വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതാ നോക്കൂ കരുത്തനായ നീർക്കുതിര!

അതാ നോക്കൂ കരുത്തനായ നീർക്കുതിര!

അതാ നോക്കൂ കരുത്ത​നായ നീർക്കു​തിര!

കെനിയയിലെ ഉണരുക! ലേഖകൻ

കെനി​യ​യി​ലെ വിസ്‌തൃ​ത​മായ മാസൈ മാറ വന്യജീ​വി സങ്കേത​ത്തി​ലെ വലിയ കുളം പോക്കു​വെ​യി​ലിൽ കുളിച്ചു നിൽക്കു​ക​യാണ്‌. പകലോൻ ചക്രവാ​ള​ത്തി​ലേക്കു മറയവേ വെള്ളത്തിൽ തങ്കത്തവി​ട്ടു​നി​റം പ്രതി​ഫ​ലി​ച്ചു കാണാം. അതാ, ഏതാനും അടി അപ്പുറ​ത്താ​യി, വരയൻകു​തി​ര​ക​ളു​ടെ​യും കുതി​ര​മാ​നു​ക​ളു​ടെ​യും പറ്റങ്ങൾ കുളത്തി​ന​ടു​ത്തേക്ക്‌ സാവകാ​ശം നടന്നു വരുന്നു. പെട്ടെന്ന്‌ എന്തോ കണ്ട്‌ ഭയന്നി​ട്ടെ​ന്ന​പോ​ലെ അവ നിശ്ചല​രാ​കു​ന്നു. കുളത്തി​ന്റെ ഓരം ചേർന്ന്‌ വലിയ ഉരുളൻപാറ കണക്കെ വെള്ളത്തിൽ പൊങ്ങി​ക്കി​ട​ക്കുന്ന ഒരു സാധന​ത്തിൽ അവയുടെ കണ്ണുകൾ ഉടക്കി നിൽക്കു​ക​യാണ്‌. ബഹളം​വെച്ച്‌ വെള്ളം അടിച്ചു കലക്കി​യ​ശേഷം ആ “ഉരുളൻകല്ല്‌” വെള്ളത്തി​ന​ടി​യി​ലേക്കു മറയുന്നു. ആ മൃഗങ്ങൾ നോക്കി​നി​ന്നത്‌ ഘോര​നായ ഒരു ജലജന്തു​വി​നെ​യാണ്‌. അത്‌ ഏതാ​ണെ​ന്നല്ലേ? സാക്ഷാൽ നീർക്കു​തിര.

കിഴക്കൻ ആഫ്രി​ക്ക​യി​ലെ കുളങ്ങ​ളി​ലും നദിക​ളി​ലും തടാക​ങ്ങ​ളി​ലും കണ്ടുവ​രുന്ന നീർക്കു​തി​ര​യ്‌ക്ക്‌ വലുപ്പ​ത്തിൽ ആന കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌. പൂർണ വളർച്ച​യെ​ത്തിയ നീർക്കു​തി​ര​യ്‌ക്ക്‌ 4 മീറ്ററി​ലേറെ നീളവും 4 ടണ്ണോളം ഭാരവും തോൾ വരെ 1.5 മീറ്റർ ഉയരവും കണ്ടേക്കാം. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘നദീഹയം’ നീർക്കു​തി​രയെ ആണ്‌ പരാമർശി​ക്കു​ന്നത്‌ എന്ന്‌ പൊതു​വേ കരുതി​പ്പോ​രു​ന്നു. ഈ കൂറ്റൻ മൃഗത്തിന്‌ “ചെമ്പു​കു​ഴൽപോ​ലെ​യും” “ഇരുമ്പ​ഴി​പോ​ലെ​യും” ഉള്ള അസ്ഥികൾ ഉള്ളതായി ബൈബിൾ വർണി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.—ഇയ്യോബ്‌ 40:15-18.

