വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ആത്മീയ ദാഹം ശമിച്ച വിധം

എന്റെ ആത്മീയ ദാഹം ശമിച്ച വിധം

എന്റെ ആത്മീയ ദാഹം ശമിച്ച വിധം

ലൂചീയാ മൂസാ​നെറ്റ്‌ പറഞ്ഞ​പ്ര​കാ​രം

സ്വിസ്‌ ആൽപ്‌സി​നും ഫ്രാൻസി​ലെ പ്രസി​ദ്ധ​മായ മോണ്ട്‌ ബ്ലാനി​നും അടുത്തുള്ള ഇറ്റലി​യി​ലെ വടക്കു​പ​ടി​ഞ്ഞാ​റൻ പർവത​നി​ര​ക​ളു​ടെ ഇടയി​ലാണ്‌ വാലേ​ഡാ​വോ​സ്റ്റാ എന്ന സ്വയം​ഭരണ മേഖല സ്ഥിതി​ചെ​യ്യു​ന്നത്‌. അവിടത്തെ ഷലന്റ്‌ സെന്റ്‌ ആൻസെലം എന്ന കൊച്ചു പ്രദേ​ശത്ത്‌ 1941-ൽ ഞാൻ ജനിച്ചു.

അഞ്ചുമ​ക്ക​ളിൽ മൂത്തതാ​യി​രു​ന്നു ഞാൻ. ബാക്കി നാലു​പേർ ആൺകു​ട്ടി​ക​ളാ​യി​രു​ന്നു. ഞങ്ങളുടെ അമ്മ കഠിനാ​ധ്വാ​നി​യും ഒരു ഉറച്ച കത്തോ​ലിക്ക വിശ്വാ​സി​യും ആയിരു​ന്നു. പിതാ​വി​ന്റെ വീട്ടു​കാ​രും മതഭക്ത​രാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ രണ്ടു സഹോ​ദ​രി​മാർ കന്യാ​സ്‌ത്രീ​ക​ളാ​യി​രു​ന്നു. എന്നെ പഠിപ്പി​ക്കു​ന്നത്‌ ഉൾപ്പെടെ എനിക്കു​വേണ്ടി മാതാ​പി​താ​ക്കൾ ഭൗതി​ക​മാ​യി വളരെ ത്യാഗങ്ങൾ സഹിച്ചു. ഞങ്ങളുടെ പ്രദേ​ശത്ത്‌ സ്‌കൂ​ളു​ക​ളൊ​ന്നും ഇല്ലായി​രു​ന്ന​തി​നാൽ എനിക്ക്‌ 11 വയസ്സു​ള്ള​പ്പോൾ എന്നെ കന്യാ​സ്‌ത്രീ​കൾ നടത്തുന്ന ഒരു സ്‌കൂ​ളിൽ നിറുത്തി പഠിപ്പി​ച്ചു.

അവിടെ ഞാൻ പല വിഷയ​ങ്ങ​ളോ​ടൊ​പ്പം ലത്തീനും ഫ്രഞ്ചും പഠിച്ചു. 15 വയസ്സാ​യ​പ്പോൾ ഞാൻ ദൈവത്തെ സേവി​ക്കേണ്ട വിധത്തെ കുറിച്ച്‌ ഗൗരവ​മാ​യി ചിന്തി​ച്ചു​തു​ടങ്ങി. ഒരു മഠത്തിൽ ചേരു​ന്ന​താണ്‌ അതിന്‌ ഏറ്റവും പറ്റിയ മാർഗ​മെന്നു ഞാൻ നിഗമനം ചെയ്‌തു. എന്നിരു​ന്നാ​ലും, മാതാ​പി​താ​ക്കൾക്ക്‌ ഇതി​നോട്‌ യോജി​പ്പി​ല്ലാ​യി​രു​ന്നു. കാരണം, ഞാനങ്ങനെ പോയാൽ എന്റെ ആങ്ങളമാ​രു​ടെ കാര്യ​ങ്ങ​ളൊ​ക്കെ അമ്മ തന്നെ നോ​ക്കേണ്ടി വരുമാ​യി​രു​ന്നു. ഞാൻ പഠിച്ച്‌ ഒരു നല്ല ജോലി നേടി കുടും​ബത്തെ സഹായി​ക്കു​മെ​ന്നാണ്‌ അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌.

