ഒരു കുഞ്ഞു ചെവിയുടെ രഹസ്യം ചുരുളഴിയുന്നു
ഒരു കുഞ്ഞു ചെവിയുടെ രഹസ്യം ചുരുളഴിയുന്നു
“കഴിഞ്ഞ പത്തുവർഷം കൊണ്ട് ജന്തുശാസ്ത്രജ്ഞന്മാർ, ശബ്ദതരംഗങ്ങളുടെ ഉറവിനെ തിരിച്ചറിയാൻ മൃഗങ്ങളെ പ്രാപ്തമാക്കുന്ന ഒരു പുതിയ വിദ്യയെ കുറിച്ചു മനസ്സിലാക്കിയിരിക്കുന്നു,” എന്ന് സയൻസ് ന്യൂസ് മാസിക പറയുന്നു. “ഒരുതരം പരാന്ന ഈച്ച, ചീവീടുകളുടെ ശബ്ദംകേട്ട് അവയെ രഹസ്യമായി, വിടാതെ പിന്തുടരുന്നതു നിരീക്ഷിക്കാൻ ഇടയായതാണ് പുതിയ കണ്ടെത്തലിനു വഴിതെളിച്ചത്. ഈച്ചയുടെ തലയാണെങ്കിൽ തീരെ ചെറുതാണ്. മുമ്പ് അറിയപ്പെട്ടിരുന്ന സങ്കീർണമായ ശബ്ദനിർണയ സംവിധാനങ്ങൾ ഒന്നും ഉൾക്കൊള്ളാനുള്ള വലുപ്പം ആ തലയ്ക്കില്ല.” അത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന് രണ്ടു കർണപടങ്ങൾ തമ്മിൽ നിശ്ചിതമായ അകലം ഉണ്ടായിരിക്കണം.
യു.എസ്.എ.-യിലെ കോർണൽ സർവകലാശാല അടുത്തകാലത്തു നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്ന പ്രകാരം, ഈച്ചയുടെ കർണപടങ്ങൾ തമ്മിലുള്ള അകലം വെറും ഒരു മില്ലിമീറ്ററാണെങ്കിലും “ഓർമിയ ഓക്റാസ്യ വർഗത്തിൽ പെട്ട പെണ്ണീച്ചകൾക്ക് ഒരു മൂങ്ങ ചെയ്യുന്നത്ര കൃത്യമായി ശബ്ദതരംഗങ്ങളുടെ ഉറവ് കണ്ടുപിടിക്കാൻ കഴിയും—രണ്ടു ഡിഗ്രിക്കുള്ളിൽ പോലും. ഈച്ചയുടെ ശ്രവണസംവിധാനത്തിലെ ഒരു സവിശേഷതയാണ് മൂങ്ങയുടേതുപോലുള്ള അതിസൂക്ഷ്മ ശ്രവണപ്രാപ്തി അതിനു നൽകുന്നത്.
ഈ കൊച്ചുപ്രാണിയുടെ കർണപടങ്ങളിലെ സ്തരങ്ങളെ ഒരൊറ്റ യൂണിറ്റായി മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കാൻ കഴിയത്തക്ക വിധത്തിലുള്ള ഒരു വസ്തുകൊണ്ട് കർണപടങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അതായത് പാർക്കുകളിലും മറ്റുമുള്ള സീസോയുടെ ചലനം പോലെ. ചീവീട് പുറപ്പെടുവിക്കുന്ന ശബ്ദം ഈച്ചയുടെ കാതുകളിൽ എത്തുമ്പോൾ ചീവീടിന് അഭിമുഖമായുള്ള കർണപടം കമ്പനം ചെയ്യുന്നു. ഈ കമ്പനങ്ങൾ നൊടിയിടയിൽ രണ്ടാമത്തെ കർണപടത്തിലേക്ക് അയയ്ക്കപ്പെടുന്നു. അതാകട്ടെ വന്നുകൊണ്ടിരിക്കുന്ന ശബ്ദതരംഗങ്ങളോടു പ്രതികരിക്കുന്നതിൽനിന്ന് രണ്ടാമത്തെ കർണപടത്തെ തടയുന്നു. അതുകൊണ്ട് ചീവിടിന് അഭിമുഖമായിരിക്കുന്ന സ്തരം കൂടുതൽ ശക്തമായി കമ്പനം ചെയ്യുന്നു. അങ്ങനെ ഈച്ചയ്ക്ക് ലക്ഷ്യം പിഴയ്ക്കാതെ ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ കഴിയുന്നു.
ഈ കണ്ടുപിടിത്തംകൊണ്ട് എന്തെങ്കിലും പ്രായോഗിക പ്രയോജനം ഉണ്ടോ? ഉണ്ടെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. മൈക്രോഫോണുകൾ, ശ്രവണസഹായികൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിന് ഇതു സഹായകമാകും എന്ന് അവർ പറയുന്നു. ഉദാഹരണത്തിന്, ഇത്തരത്തിൽ രൂപകൽപ്പന ചെയ്യുന്ന ശ്രവണസഹായികൾകൊണ്ട് “കേൾവിക്കാരന്, തനിക്ക് അഭിമുഖമായിരിക്കുന്ന ദിശയിൽനിന്നുള്ള ശബ്ദം പിടിച്ചെടുക്കുന്നതിനു കഴിയും,” എന്നു റിപ്പോർട്ടു പറയുന്നു. അതേ, യഹോവയുടെ വിസ്മയകരമായ സൃഷ്ടികളിൽ എത്രമാത്രം ജ്ഞാനമാണ് പ്രകടമായിരിക്കുന്നത്!—ഇയ്യോബ് 42:2. (g03 4/22)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
R. Hoy/Cornell University
മുകളിലെ രണ്ടു ചിത്രങ്ങൾ: R. Wyttenbach/ Cornell University