വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൈവിട്ടുപോകുന്ന ബാല്യം

കൈവിട്ടുപോകുന്ന ബാല്യം

കൈവി​ട്ടു​പോ​കുന്ന ബാല്യം

“ബാല്യ​കാ​ലം ആസ്വദി​ക്കുക എന്നത്‌ കുട്ടി​ക​ളു​ടെ ഏറ്റവും അടിസ്ഥാ​ന​പ​ര​മായ അവകാ​ശ​മാണ്‌.”—“ബദ്ധപ്പെ​ടുന്ന കുട്ടി” (ഇംഗ്ലീഷ്‌).

അല്ലലി​ല്ലാത്ത, കളങ്കമറ്റ ബാല്യ​ത്തി​ന്റെ മധുരം നുകരാൻ എല്ലാ കുട്ടി​കൾക്കും കഴി​യേ​ണ്ട​താണ്‌ എന്ന അഭി​പ്രാ​യ​ത്തോ​ടു നിങ്ങളും യോജി​ക്കും. എന്നാൽ ഒട്ടനവധി ബാലി​കാ​ബാ​ല​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്തര​മൊ​രു കുട്ടി​ക്കാ​ലം കയ്യെത്താ​ദൂ​ര​ത്താണ്‌ എന്നതാണു യാഥാർഥ്യം. കുട്ടികൾ യുദ്ധത്തി​ന്റെ കെടു​തി​കൾക്ക്‌ ഇരയാ​കു​മ്പോൾ വീണു​ട​യുന്ന ഒരുപാ​ടൊ​രു​പാട്‌ കുരുന്നു മോഹ​ങ്ങളെ കുറിച്ചു ചിന്തി​ക്കുക. അടിമ​ത്ത​ത്തി​നും ശാരീ​രിക ദ്രോ​ഹ​ത്തി​നും ഇരകളാ​യി, ജീവിതം മുളയി​ലേ വാടി​ക്ക​രി​യു​ന്നവർ വേറെ.

തെരു​വി​നെ വീടി​നെ​ക്കാൾ സുരക്ഷി​ത​മായ ഒരിട​മാ​യി കരുതി, അവിടെ ജീവി​ക്കാൻ നിർബ​ന്ധി​ത​നാ​കുന്ന ഒരു കുട്ടി​യു​ടെ വികാരം എന്തായി​രി​ക്കു​മെന്നു സങ്കൽപ്പി​ക്കാൻ നമ്മിൽ മിക്കവർക്കും ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ജീവി​ത​ത്തിൽ, വാത്സല്യ​വും സംരക്ഷ​ണ​വും ഏറ്റവു​മ​ധി​കം ആവശ്യ​മാ​യി​രി​ക്കുന്ന ഘട്ടത്തിൽ ഈ കുട്ടി​കൾക്ക്‌, തങ്ങളെ ചൂഷണം ചെയ്യാൻ പതിയി​രി​ക്കുന്ന ഇരപി​ടി​യ​ന്മാ​രെ​പ്പോ​ലെ​യുള്ള ആളുക​ളിൽനി​ന്നു രക്ഷപ്പെ​ടാൻ തെരു​വി​ലെ അഭ്യാ​സങ്ങൾ പഠി​ക്കേ​ണ്ട​താ​യി വരുന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, പ്രക്ഷു​ബ്ധ​മായ നമ്മുടെ നാളു​ക​ളിൽ ബാല്യ​കാ​ലം മിക്ക​പ്പോ​ഴും ദുരന്ത​ങ്ങൾക്കി​ര​യാ​കു​ന്നു.

എനി​ക്കെന്റെ ബാല്യം തിരി​ച്ചു​കി​ട്ടി​യെ​ങ്കിൽ . . .”

കാർമെൻ എന്ന ഇരുപ​ത്തി​ര​ണ്ടു​കാ​രി​യു​ടെ ബാല്യ​കാല വർഷങ്ങൾ കയ്‌പേ​റി​യ​താ​യി​രു​ന്നു. a അച്ഛന്റെ ഉപദ്ര​വ​വും അമ്മയുടെ അവഗണ​ന​യും സഹിക്ക​വ​യ്യാ​തെ അവളും ചേച്ചി​യും തെരു​വി​ലേക്ക്‌ ഇറങ്ങി​ത്തി​രി​ച്ചു. തെരുവു ജീവിതം അപകടം നിറഞ്ഞ​താ​യി​രു​ന്നെ​ങ്കി​ലും വീടു​വി​ട്ടു പോകുന്ന യുവജ​ന​ങ്ങ​ളിൽ പലരും ചെന്നു​ചാ​ടാ​റുള്ള ചില ചതിക്കു​ഴി​കളെ തെറ്റി​യൊ​ഴി​യാൻ ഈ പെൺകു​ട്ടി​കൾക്ക്‌ കഴിഞ്ഞു.

എന്നിരു​ന്നാ​ലും, കൈവി​ട്ടു​പോയ തന്റെ ബാല്യ​കാ​ലത്തെ കുറിച്ച്‌ ഓർക്കു​മ്പോൾ കാർമെന്‌ വളരെ ദുഃഖ​മുണ്ട്‌. വാസ്‌ത​വ​ത്തിൽ ഓർമ​യിൽ സൂക്ഷി​ക്കാൻ പറ്റിയ ഒരു ബാല്യം അവൾക്കി​ല്ലാ​യി​രു​ന്നു. “കുഞ്ഞാ​യി​രുന്ന ഞാൻ നേരെ ഒരു ഇരുപ​ത്തി​ര​ണ്ടു​കാ​രി​യാ​യി മാറു​ക​യാ​യി​രു​ന്നു എന്നു വേണ​മെ​ങ്കിൽ പറയാം,” അവൾ സങ്കട​ത്തോ​ടെ പറയുന്നു. “ഞാനി​പ്പോൾ വിവാ​ഹി​ത​യും ഒരു കുട്ടി​യു​ടെ അമ്മയു​മാണ്‌. എങ്കിലും കൊച്ചു പെൺകു​ട്ടി​ക​ളെ​പ്പോ​ലെ പാവകൾകൊണ്ട്‌ കളിക്കാ​നും മറ്റും എനിക്ക്‌ ഇന്നും എന്ത്‌ കൊതി​യാ​ണെ​ന്നോ! മാതാ​പി​താ​ക്ക​ളു​ടെ വാത്സല്യ​ത്തി​നും ആശ്ലേഷ​ത്തി​നു​മാ​യി എന്റെ ഹൃദയം തുടി​ക്കു​ക​യാണ്‌. എനി​ക്കെന്റെ ബാല്യം തിരി​ച്ചു​കി​ട്ടി​യെ​ങ്കിൽ . . . ”

കാർമെ​ന്റെ​യും സഹോ​ദ​രി​യു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഒട്ടനവധി കുട്ടികൾ ഇന്ന്‌ ദുരിതം അനുഭ​വി​ക്കു​ന്നുണ്ട്‌. അവരുടെ ബാല്യ​കാ​ലം തെരു​വീ​ഥി​കൾ കവർന്നെ​ടു​ക്കു​ന്നു. അഷ്ടിക്കു വക കണ്ടെത്താ​നാ​യി അവരിൽ മിക്കവ​രും കുറ്റകൃ​ത്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു. വാർത്താ റിപ്പോർട്ടു​ക​ളും സ്ഥിതി​വി​വര കണക്കു​ക​ളും കാണി​ക്കുന്ന പ്രകാരം, ഇളം​പ്രാ​യ​ത്തിൽത്തന്നെ കുട്ടികൾ കുറ്റകൃ​ത്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു എന്നറി​യു​മ്പോൾ നാം ഞെട്ടി​പ്പോ​യേ​ക്കാം. കൗമാര പ്രായ​ത്തി​ലുള്ള നിരവധി പെൺകു​ട്ടി​കൾക്ക്‌—അവർതന്നെ കുട്ടി​ക​ളാ​യി​രി​ക്കെ—കുട്ടി​ക​ളു​ണ്ടാ​കു​ന്നു എന്നതാണ്‌ എറെ ഗുരു​ത​ര​മായ പ്രശ്‌നം.

