വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദത്തെടുക്കപ്പെടൽ—വെല്ലുവിളികളുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

ദത്തെടുക്കപ്പെടൽ—വെല്ലുവിളികളുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ദത്തെടു​ക്ക​പ്പെടൽ—വെല്ലു​വി​ളി​ക​ളു​മാ​യി എനിക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാ​നാ​കും?

“എനിക്കു ജന്മം നൽകിയ മാതാ​പി​താ​ക്കളെ കുറിച്ച്‌ എനിക്ക്‌ ഒന്നും അറിയില്ല, അത്‌ എന്നെ ഒരുപാ​ടു വിഷമി​പ്പി​ക്കു​ന്നു.”—പതിനാ​റു വയസ്സുള്ള ബാർബറ.

“ഞാൻ ജനിച്ചത്‌ എവി​ടെ​യാ​ണെ​ന്നോ എന്റെ യഥാർഥ മാതാ​പി​താ​ക്കൾ ആരാ​ണെ​ന്നോ ഒന്നും എനിക്ക്‌ അറിയില്ല. ചില​പ്പോ​ഴൊ​ക്കെ രാത്രി​കാ​ല​ങ്ങ​ളിൽ ഞാൻ ഇതേ കുറിച്ചു ചിന്തി​ക്കാ​റുണ്ട്‌.”—ഒമ്പതു വയസ്സുള്ള മാത്ത്‌.

എന്റെ വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യി വഴക്കി​ടു​മ്പോൾ ഞാൻ വിചാ​രി​ക്കും, എന്റെ ‘യഥാർഥ’ മാതാ​പി​താ​ക്കൾ ആയിരു​ന്നെ​ങ്കിൽ എന്നെ കുറേ​ക്കൂ​ടെ മനസ്സി​ലാ​ക്കി​യേനെ എന്ന്‌. അങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​ന്നതു നന്ദി​കേ​ടാ​ണെന്ന്‌ എനിക്ക​റി​യാം, ഇതിനെ കുറി​ച്ചൊ​ന്നും എന്റെ വളർത്തു​മാ​താ​പി​താ​ക്ക​ളോട്‌ ഞാൻ ഒരിക്ക​ലും പറഞ്ഞി​ട്ടില്ല.”—പതിനാ​റു വയസ്സുള്ള കെന്റാന.

ദത്തെടു​ക്ക​പ്പെട്ട ഒരു കുട്ടി​യു​ടെ ജീവി​ത​ത്തിന്‌ അതി​ന്റേ​തായ വെല്ലു​വി​ളി​കൾ ഉണ്ടായി​രി​ക്കും എന്നതു സത്യമാണ്‌. മുകളിൽ വിവരി​ച്ച​തു​പോ​ലുള്ള വികാ​ര​ങ്ങ​ളു​മാ​യി മല്ലിടുന്ന ഒട്ടനവധി യുവജ​ന​ങ്ങ​ളുണ്ട്‌. തങ്ങൾക്കു ജന്മം നൽകിയ മാതാ​പി​താ​ക്കളെ കണ്ടെ​ത്തേ​ണ്ട​തു​ണ്ടോ, അവരോ​ടൊ​പ്പ​മുള്ള ജീവിതം കൂടുതൽ സന്തോ​ഷ​ക​ര​മാ​യി​രി​ക്കു​മോ എന്നൊക്കെ ഈ കുട്ടികൾ ചിന്തി​ക്കു​ന്നു. എന്നാൽ ഇവ മാത്രമല്ല വെല്ലു​വി​ളി​കൾ.