വീപ്പക്കു​റ്റി പോലുള്ള ശരീര​വും രോമ​മി​ല്ലാത്ത കട്ടികൂ​ടിയ ചർമവും ഉള്ള വികൃ​ത​രൂ​പി​യായ ഈ മൃഗം ഏതെങ്കി​ലും സൗന്ദര്യ മത്സരത്തി​നു പോയാൽ വിജയി​ക്കാൻ ഒരു സാധ്യ​ത​യു​മില്ല. കുറിയ കാലു​ക​ളാണ്‌ നീർക്കു​തി​ര​യു​ടേത്‌. ഇത്രയും വലിയ ഒരു ശരീരത്തെ താങ്ങി​നി​റു​ത്താൻ അവയ്‌ക്ക്‌ എങ്ങനെ കഴിയു​ന്നു എന്ന്‌ ആരും അതിശ​യി​ച്ചു​പോ​കും. എന്നാൽ തടിച്ചു കുറു​കിയ ആ കാലു​കൾക്കു ശക്തിയി​ല്ലെന്നു കരുത​രുത്‌. കരയി​ലൂ​ടെ നീർക്കു​തി​ര​യ്‌ക്ക്‌ മനുഷ്യ​നെ​ക്കാൾ വേഗത്തിൽ ഓടാൻ കഴിയും. വെള്ളത്തി​ലാ​ണെ​ങ്കിൽ ഒരു ചെറിയ തുഴവ​ള്ള​ത്തെ​യോ മോ​ട്ടോർബോ​ട്ടി​നെ പോലു​മോ കടത്തി​വെ​ട്ടാൻ അതിനു കഴിയു​മ​ത്രേ.

ജലജീ​വി​തം

നീർക്കു​തി​രകൾ സാമൂ​ഹ്യ​ജീ​വി​ക​ളാണ്‌. സാധാ​ര​ണ​ഗ​തി​യിൽ, പ്രബല​നായ ഒരു ആൺ നീർക്കു​തി​ര​യു​ടെ നേതൃ​ത്വ​ത്തിൽ 10 മുതൽ 15 വരെ അംഗങ്ങൾ അടങ്ങുന്ന പറ്റങ്ങളാ​യാണ്‌ അവ കഴിയു​ന്നത്‌. എന്നാൽ 150-ഓളം അംഗങ്ങ​ളുള്ള നീർക്കു​തിര പറ്റങ്ങ​ളെ​യും കാണാൻ കഴിഞ്ഞി​ട്ടുണ്ട്‌. കരയി​ലും വെള്ളത്തി​ലും ഒരു​പോ​ലെ വസിക്കാൻ കഴിയുന്ന ജീവി​ക​ളാണ്‌ നീർക്കു​തി​രകൾ. ജലാശ​യ​ങ്ങ​ളു​ടെ തീരത്ത്‌ തഴച്ചു വളർന്നു നിൽക്കുന്ന സസ്യങ്ങൾ തിന്നാൻ അവ കരയി​ലേക്കു വരും. ഏറെയും രാത്രി​യിൽ ആയിരി​ക്കും ഈ വരവ്‌. സാധാ​ര​ണ​ഗ​തി​യിൽ അവ ജലാശയം വിട്ട്‌ അധികം ദൂരേക്ക്‌ പോകാ​റില്ല. എങ്കിലും, വരൾച്ച​യുള്ള സമയത്ത്‌ ചില നീർക്കു​തി​രകൾ തീറ്റ തേടി പത്തു കിലോ​മീ​റ്റർ വരെ ദൂരം നടന്നു​പോ​യി​ട്ടു​ണ്ട​ത്രേ.

നീർക്കു​തി​ര​കൾ അവയുടെ ആവാസ​മേ​ഖ​ലകൾ അടയാ​ള​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ വ്യക്തമല്ല. വാൽ ഉപയോ​ഗിച്ച്‌ ചാണകം ചിതറി​ച്ചി​ടുന്ന വിചി​ത്ര​മായ ശീലം പെൺ നീർക്കു​തി​ര​കളെ ആകർഷി​ക്കാ​നോ പ്രതി​യോ​ഗി​യെ വിരട്ടാ​നോ ഉള്ള വിദ്യ​യാ​ണെന്ന്‌ ചിലർ കരുതു​ന്നു. ആക്രമി​ക്ക​പ്പെ​ടു​മ്പോൾ കുതി​രയെ പോലെ ചിനയ്‌ക്കുന്ന നീർക്കു​തിര പോര​ടി​ക്കു​മ്പോൾ മുക്കു​റ​യി​ടു​ക​യോ ഗർജി​ക്കു​ക​യോ ചെയ്യുന്നു. നീർക്കു​തി​രകൾ വെള്ളത്തിൽ മുങ്ങി​ക്കി​ട​ക്കു​മ്പോൾ പോലും അവയുടെ ഉച്ചത്തി​ലുള്ള മുക്കുറ ശബ്ദം കേൾക്കാൻ കഴിയും. പറ്റത്തിന്റെ മേധാ​വി​ത്വം വഹിക്കുന്ന നീർക്കു​തിര മൂ-മൂ-മൂ ശബ്ദം പുറ​പ്പെ​ടു​വി​ച്ചു​കൊ​ണ്ടാണ്‌ സ്വയം തിരി​ച്ച​റി​യി​ക്കു​ന്നത്‌.

