സഭയുമായുള്ള ഗലീലിയോയുടെ ആശയസംഘട്ടനം
സഭയുമായുള്ള ഗലീലിയോയുടെ ആശയസംഘട്ടനം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
അത് 1633 ജൂൺ 22-ാം തീയതി ആയിരുന്നു. അതാ, ദുർബലനായ ഒരു വൃദ്ധൻ റോമൻ മതവിചാരണ കോടതി മുമ്പാകെ മുട്ടുകുത്തി നിൽക്കുന്നു. അക്കാലത്തെ വിഖ്യാതരായ ശാസ്ത്രകാരന്മാരിൽ ഒരുവനാണ് അദ്ദേഹം. അനേക വർഷക്കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞവയാണ് അദ്ദേഹത്തിന്റെ ശാസ്ത്രബോധ്യങ്ങൾ. എന്നിട്ടും, ഇപ്പോൾ ജീവൻ വേണമെന്നുണ്ടെങ്കിൽ ശരിയെന്നു തനിക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങൾ അദ്ദേഹം തള്ളിപ്പറയണമത്രേ!
ഗലീലിയോ ഗലീലി എന്നായിരുന്നു ആ വൃദ്ധന്റെ പേര്. ഗലീലിയോ കേസ് എന്ന് വിളിച്ചുപോരുന്ന ആ സംഭവം, ഏതാണ്ട് 370 വർഷങ്ങൾക്കു ശേഷം നമ്മുടെ കാലത്തുപോലും ചർച്ചചെയ്യപ്പെടുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും വഴിമരുന്നിടുകയുണ്ടായി. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിൽ ഈ കേസ് ഒരു മായാത്ത മുദ്രതന്നെ പതിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരുന്നു ഇത് ഇത്രയധികം കോലാഹലം സൃഷ്ടിച്ചത്? നമ്മുടെ ആധുനിക യുഗത്തിൽ ഗലീലിയോ കേസ് ഒരിക്കൽക്കൂടി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു എഴുത്തുകാരൻ അതിനെ വിളിച്ചതുപോലെ, ഇതു വാസ്തവത്തിൽ “മതവും ശാസ്ത്രവും തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ” പ്രതീകമാണോ?
ഗണിത-ഭൗതിക-ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ “ആധുനിക ശാസ്ത്രത്തിന്റെ പിതാവ്” എന്ന് അറിയപ്പെടുന്നു. ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ദൂരദർശിനിയിലൂടെ താൻ കണ്ട കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് അക്കാലത്ത് ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്കു തിരികൊളുത്തിയിരുന്ന ഒരു ആശയത്തെ ഗലീലിയോ പിന്തുണച്ചു. ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണ്, തന്മൂലം പ്രപഞ്ചത്തിന്റെ കേന്ദ്രം നമ്മുടെ ഗ്രഹമല്ല എന്ന ആശയമായിരുന്നു അത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള ആധുനിക ശാസ്ത്ര പഠന സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന് ഗലീലിയോയെ ചിലപ്പോൾ പരാമർശിച്ചു കേൾക്കാറുള്ളതിൽ ഒട്ടും അതിശയിക്കാനില്ല.
ഗലീലിയോ അനാവരണം ചെയ്ത ചില ശാസ്ത്ര സത്യങ്ങളും അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളും എന്തൊക്കെയായിരുന്നു? വ്യാഴത്തിന് ചന്ദ്രന്മാരുണ്ടെന്നും ക്ഷീരപഥം നക്ഷത്രങ്ങളുടെ ഒരു സഞ്ചയമാണെന്നും ചന്ദ്രനിൽ പർവതങ്ങൾ ഉണ്ടെന്നും ശുക്രന് ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങളുണ്ടെന്നും തുടങ്ങി അനേകം കാര്യങ്ങൾ ജ്യോതിശ്ശാസ്ത്രജ്ഞനായ അദ്ദേഹം കണ്ടെത്തി. ഒരു ഭൗതികജ്ഞനും കൂടിയായിരുന്ന അദ്ദേഹം വസ്തുക്കളുടെ പതനത്തെ സംബന്ധിച്ച നിയമങ്ങളും പെൻഡുല ദോലന നിയമങ്ങളും ആവിഷ്കരിക്കുന്നതിന് ഗവേഷണങ്ങൾ നടത്തി. ഗണിതോപകരണമായ ജ്യാമിതീയ കോമ്പസ് പോലുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഹോളണ്ടിൽനിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ അദ്ദേഹം ഒരു ദൂരദർശിനി നിർമിച്ചു. അത് പ്രപഞ്ചജാലകം അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിട്ടു.
