ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
അവിശ്വാസികൾ വിശ്വാസികളെ നയിക്കുന്നു
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പുരോഹിതകൾ “പുരോഹിതന്മാരെക്കാൾ കൂടുതലായി പ്രമുഖ ക്രൈസ്തവ ഉപദേശങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വൈദികസമൂഹത്തിലെ 2,000-ത്തോളം പേരിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്ന പ്രകാരം, “പത്തിൽ 8 പുരോഹിതന്മാർ, ലോകത്തിന്റെ പാപം നീക്കാനാണ് യേശു മരിച്ചത് എന്നു വിശ്വസിക്കുമ്പോൾ,” പത്തിൽ 6 പുരോഹിതകളേ അതു വിശ്വസിക്കുന്നുള്ളൂ. പത്തിൽ 7 പുരുഷന്മാർ യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കുമ്പോൾ, പത്തിൽ 5 സ്ത്രീകൾ മാത്രമാണ് അതു വിശ്വസിക്കുന്നത്. സർവേ ഏർപ്പെടുത്തിയ കോസ്റ്റ് ഓഫ് കോൺഷ്യൻസിന്റെ വക്താവായ റോബി ലോ ഇങ്ങനെ പറഞ്ഞു: “ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ രണ്ടു വൈദികകൂട്ടങ്ങളാണ് ഉള്ളത്: വിശ്വാസികളായ വൈദികരും അവിശ്വാസികളായ വൈദികരും. അത് അപകീർത്തികരമാണ്. വിശ്വാസം ലവലേശം പോലുമില്ലാത്തവരെ കൂടുതലായി അധികാരസ്ഥാനങ്ങളിലേക്കു നിയമിക്കുകയാണ്. വിശ്വാസികളെ നയിക്കാൻ അവിശ്വാസികൾ കയറിക്കൂടിക്കൊണ്ടിരിക്കുന്ന ഈ സ്ഥിതി വെച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതാണ്.” (g03 4/08)
ആൾക്കുരങ്ങുകൾ ഭീഷണിയിൽ
“മനുഷ്യൻ സത്വര നടപടിയെടുക്കാത്ത പക്ഷം 30 വർഷത്തിനുള്ളിൽ ആൾക്കുരങ്ങുകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ മിക്കവാറും അപ്രത്യക്ഷമാകും” എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ അടുത്തയിടെ നടന്ന ഭൗമ ഉച്ചകോടിയിൽ ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥർ ഇങ്ങനെ പ്രസ്താവിച്ചു: “റോഡു നിർമാണം, ഖനനപ്രവർത്തനങ്ങൾ, ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളുടെയും മറ്റും വികസനം എന്നിവ ഇന്നത്തെ തോതിൽ മുന്നോട്ടുപോയാൽ 2030 ആകുമ്പോഴേക്കും ആഫ്രിക്കയിൽ ആൾക്കുരങ്ങുകളുടെ ആവാസ പ്രദേശത്തിന്റെ 10 ശതമാനത്തിലും താഴെ മാത്രമേ ബാക്കിയുണ്ടാവൂ.” ആവാസ കേന്ദ്രം നഷ്ടമാകുന്നതുനിമിത്തം ഇപ്പോൾത്തന്നെ ആൾക്കുരങ്ങുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ് 20,00,000 ചിമ്പാൻസികൾ ഉണ്ടായിരുന്നിടത്ത് ഇന്നത് വെറും 2,00,000 ആയി