വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രമേഹം എന്ന “നിശ്ശബ്ദ ഘാതകൻ”

പ്രമേഹം എന്ന “നിശ്ശബ്ദ ഘാതകൻ”

പ്രമേഹം എന്ന “നിശ്ശബ്ദ ഘാതകൻ”

ഇരുപ​ത്തൊ​ന്നു വയസ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു കെന്നിന്റെ പ്രശ്‌ന​ങ്ങ​ളു​ടെ തുടക്കം. സംഭ്രമം, അമിത ദാഹം, കൈകാൽ തളർച്ച, വിട്ടു​മാ​റാത്ത ക്ഷീണം. ഇതിനു പുറമേ കൂടെ​ക്കൂ​ടെ​യുള്ള മൂത്ര​ശ​ങ്ക​യും—ക്രമേണ ഓരോ 20 മിനി​ട്ടി​ലും അത്‌ അനുഭ​വ​പ്പെ​ടാൻ തുടങ്ങി. അവന്റെ കാഴ്‌ച​യും മങ്ങി.

ഒരു വൈറസ്‌ ബാധയെ തുടർന്ന്‌ വൈദ്യ​സ​ഹാ​യം തേടി​യ​പ്പോ​ഴാ​ണു കാര്യം മനസ്സി​ലാ​യത്‌. അവനു പനി മാത്രമല്ല, ടൈപ്പ്‌ 1 ഡയബറ്റിസ്‌ മെല്ലി​റ്റസ്‌ അഥവാ പ്രമേ​ഹ​വും ഉണ്ടെന്നു ഡോക്ടർ വ്യക്തമാ​ക്കി. ശരീര​ത്തി​ന്റെ രാസ​പ്ര​ക്രി​യ​യി​ലെ ഈ ക്രമ​ക്കേട്‌, രക്തത്തിലെ ഒരു പഞ്ചസാ​ര​യായ ഗ്ലൂക്കോസ്‌ പോലുള്ള ചില മുഖ്യ പോഷ​ക​ങ്ങളെ വേണ്ടവി​ധം ഉപയോ​ഗ​പ്പെ​ടു​ത്താ​നുള്ള ശരീര​ത്തി​ന്റെ പ്രാപ്‌തി​ക്കു ഭംഗം വരുത്തു​ന്നു. രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവു ക്രമ​പ്പെ​ടു​ത്തു​ന്ന​തിന്‌ കെന്നിന്‌ ആറ്‌ ആഴ്‌ച ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വന്നു.

കെന്നിന്‌ ഇതു സംഭവി​ച്ചിട്ട്‌ 50-ലധികം വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. കഴിഞ്ഞ അരനൂ​റ്റാ​ണ്ടു​കൊണ്ട്‌ ചികി​ത്സാ​രം​ഗത്ത്‌ ഗണ്യമായ പുരോ​ഗതി ഉണ്ടായി​ട്ടുണ്ട്‌. പക്ഷേ, കെൻ ഇപ്പോ​ഴും പ്രമേ​ഹ​ത്തി​ന്റെ പിടി​യിൽനി​ന്നു രക്ഷപെ​ട്ടി​ട്ടില്ല. ഇക്കാര്യ​ത്തിൽ അദ്ദേഹം ഒറ്റയ്‌ക്കല്ല. ലോക​മൊ​ട്ടാ​കെ, 14 കോടി​യിൽ അധികം ആളുകൾക്കു പ്രമേഹം ഉള്ളതായി കണക്കാ​ക്ക​പ്പെ​ടു​ന്നു. 2025-ാമാണ്ട്‌ ആകു​മ്പോ​ഴേക്ക്‌ പ്രമേ​ഹ​രോ​ഗി​ക​ളു​ടെ എണ്ണം ഇരട്ടി​യാ​യേ​ക്കും എന്നു ലോകാ​രോ​ഗ്യ സംഘടന പറയുന്നു. പ്രമേ​ഹ​ത്തി​ന്റെ വ്യാപ്‌തി സംബന്ധിച്ച്‌ വിദഗ്‌ധർക്കു ഭയാശ​ങ്ക​യു​ള്ളത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. ഐക്യ​നാ​ടു​ക​ളി​ലെ ഒരു പ്രമേഹ ചികിത്സാ കേന്ദ്ര​ത്തി​ന്റെ സഹഡയ​റക്ടർ ആയ ഡോ. റോബിൻ എസ്‌. ഗോല്ലൻഡ്‌ ഇപ്രകാ​രം പറയുന്നു: “പ്രമേ​ഹ​രോ​ഗി​ക​ളു​ടെ എണ്ണം കണ്ടിട്ട്‌, ഇത്‌ ഒരു മഹാമാ​രി​യു​ടെ തുടക്ക​മാ​ണെന്നു തോന്നു​ന്നു.”

ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽനി​ന്നുള്ള, പിൻവ​രുന്ന റിപ്പോർട്ടു​കൾ പരിചി​ന്തി​ക്കുക:

ഓസ്‌​ട്രേ​ലിയ: ഓസ്‌​ട്രേ​ലി​യ​യി​ലെ ഇന്റർനാ​ഷണൽ ഡയബറ്റിക്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ അഭി​പ്രാ​യ​പ്പെ​ടുന്ന പ്രകാരം, “21-ാം നൂറ്റാ​ണ്ടി​ലെ ഏറ്റവും വെല്ലു​വി​ളി ഉയർത്തുന്ന ആരോഗ്യ പ്രശ്‌ന​ങ്ങ​ളിൽ ഒന്നാണു പ്രമേഹം.”

ഇന്ത്യ: കുറഞ്ഞ​പക്ഷം മൂന്നു​കോ​ടി പേർക്കു പ്രമേ​ഹ​മുണ്ട്‌. “15 വർഷം മുമ്പ്‌, 40 വയസ്സിൽ താഴെ​യുള്ള പ്രമേ​ഹ​രോ​ഗി​കൾ തീരെ വിരള​മാ​യി​രു​ന്നു” എന്ന്‌ ഒരു ഡോക്ടർ പറയുന്നു. എന്നാൽ “ഇന്ന്‌ രണ്ടു പ്രമേ​ഹ​രോ​ഗി​ക​ളിൽ ഒരാൾവീ​തം ഈ പ്രായ​പ​രി​ധി​ക്കു​ള്ളിൽ വരും.”

സിംഗപ്പൂർ: ജനസം​ഖ്യ​യിൽ 30-നും 69-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രിൽ ഏതാണ്ടു മൂന്നിൽ ഒരു ഭാഗത്തി​നും പ്രമേ​ഹ​മുണ്ട്‌. നിരവധി കുട്ടി​കൾക്ക്‌—പത്തു വയസ്സു​കാർക്കു പോലും—പ്രമേ​ഹ​മു​ള്ള​താ​യി കണ്ടെത്തി​യി​രി​ക്കു​ന്നു.

ഐക്യനാടുകൾ: ഏകദേശം 1.6 കോടി ആളുകളെ പ്രമേഹം ബാധി​ച്ചി​രി​ക്കു​ന്നു. ഓരോ വർഷവും ഏതാണ്ട്‌ 8,00,000 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. രോഗ​മു​ണ്ടെ​ങ്കി​ലും അതു തിരി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാത്ത ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ വേറെ​യു​മുണ്ട്‌.