അവരുടെ പ്രതി​ക​രണം എന്നെ സങ്കട​പ്പെ​ടു​ത്തി​യെ​ങ്കി​ലും, ജീവി​ത​ത്തിൽ ഒരു യഥാർഥ ഉദ്ദേശ്യം ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു, കൂടാതെ ദൈവ​ത്തിന്‌ പ്രഥമ​സ്ഥാ​നം കൊടു​ക്ക​ണ​മെ​ന്നും എനിക്കു തോന്നി. അതു​കൊണ്ട്‌ 1961-ൽ ഞാൻ ഒരു റോമൻ കത്തോ​ലിക്ക മഠത്തിൽ ചേർന്നു.

എന്റെ കന്യാ​സ്‌ത്രീ ജീവിതം

ആദ്യമാ​സ​ങ്ങ​ളിൽ, ഞാൻ സഭയുടെ ചിട്ടവ​ട്ടങ്ങൾ പഠിക്കു​ക​യും മഠത്തിലെ കായിക വേലയിൽ ഏർപ്പെ​ടു​ക​യും ചെയ്‌തു. 1961 ആഗസ്റ്റിൽ, കന്യാ​സ്‌ത്രീ ജീവി​ത​ത്തി​നുള്ള എന്റെ പരിശീ​ലനം തുടങ്ങു​ക​യും ഞാൻ ഉടുപ്പി​ടു​ക​യും ചെയ്‌തു. സ്വയം ഒരു പേരും നിർദേ​ശി​ച്ചു, എന്റെ അമ്മയുടെ പേരായ ഈനേസ്‌. അതു സ്വീക​രി​ക്ക​പ്പെട്ടു കഴിഞ്ഞ​പ്പോൾ ഞാൻ സിസ്റ്റർ ഈനേസ്‌ എന്നറി​യ​പ്പെ​ടാൻ തുടങ്ങി.

കന്യാ​സ്‌ത്രീ ജീവി​ത​ത്തി​നുള്ള പരിശീ​ലനം നേടി​ക്കൊ​ണ്ടി​രുന്ന മിക്കവ​രും കായിക വേലയി​ലാണ്‌ ഏർപ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും, ആവശ്യ​ത്തി​നു വിദ്യാ​ഭ്യാ​സം ഉണ്ടായി​രു​ന്ന​തി​നാൽ എനിക്ക്‌ ഒരു പ്രാഥ​മിക സ്‌കൂൾ അധ്യാ​പി​ക​യാ​യി ജോലി ചെയ്യാൻ സാധിച്ചു. രണ്ടു വർഷം​ക​ഴിഞ്ഞ്‌ 1963 ആഗസ്റ്റിൽ ഇറ്റലി​യി​ലെ ആവോ​സ്റ്റാ​യി​ലുള്ള സിസ്റ്റേ​ഴ്‌സ്‌ ഓഫ്‌ സാൻ ജൂസെപ്പേ എന്ന കന്യാ​സ്‌ത്രീ വിഭാ​ഗ​ത്തി​ലെ ഒരു അംഗമാ​യി ഞാൻ പ്രതി​ജ്ഞ​യെ​ടു​ത്തു. പിന്നീട്‌, മഠത്തിൽനിന്ന്‌ എന്നെ റോമി​ലെ മാരീയാ സാന്റീ​സി​മാ ആസുന്റാ യൂണി​വേ​ഴ്‌സി​റ്റി​യിൽ അയച്ച്‌ പഠിപ്പി​ച്ചു.

റോമി​ലെ പഠന​ശേഷം 1967-ൽ ആവോ​സ്റ്റാ​യിൽ തിരി​ച്ചെ​ത്തിയ ഞാൻ ഒരു ഹൈസ്‌കൂ​ളിൽ പഠിപ്പി​ക്കാൻ തുടങ്ങി. 1976-ൽ എനിക്ക്‌ ആ സ്‌കൂ​ളി​ന്റെ ഡയറക്ടർ സ്ഥാനം ലഭിച്ചു. അപ്പോ​ഴും ഞാൻ ചില ക്ലാസ്സു​ക​ളിൽ പഠിപ്പി​ച്ചി​രു​ന്നെ​ങ്കി​ലും സ്‌കൂ​ളി​ന്റെ ഭരണചു​മതല ലഭിക്കു​ക​യും വാലേ​ഡാ​വോ​സ്റ്റാ റീജി​യണൽ സ്‌കൂൾ ബോർഡി​ലെ ഒരു അംഗമാ​യി​ത്തീ​രു​ക​യും ചെയ്‌തു.