കുറഞ്ഞിരിക്കുന്നു. താഴ്വരകളിൽ കാണപ്പെടുന്ന ഗൊറില്ലകളുടെ എണ്ണം ഏതാനും ആയിരമേയുള്ളു, മലകളിൽ ജീവിക്കുന്ന ഗൊറില്ലകളാകട്ടെ ആയിരത്തിൽ താഴെയും. റോയിറ്റേഴ്സ് പറയുന്ന പ്രകാരം “ആൾക്കുരങ്ങുകൾ ഉള്ള 24-ഓളം രാജ്യങ്ങളിൽ അവയെ രക്ഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനായി ഗവേഷകരോടും പരിസ്ഥിതിസംരക്ഷണവാദികളോടും ഗവണ്മെന്റുകളോടും നാട്ടുകാരോടും ഒപ്പം യുഎൻ പ്രവർത്തിച്ചുവരികയാണ്.” (g03 4/22)
ആഗോള ആയുധ ശേഖരം വർധിക്കുന്നു
രണ്ടായിരത്തൊന്നിൽ, ലോകവ്യാപകമായി പോലീസിന്റെയും പട്ടാളത്തിന്റെയും വിമത സേനകളുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമുണ്ടായിരുന്ന ചെറിയതരം വെടിക്കോപ്പുകളുടെ എണ്ണം 639 ദശലക്ഷം ആയിരുന്നു എന്ന് കണക്കാക്കപ്പെടുന്നതായി യുഎൻ പിന്തുണയോടുകൂടി നടത്തിയ ഒരു പഠനമായ സ്മോൾ ആർമ്സ് സർവേ 2002 റിപ്പോർട്ടു ചെയ്യുന്നു. “ഇത് മുൻ കണക്കുകളെ അപേക്ഷിച്ച് 16 ശതമാനമെങ്കിലും കൂടുതലാണ്” എന്ന് സർവേ കണ്ടെത്തി. പുതുതായി നിർമിക്കുന്ന ആയുധങ്ങൾ നിമിത്തം ചെറിയ ആയുധങ്ങളുടെ ആഗോള ശേഖരം ഓരോ വർഷവും ഏകദേശം ഒരു ശതമാനം വീതം വർധിക്കുന്നുമുണ്ട്. ഇന്ന് ലോകവ്യാപകമായി, 98 രാജ്യങ്ങളിലായി കുറഞ്ഞത് 1,000 കമ്പനികൾ കൈത്തോക്കുകൾ, റൈഫിളുകൾ, മോർട്ടാറുകൾ, തോളത്തുവെച്ച് പ്രവർത്തിപ്പിക്കാവുന്ന റോക്കറ്റ് വിക്ഷേപണായുധങ്ങൾ തുടങ്ങിയവ നിർമിക്കുന്നുണ്ട്. റിപ്പോർട്ടു പറയുന്നതനുസരിച്ച്, “തിരകളും മറ്റും ഉൾപ്പെടെ ആഗോളമായി നിർമിക്കപ്പെടുന്ന ചെറിയതരം വെടിക്കോപ്പുകളുടെ രണ്ടായിരാമാണ്ടിലെ മതിപ്പു മൂല്യം . . . 700 കോടി അമേരിക്കൻ ഡോളറെങ്കിലും വരുമായിരുന്നു.” ചെറിയതരം വെടിക്കോപ്പുകളുടെ ആഗോള വ്യാപാരത്തിൽ 80 മുതൽ 90 വരെ ശതമാനം നിയമാനുസൃതമാണ്. ഏറ്റവും കൂടുതൽ വെടിക്കോപ്പുകൾ (59 ശതമാനം) വാങ്ങിക്കൂട്ടുന്നതു സൈനികേതര പൗരന്മാരാണ്. (g03 2/22)
പള്ളികൾ അല്ലാതാകുന്ന പള്ളികൾ
“മാർക്ക് ട്വെയ്ൻ 1881-ൽ മോൺട്രിയോൾ സന്ദർശിച്ചപ്പോൾ, ‘ഒരു പള്ളിജനാലയെങ്കിലും തകർക്കാതെ നിങ്ങൾക്ക് ഒരു ഇഷ്ടികപോലും എറിയാൻ കഴിയുകയില്ല’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നാകട്ടെ പള്ളികൾ പരിഷ്കരിച്ചു നിർമിച്ചിരിക്കുന്ന താമസസ്ഥലങ്ങളുടെ ജനാലകളായിരിക്കും തകരുക,” മോൺട്രിയോളിലെ വർത്തമാനപത്രമായ ദ ഗസറ്റ് പറയുന്നു. ആ നഗരത്തിൽ 600-ഓളം ആരാധന