വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മധുരിക്കുന്ന ബാല്യം

മധുരിക്കുന്ന ബാല്യം

മധുരി​ക്കുന്ന ബാല്യം

ആഹ്ലാദ​ഭ​രി​ത​മായ ഒരു കുട്ടി​ക്കാ​ലം ഏറിയ പങ്കും മാതാ​പി​താ​ക്ക​ളു​ടെ സ്‌നേ​ഹ​മ​സൃ​ണ​മായ പരിപാ​ല​നത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​ടെ പരിപാ​ല​ന​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ഇക്കാര്യ​ത്തിൽ പല ഉപദേ​ശ​ങ്ങ​ളും നിങ്ങൾ കേട്ടി​രി​ക്കാ​നി​ട​യുണ്ട്‌. നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കുക. അവർക്കു പറയാ​നു​ള്ളതു ശ്രദ്ധി​ക്കുക. അവർക്കു നേരായ മാർഗ​നിർദേശം നൽകുക. ആ കുഞ്ഞു​മ​ന​സ്സി​ന്റെ സന്തോ​ഷ​ങ്ങ​ളി​ലും സങ്കടങ്ങ​ളി​ലും പങ്കു​ചേ​രുക. മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്ന നിലയി​ലുള്ള നിങ്ങളു​ടെ അധികാ​ര​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാ​തെ​തന്നെ അവർക്ക്‌ ഒരു യഥാർഥ സുഹൃത്ത്‌ ആയിരി​ക്കുക എന്നിങ്ങനെ പലതും. പലപ്പോ​ഴും കേട്ടു സുപരി​ചി​ത​മായ ഈ തത്ത്വങ്ങൾ തങ്ങളുടെ കടമ നിർവ​ഹി​ക്കാൻ മാതാ​പി​താ​ക്കളെ സഹായി​ക്കും എന്നതിനു സംശയ​മില്ല. എന്നാൽ, മുൻപ​ന്തി​യിൽ വരേണ്ട അടിസ്ഥാ​ന​വും സുപ്ര​ധാ​ന​വു​മായ മറ്റു ചില കാര്യ​ങ്ങ​ളുണ്ട്‌.

ലോക​വ്യാ​പ​ക​മാ​യി ദശലക്ഷ​ക്ക​ണ​ക്കി​നു മാതാ​പി​താ​ക്കൾ തങ്ങളുടെ കടമ ഏറ്റവും ഭംഗി​യാ​യി നിർവ​ഹി​ക്കാൻ കണ്ടെത്തി​യി​രി​ക്കുന്ന ഒരു മാർഗം ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റുക എന്നുള്ള​താണ്‌. എന്തു​കൊണ്ട്‌? കാരണം, കുടും​ബ​ക്ര​മീ​ക​ര​ണ​ത്തി​ന്റെ കാരണ​ഭൂ​തൻ ബൈബി​ളി​ന്റെ ജ്ഞാനി​യായ രചയി​താ​വായ യഹോ​വ​യാം ദൈവ​മാണ്‌. (ഉല്‌പത്തി 1:27, 28; 2:18-24; എഫെസ്യർ 3:14, 15) അതു​കൊണ്ട്‌ കുട്ടി​കളെ വളർത്തേണ്ട വിധം സംബന്ധിച്ച്‌ മാർഗ​നിർദേശം ആരായാൻ ഏറ്റവും പറ്റിയ ഇടം ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമാണ്‌. അങ്ങനെ​യെ​ങ്കിൽ, കുട്ടി​കളെ അവരുടെ ബാല്യ​ത്തി​ലൂ​ടെ ഓട്ട​പ്ര​ദ​ക്ഷി​ണം നടത്തി​ക്കുന്ന ആധുനിക പ്രവണത സംബന്ധിച്ച്‌, ബൈബി​ളി​നെ പോലെ ഏറെ പഴക്കമുള്ള ഒരു പുസ്‌ത​ക​ത്തിന്‌ എന്തു മാർഗ​നിർദേ​ശ​മാ​ണു നൽകാ​നു​ള്ളത്‌? അതി​നോ​ടുള്ള ബന്ധത്തിൽ ചില തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