പാവ​പ്പെ​ട്ട​വ​രെ സഹായി​ക്കുക എന്നത്‌ എന്റെ ആത്മാർഥ​മായ ആഗ്രഹ​മാ​യി​രു​ന്നു. എനിക്ക്‌ അവരോ​ടു വളരെ സഹാനു​ഭൂ​തി തോന്നി. അതു​കൊണ്ട്‌, സ്വന്തമാ​യി ആരോ​രു​മി​ല്ലാത്ത, മാരക രോഗം ബാധി​ച്ച​വരെ സഹായി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള വിവിധ സാമൂ​ഹിക പരിപാ​ടി​കൾ ഞാൻ സംഘടി​പ്പി​ച്ചു. കുടി​യേ​റ്റ​ക്കാ​രു​ടെ കുട്ടി​കളെ പഠിപ്പി​ക്കാ​നുള്ള ഒരു പദ്ധതി​ക്കും തുടക്ക​മി​ട്ടു. കൂടാതെ, പാവ​പ്പെ​ട്ട​വരെ പാർപ്പി​ട​വും തൊഴി​ലും കണ്ടെത്താൻ സഹായി​ക്കു​ക​യും ആവശ്യ​ക്കാർക്ക്‌ വൈദ്യ​സ​ഹാ​യം ലഭ്യമാ​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ക​യു​മു​ണ്ടാ​യി. സഭാമാർഗ​ത്തിൽത്തന്നെ ജീവിതം നയിക്കാൻ ഞാൻ ശ്രമിച്ചു.

ത്രിത്വം, ആത്മാവി​ന്റെ അമർത്യത തുടങ്ങിയ സഭയുടെ ഉപദേ​ശ​ങ്ങ​ളും മനുഷ്യ​ന്റെ നിത്യ​ഭാ​വി സംബന്ധിച്ച കത്തോ​ലിക്ക വീക്ഷണ​ങ്ങ​ളും ഉൾപ്പെ​ടെ​യുള്ള കത്തോ​ലിക്ക ദൈവ​ശാ​സ്‌ത്രം ആ സമയത്ത്‌ ഞാൻ അംഗീ​ക​രി​ച്ചി​രു​ന്നു. ബഹുവി​ശ്വാ​സം, അതായത്‌ മറ്റു മതങ്ങളെ അംഗീ​ക​രി​ക്കു​ക​യും അവയു​മാ​യി കൈ​കോർത്തു നീങ്ങു​ക​യും ചെയ്യുക എന്നിങ്ങ​നെ​യുള്ള വീക്ഷണങ്ങൾ വെച്ചു​പു​ലർത്താൻ കത്തോ​ലിക്ക ദൈവ​ശാ​സ്‌ത്രം അനുമതി നൽകി​യി​രു​ന്നു.

എന്നെ അസ്വസ്ഥ​യാ​ക്കിയ കാര്യങ്ങൾ

എങ്കിലും, കത്തോ​ലിക്ക സഭയ്‌ക്കു​ള്ളി​ലെ ചില പ്രവർത്ത​നങ്ങൾ എന്നെ അസ്വസ്ഥ​യാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, മാമ്മോ​ദീ​സ​യ്‌ക്കും സ്ഥൈര്യ​ലേ​പ​ന​ത്തി​നും മുമ്പായി അവയുടെ അർഥ​മെ​ന്താ​ണെന്ന്‌ മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അവരിൽ ഭൂരി​പ​ക്ഷ​വും ക്ലാസ്സു​കൾക്ക്‌ വരുമാ​യി​രു​ന്നില്ല, ബാക്കി​യു​ള്ള​വ​രാ​കട്ടെ, പഠിക്കാ​നൊ​ട്ടു ശ്രമി​ച്ച​തു​മില്ല. മാത്രമല്ല, മാമ്മോ​ദീ​സ​യ്‌ക്കും സ്ഥൈര്യ​ലേ​പ​ന​ത്തി​നും ഒരു ഇടവക​യിൽ അംഗീ​കാ​രം ലഭിക്കാ​ഞ്ഞവർ മറ്റൊരു ഇടവക​യി​ലേക്കു പോയി അതു ചെയ്യു​മാ​യി​രു​ന്നു. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ നിരർഥ​ക​വും കപടഭ​ക്തി​പ​ര​വു​മാ​യി​രു​ന്നു.

