക്കെ ദേഷ്യ​പ്പെ​ടു​ക​യും കയർക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കി​ലും ഞാൻ യഹോ​വ​യി​ലുള്ള ആശ്രയം കൈവി​ട്ടി​രു​ന്നില്ല. എന്റെ യാതന​ക​ളി​ലെ​ല്ലാം യഹോവ എന്നെ താങ്ങി. ചില​പ്പോൾ എന്റെ പ്രതി​ക​ര​ണ​ത്തിൽ എനിക്കു​തന്നെ ലജ്ജ തോന്നും​വി​ധം അത്രയ​ധി​ക​മാ​യി​രു​ന്നു യഹോ​വ​യു​ടെ കരുതൽ. ഈ ദുർഘട സാഹച​ര്യ​ത്തിൽ എനിക്ക്‌ ആശ്വാസം പകരു​മെന്ന്‌ അറിയാ​മാ​യി​രുന്ന തിരു​വെ​ഴു​ത്തു​കൾ വായി​ക്കാ​നും ധ്യാനി​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു. അവയിൽ ചിലതു പിൻവ​രു​ന്ന​വ​യാണ്‌:

വെളി​പ്പാ​ടു 21:4, 5: “അവൻ [ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല.” കണ്ണുനീ​രും വേദന​യും എന്നേക്കു​മാ​യി ഇല്ലാതാ​കുന്ന പുതിയ ലോകത്തെ കുറി​ച്ചുള്ള ബൈബിൾ വാഗ്‌ദാ​നത്തെ സംബന്ധി​ച്ചു ചിന്തി​ക്കു​ന്നത്‌ വളരെ ആശ്വാ​സ​മെന്നു തെളിഞ്ഞു.

എബ്രായർ 6:10: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” ശാരീ​രി​ക​മാ​യി എനിക്കി​പ്പോൾ അനേകം പരിമി​തി​കൾ ഉണ്ടെങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തി​ലുള്ള എന്റെ ശ്രമങ്ങളെ അവൻ വിലമ​തി​ക്കും.

യാക്കോബ്‌ 1:13: “പരീക്ഷി​ക്ക​പ്പെ​ടു​മ്പോൾ ഞാൻ ദൈവ​ത്താൽ പരീക്ഷി​ക്ക​പ്പെ​ടു​ന്നു എന്നു ആരും പറയരു​തു. ദൈവം ദോഷ​ങ്ങ​ളാൽ പരീക്ഷി​ക്ക​പ്പെ​ടാ​ത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷി​ക്കു​ന്ന​തു​മില്ല.” ഈ വാക്കുകൾ എത്ര സത്യമാണ്‌! എന്റെ കഷ്ടങ്ങൾ യഹോവ അനുവ​ദി​ച്ചു​വെ​ങ്കി​ലും ഒരു കാരണ​വ​ശാ​ലും അതിന്‌ ഉത്തരവാ​ദി അവനല്ല.

ഫിലി​പ്പി​യർ 4:6, 7: “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു; എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.” എനിക്ക്‌ അത്യാ​വ​ശ്യ​മാ​യി​രുന്ന മനസ്സമാ​ധാ​നം നേടാൻ പ്രാർഥന എന്നെ സഹായി​ച്ചു. ഇത്‌ കൂടുതൽ ന്യായ​ബോ​ധ​ത്തോ​ടെ എന്റെ സാഹച​ര്യ​ത്തെ നേരി​ടാൻ എന്നെ പ്രാപ്‌ത​നാ​ക്കി​യി​രി​ക്കു​ന്നു.

ഈ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ കഷ്ടപ്പാട്‌ അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന മറ്റാളു​കളെ ഞാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്‌. അവർക്ക്‌ അവ യഥാർഥ സഹായം ആയിരു​ന്നു! അവയുടെ മൂല്യം അന്നു ഞാൻ മുഴു​വ​നാ​യി മനസ്സി​ലാ​ക്കി​യി​രു​ന്നില്ല എന്ന്‌ ഇപ്പോൾ തിരി​ച്ച​റി​യു​ന്നു. എളിമ എന്താ​ണെന്നു ഗ്രഹി​ക്കു​ന്ന​തി​നും യഹോ​വയെ പൂർണ​മാ​യി ആശ്രയി​ക്കാൻ പഠിക്കു​ന്ന​തി​നും എനിക്ക്‌ ഇത്തര​മൊ​രു അവസ്ഥയി​ലൂ​ടെ കടന്നു​പോ​കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.