ഈ ലേഖന പരമ്പര​യി​ലെ ഒരു മുൻ ലേഖന​ത്തിൽ, ദത്തെടു​ക്ക​പ്പെട്ട കുട്ടി​ക​ളു​ടെ മനസ്സിൽ വരാനി​ട​യുള്ള ചില നിഷേ​ധാ​ത്മക ചിന്തകളെ കുറിച്ചു ഞങ്ങൾ ചർച്ച ചെയ്‌തി​രു​ന്നു. a ദത്തെടു​ക്ക​പ്പെട്ട ഒരു കുട്ടിക്കു ജീവി​ത​ത്തിൽ സന്തോഷം കണ്ടെത്തു​ന്ന​തിന്‌ അത്തരം മനംമ​ടു​പ്പി​ക്കുന്ന ചിന്തകളെ തടു​ക്കേ​ണ്ട​തുണ്ട്‌. ഉയർന്നു വന്നേക്കാ​വുന്ന മറ്റുചില വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാണ്‌? അവയു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എന്തു പ്രാ​യോ​ഗിക നടപടി​ക​ളാ​ണു കൈ​ക്കൊ​ള്ളാൻ കഴിയുക?

അവർ എന്റെ “യഥാർഥ“ മാതാ​പി​താ​ക്കൾ ആണോ?

തനിക്കു ജന്മം നൽകിയ അമ്മയെ കുറിച്ചു താൻ വളരെ നേരം ചിന്തി​ച്ചി​രി​ക്കു​മാ​യി​രു​ന്നു എന്ന്‌ 13 വയസ്സുള്ള ജാക്ക്‌ പറയുന്നു. അത്‌ അവന്റെ വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യി ചില പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാക്കി. അവൻ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “എനിക്കു ദേഷ്യം വരു​മ്പോ​ഴെ​ല്ലാം ഞാൻ പറയും, ‘നിങ്ങൾ എന്റെ യഥാർഥ അമ്മയല്ല​ല്ലോ, എന്നെ ശിക്ഷി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ അധികാ​ര​മാ​ണു​ള്ളത്‌!’”

നിങ്ങൾക്കു കാണാൻ കഴിയു​ന്ന​തു​പോ​ലെ, ജാക്കിന്‌ ഗൗരവ​മേ​റിയ ഒരു ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​താ​യി വന്നു: ആരാണ്‌ അവന്റെ “യഥാർഥ” അമ്മ? നിങ്ങൾ ദത്തെടു​ക്ക​പ്പെട്ട ഒരു കുട്ടി​യാ​ണെ​ങ്കിൽ നിങ്ങളും ഇതേ ചോദ്യ​വു​മാ​യി മല്ലിടു​ന്നു​ണ്ടാ​യി​രി​ക്കാം. പ്രത്യേ​കിച്ച്‌, ജന്മം നൽകിയ മാതാ​പി​താ​ക്കൾ നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്ക​ളെ​ക്കാൾ നന്നായി നിങ്ങളെ പരിപാ​ലി​ക്കു​മെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നെ​ങ്കിൽ. ജന്മം നൽകുക എന്ന ഒരേ​യൊ​രു നടപടി​കൊണ്ട്‌ രണ്ടുപേർ നിങ്ങളു​ടെ “യഥാർഥ” മാതാ​പി​താ​ക്കൾ ആയിത്തീ​രു​മോ?

ജാക്കിന്റെ വളർത്തമ്മ അങ്ങനെ ചിന്തി​ച്ചില്ല. ജാക്ക്‌ ഇങ്ങനെ പറയുന്നു: “അമ്മ പറയും, ‘ഞാൻത​ന്നെ​യാണ്‌ നിന്റെ യഥാർഥ അമ്മ. നിനക്ക്‌ ഒരു പെറ്റമ്മ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇപ്പോൾ നിന്റെ യഥാർഥ അമ്മ ഞാനാണ്‌.’” മുതിർന്നവർ ഒരു കുട്ടിയെ ദത്തെടു​ക്കു​മ്പോൾ അവനു പാർപ്പി​ട​വും ഭക്ഷണവും പ്രദാനം ചെയ്യാ​നും അവനെ വളർത്താ​നും അവന്റെ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നും ഉള്ള ഉത്തരവാ​ദി​ത്വം അവർ ഏറ്റെടു​ക്കു​ന്നു. ഇത്തരത്തിൽ അവർ തീർച്ച​യാ​യും “യഥാർഥ” മാതാ​പി​താ​ക്കൾ ആയിത്തീ​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 5:8) നിങ്ങൾ ജീവി​ക്കുന്ന പ്രദേ​ശത്തെ അധികാ​രി​ക​ളു​ടെ മുമ്പാകെ അവർ നിങ്ങളു​ടെ യഥാർഥ മാതാ​പി​താ​ക്ക​ളാണ്‌. ദൈവ​ത്തി​ന്റെ ദൃഷ്ടി​യി​ലോ?