“മറ്റു തരത്തി​ലുള്ള പ്രവൃ​ത്തി​കൾക്കാ​യി നമ്മെത്തന്നെ ഉഴിഞ്ഞു​വെ​ക്കു​ന്ന​തി​നു പകരം നാം സുവി​ശേഷം പ്രസം​ഗി​ക്കേ​ണ്ട​തല്ലേ?” എന്നു ഞാൻ ചില​പ്പോ​ഴൊ​ക്കെ എന്നോ​ടു​ത​ന്നെ​യും മറ്റു കന്യാ​സ്‌ത്രീ​ക​ളോ​ടും ചോദി​ച്ചി​ട്ടുണ്ട്‌. “സത്‌പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊ​ണ്ടാണ്‌ നാം പ്രസം​ഗി​ക്കു​ന്നത്‌” എന്നായി​രു​ന്നു മറ്റുള്ള​വ​രിൽനി​ന്നു ലഭിച്ച ഉത്തരം.

കൂടാതെ, പുരോ​ഹി​തന്റെ അടുക്കൽ ചെന്ന്‌ പാപങ്ങൾ ഏറ്റുപ​റ​യ​ണ​മെന്ന ആശയവും അംഗീ​ക​രി​ക്കുക എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അത്തരം വ്യക്തി​പ​ര​മായ കാര്യങ്ങൾ ഞാൻ ദൈവ​ത്തോ​ടല്ലേ പറയേ​ണ്ട​തെന്ന്‌ ഞാൻ ചിന്തിച്ചു. പ്രാർഥ​നകൾ മനഃപാ​ഠ​മാ​ക്കി ഉരുവി​ടു​ന്ന​തി​നോ​ടും എനിക്കു തീരെ യോജി​ക്കാ​നാ​യില്ല. കൂടാതെ, പാപ്പാ​യു​ടെ അപ്രമാ​ദി​ത്വ​ത്തി​ലും എനിക്കു വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌, അത്തരം കാര്യ​ങ്ങ​ളിൽ സ്വന്തമായ ഒരു വിശ്വാ​സം നിലനി​റു​ത്തി​ക്കൊണ്ട്‌ ഭക്തിമാർഗ​ത്തി​ലുള്ള എന്റെ ജീവിതം തുടരാൻ ഞാൻ തീരു​മാ​നി​ച്ചു.

ബൈബിൾ പരിജ്ഞാ​ന​ത്തി​നാ​യുള്ള ദാഹം

എനിക്ക്‌ എല്ലായ്‌പോ​ഴും ബൈബി​ളി​നോ​ടു വളരെ​യേറെ ആദരവും അതി​നെ​ക്കു​റിച്ച്‌ അറിയ​ണ​മെന്ന ആഗ്രഹ​വു​മു​ണ്ടാ​യി​രു​ന്നു. തീരു​മാ​നങ്ങൾ എടു​ക്കേണ്ടി വരു​മ്പോ​ഴും ദൈവ​സ​ഹാ​യം ആവശ്യ​മാ​ണെന്നു തോന്നു​മ്പോ​ഴും ഒക്കെ ഞാൻ ബൈബിൾ വായി​ക്കു​മാ​യി​രു​ന്നു. മഠത്തിൽ ബൈബിൾ പഠനത്തി​നുള്ള ക്രമീ​ക​ര​ണ​മൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും ഞാൻ സ്വന്തമാ​യി അതു വായി​ക്കു​മാ​യി​രു​ന്നു. എന്നിൽ എപ്പോ​ഴും മതിപ്പു​ണർത്തി​യി​ട്ടുള്ള ഒരു വിവര​ണ​മാണ്‌ യെശയ്യാ​വു 43:10-12-ലെ ‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’ എന്ന യഹോ​വ​യാം ദൈവ​ത്തി​ന്റെ വാക്കുകൾ. എന്നാൽ അപ്പോ​ഴൊ​ന്നും അതിന്റെ പൂർണ അർഥം എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.