സഭാധ്യക്ഷന്മാരുമായുള്ള നീണ്ട ആശയസംഘട്ടനം വിശ്രുതനായ ഈ ശാസ്ത്രജ്ഞന്റെ ശിഷ്ടകാലം ഉദ്വേഗജനകവും സംഭവബഹുലവും ആക്കിത്തീർത്തു. ഗലീലിയോ കേസ് എന്നു പിൽക്കാലത്ത് അറിയപ്പെടാനിടയായ
ഈ സംഭവപരമ്പരയിലേക്കു നയിച്ചത് എന്തായിരുന്നു? എങ്ങനെയായിരുന്നു കുഴപ്പങ്ങൾ ആരംഭിച്ചത്?റോമുമായി തെറ്റുന്നു
സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണ് ചുറ്റുന്നത് എന്ന കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ 16-ാം നൂറ്റാണ്ടിന്റെ ഒടുവിൽത്തന്നെ ഗലീലിയോ പിന്താങ്ങിയിരുന്നു. സൗരകേന്ദ്രീയ വ്യവസ്ഥ (heliocentric system) എന്നും ഇത് അറിയപ്പെടുന്നു. മുമ്പു നിരീക്ഷിക്കപ്പെടാത്ത ആകാശഗോളങ്ങളെ കണ്ടെത്താൻ 1610-ൽ ദൂരദർശിനി ഉപയോഗിച്ചു നടത്തിയ അന്വേഷണത്തോടെ സൗരകേന്ദ്രീയ വാദം ശരിയാണെന്നുള്ളതിന് അവിതർക്കിതമായ തെളിവു തനിക്കു ലഭിച്ചിരിക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
ഗ്രാൻഡെ ഡിറ്റ്സ്യോനാറിയോ എൻചിക്ലോപെഡികോ പറയുന്ന പ്രകാരം ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങൾകൊണ്ടു തൃപ്തിപ്പെട്ടില്ല. കോപ്പർനിക്കസിന്റെ സിദ്ധാന്തം ശരിയാണെന്ന് “അക്കാലത്തെ ഉന്നത ശ്രേണിയിൽ പെട്ടവരെ (രാജകുടുംബാംഗങ്ങളെയും കർദിനാളന്മാരെയും)” ബോധ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. സ്വാധീനശക്തിയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ സഭയുടെ എതിർപ്പുകളെ തരണം ചെയ്യാൻ മാത്രമല്ല അതിന്റെ പിന്തുണ നേടാനും തനിക്കു സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഗലീലിയോ 1611-ൽ റോമിൽ ചെന്ന് ഉന്നതസ്ഥാനീയരായ വൈദികരെ നേരിൽ കണ്ട് സംസാരിച്ചു. തന്റെ ജ്യോതിശ്ശാസ്ത്ര കണ്ടെത്തലുകൾ അദ്ദേഹം തന്റെ ദൂരദർശിനിയിലൂടെ അവർക്കു കാണിച്ചു കൊടുത്തു. എന്നാൽ അദ്ദേഹം കണക്കുകൂട്ടിയതുപോലെ കാര്യങ്ങൾ നീങ്ങിയില്ല. 1616 ആയപ്പോഴേക്കും അദ്ദേഹം ഔദ്യോഗിക നിരീക്ഷണത്തിൻ കീഴിലായി.