‘കുഞ്ഞു​ങ്ങ​ളു​ടെ പ്രാപ്‌തിക്ക്‌ ഒത്തവണ്ണം’

യിസ്‌ഹാ​ക്കി​ന്റെ മകനായ യാക്കോ​ബിന്‌ പന്ത്രണ്ടിൽ അധികം മക്കളു​ണ്ടാ​യി​രു​ന്നു. അവനും കുടും​ബ​വും ഉൾപ്പെട്ട ഒരു യാത്രയെ കുറിച്ചു ബൈബിൾ വിവരി​ക്കു​ന്നു. ആ സന്ദർഭ​ത്തിൽ അവൻ നടത്തിയ ജ്ഞാനപൂർവ​മായ ഒരു അഭ്യർഥന ശ്രദ്ധി​ക്കുക: ‘കുട്ടികൾ നന്നാ ഇളയവർ ആണ്‌. യജമാനൻ അടിയന്നു മുമ്പായി പോയാ​ലും; എന്റെ കൂടെ​യുള്ള കുഞ്ഞു​ങ്ങ​ളു​ടെ പ്രാപ്‌തി​ക്കു ഒത്തവണ്ണം ഞാൻ സാവധാ​ന​ത്തിൽ വന്നു​കൊ​ള്ളാം.’—ഉല്‌പത്തി 33:13, 14.

തന്റെ കുട്ടി​കൾക്കു മുതിർന്ന​വ​രോ​ടൊ​പ്പം കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്ന്‌ യാക്കോ​ബി​നു നന്നായി അറിയാ​മാ​യി​രു​ന്നു. അവർ “ഇളപ്പമാണ്‌”—ദുർബ​ല​രും മുതിർന്ന​വ​രെ​ക്കാൾ സഹായം ആവശ്യ​മു​ള്ള​വ​രു​മാണ്‌. തന്റെ ഗതി​വേ​ഗ​ത്തി​നൊ​പ്പം കുട്ടികൾ നടക്കണ​മെന്നു വാശി​പി​ടി​ക്കാ​തെ അവർ ക്ഷീണിച്ചു തളരാ​തി​രി​ക്കാൻ യാക്കോബ്‌ അവരോ​ടൊ​പ്പം സാവധാ​നം യാത്ര തുടർന്നു. ദൈവം തന്റെ മനുഷ്യ മക്കളോട്‌ ഇടപെ​ടുന്ന ജ്ഞാനപൂർവ​മായ വിധത്തെ ഇതു പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ പരിമി​തി​കൾ അറിയു​ന്നു. ന്യായ​മാ​യ​തിൽ കവിഞ്ഞ്‌ ഒന്നും അവൻ നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്നില്ല.—സങ്കീർത്തനം 103:13, 14.

ദൈവ​ത്തി​ന്റെ കരവേ​ല​യായ ചില മൃഗങ്ങ​ളും ഇത്തരം ജ്ഞാനം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. കാരണം ദൈവം അവയെ ‘സഹജജ്ഞാ​നം’ ഉള്ളവയാ​യി​ട്ടാ​ണു സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 30:24, NW) ഉദാഹ​ര​ണ​ത്തിന്‌, ആനക്കൂ​ട്ട​ത്തി​നു നടുവി​ലൂ​ടെ സാവധാ​നം നീങ്ങുന്ന കുട്ടി​യാ​ന​യു​ടെ വേഗത്തിന്‌ അനുസ​രി​ച്ചാ​ണു മുഴു ആനക്കൂ​ട്ട​വും നീങ്ങു​ന്ന​തെന്ന്‌ പ്രകൃ​തി​ശാ​സ്‌ത്ര​ജ്ഞ​ന്മാർ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌.

