അണിയണിയായി മുന്നേറുന്ന ഒരു പട്ടാളം!
അണിയണിയായി മുന്നേറുന്ന ഒരു പട്ടാളം!
“ഞങ്ങൾ താമസിക്കുന്നത് ബെലിസിലെ ഒരു ഗ്രാമത്തിലാണ്. വികസനത്തിന്റെ പാതയിലായിരിക്കുന്ന, സസ്യലതാദികളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. ഒരു ദിവസം രാവിലെ ഏകദേശം ഒമ്പതു മണിയോടെ ഒരു പട്ടാളം ഞങ്ങളുടെ വീട് ആക്രമിച്ചു. കതകിനടിയിലൂടെയും എവിടെയൊക്കെ വിടവുകളുണ്ടോ അതിലൂടെയും എല്ലാം ഉറുമ്പുകൾ കൂട്ടത്തോടെ അകത്തു കടന്നു. ഇര തേടി ഇറങ്ങിയതായിരുന്നു അവ. ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് വീട് ഒഴിഞ്ഞു കൊടുക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും ഉറുമ്പുകൾ സ്ഥലം വിട്ടിരുന്നു, വീട്ടിൽ ഒരൊറ്റ പ്രാണിയെ പോലും അവ ബാക്കിവെച്ചിരുന്നില്ല.”
ബെലിസ് പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ പാർക്കുന്ന പലരെയും സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ സംഭവമാണ്. എന്നാൽ അത് അവർ തീർത്തും ഇഷ്ടപ്പെടാത്ത ഒന്നാണെന്നു പറയാൻ വയ്യ. വീട്ടിൽനിന്ന് പാറ്റകളെയും മറ്റ് ക്ഷുദ്രജീവികളെയും തുരത്താൻ പറ്റിയ ഒരു മാർഗമാണ് ഇത്, വീടാണെങ്കിൽ അലങ്കോലമാകുകയുമില്ല.
ഇവിടെ പറഞ്ഞിരിക്കുന്ന ഉറുമ്പുകളുടെ പേര് എന്താണെന്നോ—പട്ടാള ഉറുമ്പുകൾ. പട്ടാളക്കാരുടേതുപോലുള്ള ജീവിതശൈലിയും പ്രവർത്തനങ്ങളുമാണ് അവയ്‌ക്ക് ഈ പേര് ലഭിക്കാൻ കാരണം. a ഈ ഉറുമ്പുകൾ കൂട് ഉണ്ടാക്കാറില്ല. പകരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന, ലക്ഷങ്ങൾ അംഗബലം ഉള്ള ഈ പട്ടാളങ്ങൾ എവിടെയെങ്കിലും താത്കാലികമായി താവളമടിക്കുകയാണ് പതിവ്. കാലുകൾ തമ്മിൽ കൂട്ടിപ്പിണച്ച് അവ റാണിക്കും മുട്ടയ്‌ക്കും ചുറ്റുമായി ജീവനുള്ള ഒരു മറ തീർക്കുന്നു. ഈ താവളത്തിൽ നിന്ന് ഉറുമ്പിൻ കൂട്ടങ്ങളെ ആഹാരം കണ്ടെത്തുന്നതിന് നീണ്ട അണികളായി പറഞ്ഞയയ്ക്കുന്നു. പലതരത്തിലുള്ള പ്രാണികൾ, പല്ലികൾ പോലുള്ള ചെറിയ ജീവികൾ തുടങ്ങിയവയാണ് ഇവയുടെ ആഹാരം. യഥാർഥ സൈന്യം ശത്രുവിനെ കുടുക്കാൻ അവലംബിക്കുന്ന ഒരു മാർഗം ഇരയെ കുടുക്കാൻ ചില സന്ദർഭങ്ങളിൽ ഉറുമ്പുകളും ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. മുന്നോട്ടു പോകാൻ ഗന്ധം പൂശിയ വഴിത്താര ഇല്ലാതെ വരുന്നതിന്റെ ഫലമായി മുന്നണിയിലെ ഉറുമ്പുകൾ സഞ്ചാരം തുടരാതെ മടിച്ചുനിൽക്കുന്നു. പിന്നിലുള്ള ഉറുമ്പുകൾ അപ്പോഴും സഞ്ചാരം തുടരുന്നതു നിമിത്തം മുന്നണിയിൽ തിരക്കു വർധിക്കുന്നു. തത്ഫലമായി പിന്നിലുള്ള ഉറുമ്പുകൾ മുന്നണിയുടെ വശങ്ങളിലൂടെ മുന്നോട്ടു നീങ്ങുകയും അങ്ങനെ ഇര ആ വലയത്തിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
മുപ്പത്തിയാറു ദിവസത്തെ പ്രവർത്തന പരിവൃത്തിയാണ് പട്ടാള ഉറുമ്പുകൾക്കുള്ളത്. ഈ ഉറുമ്പുകൾ ഏതാണ്ട് 16 ദിവസം മാർച്ച് ചെയ്‌ത ശേഷം 20 ദിവസം ഏതെങ്കിലും ഒരു സ്ഥലത്ത് താവളമടിക്കുന്നു. റാണി മുട്ടകളിടുന്നത് ഈ സമയത്താണ്. 20 ദിവസം കഴിയുമ്പോൾ, വിശപ്പു കാരണം ഉറുമ്പിൻ കൂട്ടം പിന്നെയും മാർച്ച് തുടങ്ങുന്നു. അണിയായി പോകുന്ന ഉറുമ്പിൻ പട്ടാളത്തിന് പത്തു മീറ്ററോളം വീതിയുണ്ടാകും. ഉറുമ്പിൻ പട്ടാളത്തെ കണ്ട് വിരണ്ടോടുന്ന ചിലന്തികൾ, തേളുകൾ, വണ്ടുകൾ, തവളകൾ, പല്ലികൾ എന്നിവ പട്ടാളത്തിന്റെ വശങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഈ ജീവികളെ അകത്താക്കാനായി ചില പക്ഷികൾ പട്ടാളത്തെ പിന്തുടരാറുണ്ട്. എന്നാൽ അവ ഉറുമ്പുകളെ തിന്നാറില്ല.
സദൃശവാക്യങ്ങൾ 30:24, 25-ൽ (NW) “സഹജജ്ഞാനമുള്ളവ” എന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ഉറുമ്പുകൾ സൃഷ്ടിയിലെ ഒരു അത്ഭുതം തന്നെയാണ്. (g03 6/8)
[അടിക്കുറിപ്പുകൾ]
a മധ്യ-ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന എസിറ്റോൺ ജീനസിനെ കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്.
[25-ാം പേജിലെ ചിത്രം]
പട്ടാള ഉറുമ്പ്
[കടപ്പാട്]
© Frederick D. Atwood
[25-ാം പേജിലെ ചിത്രം]
അവ കാലുകൾ തമ്മിൽ കൂട്ടിപ്പിണച്ച് ഒരു പാലം തീർക്കുന്നു
[കടപ്പാട്]
© Tim Brown/www.infiniteworld.org