സൗരകേന്ദ്രീയ വാദം “തത്ത്വശാസ്ത്രപരമായി അബദ്ധജടിലവും പരിഹാസ്യവും ആചാരപ്രകാരം പാഷണ്ഡപരവും” ആണെന്ന് റോമൻ മതവിചാരണ സഭയിലെ ദൈവശാസ്ത്രജ്ഞർ വിധിയെഴുതി. “വിശുദ്ധതിരുവെഴുത്തുകളുടെ അക്ഷരീയ അർഥത്തോടും അവയുടെ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വ്യാഖ്യാനത്തോടും സഭാ പിതാക്കന്മാരുടെയും ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും ഗ്രാഹ്യത്തോടും അത് പലഭാഗത്തും സ്പഷ്ടമായി കടകവിരുദ്ധമാണ്” എന്നതായിരുന്നു അവർ അതിനു നൽകിയ കാരണം.
“പാഷണ്ഡി മർദകൻ” എന്ന മറുപേരു വീണ, അക്കാലത്തെ അഗ്രഗണ്യനായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായി കരുതപ്പെട്ടിരുന്ന കർദിനാൾ റോബർട്ട് ബെല്ലാർമിനുമായി ഗലീലിയോ കൂടിക്കാഴ്ച നടത്തി. സൗരകേന്ദ്രീയ വ്യവസ്ഥയെ കുറിച്ചുള്ള സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് ബെല്ലാർമിൻ ഔദ്യോഗികമായി ഗലീലിയോയെ താക്കീതു ചെയ്തു.
മതകോടതിയിൽ വിചാരണ നേരിടുന്നു
ഗലീലിയോ വിവേകപൂർവം പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിന് താൻ നൽകിയ പിന്തുണ അദ്ദേഹം പിൻവലിച്ചില്ല. 17 വർഷങ്ങൾക്കു ശേഷം 1633-ൽ മതകോടതിയിൽ ഗലീലിയോ വിചാരണയെ നേരിട്ടു. കർദിനാൾ ബെല്ലാർമിൻ അതിനോടകം മരിച്ചുപോയിരുന്നു. എന്നാൽ ഇപ്പോൾ ഗലീലിയോയുടെ പ്രധാന എതിരാളി, മുമ്പ് അദ്ദേഹത്തോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചിരുന്ന അർബൻ എട്ടാമൻ പാപ്പായായിരുന്നു. സോക്രട്ടീസിന്റെയും യേശുവിന്റെയും മറ്റും വിചാരണകളുടെ പട്ടികയിൽപ്പെടുത്താവുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധവും
അന്യായവുമായ വിചാരണകളിൽ ഒന്ന് എന്നാണ് എഴുത്തുകാർ ഇതിനെ വിളിച്ചിരിക്കുന്നത്.ഇത്തരമൊരു വിചാരണയ്ക്ക് കളമൊരുക്കിയത് എന്തായിരുന്നു? രണ്ട് മുഖ്യ ലോക വ്യവസ്ഥകളെപ്പറ്റി ഒരു സംവാദം (ഇംഗ്ലീഷ്) എന്നപേരിൽ ഗലീലിയോ ഒരു പുസ്തകം എഴുതി. ഫലത്തിൽ അത് സൗരകേന്ദ്രീയ വാദത്തെ അനുകൂലിക്കുന്നതായിരുന്നു. 1632-ൽ, കോടതി മുമ്പാകെ ഹാജരാകാൻ ഗ്രന്ഥകാരനോട് ആവശ്യപ്പട്ടു. എന്നാൽ എഴുപതിനോടടുത്തു പ്രായമുണ്ടായിരുന്ന രോഗഗ്രസ്തനായ ഗലീലിയോയ്ക്ക് പറഞ്ഞ സമയത്തു ഹാജരാകാൻ കഴിഞ്ഞില്ല. ബന്ദിയാക്കി കൊണ്ടുപോയി തടവിലാക്കും എന്ന ഭീഷണി നിമിത്തം തൊട്ടടുത്ത വർഷം അദ്ദേഹം റോമിലേക്കു യാത്രതിരിച്ചു. പാപ്പായുടെ ആജ്ഞയനുസരിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു. അദ്ദേഹത്തിന് മർദന ഭീഷണിയും നേരിട്ടു.