ആധുനിക സമൂഹ​ത്തി​ലെ ഒരു വിഭാഗം ദൈവിക ജ്ഞാനത്തെ അവഗണി​ക്കു​ന്നു. എന്നാൽ നിങ്ങൾ അവരുടെ ഗതി പിന്തു​ട​രേ​ണ്ട​തില്ല. നിങ്ങളു​ടെ കുട്ടി “ഇളപ്പമാണ്‌,” മുതിർന്നവർ വഹിക്കേണ്ട ഭാരങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും തോളി​ലേ​റ്റാൻ അവനു കെൽപ്പില്ല എന്ന കാര്യം മനസ്സിൽ പിടി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒറ്റയ്‌ക്കുള്ള ഒരു മാതാ​വോ പിതാ​വോ ആണെന്നി​രി​ക്കട്ടെ, വളരെ ദുഷ്‌ക​ര​മായ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഭാരം കുട്ടി​യു​ടെ​മേൽ ഇറക്കി വെക്കാ​നുള്ള ഒരു പ്രേരണ നിങ്ങൾക്കു തോന്നും. അത്തരം പ്രേര​ണ​കളെ ചെറു​ക്കുക. മറിച്ച്‌, പക്വത​യുള്ള ഒരു മുതിർന്ന സുഹൃ​ത്തി​നെ—വിശേ​ഷിച്ച്‌ ബൈബി​ളി​ന്റെ ജ്ഞാനപൂർവ​ക​മായ ബുദ്ധി​യു​പ​ദേശം പ്രാവർത്തി​ക​മാ​ക്കാൻ നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന ഒരു വ്യക്തിയെ—സമീപി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

അതു​പോ​ലെ, നിങ്ങളു​ടെ കുട്ടി​യു​ടെ ജീവിതം തിരക്കി​ലാ​ക്കി​ക്കൊണ്ട്‌ ബാല്യ​ത്തി​ന്റെ പടവുകൾ ഓടി​ക്ക​യ​റാൻ അവനെ ബദ്ധപ്പെ​ടു​ത്ത​രുത്‌. തിര​ക്കേ​റിയ പട്ടിക​യും പട്ടാള​ച്ചി​ട്ട​യും കുട്ടി​ക്കാ​ല​ത്തി​നു മാത്രം സ്വന്തമായ കുസൃ​തി​കൾ അവന്റെ ജീവി​ത​ത്തിൽനിന്ന്‌ കവർന്നു​ക​ള​യാ​നേ ഇടയാക്കൂ. ഇന്നത്തെ ലോക​ത്തി​ന്റെ ഗതി​വേ​ഗത്തെ അന്ധമായി അനുക​രി​ക്കാ​തെ നിങ്ങളു​ടെ കുട്ടിക്കു യോജിച്ച, അവനെ ക്ഷീണി​പ്പി​ക്കാത്ത ഒരു ഗതി​വേഗം പിൻപ​റ്റുക. ബൈബിൾ പിൻവ​രു​ന്ന​പ്ര​കാ​രം ജ്ഞാനപൂർവം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “ചുറ്റു​മുള്ള ലോകം നിങ്ങളെ അതിന്റെ മൂശയി​ലേക്കു തള്ളിക്ക​യ​റ്റാൻ അനുവ​ദി​ക്കാ​തി​രി​ക്കുക.”—റോമർ 12:2, ഫിലി​പ്‌സ്‌.

‘എല്ലാറ​റി​ന്നും ഒരു സമയമുണ്ട്‌’

ജ്ഞാനപൂർവ​മായ മറ്റൊരു ബൈബിൾ തത്ത്വം ഇതാണ്‌: ‘എല്ലാറ​റി​ന്നും ഒരു സമയമുണ്ട്‌; ആകാശ​ത്തിൻകീ​ഴുള്ള സകലകാ​ര്യ​ത്തി​ന്നും ഒരു കാലം ഉണ്ട്‌.’ തീർച്ച​യാ​യും, ജോലി ചെയ്യാൻ ഒരു സമയമുണ്ട്‌. കുട്ടി​കൾക്കാ​ണെ​ങ്കിൽ ഗൃഹപാ​ഠം, വീട്ടിലെ കൊച്ചു​കൊ​ച്ചു ജോലി​കൾ, ആത്മീയ പ്രവർത്ത​നങ്ങൾ എന്നിങ്ങനെ നിരവധി ജോലി​കൾ ചെയ്‌തു തീർക്കാ​നുണ്ട്‌. എന്നിരു​ന്നാ​ലും, മേലു​ദ്ധ​രിച്ച ബൈബിൾ വാക്യം തുടർന്നു പറയുന്ന പ്രകാരം ‘ചിരി​പ്പാ​നും നൃത്തം​ചെ​യ്‌വാ​നും ഒരു കാലമുണ്ട്‌.’—സഭാ​പ്ര​സം​ഗി 3:1, 4.