ചരി​ത്ര​ത്തിൽ, ദത്തെടു​ക്ക​ലി​ന്റെ ഏറ്റവും കീർത്തി​കേട്ട ഒരു ഉദാഹ​ര​ണ​മാണ്‌ യേശു​ക്രി​സ്‌തു​വി​ന്റേത്‌. തച്ചനായ യോ​സേ​ഫി​ന്റെ പുത്ര​ന​ല്ലാ​യി​രു​ന്നു യേശു. എന്നിട്ടും യോ​സേഫ്‌ അവനെ തന്റെ സ്വന്തം പുത്ര​നാ​യി സ്വീക​രി​ച്ചു. (മത്തായി 1:24, 25) യേശു വളർന്ന​പ്പോൾ അവൻ യോ​സേ​ഫി​ന്റെ അധികാ​ര​ത്തോ​ടു മത്സരി​ച്ചോ? ഇല്ല. മറിച്ച്‌, തന്റെ വളർത്തു​പി​താ​വി​നെ അനുസ​രി​ക്കേ​ണ്ടതു ദൈ​വേ​ഷ്ട​മാ​ണെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. ഇസ്രാ​യേ​ലി​ലെ കുട്ടി​കൾക്കു ദൈവം കൊടുത്ത നിയമം യേശു​വി​നു സുപരി​ചി​ത​മാ​യി​രു​ന്നു. എന്തായി​രു​ന്നു ആ നിയമം?

നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്ക

യുവജ​ന​ങ്ങ​ളോ​ടു തിരു​വെ​ഴു​ത്തു​കൾ ഇപ്രകാ​രം പറയുന്നു: “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക.” (ആവർത്ത​ന​പു​സ്‌തകം 5:16) “ബഹുമാ​നി​ക്കുക” എന്ന പദം ബൈബി​ളിൽ മിക്ക​പ്പോ​ഴും, ആദരവി​നെ​യും വിലമ​തി​പ്പി​നെ​യും പരിഗ​ണ​ന​യെ​യും കുറി​ക്കു​ന്നു. നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്ക​ളോ​ടു ദയകാ​ണി​ച്ചു​കൊ​ണ്ടും അവരുടെ സ്ഥാനത്തെ ബഹുമാ​നി​ച്ചു​കൊ​ണ്ടും അവരുടെ വീക്ഷണ​ങ്ങൾക്കു ശ്രദ്ധ നൽകി​ക്കൊ​ണ്ടും അവർ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടുന്ന ന്യായ​മായ ഏതു കാര്യ​വും ചെയ്യാ​നുള്ള മനസ്സൊ​രു​ക്കം കാണി​ച്ചു​കൊ​ണ്ടും നിങ്ങൾക്ക്‌ അവരെ ബഹുമാ​നി​ക്കാൻ കഴിയും.

നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്കൾ ചില​പ്പോ​ഴൊ​ക്കെ ന്യായ​ബോ​ധ​മി​ല്ലാ​തെ പെരു​മാ​റു​ന്നെ​ങ്കി​ലോ? അങ്ങനെ സംഭവി​ക്കും എന്നതു തീർച്ച​യാണ്‌. ജന്മം നൽകി​യ​വ​രാ​യാ​ലും എടുത്തു​വ​ളർത്തു​ന്നവർ ആയാലും എല്ലാ മാതാ​പി​താ​ക്ക​ളും അപൂർണ​രാണ്‌. അവരിലെ കുറവു​കൾ നിമിത്തം അവരോട്‌ അനുസ​രണം പ്രകട​മാ​ക്കുക എന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാണ്‌. ഇത്തരം സന്ദർഭ​ങ്ങ​ളിൽ, നിങ്ങൾ ഒരു ദത്തുപു​ത്രൻ ആയിരി​ക്കു​ന്ന​തി​നാൽ അവരെ അനുസ​രി​ക്കാൻ നിങ്ങൾക്ക്‌ അത്ര കടപ്പാ​ടി​ല്ലെന്നു ചിന്തി​ക്കാൻ നിങ്ങൾ പ്രവണത കാണി​ച്ചേ​ക്കാം. എന്നാൽ വാസ്‌ത​വ​ത്തിൽ അവരെ അനുസ​രി​ക്കാ​നുള്ള കടപ്പാട്‌ നിങ്ങൾക്കി​ല്ലേ?

