ചികിത്സയുടെ വെല്ലുവിളി
ചികിത്സയുടെ വെല്ലുവിളി
“ഗുരുതരമല്ല എന്നു പറയാവുന്ന തരത്തിലുള്ള പ്രമേഹം ഇല്ല, എല്ലാം ഗുരുതരമാണ്.”—ആൻ ഡാലി, അമേരിക്കൻ ഡയബറ്റിസ് അസ്സോസിയേഷൻ.
“നിങ്ങളുടെ രക്തപരിശോധന കാണിക്കുന്നത് നിങ്ങൾക്കു ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. നിങ്ങൾ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതുണ്ട്.” ഡോക്ടറുടെ വാക്കുകൾ കേട്ട് ഡെബോര ഇടിവെട്ടേറ്റ പോലെ ഇരുന്നുപോയി. “ലബോറട്ടറിക്കാർക്ക് എന്തെങ്കിലും പിശകു പറ്റിയതായിരിക്കും, എനിക്കു രോഗം വരാൻ യാതൊരു സാധ്യതയുമില്ല എന്ന് രാത്രി മുഴുവൻ ഞാൻ സ്വയം വിശ്വസിപ്പിച്ചുകൊണ്ടിരുന്നു,” അവൾ പറയുന്നു.
അനേകരെയും പോലെ, ഡെബോരയും വിചാരിച്ചിരുന്നത് താൻ സാമാന്യം ആരോഗ്യവതിയാണ് എന്നാണ്. അതുകൊണ്ട്, അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന രോഗലക്ഷണങ്ങളെ അവൾ അവഗണിച്ചു. അമിതമായ ദാഹം അനുഭവപ്പെട്ടപ്പോഴൊക്കെ അവൾ വിചാരിച്ചത്, താൻ കഴിച്ചുകൊണ്ടിരിക്കുന്ന അലർജിക്കുള്ള മരുന്നിന്റെ പാർശ്വഫലമാണ് അത് എന്നാണ്. കൂടെക്കൂടെ മൂത്രശങ്ക അനുഭവപ്പെട്ടപ്പോൾ, താൻ ധാരാളം വെള്ളം കുടിക്കുന്നതുകൊണ്ടായിരിക്കും അതെന്ന് അവൾ കരുതി. ക്ഷീണം തോന്നിയപ്പോഴോ? കൊള്ളാം, ജോലിക്കാരിയായ ഏത് അമ്മയ്ക്കാണ് ക്ഷീണം തോന്നാത്തത്?
പക്ഷേ, ഇതിന്റെയെല്ലാം പിന്നിൽ മറഞ്ഞിരുന്ന വില്ലൻ, പ്രമേഹം ആണെന്നു രക്തപരിശോധനയിൽ തെളിഞ്ഞു. പരിശോധനാ ഫലം അംഗീകരിക്കാൻ ഡെബോരയ്ക്കു ബുദ്ധിമുട്ടായിരുന്നു. “എന്റെ രോഗത്തെപ്പറ്റി ഞാൻ ആരോടും പറഞ്ഞില്ല,” അവൾ പറയുന്നു. “രാത്രി, വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഞാൻ ഇരുട്ടത്തിരുന്നു കരയും.” തങ്ങൾക്കു പ്രമേഹം ഉണ്ടെന്നു മനസ്സിലാക്കുമ്പോൾ ഡെബോരയെപ്പോലെ ചിലർക്കു വികാരങ്ങളുടെ തിരത്തള്ളൽ അനുഭവപ്പെടുന്നു, വിഷാദവും കോപവും എല്ലാം. “യാഥാർഥ്യത്തെ അംഗീകരിക്കാനാവാതെ ഒരു കാലഘട്ടം മുഴുവൻ ഞാൻ കരഞ്ഞുകരഞ്ഞ് കഴിച്ചുകൂട്ടി” എന്നു കാരെൻ പറയുന്നു.
ഇത്തരം സ്ഥിതിവിശേഷങ്ങളോടുള്ള സ്വാഭാവിക പ്രതികരണങ്ങളാണ് ഇവയൊക്കെ. എന്നിരുന്നാലും, പിന്തുണ ലഭിച്ചാൽ പ്രമേഹമുള്ളവർക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയും. “എന്റെ യഥാർഥ അവസ്ഥ അംഗീകരിക്കാൻ എന്റെ നഴ്സ് എന്നെ സഹായിച്ചു” എന്നു കാരെൻ പറയുന്നു. “കരയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് അവർ എന്നോടു പറഞ്ഞു. വികാരങ്ങൾ കണ്ണീരിലൂടെ അലിയിച്ചുകളഞ്ഞത് എന്റെ അവസ്ഥയുമായി പൊരുത്തപ്പെടാൻ എന്നെ സഹായിച്ചു.”
