വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തത്രപ്പെടേണ്ടിവരുന്ന ബാല്യം

തത്രപ്പെടേണ്ടിവരുന്ന ബാല്യം

തത്ര​പ്പെ​ടേ​ണ്ടി​വ​രുന്ന ബാല്യം

മൂടി​ക്കെ​ട്ടിയ ആകാശം. റൺവേ​യി​ലൂ​ടെ ഓടി​ത്തു​ട​ങ്ങിയ, ഒറ്റ എഞ്ചിനുള്ള ആ കൊച്ചു​വി​മാ​നം ക്രമേണ വേഗം കൈവ​രിച്ച്‌ ഇരമ്പി​ക്കൊ​ണ്ടു പറന്നു​യർന്നു. വാർത്ത​ക​ളിൽ നിറഞ്ഞു​നിന്ന, മാധ്യ​മങ്ങൾ കൊട്ടി​ഘോ​ഷിച്ച ഒരു സംഭവ​മാ​യി​രു​ന്നു അത്‌. ചുറ്റും മിന്നുന്ന ക്യാമ​റകൾ, വാർത്താ റിപ്പോർട്ടർമാ​രു​ടെ വിസ്‌മയം പൂണ്ട ചോദ്യ​ങ്ങൾ, അഭിന​ന്ദ​ന​ങ്ങ​ളു​ടെ അനുസ്യൂ​ത പ്രവാഹം—ഇത്രയും ശ്രദ്ധ പിടി​ച്ചു​പ​റ്റി​യത്‌ ആരായി​രു​ന്നു? വിമാനം പറപ്പി​ക്കാൻ ലൈസൻസു​ണ്ടാ​യി​രുന്ന ആ കൊച്ചു​വി​മാ​ന​ത്തി​ലെ പൈല​റ്റാ​ണോ? അല്ല. അതിലെ ഏക യാത്ര​ക്കാ​ര​നാ​ണോ? അതുമല്ല. പിന്നെ ആരാണ്‌? അത്‌ ആ യാത്ര​ക്കാ​രന്റെ മകളാ​യി​രു​ന്നു. അതേ, വെറും ഏഴു വയസ്സുള്ള ഒരു പെൺകു​ട്ടി.

വിമാനം പറപ്പി​ക്കേ​ണ്ടത്‌ ഈ കൊച്ചു പെൺകു​ട്ടി​യാ​യി​രു​ന്നു. ഐക്യ​നാ​ടു​കൾക്കു കുറുകെ വിമാനം പറപ്പി​ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി​യാ​യി​ത്തീ​രുക എന്നതാ​യി​രു​ന്നു ഈ കൊച്ചു​മി​ടു​ക്കി​യു​ടെ വലിയ മോഹം. അതിനു വളരെ കർശന​മായ ചിട്ടകൾ പിൻപ​റ്റേ​ണ്ടി​യി​രു​ന്നു. മാധ്യമ പ്രവർത്തകർ കാത്തു​നിൽക്കും എന്നതി​നാൽ മോശ​മായ കാലാവസ്ഥ വകവെ​ക്കാ​തെ മൂന്നു​പേ​രും വിമാ​ന​ത്തിൽ കയറി. നിയ​ന്ത്ര​ണോ​പ​ക​ര​ണങ്ങൾ എല്ലാം വ്യക്തമാ​യി കാണു​ന്ന​തിന്‌ കുട്ടിയെ ഒരു കുഷ്യനു മുകളിൽ ഇരുത്തി, അതു​പോ​ലെ താഴെ​യുള്ള പെഡലു​കൾ നിയ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാലിൽ എക്‌സ്റ്റൻഡർ ഘടിപ്പി​ച്ചു.

പറന്നു​പൊ​ങ്ങി അൽപ്പ​നേരം കഴിഞ്ഞ​തേ​യു​ള്ളൂ. ഒരു കൊടു​ങ്കാ​റ്റിൽപ്പെട്ട്‌ വിമാ​ന​ത്തി​ന്റെ ഗതി മാറി​പ്പോ​യി. വിമാ​ന​ത്തി​നു തുടർന്നു പറക്കാൻ കഴിഞ്ഞില്ല. അതു തകർന്നു​വീ​ണു മൂന്നു​പേ​രും മരിച്ചു. വിവര​മ​റിഞ്ഞ മാധ്യ​മങ്ങൾ അഭിന​ന്ദ​ന​ങ്ങൾക്കു പകരം അഗാധ​മായ ദുഃഖം രേഖ​പ്പെ​ടു​ത്തി. ഈ ദുരന്ത​ത്തിൽ മാധ്യ​മ​ങ്ങൾക്ക്‌ എന്തെങ്കി​ലും പങ്കുണ്ടോ എന്നു​പോ​ലും ചില റിപ്പോർട്ടർമാ​രും പത്രാ​ധി​പ​ന്മാ​രും സംശയി​ച്ചു. മേലാൽ ഒരു കുട്ടി​ക്കും വിമാനം പറപ്പി​ക്കാൻ അനുമതി നൽകരു​തെന്ന്‌ അനേകർ നിർദേ​ശി​ച്ചു. ഐക്യ​നാ​ടു​ക​ളിൽ ഇതിന്‌ അനുകൂ​ല​മാ​യി നിയമങ്ങൾ പ്രാബ​ല്യ​ത്തിൽ വന്നു. ഇതൊരു ഞെട്ടി​ക്കുന്ന വാർത്ത​യാ​യി അവതരി​പ്പി​ക്ക​പ്പെട്ടു എന്നതും ഇത്തരം പ്രവണ​ത​യ്‌ക്കെ​തി​രെ ഉപരി​പ്ല​വ​മായ ചില പോം​വ​ഴി​കൾ നിർദേ​ശി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി എന്നതും ശരിയാണ്‌. എന്നാൽ കൂടുതൽ ഗൗരവ​ത​ര​മായ ചില സംഗതി​കൾ മറഞ്ഞി​രി​പ്പു​ണ്ടാ​യി​രു​ന്നു.