യേശു​വി​ന്റെ സാഹച​ര്യം പരിചി​ന്തി​ക്കു​ന്നത്‌ ഈ അവസര​ത്തിൽ സഹായ​ക​മാണ്‌. യേശു പൂർണ​നാ​യി​രു​ന്നു എന്ന കാര്യം ഓർക്കുക. (എബ്രായർ 4:15; 1 പത്രൊസ്‌ 2:22) എന്നാൽ അവന്റെ വളർത്തു​പി​താ​വും അവനെ പ്രസവിച്ച അമ്മയും പൂർണ​രാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌, തന്റെ മാതാ​പി​താ​ക്കൾക്കു തെറ്റു​പറ്റി എന്ന്‌ യേശു​വി​നു മനസ്സി​ലായ സന്ദർഭങ്ങൾ പലപ്പോ​ഴും ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ, യോ​സേ​ഫി​ന്റെ ശിരഃ​സ്ഥാന പ്രയോ​ഗ​ത്തിൽ അപൂർണ​തകൾ ദൃശ്യ​മാ​യ​പ്പോ​ഴോ അമ്മയായ മറിയ നൽകിയ മാർഗ​നിർദേ​ശ​ങ്ങ​ളിൽ കുറവു​കൾ ഉള്ളതായി തെളി​ഞ്ഞ​പ്പോ​ഴോ യേശു മത്സരി​ച്ചോ? ഒരിക്ക​ലു​മില്ല. യേശു മുതിർന്നു​വ​രവേ, തന്റെ മാതാ​പി​താ​ക്കൾക്കു “കീഴട​ങ്ങി​യി​രു​ന്നു” എന്നാണു ബൈബിൾ നമ്മോടു പറയു​ന്നത്‌.—ലൂക്കൊസ്‌ 2:51.

നിങ്ങളു​ടെ​യും നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്ക​ളു​ടെ​യും വീക്ഷണ​ങ്ങ​ളിൽ പൊരു​ത്ത​മി​ല്ലായ്‌മ ഉടലെ​ടു​ക്കു​മ്പോൾ, അവരുടെ പക്ഷത്തു തെറ്റു​ണ്ടെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു ബോധ്യ​മു​ണ്ടാ​യി​രി​ക്കാം. എന്നാൽ, നിങ്ങളും അപൂർണ​രാ​ണെന്ന കാര്യം നിങ്ങൾ അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. മിക്ക​പ്പോ​ഴും തെറ്റു​പ​റ്റു​ന്നത്‌ നിങ്ങൾക്ക്‌ ആയിരി​ക്കും. അത്‌ എന്തുമാ​യി​ക്കൊ​ള്ളട്ടെ, യേശു​വി​ന്റെ ഉദാഹ​രണം പിൻപ​റ്റു​ന്ന​തല്ലേ ശരിയായ മാർഗം? (1 പത്രൊസ്‌ 2:21) അങ്ങനെ ചെയ്യു​ന്നത്‌ അനുസ​രണം പ്രകട​മാ​ക്കാൻ നിങ്ങളെ സഹായി​ക്കും. എന്നാൽ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ട​തി​നു മറ്റുചില പ്രധാന കാരണ​ങ്ങ​ളുണ്ട്‌.