രോഗബാധിതനായ ആ വൃദ്ധൻ വാസ്തവത്തിൽ പീഡിപ്പിക്കപ്പെട്ടോ എന്നു വ്യക്തമല്ല. ഗലീലിയോയുടെ വിധിന്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം “ഉഗ്രമായ വിസ്താരത്തിന്” അദ്ദേഹം പാത്രമായി. ഇറ്റാലോ മെറേവൂ എന്ന ഇറ്റാലിയൻ നിയമ ചരിത്രകാരൻ അഭിപ്രായപ്പെടുന്നതനുസരിച്ച് പീഡനത്തെ കുറിക്കുന്നതിന് അക്കാലത്ത് ഉപയോഗിച്ചിരുന്ന സാങ്കേതിക സംജ്ഞയായിരുന്നു ഈ പ്രയോഗം. നിരവധി പണ്ഡിതന്മാർ ഈ വ്യാഖ്യാനത്തോടു യോജിക്കുന്നു.
എന്തായിരുന്നാലും, 1633 ജൂൺ 22-ന് ഒരു ഹാളിൽവെച്ച് മതവിചാരണസഭയിലെ അംഗങ്ങളുടെ മുമ്പാകെ ഗലീലിയോ കുറ്റവാളിയാണെന്ന് വിധിയെഴുതപ്പെട്ടു. “വിശുദ്ധവും ദിവ്യവുമായ തിരുവെഴുത്തുകൾക്കു വിരുദ്ധമായി, സൂര്യൻ . . .കിഴക്കുനിന്നു പടിഞ്ഞാറോട്ട് നീങ്ങുന്നില്ല, ഭൂമിയാണു നീങ്ങുന്നത്, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എന്നിങ്ങനെയുള്ള വ്യാജ പഠിപ്പിക്കലുകൾ വെച്ചുപുലർത്തുന്നതു നിമിത്തം” അദ്ദേഹം കുറ്റക്കാരനാണെന്ന് അവർ കണ്ടെത്തി!
ഗലീലിയോ ഒരു രക്തസാക്ഷിയാകാൻ ആഗ്രഹിച്ചില്ല, അതുകൊണ്ട് തന്റെ വിശ്വാസങ്ങൾ തള്ളിപ്പറയാൻ അദ്ദേഹം നിർബന്ധിതനായി. തന്റെ വിധി വായിച്ചുകേട്ടശേഷം പശ്ചാത്താപ ഭാവത്തോടെ ആ വൃദ്ധ ശാസ്ത്രജ്ഞൻ മുട്ടിന്മേൽനിന്ന് യഥാവിധി ഇങ്ങനെ ഉരുവിട്ടു: “മുമ്പു പരാമർശിച്ച അപരാധങ്ങളും സഭാവിരുദ്ധ ഉപദേശങ്ങളും [കോപ്പർനിക്കസ് സിദ്ധാന്തം], കൂടാതെ പരിപാവനമായ സഭയ്ക്കു വിരുദ്ധമായുള്ള മറ്റെല്ലാ അപരാധങ്ങളും പാഷണ്ഡചിന്തകളും മാർഗങ്ങളും ഞാൻ നിഷേധിക്കുന്നു, അവയെ ശപിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നു.”
കുറ്റസമ്മതം കഴിഞ്ഞതും നിലത്ത് അമർത്തിച്ചവിട്ടിക്കൊണ്ട്, “എങ്കിലും അത് കറങ്ങുന്നുണ്ട്!” എന്ന് ഗലീലിയോ പറഞ്ഞെന്നാണ് ഐതിഹ്യം. എന്നാൽ ഈ പ്രതിഷേധ പ്രകടനം സംബന്ധിച്ച് ആധികാരികമായ തെളിവുകൾ ഒന്നുമില്ല. തന്റെ കണ്ടുപിടിത്തങ്ങൾ നിഷേധിക്കേണ്ടിവന്നതു മുഖാന്തരമുണ്ടായ അപമാനഭാരം മരണംവരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു എന്നാണ് ഭാഷ്യകാരന്മാർ പറയുന്നത്. അദ്ദേഹത്തെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നെങ്കിലും, ജീവപര്യന്തം വീട്ടുതടങ്കലായി ശിക്ഷ ഇളവു ചെയ്യപ്പെട്ടു. കാലാന്തരത്തിൽ അന്ധനായിത്തീർന്ന അദ്ദേഹം തന്റെ ശിഷ്ടകാലം മിക്കവാറും ഏകാന്തതയിൽ കഴിച്ചുകൂട്ടി.
മതവും ശാസ്ത്രവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലോ?
മതവും ശാസ്ത്രവും ഒരുവിധത്തിലും പൊരുത്തപ്പെട്ടുപോകുകയില്ലെന്ന് ഗലീലിയോയുടെ അനുഭവം തെളിയിക്കുന്നതായി അനേകർ നിഗമനം ചെയ്തിരിക്കുന്നു. വാസ്തവത്തിൽ നൂറ്റാണ്ടുകളിൽ ഉടനീളം ഗലീലിയോ കേസ് ആളുകളെ മതത്തിൽനിന്ന് അകറ്റിയിട്ടുണ്ട്. മതം അതിന്റെ അടിസ്ഥാന സ്വഭാവം നിമിത്തം ശാസ്ത്രീയ പുരോഗതിക്ക് ഒരു ഭീഷണിയാണ് എന്ന് വിശ്വസിക്കാൻ അത് അനേകരെയും പ്രേരിപ്പിച്ചിരിക്കുന്നു. എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയാണോ?
അർബൻ എട്ടാമൻ പാപ്പായും റോമൻ മതവിചാരണ കോടതിയിലെ ദൈവശാസ്ത്രജ്ഞരും കോപ്പർനിക്കസ് സിദ്ധാന്തം ബൈബിൾ വിരുദ്ധമാണെന്നു വാദിച്ചുകൊണ്ട് അതിനെ പുച്ഛിക്കുകയും കുറ്റംചുമത്തുകയും ചെയ്തു എന്നത് ഒരു നഗ്നസത്യമാണ്. ഗലീലിയോ വിരോധികൾ, “സൂര്യാ, നീ . . . നിശ്ചലമായി നില്ക്കുക” എന്ന യോശുവയുടെ പ്രസ്താവനയെ അതിന്റെ അക്ഷരീയ അർഥത്തിൽ എടുക്കേണ്ടതാണെന്നു വിശ്വസിച്ചു. (യോശുവ 10:12, പി.ഒ.സി. ബൈബിൾ) എന്നാൽ ബൈബിൾ യഥാർഥത്തിൽ കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിന് വിരുദ്ധമാണോ? അല്ല എന്നതാണ് വാസ്തവം.
ശാസ്ത്രവും തിരുവെഴുത്തുകളുടെ തികച്ചും തെറ്റായ ഒരു വ്യാഖ്യാനവും തമ്മിലായിരുന്നു വൈരുദ്ധ്യം. പ്രശ്നത്തെ ഗലീലിയോ മനസ്സിലാക്കിയത് അങ്ങനെയായിരുന്നു. തന്റെ ഒരു വിദ്യാർഥിക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “തിരുവെഴുത്തുകൾ അപ്രമാദിത്വമുള്ളവയാണെങ്കിലും അതിന്റെ വ്യാഖ്യാതാക്കൾക്കും ഭാഷ്യകാരന്മാർക്കും പലവിധങ്ങളിൽ തെറ്റുപറ്റാം. അക്ഷരീയ അർഥത്തിൽ കടിച്ചുതൂങ്ങുന്നതാണ് കൂടെക്കൂടെ അവർ വരുത്തുന്ന വളരെ ഗൗരവമുള്ള ഒരു പിഴവ്.” ബൈബിൾ പഠനം ഗൗരവമായെടുക്കുന്ന ഏതൊരു വിദ്യാർഥിക്കും ഇതിനോടു യോജിക്കേണ്ടി വരും. a
എന്നാൽ ഗലീലിയോ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ബൈബിളും പ്രകൃതിയാകുന്ന പുസ്തകവും രചിച്ചത് ഒരേ ഗ്രന്ഥകാരനാണെന്നും തന്നിമിത്തം അവയൊരിക്കലും പരസ്പര വിരുദ്ധമായിരിക്കില്ല എന്നും അദ്ദേഹം വാദിച്ചു. എന്നാൽ, “എല്ലാ വ്യാഖ്യാതാക്കളും ദിവ്യനിശ്വസ്തതയിലാണ് സംസാരിക്കുന്നത് എന്ന് ഉറപ്പോടെ അവകാശപ്പെടാൻ” ആർക്കും സാധിക്കുകയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഫലത്തിൽ അത് സഭയുടെ ആധികാരിക വ്യാഖ്യാനങ്ങൾക്ക് എതിരെയുള്ള ഒരു വിമർശനമായിരുന്നു. അതായിരിക്കണം സഭയെ ചൊടിപ്പിച്ചതും റോമൻ മതവിചാരണ കോടതി അദ്ദേഹത്തെ കുറ്റംവിധിക്കുന്നതിലേക്കു നയിച്ചതും.
സഭയുടെ വിശേഷാധികാരങ്ങളിൽ കൈകടത്താൻ വെറുമൊരു അൽമായന് ഇത്ര ധൈര്യമോ? സഭാമേധാവികൾ ക്രുദ്ധിച്ചു.ഗലീലിയോ കേസ് ചൂണ്ടിക്കാണിച്ചുകൊണ്ട്, സഭയുടെയും പാപ്പായുടെയും അപ്രമാദിത്വം സംബന്ധിച്ച് നിരവധി പണ്ഡിതന്മാർ സംശയം ഉന്നയിച്ചിട്ടുണ്ട്. “ഗലീലിയോയുടെ കുറ്റവിധി” ഉൾപ്പെടെ “ഔദ്യോഗിക സഭാ പഠിപ്പിക്കലുകളിൽ” വന്ന “എണ്ണമറ്റ സ്പഷ്ടമായ” പിഴവുകൾ, അപ്രമാദിത്വമുണ്ടെന്ന സഭയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കിയിരിക്കുന്നു എന്ന് കത്തോലിക്ക ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യൂങ് എഴുതുന്നു.
ഗലീലിയോയ്ക്ക് കുറ്റവിമുക്തിയോ?
പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട് ഒരു വർഷത്തിനു ശേഷം 1979 നവംബറിൽ ജോൺ പോൾ രണ്ടാമൻ ഗലീലിയോയുടെ കേസ് പുനഃപരിചിന്തിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഗലീലിയോയ്ക്ക് “സഭയിലുണ്ടായിരുന്ന ആളുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും . . . കൊടിയ പീഡനം സഹിക്കേണ്ടിവന്നു” എന്ന് പാപ്പാ ഏറ്റുപറഞ്ഞു. 13 വർഷത്തിനു ശേഷം 1992-ൽ, അതേ പാപ്പാ നിയമിച്ച ഒരു കമ്മീഷൻ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ഗലീലിയോയുടെ സമകാലികരായിരുന്ന ചില ദൈവശാസ്ത്രജ്ഞന്മാർ . . . സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ ഭൗതിക ഘടന വിവരിക്കുന്ന തിരുവെഴുത്തുകളുടെ അക്ഷരീയമല്ലാത്ത ഗഹനമായ അർഥം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു.”
എന്നിരുന്നാലും, സൗരകേന്ദ്രീയ വാദത്തെ വിമർശിച്ചത് ദൈവശാസ്ത്രജ്ഞന്മാർ മാത്രമായിരുന്നില്ല എന്നതാണ് വാസ്തവം. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാ പഠിപ്പിക്കലിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽനിന്ന് ഗലീലിയോ വിട്ടുനിൽക്കണം എന്ന് കർക്കശമായി കൽപ്പിച്ചത് കേസിൽ ഒരു നിർണായക പങ്കുവഹിച്ച അർബൻ എട്ടാമൻ പാപ്പാതന്നെയായിരുന്നു. ആ ഉപദേശം വന്നത് ബൈബിളിൽനിന്ന് ആയിരുന്നില്ല. മറിച്ച്, ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടിലിന്റെ ഉപദേശം സഭ കടമെടുത്തതായിരുന്നു.
ആധുനികകാല കമ്മീഷൻ കേസ് സൂക്ഷ്മമായി പുനഃപരിചിന്തനം ചെയ്തശേഷം, ഗലീലിയോയുടെ കുറ്റവിധിയെ കുറിച്ചു പാപ്പാ പറഞ്ഞത് അത് “തിരക്കുകൂട്ടിയെടുത്ത നിർഭാഗ്യകരമായ ഒരു തീരുമാനം” ആയിപ്പോയി എന്നാണ്. ഒടുവിൽ ശാസ്ത്രജ്ഞൻ കുറ്റവിമുക്തനാക്കപ്പെട്ടോ? ഒരു എഴുത്തുകാരൻ പറയുന്നത് ഇങ്ങനെയാണ്: “ഗലീലിയോയെ കുറ്റവിമുക്തനാക്കുന്നതിനെ കുറിച്ച് ചിലയാളുകൾ പറയാറുണ്ട്. എന്നാൽ അതുതന്നെ യുക്തിരഹിതമായ ഒരു പ്രസ്താവനയാണ്. കാരണം ചരിത്രം കുറ്റംവിധിക്കുന്നത് ഗലീലിയോയെ അല്ല പിന്നെയോ സഭാ കോടതിയെയാണ്.” ചരിത്രകാരനായ ലൂയീജി ഫിർപോ ഇങ്ങനെ പറഞ്ഞു: “ആദ്യം പീഡിപ്പിച്ചിട്ട് പിന്നെ കുറ്റവിമുക്തരാക്കുന്നു എന്നു പറയാൻ പീഡകർക്കെന്ത് അവകാശം!”
“ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ”യാണ് ബൈബിൾ. (2 പത്രൊസ് 1:19) അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് തടയാൻ ഗലീലിയോ ശ്രമിച്ചു. എന്നാൽ സഭ നേർവിപരീതമാണ് ചെയ്തത്. മനുഷ്യ നിർമിതമായ ഒരു പാരമ്പര്യവിശ്വാസം ഉയർത്തിപ്പിടിച്ചുകൊണ്ട് വാസ്തവത്തിൽ അത് തിരുവചനത്തിന്മേൽ കരിവാരിത്തേച്ചു. (g03 4/22)
[അടിക്കുറിപ്പ്]
a സൂര്യൻ ആകാശത്ത് നിശ്ചലമായി നിൽക്കുന്നതിനെ കുറിച്ചുള്ള പരാമർശം ഒരു ശാസ്ത്രീയ വിശകലനമല്ല, മറിച്ച് ഭൂമിയിൽനിന്നു നോക്കിക്കാണുന്ന മനുഷ്യന്റെ കാഴ്ചപ്പാടിൽനിന്നുകൊണ്ടു നടത്തിയ ലളിതമായ ഒരു പ്രസ്താവനയാണ് എന്നു മനസ്സിലാക്കാൻ സത്യസന്ധനായ ഒരു വായനക്കാരന് ബുദ്ധിമുട്ടൊന്നുമില്ല. സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളും മറ്റും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ജ്യോതിശ്ശാസ്ത്രജ്ഞന്മാർ പോലും പലപ്പോഴും പറയാറുണ്ട്. അവ അക്ഷരീയമായി നമ്മുടെ ഭൂമിക്കുചുറ്റും കറങ്ങുകയാണെന്ന് അവരാരും അതുകൊണ്ട് അർഥമാക്കുന്നില്ല, പിന്നെയോ അവ ആകാശത്തിലൂടെ ചലിക്കുന്നതായി നമുക്കു തോന്നുന്നു എന്നേ അവർ ഉദ്ദേശിക്കുന്നുള്ളൂ.