ഇതു ഗുരുതരമായിരിക്കുന്നതിന്റെ കാരണം
“ജീവന്റെ എഞ്ചിനുതന്നെ സംഭവിക്കുന്ന തകരാറ്” ആണ് പ്രമേഹം എന്നു പറയപ്പെട്ടിരിക്കുന്നു. അങ്ങനെ പറയാൻ കാരണമുണ്ട്. ഗ്ലൂക്കോസിനെ ശരീരാവശ്യങ്ങൾക്കു വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, ചില ജീവത്പ്രധാന പ്രവർത്തനങ്ങൾതന്നെ നിലച്ചുപോകും. ചിലപ്പോൾ ജീവൻ അപകടത്തിലായെന്നും വരാം. “പ്രമേഹം നിമിത്തം നേരിട്ടു മരണം സംഭവിക്കുന്നില്ല” എന്ന് ഡോ. ഹാർവി കാറ്റ്സെഫ് പറയുന്നു. “ആളുകൾ മരിക്കുന്നത്, ഇതിന്റെ ചുവടുപിടിച്ചെത്തുന്ന മറ്റു രോഗങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും നിമിത്തമാണ്. അവ തടയുന്നതിൽ നാം മിടുക്കരാണ്, എന്നാൽ ഒരിക്കൽ അവ ഉണ്ടായാൽ അതു ചികിത്സിക്കുന്നതിലാണു നാം പിന്നോക്കം നിൽക്കുന്നത്.” a
പ്രമേഹരോഗികൾക്ക് പ്രതീക്ഷയ്ക്കു വകയുണ്ടോ? തീർച്ചയായും—അവർ ഈ ക്രമക്കേടിന്റെ ഗൗരവം മനസ്സിലാക്കി ചികിത്സാ നടപടികൾക്കു വിധേയരാകുന്നെങ്കിൽ മാത്രം. b
ഭക്ഷണക്രമവും വ്യായാമവും
ടൈപ്പ് 1 പ്രമേഹം തടയാൻ കഴിയുന്ന ഒന്നല്ല. എങ്കിലും, അതു വരാൻ ഇടയാക്കുന്ന പാരമ്പര്യ ഘടകങ്ങളെ പറ്റി ശാസ്ത്രജ്ഞന്മാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയായ “ഓട്ടോ ഇമ്മ്യൂണിറ്റി” വികാസം പ്രാപിക്കുന്നത് തടയാനുള്ള മാർഗങ്ങളും അവർ ആരായുന്നു. (8-ാം പേജിലെ “ഗ്ലൂക്കോസിന്റെ ധർമം” എന്ന ചതുരം കാണുക) “ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ പ്രതീക്ഷയ്ക്കു വകയുണ്ട്” എന്ന് c
പ്രമേഹം—നിങ്ങളുടെ വികാരങ്ങളെയും ആരോഗ്യത്തെയും പരിപാലിക്കൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “പാരമ്പര്യമായി പ്രമേഹം കൈമാറിക്കിട്ടാൻ സാധ്യതയുള്ള അനേകരും, സന്തുലിതമായ ഒരു ഭക്ഷണക്രമത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും തൂക്കം നിയന്ത്രിച്ചുകൊണ്ട് തങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു. അവരിൽ ഈ രോഗത്തിന്റെ യാതൊരു ലക്ഷണവും ഇല്ല.”ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ വ്യായാമത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന ഒരു പഠന റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. “അൽപ്പനേരത്തെ ശാരീരിക അധ്വാനം മൂലം, 24 മണിക്കൂറിൽ അധികം സമയത്തേക്ക്, ഇൻസുലിൻ കടത്തിവിടുന്ന ഗ്ലൂക്കോസിനെ ശരീരകോശങ്ങൾ ആഗിരണം ചെയ്യുന്ന പ്രക്രിയ വർധിക്കുന്നു” എന്ന് സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ വിപുലമായ ഈ പഠനം വെളിപ്പെടുത്തുന്നു. അതുകൊണ്ട് റിപ്പോർട്ട് ഇപ്രകാരം ഉപസംഹരിക്കുന്നു: “നടത്തം, ഊർജസ്വലമായ പ്രവർത്തനം എന്നിവ, സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ അപകട സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നു.” അതുകൊണ്ട്, ആഴ്ചയിൽ എല്ലാ ദിവസവും അല്ലെങ്കിൽ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിട്ട് മിതമായ തോതിൽ ശാരീരികാധ്വാനം ചെയ്യാൻ ഗവേഷകർ ശുപാർശ ചെയ്യുന്നു. ഈ വ്യായാമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ലളിതമായ ഒന്നാണു നടത്തം. അത്, “ഏറ്റവും മെച്ചവും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഒരു വ്യായാമമാണ്” എന്ന് അമേരിക്കൻ ഡയബറ്റിസ് അസ്സോസിയേഷൻ കംപ്ലീറ്റ് ഗൈഡ് റ്റു ഡയബറ്റിസ് പറയുന്നു.
എന്നിരുന്നാലും, പ്രമേഹരോഗികൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ആയിരിക്കണം വ്യായാമം ചെയ്യേണ്ടത്. അതിന്റെ ഒരു കാരണം, പ്രമേഹത്തിനു രക്തപര്യയന വ്യവസ്ഥയെയും നാഡികളെയും തകരാറിലാക്കാൻ കഴിയും എന്നതാണ്. അതു രക്തചംക്രമണത്തെയും സ്പർശനപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട്, കാലിലെ ഒരു ചെറിയ പോറൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം. ക്രമേണ അത് പഴുത്തു വ്രണമാകാൻ സാധ്യതയുണ്ട്. തത്സമയം ചികിത്സിച്ചില്ലെങ്കിൽ കാൽ മുറിച്ചു മാറ്റേണ്ടതായും വരും. d
എന്നിരുന്നാലും, ക്രമമായ വ്യായാമംകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. “ക്രമമായ വ്യായാമത്തിന്റെ പ്രയോജനങ്ങളെപ്പറ്റി ഗവേഷകർ കൂടുതൽ പഠിക്കുന്തോറും അതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർക്കു ലഭിക്കുന്നു” എന്ന് എഡിഎ കംപ്ലീറ്റ് ഗൈഡ് പറയുന്നു.
ഇൻസുലിൻ ചികിത്സ
പ്രത്യേക ഭക്ഷണക്രമവും വ്യായാമമുറകളും പിൻപറ്റുന്നതു കൂടാതെ പ്രമേഹരോഗികളിൽ പലർക്കും, ദിവസവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പരിശോധിക്കുകയും ദിവസത്തിൽ പലതവണ ഇൻസുലിൻ കുത്തിവെക്കുകയും ചെയ്യേണ്ടതുണ്ട്. ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ ചിലർക്ക് ഭക്ഷണക്രമത്തിലൂടെയും ക്രമമായ വ്യായാമത്തിലൂടെയും ആരോഗ്യം മെച്ചപ്പെടുത്താനും കുറച്ചുകാലത്തേക്ക് എങ്കിലും ഇൻസുലിൻ ചികിത്സ നിറുത്തിവെക്കാനും കഴിഞ്ഞിട്ടുണ്ട്. e ടൈപ്പ് 1 പ്രമേഹമുള്ള കാരെൻ പറയുന്നത്, അവളിൽ കുത്തിവെക്കുന്ന ഇൻസുലിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനു വ്യായാമം സഹായിച്ചിട്ടുണ്ട് എന്നാണ്. ഫലമോ? ദിവസവും ആവശ്യമായ ഇൻസുലിന്റെ അളവ് 20 ശതമാനം കുറയ്ക്കാൻ അവൾക്കു കഴിഞ്ഞിരിക്കുന്നു.