ആശ്വാ​സ​ത്തി​ന്റെ മറ്റ്‌ ഉറവുകൾ

അരിഷ്ട സമയങ്ങ​ളിൽ ക്രിസ്‌തീയ സഹോ​ദ​ര​വർഗം താങ്ങും തണലും ആണെന്നു പലരും പറയാ​റുണ്ട്‌. എന്നാൽ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മൂല്യം കുറച്ചു കാണാൻ എന്തെളു​പ്പ​മാണ്‌! അവർക്കു ചെയ്യാ​വുന്ന കാര്യ​ങ്ങൾക്കു പരിധി​യുണ്ട്‌ എന്നതു ശരിയാണ്‌, പക്ഷേ സഹായ​ഹ​സ്‌ത​വു​മാ​യി അവർ എല്ലായ്‌പോ​ഴും നമ്മോ​ടൊ​പ്പം ഉണ്ടാകും. എന്റെ കാര്യ​ത്തിൽ ഇതെത്ര സത്യമാ​യി​രു​ന്നെ​ന്നോ! ആശുപ​ത്രി​യിൽ എന്റെ കിടക്ക​യ്‌ക്ക​രി​കിൽ അവരു​ണ്ടാ​കും, ചില​പ്പോൾ അതിരാ​വി​ലെ തന്നെ. എന്റെ ആശുപ​ത്രി ബിൽ അടയ്‌ക്കു​ന്ന​തിൽ സഹായി​ക്കാൻ സന്നദ്ധരാ​യി അവർ മുന്നോ​ട്ടു വരിക​പോ​ലും ചെയ്‌തു. എന്റെ ദുരവ​സ്ഥ​യിൽ സാന്ത്വ​ന​വും സഹായ​വു​മാ​യെ​ത്തിയ എല്ലാവ​രോ​ടും എനിക്ക്‌ അതിരറ്റ നന്ദിയുണ്ട്‌.

എനിക്കി​പ്പോൾ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിമി​തി​യു​ണ്ടെന്ന്‌ ഞങ്ങളുടെ പ്രാ​ദേ​ശിക സഭയിലെ സാക്ഷി​കൾക്ക്‌ അറിയാം. ഞാൻ ഇപ്പോൾ സഭയിലെ അധ്യക്ഷ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. ഞങ്ങളുടെ സഭയിലെ ക്രിസ്‌തീയ മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ പൂർണ പിന്തുണ എനിക്കുണ്ട്‌. പ്രസം​ഗ​വേ​ല​യിൽ ഞാൻ ഇതുവരെ ക്രമമി​ല്ലാ​ത്ത​വ​നാ​യി​രു​ന്നി​ട്ടില്ല. എന്റെ യാതനകൾ മൂർധ​ന്യാ​വ​സ്ഥ​യി​ലാ​യി​രുന്ന സമയത്ത്‌ രണ്ടു വ്യക്തി​കളെ യഹോ​വ​യ്‌ക്കുള്ള സമർപ്പ​ണ​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്ന​തി​നു സഹായി​ക്കാൻ എനിക്കു കഴിഞ്ഞു. അവരിൽ ഒരാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നയ്‌റോ​ബി​യി​ലുള്ള ഒരു സഭയിൽ ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കു​ന്നു.

അഗ്നിപ​രീ​ക്ഷ​യു​ടെ നാളു​ക​ളി​ലെ​ല്ലാം എന്നെ പിന്തുണച്ച എന്റെ ഭാര്യ​യോട്‌ നന്ദി പറയാൻ എനിക്കു വാക്കു​ക​ളില്ല. എന്റെ ദേഷ്യ​വും വികാ​ര​വി​ക്ഷോ​ഭ​ങ്ങ​ളും ന്യായ​യു​ക്ത​ത​യി​ല്ലാ​യ്‌മ​യും എല്ലാം അവൾ സഹിച്ചു. വേദന​യോ​ടെ ഞാൻ കരഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴൊ​ക്കെ അവൾ എന്നെ ബലപ്പെ​ടു​ത്തു​ക​യും ആശ്വാ​സ​വ​ച​നങ്ങൾ പറയു​ക​യും ചെയ്യു​മാ​യി​രു​ന്നു. അരിഷ്ട​ത​യു​ടെ നാളു​ക​ളിൽ ധൈര്യം കൈവി​ടാ​തെ അവൾ അവസര​ത്തി​നൊ​ത്തു​യർന്നത്‌ എന്നെ ഇപ്പോ​ഴും അതിശ​യി​പ്പി​ക്കാ​റുണ്ട്‌. “ഒരു യഥാർഥ സ്‌നേ​ഹി​തൻ എല്ലാ സമയത്തും സ്‌നേ​ഹി​ക്കു​ന്നു” എന്ന വാക്കുകൾ അവളുടെ കാര്യ​ത്തിൽ സത്യ​മെന്നു തെളിഞ്ഞു.—സദൃശ​വാ​ക്യ​ങ്ങൾ 17:17, NW.