കുട്ടികൾ ഓടി​ച്ചാ​ടി കളിക്കണം, പൊട്ടി​ച്ചി​രി​ക്കണം, എങ്കിൽ മാത്രമേ അവരുടെ പ്രസരി​പ്പും ഊർജ​വും യാതൊ​രു പിരി​മു​റു​ക്ക​വും കൂടാതെ വേണ്ടവി​ധം വിനി​യോ​ഗി​ക്കാൻ കഴിയൂ. അവർ ഉണർന്നി​രി​ക്കുന്ന സമയ​മെ​ല്ലാം പഠനകാ​ര്യ​ങ്ങ​ളും പാഠ്യേ​തര പ്രവർത്ത​ന​ങ്ങ​ളും മറ്റു വലിയ ഉത്തരവാ​ദി​ത്വ​ങ്ങ​ളും കുത്തി​ത്തി​രു​കിയ തിര​ക്കേ​റിയ പട്ടിക പിൻപ​റ്റേ​ണ്ടി​വ​രു​മ്പോൾ, കളിക്കുക എന്ന അനി​ഷേ​ധ്യ​മായ ആവശ്യം നടക്കാതെ പോകു​ന്നു. ഫലമോ? അവർ കോപാ​ക്രാ​ന്ത​രോ ഹതാശ​രോ ആയി മാറുന്നു.—കൊ​ലൊ​സ്സ്യർ 3:21.

ഇതേ ബൈബിൾ തത്ത്വം മറ്റുചില വിധങ്ങ​ളിൽ പ്രാവർത്തി​ക​മാ​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു കാണുക. ഉദാഹ​ര​ണ​ത്തിന്‌, എല്ലാറ്റി​നും ഒരു സമയമുണ്ട്‌ എന്നു പറയു​മ്പോൾ കുട്ടി​ക്കാ​ലം കുട്ടി​യാ​യി​രി​ക്കാ​നുള്ള സമയമാണ്‌ എന്നല്ലേ അത്‌ അർഥമാ​ക്കു​ന്നത്‌? നിങ്ങൾ ഇതി​നോ​ടു യോജി​ക്കും. പക്ഷേ നിങ്ങളു​ടെ കുട്ടികൾ എല്ലായ്‌പോ​ഴും യോജി​ച്ചെന്നു വരില്ല. കാരണം കൊച്ചു​കു​ട്ടി​കൾ മിക്ക​പ്പോ​ഴും മുതിർന്നവർ ചെയ്യു​ന്ന​തു​പോ​ലെ​യൊ​ക്കെ ചെയ്യാൻ ഇഷ്ടപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മുതിർന്ന സ്‌ത്രീ​ക​ളെ​പ്പോ​ലെ വസ്‌ത്രം ധരിക്കു​ക​യും ഒരുങ്ങു​ക​യും ചെയ്യാൻ കൊച്ചു​പെൺകു​ട്ടി​കൾ ആഗ്രഹി​ച്ചേ​ക്കാം. നേരത്തേ താരു​ണ്യ​മെ​ത്തു​മ്പോൾ മുതിർന്ന വ്യക്തി​യാ​യി കാണ​പ്പെ​ടാ​നുള്ള സമ്മർദം പിന്നെ​യും വർധി​ക്കു​ന്നു.