നീർക്കു​തി​ര പകൽ മുഴു​വ​നും വെള്ളത്തിൽ കഴിച്ചു​കൂ​ട്ടു​ന്നു. ആ സമയത്ത്‌ അതിന്റെ ശരീരം ഭാഗി​ക​മാ​യോ പൂർണ​മാ​യോ വെള്ളത്തിൽ മുങ്ങി​ക്കി​ട​ക്കും. ഈ കിടപ്പി​നു പറ്റിയ​താണ്‌ ഈ തടിമാ​ടന്റെ ശരീരം. നീർക്കു​തിര, വെള്ളത്തി​ലും കരയി​ലും ജീവി​ക്കുന്ന മറ്റുചില ജീവി​കളെ പോലെ നീന്തൽ വിദഗ്‌ധ​നൊ​ന്നു​മ​ല്ലെ​ങ്കി​ലും 15 മിനിട്ടു വരെ വെള്ളത്തിൽ മുങ്ങി​ക്കി​ട​ക്കാൻ അതിനു കഴിയും! അതിന്റെ നാസാ​ര​ന്ധ്ര​ങ്ങ​ളും കണ്ണുക​ളും ചെവി​ക​ളും ഒരേ നിരപ്പി​ലാണ്‌ സ്ഥിതി​ചെ​യ്യു​ന്നത്‌. ഇതുമൂ​ലം ശരീര​ത്തി​ന്റെ ബാക്കി ഭാഗം മുഴു​വ​നും വെള്ളത്തി​ന​ടി​യി​ലാ​ക്കി കിടക്കാൻ അതിനു കഴിയു​ന്നു. വെള്ളത്തി​ന​ടി​യിൽ വെച്ചാണ്‌ നീർക്കു​തി​ര​യു​ടെ പല പ്രവർത്ത​ന​ങ്ങ​ളും അരങ്ങേ​റു​ന്നത്‌—പ്രണയ​സ​ല്ലാ​പ​ങ്ങ​ളും ഇണചേ​ര​ലും പോലും.

നീർക്കു​തി​ര​യു​ടെ ഗർഭകാ​ലം ഏതാണ്ട്‌ എട്ടു മാസമാണ്‌. ഒരു പ്രസവ​ത്തിൽ ഒരു കുഞ്ഞാണ്‌ പിറക്കു​ന്നത്‌. ജലാശ​യ​ത്തി​ലെ ആഴംകു​റഞ്ഞ ഭാഗത്തു​വെ​ച്ചാണ്‌ അത്‌ കുഞ്ഞു​ങ്ങളെ പ്രസവി​ക്കു​ന്നത്‌. കരയി​ലോ കാൽവ​ണ്ണ​യ്‌ക്കൊ​പ്പം വെള്ളമുള്ള ജലാശ​യ​ഭാ​ഗ​ത്തോ വെച്ച്‌ തള്ള കുഞ്ഞിനെ പാലൂ​ട്ടു​ന്നു. നല്ല കരു​ത്തൊ​ക്കെ ഉണ്ടെങ്കി​ലും കണ്ടുനിൽക്കു​ന്ന​വർക്ക്‌ അതിശയം തോന്നു​മാറ്‌ അത്ര ആർദ്ര​ത​യോ​ടെ​യാണ്‌ അത്‌ കുഞ്ഞി​നോട്‌ ഇടപെ​ടു​ന്നത്‌. അതേ, നീർക്കു​തിര ശിശു​പ​രി​പാ​ലനം ഗൗരവ​മാ​യി​ത്തന്നെ എടുക്കു​ന്നു. മുതു​കത്ത്‌ കുട്ടി​യെ​യും വെച്ചു​കൊണ്ട്‌ തള്ളനീർക്കു​തിര ജലപ്പര​പ്പി​ലൂ​ടെ സഞ്ചരി​ക്കുന്ന കാഴ്‌ച ഒന്നു കാണേ​ണ്ട​തു​ത​ന്നെ​യാണ്‌. കുഞ്ഞിനെ തള്ളയുടെ മുതു​ക​ത്തു​നി​ന്നെ​ങ്ങാ​നും മാറ്റാൻ ശ്രമി​ച്ചാ​ലു​ണ്ട​ല്ലോ, അപ്പോൾ കാണാം ശാന്ത​പ്ര​കൃ​ത​മു​ള്ള​താ​യി കാണ​പ്പെ​ടുന്ന ഈ ജന്തുവി​ന്റെ തനിനി​റം.