1960-കളുടെ മധ്യത്തിൽ റോമി​ലെ സർവക​ലാ​ശാ​ല​യിൽ പഠിച്ചു​കൊ​ണ്ടി​രി​ക്കെ, വത്തിക്കാ​ന്റെ ചെലവി​ലുള്ള നാലു വർഷത്തെ ഒരു ദൈവ​ശാ​സ്‌ത്ര കോഴ്‌സ്‌ ഞാൻ പൂർത്തി​യാ​ക്കി​യി​രു​ന്നു. എന്നാൽ അതിൽ ബൈബി​ളി​നെ ഒരു പാഠപു​സ്‌ത​ക​മാ​യി ഉൾപ്പെ​ടു​ത്തി​യി​രു​ന്നില്ല. ആവോ​സ്റ്റാ​യി​ലേക്ക്‌ മടങ്ങി​വ​ന്ന​ശേഷം ഞാൻ അനേകം സഭൈക്യ സമ്മേള​ന​ങ്ങ​ളിൽ പങ്കെടു​ത്തു, അതിൽ കത്തോ​ലിക്ക സഭയ്‌ക്കു​ള്ളി​ലെ ഇതര വിഭാ​ഗ​ങ്ങ​ളും കത്തോ​ലി​ക്കേതര സംഘട​ന​ക​ളും സംഘടി​പ്പി​ച്ചവ ഉണ്ടായി​രു​ന്നു. ബൈബിൾ ഉപദേ​ശങ്ങൾ അറിയാ​നുള്ള എന്റെ ആഗ്രഹ​ത്തിന്‌ അതു ശക്തികൂ​ട്ടി. ഒരേ പുസ്‌ത​കത്തെ കുറിച്ച്‌ പഠിപ്പി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെട്ട കൂട്ടങ്ങൾക്കി​ട​യിൽ എത്ര വലിയ ആശയക്കു​ഴ​പ്പ​മാണ്‌ ഉണ്ടായി​രു​ന്നത്‌!

ബൈബി​ളി​നെ കുറിച്ചു കൂടു​ത​ലാ​യി പഠിക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരു സ്‌ത്രീ ഒരു ദിവസം ഞാൻ സാമൂ​ഹിക പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രുന്ന സ്ഥലത്തു​വന്ന്‌ എന്നോട്‌ ബൈബി​ളി​നെ കുറിച്ചു പറയാൻ തുടങ്ങി. 1982-ലായി​രു​ന്നു അത്‌. വളരെ തിരക്കാ​യി​രു​ന്നെ​ങ്കി​ലും, ബൈബി​ളി​നെ കുറിച്ചു പഠിക്ക​ണ​മെ​ന്നുള്ള ആഗ്രഹം ഉണ്ടായി​രു​ന്ന​തി​നാൽ, ‘എന്റെ സ്‌കൂ​ളി​ലേക്കു വരുമോ, എനിക്ക്‌ ഒഴിവു സമയമു​ള്ള​പ്പോൾ സംസാ​രി​ക്കാം’ എന്നു ഞാൻ അവരോ​ടു പറഞ്ഞു.

ആ സ്‌ത്രീ പിന്നീട്‌ എന്നെ സന്ദർശി​ച്ചെ​ങ്കി​ലും എനിക്ക്‌ ‘ഒഴിവു സമയം’ ഇല്ലായി​രു​ന്നു. പിന്നെ എന്റെ അമ്മയ്‌ക്ക്‌ കാൻസർ ബാധി​ച്ച​പ്പോൾ സഹായ​ത്തി​നാ​യി ഞാൻ അവധി​യെ​ടു​ത്തു. 1983 ഏപ്രി​ലിൽ അമ്മ മരിച്ച​ശേഷം ഞാൻ ജോലി​യിൽ തിരി​ച്ചു​ക​യറി. എന്നാൽ അപ്പോ​ഴേ​ക്കും സാക്ഷി​കൾക്ക്‌ ഞാനു​മാ​യുള്ള സമ്പർക്കം നഷ്ടപ്പെ​ട്ടി​രു​ന്നു. എങ്കിലും, അധികം താമസി​യാ​തെ 25-നോട്‌ അടുത്ത്‌ പ്രായ​മുള്ള വേറൊ​രു സാക്ഷി എന്റെ അടുത്തു​വന്ന്‌ ബൈബി​ളി​നെ കുറിച്ചു സംസാ​രി​ച്ചു. ഞാൻ ബൈബി​ളി​ലെ വെളി​പ്പാ​ടു പുസ്‌തകം വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയമാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌, “വെളി​പ്പാ​ടു 14-ാം അധ്യാ​യ​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന 1,44,000 പേർ ആരാണ്‌?” എന്നു ഞാൻ അവരോ​ടു ചോദി​ച്ചു.

എല്ലാ നല്ല ആളുക​ളും സ്വർഗ​ത്തിൽ പോകു​മെ​ന്നാണ്‌ എന്നെ പഠിപ്പി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ സ്വർഗ​ത്തി​ലെ മറ്റുള്ള​വ​രിൽനിന്ന്‌ ഈ 1,44,000 പേരെ മാത്രം വേർതി​രി​ക്കു​ന്ന​തി​ന്റെ യുക്തി എനിക്കു മനസ്സി​ലാ​യില്ല. ‘ഈ 1,44,000 പേർ ആരാണ്‌, അവർ എന്താണു ചെയ്യു​ന്നത്‌,’ ഞാൻ ചിന്തിച്ചു. ഈ ചോദ്യ​ങ്ങൾ പിന്നെ​യും പിന്നെ​യും എന്റെ മനസ്സിൽ ഉയർന്നു​വ​ന്നു​കൊ​ണ്ടി​രു​ന്നു. ആ സാക്ഷി വീണ്ടും പല പ്രാവ​ശ്യം എന്നെ കാണാൻ ശ്രമി​ച്ചെ​ങ്കി​ലും ഞാൻ മിക്ക​പ്പോ​ഴും സ്ഥലത്തി​ല്ലാ​ഞ്ഞ​തി​നാൽ അവർക്ക്‌ അതിനു കഴിഞ്ഞില്ല.