ഇൻസുലിൻ എടുക്കേണ്ടത് ആവശ്യമായി വരുന്നെങ്കിൽ, രോഗി അതോർത്തു വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല. “ഇൻസുലിൻ എടുക്കേണ്ടിവരുന്നത് നിങ്ങളുടെ ഭാഗത്തെ ഏതെങ്കിലും ന്യൂനത നിമിത്തമല്ല” എന്നു നിരവധി പ്രമേഹരോഗികളെ പരിചരിച്ചിട്ടുള്ള നഴ്സായ മേരി ആൻ പറയുന്നു. “നിങ്ങളുടേത് ഏതുതരത്തിലുള്ള പ്രമേഹം ആയിരുന്നാലും ശരി, രക്തത്തിലെ പഞ്ചസാര ശ്രദ്ധാപൂർവം നിയന്ത്രിക്കുന്നത്, പിന്നീട് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.” രക്തത്തിലെ പഞ്ചസാരയുടെ അളവു കർശനമായി നിയന്ത്രിച്ച ടൈപ്പ് 1 പ്രമേഹം ഉള്ളവർക്ക്, “പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗം, വൃക്കരോഗം, നാഡീരോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത അതിശയകരമാംവിധം കുറവാണ്” എന്ന് അടുത്ത കാലത്തെ പഠനങ്ങൾ തെളിയിക്കുന്നു. ഉദാഹരണത്തിന്, കാചപടല വൈകല്യത്തിന്റെ (കണ്ണിലെ റെറ്റിനയെ ബാധിക്കുന്ന ഒരു രോഗം) അപകട സാധ്യത 76 ശതമാനം കുറഞ്ഞു! രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കർശനമായി നിയന്ത്രിക്കുന്നപക്ഷം ടൈപ്പ് 2 പ്രമേഹം ഉള്ളവർക്കും സമാനമായ പ്രയോജനങ്ങൾ ആസ്വദിക്കാൻ കഴിയും.
ഇൻസുലിൻ ചികിത്സ എളുപ്പമാക്കുന്നതിനും കുത്തിവെപ്പിന്റെ വേദന കുറയ്ക്കുന്നതിനും സിറിഞ്ചുകളിലും അതുപോലെ ഇന്ന് അത്യധികം ഉപയോഗത്തിലുള്ള ഇൻസുലിൻ പേനകളിലും അതിസൂക്ഷ്മമായ സൂചികളാണ് ഉള്ളത്. അവ അസ്വാസ്ഥ്യം വളരെ കുറയ്ക്കുന്നു. “ആദ്യത്തെ കുത്തിവെപ്പാണ് പലപ്പോഴും അരോചകം” എന്ന് മേരി ആൻ പറയുന്നു. “പിന്നെപ്പിന്നെ കുത്തിവെക്കുമ്പോൾ തങ്ങൾ ഒന്നും അറിയുന്നില്ല എന്നാണു രോഗികൾ പറയുന്നത്.” ഇവയ്ക്കു പുറമേ, വേദന ഇല്ലാതെ തൊലിക്കുള്ളിലേക്കു സൂചി കയറ്റാൻ കഴിയുന്ന ഇൻജക്റ്ററുകൾ ഉണ്ട്. തൊലിയിലൂടെ ഇൻസുലിൻ അതിവേഗത്തിൽ കയറ്റുന്ന ജെറ്റ് ഇൻജക്റ്ററാണ് മറ്റൊന്ന്. കൂടാതെ ഇൻസുലിൻ ഇൻഫ്യൂസറുകളും ഉണ്ട്. ഇതിൽ, ഒരു കത്തീറ്റർ സൂചി ഉപയോഗിച്ച് ഉദരത്തിലോ മറ്റ് എവിടെയെങ്കിലുമോ ഒരു ഇൻഫ്യൂഷൻ ട്യൂബ് കടത്തിവെക്കുകയും അതിലൂടെ ഇൻസുലിൻ നൽകുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ദിവസത്തേക്ക് ഈ ട്യൂബ് മാറ്റേണ്ടതുമില്ല. പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന പേജറിന്റെ വലുപ്പത്തിലുള്ള ഒരുതരം ഇൻസുലിൻ പമ്പ് ഇന്നു പ്രചാരം സിദ്ധിച്ചു വരുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന ഈ ഉപകരണം കൃത്യമായ അളവിൽ ശരീരത്തിന്റെ ദിവസേനയുള്ള ആവശ്യമനുസരിച്ച്, തൊലിക്കടിയിലേക്കു കടത്തിവെച്ചിരിക്കുന്ന ട്യൂബിലൂടെ ഇൻസുലിൻ പ്രദാനം ചെയ്തുകൊണ്ടിരിക്കും. ശരിയായ അളവിലും സൗകര്യപ്രദമായും ഇൻസുലിൻ
ശരീരത്തിൽ പ്രവേശിപ്പിക്കാൻ ഈ ഉപകരണം സഹായിക്കുന്നു.പഠിച്ചുകൊണ്ടിരിക്കുക
ഇത്രയെല്ലാം പരിചിന്തിച്ചെങ്കിലും, പ്രമേഹത്തിന് ഒരു ഒറ്റമൂലി ഇല്ല. ഏതു ചികിത്സ തിരഞ്ഞെടുക്കണം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഓരോ വ്യക്തിയും കുറേയേറെ കാര്യങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്. “ഏതെങ്കിലും ചികിത്സകരിൽനിന്നു നിങ്ങൾക്കിപ്പോൾ വൈദ്യസഹായം ലഭിക്കുന്നുണ്ടായിരിക്കുമെങ്കിലും, ചികിത്സയുടെ ഗതി നിർണയിക്കുന്നത് നിങ്ങൾതന്നെയാണ്” എന്ന് മേരി ആൻ പറയുന്നു. ഡയബറ്റിസ് കെയർ എന്ന ജേർണൽ ഇപ്രകാരം പറയുന്നു: “സ്വയം കാര്യങ്ങൾ നിർവഹിക്കാനുള്ള ബോധവത്കരണം ക്രമീകൃതമായി നൽകാതെ പ്രമേഹത്തിനു ചികിത്സിക്കുന്നത് നിലവാരമില്ലാത്തതും സദാചാരശൂന്യവുമായ ഒരു പ്രവൃത്തിയായിരിക്കും.”