നീർക്കു​തി​ര​യു​ടെ ത്വക്ക്‌ ജലജീ​വി​ത​ത്തിന്‌ വളരെ യോജി​ച്ച​താണ്‌. അത്‌ കരയിൽ വരു​മ്പോൾ ത്വക്കിൽ കാര്യ​മായ ചില മാറ്റങ്ങൾ പ്രകട​മാ​കു​ന്നു. ത്വക്കി​ന​ടി​യി​ലെ ഗ്രന്ഥികൾ ലവണാം​ശം വളരെ​യ​ധി​കം ഉള്ള ചെമപ്പു കലർന്ന തവിട്ടു​നി​റ​ത്തി​ലുള്ള നേർത്ത ശ്ലേഷ്‌മം പുറ​പ്പെ​ടു​വി​ക്കു​ന്നു. ഇതിന്റെ പ്രത്യേക നിറം കാരണം, അകലെ​നി​ന്നു നോക്കു​മ്പോൾ നീർക്കു​തിര രക്തം വിയർക്കു​ക​യാ​ണെന്നു തോന്നും. എന്നിരു​ന്നാ​ലും ഈ ശ്ലേഷ്‌മ സ്രവം നീർക്കു​തി​ര​യു​ടെ ത്വക്കിനെ അത്‌ വെള്ളത്തി​ലാ​യി​രി​ക്കു​മ്പോ​ഴും കരയി​ലാ​യി​രി​ക്കു​മ്പോ​ഴും സംരക്ഷി​ക്കു​ന്നു. പുരാതന ആഫ്രിക്കൻ സമുദാ​യ​ക്കാർ നീർക്കു​തി​ര​യു​ടെ ചർമം നീളത്തിൽ കീറി​യെ​ടുത്ത്‌ എണ്ണയിൽ കുതിർത്തു വെച്ചിട്ട്‌ അവ കൂട്ടി​പ്പി​രി​ച്ചെ​ടുത്ത്‌ ഉണക്കി ചാട്ട ഉണ്ടാക്കു​മാ​യി​രു​ന്നു. ആരിലും ഭയം ജനിപ്പി​ച്ചി​രുന്ന ഈ ചാട്ട, ഭൂമിയെ ചൊല്ലി​യുള്ള കലഹങ്ങൾ ഉണ്ടാകു​മ്പോ​ഴാണ്‌ ആളുകൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌. a ഗ്‌ഷി​മെ​ക്കി​ന്റെ ജന്തു വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ ഊറയ്‌ക്കി​ട്ടു കഴിയു​മ്പോൾ—ഈ പ്രക്രി​യ​യ്‌ക്ക്‌ ആറു വർഷ​മെ​ങ്കി​ലും എടുക്കും—നീർക്കു​തി​ര​യു​ടെ ചർമം “പാറ​പോ​ലെ കട്ടിയു​ള്ള​താ​യി​ത്തീ​രും. മാത്രമല്ല അതിന്‌ നാലര സെന്റി​മീ​റ്റ​റോ​ളം കനവും ഉണ്ടാകും.”

ഹോ! അതിന്റെ കോട്ടു​വായ്‌ കണ്ടില്ലേ?