[14-ാം പേജിലെ ചതുരം/ചിത്രം]
ഗലീലിയോയുടെ ജീവിതം
ഒരു ഫ്ളോറൻസുകാരന്റെ മകനായി 1564-ൽ പിസാ നഗരത്തിലാണ് ഗലീലിയോ ജനിച്ചത്. അവിടത്തെ സർവകലാശാലയിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു. എന്നാൽ വൈദ്യശാസ്ത്രത്തിൽ താത്പര്യം നഷ്ടപ്പെട്ട ഗലീലിയോ അത് ഉപേക്ഷിച്ചിട്ട് ഭൗതികശാസ്ത്രവും ഗണിതവും അഭ്യസിച്ചു. ഒടുവിൽ സർവകലാശാല ബിരുദങ്ങൾ ഒന്നും നേടാതെ 1585-ൽ അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. എന്നിരുന്നാലും, അക്കാലത്തെ പ്രശസ്തരായ ഗണിതശാസ്ത്രജ്ഞരുടെ മതിപ്പുനേടാൻ അദ്ദേഹത്തിനു സാധിച്ചു. പിസാ സർവകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകനായി അദ്ദേഹത്തിനു നിയമനം ലഭിച്ചു. പിതാവിന്റെ മരണശേഷം സാമ്പത്തിക പരാധീനതകൾ നിമിത്തം അദ്ദേഹത്തിനു പാദുവയിലേക്കു പോകേണ്ടിവന്നു. അവിടെ കൂടുതൽ വരുമാനമുള്ള ഒരു ഉദ്യോഗം അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. പാദുവ സർവകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം തലവനായി അദ്ദേഹം നിയമിതനായി.
പാദുവയിൽ ആയിരുന്ന 18 വർഷക്കാലത്ത് വെപ്പാട്ടിയായിരുന്ന ഒരു വെനീസുകാരി യുവതിയിൽ ഗലീലിയോയ്ക്ക് മൂന്നു കുട്ടികൾ ജനിച്ചു. 1610-ൽ ഗലീലിയോ ഫ്ളോറൻസിലേക്കു മടങ്ങി. അവിടെ അദ്ദേഹത്തിന്റെ സാമ്പത്തിക നില പിന്നെയും മെച്ചപ്പെട്ടതു നിമിത്തം ഗവേഷണത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പക്ഷേ വെനീസ് റിപ്പബ്ലിക്കിൽ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിനു നഷ്ടപ്പെട്ടു. ടസ്കനിയിലെ ഗ്രാൻഡ് ഡ്യൂക്ക് ഗലീലിയോയെ തന്റെ കൊട്ടാരത്തിലെ “മുഖ്യ തത്ത്വചിന്തകനും ഗണിതജ്ഞനു”മായി നിയമിച്ചു. മതവിചാരണ കോടതിയുടെ കുറ്റവിധിയെ തുടർന്ന് ഫ്ളോറൻസിൽ വീട്ടുതടങ്കലിൽ കഴിയുമ്പോൾ 1642-ൽ അദ്ദേഹം നിര്യാതനായി.
[കടപ്പാട്]
മൂല ഉറവിടങ്ങളുടെ ഗ്രന്ഥശേഖരം (ഇംഗ്ലീഷ്),വാല്യം VI, 1915 എന്ന പുസ്തകത്തിൽനിന്ന്
[12-ാം പേജിലെ ചിത്രം]
ഗലീലിയോയുടെ ദൂരദർശിനി —പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ല എന്ന് ഉറപ്പാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു
[കടപ്പാട്]
Scala/Art Resource, NY
[12-ാം പേജിലെ ചിത്രങ്ങൾ]
ഭൗമകേന്ദ്രീയ വ്യവസ്ഥ (ഭൂമി കേന്ദ്രമായുള്ളത്)
സൗരകേന്ദ്രീയ വ്യവസ്ഥ (സൂര്യൻ കേന്ദ്രമായുള്ളത്)
[കടപ്പാട്]
പശ്ചാത്തലം: © 1998 Visual Language
[11-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ചിത്രം: ചരിത്രകാരന്റെ ലോകചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്