ഒടുവിൽ ആ സാക്ഷി തന്റെ സഭയിലെ മാർകോ എന്നു പേരുള്ള മൂപ്പന്‌ എന്റെ മേൽവി​ലാ​സം നൽകി. 1985 ഫെബ്രു​വ​രി​യിൽ അദ്ദേഹം എന്നെ കണ്ടുമു​ട്ടി. എനിക്കു തിരക്കു​ണ്ടാ​യി​രു​ന്ന​തി​നാൽ ഞങ്ങൾ ഏതാനും മിനിട്ടു മാത്രമേ സംസാ​രി​ച്ചു​ള്ളൂ. എങ്കിലും, വീണ്ടും സംസാ​രി​ക്കാ​നാ​യി ഞങ്ങൾ ഒരു സമയം പറഞ്ഞൊ​ത്തു. പിന്നീട്‌ അദ്ദേഹ​വും ഭാര്യ ലീനാ​യും ക്രമമാ​യി എന്നെ സന്ദർശിച്ച്‌ ബൈബിൾ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു. ത്രിത്വം, ആത്മാവി​ന്റെ അമർത്യത, നരകാഗ്നി എന്നിങ്ങ​നെ​യുള്ള കത്തോ​ലിക്ക ഉപദേ​ശങ്ങൾ ബൈബി​ള​ധി​ഷ്‌ഠി​ത​മ​ല്ലെന്നു പെട്ടെ​ന്നു​തന്നെ എനിക്കു മനസ്സി​ലാ​യി.

സാക്ഷി​ക​ളു​മാ​യുള്ള സഹവാസം

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തി​നു പോയ ഞാൻ കണ്ട കാര്യങ്ങൾ കത്തോ​ലിക്ക സഭയിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. അവിടെ പാട്ടു പാടി​യത്‌ ഒരു ഗായക​സം​ഘമല്ല, എല്ലാവ​രു​മാണ്‌. അവർ യോഗ​ത്തിൽ പങ്കുപ​റ്റു​ക​യും ചെയ്‌തു. അവരുടെ സംഘട​ന​യിൽ എല്ലാവ​രും പരസ്‌പരം “സഹോ​ദരൻ” എന്നും “സഹോ​ദരി” എന്നുമാണ്‌ സംബോ​ധന ചെയ്‌തി​രു​ന്നത്‌. അവർ എല്ലാവ​രും പരസ്‌പരം കരുത​ലു​ള്ള​വ​രാ​യി​രു​ന്നു. ഇക്കാര്യ​ങ്ങൾ എന്നിൽ മതിപ്പു​ള​വാ​ക്കി.

ആ സമയത്ത്‌ ഞാൻ കന്യാ​സ്‌ത്രീ​വേ​ഷ​ത്തി​ലാണ്‌ യോഗ​ങ്ങൾക്കു ഹാജരാ​യത്‌. രാജ്യ​ഹാ​ളിൽ ഒരു കന്യാ​സ്‌ത്രീ​യെ കണ്ടത്‌ ചിലരു​ടെ ഹൃദയത്തെ വളരെ​യ​ധി​കം സ്‌പർശി​ച്ചെന്നു വ്യക്തമാ​യി​രു​ന്നു. സ്‌നേ​ഹ​മുള്ള ഒരു വലിയ കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കുന്ന സന്തോ​ഷ​വും സംതൃ​പ്‌തി​യും ഞാൻ ആസ്വദി​ച്ചു. കൂടാതെ പഠനം പുരോ​ഗ​മി​ച്ച​പ്പോൾ, ഞാൻ പിൻപ​റ്റി​യി​രുന്ന അനേക കാര്യ​ങ്ങ​ളും ദൈവ​വ​ച​ന​ത്തിന്‌ അനുസൃ​ത​മ​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി​ത്തു​ടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ദാ​സ​ന്മാർ വിശേഷ വസ്‌ത്രം ധരിക്ക​ണ​മെന്ന്‌ ബൈബിൾ ഒരിട​ത്തും പറയു​ന്നില്ല. സഭാപു​രോ​ഹി​താ​ധി​പ​ത്യ​വും ആർഭാ​ട​പ്ര​ദർശ​ന​വും സഭയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന താഴ്‌മ​യുള്ള മൂപ്പന്മാ​രെ കുറി​ച്ചുള്ള ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു.