നീർക്കു​തി​ര​യു​ടെ ഏറ്റവും ശ്രദ്ധേ​യ​മായ ശരീര​ഭാ​ഗം അതിന്റെ വായ്‌ത​ന്നെ​യാണ്‌. അതിന്റെ ചുണ്ടു​കൾക്ക്‌ അര മീറ്റർ വീതി​യുണ്ട്‌. കരയി​ലാ​യി​രി​ക്കു​മ്പോൾ പുല്ലു തിന്നാ​നാ​യി നീർക്കു​തിര ഈ ചുണ്ടുകൾ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ, അത്‌ തീറ്റ തിന്നാൻ വേണ്ടി മാത്രമല്ല വായ്‌ ഉപയോ​ഗി​ക്കു​ന്നത്‌. വായ്‌ മലർക്കെ തുറക്കു​ന്നത്‌ അതിന്റെ അക്രമ​സ്വ​ഭാ​വ​ത്തി​ന്റെ ഭയപ്പെ​ടു​ത്തുന്ന ഒരു പ്രകട​ന​മാണ്‌. അതു​കൊണ്ട്‌ നീർക്കു​തിര അതിന്റെ താടി​യെ​ല്ലു​കൾ 150 ഡിഗ്രി തുറക്കു​മ്പോൾ അത്‌ വെറു​മൊ​രു കോട്ടു​വാ ആണെന്ന്‌ ആരും തെറ്റി​ദ്ധ​രി​ച്ചേ​ക്ക​രുത്‌. വിസ്‌തൃ​തി ഒന്നി​നൊ​ന്നു കുറഞ്ഞു​വ​രുന്ന ആവാസ​മേഖല സംരക്ഷി​ക്കാ​നുള്ള ശ്രമത്തിൽ എതിരാ​ളി​കൾ തമ്മിൽ പൊരിഞ്ഞ പോരാ​ട്ടങ്ങൾ നടത്താ​റുണ്ട്‌. മലർക്കെ തുറന്നി​രി​ക്കുന്ന അതിന്റെ വായി​ലേക്കു നോക്കി​യാൽ താഴത്തെ നിരയി​ലുള്ള കൂറ്റൻ കോമ്പ​ല്ലു​കൾ കാണാം. മോണ​യ്‌ക്കു വെളി​യിൽ കാണുന്ന ദന്തഭാ​ഗ​ത്തി​നു മാത്രം 30 വരെ സെന്റി​മീ​റ്റർ നീളം കണ്ടേക്കാം. സ്വയം സംരക്ഷി​ക്കാ​നുള്ള ആയുധ​ങ്ങ​ളാ​യി നീർക്കു​തിര ഇവ ഉപയോ​ഗി​ക്കു​ന്നു.

നീർക്കു​തി​ര​യു​ടെ വായ്‌ മറ്റു നീർക്കു​തി​ര​കൾക്കു മാത്രമല്ല, മനുഷ്യർക്കും അപകടം വരുത്തി​യേ​ക്കാം. നീർക്കു​തി​ര​യു​മാ​യി സമാധാ​ന​ത്തിൽ കഴിയാ​നുള്ള മനുഷ്യ​ന്റെ ശ്രമങ്ങ​ളെ​ല്ലാം നിഷ്‌ഫ​ല​മാ​യി​രി​ക്കു​ന്നു. അതിന്റെ ആവാസ​മേ​ഖ​ല​യോട്‌ കൂടുതൽ അടുത്തു​ചെ​ല്ലാൻ തുനി​യു​ന്ന​വരെ യാതൊ​രു പ്രകോ​പ​ന​വും കൂടാ​തെ​തന്നെ ഈ ജന്തു ആക്രമി​ക്കും. ഇനിയും, മുറി​വേറ്റ നീർക്കു​തി​ര​യ്‌ക്ക്‌ ശുണ്‌ഠി കൂടു​ത​ലാ​യി​രി​ക്കും. അങ്ങനെ​യു​ള്ള​പ്പോൾ അത്‌ നുഴഞ്ഞു​ക​യ​റ്റ​ക്കാ​രു​ടെ​മേൽ കൂടുതൽ ക്ഷതമേൽപ്പി​ച്ചേ​ക്കാം. കുപി​ത​നായ നീർക്കു​തിര കൂറ്റൻ താടി​യെ​ല്ലു​കൾ കൊണ്ട്‌ ബോട്ടു​കൾ തലകീ​ഴാ​യി മറിച്ചി​ടു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌.

നീർക്കു​തി​ര വെള്ളത്തി​ലെന്ന പോ​ലെ​തന്നെ കരയി​ലും അക്രമാ​സ​ക്ത​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മേയുന്ന ഒരു നീർക്കു​തി​ര​യ്‌ക്കും ജലാശ​യ​ത്തി​നും ഇടയി​ലാ​യി​രി​ക്കു​ന്നത്‌ അങ്ങേയറ്റം അപകട​ക​ര​മാണ്‌. ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ നീർക്കു​തി​രകൾ ഗ്രാമ​വാ​സി​കളെ ആക്രമി​ച്ചി​ട്ടുണ്ട്‌. ജലാശ​യ​ത്തി​ലേ​ക്കുള്ള അവയുടെ വഴി അവർ മുഖാ​ന്തരം തടസ്സ​പ്പെ​ട്ട​താ​ണു കാരണം. മനുഷ്യ​രി​ലും മറ്റു മൃഗങ്ങ​ളി​ലും ഭയം ജനിപ്പി​ക്കുന്ന നീർക്കു​തി​ര​യോട്‌ അങ്ങേയറ്റം സൂക്ഷിച്ച്‌ വേണം ഇടപെ​ടാൻ.

നീർക്കു​തിര അതിജീ​വി​ക്കു​മോ?

കരയിൽ ഒറ്റയ്‌ക്കു മേയുന്ന ഒരു നീർക്കു​തിര സിംഹ​ങ്ങ​ളു​ടെ ആക്രമ​ണ​ത്തിന്‌ ഇരയാ​യേ​ക്കാം. എന്നിരു​ന്നാ​ലും, നീർക്കു​തി​ര​യു​ടെ നിലനിൽപ്പിന്‌ ഏറ്റവും ഭീഷണി ഉയർത്തുന്ന ശത്രു മനുഷ്യ​നാണ്‌. “നീർക്കു​തി​ര​ക​ളു​ടെ എണ്ണവും അവ വസിക്കുന്ന പ്രദേ​ശ​ത്തി​ന്റെ വിസ്‌തൃ​തി​യും വളരെ​യ​ധി​കം കുറഞ്ഞു​പോ​കാൻ മനുഷ്യർ ഇടയാ​ക്കി​യി​രി​ക്കു​ന്നു” എന്ന്‌ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു. “നായാ​ട്ടു​കാർ ഒട്ടേറെ നീർക്കു​തി​ര​കളെ കൊ​ന്നൊ​ടു​ക്കി​യി​രി​ക്കു​ന്നു. കൃഷി​ക്കാർ നീർക്കു​തി​ര​ക​ളു​ടെ വാസസ്ഥാ​ന​ങ്ങ​ളാ​യി​രുന്ന പല പ്രദേ​ശ​ങ്ങ​ളും കൃഷി​യി​ട​ങ്ങ​ളാ​ക്കി മാറ്റി​യി​രി​ക്കു​ന്നു.”

അതേ, നീർക്കു​തി​ര​യു​ടെ ആവാസ മേഖല​യി​ലേ​ക്കുള്ള മനുഷ്യ​ന്റെ കടന്നു​ക​യറ്റം ഒരു ചെറിയ പ്രദേ​ശത്ത്‌ ഒതുങ്ങി​ക്കൂ​ടാൻ അതിനെ നിർബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ന്നു. ഇത്‌ അതിന്റെ സ്വതന്ത്ര വിഹാ​ര​ത്തി​നും പ്രജനന രീതി​കൾക്കും തടസ്സം സൃഷ്ടി​ച്ചി​രി​ക്കു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ മനുഷ്യ​നും മൃഗത്തി​നും ഇടയിൽ ഉണ്ടായി​രി​ക്കേ​ണ്ട​തായ ശരിയായ സന്തുലനം പുനഃ​സ്ഥാ​പി​ക്കു​മെന്ന്‌ സ്രഷ്ടാവ്‌ വാഗ്‌ദാ​നം ചെയ്യുന്നു. ഫലമോ? പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഭൗമിക പറുദീ​സ​യിൽ “ഒരു ദോഷ​മോ നാശമോ ആരും” ചെയ്യു​ക​യില്ല.—യെശയ്യാ​വു 11:9. (g03 5/08)

[അടിക്കു​റിപ്പ്‌]

a നീർക്കുതിരയ്‌ക്ക്‌ സ്വാഹി​ലി ഭാഷയിൽ കിബോ​ക്കോ എന്നാണ്‌ പറയു​ന്നത്‌. “ചാട്ട” എന്നാണ്‌ ആ വാക്കിന്റെ അർഥം.

[25-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Elizabeth DeLaney/Index Stock Photography