പ്രമേഹമുള്ളവർ തങ്ങളുടെ രോഗത്തെ കുറിച്ച് എത്രയധികം മനസ്സിലാക്കുന്നുവോ അത്രധികമായി അവർക്കു തങ്ങളുടെ ആരോഗ്യം പരിപാലിക്കാനും കൂടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും. ഫലപ്രദമായ ബോധവത്കരണം നേടുന്നതിനു ക്ഷമ ആവശ്യമാണ്. പ്രമേഹം—നിങ്ങളുടെ വികാരങ്ങളെയും ആരോഗ്യത്തെയും പരിപാലിക്കൽ എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “എല്ലാം ഒറ്റയടിക്കു പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ആകെ കുഴയും, വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും നിങ്ങൾക്കു കഴിയില്ല. മാത്രമല്ല, നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ എല്ലാ വിവരങ്ങളും പുസ്തകങ്ങളിലോ ലഘുലേഖകളിലോ കണ്ടെന്നുവരില്ല. അറിയേണ്ടത് ഇതാണ് . . . ദിനചര്യകൾക്ക് അനുസരിച്ച് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ വ്യത്യാസപ്പെടുന്നു. കുറച്ചു കാലംകൊണ്ടേ അതു മനസ്സിലാക്കാൻ കഴിയൂ. അതും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മാത്രം.”
ഉദാഹരണത്തിന്, സമ്മർദത്തോടു നിങ്ങളുടെ ശരീരം പ്രതികരിക്കുന്നവിധം ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെ നിങ്ങൾ പഠിക്കുന്നു. സമ്മർദത്തിനു നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പൊടുന്നനെ വർധിപ്പിക്കാൻ കഴിയും. “പ്രമേഹരോഗവുമായി ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് 50 വർഷമായി, എന്റെ ശരീരം എന്നോട് എന്താണു പറയുന്നതെന്ന് എനിക്കറിയാം,” കെൻ പറയുന്നു. ശരീരം പറയുന്നതു “ശ്രദ്ധിക്കുന്നത്” കെന്നിനു വളരെ പ്രയോജനം ചെയ്തിട്ടുണ്ട്. 70 വയസ്സു പിന്നിട്ടെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും മുഴുസമയ ജോലിയിൽ ഏർപ്പെടാൻ കഴിയുന്നു!
കുടുംബ പിന്തുണയുടെ പ്രാധാന്യം
പ്രമേഹരോഗത്തിന്റെ ചികിത്സയിൽ അവഗണിക്കരുതാത്ത ഒരു ഘടകമുണ്ട്. അതാണു കുടുംബത്തിന്റെ പിന്തുണ. കുട്ടികളിലും ചെറുപ്പക്കാരിലും ഉള്ള പ്രമേഹത്തെ നിയന്ത്രിക്കുന്നതിലെ “ഏറ്റവും സവിശേഷമായ ഘടകം പരസ്പര സ്നേഹവും സഹകരണവുമുള്ള ഒരു കുടുംബാന്തരീക്ഷമാണ്” എന്ന് ഒരു ഉറവിടം പറയുന്നു.
കുടുംബാംഗങ്ങൾ പ്രമേഹത്തെ കുറിച്ചു നന്നായി പഠിക്കുന്നതും രോഗിയോടൊപ്പം മാറിമാറി ആശുപത്രിയിൽ പോകുന്നതും പ്രയോജനകരമാണ്. കാര്യങ്ങൾ സംബന്ധിച്ച അറിവുണ്ടെങ്കിൽ പിന്തുണ നൽകാനും രോഗലക്ഷണങ്ങൾ തിരിച്ചറിയാനും അതിനോടു മെച്ചമായി പ്രതികരിക്കാനും കുടുംബാംഗങ്ങൾക്കു കഴിയും. നാലു വയസ്സുമുതൽ ടൈപ്പ് 1 പ്രമേഹം ഉണ്ടായിരുന്ന തന്റെ ഭാര്യ ബാർബറായെ കുറിച്ച് ടെഡ് ഇങ്ങനെ പറയുന്നു: “ബാർബറായുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു തീരെ താഴുന്നത് എനിക്കു കൃത്യമായി പറയാൻ കഴിയും. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അവൾ പെട്ടെന്നു നിറുത്തും, ധാരാളം വിയർക്കും, ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടും. കാര്യങ്ങൾ ചെയ്യുന്നതു മന്ദഗതിയിലാകും.”
സമാനമായി, കെൻ വിളറുന്നതും നിശ്ശബ്ദനായിരിക്കുന്നതും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും കാണുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാതറീൻ ഒരു നിസ്സാര കണക്ക് ചെയ്യാൻ കൊടുക്കുന്നു. ആ ചോദ്യത്തിന് ഉത്തരം കാണാനാകാതെ കെൻ ഉഴലുമ്പോൾ അവൾക്കു മനസ്സിലാകും, ഉടൻതന്നെ താൻ നിർണായക നടപടികൾ സ്വീകരിക്കേണ്ടതാണെന്ന്. തങ്ങളെ അടുത്തറിയുന്ന, സ്നേഹിക്കാനും ആശ്രയിക്കാനും കൊള്ളാവുന്ന വിവാഹപങ്കാളികളെ ലഭിച്ചതിൽ കെന്നും ബാർബറായും ആഴമായ വിലമതിപ്പുള്ളവരാണ്. f
സ്നേഹധനരായ കുടുംബാംഗങ്ങൾ രോഗിയെ പിന്തുണയ്ക്കാനും ദയയോടെ ഇടപെടാനും ക്ഷമ കാണിക്കാനും ശ്രമിക്കേണ്ടതാണ്. ഇത്തരം അഭികാമ്യമായ ഗുണങ്ങൾ തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ രോഗിയെ സഹായിക്കും. എന്തിന്, ചിലപ്പോൾ അത് അയാളുടെ രോഗാവസ്ഥ മെച്ചപ്പെടാൻതന്നെ ഇടയാക്കിയേക്കാം. കാരെന്റെ ഭർത്താവ്, അവളെ താൻ സ്നേഹിക്കുന്നു എന്ന് ഉറപ്പുനൽകി, അതിനു മികച്ച ഫലം ഉണ്ടായി. കാരെൻ ഇപ്രകാരം പറയുന്നു: “നൈജൽ എന്നോട് ഇങ്ങനെ പറഞ്ഞു, ‘ജീവൻ നിലനിറുത്താൻ ആളുകൾ ഭക്ഷണവും വെള്ളവും കഴിക്കുന്നു. അതുപോലെ തന്നെ നിനക്കും ഭക്ഷണവും വെള്ളവും ആവശ്യമാണ്, കൂടെ ഒരൽപ്പം ഇൻസുലിനും.’ ഈ ഹൃദ്യമായ വാക്കുകൾതന്നെയായിരുന്നു എനിക്കു വേണ്ടിയിരുന്നതും.”