ഒരു മണൽച്ചു​ഴി​യിൽ കാലു​റ​പ്പി​ക്കാ​നാ​വാ​തെ നിൽക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നി. 24 വർഷമാ​യി തെറ്റായ വിശ്വാ​സ​ങ്ങ​ളാ​ണു വെച്ചു​പു​ലർത്തി​യ​തെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നാ​യില്ല. എങ്കിലും ബൈബിൾ സത്യം ഇതാ​ണെന്നു ഞാൻ വ്യക്തമാ​യി തിരി​ച്ച​റി​ഞ്ഞു. 44-ാമത്തെ വയസ്സിൽ ജീവിതം ആദ്യം മുതൽ വീണ്ടും തുടങ്ങ​ണ​മ​ല്ലോ എന്നോർത്ത​പ്പോൾ ഞാൻ ഭയന്നു​പോ​യി. ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കുന്ന കാര്യങ്ങൾ കണ്ടെത്തിയ സ്ഥിതിക്ക്‌ വീണ്ടും കണ്ണുമ​ടച്ച്‌ നടക്കാൻ എനിക്ക്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

ഒരു സുപ്ര​ധാന തീരു​മാ​നം

മഠത്തിൽനി​ന്നു പോന്നാൽ എനിക്കു ഭൗതി​ക​മാ​യി യാതൊ​ന്നും ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. എങ്കിലും, നീതി​മാ​നെ കുറിച്ച്‌ ‘അവൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്റെ സന്തതി ആഹാരം ഇരക്കു​ന്ന​തും കണ്ടിട്ടില്ല’ എന്ന ദാവീ​ദി​ന്റെ വാക്കുകൾ ഞാൻ ഓർത്തു. (സങ്കീർത്തനം 37:25) എന്റെ ഭൗതിക സുരക്ഷി​ത​ത്വം കുറെ​യൊ​ക്കെ നഷ്ടമാ​കു​മെന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ഞാൻ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ക്കു​ക​യും ‘ഞാൻ എന്തി​നെ​യാണ്‌ യഥാർഥ​ത്തിൽ ഭയക്കേ​ണ്ടത്‌?’ എന്നു ചിന്തി​ക്കു​ക​യും ചെയ്‌തു.

എനിക്ക്‌ വട്ടാ​ണെന്നു വീട്ടു​കാർ കരുതി. അതിൽ ദുഃഖം തോന്നി​യെ​ങ്കി​ലും യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ ഞാൻ മനസ്സിൽപ്പി​ടി​ച്ചു: “എന്നെക്കാൾ അധികം അപ്പനേ​യോ അമ്മയേ​യോ പ്രിയ​പ്പെ​ടു​ന്നവൻ എനിക്കു യോഗ്യ​നല്ല.” (മത്തായി 10:37) അതേസ​മയം, സാക്ഷി​ക​ളു​ടെ കൊച്ചു കൊച്ചു പ്രവൃ​ത്തി​കൾ എന്നെ ധൈര്യ​പ്പെ​ടു​ത്തു​ക​യും ശക്തീക​രി​ക്കു​ക​യും ചെയ്‌തു. കന്യാ​സ്‌ത്രീ​വേ​ഷ​ത്തിൽ തെരു​വി​ലൂ​ടെ നടക്കുന്ന എന്നെ കണ്ടാൽ അവർ അടുത്തു​വന്ന്‌ അഭിവാ​ദനം ചെയ്യാതെ പോകു​മാ​യി​രു​ന്നില്ല. അത്‌ സഹോ​ദ​ര​വർഗ​ത്തോ​ടു കൂടുതൽ അടുപ്പ​വും അവരുടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ണെന്ന തോന്ന​ലും എന്നിൽ ഉളവാക്കി.

