വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊണ്ണത്തടി ഒരു ആഗോള പകർച്ചവ്യാധിയായി മാറുന്നുവോ?

പൊണ്ണത്തടി ഒരു ആഗോള പകർച്ചവ്യാധിയായി മാറുന്നുവോ?

പൊണ്ണ​ത്തടി ഒരു ആഗോള പകർച്ച​വ്യാ​ധി​യാ​യി മാറു​ന്നു​വോ?

“സമ്പന്നമായ വികസിത രാജ്യ​ങ്ങ​ളി​ലെ ആധുനിക ജീവി​ത​ത്തി​ന്റെ ഉപോ​ത്‌പന്നം എന്ന്‌ മിക്ക​പ്പോ​ഴും അറിയ​പ്പെ​ട്ടി​രുന്ന പൊണ്ണ​ത്തടി ഇപ്പോൾ വികസ്വര രാജ്യ​ങ്ങ​ളി​ലേ​ക്കും പടർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണ​ലായ ദ ലാൻസെറ്റ്‌ ആണ്‌ അപ്രകാ​രം റിപ്പോർട്ട്‌ ചെയ്‌തത്‌. പൊണ്ണ​ത്ത​ടി​യു​മാ​യി ബന്ധപ്പെട്ട രോഗ​ങ്ങ​ളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, ഹൃദയ-ധമനീ​രോ​ഗം എന്നിവ​യു​ടെ “ഒരു ആഗോള പകർച്ച​വ്യാ​ധി” ഉണ്ടാകു​മെന്ന്‌ പോഷക വിദഗ്‌ധർ മുന്നറി​യി​പ്പു നൽകു​ന്ന​താ​യും പ്രസ്‌തുത റിപ്പോർട്ട്‌ പറയു​ക​യു​ണ്ടാ​യി.

ചൈന​യിൽ കഴിഞ്ഞ എട്ടു വർഷം​കൊണ്ട്‌, അമിത​തൂ​ക്ക​മുള്ള പുരു​ഷ​ന്മാ​രു​ടെ എണ്ണം മൂന്നി​ര​ട്ടി​യും സ്‌ത്രീ​ക​ളു​ടെ എണ്ണം ഇരട്ടി​യും ആയിരി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഇവിടെ ഉയർന്ന രക്തസമ്മർദം ഉള്ളവരു​ടെ എണ്ണം ഐക്യ​നാ​ടു​ക​ളിൽ ഉള്ളതി​നോ​ടു തുല്യ​മാണ്‌. ഇന്ന്‌ പ്രമേ​ഹ​രോ​ഗി​ക​ളിൽ പകുതി​യിൽ അധിക​വും ഉള്ളത്‌ ഇന്ത്യയി​ലും ചൈന​യി​ലു​മാണ്‌. ഈജി​പ്‌തിൽ, പ്രമേ​ഹ​മു​ള്ള​വ​രു​ടെ എണ്ണം ഐക്യ​നാ​ടു​ക​ളിൽ ഉള്ളതിനു തുല്യ​മാണ്‌. ഇപ്പോൾ ഈജി​പ്‌തി​ലെ സ്‌ത്രീ​ക​ളിൽ പകുതി​യും അമിത തൂക്കമു​ള്ള​വ​രാണ്‌. മെക്‌സി​ക്കോ​യിൽ എങ്ങും സമൂഹ​ത്തി​ന്റെ എല്ലാ തട്ടിലു​ള്ള​വർക്കി​ട​യി​ലും പൊണ്ണ​ത്തടി വ്യാപ​ക​മാണ്‌. അതിന്റെ ഫലമായി പ്രമേ​ഹ​രോ​ഗി​ക​ളു​ടെ എണ്ണം കുതി​ച്ചു​യർന്നി​രി​ക്കു​ന്നു. സഹാറ​യു​ടെ തെക്കുള്ള തീരെ ദരി​ദ്ര​മായ ആഫ്രിക്കൻ രാജ്യ​ങ്ങ​ളിൽപ്പോ​ലും, പൊണ്ണ​ത്ത​ടി​യും പ്രമേ​ഹ​വും ഉള്ളവരു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

കൊഴുപ്പ്‌ അടങ്ങിയ ഫാസ്റ്റ്‌ ഫുഡ്‌ ആണ്‌ ചില രാജ്യ​ങ്ങ​ളിൽ പൊണ്ണ​ത്ത​ടി​ക്കു കാരണ​മാ​കു​ന്ന​തെ​ങ്കി​ലും, ആഹാര സാധന​ങ്ങ​ളു​ടെ “രുചി വർധി​പ്പി​ക്കാൻ” ഉത്‌പാ​ദകർ അവയിൽ കൂടുതൽ പഞ്ചസാര ചേർക്കു​ന്ന​താണ്‌ ഇതിനു മുഖ്യ​കാ​രണം. കൂടാതെ, ഏഷ്യയി​ലും ആഫ്രി​ക്ക​യി​ലും ഭക്ഷ്യവി​ഭ​വ​ങ്ങ​ളിൽ കൂടുതൽ എണ്ണ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ ശരീര​ത്തിന്‌ ആവശ്യ​ത്തി​ല​ധി​കം കലോറി ലഭിക്കാ​നും അത്‌ ഇടയാ​ക്കു​ന്നു. ഫാക്ടറി​ക​ളി​ലും കാർഷി​ക​മേ​ഖ​ല​യി​ലും നൂതന സാങ്കേ​തിക വിദ്യകൾ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ ശാരീ​രിക അധ്വാനം നന്നേ കുറവാണ്‌. ആളുകൾ കുറച്ചു ജോലി​ചെ​യ്യാ​നും കൂടുതൽ വിശ്ര​മി​ക്കാ​നും ഇഷ്ടപ്പെ​ടു​ന്നു. കമ്പ്യൂ​ട്ട​റും ടിവി​യു​മെ​ല്ലാം തൊഴി​ലാ​ളി​കൾക്ക്‌ വ്യായാ​മ​ത്തി​നുള്ള അവസരം കുറയ്‌ക്കു​ന്നു. “ഇ-മെയി​ലു​കൾ വന്നതോ​ടെ സുഹൃ​ത്തു​ക്ക​ളോ​ടു സംസാ​രി​ക്കു​ന്ന​തിന്‌ എഴു​ന്നേറ്റു പോകേണ്ട ആവശ്യം പോലും വരുന്നില്ല.”

കളിക​ളും ശാരീ​രിക അധ്വാനം ആവശ്യ​മായ പ്രവർത്ത​ന​ങ്ങ​ളും കുറഞ്ഞ​തി​നാൽ സ്‌കൂൾ കുട്ടി​കൾക്കി​ട​യിൽ പൊണ്ണ​ത്തടി വർധി​ച്ചു​വ​രു​ന്നു. വിദ്യാ​ഭ്യാ​സ​പ​ര​മാ​യി മെച്ചപ്പെട്ട പ്രകടനം കാഴ്‌ച​വെ​ക്കു​ന്ന​തും ആഹാര​ശീ​ല​വും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ അധ്യാ​പ​ക​രു​ടെ ഇടയിൽ ബോധ​വ​ത്‌ക​രണം നടത്തേ​ണ്ടത്‌ അടിയ​ന്തി​ര​മാണ്‌. പൊണ്ണ​ത്ത​ടി​യെ​യും അതിന്റെ ചുവടു​പി​ടി​ച്ചെ​ത്തുന്ന രോഗ​ങ്ങ​ളെ​യും പ്രതി​രോ​ധി​ക്കു​ന്ന​തിന്‌ പ്രാ​ദേ​ശി​ക​മായ ശ്രമങ്ങൾ മാത്രം പോരാ, മറിച്ച്‌, “പ്രവർത്തന പദ്ധതി​ക​ളും പ്രവർത്തന വൈദ​ഗ്‌ധ്യ​വും ബൃഹത്തായ സേവന​പ​രി​പാ​ടി​ക​ളും സഹിതം ആഗോ​ള​ത​ല​ത്തിൽ ഒരു പൊതു കാര്യ​പ​രി​പാ​ടി ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌” എന്ന്‌ കാലി​ഫോർണിയ സർവക​ലാ​ശാ​ല​യി​ലെ പൊതു​ജ​നാ​രോ​ഗ്യ സ്‌കൂ​ളി​ലെ ഗെയ്‌ൽ ഹാരിസൺ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

(g03 4/08)