സ്ഥലങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കിലും അടുത്ത പത്തു വർഷത്തിനുള്ളിൽ അവയിൽ നൂറോളം പള്ളികൾ, മുഖ്യമായും കത്തോലിക്കപ്പള്ളികൾ, വിൽക്കേണ്ടി വന്നേക്കാം എന്നാണ് പത്രം പറയുന്നത്. “മോൺട്രിയോൾ അതിരൂപതയുടെ കണക്കനുസരിച്ച് 1960 മുതൽ 25 കത്തോലിക്ക ഇടവകകളാണ് പൂട്ടേണ്ടിവന്നത്.” കാനഡയിലെ കത്തോലിക്കരുടെ എണ്ണം 1871-ൽ ഉണ്ടായിരുന്ന 15 ലക്ഷത്തിൽനിന്ന് 1971 ആയപ്പോഴേക്കും ഒരു കോടിയോളം ആയി ഉയർന്നു. എന്നിട്ടും, “പള്ളിയിൽ ഹാജരാകുന്നവരുടെ എണ്ണം കുത്തനെ താണു, വിശേഷിച്ചും ക്വിബെക് പ്രവിശ്യയിൽ,” ദ ഗസറ്റ് പറയുന്നു. മോൺട്രിയോളിൽ പള്ളികളിലെ ഹാജർനില 1970-ലെ 75 ശതമാനത്തിൽനിന്ന് ഇന്ന് വെറും 8 ശതമാനത്തോളമായി കുറഞ്ഞിരിക്കുന്നു എന്ന് മോൺട്രിയോൾ അതിരൂപതയിൽ ഇടയവേല ആസൂത്രണം ചെയ്യുന്ന ബെർനാർ ഫൊർറ്റാൻ പത്രത്തോടു പറഞ്ഞു. (g03 2/22)
സമ്പത്തും ആരോഗ്യവും ഉണ്ടെങ്കിലും ശുഭപ്രതീക്ഷയില്ലാതെ
രണ്ടായിരത്തൊന്നിൽ “തുടർച്ചയായ മൂന്നാം വർഷവും സാമൂഹിക-സാമ്പത്തിക സ്ഥിതി അഭിവൃദ്ധി പ്രാപിച്ചു” എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നെങ്കിലും കാനഡക്കാർക്ക് ഇപ്പോഴും ഭാവി സംബന്ധിച്ച് യാതൊരു ശുഭപ്രതീക്ഷയുമില്ല എന്ന് ദ ടൊറന്റോ സ്റ്റാർ പ്രസ്താവിച്ചു. കനേഡിയൻ സമൂഹ വികസന സമിതിയിലെ ഗവേഷകർ കണ്ടെത്തിയ പ്രകാരം, “കാനഡക്കാരുടെ സാമ്പത്തിക സുരക്ഷിതത്വബോധം കുറഞ്ഞിരിക്കുന്നു, ജോലി സ്ഥലങ്ങളിൽ അവർ കൂടുതൽ സമ്മർദം അനുഭവിക്കുന്നു, സാമൂഹിക-സാമ്പത്തിക സുരക്ഷാ സംവിധാനങ്ങളിൽ അവർക്കു വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, തങ്ങൾ അക്രമങ്ങൾക്കിരയാകാൻ കൂടുതൽ സാധ്യതയുള്ളതായി അവർ ഭയക്കുന്നു.” ഉത്കണ്ഠയുടെ കാരണങ്ങളായി പരാമർശിച്ചിരിക്കുന്നവയിൽ “പണപ്പെരുപ്പത്തിന് ആനുപാതികമല്ലാത്ത ശമ്പളം, വ്യക്തിപരമായ കടബാധ്യതകളുടെ വർധന, . . . ചിലതരം ചികിത്സ ലഭിക്കുന്നതിന് നാളുകൾ കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥ, കുതിച്ചുയരുന്ന മരുന്നുവില, വർധിച്ചുവരുന്ന വാഹനാപകടങ്ങൾ, കൊടിയ കുറ്റകൃത്യങ്ങൾ പെരുകിവരികയാണ് എന്ന അനാവശ്യ ഭയം” എന്നിവയെല്ലാം പെടുന്നു. വാർത്താലേഖകർ ഇപ്രകാരം പ്രസ്താവിക്കുന്നു: “സുരക്ഷിതത്വത്തെ മനസ്സിന്റെ ഒരു അവസ്ഥാവിശേഷമായി നാം നിർവചിച്ചാൽ നാം അധഃപതനത്തിലേക്കു നീങ്ങുകയാണ് എന്നാണ് അതിനർഥം.” (g03 4/08)
അപര്യാപ്തമായ വിവാഹ പരിശീലനം
വിവാഹത്തിനുമുമ്പേ ഒരുമിച്ചു താമസിച്ചു തുടങ്ങുന്ന ദമ്പതികളിൽ 40 ശതമാനത്തിലധികവും വിവാഹത്തിനുശേഷം പത്താം വാർഷികം എത്തും മുമ്പ് വിവാഹമോചനം നേടുന്നു എന്ന് ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, വിവാഹത്തിനുമുമ്പ് ഒരുമിച്ചു താമസിച്ചിരുന്നവരും വിവാഹം കഴിഞ്ഞ് പത്തുവർഷം പിന്നിട്ടിരിക്കുന്നവരുമായ ദമ്പതികൾ ഒടുവിൽ വിവാഹമോചനം നേടാനുള്ള സാധ്യത ഇരട്ടിയാണ്. “വിവാഹം കൂടാതെ ഒരുമിച്ചു പാർക്കുന്നത് അനുചിതമാണെന്നു വിശ്വസിക്കുകയും വിവാഹം കഴിക്കുന്നതിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്ന ഒരു പുരുഷനും സ്ത്രീയും ഭാവിയിൽ വിവാഹമോചനം നടത്താൻ സാധ്യതയില്ലാത്ത കൂട്ടത്തിലായിരിക്കും” എന്ന് റിപ്പോർട്ടിന്റെ മുഖ്യ ലേഖകനായ മാത്യു ബ്രാംലെറ്റ് പറയുന്നു. കൂടാതെ, വിവാഹ ഉപദേശകയായ ആലിസ് സ്റ്റീഫെൻസിന്റെ നിരീക്ഷണത്തിൽ വിവാഹത്തിനു മുമ്പ് ഒരുമിച്ചു പാർത്തിരുന്നവർ “വിവാഹ ബന്ധത്തിലെ വൈകാരിക സമ്മർദങ്ങളുമായി പൊരുത്തപ്പെടാൻ അത്ര തയ്യാറല്ലാത്തവരായാണ് കാണപ്പെടുന്നത്.” (g03 4/08)
തലവേദന സംഹാരികൾ തലവേദനയാകുമ്പോൾ
“നാഡീരോഗവിദഗ്ധനായ മൈക്കൾ ആന്തണിയുടെ കണക്കു പ്രകാരം, തലവേദന നിമിത്തം ക്ലേശിക്കുന്ന 10 ശതമാനത്തോളം ആളുകൾക്ക് ‘വേദന സംഹാരികളുടെ ദുരുപയോഗത്തിൽനിന്ന്’ ഉണ്ടാകുന്നതാണ് അത്” എന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രസിദ്ധീകരിക്കുന്ന ദ ഡെയ്ലി ടെലഗ്രാഫ് പ്രസ്താവിക്കുന്നു. “ആഴ്ചയിൽ ഒരിക്കലോ മറ്റോ ഉണ്ടാകുന്ന തലവേദന, ഡോക്ടറുടെ കുറിപ്പു കൂടാതെ ലഭിക്കുന്ന വേദന സംഹാരികളുടെ അമിത ഉപയോഗം നിമിത്തം ദിവസവുമുള്ള തലവേദനയായി പരിണമിച്ചേക്കാം.” രക്തക്കുഴലുകളുടെ വികാസം നിയന്ത്രിക്കുന്ന ഒരു വസ്തുവായ “സിറോറ്റോനിൻ തലവേദനയ്ക്കുള്ള ഗുളികകൾ ദുരുപയോഗം ചെയ്യുന്നവരിൽ കുറഞ്ഞുപോകുന്നതായി” ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയിലെ പ്രൊഫസറായ ആന്തണി കണ്ടെത്തി. “സിറോറ്റോനിന്റെ അളവു കുറഞ്ഞുപോകുന്നത് ധമനികൾ അനിയന്ത്രിതമായി വികസിക്കുന്നതിന് ഇടയാക്കുന്നു, ഫലമോ കടുത്ത തലവേദനയും,” അദ്ദേഹം നിരീക്ഷിക്കുന്നു. കൊടിഞ്ഞിയുടെ ഉപദ്രവമുള്ളവർ ഓടിച്ചെന്ന് കടയിൽനിന്നു ഗുളിക വാങ്ങി കഴിക്കുന്നതിനു പകരം ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഔഷധങ്ങൾ വേണം ഉപയോഗിക്കാൻ എന്ന് പ്രൊഫസർ ആന്തണി ശുപാർശ ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഒരു രോഗി പല ഡോസ് വേദന സംഹാരി ആഴ്ചയിൽ മൂന്നു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഒരു ഡോസ് ആഴ്ചയിൽ മൂന്നു പ്രാവശ്യം ഉപയോഗിക്കുന്നെങ്കിൽപ്പോലും ഏതാനും മാസങ്ങൾക്കുള്ളിൽ അയാളുടെ തലവേദന മൂർച്ഛിച്ചിരിക്കും.” (g03 4/22)
ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന മനംപിരട്ടൽ ശമിപ്പിക്കൽ
“ഗർഭിണികളിൽ 70 മുതൽ 80 വരെ ശതമാനത്തിനും രാവിലെ മനംപിരട്ടൽ അനുഭവപ്പെടുന്നതായി കണക്കാക്കപ്പെടുന്നു” എന്ന് ഓസ്ട്രേലിയയിലെ സൺ-ഹെറാൾഡ് ദിനപ്പത്രം പ്രസ്താവിക്കുന്നു. ഗർഭകാലത്തിന്റെ ആരംഭത്തിൽ സ്ത്രീകൾക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ മിക്കപ്പോഴും ഓക്കാനവും ഛർദിയും ഉണ്ടാകാറുണ്ട്. പ്രൊജസ്റ്ററോൺ എന്ന ഹോർമോണിന്റെ അളവ് ഗർഭകാലത്ത് വർധിക്കുന്നതുനിമിത്തം അത് കൂടുതൽ ദഹന രസം ഉത്പാദിപ്പിക്കുന്നതായിരിക്കാം ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നു കരുതപ്പെടുന്നു. കൂടാതെ, “ഗർഭകാലത്ത് സ്ത്രീകളുടെ ഘ്രാണ ശക്തി വർധിക്കുന്നതുനിമിത്തം അവർക്ക് പെട്ടെന്ന് ഓക്കാനം വരുന്നു.” ഗർഭകാല മനംപിരട്ടലിന് ഒറ്റമൂലികൾ ഒന്നുമില്ലെങ്കിലും പത്രം ശുപാർശ ചെയ്യുന്ന പ്രകാരം ചൂടുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതു നല്ലതാണ്, കാരണം ആവിയുള്ളപ്പോൾ മനംപിരട്ടൽ വർധിക്കുന്നു; കൂടാതെ ആവശ്യത്തിന് ഉറങ്ങുന്നതും പകൽ ഇടയ്ക്കൊക്കെ ഒന്നു മയങ്ങുന്നതും മുറിച്ച നാരങ്ങ മണക്കുന്നതും ഒക്കെ ആശ്വാസം നൽകിയേക്കാം. “[പാലോ മറ്റുപാനീയങ്ങളോ ഇല്ലാതെ] സിരിയലോ റസ്ക്കോ പോലെ കറുമുറാ തിന്നാവുന്ന എന്തെങ്കിലും കിടക്കയിൽനിന്ന് എഴുന്നേൽക്കും മുമ്പ് കഴിച്ചുനോക്കുക. എല്ലായ്പോഴും സാവധാനം മാത്രം കിടക്കയിൽനിന്ന് എഴുന്നേറ്റുപോകുക,” പത്രം തുടരുന്നു. “പ്രൊട്ടീൻ സമൃദ്ധമായ ലഘുഭക്ഷണം കൂടെക്കൂടെ കഴിക്കുക.” “എന്നാൽ ഗർഭകാല മനംപിരട്ടലിന് ഒരു നല്ല വശം കൂടിയുണ്ട്, അതായത് ഇത്തരം അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്ന അമ്മമാരിൽ ഗർഭം അലസിപ്പോകാനുള്ള സാധ്യത കുറവാണ് എന്ന് അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുകയുണ്ടായി,” പത്രം പറഞ്ഞു. (g03 4/22)