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം സംഭവിക്കുമ്പോൾ രോഗിക്കു ഭാവവ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനസ്സിലാക്കുകയും വേണം. “രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ തികച്ചും നിശ്ശബ്ദയാകും. എനിക്കു വല്ലായ്മ തോന്നും, പെട്ടെന്നു കോപവും നിരാശയും വരും” എന്ന് ഒരു സ്ത്രീ പറയുന്നു. അവർ തുടരുന്നു, “ഇത്ര ബാലിശമായി പെരുമാറിയതിയതിൽ എനിക്ക് അസ്വസ്ഥത തോന്നും. എന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, എങ്കിലും ഞാൻ അങ്ങനെയെല്ലാം പെരുമാറുന്നതിനു പിന്നിലുള്ള കാരണങ്ങൾ മറ്റുള്ളവർ മനസ്സിലാക്കുന്നു എന്നറിയുന്നത് എനിക്കാശ്വാസമാണ്.”
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെങ്കിൽ പ്രമേഹത്തെ വിജയകരമായി നേരിടാൻ രോഗികൾക്കു സാധിക്കും. ബൈബിൾ തത്ത്വങ്ങളും സഹായകമായിരിക്കും. എങ്ങനെ? (g03 5/08)
[അടിക്കുറിപ്പുകൾ]
a ഹൃദ്രോഗം, പക്ഷാഘാതം, വൃക്കകളുടെ പ്രവർത്തനത്തകരാറ്, പെരിഫെറൽ വാസ്കുലർ ഡിസീസ് (കൈപ്പത്തികളിലെയും കാൽപ്പാദങ്ങളിലെയും ധമനികളെയും സിരകളെയും ബാധിക്കുന്ന രോഗങ്ങൾ), ഞരമ്പുകൾക്കു സംഭവിക്കുന്ന തകരാറ് എന്നിവയാണ് പ്രമേഹം മൂലമുണ്ടാകുന്ന ഗുരുതരപ്രശ്നങ്ങൾ. കാൽപ്പാദങ്ങളിലേക്ക് ആവശ്യത്തിനു രക്തം പ്രവഹിക്കുന്നില്ലെങ്കിൽ വ്രണങ്ങൾ ഉണ്ടാകുന്നു. ഇത്തരം വ്രണങ്ങൾ കരിയാതെ വരുമ്പോൾ പഴുപ്പു ബാധിച്ച അവയവം മുറിച്ചു മാറ്റേണ്ടതായി വരുന്നു. പ്രമേഹം മിക്കപ്പോഴും മുതിർന്നവരിൽ അന്ധതയ്ക്കും ഇടയാക്കുന്നു.
b ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാവിധി ശുപാർശ ചെയ്യുന്നില്ല. തങ്ങൾക്കു പ്രമേഹം ഉണ്ട് എന്നു സംശയം തോന്നുന്നവർ, പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും പരിചയസമ്പന്നനായ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
c ഉദരഭാഗത്ത് അമിതകൊഴുപ്പ് അടിഞ്ഞുകൂടുന്നത് അരക്കെട്ടിലെ ദുർമേദസ്സിനെക്കാൾ അപകടകരമായേക്കാം.
d പുകവലിക്കാരായ പ്രമേഹരോഗികളുടെ കാര്യത്തിൽ അപകട സാധ്യത കൂടുതലാണ്. അവരുടെ ഈ ദുശ്ശീലം രക്തപര്യയന വ്യവസ്ഥയെയും ഹൃദയത്തെയും തകരാറിലാക്കുന്നു, ഞരമ്പുകളുടെ വ്യാസം കുറയാൻ ഇടയാക്കുന്നു. പ്രമേഹം നിമിത്തം അവയവങ്ങൾ മുറിച്ചുകളയേണ്ടിവരുന്നവരിൽ 95 ശതമാനവും പുകവലിക്കാരാണ് എന്ന് ഒരു പരാമർശ ഗ്രന്ഥം പറയുന്നു.
e ചില പ്രമേഹരോഗികളുടെ കാര്യത്തിൽ, ഗുളികകൾ സഹായകമെന്നു തെളിഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് ഇൻസുലിൻ സ്രവിപ്പിക്കാൻ ആഗ്നേയഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു, മറ്റു ചിലത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. വേറെ ചിലത്, കോശങ്ങൾ ഇൻസുലിൻ ആഗിരണം ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുന്ന പ്രവണതയെ കുറയ്ക്കുന്നു. (ടൈപ്പ് 1 പ്രമേഹമുള്ളവർക്ക്, വായിലൂടെ കഴിക്കുന്ന മരുന്നുകൾ സാധാരണ ശുപാർശ ചെയ്യാറില്ല) ഇന്നുള്ള ഇൻസുലിൻ വായിലൂടെ കഴിക്കാൻ പറ്റിയതല്ല. കാരണം, അതു രക്തത്തിൽ എത്തുന്നതിനു മുമ്പുതന്നെ ദഹന പ്രക്രിയ അതിനെ വിഘടിപ്പിക്കും. ഇൻസുലിന്റെയോ ഗുളികകളുടെയോ ഉപയോഗം യാതൊരു പ്രകാരത്തിലും വ്യായാമത്തിന്റെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും ആവശ്യത്തെ ഇല്ലാതാക്കുന്നില്ല.
f ചികിത്സാരംഗത്തുള്ളവർ പറയുന്നത്, പ്രമേഹരോഗികൾ എല്ലായ്പോഴും തിരിച്ചറിയിക്കൽ കാർഡ് കൊണ്ടുനടക്കേണ്ടത് അനിവാര്യമാണ് എന്നാണ്. അല്ലെങ്കിൽ, ഇതു ധരിച്ചിരിക്കുന്ന ആൾ പ്രമേഹരോഗിയാണ് എന്നു വ്യക്തമാക്കുന്ന വിവരങ്ങൾ എഴുതിയ ആഭരണങ്ങൾ ധരിക്കാവുന്നതാണ്. ഒരു അപകടസന്ധിയിൽ ഇത്തരം രേഖകൾക്കു ജീവൻ രക്ഷിക്കാൻ കഴിയും. കാരണം, രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്നത് മറ്റുചില രോഗത്താലോ മദ്യലഹരിയാലോ ആണെന്ന് ഒരുപക്ഷേ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
[6-ാം പേജിലെ ചതുരം/ചിത്രം]
യുവജനങ്ങളെയും ബാധിക്കുന്ന രോഗമോ?