ഈ ദുരന്തം നമ്മുടെ കാലത്തെ ഒരു പ്രവണ​തയെ പറ്റി ഗൗരവ​പൂർവം ചിന്തി​ക്കാൻ ചിലരെ പ്രേരി​പ്പി​ച്ചു. ഇന്ന്‌ കുട്ടി​കളെ അവരുടെ ബാല്യ​കാ​ല​ത്തി​ലൂ​ടെ വെറു​തെ​യൊ​രു ഓട്ട​പ്ര​ദ​ക്ഷി​ണം നടത്തി​ക്കു​ക​യാണ്‌. മുതിർന്നവർ ചെയ്യുന്ന ചുമത​ല​പ്പെട്ട ജോലി​കൾ കുരു​ന്നു​പ്രാ​യ​ത്തിൽത്തന്നെ ഏറ്റെടു​ക്കാൻ കുട്ടി​കളെ ബദ്ധപ്പെ​ടു​ത്തു​ന്നു. എല്ലായ്‌പോ​ഴും ഒരു മഹാ ദുരന്ത​മോ തീർത്തും അശുഭ​ക​ര​മായ പരിണ​തി​ക​ളോ ഉണ്ടാകില്ല എന്നത്‌ ശരിതന്നെ. എന്നാൽ ഗൗരവാ​വ​ഹ​വും നിലനിൽക്കു​ന്ന​തു​മായ ഫലങ്ങൾ ഉളവാ​ക്കാൻ അതിനു കഴിയും. ബാല്യ​ത്തി​ന്റെ പടവുകൾ ഓടി​ക്ക​യ​റാൻ കുട്ടി​കളെ ബദ്ധപ്പെ​ടു​ത്തുന്ന ചില വിധങ്ങളെ കുറിച്ചു നമുക്കി​പ്പോൾ പരിചി​ന്തി​ക്കാം.

തിരക്കിട്ട വിദ്യാ​ഭ്യാ​സം

തങ്ങളുടെ കുട്ടികൾ വിജയ​ത്തി​ന്റെ പടവുകൾ താണ്ടു​ന്നതു കാണാൻ മാതാ​പി​താ​ക്കൾ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. എന്നാൽ ആകാംക്ഷ ആശങ്കയ്‌ക്കു വഴിമാ​റു​മ്പോൾ മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ തോളിൽ ചുമക്കാ​നാ​വാത്ത ഉത്തരവാ​ദി​ത്വ​ങ്ങൾ കെട്ടി​വെ​ക്കു​ന്നു. വിഷമം​പി​ടിച്ച കാര്യങ്ങൾ പെട്ടെന്നു ചെയ്യാൻ അവർ കുട്ടി​ക​ളു​ടെ മേൽ സമ്മർദം ചെലു​ത്തു​ന്നു. പലപ്പോ​ഴും ഇതിന്റെ തുടക്കം സദു​ദ്ദേ​ശ്യ​ത്തോ​ടെ ആയിരി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, തങ്ങളുടെ കുട്ടികൾ സ്‌പോർട്‌സി​ലും സംഗീതം, നൃത്തം തുടങ്ങിയ കലകളി​ലും പ്രാവീ​ണ്യം നേടണ​മെന്നു ചിന്തി​ക്കുന്ന മാതാ​പി​താ​ക്കൾ സ്‌കൂൾ സമയം കഴിഞ്ഞുള്ള പ്രവർത്ത​ന​ങ്ങ​ളി​ലേക്കു കുട്ടി​കളെ വലിച്ചി​ഴ​യ്‌ക്കു​ന്നു. മിക്ക​പ്പോ​ഴും സ്വകാര്യ ട്യൂഷ​നു​ക​ളും ഏർപ്പെ​ടു​ത്താ​റുണ്ട്‌. ഈ പ്രവണ​തകൾ വർധിച്ചു വരുന്ന​താ​യി കാണുന്നു.