ബൈബിൾ ഇപ്രകാ​രം പറയുന്നു: “മക്കളേ, നിങ്ങളു​ടെ അമ്മയപ്പ​ന്മാ​രെ സകലത്തി​ലും അനുസ​രി​പ്പിൻ. ഇതു കർത്താ​വി​ന്റെ ശിഷ്യ​ന്മാ​രിൽ കണ്ടാൽ പ്രസാ​ദ​ക​ര​മ​ല്ലോ.” (കൊ​ലൊ​സ്സ്യർ 3:20) അതേ, നിങ്ങളു​ടെ അനുസ​രണം നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നെ സന്തുഷ്ട​നാ​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 27:11) കൂടാതെ, നിങ്ങളും സന്തുഷ്ടൻ ആയിരി​ക്ക​ണ​മെ​ന്നാണ്‌ അവന്റെ ആഗ്രഹം. അതിനാ​യി നിങ്ങൾ അനുസ​രണം പഠിക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ‘നന്മ ഉണ്ടാകു​വാ​നും ഭൂമി​യിൽ ദീർഘാ​യു​സ്സോ​ടി​രി​പ്പാ​നും’ അനുസ​ര​ണ​മു​ള്ളവർ ആയിരി​ക്കാൻ അവന്റെ വചനം യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—എഫെസ്യർ 6:2, 3.

വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ദൃഢമാ​ക്കു​ക

നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യി ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കുക എന്നതിൽ അവരെ ബഹുമാ​നി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ അധികം ഉൾപ്പെ​ടു​ന്നു. ഊഷ്‌മ​ള​ത​യും സ്‌നേ​ഹ​വും നിറഞ്ഞ ഒരു ഭവനാ​ന്ത​രീ​ക്ഷം നിങ്ങൾക്ക്‌ ആവശ്യ​മാണ്‌ എന്നതിനു സംശയ​മില്ല. അത്തര​മൊ​രു അന്തരീക്ഷം സൃഷ്ടി​ക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്കൾക്കുണ്ട്‌. എന്നാൽ നിങ്ങൾക്കും അതിൽ ഒരു സുപ്ര​ധാന പങ്കുവ​ഹി​ക്കാൻ കഴിയും. എങ്ങനെ?

ആദ്യം​തന്നെ അവരു​മാ​യി കൂടുതൽ അടുക്കാ​നുള്ള മാർഗങ്ങൾ കണ്ടെത്തുക. അവരുടെ പശ്ചാത്തലം, ജീവിതം, ഇഷ്ടാനി​ഷ്ടങ്ങൾ എന്നിവ സംബന്ധിച്ച്‌ അവരോ​ടു​തന്നെ ചോദി​ക്കുക. നിങ്ങളെ ഭാര​പ്പെ​ടു​ത്തുന്ന ചില പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​രം കാണാൻ അവരെ സമീപി​ക്കുക. അവർ സ്വസ്ഥമാ​യി​രി​ക്കു​മ്പോൾ, നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കാ​നുള്ള മാനസി​കാ​വ​സ്ഥ​യിൽ ആയിരി​ക്കു​മ്പോൾ വേണം അങ്ങനെ ചെയ്യാൻ. (സദൃശ​വാ​ക്യ​ങ്ങൾ 20:5) രണ്ടാമ​താ​യി, വീട്ടു​കാ​ര്യ​ങ്ങൾ സുഗമ​മാ​യി മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്ന​തിൽ അവരെ സഹായി​ക്കുക, നിങ്ങളെ നിർബ​ന്ധി​ക്കാ​തെ​തന്നെ വീട്ടു​ജോ​ലി​ക​ളും മറ്റും ചെയ്‌തു​കൊ​ടു​ക്കുക.

