ചെറിയ നിലക്കടലയുടെ വലിയ ലോകം
ചെറിയ നിലക്കടലയുടെ വലിയ ലോകം
നിങ്ങൾക്ക് നിലക്കടല ഇഷ്ടമാണോ? ആയിരിക്കും, അല്ലേ? പലർക്കും അത് ഇഷ്ടമാണ്. മണ്ണിന് അടിയിൽ വളരുന്നതുകൊണ്ടാണ് ഇതിന് നിലക്കടല എന്നു പേരു കിട്ടിയത്. മനുഷ്യ കുടുംബത്തിന്റെ വലിയൊരു ഭാഗവും നിലക്കടല ഭക്ഷിക്കുന്നവരാണ്. ഭൂമുഖത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടു രാജ്യങ്ങളായ ചൈനയും ഇന്ത്യയും ചേർന്നാണ് ലോകത്താകെയുള്ള നിലക്കടലയുടെ 50 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത്.
ഐക്യനാടുകൾ വർഷം തോറും നൂറുകോടിയിലധികം കിലോഗ്രാം നിലക്കടല ഉത്പാദിപ്പിക്കുന്നു, ലോകത്ത് ആകെയുള്ളതിന്റെ ഏതാണ്ട് പത്തു ശതമാനം. അർജന്റീന, ബ്രസീൽ, മലാവി, നൈജീരിയ, സെനെഗൽ, ദക്ഷിണാഫ്രിക്ക, സുഡാൻ എന്നീ രാജ്യങ്ങളും നിലക്കടല വൻ തോതിൽ കൃഷിചെയ്യുന്നു. നിലക്കടല ലോകത്തിന് ഇത്ര പ്രിയങ്കരമായിത്തീർന്നത് എങ്ങനെയാണ്? നിലക്കടല കഴിക്കുന്നത് ഒഴിവാക്കേണ്ട വല്ല സാഹചര്യങ്ങളും ഉണ്ടോ?
നിലക്കടലയുടെ സുദീർഘമായ ചരിത്രം
നിലക്കടലയുടെ ജന്മദേശം തെക്കേ അമേരിക്കയാണെന്നു കരുതപ്പെടുന്നു. നിലക്കടലയോടുള്ള മനുഷ്യന്റെ പ്രിയം വെളിപ്പെടുത്തുന്ന, അറിയപ്പെടുന്നതിലേക്കും ഏറ്റവും പുരാതനമായ കരകൗശലവസ്തു പെറുവിൽനിന്നു കണ്ടെടുത്ത, കൊളംബിയൻ കാലഘട്ടത്തിനു മുമ്പുള്ള ഒരു അലങ്കാര പാത്രമാണ്. ഈ പാത്രത്തിനു നിലക്കടലയുടെ ആകൃതിയാണ്. മാത്രമല്ല, നിലക്കടലയുടേതുപോലുള്ള ഡിസൈനുകൾകൊണ്ട് അത് അലങ്കരിച്ചിട്ടുമുണ്ട്. തെക്കേ അമേരിക്കയിൽ വെച്ച് നിലക്കടല ആദ്യം കണ്ടെത്തിയ സ്പാനീഷ് പര്യവേക്ഷകർ, നാവിക യാത്രയ്ക്കിടയിൽ അതു തങ്ങൾക്ക് ആവശ്യമായ പോഷണം പ്രദാനം ചെയ്യുമെന്നു മനസ്സിലാക്കി. അവർ കുറച്ചു നിലക്കടല യൂറോപ്പിലേക്കു കൊണ്ടുവന്നു. യൂറോപ്യന്മാർ അതിനു മറ്റു ചില ഉപയോഗങ്ങളും കണ്ടുപിടിച്ചു. കാപ്പിക്കുരുവിനു പകരമായി പോലും അവർ അത് ഉപയോഗിക്കുമായിരുന്നു.
പിന്നീട് പോർച്ചുഗീസുകാർ നിലക്കടലയെ ആഫ്രിക്കയ്ക്കു പരിചയപ്പെടുത്തി. മറ്റു കൃഷികൾ വിളയാത്ത തരിശുഭൂമിയിൽപ്പോലും കൃഷിചെയ്യാൻ വളരെ പ്രയോജനപ്രദമായ ഒരു ഭക്ഷ്യവസ്തുവാണ് നിലക്കടലയെന്ന് അവിടെയുള്ളവർക്കു മനസ്സിലായി. തന്നെയുമല്ല, നിലക്കടലച്ചെടികൾ ഫലഭൂയിഷ്ഠമല്ലാത്ത മണ്ണിനെ നൈട്രജൻ സമ്പുഷ്ടമാക്കുന്നതായും കണ്ടെത്തപ്പെട്ടു. അങ്ങനെയിരിക്കെ, അടിമക്കച്ചവടത്തിന്റെ നാളുകളിൽ നിലക്കടലയെ ആഫ്രിക്കയിൽ നിന്നു വടക്കേ അമേരിക്കയിലേക്കു കൊണ്ടുവന്നു.