പ്രമേഹം ഇന്ന് “യുവജനങ്ങളുടെ രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്” എന്ന് ന്യൂയോർക്കിലുള്ള മൗണ്ട് സൈനായ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രമുഖ അന്തഃസ്രാവ വിജ്ഞാന വിദഗ്ധനും ഉപദേഷ്ടാവുമായ ഡോ. ആർതർ റൂബെൻസ്റ്റൈൻ പറയുന്നു. പ്രമേഹം പിടിപെടുന്ന ശരാശരി പ്രായം കുറഞ്ഞുകുറഞ്ഞു വരുന്നു. ടൈപ്പ് 2 പ്രമേഹത്തെ കുറിച്ചു പരാമർശിക്കവേ, “40 വയസ്സിൽ താഴെയുള്ളവരിൽ ഈ രോഗം കാണുകയില്ല എന്നു പത്തുവർഷം മുമ്പ് ഞങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികളെ പഠിപ്പിച്ചിരുന്നു” എന്ന് പ്രമേഹരോഗ വിദഗ്ധയായ ഡോ. റോബിൻ എസ്. ഗോല്ലൻഡ് പറയുന്നു. “ഇന്ന്, 10 വയസ്സിനു താഴെ ഉള്ളവരിലും ഈ രോഗം കാണുന്നു.”
യുവജനങ്ങൾക്കിടയിൽ പ്രമേഹരോഗം വർധിക്കാനുള്ള കാരണം എന്താണ്? ചിലപ്പോഴൊക്കെ ജനിതക ഘടകങ്ങൾ ഒരു കാരണമാകുന്നുണ്ട്. എന്നാൽ തൂക്കവും ചുറ്റുപാടുകളും അതിൽ ഒരു പങ്കു വഹിക്കുന്നു. കഴിഞ്ഞ 20 വർഷം കൊണ്ട് അമിത തൂക്കമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായി. എന്താണ് കാരണം? “കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് ആളുകളുടെ ഭക്ഷണശീലങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും എല്ലാം വലിയ മാറ്റം ഉണ്ടായിരിക്കുന്നു” എന്ന് യുഎസ്-ലെ, രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ഉള്ള കേന്ദ്രത്തിലെ ഡോ. വില്യം ഡിറ്റ്സ് പറയുന്നു. “പുറത്തുനിന്ന് ആഹാരം കഴിക്കുന്നത്, പ്രഭാതഭക്ഷണം തുടർച്ചയായി മുടക്കുന്നത്, ലഘുപാനീയങ്ങളും ഫാസ്റ്റ് ഫുഡും ധാരാളമായി കഴിക്കുന്നത്, സ്കൂളുകളിൽ വേണ്ടത്ര കായിക വിദ്യാഭ്യാസപരിപാടികൾ ഇല്ലാത്തത്, പഠനത്തിന് ഇടയ്ക്ക് ആവശ്യത്തിന് ഇടവേള ലഭിക്കാത്തത് എല്ലാം ഇതിൽ ഉൾപ്പെടുന്നു.”
ഒരിക്കൽ പ്രമേഹം പിടിപെട്ടാൽ അതിൽനിന്നു പൂർണവിമോചനമില്ല. അതുകൊണ്ട്, പ്രമേഹരോഗിയായ ഒരു കൗമാരപ്രായക്കാരന്റെ ജ്ഞാനപൂർവകമായ ഉപദേശത്തിനു ചെവികൊടുക്കുക: “പോഷകഗുണം തീരെയില്ലാത്ത സാധനങ്ങൾ കഴിക്കുന്നതു നിറുത്തുക, ആരോഗ്യമുള്ളവർ ആയിരിക്കുക.”
[8, 9 പേജുകളിലെ ചതുരം/ചിത്രം]
ഗ്ലൂക്കോസിന്റെ ധർമം
ശരീരത്തിലെ ശതസഹസ്രകോടിക്കണക്കിനു വരുന്ന കോശങ്ങളുടെ ഊർജ സ്രോതസ്സ് ആണു ഗ്ലൂക്കോസ്. ഗ്ലൂക്കോസിന് കോശങ്ങളിലേക്കുള്ള “വാതിൽ തുറന്നു”കൊടുക്കുന്നത്, ആഗ്നേയഗ്രന്ഥി സ്രവിപ്പിക്കുന്ന ഒരു രാസപദാർഥമായ ഇൻസുലിനാണ്. ടൈപ്പ് 1 പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ ഇൻസുലിൻ തീരെ കുറവായിരിക്കും. ടൈപ്പ് 2 പ്രമേഹം ഉള്ളവരുടെ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, മിക്കപ്പോഴും അത് വേണ്ടത്ര കാണില്ല. g മാത്രമല്ല, കോശങ്ങൾ ഇൻസുലിനെ ആഗിരണം ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്കാണ് ഇൻസുലിൻ പ്രതിരോധം എന്നു പറയുന്നത്. മേൽപ്പറഞ്ഞ രണ്ടുതരം പ്രമേഹത്തിന്റെയും ഫലം ഒന്നുതന്നെയാണ്: കോശങ്ങൾക്ക് ആവശ്യത്തിനു ഗ്ലൂക്കോസ് ലഭിക്കാതെ വരുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം ഉയരുന്നു.