എന്നാൽ നിങ്ങൾക്കു ജന്മം നൽകിയ മാതാ​പി​താ​ക്കളെ സംബന്ധി​ച്ചോ? നിങ്ങൾ അവരെ അന്വേ​ഷി​ച്ചു​പോ​യാ​ലും അവർ നിങ്ങളെ അന്വേ​ഷി​ച്ചു വന്നാലും വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തിന്‌ അതൊരു ഭീഷണി ആയിരി​ക്കേ​ണ്ട​തു​ണ്ടോ? മുമ്പൊ​ക്കെ, തങ്ങൾ ദത്തുനൽകിയ കുട്ടിയെ കണ്ടെത്തു​ന്ന​തി​നു സഹായ​ക​മായ വിവരങ്ങൾ, ദത്തുനൽകൽ ഏജൻസി​കൾ യഥാർഥ മാതാ​പി​താ​ക്കൾക്കു നൽകു​മാ​യി​രു​ന്നില്ല. ഇന്ന്‌, അത്തരം നയങ്ങൾക്കു മാറ്റം വന്നിട്ടുണ്ട്‌. ദത്തെടു​ക്ക​പ്പെട്ട നിരവധി കുട്ടികൾ തങ്ങൾ ഓർക്കു​ന്നി​ല്ലാത്ത, തങ്ങൾക്കു ജന്മം നൽകിയ മാതാ​പി​താ​ക്കളെ മുഖാ​മു​ഖം കണ്ടിരി​ക്കു​ന്നു. നിങ്ങൾ ജീവി​ക്കുന്ന സ്ഥലത്തെ ആശ്രയിച്ച്‌ ദത്തെടു​ക്കൽ നിയമങ്ങൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കാം.

നിങ്ങളു​ടെ യഥാർഥ മാതാ​പി​താ​ക്കളെ കണ്ടെത്ത​ണോ വേണ്ടയോ എന്നുള്ളതു വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. പക്ഷേ അത്‌ എളുപ്പ​മുള്ള ഒന്നല്ല. ദത്തെടു​ക്ക​പ്പെട്ട യുവജ​ന​ങ്ങൾക്ക്‌ ഇതു സംബന്ധി​ച്ചു സമ്മി​ശ്ര​വി​കാ​രങ്ങൾ അനുഭ​വ​പ്പെ​ടാ​റുണ്ട്‌. തനിക്കു ജന്മം നൽകിയ മാതാ​പി​താ​ക്കളെ കാണാൻ ചിലർ അതിയാ​യി വാഞ്‌ഛി​ച്ചേ​ക്കാം. എന്നാൽ മറ്റു ചിലർ അതു വേണ്ടെന്നു തീരു​മാ​നി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ഒട്ടനവധി യുവജ​ന​ങ്ങൾക്ക്‌, തങ്ങൾക്കു ജന്മം നൽകിയ മാതാ​പി​താ​ക്ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരാൻ അവസരം ലഭിച്ചി​ട്ടുണ്ട്‌, അതും വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യുള്ള ബന്ധത്തിനു തെല്ലും ഉലച്ചിൽ തട്ടാ​തെ​തന്നെ.

ഇക്കാര്യ​ത്തിൽ നിങ്ങളു​ടെ വളർത്തു​മാ​താ​പി​താ​ക്ക​ളിൽനി​ന്നും ക്രിസ്‌തീയ സഭയിലെ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളിൽനി​ന്നും മാർഗ​നിർദേ​ശങ്ങൾ തേടുക. (സദൃശ​വാ​ക്യ​ങ്ങൾ 15:22) ഇതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യു​ന്ന​തി​നു മുമ്പ്‌ സമയ​മെ​ടു​ത്തു ഗൗരവ​മാ​യി ആലോ​ചി​ക്കുക. സദൃശ​വാ​ക്യ​ങ്ങൾ 14:15 പറയുന്നു, “സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.”

നിങ്ങൾക്കു ജന്മം നൽകി​യ​വ​രു​മാ​യി സമ്പർക്ക​ത്തിൽ വരാനുള്ള ശ്രമത്തി​നി​ട​യിൽ, നിങ്ങളെ ദത്തെടു​ത്തു പോറ്റി​വ​ളർത്തിയ മാതാ​പി​താ​ക്കളെ തുടർന്നും സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യാൻ മറക്കരുത്‌. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, വർഷങ്ങൾക്കു​മുമ്പ്‌ നിങ്ങളെ ദത്തുനൽകിയ, നിങ്ങൾക്കു ജന്മം നൽകി​യ​വരെ കുറിച്ച്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്ക​വേ​തന്നെ, നിങ്ങളെ പോറ്റി​വ​ളർത്തിയ, നിങ്ങൾക്കു പരിശീ​ലനം നൽകിയ നിങ്ങളു​ടെ വളർത്ത​ച്ഛ​നോ​ടും വളർത്ത​മ്മ​യോ​ടു​മുള്ള ബന്ധം ദൃഢമാ​യി​ത്തന്നെ നിലനി​റു​ത്താൻ നിങ്ങൾക്കു കഴിയും.

നിങ്ങളു​ടെ സ്വർഗീയ പിതാ​വു​മാ​യുള്ള ബന്ധം ശക്തി​പ്പെ​ടു​ത്തു​ക

തങ്ങൾ അനാഥ​രാ​കു​മോ എന്ന ഭീതി ദത്തെടു​ക്ക​പ്പെട്ട പല യുവജ​ന​ങ്ങൾക്കും ഉണ്ട്‌. തങ്ങളുടെ രക്തബന്ധ​ങ്ങളെ നഷ്ടപ്പെ​ട്ട​തു​പോ​ലെ ഒരിക്കൽ ദത്തുകു​ടും​ബ​ത്തെ​യും തങ്ങൾക്കു നഷ്ടപ്പെ​ടാം എന്ന്‌ അവർ ഭയക്കുന്നു. അത്തരം ഭീതി​ദ​മായ ചിന്തക​ളു​ടെ ആഴം മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. എന്നിരു​ന്നാ​ലും, പിൻവ​രുന്ന ജ്ഞാന​മൊ​ഴി ശ്രദ്ധി​ക്കുക: “സ്‌നേ​ഹ​ത്തിൽ ഭയമില്ല; . . . തികഞ്ഞ സ്‌നേഹം, ഭയത്തെ പുറത്താ​ക്കി​ക്ക​ള​യു​ന്നു.” (1 യോഹ​ന്നാൻ 4:18) പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെ​ടു​ന്ന​തി​നെ കുറി​ച്ചുള്ള സ്വസ്ഥത കെടു​ത്തുന്ന ചിന്തകൾ നിങ്ങളെ കീഴട​ക്കാൻ അനുവ​ദി​ക്ക​രുത്‌. പകരം, നിങ്ങളു​ടെ വീട്ടി​ലുള്ള എല്ലാവ​രെ​യും, മറ്റുള്ള​വ​രെ​യും അകമഴി​ഞ്ഞു സ്‌നേ​ഹി​ക്കുക. എല്ലാറ്റി​നും ഉപരി​യാ​യി, സ്വർഗീ​യ​പി​താ​വായ യഹോ​വ​യാം ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​ബന്ധം ശക്തി​പ്പെ​ടു​ത്തുക. അവൻ പൂർണ​മാ​യി ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​നാണ്‌. തന്റെ വിശ്വ​സ്‌ത​രായ മക്കളെ അവൻ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. ഭയാശ​ങ്കകൾ നീക്കി നിങ്ങളെ ആശ്വസി​പ്പി​ക്കാൻ അവനു കഴിയും.—ഫിലി​പ്പി​യർ 4:6, 7.

ഒരു ദത്തുപു​ത്രി​യായ കത്രീന പറയു​ന്നത്‌, ബൈബിൾ വായന​യി​ലൂ​ടെ അവൾക്ക്‌ യഹോ​വ​യോട്‌ കൂടുതൽ അടുക്കു​ന്ന​തി​നും സന്തോ​ഷ​ക​ര​മായ, ഫലപ്ര​ദ​മായ ഒരു ജീവിതം നയിക്കു​ന്ന​തി​നും കഴിയു​ന്നു എന്നാണ്‌. “നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മുടെ വികാ​ര​ങ്ങളെ അറിയു​ന്ന​തി​നാൽ” യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം ഉണ്ടായി​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെന്ന്‌ അവൾ പറയുന്നു. കത്രീ​ന​യു​ടെ പ്രിയ​പ്പെട്ട തിരു​വെ​ഴു​ത്താണ്‌ സങ്കീർത്തനം 27:10, അത്‌ ഇങ്ങനെ പറയുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.” (g03 5/22)

[അടിക്കു​റിപ്പ്‌]

[16-ാം പേജിലെ ചിത്രം]

നിങ്ങളുടെ വളർത്തു​മാ​താ​പി​താ​ക്ക​ളു​മാ​യി കൂടുതൽ അടുക്കാ​നുള്ള അവസരങ്ങൾ തേടുക