പിന്നീട്, 1530-കളിൽ പോർച്ചുഗീസുകാരോടൊപ്പം നിലക്കടല ഇന്ത്യയിലും മക്കാവോയിലും എത്തി. സ്പാനീഷുകാർ നിലക്കടല ഫിലിപ്പീൻസിലും എത്തിച്ചു. ഈ ദേശങ്ങളിൽനിന്നുള്ള വ്യാപാരികൾ നിലക്കടല ചൈനക്കാർക്കു പരിചയപ്പെടുത്തി. ക്ഷാമത്തിന്റെ പിടിയിലമർന്നിരുന്ന ആ രാഷ്ട്രത്തെ സഹായിക്കാൻ നിലക്കടലയ്ക്കു കഴിഞ്ഞു.
സസ്യശാസ്ത്രജ്ഞർ 1700-കളിൽ നടത്തിയ പഠനം, നിലക്കടല പന്നികൾക്കുള്ള ഒന്നാംതരം ഭക്ഷണം ആണെന്നു വെളിപ്പെടുത്തി. 1800-കളുടെ ആരംഭത്തിൽ ഐക്യനാടുകളിലെ സൗത്ത് കരോലിനയിൽ നിലക്കടല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ടായിരുന്നു. 1861-ൽ പൊട്ടിപ്പുറപ്പെട്ട അമേരിക്കൻ ആഭ്യന്തര യുദ്ധ കാലത്ത് ഇരുപക്ഷത്തുമുള്ള പട്ടാളക്കാരുടെ അന്നമായി മാറി നിലക്കടല.
നിലക്കടലയെ പാവപ്പെട്ടവരുടെ ഭക്ഷണം ആയിട്ടാണ് അക്കാലത്തു പലരും കരുതിയത്. അന്നൊക്കെ അമേരിക്കൻ കൃഷിക്കാർ നിലക്കടല മനുഷ്യോപയോഗത്തിനായി വൻതോതിൽ കൃഷി ചെയ്യാതിരുന്നതിന്റെ ഒരു കാരണം ഇതായിരിക്കാം. മാത്രമല്ല, 1900 എന്ന വർഷത്തോടടുത്ത് യന്ത്രോപകരണങ്ങൾ കണ്ടുപിടിക്കുന്നതിനു മുമ്പ് നിലക്കടലക്കൃഷി ചെലവേറിയതും ശ്രമകരവുമായിരുന്നു.
എന്നാൽ 1903-ൽ അമേരിക്കൻ കാർഷിക രസതന്ത്ര രംഗത്തെ മുന്നണി പ്രവർത്തകനായ ജോർജ് വാഷിങ്ടൺ കാർവർ നിലക്കടലച്ചെടിയുടെ പുതിയ ഉപയോഗങ്ങളെ കുറിച്ചു ഗവേഷണം നടത്തിത്തുടങ്ങി. ക്രമേണ അദ്ദേഹം ഇതിൽനിന്നു 300 ഉത്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. പാനീയങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഡൈകൾ, മരുന്നുകൾ, അലക്കാൻ ഉപയോഗിക്കുന്ന സോപ്പ്, കീടനാശിനികൾ, അച്ചടിമഷി എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയെ കെടുത്തിക്കളയുന്ന പരുത്തിക്കൃഷി നിറുത്തിയിട്ട് പകരം നിലക്കടല കൃഷിചെയ്യാൻ കാർവർ തന്റെ നാട്ടിലെ കർഷകരെ പ്രോത്സാഹിപ്പിച്ചു. ആ സമയത്ത്, ബോൾ വീവിൽ എന്ന ഒരു കീടം, പരുത്തിക്കൃഷി നശിപ്പിച്ചിരുന്നതുകൊണ്ട് കാർവറുടെ ഉപദേശം ചെവിക്കൊള്ളാൻ പല കർഷകരും തയ്യാറായി.
എന്തായിരുന്നു ഫലം? നിലക്കടലക്കൃഷി വമ്പിച്ച വിജയമായിരുന്നു. അത് തെക്കൻ ഐക്യനാടുകളുടെ നാണ്യവിള ആയിമാറി. ഇന്ന് അലബാമയിലെ ദോഥാനിൽ കാർവറുടെ ഒരു സ്മാരകം പോലുമുണ്ട്. മാത്രമല്ല, പരുത്തിക്കൃഷി നശിപ്പിച്ചുകൊണ്ട് നിലക്കടല കൃഷിചെയ്യാൻ കർഷകരെ പ്രേരിപ്പിച്ച ബോൾ വീവിൽ എന്ന കീടത്തിന്റെ സ്മാരകം പടുത്തുയർത്താനും അലബാമയിലെ എന്റർപ്രൈസ് നഗരം മറന്നില്ല.വളരുന്ന നിലക്കടല
നിലക്കടല വാസ്തവത്തിൽ ഒരു ഫലം അല്ല, മറിച്ച് വിത്താണ്. ചെടി വളർന്നുവരവേ, അതിൽ മഞ്ഞനിറമുള്ള പൂക്കൾ ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണം നടത്തുന്നു.
പരാഗണം നടന്നശേഷം, നിലക്കടലയുടെ ഭ്രൂണത്തെ വഹിക്കുന്ന, ചെടിയുടെ അണ്ഡാശയഭാഗമായ പെഗ് എന്നറിയപ്പെടുന്ന കാണ്ഡാഗ്രം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. മണ്ണിലേക്ക് ഇറങ്ങിയശേഷം പടർന്നു കിടന്നാണ് നിലക്കടല നമുക്കു സുപരിചിതമായ രൂപം കൈവരിക്കുന്നത്. ഒരു ചെടിയിൽ 40 വരെ നിലക്കടലകൾ ഉണ്ടാകാറുണ്ട്.
മിതമായ ചൂടും സൂര്യപ്രകാശവും മഴയുമൊക്കെയാണ് നിലക്കടലയ്ക്ക് പഥ്യം. നടീൽ മുതൽ വിളവെടുപ്പോളം 120 മുതൽ 160 വരെ ദിവസം വേണ്ടിവന്നേക്കാം. ഇതു നിലക്കടലയുടെ വകഭേദത്തെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കും. വിളവെടുപ്പിന്റെ സമയത്ത് ചെടി വേരോടെ പിഴുതെടുക്കും. അഴുകിപ്പോകാതിരിക്കാൻ മണ്ണിനടിയിലായിരുന്ന ഭാഗം വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കുന്നു. വിളവെടുക്കാൻ ഇന്നു മിക്ക കർഷകരും ആധുനിക മാർഗങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് ചെടിയെ വേരോടെ പിഴുതെടുക്കുന്നതും അതിലെ മണ്ണുകുടഞ്ഞു കളഞ്ഞ് തലകീഴായി വെക്കുന്നതുമെല്ലാം ഒറ്റയടിക്കുതന്നെ കഴിയും.
നിലക്കടലയുടെ ബഹുമുഖോപയോഗങ്ങൾ
പോഷകഗുണത്തിന് നിലക്കടല പേരുകേട്ടതാണ്. ഇതിൽ നാരുകൾ കൂടാതെ, 13 ജീവകങ്ങളും 26 ധാതു ലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇതാകട്ടെ ആധുനിക ഭക്ഷണരീതിയിൽ ലഭ്യമല്ലാത്തവയുമാണ്. “ഒരു പൗണ്ട് നിലക്കടലയിൽ അതേ തൂക്കത്തിലുള്ള, മാട്ടിൻ കരളിനെക്കാൾ മാംസ്യവും ധാതുക്കളും ജീവകവും അടങ്ങിയിരിക്കുന്നു” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. പക്ഷേ സൂക്ഷിക്കുക, വണ്ണം കൂടാനിടയുണ്ട്! “കൊഴുപ്പ് ധാരാളമുള്ള ക്രീമിനെക്കാൾ കൊഴുപ്പാണ്” നിലക്കടലയ്ക്ക്. അതുപോലെ, “പഞ്ചസാരയിൽ ഉള്ളതിനെക്കാൾ കലോറിയും അടങ്ങിയിട്ടുണ്ട്.”
നിലക്കടല പല രാജ്യങ്ങളുടെയും വിഭവങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അതിന്റെ സവിശേഷ രുചി വേർതിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമില്ല. “നിലക്കടലയുടെ സ്വാദും മണവും മുന്നിട്ടുനിൽക്കുന്നതും വ്യതിരിക്തവുമാണ്. ഇതു ചേർത്ത്
ഉണ്ടാക്കുന്ന ഏതു വിഭവങ്ങൾക്കും ഒരേ രുചിയാണ്” എന്ന് പാചകകലയെ കുറിച്ചുള്ള എഴുത്തുകാരിയായ ആൻയാ ഫൊൺ ബ്രെംസെൻ പറയുന്നു. “അതുകൊണ്ട് ഇൻഡോനേഷ്യൻ നിലക്കടല സോസിനും പടിഞ്ഞാറൻ ആഫ്രിക്കക്കാരുടെ സൂപ്പിനും ചൈനാക്കാരുടെ നൂഡിൽസിനും പെറൂവിയക്കാരുടെ സ്റ്റ്യൂവിനും പീനട്ട് ബട്ടർ സാൻഡ്വിച്ചിനും രുചിയുടെ കാര്യത്തിൽ നല്ല സാമ്യം ഉണ്ട്.”നിലക്കടല ലോകമെമ്പാടും ആളുകളുടെ പ്രിയപ്പെട്ട ലഘുഭക്ഷണമാണ്. ഉദാഹരണത്തിന്, നിലക്കടല മറ്റ് ഉണക്കിയ പയറുവർഗങ്ങളുമായി കൂട്ടിക്കലർത്തി ഇന്ത്യയിലെ തെരുവോരങ്ങളിൽ വിൽക്കാറുണ്ട്. പീനട്ട് ബട്ടർ പുരട്ടിയ സാൻഡ്വിച്ച് ചില രാജ്യങ്ങളിൽ വളരെ പ്രിയങ്കരമാണ്. “ഏതാണ്ട് 1890-ൽ യു.എസ്.എ.-യിലെ സെന്റ് ലൂയിസിലുള്ള ഒരു ഡോക്ടറാണ് ഇതു കണ്ടുപിടിച്ചത് എന്നു പറയപ്പെടുന്നു. പ്രായമായവർക്കുള്ള ആരോഗ്യകരമായ ഭക്ഷണം എന്നനിലയിലാണ് അദ്ദേഹം ഇതു നിർദേശിച്ചത്” എന്ന് ദ ഗ്രെയിറ്റ് അമേരിക്കൻ പീനട്ട് എന്ന പ്രസിദ്ധീകരണം പറയുന്നു.
ഭക്ഷ്യവസ്തുവാണ് എന്നതിനുപുറമേ, നിലക്കടലയ്ക്ക് മറ്റനേകം ഉപയോഗങ്ങളുണ്ട്. നിലക്കടലയിൽ നിന്നു ലഭിക്കുന്ന പാചക എണ്ണ ഏഷ്യയിലെമ്പാടും ഉപയോഗിച്ചുവരുന്നു. നിലക്കടല എണ്ണ ഉപയോഗിച്ച് വളരെ ഉയർന്ന ചൂടിൽ പാചകം ചെയ്യാൻ കഴിയും. മാത്രമല്ല, പാചകം ചെയ്യുന്ന ആഹാരപദാർഥത്തിന്റെ മണം ഇത് വലിച്ചെടുക്കുകയുമില്ല.
ബ്രസീലിൽ നിലക്കടല എണ്ണയുടെ ഒരു ഉപോത്പന്നം കാലിത്തീറ്റയായി ഉപയോഗിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലും നിലക്കടലയിൽ നിന്നുള്ള ധാരാളം ഉത്പന്നങ്ങൾ കാണാൻ കഴിയും.—മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കാണുക.
സൂക്ഷിക്കുക, നിലക്കടല അലർജിയുണ്ടാക്കും!
ശീതീകരണിയിൽ വെക്കാതെതന്നെ നിലക്കടല വളരെ നാളുകൾ സൂക്ഷിച്ചുവെക്കാൻ കഴിയും. എന്നാൽ ശ്രദ്ധിക്കേണ്ടതുണ്ട്. പൂപ്പൽ പിടിച്ച നിലക്കടലയിൽ കാൻസറിന് ഇടയാക്കുന്ന അഫ്ളാടോക്സിൻ എന്ന വസ്തു ഉണ്ടാകും. മാത്രമല്ല ചില ആളുകൾക്ക് നിലക്കടല അലർജിയുമാണ്. “മൂക്കൊലിപ്പ്, ചൊറിഞ്ഞുപൊട്ടൽ, അപകടകരമായ അനാഫിലാക്ടിക് ഷോക്ക് (പുറമെ നിന്നുള്ള വസ്തുക്കളോടുള്ള അത്യധിക പ്രതികരണം) എന്നിവ അലർജി മൂലം ഉണ്ടാകുന്നവയാണ്” എന്ന് പ്രിവെൻഷൻ എന്ന മാസിക പറയുന്നു. കൂടുതൽ കുട്ടികൾ നിലക്കടലയോട് അലർജിയുള്ളവരായിത്തീരുന്നു എന്നു നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
മാതാപിതാക്കൾക്കു രണ്ടുപേർക്കും ആസ്ത്മ, സ്ഥായിയായ മൂക്കൊലിപ്പ് അല്ലെങ്കിൽ വരട്ടുചൊറി എന്നിവ ഉണ്ടെങ്കിൽ കുട്ടിക്കു നിലക്കടലയോട് അലർജി ഉണ്ടാകാനുള്ള വർധിച്ച സാധ്യതയുണ്ടെന്ന് പ്രിവെൻഷൻ റിപ്പോർട്ടു ചെയ്യുന്നു.
അലർജിയുടെ നീണ്ട ചരിത്രമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കും, ആദ്യവർഷത്തിൽ പാലിനോട് അലർജിയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. “പീനട്ട് ബട്ടർ നിങ്ങളുടെ കുട്ടിയുടെ കയ്യെത്താത്തിടത്ത് വെക്കുന്നതാണ് അഭികാമ്യം, മൂന്നു വയസ്സുവരെയെങ്കിലും അതു കൊടുക്കാതിരിക്കുക,” എന്ന് യു.എസ്.എ.-യിലെ, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ, ശിശുരോഗവിഭാഗം പ്രൊഫസറായ ഡോ. ഹ്യൂ സാംസെൻ പറയുന്നു.
നിങ്ങൾക്കു നിലക്കടല ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, ഇതിന്റെ ബഹുമുഖോപയോഗങ്ങളെ കുറിച്ചുള്ള പരിചിന്തനം, ഇത്തിരിപ്പോന്ന എന്നാൽ വിശ്വവിഖ്യാതനായ നിലക്കടലയോടുള്ള നിങ്ങളുടെ മതിപ്പു വർധിപ്പിച്ചുകാണും. (g03 4/22)
[24-ാം പേജിലെ ചതുരം/ചിത്രം]
നിലക്കടലയുടെ ഉപോത്പന്നങ്ങൾ നിത്യോപയോഗ സാധനങ്ങളിൽ
• വോൾബോർഡ്
• വിറക്
• പൂച്ചയുടെ വിസർജ്യങ്ങൾ നീക്കം ചെയ്യാനുള്ള ക്യാറ്റ് ലിറ്റർ
• കടലാസ്
• ശുചീകരണ ലായനികൾ
• ലേപനം
• ലോഹങ്ങൾക്കുള്ള പോളീഷ്
• ബ്ലീച്ച്
• മഷി
• ആക്സൽ ഗ്രീസ്
• ഷേവിങ് ക്രീം
• മുഖത്തുപയോഗിക്കുന്ന ക്രീം
• സോപ്പ്
• ഒരിനം തറവിരി
• റബ്ബർ
• സൗന്ദര്യ വർധക വസ്തുക്കൾ
• പെയിന്റ്
• സ്ഫോടക വസ്തുക്കൾ
• ഷാംപൂ
• മരുന്നുകൾ
[കടപ്പാട്]
ഉറവിടം: ദ ഗ്രെയിറ്റ് അമേരിക്കൻ പീനട്ട്
[22-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഇലകൾ
പെഗ്
തറനിരപ്പ്
വേരുകൾ നിലക്കടല
[കടപ്പാട്]
നിലക്കടല കർഷക മാസിക
[22-ാം പേജിലെ ചിത്രം]
ജോർജ് വാഷിങ്ടൺ കാർവറുടെ സ്മാരകം
[23-ാം പേജിലെ ചിത്രം]
ഐക്യനാടുകൾ
[23-ാം പേജിലെ ചിത്രം]
ആഫ്രിക്ക
[23-ാം പേജിലെ ചിത്രം]
ഏഷ്യ
[കടപ്പാട്]
FAO photo/R. Faidutti
[23-ാം പേജിലെ ചിത്രം]
നിലക്കടലകൊണ്ടുള്ള ചില ലഘുഭക്ഷണങ്ങൾ
[24-ാം പേജിലെ ചിത്രം]
ചില രാജ്യങ്ങളിൽ ജനപ്രീതിയാർജിച്ച ഭക്ഷണ പദാർഥമാണ് നിലക്കടലയിൽ നിന്നു തയ്യാറാക്കുന്ന പീനട്ട് ബട്ടർ