ടൈപ്പ് 1 പ്രമേഹമുള്ള ഒരു വ്യക്തിയുടെ പ്രതിരോധവ്യവസ്ഥ, ആഗ്നേയഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങളെ ആക്രമിക്കുന്നു. ഇത്തരം പ്രമേഹത്തിൽ, ശരീരം അതിന്റെതന്നെ കോശങ്ങളോടോ കലയോടോ യുദ്ധം ചെയ്യുന്നതുകൊണ്ട് ചിലപ്പോഴൊക്കെ ഇതിനെ പ്രതിരോധവ്യവസ്ഥയുടെ പ്രേരണയാൽ ഉണ്ടാകുന്ന പ്രമേഹം എന്നു വിളിക്കാറുണ്ട്. വൈറസുകളും വിഷാംശമുള്ള രാസവസ്തുക്കളും ചില മരുന്നുകളുമൊക്കെ പ്രതിരോധവ്യവസ്ഥയുടെ ഈ പ്രതികരണത്തിനു കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നു. ജനിതക ഘടനയും ഒരു പങ്കുവഹിച്ചേക്കാം. കാരണം ടൈപ്പ് 1 പ്രമേഹം സാധാരണഗതിയിൽ
പാരമ്പര്യമായി കണ്ടുവരാറുണ്ട്. വെള്ളക്കാർക്കിടയിൽ അതു വളരെ സാധാരണമാണ്.ടൈപ്പ് 2 പ്രമേഹം പാരമ്പര്യമായി കണ്ടുവരുന്നത് കൂടുതലും വെള്ളക്കാർ അല്ലാത്തവരുടെ ഇടയിലാണ്. അതായത് ഓസ്ട്രേലിയൻ ആദിവാസികൾക്കിടയിലും സ്വദേശികളായ അമേരിക്കക്കാർക്ക് ഇടയിലും മറ്റും. ലോകത്തിൽ ഏറ്റവും കൂടുതൽ, ടൈപ്പ് 2 പ്രമേഹരോഗികൾ ഉള്ളത് സ്വദേശികളായ അമേരിക്കക്കാരുടെ ഇടയിലാണ്. പാരമ്പര്യ ഘടകവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്. h അതുപോലെ, പാരമ്പര്യമായിത്തന്നെ ഇൻസുലിൻ പ്രതിരോധം ഉണ്ടാകാൻ സാധ്യതയുള്ള ആളുകളിൽ, അമിത കൊഴുപ്പ് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുന്നത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ടൈപ്പ് 1 പ്രമേഹത്തിൽനിന്നു വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതു പ്രധാനമായും 40 വയസ്സു കഴിഞ്ഞവരിലാണ്.
[അടിക്കുറിപ്പുകൾ]
g പ്രമേഹരോഗികളിൽ ഏതാണ്ട് 90 ശതമാനത്തിനും ടൈപ്പ് 2 പ്രമേഹമാണുള്ളത്. മുമ്പ് ഇതിനെ “ഇൻസുലിൻ ആശ്രിതമല്ലാത്ത പ്രമേഹം” (non-insulin dependent) അല്ലെങ്കിൽ “മുതിർന്നവരിൽ ഉണ്ടാകുന്ന” പ്രമേഹം എന്നു വിളിച്ചിരുന്നു. എന്നിരുന്നാലും, ഈ വിശേഷണങ്ങൾ ഇപ്പോൾ ഇതിനു യോജിക്കുന്നില്ല. കാരണം, ടൈപ്പ് 2 പ്രമേഹം ഉള്ളവരുടെ ഏതാണ്ട് 40 ശതമാനത്തിനും ഇൻസുലിൻ വേണ്ടിവരുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹം ഉണ്ടെന്നു തെളിയുന്ന യുവജനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇവരിൽ കൗമാരത്തിലേക്കു പ്രവേശിച്ചിട്ടില്ലാത്തവർ പോലും ഉണ്ട്.
h ഒരാളുടെ ശരീരഭാരം ആവശ്യമായിരിക്കുന്നതിലും 20 ശതമാനം കൂടുതലാണെങ്കിൽ അതിനെയാണു പൊണ്ണത്തടി എന്നു പറയുന്നത്.
[ചിത്രം]
ഗ്ലൂക്കോസ് തന്മാത്ര
[കടപ്പാട്]
Courtesy: പസിഫിക് നോർത്ത്വെസ്റ്റ് നാഷണൽ ലബോറട്ടറി
[9-ാം പേജിലെ ചതുരം]
ആഗ്നേയഗ്രന്ഥിയുടെ ധർമം
ഏതാണ്ട് ഒരു വാഴപ്പഴത്തിന്റെ അത്രയും വലുപ്പമുള്ള ആഗ്നേയഗ്രന്ഥി ഉദരത്തിനു പിന്നിലായാണു സ്ഥിതിചെയ്യുന്നത്. ദി അൺഒഫീഷ്യൽ ഗൈഡ് റ്റു ലിവിങ് വിത്ത് ഡയബറ്റിസ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ആരോഗ്യമുള്ള ആഗ്നേയഗ്രന്ഥി അതിവിശിഷ്ടമായ വിധത്തിൽ, കൃത്യതയോടെ അതിന്റെ ധർമം നിർവഹിക്കുന്നു. രക്തത്തിൽ കൂടിയും കുറഞ്ഞും നിൽക്കുന്ന ഗ്ലൂക്കോസിന്റെ അളവു ക്രമീകരിക്കാൻ ആവശ്യമായത്ര ഇൻസുലിൻ അത് ദിവസം മുഴുവനും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.” ആഗ്നേയഗ്രന്ഥിയിലെ ബീറ്റാകോശങ്ങളാണ് ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉറവിടങ്ങൾ.
ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ബീറ്റാകോശങ്ങൾക്കു കഴിയാതെ വരുമ്പോൾ, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു വർധിക്കുന്നു. ഇതിനെ ഹൈപ്പർഗ്ലൈസീമിയ എന്നു പറയുന്നു. നേരെ വിപരീതം സംഭവിക്കുന്നതിനെ—രക്തത്തിലെ പഞ്ചസാരയുടെ അളവു സാധാരണയിലും കുറഞ്ഞുപോകുന്നതിനെ—ഹൈപ്പോഗ്ലൈസീമിയ എന്നും പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ക്രമീകരിക്കുന്നതിൽ ആഗ്നേയഗ്രന്ഥിയെപ്പോലെ കരളും ഒരു പങ്കുവഹിക്കുന്നുണ്ട്. കരൾ, അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി സംഭരിച്ചുവെക്കുന്നു. പിന്നീട് ആഗ്നേയഗ്രന്ഥിയുടെ നിർദേശപ്രകാരം, അത് ഗ്ലൈക്കോജനെ തിരികെ ഗ്ലൂക്കോസാക്കി മാറ്റിക്കൊണ്ടു ശരീരത്തിന്റെ ഉപയോഗത്തിനായി ലഭ്യമാക്കുന്നു.