വിവേ​കി​ക​ളാ​യ മാതാ​പി​താ​ക്കൾ ഇത്തരം ചായ്‌വു​ക​ളി​ലെ അപകടം മനസ്സി​ലാ​ക്കു​ന്നു. കുത്തഴിഞ്ഞ ഈ ലോക​ത്തി​ലെ ചില പരസ്യ​ങ്ങ​ളും വിനോ​ദ​ങ്ങ​ളും കുട്ടി​കളെ, വളരെ ഇളം പ്രായ​ത്തിൽത്തന്നെ ലൈം​ഗി​ക​ബോ​ധ​വും പ്രായ​ത്തിൽ കവിഞ്ഞ പക്വത​യും ഉള്ളവരാ​യി അവതരി​പ്പി​ക്കു​ന്നു. ചമയങ്ങൾ, ആഭരണങ്ങൾ, വികാ​രോ​ദ്ദീ​പ​ക​മായ വസ്‌ത്ര​ധാ​രണം എന്നിവ കുട്ടി​കൾക്കി​ട​യി​ലും വർധി​ച്ചു​വ​രു​ന്നു. കുട്ടി​കളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യാൻ തക്കംപാർത്തി​രി​ക്കുന്ന സ്വഭാ​വ​വൈ​കൃ​ത​മു​ള്ള​വരെ പ്രലോ​ഭി​പ്പി​ക്കുന്ന തരത്തിൽ കുട്ടി​കളെ എന്തിന്‌ അവതരി​പ്പി​ക്കണം? കുട്ടി​കളെ അവരുടെ പ്രായ​ത്തി​നു പറ്റിയ വസ്‌ത്രം ധരിപ്പി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾ പിൻവ​രുന്ന ബൈബിൾ തത്ത്വം അനുസ​രി​ക്കു​ന്നു: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 27:12.

മറ്റൊരു ഉദാഹ​രണം ഇതാണ്‌: സ്‌പോർട്‌സിന്‌ ഏറ്റവും മുന്തിയ സ്ഥാനം നൽകാൻ കുട്ടി​കളെ അനുവ​ദി​ക്കു​ന്നെ​ങ്കിൽ അവരുടെ ജീവിതം താളം തെറ്റുന്നു. പിന്നെ ഒന്നിനും സമയമി​ല്ലാ​താ​കു​ന്നു. ബൈബിൾ ജ്ഞാനപൂർവ​ക​മായ ഈ ഉപദേശം നൽകുന്നു: “ശരീരാ​ഭ്യാ​സം അല്‌പ​പ്ര​യോ​ജ​ന​മു​ള്ള​ത​ത്രേ; ദൈവ​ഭ​ക്തി​യോ ഇപ്പോ​ഴത്തെ ജീവ​ന്റെ​യും വരുവാ​നി​രി​ക്കു​ന്ന​തി​ന്റെ​യും വാഗ്‌ദ​ത്ത​മു​ള്ള​താ​ക​യാൽ സകലത്തി​ന്നും പ്രയോ​ജ​ന​ക​ര​മാ​കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 4:8.

“വിജയ​മാണ്‌ സർവവും” എന്ന മനോ​ഭാ​വം സ്വീക​രി​ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ അനുവ​ദി​ക്ക​രുത്‌. എന്തു വില​കൊ​ടു​ക്കേ​ണ്ടി​വ​ന്നാ​ലും സകല മത്സരങ്ങ​ളി​ലും തങ്ങളുടെ മക്കൾ വിജയി​ക്കണം എന്ന ലക്ഷ്യത്തിൽ ചില മാതാ​പി​താ​ക്കൾ കുട്ടി​ക​ളിൽ അങ്ങേയ​റ്റത്തെ മത്സര​ബോ​ധം കുത്തി​വെ​ക്കു​ന്നു. അത്‌ സ്‌പോർട്‌സി​ന്റെ​യും കളിക​ളു​ടെ​യും സ്വാഭാ​വിക ആസ്വാ​ദനം കവർന്നു​ക​ള​യാൻ ഇടയാ​ക്കു​ന്നു. വിജയം കരസ്ഥമാ​ക്കു​ന്ന​തി​നു വേണ്ടി മറ്റു കളിക്കാ​രെ ചതിക്കാ​നും മുറി​വേൽപ്പി​ക്കാ​നും പോലും ചില കുട്ടികൾ മുതി​രു​ന്നു. ഇത്തരം ചെയ്‌തി​ക​ളി​ലൂ​ടെ നേടേണ്ട ഒന്നല്ല വിജയം!