കുട്ടി​ക​ളു​ടെ അഭിരു​ചി​ക​ളും കലാവാ​സ​ന​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ യാതൊ​രു തെറ്റു​മില്ല. പക്ഷേ അത്‌ അതിരു​വി​ടാൻ ഇടയു​ണ്ടോ? തീർച്ച​യാ​യും. കാരണം, ചില കുട്ടികൾ മുതിർന്ന​വരെ പോ​ലെ​തന്നെ സമ്മർദ​ത്തിൻ കീഴിൽ നട്ടംതി​രി​യു​ന്നത്‌ അതിനു തെളി​വാണ്‌. ടൈം മാസിക ഇപ്രകാ​രം പറയുന്നു: “മുമ്പൊ​ക്കെ കുട്ടികൾ ബാല്യ​കാ​ലം ആസ്വദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇന്നാകട്ടെ അവരുടെ ബാല്യ​കാ​ലം നിറയെ പഠനകാ​ര്യ​ങ്ങളെ പറ്റിയുള്ള വ്യാകു​ല​ത​ക​ളാണ്‌. ചെറു​പ്പ​ത്തി​ന്റെ പ്രസരി​പ്പോ​ടെ കുട്ടി​ക്കാ​ല​ത്തി​ന്റെ സഹജമായ കുസൃ​തി​കൾ കാണിച്ച്‌ ഓടി​ന​ട​ക്കേണ്ട കുട്ടികൾ ഇന്ന്‌, കഠിനാ​ധ്വാ​നി​ക​ളായ തേനീ​ച്ച​കളെ പോലെ പണി​യെ​ടു​ക്കു​ക​യാണ്‌.”

തങ്ങളുടെ കുട്ടികൾ തീരെ ചെറു​പ്പ​ത്തിൽത്തന്നെ കായി​ക​രം​ഗ​ത്തും സംഗീ​ത​ത്തി​ലും അഭിന​യ​ത്തി​ലും മറ്റും അസാധാ​രണ പാടവം കാണി​ച്ചു​തു​ട​ങ്ങണം എന്നു ചില മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നു. എന്തിന്‌, കുട്ടികൾ ജനിക്കു​ന്ന​തി​നു മുമ്പു പോലും ബാലവാ​ടി​യിൽ അവരുടെ പേർ ചാർത്തു​ന്നു. വിജയ പ്രതീ​ക്ഷ​കൾക്കു കരു​ത്തേ​കാ​നാണ്‌ ഇതു ചെയ്യു​ന്നത്‌. കൂടാതെ ചില അമ്മമാർ, ഗർഭസ്ഥ ശിശു​വി​നെ സംഗീതം അഭ്യസി​പ്പി​ക്കുന്ന പ്രീനാ​റ്റൽ യൂണി​വേ​ഴ്‌സി​റ്റി​ക​ളിൽ ചേരാ​റുണ്ട്‌, കുഞ്ഞിന്റെ വികസി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന തലച്ചോ​റി​നെ ഉത്തേജി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ ഇതു ചെയ്യു​ന്നത്‌.

ചില രാജ്യ​ങ്ങ​ളിൽ ആറു വയസ്സിനു മുമ്പു​തന്നെ കുട്ടി​യു​ടെ വായനാ​പ്രാ​പ്‌തി​യും ഗണിത​ത്തി​ലുള്ള പ്രാവീ​ണ്യ​വും വിലയി​രു​ത്തു​ന്നു. ഇത്തരം ചെയ്‌തി​കൾ കുട്ടി​യു​ടെ വൈകാ​രിക ക്ഷതത്തിനു കാരണ​മാ​കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കുട്ടിക്കു നഴ്‌സ​റി​സ്‌കൂ​ളിൽത്തന്നെ തോൽവി നേരി​ടേ​ണ്ടി​വ​രു​മ്പോ​ഴോ? ബദ്ധപ്പെ​ടുന്ന കുട്ടി എന്ന പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ ഡേവിഡ്‌ എൽകിൻഡ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌, സ്‌കൂ​ളു​കൾ കുട്ടി​കളെ തീരെ ചെറിയ പ്രായ​ത്തിൽത്തന്നെ തരം തിരി​ക്കു​ന്നു. അതും വളരെ തിടു​ക്ക​ത്തിൽ. അവർ ഇതു ചെയ്യു​ന്നത്‌ അവരുടെ സൗകര്യ​ത്തി​നു വേണ്ടി​യാണ്‌, ഫലപ്ര​ദ​മായ വിദ്യാ​ഭ്യാ​സം നൽകു​ന്ന​തി​നല്ല എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

കാലത്തി​നു​മു​മ്പെ ‘കൊച്ചു കാരണ​വ​ന്മാർ’ ആകാൻ കുട്ടി​ക​ളിൽ സമ്മർദം ചെലു​ത്തു​ന്ന​തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ? വലിയ ഉത്തരവാ​ദി​ത്വ​ങ്ങൾ തോളി​ലേ​റ്റാൻ തക്ക കാര്യ​ക്ഷമത കുട്ടി​കൾക്കു വേണം എന്ന സമൂഹ​ത്തി​ന്റെ ധാരണ എൽകിൻഡി​നെ അസഹ്യ​പ്പെ​ടു​ത്തു​ന്നു. അദ്ദേഹം ഇപ്രകാ​രം പറയുന്നു: “ഇന്നത്തെ യുവജ​ന​ങ്ങ​ളു​ടെ​മേൽ കുന്നു​കൂ​ടുന്ന ഇടതട​വി​ല്ലാത്ത സമ്മർദത്തെ ‘തികച്ചും സാധാ​ര​ണ​മായ ഒരു സംഗതി’ ആയി കാണാ​നുള്ള നമ്മുടെ ചായ്‌വി​നെ​യാണ്‌ ഇതു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌.” കുട്ടി​കൾക്ക്‌ അനു​യോ​ജ്യ​മാ​യത്‌ എന്താണ്‌ എന്നതു സംബന്ധിച്ച മാനദ​ണ്ഡങ്ങൾ അതി​വേഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

വിജയം നേടാ​നുള്ള ബദ്ധപ്പാട്‌

വിജയ​മാണ്‌ സർവവും—പ്രത്യേ​കിച്ച്‌ കായി​ക​രം​ഗത്തെ—എന്നത്‌ തങ്ങളുടെ കുട്ടി​കളെ പഠിപ്പി​ക്കേണ്ട ഉചിത​മായ ഒരു സംഗതി​യാ​ണെന്നു മിക്ക മാതാ​പി​താ​ക്ക​ളും ചിന്തി​ക്കു​ന്നു. ഒളിമ്പിക്‌ മെഡലു​ക​ളാണ്‌ ഇന്നു പല കുട്ടി​ക​ളെ​യും എരി​കേ​റ്റുന്ന ഘടകം. ഏതാനും നിമി​ഷത്തെ വിജയ​ല​ഹരി നുണയു​ന്ന​തി​നും ഭാവി​യിൽ ഭേദപ്പെട്ട സമ്പാദ്യം നേടി​ത്ത​രുന്ന ഒരു ഉപജീ​വ​ന​മാർഗം കണ്ടെത്തു​ന്ന​തി​നു​മാ​യി ബാല്യം കൈവി​ട്ടു​ക​ള​യാ​നോ അതു വേഗം ഓടി​ത്തീർക്കാ​നോ പല കുട്ടി​ക​ളും തയ്യാറാ​കു​ന്നു.

കായി​കാ​ഭ്യാ​സി​ക​ളായ പെൺകു​ട്ടി​കളെ കുറിച്ചു ചിന്തി​ക്കുക. ഇളം പ്രായ​ത്തിൽത്തന്നെ കർശന​മായ ചിട്ടകൾക്കു വിധേ​യ​മാ​കുന്ന അവരുടെ പിഞ്ചു ശരീരങ്ങൾ അത്യധി​കം സമ്മർദ​ത്തി​ലാ​കു​ന്നു. ഒളിമ്പിക്‌ മത്സരങ്ങൾക്കാ​യി വർഷങ്ങൾക്കു മുമ്പേ അവർ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും തയ്യാ​റെ​ടു​ക്കു​ന്നു. എന്നാൽ അവസാനം അവർ പരാജ​യ​പ്പെ​ട്ടാൽ, തങ്ങളുടെ ബാല്യ​ത്തി​ന്റെ ഏറിയ പങ്കും ബലിനൽകി​യ​തി​നു തക്ക മൂല്യം ഇതിനു​ണ്ടെന്ന്‌ അവർക്കു തോന്നു​മോ? എന്തിന്‌, വിജയി​കൾക്കു പോലും—വിരലി​ലെ​ണ്ണാ​വു​ന്ന​വരേ വിജയി​ക്കു​ന്നു​ള്ളു—കാലാ​ന്ത​ര​ത്തിൽ അതു സംബന്ധിച്ച്‌ സംശയം തോന്നി​യേ​ക്കാം.

കായിക രംഗത്ത്‌ ഉജ്ജ്വല​താ​ര​ങ്ങ​ളാ​യി തിളങ്ങാ​നുള്ള അദമ്യ​മായ ആഗ്രഹം നിമിത്തം ആയിരി​ക്കാം ഈ കൊച്ചു​പെൺകു​ട്ടി​കൾ തങ്ങളുടെ ബാല്യം വേണ്ടെന്നു വെക്കു​ന്നത്‌. പക്ഷേ, കഠിന​മായ പരിശീ​ല​ന​മു​റകൾ അവരുടെ സ്വാഭാ​വിക ശാരീ​രിക വളർച്ചയെ തടസ്സ​പ്പെ​ടു​ത്തു​ന്നു. ചിലരിൽ അസ്ഥി വളർച്ച​യ്‌ക്കു വിഘാ​ത​മു​ണ്ടാ​കു​ന്നു. ഇത്തരക്കാ​രിൽ ഭക്ഷണ ക്രമ​ക്കേ​ടു​കൾ സാധാ​ര​ണ​മാണ്‌. പലരു​ടെ​യും കാര്യ​ത്തിൽ ആർത്തവാ​രം​ഭം വളരെ വൈകി​യാ​യി​രി​ക്കും. എന്നാൽ ഇന്ന്‌ മിക്ക പെൺകു​ട്ടി​ക​ളും ഇതിനു നേരെ വിപരീ​ത​മായ പ്രശ്‌നത്തെ നേരി​ടു​ന്നു. അവർ പതിവി​ലും നേരത്തേ ഋതുമതികളാകുന്നു.—മുകളിൽ കൊടു​ത്തി​രി​ക്കുന്ന ചതുരം കാണുക.

എല്ലാമുണ്ട്‌, കുട്ടി​ക്കാ​ല​മൊ​ഴി​കെ

സകല ആർഭാ​ട​ങ്ങ​ളും ആസ്വദി​ക്കുക എന്നതാണ്‌ എല്ലാം തികഞ്ഞ ബാല്യം—ആളുകളെ അങ്ങനെ വിശ്വ​സി​പ്പി​ക്കാ​നാണ്‌ ഇന്ന്‌ വിനോദ മാധ്യ​മ​ങ്ങ​ളു​ടെ ശ്രമം. സകലവിധ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും കൂടിയ ഭവനങ്ങൾ, നിസ്സീ​മ​മായ വിനോദ ഉപാധി​കൾ, വിലകൂ​ടിയ വസ്‌ത്രങ്ങൾ, അങ്ങനെ സാധ്യ​മാ​കുന്ന എല്ലാ ഭൗതിക സുഖങ്ങ​ളും തങ്ങളുടെ മക്കൾക്ക്‌ നൽകാ​നാ​യി ചില മാതാ​പി​താ​ക്കൾ രാപക​ലി​ല്ലാ​തെ കഠിനാ​ധ്വാ​നം ചെയ്യുന്നു.

എന്നാൽ, ഇത്തരം സുഖ​ലോ​ലു​പ​ത​യിൽ വളർന്നു​വന്ന കുട്ടി​ക​ളിൽ പലരും മദ്യപാ​നി​ക​ളും മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​വ​രും വിഷണ്ണ​രും മത്സരമ​നോ​ഭാ​വം ഉള്ളവരു​മാണ്‌. എന്തു​കൊണ്ട്‌? തങ്ങൾ അവഗണി​ക്ക​പ്പെ​ടു​ന്ന​താ​യി തോന്നു​ന്ന​തി​നാൽ അവരുടെ ഉള്ളിൽ നിറയെ അമർഷ​മാണ്‌. തങ്ങളെ സ്‌നേ​ഹി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തങ്ങളോ​ടൊ​പ്പ​മാ​യി​രി​ക്കുന്ന മാതാ​പി​താ​ക്ക​ളെ​യാണ്‌ കുട്ടി​കൾക്ക്‌ ആവശ്യം. ഇതി​നൊ​ന്നും സമയമി​ല്ലാ​തെ ജോലി​ത്തി​ര​ക്കി​ലാ​യി​രി​ക്കുന്ന മാതാ​പി​താ​ക്കൾ ഒരുപക്ഷേ ചിന്തി​ച്ചേ​ക്കാം, കുട്ടി​ക​ളു​ടെ സന്തോഷം ഉറപ്പു​വ​രു​ത്താ​നല്ലേ തങ്ങൾ ഇതൊക്കെ ചെയ്യു​ന്ന​തെന്ന്‌. പക്ഷേ, ഫലം നേരെ വിപരീ​ത​മാ​യി​രി​ക്കും.

ഡോ. ജൂഡിത്ത്‌ പാപാസെ ഇപ്രകാ​രം വിവരി​ക്കു​ന്നു: “സാമൂ​ഹി​ക​വും സാമ്പത്തി​ക​വു​മാ​യി ഉന്നത നിലവാ​രം പുലർത്തുന്ന കുടും​ബ​ങ്ങ​ളി​ലെ ജോലി​ക്കാ​രായ മാതാ​പി​താ​ക്കൾ പറയു​ന്നത്‌, അവർ തങ്ങളുടെ കുട്ടി​കൾക്കു വേണ്ടതി​ല​ധി​കം സ്വാത​ന്ത്ര്യം നൽകി സംതൃ​പ്‌തി​യ​ട​യു​ന്നു എന്നാണ്‌. കാരണം തങ്ങൾ ഭൗതി​ക​ത​യ്‌ക്കു പിന്നാലെ പോകു​മ്പോൾ ക്ഷതമേൽക്കു​ന്നതു കുടും​ബ​ത്തി​നാ​ണെന്ന്‌ ഉള്ളിന്റെ ഉള്ളിൽ അവർക്കു ബോധ​മുണ്ട്‌.” എന്നാൽ ജൂഡി​ത്തി​ന്റെ അഭി​പ്രാ​യം, അത്തരത്തി​ലുള്ള മാതാ​പി​താ​ക്കൾ “മാതാ​പി​താ​ക്ക​ളെന്ന നിലയി​ലുള്ള തങ്ങളുടെ കടമയിൽനി​ന്നും തലയൂരി നടക്കു​ക​യാണ്‌ എന്നാണ്‌.”

കുട്ടി​ക​ളും വലിയ വില​യൊ​ടു​ക്കേ​ണ്ട​താ​യി വരുന്നു. ഭൗതിക സുഖസ​മൃ​ദ്ധി ഉണ്ടായി​രു​ന്നേ​ക്കാം എങ്കിലും കുട്ടി​കൾക്കു നഷ്ടപ്പെ​ടു​ന്നത്‌ ഹൃദ്യ​മായ ഒരു ബാല്യ​ത്തിന്‌ ഏറ്റവും അനിവാ​ര്യ​മായ ഘടകങ്ങ​ളാണ്‌. അതേ, മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ചെലവ​ഴി​ക്കുന്ന സമയവും അവരുടെ സ്‌നേ​ഹ​വും. മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള മാർഗ​നിർദേ​ശങ്ങൾ ലഭിക്കാ​തെ, യാതൊ​രു അച്ചടക്ക​വും ഇല്ലാതെ കയറൂ​രി​വിട്ട നിലയിൽ വളർന്നു​വ​രുന്ന ഇത്തരം കുട്ടികൾ ചെറു​പ്രാ​യ​ത്തിൽത്തന്നെ മുതിർന്ന​വ​രു​ടെ ലോക​ത്തെ​ത്താൻ വെമ്പുന്നു. ഞാൻ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്ക​ണ​മോ? ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ട​ണ​മോ? ദേഷ്യം​വ​രു​മ്പോൾ പൊട്ടി​ത്തെ​റി​ക്ക​ണ​മോ? എന്നിങ്ങനെ ‘കുട്ടി​ത്ത​മി​ല്ലാത്ത’ ചോദ്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ എന്തു ചെയ്യണം എന്നതു സംബന്ധിച്ച്‌ അവർക്ക്‌ യാതൊ​രു ഊഹവും ഉണ്ടായി​രി​ക്കില്ല. എങ്കിലും കൂട്ടു​കാ​രോ​ടു ചോദി​ച്ചും ടിവി-യിലെ​യും സിനി​മ​യി​ലെ​യും കഥാപാ​ത്ര​ങ്ങ​ളിൽ നിന്നു കണ്ടറി​ഞ്ഞും അവർ ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​ന്നു. ഫലമോ? അവരുടെ ബാല്യം പൊടു​ന്നനെ ഒരു ദുരന്ത​മാ​യി കൊഴി​ഞ്ഞു​വീ​ഴു​ന്നു.

കുരു​ന്നി​ലേ​തന്നെ “കാരണ​വ​ന്മാർ”

ഇണയുടെ മരണം, വേർപി​രി​യൽ, വിവാ​ഹ​മോ​ചനം എന്നീ കാരണ​ത്താൽ മാതാ​പി​താ​ക്ക​ളിൽ ഒരാൾ ഇല്ലാതാ​കു​മ്പോൾ പലപ്പോ​ഴും കുട്ടി​കൾക്കു വൈകാ​രിക സമ്മർദങ്ങൾ അനുഭ​വി​ക്കേ​ണ്ട​താ​യി വരുന്നു. മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള ചില കുടും​ബങ്ങൾ ഇത്തരം സാഹച​ര്യ​ത്തെ വിജയ​ക​ര​മാ​യി തരണം ചെയ്‌തി​ട്ടുണ്ട്‌. എങ്കിലും ഇതുമൂ​ലം അല്ലലി​ല്ലാത്ത ബാല്യം ചില കുട്ടി​കൾക്കു നഷ്ടമാ​കു​ന്നു.