[9-ാം പേജിലെ ചതുരം/ചിത്രം]
പഞ്ചസാരയുടെ ധർമം
പഞ്ചസാര അധികം കഴിച്ചാൽ പ്രമേഹം പിടിപെടും എന്നൊരു മിഥ്യാധാരണ പൊതുവേ ഉണ്ട്. എന്നാൽ, കഴിക്കുന്ന പഞ്ചസാരയുടെ അളവ് എത്രയായിരുന്നാലും, തൂക്കം കൂടുന്നത് പാരമ്പര്യമായി ഈ രോഗം ഉണ്ടാകാനിടയുള്ള വ്യക്തികളിൽ അപകട സാധ്യത വർധിപ്പിക്കുന്നു എന്ന് ചികിത്സാരംഗത്തെ ചില തെളിവുകൾ കാണിക്കുന്നു. എന്നിരുന്നാലും, പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പഞ്ചസാരയിൽ പോഷകങ്ങൾ തീരെ കുറവാണ്. മാത്രമല്ല അതു പൊണ്ണത്തടിക്ക് ഇടയാക്കുകയും ചെയ്യും.
പ്രമേഹരോഗികൾക്കു പഞ്ചസാരയോട് അമിതമായ ആഗ്രഹം തോന്നുമെന്നുള്ള അബദ്ധ ധാരണയും നിലവിലുണ്ട്. വാസ്തവത്തിൽ, മറ്റാളുകൾക്കു മധുരത്തോടുള്ള അതേ താത്പര്യമാണ് ഇവർക്കും ഉള്ളത്. പ്രമേഹം നിയന്ത്രിക്കാത്തപക്ഷം അതു വിശപ്പുണ്ടാക്കും, എന്നാൽ അതു കേവലം പഞ്ചസാരയ്ക്കുവേണ്ടിയുള്ളത് ആയിരിക്കണം എന്നില്ല. പ്രമേഹം ഉള്ളവർക്കും മധുരം കഴിക്കാം. പക്ഷേ അവരുടെ മൊത്തം ആഹാരക്രമത്തിനു ചേർച്ചയിലായിരിക്കണം അത്.
അടുത്തകാലത്തെ പഠനങ്ങൾ കാണിക്കുന്നത്, പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിനു കാരണമാകുന്നു എന്നാണ്. മാത്രമല്ല അതു മൃഗങ്ങളിൽപ്പോലും—അവയുടെ തൂക്കം എത്രയായിരുന്നാലും—പ്രമേഹമുണ്ടാക്കുന്നു.
[8, 9 പേജുകളിലെ രേഖാചിത്രങ്ങൾ/ചിത്രങ്ങൾ]
ലളിതമായി പറഞ്ഞാൽ എന്താണ് പ്രമേഹം?
ആഗ്നേയഗ്രന്ഥി
↓ ↓ ↓
ആരോഗ്യമുള്ള വ്യക്തിയിൽ ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ
ഭക്ഷണം കഴിച്ചുകഴിയുമ്പോൾ, ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന മിക്ക കേസുകളിലും
രക്തത്തിൽ അടങ്ങിയിരിക്കുന്ന ആഗ്നേയഗ്രന്ഥിയിലെ ബീറ്റാകോശങ്ങളെ ആഗ്നേയഗ്രന്ഥി
ഗ്ലൂക്കോസിന്റെ അളവു വർധിക്കുന്നു. ശരീരത്തിലെ പ്രതിരോധവ്യവസ്ഥതന്നെ കുറഞ്ഞതോതിൽ
ഉടനെ ആവശ്യത്തിന് ഇൻസുലിൻ ആക്രമിക്കുന്നു. തത്ഫലമായി മാത്രമേ ഇൻസുലിൻ
സ്രവിപ്പിച്ചുകൊണ്ട് ആഗ്നേയഗ്രന്ഥി ഇൻസുലിൻ ഉത്പാദനം ഉത്പാദിപ്പിക്കുന്നുള്ളൂ
പ്രതികരിക്കുന്നു നടക്കാതിരിക്കുന്നു.
↓ ↓ ↓
ഇൻസുലിൻ തന്മാത്രകൾ ഇൻസുലിന്റെ സഹായമില്ലാതെ ഗ്രാഹികളുടെ പ്രതികരണം
പേശീകോശങ്ങളിലെയും ഗ്ലൂക്കോസ് തന്മാത്രകൾക്കു മന്ദഗതിയിലാണെങ്കിൽ,
മറ്റുകോശങ്ങളിലെയും പേശീകോശങ്ങളിൽ രക്തത്തിൽനിന്നു ഗ്ലൂക്കോസ്
ഇൻസുലിൻ ഗ്രാഹികളോടു പ്രവേശിക്കാൻ സാധിക്കില്ല തന്മാത്രകളെ ആഗിരണം
പറ്റിച്ചേരുന്നു. തുടർന്ന്, ഗ്ലൂക്കോസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ
തന്മാത്രകൾ പേശീകോശങ്ങളിലേക്കു നടക്കാതെ പോകുന്നു
പ്രവേശിക്കുന്നു
↓ ↓ ↓
പേശീകോശങ്ങൾ രക്തത്തിൽ ഗ്ലൂക്കോസിന്റെ
ഗ്ലൂക്കോസിനെ ആഗിരണം അളവു വർധിക്കുന്നു.
ചെയ്തു ദഹിപ്പിക്കുന്നു. അതാകട്ടെ, ശരീരത്തിലെ
അങ്ങനെ രക്തത്തിലെ സുപ്രധാന പ്രവർത്തനങ്ങൾക്കെല്ലാം
ഗ്ലൂക്കോസിന്റെ അളവ് വിലങ്ങുതടിയായി നിൽക്കുകയും
സാധാരണ നിലയിലാകുന്നു രക്തക്കുഴലുകളുടെ ഭിത്തിക്കു
ക്ഷതം വരുത്തുകയും ചെയ്യുന്നു
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കോശം
പ്രവേശിക
ഇൻസുലിൻ ഗ്രാഹി
ഇൻസുലിൻ
കോശമർമം
ഗ്ലൂക്കോസ്
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
രക്തക്കുഴൽ
അരുണരക്താണുക്കൾ
ഗ്ലൂക്കോസ്
[കടപ്പാട്]
മനുഷ്യൻ: The Complete Encyclopedia of Illustration/J. G. Heck
[7-ാം പേജിലെ ചിത്രം]
പ്രമേഹമുള്ളവർ ഉചിതമായ ആഹാരക്രമം പിൻപറ്റേണ്ടത് അത്യന്താപേക്ഷിതമാണ
[10-ാം പേജിലെ ചിത്രങ്ങൾ]
പ്രമേഹരോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും