വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഉത്‌പാ​ദ​ന​ക്ഷമത വർധി​ച്ചി​രി​ക്കു​ന്നു​വോ?

“ഇപ്പോൾ നാലു കാനഡ​ക്കാ​രിൽ ഒരാൾവീ​തം ആഴ്‌ച​യിൽ 50 മണിക്കൂ​റിൽ അധികം ജോലി ചെയ്യുന്നു. എന്നാൽ ഒരു ദശകം മുമ്പ്‌ 10 പേരിൽ ഒരാൾ മാത്ര​മാണ്‌ അത്രയും മണിക്കൂർ ജോലി ചെയ്‌തി​രു​ന്നത്‌,” വാൻകൂ​വർ സൺ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. ജോലി​ക്കാ​രായ 31,500 കാനഡ​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്നത്‌, “അവരിൽ പകുതി​പ്പേ​രും വീട്ടിൽ വെച്ചോ വാരാ​ന്ത​ങ്ങ​ളി​ലോ ആയി ഒരു മാസം 27 മണിക്കൂർ തങ്ങളുടെ തൊഴി​ലു​ട​മ​യ്‌ക്ക്‌ സൗജന്യ​മാ​യി അധിക​ജോ​ലി ചെയ്‌തു​കൊ​ടു​ക്കു​ന്നു” എന്നാണ്‌. ഈ അധിക​ജോ​ലി ചെയ്യു​ന്ന​തി​നുള്ള പ്രധാന കാരണം സാങ്കേ​തി​ക​വി​ദ്യ​യാണ്‌. “സർവേ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ശമ്പളം പറ്റാതെ വീട്ടിൽവെച്ചു ചെയ്യുന്ന ഈ ഓവർടൈം ജോലി​ക​ളിൽ ഏറെയും . . . കമ്പ്യൂട്ടർ സഹായ​ത്തോ​ടെ ചെയ്യു​ന്ന​വ​യാണ്‌” എന്ന്‌ വർത്തമാ​ന​പ​ത്രം പറയുന്നു. നാലു ദിവസം ജോലി​യും കൂടുതൽ വിശ്ര​മ​വും കിട്ടുന്ന ഒരു പട്ടിക പ്രദാനം ചെയ്യു​ന്ന​തി​നു പകരം “സാങ്കേ​തി​ക​വി​ദ്യ, ഉത്‌പാ​ദ​ന​ക്ഷമത കുറച്ചു​ക​ള​യും​വി​ധം സമ്മർദ​ത്തി​നും രോഗ​ത്തി​നും തളർച്ച​യ്‌ക്കും ജോലി​ക്കാർ ദീർഘ​കാ​ലം തൊഴി​ലിൽനി​ന്നു വിട്ടു​നിൽക്കു​ന്ന​തി​നും പ്രധാ​ന​മാ​യും ഇടയാ​ക്കു​ന്നു.” പത്രം ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “സാങ്കേ​തി​ക​വി​ദ്യ ജോലി​ചെ​യ്യാ​നുള്ള താത്‌പ​ര്യ​വും ഉത്‌പാ​ദ​ന​ക്ഷ​മ​ത​യും വർധി​പ്പി​ച്ചു എന്ന്‌ സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ ഭൂരി​ഭാ​ഗ​വും സമ്മതിച്ചു. എന്നാൽ അത്‌, തങ്ങളുടെ ജോലി​ഭാ​ര​വും സമ്മർദ​വും കുറച്ചു എന്ന്‌ ഒരാൾപോ​ലും പറഞ്ഞില്ല.”(g03 5/22)

“സംസാ​രി​ക്കുന്ന” ചെടികൾ

ജർമനി​യി​ലെ ബോൺ സർവക​ലാ​ശാ​ല​യി​ലുള്ള പ്രാ​യോ​ഗിക ഊർജ​തന്ത്ര സ്ഥാപന​ത്തി​ലെ ഗവേഷകർ, ചെടികൾ “പറയുന്ന കാര്യങ്ങൾ കേൾക്കാ​നാ​യി” ലേസർ ഉപയോ​ഗി​ച്ചു പ്രവർത്തി​ക്കുന്ന ഒരുതരം മൈ​ക്രോ​ഫോ​ണു​കൾ വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു. ചെടികൾ സമ്മർദ​ത്തിൻ കീഴിൽ ആയിരി​ക്കു​മ്പോൾ എഥിലീൻ വാതകം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. വാതകം പുറത്തു​വി​ടുന്ന ശബ്ദതരം​ഗ​ങ്ങളെ ഈ മൈ​ക്രോ​ഫോ​ണു​കൾ പിടി​ച്ചെ​ടു​ക്കു​ന്നു. ബോൺ സർവക​ലാ​ശാ​ല​യി​ലെ ശാസ്‌ത്ര​ജ്ഞ​നായ ഡോ. ഫ്രാങ്ക്‌ ക്യീന്ന​മാൻ ഇങ്ങനെ പറയുന്നു: “സസ്യം എത്രയ​ധി​കം സമ്മർദ​ത്തി​ലാ​കു​ന്നു​വോ അത്രയ​ധി​കം ഉച്ചത്തി​ലുള്ള സിഗ്നലു​കൾ ഞങ്ങൾക്കു മൈ​ക്രോ​ഫോ​ണി​ലൂ​ടെ കിട്ടുന്നു.” ഒരു സന്ദർഭ​ത്തിൽ ഈ ഉപകര​ണ​ത്തിൽനി​ന്നു ലഭിച്ച സിഗ്നൽ അനുസ​രിച്ച്‌, കാഴ്‌ച​യിൽ ആരോ​ഗ്യ​മു​ണ്ടെന്നു തോന്നിയ ഒരു വെള്ളരി “അക്ഷരാർഥ​ത്തിൽ നിലവി​ളി​ക്കു​ക​യാ​യി​രു​ന്നു.” “ചെടിയെ കുറേ​ക്കൂ​ടി അടുത്തു പരി​ശോ​ധി​ച്ച​പ്പോൾ അതിനു പൂപ്പൽബാധ ഉണ്ടായി​രി​ക്കു​ന്ന​താ​യി കണ്ടെത്തി, എന്നാൽ അതിന്റെ ലക്ഷണങ്ങൾ ഒന്നും പുറമേ കാണാ​നി​ല്ലാ​യി​രു​ന്നു.” എന്നാൽ, പൂപ്പൽബാധ തുടങ്ങി എട്ടോ ഒൻപതോ ദിവസം കഴിഞ്ഞാ​ലേ പുറത്തു പുള്ളികൾ പ്രത്യ​ക്ഷ​പ്പെ​ടു​ക​യു​ള്ളൂ. അപ്പോൾ മാത്രമേ കർഷകർക്കു പ്രശ്‌നം മനസ്സി​ലാ​കൂ. ലണ്ടന്റെ ദ ടൈംസ്‌ ഇപ്രകാ​രം പറയുന്നു: “ചെടികൾ പറയു​ന്നതു സൂക്ഷ്‌മ​മാ​യി ശ്രദ്ധി​ച്ചാൽ കീടബാ​ധ​യു​ടെ​യോ മറ്റ്‌ രോഗ​ങ്ങ​ളു​ടെ​യോ ലക്ഷണങ്ങൾ വളരെ നേരത്തേ കണ്ടുപി​ടി​ക്കാൻ കഴിയും. ചെടി​ക​ളിൽ ആയിരി​ക്കെ പഴങ്ങൾക്കും പച്ചക്കറി​കൾക്കും എത്ര​ത്തോ​ളം സമ്മർദം അനുഭ​വ​പ്പെ​ടു​ന്നു എന്നറി​യു​ന്നത്‌ അവയെ ഫലപ്ര​ദ​മാ​യി ശേഖരി​ച്ചു​വെ​ക്കു​ന്ന​തി​ലും കയറ്റി അയയ്‌ക്കു​ന്ന​തി​ലും സഹായകമായിരിക്കും.”(g03 5/08)

ഇന്ത്യയിൽ മാധ്യ​മങ്ങൾ വളരുന്നു

ഇന്ത്യയിൽ പത്രവാ​യ​ന​ക്കാ​രു​ടെ എണ്ണം 1999 മുതൽ 2002 വരെയുള്ള മൂന്നു വർഷത്തെ കാലയ​ള​വു​കൊണ്ട്‌ 13.1 കോടി​യിൽനിന്ന്‌ 15.1 കോടി​യാ​യി വർധി​ച്ചി​രി​ക്കു​ന്നു. നാഷണൽ റീഡർഷിപ്പ്‌ സ്റ്റഡീസ്‌ കൗൺസിൽ നടത്തിയ ഒരു സർവേ​യിൽനി​ന്നു വെളി​പ്പെ​ട്ട​താണ്‌ ഇത്‌. വർത്തമാ​ന​പ​ത്ര​ങ്ങ​ളും മാസി​ക​ക​ളും മറ്റ്‌ ആനുകാ​ലിക പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഒരുമി​ച്ചു ചേർത്താൽ, അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വായന​ക്കാർ മൊത്തം 18 കോടി​യുണ്ട്‌. 100 കോടി​യിൽ അധികം വരുന്ന ഇന്ത്യയു​ടെ ജനസം​ഖ്യ​യിൽ 65 ശതമാ​ന​ത്തി​ല​ധി​കം പേർ സാക്ഷര​രാണ്‌. അതു​കൊണ്ട്‌ വായന​ക്കാ​രു​ടെ എണ്ണം ഇനിയും വർധി​ക്കാ​നുള്ള സാധ്യ​ത​യുണ്ട്‌. ടെലി​വി​ഷൻ കാണു​ന്ന​വ​രു​ടെ എണ്ണം 38.36 കോടി​യാണ്‌. റേഡി​യോ കേൾക്കു​ന്ന​വ​രു​ടേത്‌ 68.06 കോടി​യും. ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ കഴിയു​ന്ന​വ​രു​ടെ എണ്ണം, 1999-ൽ 14 ലക്ഷം ആയിരു​ന്നത്‌ ഇന്ന്‌ 60 ലക്ഷത്തിൽ അധിക​മാണ്‌. ഇന്ത്യയിൽ ടെലി​വി​ഷൻ ഉള്ള വീടു​ക​ളിൽ ഏതാണ്ട്‌ പകുതി​ക്കും ഇപ്പോൾ കേബി​ളും സാറ്റ​ലൈറ്റു മുഖേ​ന​യുള്ള പ്രക്ഷേ​പണം ശ്രദ്ധി​ക്കു​ന്ന​തി​നുള്ള സൗകര്യ​വു​മുണ്ട്‌. ഇതു മൂന്നു വർഷം​കൊ​ണ്ടു​ണ്ടായ 31 ശതമാനം വർധന​യാണ്‌. (g03 5/08)

വിവാ​ഹ​ത്ത​കർച്ച​യ്‌ക്ക്‌ ഒടു​ക്കേ​ണ്ടി​വ​രുന്ന വില

“‘തകർന്ന കുടും​ബ​ങ്ങ​ളി​ലെ’ നിരവധി അമ്മമാർക്കും അച്ഛന്മാർക്കും കുട്ടി​കൾക്കും ദാരി​ദ്ര്യം, വൈകാ​രിക വേദന, അനാ​രോ​ഗ്യം, അവസര​നഷ്ടം, സ്ഥിരത​യി​ല്ലായ്‌മ” എന്നിവ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. 20-ലധികം വർഷത്തെ ഗവേഷ​ണ​ങ്ങ​ളു​ടെ ഫലമായി തയ്യാറാ​ക്ക​പ്പെട്ട 100-ൽപ്പരം ലേഖനങ്ങൾ വിശക​ലനം ചെയ്‌ത​ശേഷം സിവി​റ്റാസ്‌ ഫാമിലി സ്റ്റഡി യൂണി​റ്റി​ലെ പ്രൊ​ജക്ട്‌ മാനേ​ജ​രായ റിബെക്കാ ഒനീൽ ആണ്‌ അപ്രകാ​രം റിപ്പോർട്ടു ചെയ്‌തത്‌. ഒനീലി​ന്റെ അഭി​പ്രാ​യ​ത്തിൽ തകർന്ന കുടും​ബ​ങ്ങ​ളി​ലെ കുട്ടി​കൾക്ക്‌ “ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത 50 ശതമാനം കൂടു​ത​ലാണ്‌. അതു​പോ​ലെ അവർ വീടു​വി​ട്ടു​പോ​കാ​നുള്ള സാധ്യത ഇരട്ടി​യും ശാരീ​രിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​കാ​നുള്ള സാധ്യത അഞ്ച്‌ ഇരട്ടി​യും ആണ്‌” എന്ന്‌ ലണ്ടന്റെ ദ സൺഡേ ടെല​ഗ്രാഫ്‌ പറയുന്നു. പത്രം ഇങ്ങനെ തുടരു​ന്നു: “സ്വന്തം പിതാ​വി​ന്റെ സംരക്ഷ​ണ​ത്തണൽ ഇല്ലാതെ ജീവി​ക്കേ​ണ്ടി​വ​രുന്ന കുട്ടി​കൾക്കു മറ്റുള്ള​വ​രു​മാ​യി സൗഹൃ​ദ​ത്തിൽ വരുന്ന​തി​നുള്ള ബുദ്ധി​മുട്ട്‌ മൂന്നി​ര​ട്ടി​യാണ്‌. സ്‌കൂ​ളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യ​ത​യും മൂന്നി​ര​ട്ടി​തന്നെ. കൗമാ​ര​പ്രാ​യ​ക്കാ​രായ ഇത്തരം കുട്ടികൾ മദ്യപാ​നം, പുകവലി, മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം . . . എന്നീ ദുശ്ശീ​ല​ങ്ങ​ളി​ലും കുറ്റകൃ​ത്യം, ഇളം പ്രായ​ത്തി​ലുള്ള ലൈം​ഗി​കത എന്നിവ​യി​ലും ഏർപ്പെ​ടാ​നും കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ മാതാ​പി​താ​ക്കൾ ആയിത്തീ​രാ​നും ഉള്ള സാധ്യത ഇരട്ടി​യാണ്‌.” എന്നാൽ ദരി​ദ്ര​രും സാമൂ​ഹി​ക​മാ​യി പിന്നോ​ക്കം നിൽക്കു​ന്ന​വ​രും​ആ​ണെ​ങ്കി​ലും ഒരുമി​ച്ചു കഴിയുന്ന ദമ്പതി​ക​ളു​ടെ കുട്ടികൾ ഇത്തരം പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കാ​നുള്ള സാധ്യത വളരെ കുറവാണ്‌. (g03 5/22)

ഭീകര മരണങ്ങ​ളിൽ ഒന്നാം സ്ഥാനം ആത്മഹത്യ​യ്‌ക്ക്‌

“ലോക​മൊ​ട്ടാ​കെ നടക്കുന്ന ഭീകര മരണങ്ങ​ളിൽ ആത്മഹത്യ മുന്നിട്ടു നിൽക്കു​ന്നു” എന്ന്‌ ലണ്ടന്റെ വർത്തമാ​ന​പ​ത്ര​മായ ദി ഇൻഡി​പ്പെൻഡന്റ്‌ പറയുന്നു. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ റിപ്പോർട്ടി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള ഒരു ലേഖനം പറയു​ന്ന​ത​നു​സ​രിച്ച്‌ 2000-ത്തിൽ 16 ലക്ഷം ഭീകര മരണങ്ങൾ സംഭവി​ച്ചു. ആ വർഷം ആത്മഹത്യ ചെയ്‌ത​വ​രു​ടെ എണ്ണം 8,15,000 ആയിരു​ന്നു. നരഹത്യ​യിൽ 5,20,000 പേരും യുദ്ധങ്ങ​ളി​ലും സംഘട്ട​ന​ങ്ങ​ളി​ലും 3,10,000 പേരും കൊല്ല​പ്പെട്ടു. 2000-ത്തിൽ സംഭവിച്ച മരണങ്ങ​ളിൽ അധിക​വും “വികസ്വര രാജ്യ​ങ്ങ​ളിൽ ആയിരു​ന്നു. ഇതിന്റെ 10 ശതമാ​ന​ത്തിൽ കുറവേ വികസിത രാജ്യ​ങ്ങ​ളിൽ സംഭവി​ച്ചു​ള്ളു” എന്ന്‌ വർത്തമാ​ന​പ​ത്രം പറയുന്നു. ബിലേ​റസ്‌, എസ്‌തോ​ണിയ, ലിത്വാ​നിയ എന്നിവി​ട​ങ്ങ​ളി​ലെ ആത്മഹത്യാ​നി​രക്ക്‌ ബ്രിട്ട​നി​ലേ​തി​ന്റെ നാലി​ര​ട്ടി​യിൽ അധികം ആയിരു​ന്നു. ആഫ്രി​ക്ക​യി​ലും വടക്കേ-തെക്കേ അമേരി​ക്ക​ക​ളി​ലും ആത്മഹത്യ​യെ​ക്കാൾ മുൻപ​ന്തി​യി​ലാ​യി​രു​ന്നു നരഹത്യ. എന്നാൽ ഓസ്‌​ട്രേ​ലിയ, യൂറോപ്പ്‌, വിദൂ​ര​പൗ​ര​സ്‌ത്യ​ദേശം എന്നിവി​ട​ങ്ങ​ളിൽ ആത്മഹത്യാ​നി​ര​ക്കാ​ണു മുന്നി​ട്ടു​നി​ന്നത്‌. (g03 5/22)

ഉറക്കം മതിയാ​കാത്ത കുട്ടികൾ

ആവശ്യ​ത്തിന്‌ ഉറക്കം കിട്ടാ​ത്തതു കുട്ടി​ക​ളു​ടെ ആരോ​ഗ്യ​ത്തെ ഗുരു​ത​ര​മാ​യി ബാധി​ക്കും എന്ന്‌ യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ മാസിക പറയുന്നു. കുട്ടി​കൾക്കു വേണ്ടത്ര ഉറക്കം ലഭിക്കാ​തെ വരു​മ്പോൾ അവരുടെ പഠന​പ്രാ​പ്‌തി​യും കൂട്ടു​കാ​രെ സമ്പാദി​ക്കാ​നുള്ള കഴിവും കുറഞ്ഞു​പോ​കു​ന്നു. “ഉറക്കം കടം കിടക്കുന്ന കുട്ടി​കൾക്ക്‌ അധിക​സ​മയം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയില്ല. അവർ അസ്വസ്ഥ​രും സംഭ്രാ​ന്ത​രും അക്ഷമരും ആയിരി​ക്കും” എന്ന്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രശ്‌ന​ത്തി​നു കാരണ​ക്കാർ മാതാ​പി​താ​ക്കൾതന്നെ ആണെന്ന്‌ ഡോക്ടർമാർ പറയുന്നു. കുട്ടി​ക​ളു​ടെ ഫിസി​യോ​തെ​റാ​പ്പി​സ്റ്റായ ബാർബറാ ബ്രൗൺ മക്‌ഡൊ​ണാൾഡ്‌ ഇപ്രകാ​രം പറയുന്നു: “കുടും​ബ​ത്തോ​ടൊ​പ്പം സമയം ചെലവി​ടാൻ നിങ്ങൾ കുട്ടിയെ രാത്രി 11 മണിവരെ ഉറക്കാതെ ഇരുത്തു​ന്നു എങ്കിൽ, നിങ്ങൾ നിങ്ങളു​ടെ ജീവിതം ഒന്നു പുനഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌.” ആരോ​ഗ്യ​ക​ര​മായ ഉറക്കശീ​ലങ്ങൾ വളർത്താൻ, ഉറങ്ങാൻ പോകു​ന്ന​തി​നും ഉണർന്ന്‌ എഴു​ന്നേൽക്കു​ന്ന​തി​നും ഒരു കൃത്യ​സ​മയം ചിട്ട​പ്പെ​ടു​ത്താൻ മാതാ​പി​താ​ക്കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു. വാരാ​ന്ത​ങ്ങ​ളി​ലും ഈ പട്ടിക പിൻപ​റ്റേ​ണ്ട​താണ്‌. ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പ്‌ എന്തു ചെയ്യുന്നു എന്നതും പ്രാധാ​ന്യ​മർഹി​ക്കു​ന്നു. കിടക്കു​ന്ന​തി​നു മുമ്പ്‌ കുളി​ക്കാൻ ആവശ്യ​പ്പെ​ടു​ന്ന​തും കുട്ടി​കളെ ആശ്ലേഷി​ക്കു​ന്ന​തും കഥാപു​സ്‌ത​ക​ങ്ങ​ളിൽനി​ന്നു കഥകൾ വായി​ച്ചു​കൊ​ടു​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. അതു​പോ​ലെ ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പുള്ള ഒരു മണിക്കൂർ സമയം ടെലി​വി​ഷൻ കാണാ​നും കമ്പ്യൂട്ടർ പ്രവർത്തി​പ്പി​ക്കാ​നും അവരെ അനുവ​ദി​ക്കാ​തി​രി​ക്കുക. (g03 5/22)

പാപ്പാ​സ്‌മ​ര​ണി​ക​ക​ളു​ടെ വിൽപ്പന മന്ദീഭ​വി​ക്കു​ന്നു

വർഷങ്ങ​ളോ​ളം “മതപര​മായ വസ്‌തു​ക്ക​ളു​ടെ വിൽപ്പന [പോള​ണ്ടിൽ] വളരെ വരുമാ​നം നേടി​ത്ത​ന്നി​രു​ന്നു” എന്ന്‌ ന്യൂസ്‌ വീക്കിന്റെ പോളീഷ്‌ പതിപ്പ്‌ റിപ്പോർട്ടു ചെയ്യുന്നു. പക്ഷേ അടുത്ത​കാ​ല​ത്താ​യി വിശുദ്ധ പ്രതി​മ​ക​ളു​ടെ വിൽപ്പന ഒരു “പ്രതി​സന്ധി”യെ നേരി​ടു​ന്നു. 2002-ൽ പാപ്പാ പോളണ്ടു സന്ദർശി​ക്കും എന്നു വ്യാപ​ക​മായ പരസ്യം ഉണ്ടായി​രു​ന്നു എങ്കിലും പരമ്പരാ​ഗത മതസാ​മ​ഗ്രി​ക​ളായ ആഭരണ​ങ്ങൾക്കും പെയി​ന്റി​ങ്ങു​കൾക്കും ആവശ്യം തീരെ കുറവാ​യി​രു​ന്നു. “പ്ലാസ്റ്റർ ഓഫ്‌ പാരീ​സും ലോഹ​വും കൊണ്ടുള്ള പാപ്പാ​യു​ടെ അർധകായ പ്രതി​മ​ക​ളും ചെറു​പ്ര​തി​മ​ക​ളും പാപ്പാ​യു​ടെ ചിത്ര​മുള്ള കയറ്റു​പാ​യ്‌ക​ളും പെയി​ന്റി​ങ്ങു​ക​ളും​കൊണ്ട്‌” വിപണി നിറഞ്ഞി​രു​ന്നു എന്നു മാസിക പറയുന്നു. പക്ഷേ “ഉപഭോ​ക്താ​ക്കൾ കണ്ണുമ​ടച്ച്‌ ഒന്നും വാങ്ങു​ന്നില്ല.” എന്നിരു​ന്നാ​ലും അവയിൽ ഒന്നു വളരെ ജനശ്രദ്ധ പിടി​ച്ചു​പറ്റി. ഒരു വശത്ത്‌ “വിശുദ്ധ രൂപങ്ങ​ളും” മറുവ​ശത്ത്‌ “പ്ലാസ്റ്റി​ക്കി​നോട്‌ ഉരുക്കി​ച്ചേർത്ത സ്വർണ കൊന്ത​മ​ണി​ക​ളും” ഉള്ള ഒരു പ്ലാസ്റ്റിക്‌ കാർഡ്‌ ആയിരു​ന്നു അത്‌. ഈ “റോസറി കാർഡ്‌” ആണ്‌ ഏറ്റവും പുതി​യ​തും ജനശ്രദ്ധ പിടി​ച്ചു​പ​റ്റി​യ​തു​മായ പാപ്പാ സ്‌മര​ണിക എന്ന്‌ പോളീഷ്‌ വാരി​ക​യായ പ്‌റോസ്റ്റ്‌ പറയുന്നു. (g03 5/22)

“വിനോ​ദം, ലഘുഭ​ക്ഷണം, രക്തം”

ജപ്പാനി​ലെ യുവജ​നങ്ങൾ, “സൗജന്യ വീഡി​യോ​ക​ളും കമ്പ്യൂട്ടർ ഗെയി​മു​ക​ളും ലഘുഭ​ക്ഷ​ണ​വും തിരു​മ്മു​ചി​കി​ത്സ​യു​മൊ​ക്കെ ലഭ്യമായ വിശാ​ല​മായ എയർക​ണ്ടീ​ഷൻ മുറികൾ” കൂടെ​ക്കൂ​ടെ സന്ദർശി​ക്കു​ന്നു എന്ന്‌ ഐഎച്ച്‌റ്റി ആസാഹി ഷിംബുൻ റിപ്പോർട്ടു ചെയ്യുന്നു. “പക്ഷേ ഒരു വ്യവസ്ഥ​യുണ്ട്‌: രക്തം ഒഴുക്കണം” കാരണം എന്താ​ണെ​ന്നോ? ഈ സൗകര്യ​ങ്ങൾ എല്ലാം ഒരുക്കി​യി​രി​ക്കു​ന്നത്‌ ജപ്പാനി​ലെ റെഡ്‌​ക്രോസ്‌ സൊ​സൈ​റ്റി​യു​ടെ രക്തദാന കേന്ദ്ര​ങ്ങ​ളാണ്‌. “വലിയ പാർട്ടി നടക്കു​ന്ന​തു​പോ​ലുള്ള ചുറ്റു​പാ​ടിൽ ആണ്‌ ആളുകൾ രക്തദാനം ചെയ്യു​ന്നത്‌” എന്ന്‌ ഒരു വർത്തമാ​ന​പ​ത്രം പറയുന്നു. “രക്തദാ​ന​ത്തി​നു​ശേഷം അനേകം യുവജ​ന​ങ്ങ​ളും അവി​ടെ​ത്തന്നെ ചുറ്റി​പ്പ​റ്റി​നിൽക്കു​ന്നു, വെറുതെ കിട്ടുന്ന ഡോന​ട്ട്‌സും ജ്യൂസും കമ്പ്യൂട്ടർ ഗെയി​മു​ക​ളും ഒക്കെ ആസ്വദി​ക്കാൻ. ആഴ്‌ച​യിൽ പലതവണ നടത്തുന്ന ഭാവി​ക​ഥ​ന​ങ്ങ​ളാണ്‌ ഇവിടത്തെ മറ്റൊരു ആകർഷണം.” കൂടാതെ, മേക്കപ്പ്‌ ക്ലാസ്സുകൾ, ഷെയ്‌ത്‌സു അഥവാ അക്യു​പ്രഷർ ചികിത്സ, സംഗീ​ത​പ​രി​പാ​ടി​കൾ, ഉപയോ​ഗിച്ച സാധന​ങ്ങ​ളു​ടെ വിൽപ്പന എന്നിവ​യും ഉണ്ടായി​രി​ക്കും. രക്തദാനം നടത്തു​ന്ന​തിൽ ഉള്ള മന്ദീഭാ​വം കുറയ്‌ക്കു​ന്ന​തിന്‌ റെഡ്‌​ക്രോസ്‌ ഇത്തരത്തിൽ, രാജ്യ​മൊ​ട്ടാ​കെ​യുള്ള തങ്ങളുടെ രക്തദാന കേന്ദ്ര​ങ്ങ​ളു​ടെ മോടി​കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഒരിക്കൽ “ഭയപ്പെ​ടു​ത്തുന്ന, മ്ലാനമായ അന്തരീക്ഷം മുറ്റി​നി​ന്നി​രുന്ന” രക്തദാന കേന്ദ്രങ്ങൾ ഇപ്പോൾ “കൗമാ​ര​പ്രാ​യ​ക്കാ​രും 20-കളിലു​ള്ള​വ​രും പതിവാ​യി സന്ദർശി​ക്കുന്ന” ഇടമായി മാറി​യി​രി​ക്കു​ന്നു എന്ന്‌ വർത്തമാ​ന​പ​ത്രം പറയുന്നു. (g03 5/22)