പ്രമേഹത്തിനു പ്രതി​വി​ധി ചെയ്യുക മിക്ക​പ്പോ​ഴും വളരെ ബുദ്ധി​മു​ട്ടാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ രോഗം പിടി​പെട്ട്‌ ദീർഘ​നാൾ കഴിഞ്ഞാ​യി​രി​ക്കും പലപ്പോ​ഴും അതു കണ്ടുപി​ടി​ക്ക​പ്പെ​ടുക. “ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ താരത​മ്യേന നിസ്സാ​ര​മാ​യി​രി​ക്കും എന്നതാണ്‌ അതിനു കാരണം” എന്ന്‌ ഏഷ്യാ​വീക്ക്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഫലമോ, “പ്രമേഹം പലപ്പോ​ഴും തിരി​ച്ച​റി​യ​പ്പെ​ടാ​തെ പോകു​ന്നു.” അതു​കൊ​ണ്ടാണ്‌ പ്രമേ​ഹത്തെ നിശ്ശബ്ദ ഘാതകൻ എന്നു വിളി​ക്കു​ന്നത്‌.

ഈ രോഗ​ത്തി​ന്റെ വ്യാപ്‌തി​യും ഗുരു​ത​രാ​വ​സ്ഥ​യും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌, തുടർന്നു​വ​രുന്ന ലേഖന​ങ്ങ​ളിൽ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും:

● പ്രമേ​ഹ​ത്തി​ന്റെ കാരണങ്ങൾ എന്തെല്ലാ​മാണ്‌?

● ഈ ക്രമ​ക്കേ​ടു​ള്ള​വർക്ക്‌ ഇതുമാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ടാൻ കഴിയും? (g03 5/08)

[4-ാം പേജിലെ ചതുരം/ചിത്രം]

പേരിന്റെ ഉത്ഭവം

“ഡയബറ്റിസ്‌ മെല്ലി​റ്റസ്‌” എന്ന പദം എടുത്തി​രി​ക്കു​ന്നത്‌, “സൈഫൺ കുഴലി​ലൂ​ടെ ദ്രാവ​കങ്ങൾ പകരുക” എന്നർഥം വരുന്ന ഒരു ഗ്രീക്കു പദത്തിൽനി​ന്നും, “തേൻപോ​ലെ മധുര​മുള്ള” എന്നർഥം വരുന്ന ഒരു ലാറ്റിൻ പദത്തിൽനി​ന്നും ആണ്‌. ഈ ക്രമ​ക്കേ​ടി​നെ വർണി​ക്കാൻ തികച്ചും അനു​യോ​ജ്യ​മായ പദങ്ങൾതന്നെ. അതായത്‌, പ്രമേ​ഹ​മുള്ള ഒരു വ്യക്തി​യു​ടെ ശരീര​ത്തിൽനിന്ന്‌ വെള്ളം പുറത്തു പോകു​ന്ന​തി​നെ, വായിൽനിന്ന്‌ വെള്ളം ഒരു സൈഫൺ കുഴലി​ലൂ​ടെ എന്നപോ​ലെ നേരെ മൂത്ര​നാ​ളം വഴി അപ്പോൾത്തന്നെ ശരീര​ത്തി​നു പുറത്തു പോകു​ന്ന​തി​നോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. കൂടാതെ, ഉയർന്ന അളവിൽ പഞ്ചസാര അടങ്ങി​യി​രി​ക്കു​ന്ന​തി​നാൽ മൂത്ര​ത്തി​നു മധുര​വും ഉണ്ടായി​രി​ക്കും. ചികി​ത്സാ​രം​ഗത്ത്‌ ഫലപ്ര​ദ​മായ കണ്ടുപി​ടി​ത്തങ്ങൾ ഒക്കെ നടത്തു​ന്ന​തി​നു മുമ്പ്‌ ആളുകൾക്കു പ്രമേ​ഹ​രോ​ഗം ഉണ്ടോ എന്നു കണ്ടുപി​ടി​ച്ചി​രു​ന്നത്‌, രോഗി​യു​ടെ മൂത്രം ഉറുമ്പിൻ കൂടിനു സമീപം ഒഴിച്ചാ​യി​രു​ന്നു. മധുരം നിമിത്തം ഉറുമ്പു​കൾ ആകർഷി​ക്ക​പ്പെ​ട്ടാൽ മൂത്ര​ത്തിൽ പഞ്ചസാര ഉള്ളതായി കണക്കാ​ക്കി​യി​രു​ന്നു.