എന്റെ പ്രത്യേക സാഹച​ര്യ​ത്തോ​ടു പൊരു​ത്ത​പ്പെ​ടാൻ ഞങ്ങളുടെ മക്കളും പഠിച്ചു. എന്നെ സഹായി​ക്കാൻ അവരാൽ കഴിയു​ന്ന​തെ​ല്ലാം അവർ ചെയ്യുന്നു. ഭാര്യ അടുത്തി​ല്ലാ​ത്ത​പ്പോൾ എന്റെ ക്ഷേമം ഉറപ്പാ​ക്കുന്ന കാര്യ​ത്തിൽ അവർ വലിയ ശ്രദ്ധ പുലർത്തു​ന്നു. എന്റെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കി അവർ വേഗം പ്രതി​ക​രി​ക്കും. സിൽവിയ ആണ്‌ എന്റെ “ഊന്നു​വടി.” എനിക്കു ക്ഷീണം തോന്നു​മ്പോ​ഴൊ​ക്കെ, വീടി​നു​ള്ളിൽ നടക്കാൻ അവളാണു സഹായി​ക്കു​ന്നത്‌.

ഇളയ മകളായ മീനയോ? കൊള്ളാം, ഒരിക്കൽ ഞാൻ വീടി​നു​ള്ളിൽ ഒന്നു വീണു. എനിക്കു തനിയെ എഴു​ന്നേൽക്കാൻ പറ്റിയില്ല. വീട്ടിൽ ആ സമയത്തു മീനയും ഞാനും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അവൾ സർവശ​ക്തി​യും ഉപയോ​ഗിച്ച്‌ എന്നെ എഴു​ന്നേൽപ്പിച്ച്‌ മെല്ലെ എന്റെ മുറി​യി​ലേക്കു കൊണ്ടു​പോ​യി. അതെങ്ങനെ ചെയ്‌തു എന്ന്‌ ഇപ്പോ​ഴും അവൾക്ക​റി​യില്ല. ധൈര്യം സംഭരിച്ച്‌ അവൾ ചെയ്‌ത ആ പ്രവൃത്തി എനിക്ക്‌ ഒരിക്ക​ലും മറക്കാ​നാ​വില്ല.

ജീവി​ത​ത്തിൽ എനിക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുള്ള ഏറ്റവും ദുഷ്‌ക​ര​മായ സംഗതി പരിക്കി​ന്റെ ഫലമായി ഉണ്ടായ ഈ ആരോ​ഗ്യ​പ്ര​ശ്‌ന​വു​മാ​യി പൊരു​ത്ത​പ്പെ​ടുക എന്നതാ​യി​രു​ന്നു. ഈ പോരാ​ട്ടം ഇപ്പോ​ഴും തുടരു​ക​യാണ്‌. മറ്റൊ​ന്നും എന്റെ ജീവി​ത​ത്തി​നും വിശ്വാ​സ​ത്തി​നും ഇത്ര​ത്തോ​ളം വെല്ലു​വി​ളി ഉയർത്തി​യി​ട്ടില്ല. താഴ്‌മ, ന്യായ​യു​ക്തത, സമാനു​ഭാ​വം എന്നിവയെ കുറി​ച്ചെ​ല്ലാം ഞാൻ അനേകം കാര്യങ്ങൾ പഠിച്ചു. എന്റെ പ്രശ്‌നത്തെ വിജയ​ക​ര​മാ​യി നേരി​ടാൻ യഹോ​വ​യി​ലുള്ള പൂർണ ആശ്രയ​വും വിശ്വാ​സ​വും എന്നെ സഹായി​ച്ചു.

അപ്പൊ​സ്‌ത​ല​നാ​യ പൗലൊ​സി​ന്റെ വാക്കു​ക​ളു​ടെ സത്യത ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു: “എങ്കിലും ഈ അത്യന്ത​ശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവ​ത്തി​ന്റെ ദാനമ​ത്രേ എന്നു വരേണ്ട​തി​ന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാ​ത്ര​ങ്ങ​ളിൽ ആകുന്നു ഉള്ളതു.” (2 കൊരി​ന്ത്യർ 4:7) വരാനി​രി​ക്കുന്ന ‘പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി​യെ​യും’ കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ ഞാൻ അളവറ്റ ആശ്വാസം കണ്ടെത്തു​ന്നു. (2 പത്രൊസ്‌ 3:13) ഞാൻ ഇപ്പോ​ഴും ബലഹീ​ന​നാണ്‌, സ്വന്തമാ​യി എനിക്ക്‌ ഒന്നും​തന്നെ ചെയ്യാ​നാ​കില്ല. അതു​കൊണ്ട്‌ പുതിയ ലോക​ത്തി​നാ​യി കാത്തി​രി​ക്കവേ എന്നെ തുടർന്നും പരിപാ​ലി​ക്കേ​ണമേ എന്ന്‌ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. (g03 4/22)

[20-ാം പേജിലെ ചിത്രങ്ങൾ]

കുടുംബം ഒത്തൊ​രു​മി​ച്ചുള്ള ക്രിസ്‌തീയ പ്രവർത്ത​നങ്ങൾ, സഹിച്ചു​നിൽക്കു​ന്ന​തിന്‌ എന്നെ പ്രാപ്‌ത​നാ​ക്കി​യി​രി​ക്കു​ന്നു