മറഞ്ഞി​രി​ക്കുന്ന ഒരു സാമൂ​ഹിക പ്രതി​സ​ന്ധി

വളർത്തു മാതാ​പി​താ​ക്ക​ളു​ടെ (foster parents) സംരക്ഷ​ണ​ത്തിൽ ചെന്നെ​ത്തുന്ന കുട്ടി​ക​ളു​ടെ എണ്ണം വർധി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. വീക്കെൻഡ്‌ ഓസ്‌​ട്രേ​ലി​യൻ എന്ന വർത്തമാ​ന​പ​ത്ര​ത്തി​ന്റെ മുഖ​പ്ര​സം​ഗം ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “വളർത്തു മാതാ​പി​താ​ക്ക​ളു​ടെ സംരക്ഷണം ആവശ്യ​മാ​യി​രി​ക്കുന്ന ഒരു പ്രതി​സന്ധി നാം അറിയാ​തെ വികാസം പ്രാപി​ച്ചി​രി​ക്കു​ന്നു. തകർന്ന കുടുംബ ബന്ധത്തിന്റെ വിള്ളലു​ക​ളി​ലൂ​ടെ നിരവധി കുട്ടികൾ അനാഥ​ത്വ​ത്തി​ലേക്കു നിപതി​ക്കു​ന്നു.” പ്രസ്‌തുത വർത്തമാ​ന​പ​ത്രം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ചില കുട്ടികൾ, അവരുടെ കാര്യ​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കാൻ നിയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സാമൂ​ഹ്യ​ക്ഷേമ പ്രവർത്ത​ക​രു​മാ​യി മാസങ്ങ​ളോ വർഷങ്ങ​ളോ​പോ​ലും യാതൊ​രു സമ്പർക്ക​വും ഇല്ലാതെ കഴിയു​ന്നു. മറ്റുചി​ലർക്കാ​കട്ടെ, സ്ഥിരമായ ഒരു ഭവനം കണ്ടെത്താ​നാ​കാ​തെ ഒരാളു​ടെ സംരക്ഷ​ണ​ത്തിൽനി​ന്നു മറ്റൊ​രാ​ളു​ടെ സംരക്ഷ​ണ​ത്തി​ലേക്കു പോ​കേ​ണ്ട​താ​യി വരുന്നു.”

ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, 13 വയസ്സുള്ള ഒരു പെൺകു​ട്ടി​യെ മൂന്നു വർഷത്തി​നി​ട​യ്‌ക്ക്‌ 97 സംരക്ഷക സദനങ്ങ​ളിൽ മാറ്റി​മാ​റ്റി പാർപ്പി​ക്കു​ക​യു​ണ്ടാ​യി, ചിലയി​ടത്തെ താമസം ഒരു രാത്രി മാത്ര​മാ​യി​രു​ന്നു. അവഗണ​ന​യും അരക്ഷി​ത​ത്വ​വും നിമിത്തം അനുഭ​വി​ക്കേ​ണ്ടി​വന്ന തീവ്ര നൊമ്പ​ര​ങ്ങളെ കുറിച്ച്‌ അവൾ ഇപ്പോൾ ഓർക്കു​ന്നു. അവളെ​പ്പോ​ലെ അന്യരു​ടെ സംരക്ഷ​ണ​യിൽ കഴി​യേ​ണ്ടി​വ​രുന്ന കുട്ടി​കൾക്ക്‌ തങ്ങളുടെ ബാല്യം കൈ​മോ​ശം വന്നിരി​ക്കു​ന്നു.

കുട്ടി​ക്കാ​ലം നഷ്ടപ്പെ​ടു​ന്നത്‌ വർധി​ച്ചു​വ​രുന്ന ഒരു ദുരന്ത​മാ​ണെന്ന്‌ വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്ന​തിൽ തെല്ലും അതിശ​യ​മില്ല. നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ മേൽപ്പറഞ്ഞ ദാരുണ യാഥാർഥ്യ​ങ്ങൾ വെച്ചു​നോ​ക്കു​മ്പോൾ നിങ്ങളു​ടെ കുട്ടി​കൾക്കു ഭവനവും ജീവി​താ​വ​ശ്യ​ങ്ങ​ളും പ്രദാനം ചെയ്യാൻ കഴിയു​ന്നത്‌ വലി​യൊ​രു നേട്ടമാ​യി നിങ്ങൾ കരുതി​യേ​ക്കാം. എന്നാൽ മറ്റൊരു അപകട​മുണ്ട്‌. ഇന്നത്തെ ലോക​ത്തിൽ കുട്ടി​കൾക്കു ബാല്യ​കാ​ലം അശേഷം നഷ്ടപ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും മിക്ക​പ്പോ​ഴും അവർക്ക്‌ അതിന്റെ പടവുകൾ ഓടി​ക്ക​യ​റേ​ണ്ട​താ​യി വരുന്നു. എങ്ങനെ? എന്താണ്‌ അതിന്റെ ഭവിഷ്യ​ത്തു​കൾ? (g03 4/22)

[അടിക്കു​റിപ്പ്‌]

a പേരിന്‌ മാറ്റം വരുത്തി​യി​രി​ക്കു​ന്നു.