ആത്മനി​യ​ന്ത്രണം പഠിക്കൽ

എല്ലാറ്റി​നും ഒരു സമയം ഉണ്ട്‌ എന്ന കാര്യം ഉൾക്കൊ​ള്ളാൻ കുട്ടി​കൾക്കു മിക്ക​പ്പോ​ഴും ബുദ്ധി​മു​ട്ടാണ്‌. അവർക്ക്‌ ആവശ്യ​മായ എന്തി​നെ​ങ്കി​ലും വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കുക എന്നത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്ര എളുപ്പമല്ല. ആഗ്രഹ​ങ്ങ​ളെ​ല്ലാം സത്വരം തൃപ്‌തി​പ്പെ​ടു​ത്താൻ വെമ്പുന്ന ഇന്നത്തെ സമൂഹം കാര്യ​ങ്ങളെ കൂടുതൽ വഷളാ​ക്കു​ന്നു. വിനോദ മാധ്യ​മങ്ങൾ നൽകുന്ന സന്ദേശം ഇതാണ്‌, “നിങ്ങൾക്കു വേണ്ട​തെ​ല്ലാം നേടുക, അതും ഇപ്പോൾത്തന്നെ!”

നിങ്ങളു​ടെ കുട്ടി​കളെ ലാളിച്ചു വഷളാ​ക്കി​ക്കൊണ്ട്‌ അത്തരം സ്വാധീന വലയത്തിൽ കുരു​ങ്ങാൻ ഇടയാ​ക്ക​രുത്‌. “പ്രതി​ഫലം നേടാൻ സമയവും തുടർച്ച​യായ ശ്രമവും ആവശ്യ​മാണ്‌ എന്നു തിരി​ച്ച​റി​യാ​നുള്ള പ്രാപ്‌തി​യാണ്‌ വൈകാ​രിക ബുദ്ധി​പ​ര​ത​യു​ടെ ഒരു സുപ്ര​ധാന ഘടകം,” എന്ന്‌ കുട്ടി​യും യന്ത്രവും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. “ആത്മശി​ക്ഷ​ണ​വും സാമൂ​ഹിക ഐക്യ​വും, സ്‌കൂ​ളിന്‌ അകത്തും പുറത്തും കുട്ടി​കൾക്കി​ട​യിൽ വർധി​ച്ചു​വ​രുന്ന അക്രമ​ത്തി​നുള്ള ഫലപ്ര​ദ​മായ മറുമ​രു​ന്നാണ്‌.” പിൻവ​രുന്ന ബൈബിൾ തത്ത്വം സഹായ​ക​മാണ്‌: “ദാസനെ ബാല്യം​മു​തൽ ലാളി​ച്ചു​വ​ളർത്തു​ന്ന​വ​നോ​ടു അവൻ ഒടുക്കം ദുശ്ശാ​ഠ്യം കാണി​ക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 29:21) ഈ വാക്യം നേരിട്ടു ബാധക​മാ​കു​ന്നത്‌ യുവ ദാസന്മാ​രെ കൈകാ​ര്യം ചെയ്യേ​ണ്ട​തി​നോ​ടുള്ള ബന്ധത്തി​ലാ​ണെ​ങ്കി​ലും ഇതിലെ തത്ത്വം തങ്ങളുടെ കുട്ടി​കൾക്കു പ്രയോ​ജനം കൈവ​രു​ത്തി​യി​രി​ക്കു​ന്ന​താ​യി നിരവധി മാതാ​പി​താ​ക്കൾ കണ്ടെത്തി​യി​രി​ക്കു​ന്നു.

കുട്ടി​ക​ളെ, ബൈബിൾ പറയുന്ന പ്രകാരം യഹോ​വ​യു​ടെ ബാലശി​ക്ഷ​യി​ലും പത്ഥ്യോ​പ​ദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. (എഫെസ്യർ 6:4) കുട്ടി​കൾക്കു നൽകുന്ന സ്‌നേ​ഹ​പൂർവ​ക​മായ ശിക്ഷണം, ആത്മനി​യ​ന്ത്ര​ണ​വും ക്ഷമയും പോ​ലെ​യുള്ള ഗുണങ്ങൾ വികസി​പ്പി​ച്ചെ​ടു​ക്കാൻ അവരെ സഹായി​ക്കും. ഈ സവിശേഷ ഗുണങ്ങൾ ജീവി​ത​ത്തി​ലു​ട​നീ​ളം സന്തോ​ഷ​വും സാഫല്യ​വും പ്രദാ​നം​ചെ​യ്യും.

ബാല്യ​ത്തി​നു​നേർക്കുള്ള സകല ഭീഷണി​കൾക്കും ഉടൻ അന്ത്യം!