ഒറ്റയ്‌ക്കു​ള്ള മാതാ​വി​നോ പിതാ​വി​നോ ചില​പ്പോ​ഴൊ​ക്കെ ഏകാന്തത തോന്നും എന്നതു സത്യമാണ്‌. തത്‌ഫ​ല​മാ​യി, ചിലർ വീട്ടിലെ ഒരു കുട്ടിയെ—പലപ്പോ​ഴും മൂത്തകു​ട്ടി​യെ—മറ്റേ ഇണയുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ അനുവ​ദി​ക്കു​ന്നു. മാനസി​ക​മാ​യി വ്യഥ അനുഭ​വി​ക്കുന്ന മാതാ​വോ പിതാ​വോ പിന്നെ ആശ്രയം വെക്കു​ന്നത്‌ ഈ കുരു​ന്നി​ലാണ്‌. ആ കൊച്ചു ചുമലിൽ താങ്ങാ​നാ​വാ​ത്തത്ര ഉത്തരവാ​ദി​ത്വ​ങ്ങൾ നൽകി കുട്ടിയെ ഭാര​പ്പെ​ടു​ത്തു​ന്നു. ഒറ്റയ്‌ക്കുള്ള ചില മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടിയെ വൈകാ​രി​ക​മാ​യി വളരെ​യ​ധി​കം ആശ്രയി​ക്കു​ന്നു.

മറ്റു ചിലരാ​കട്ടെ, മാതാ​പി​താ​ക്കൾ എന്ന നിലയി​ലുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ പാടേ വിട്ടു​ക​ള​ഞ്ഞിട്ട്‌ കുടും​ബ​ത്തി​ലെ മുതിർന്ന വ്യക്തി​യു​ടെ സ്ഥാനം ഏറ്റെടു​ക്കാൻ കുട്ടിയെ നിർബ​ന്ധി​ക്കു​ന്നു. മുമ്പു പരാമർശിച്ച, വീടു​വി​ട്ടി​റങ്ങി തെരു​വിൽ താമസ​മാ​ക്കിയ കാർമെ​ന്റെ​യും സഹോ​ദ​രി​യു​ടെ​യും കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. വീട്ടിലെ ഇളയകു​ട്ടി​കളെ പരിപാ​ലി​ക്കേണ്ട ചുമതല കിട്ടിയ അവർക്ക്‌ തീരെ ചെറു​പ്പ​ത്തിൽത്തന്നെ അച്ഛനമ്മ​മാ​രു​ടെ റോൾ ഏറ്റെടു​ക്കേ​ണ്ടി​വന്നു. ഈ ഭാര​മെ​ല്ലാം അവർക്കു താങ്ങാ​വു​ന്ന​തിൽ അധിക​മാ​യി​രു​ന്നു.

കുട്ടി​ക്കാ​ലം ആസ്വദി​ക്കാൻ കുട്ടി​കൾക്ക്‌ അവസരം നൽകാ​തി​രി​ക്കു​ന്നത്‌ അപടക​ര​മായ ഒരു സംഗതി​യാണ്‌ എന്നതിന്‌ രണ്ടു പക്ഷമില്ല. തികച്ചും ഒഴിവാ​ക്കേണ്ട ഒന്നുതന്നെ. പക്ഷേ പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌: തങ്ങളുടെ കുട്ടികൾ ബാല്യ​ത്തി​ന്റെ ആനന്ദം ആസ്വദി​ക്കു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി മുതിർന്ന​വർക്ക്‌ ചില നടപടി​കൾ സ്വീക​രി​ക്കാൻ കഴിയും. എന്താണവ? വിജയ​ക​ര​മെന്നു കാലം തെളി​യിച്ച ചില നടപടി​കളെ കുറിച്ച്‌ നമുക്കു പരിചി​ന്തി​ക്കാം. (g03 4/22)

[6-ാം പേജിലെ ചതുരം]

കാലത്തിനു മുമ്പേ എത്തുന്ന താരു​ണ്യം—ഒരു വെല്ലു​വി​ളി

ഇന്നത്തെ പെൺകു​ട്ടി​കൾ സമയത്തി​നു മുമ്പേ വളർച്ച പ്രാപി​ക്കു​ന്നു​ണ്ടോ? ഈ ചോദ്യ​ത്തിന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർക്കി​ട​യിൽ ഏകാഭി​പ്രാ​യ​മില്ല. 19-ാം നൂറ്റാ​ണ്ടി​ന്റെ പകുതി​യിൽ, പെൺകു​ട്ടി​ക​ളിൽ താരു​ണ്യാ​രം​ഭം 17-ാം വയസ്സി​ലാ​യി​രു​ന്നു എന്നു ചിലർ പറയുന്നു. എന്നാൽ ഇന്ന്‌ അത്‌ 13 വയസ്സിനു മുമ്പു​തന്നെ സംഭവി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ, വെള്ളക്കാ​രായ പെൺകു​ട്ടി​ക​ളു​ടെ 15 ശതമാ​ന​വും നീഗ്രോ വർഗക്കാ​രായ പെൺകു​ട്ടി​ക​ളു​ടെ 50 ശതമാ​ന​വും താരു​ണ്യാ​രം​ഭ​ത്തി​ന്റെ ആദ്യ ലക്ഷണങ്ങൾ എട്ടാം വയസ്സിൽ കാണി​ച്ചു​തു​ടങ്ങി എന്ന്‌ 17,000 പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി 1997-ൽ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. എന്നിരു​ന്നാ​ലും, ചില ഡോക്ടർമാർ ഈ കണ്ടെത്ത​ലു​ക​ളോ​ടു യോജി​ക്കു​ന്നില്ല. മാത്രമല്ല, തീരെ ഇളം പ്രായ​ത്തിൽ വരുന്ന ഇത്തരം മാറ്റങ്ങളെ “സാധാ​രണം” എന്ന മട്ടിൽ ലാഘവ​ത്തോ​ടെ കാണരു​തെന്ന്‌ അവർ മാതാ​പി​താ​ക്കൾക്കു മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു.

എന്തായി​രു​ന്നാ​ലും, മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും വെല്ലു​വി​ളി ഉയർത്തുന്ന ഒരു പ്രശ്‌ന​മാ​ണിത്‌. ടൈം മാസിക ഇപ്രകാ​രം പറയുന്നു: “കുട്ടി​ക​ളി​ലു​ണ്ടാ​കുന്ന അപക്വ​മായ ലൈം​ഗിക വികാ​സങ്ങൾ, ശാരീ​രിക മാറ്റങ്ങൾക്കി​ട​യാ​ക്കു​ന്നു എന്നതി​ലു​പരി മാനസി​ക​മാ​യി അവരെ വിഷമ​ത്തി​ലാ​ക്കു​ന്നു. കാരണം അവർ വായി​ക്കേ​ണ്ടത്‌ മുത്തശ്ശി​ക്ക​ഥ​ക​ളാണ്‌, അല്ലാതെ ചതിയ​ന്മാ​രായ പുരു​ഷ​ന്മാ​രെ തെറ്റി​യൊ​ഴി​യേ​ണ്ടത്‌ എങ്ങനെ​യെന്നല്ല. . . . ബാല്യ​കാ​ലം തികച്ചും ക്ഷണിക​മാണ്‌.” ലേഖനം അലട്ടുന്ന ഒരു ചോദ്യം ഉന്നയി​ക്കു​ന്നു: “ഹൃദയ​ത്തി​ലും മനസ്സി​ലും ബാല്യം നിറഞ്ഞു നിൽക്കുന്ന കൊച്ചു പെൺകു​ട്ടി​കൾക്ക്‌, അവരുടെ ശാരീ​രിക മാറ്റങ്ങൾ മുതിർന്ന​വ​രു​ടെ മട്ടും ഭാവവും നൽകു​മ്പോൾ എന്നേക്കു​മാ​യി നഷ്ടമാ​കു​ന്ന​തെ​ന്താണ്‌?”

ഇവർക്കു നഷ്ടമാ​കു​ന്നത്‌ ബാല്യ​ത്തി​ന്റെ നിഷ്‌ക​ള​ങ്ക​ത​യാണ്‌. ലൈം​ഗിക ചൂഷണ​ത്തി​ന്റെ കഴുകൻ കണ്ണുകൾ ഇവരെ തുറി​ച്ചു​നോ​ക്കു​ന്നു. ഒരു അമ്മ ഇപ്രകാ​രം വെട്ടി​ത്തു​റന്നു പറയുന്നു: “പ്രായ​ത്തിൽ കവിഞ്ഞ വളർച്ച​യുള്ള പെൺകു​ട്ടി​കൾ തേനീ​ച്ച​കളെ ആകർഷി​ക്കുന്ന തേൻപോ​ലെ​യാണ്‌. അവർ മുതിർന്ന ആൺകു​ട്ടി​കളെ ആകർഷി​ക്കു​ന്നു.” തീരെ ഇളം പ്രായ​ത്തിൽത്തന്നെ ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാ​നുള്ള സമ്മർദ​ത്തി​നു വഴങ്ങു​മ്പോൾ ഒരു കൊച്ചു​പെൺകു​ട്ടിക്ക്‌ ഒടു​ക്കേ​ണ്ടി​വ​രു​ന്നത്‌ കനത്ത വിലയാണ്‌, അവളുടെ ആത്മാഭി​മാ​ന​വും ശുദ്ധമ​ന​സ്സാ​ക്ഷി​യും ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ ആരോ​ഗ്യ​വും​തന്നെ.

[5-ാം പേജിലെ ചിത്രം]

തിരക്കേറിയ ഒരു പട്ടിക പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാം

[7-ാം പേജിലെ ചിത്രം]

അങ്ങേയറ്റത്തെ മത്സര​ബോ​ധം കുട്ടി​ക​ളിൽ കുത്തി​വെ​ക്കു​ന്നെ​ങ്കിൽ അതു സ്‌പോർട്‌സി​ലെ​യും മറ്റു കളിക​ളി​ലെ​യും ആസ്വാ​ദനം കവർന്നു​ക​ള​യും

[7-ാം പേജിലെ ചിത്രം]

ഭൗതിക ആസ്‌തി​കൾ മാതാ​പി​താ​ക്ക​ളു​ടെ പരിപാ​ല​ന​ത്തി​നു പകരമാ​കു​ന്നി​ല്ല