‘മേൽപ്പറഞ്ഞ ഉദാത്ത​മായ തത്ത്വങ്ങ​ളു​ടെ കാരണ​ഭൂ​ത​നും ജ്ഞാനി​യും സ്‌നേ​ഹ​വാ​നു​മായ ദൈവം നമ്മുടെ ലോകം ഇത്തരത്തിൽ ആയിത്തീ​രാൻ ആഗ്രഹി​ച്ചി​രു​ന്നോ?’ എന്നു ചില​പ്പോൾ നിങ്ങൾ അതിശ​യി​ച്ചേ​ക്കാം. ‘പരിപാ​ല​ന​ത്തി​നു പകരം ചുറ്റും അപകടം പതിയി​രി​ക്കുന്ന ഒരു ലോക​ത്തിൽ കുട്ടികൾ വളർന്നു വരണ​മെ​ന്നാ​ണോ അവൻ ഉദ്ദേശി​ച്ചത്‌?’ യഹോ​വ​യാം ദൈവ​ത്തി​നും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നും എല്ലാ​പ്രാ​യ​ത്തി​ലു​മുള്ള കുട്ടികൾ ഉൾപ്പെട്ട മുഴു മനുഷ്യ വർഗ​ത്തോ​ടും ആർദ്ര​സ്‌നേ​ഹ​മുണ്ട്‌ എന്നറി​യു​മ്പോൾ നിങ്ങൾക്ക്‌ ആശ്വാസം തോന്നി​യേ​ക്കാം. അവർ പെട്ടെ​ന്നു​തന്നെ ഈ ഭൂമിയെ സകല ദുഷ്ടത​ക​ളിൽനി​ന്നും വിമു​ക്ത​മാ​ക്കും.—സങ്കീർത്തനം 37:10, 11.

പിൻവ​രു​ന്ന ബൈബിൾ വിവര​ണ​ത്തിൽ മനോ​ഹ​ര​മാ​യി അവതരി​പ്പി​ച്ചി​രി​ക്കുന്ന, സമാധാ​ന​വും സന്തോ​ഷ​വും നിറഞ്ഞ ആ കാലത്തി​ന്റെ വാങ്‌മയ ചിത്രം ഒന്നു മനസ്സിൽ കാണുക: “ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറി​യ​കു​ട്ടി അവയെ നടത്തും.” (യെശയ്യാ​വു 11:6) പലപ്പോ​ഴും അതി​ക്രൂ​ര​മാ​യി ബാല്യത്തെ പിച്ചി​ച്ചീ​ന്തുന്ന, അല്ലെങ്കിൽ ബാല്യ​ത്തി​ന്റെ രസം നുകരാൻ അനുവ​ദി​ക്കാ​തെ നിർദാ​ക്ഷി​ണ്യം കുട്ടി​കളെ ബദ്ധപ്പെ​ടു​ത്തുന്ന ഒരു ലോക​ത്തിൽ, ദൈവം മനുഷ്യ​വർഗ​ത്തി​നാ​യി ഈ ഭൂമി​യിൽ ഇത്തര​മൊ​രു ശോഭ​ന​ഭാ​വി വാഗ്‌ദാ​നം ചെയ്യുന്നു എന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​ദാ​യ​ക​മാണ്‌! അതേ, നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹി​ച്ചത്‌ കുട്ടി​കൾക്ക്‌ അവരുടെ ബാല്യം കൈ​മോ​ശം വരാനല്ല. മറിച്ച്‌, മനസ്സിന്റെ മണി​ച്ചെ​പ്പിൽ എന്നെന്നും സൂക്ഷി​ക്കാൻ കഴിയുന്ന, ആനന്ദം തുളു​മ്പുന്ന ഒരു ബാല്യം ഉണ്ടായി​രി​ക്കാ​നാണ്‌. (g03 4/22)

[8-ാം പേജിലെ ചിത്രം]

നിങ്ങളുടെ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങൾകൊണ്ട്‌ കുട്ടിയെ ഭാര​പ്പെ​ടു​ത്താ​തെ, മുതിർന്ന ഒരു വ്യക്തിയെ ആശ്രയി​ക്കു​ക

[8, 9 പേജു​ക​ളി​ലെ ചിത്രം]

കുട്ടികൾ കളിച്ചു വളരണം