ഒടുവിൽ മദർ സുപ്പീ​രി​യ​റി​ന്റെ അടുക്കൽ ചെന്ന്‌ ഞാൻ മഠത്തിൽനി​ന്നു പോകാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്നു പറഞ്ഞു. ഈ തീരു​മാ​ന​ത്തി​ന്റെ കാരണം ബൈബി​ളിൽനി​ന്നു കാണി​ച്ചു​കൊ​ടു​ക്കാ​മെന്നു പറഞ്ഞെ​ങ്കി​ലും അവർ അതു നിരസി​ച്ചു. അവർ പറഞ്ഞു: “എനിക്കു ബൈബി​ളി​ലെ എന്തെങ്കി​ലും മനസ്സി​ലാ​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ ഞാൻ ഒരു ബൈബിൾ വിദഗ്‌ധനെ വിളി​ച്ചോ​ളാം!”

എന്റെ തീരു​മാ​നം കത്തോ​ലിക്ക സഭയെ ഞെട്ടിച്ചു. ഞാൻ പിഴച്ച​വ​ളും തലയ്‌ക്ക്‌ സ്ഥിരത​യി​ല്ലാ​ത്ത​വ​ളു​മാ​ണെന്ന്‌ അവർ ആരോ​പി​ച്ചു. എങ്കിലും എന്നെ പരിച​യ​മു​ള്ള​വർക്ക്‌ അറിയാ​മാ​യി​രു​ന്നു അതൊക്കെ വ്യാജ​മാ​ണെന്ന്‌. എന്റെ സഹജോ​ലി​ക്കാ​രു​ടെ പ്രതി​ക​രണം പല വിധത്തി​ലാ​യി​രു​ന്നു. ചിലർ ഞാൻ ചെയ്യുന്ന സംഗതി​യെ ഒരു വീരകൃ​ത്യ​മാ​യി​ട്ടാണ്‌ വീക്ഷി​ച്ചത്‌. മറ്റുചി​ലർ വഴിപി​ഴ​ച്ചു​പോ​കു​ക​യാ​ണ​ല്ലോ എന്നോർത്ത്‌ ദുഃഖി​ച്ചു. ഇനിയും ചിലർ എന്നോട്‌ സഹതാപം കാണിച്ചു.

1985 ജൂലൈ 4-ന്‌ ഞാൻ കത്തോ​ലിക്ക സഭ വിട്ടു. അങ്ങനെ ചെയ്‌ത മറ്റുചി​ല​രു​ടെ അനുഭ​വ​ങ്ങളെ കുറിച്ച്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ സാക്ഷികൾ സുരക്ഷയെ പ്രതി ഒരു മാസ​ത്തോ​ളം എന്നെ ഒളിപ്പി​ച്ചു. അവർ എന്നെ യോഗ​ങ്ങൾക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും തിരി​ച്ചു​കൊ​ണ്ടു​വി​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. സ്ഥിതി​ഗ​തി​കൾ ഒന്നു തണുക്കു​ന്ന​തു​വരെ ഞാൻ ആരു​ടെ​യും കണ്ണിൽപ്പെ​ടാ​തെ കഴിഞ്ഞു. തുടർന്ന്‌, 1985 ആഗസ്റ്റ്‌ 1-ന്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെട്ടു തുടങ്ങി.

ആഗസ്റ്റ്‌ മാസത്തിൽത്തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ച​പ്പോൾ ഞാൻ സഭ വിട്ടു​പോന്ന കാര്യം വാർത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്രദ്ധയിൽപ്പെ​ടു​ക​യും അക്കാര്യം പ്രസി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. 1985 ഡിസംബർ 14-ാം തീയതി ഞാൻ സ്‌നാ​പ​ന​മേ​റ്റ​പ്പോൾ അതിനെ തികച്ചും അസാധാ​ര​ണ​മായ ഒരു പ്രവൃ​ത്തി​യാ​യി കണ്ട പ്രാ​ദേ​ശിക പത്രവും ടെലവി​ഷൻ കേന്ദ്ര​വും വാർത്ത മുഴു​വ​നും വീണ്ടും റിപ്പോർട്ടു ചെയ്‌തു​കൊണ്ട്‌ സംഭവം എല്ലാവ​രു​ടെ​യും ചെവി​യി​ലെ​ത്തു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തി.

മഠത്തിൽനി​ന്നു പോന്ന​പ്പോൾ എനിക്കു ഭൗതി​ക​മാ​യി യാതൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ജോലി​യോ വീടോ പെൻഷ​നോ അങ്ങനെ ഒന്നും. അതു​കൊണ്ട്‌, തളർന്നു​പോയ ഒരു സ്‌ത്രീ​യെ ശുശ്രൂ​ഷി​ച്ചു​കൊണ്ട്‌ ഒരു വർഷ​ത്തോ​ളം ഞാൻ ജോലി ചെയ്‌തു. 1986 ജൂലൈ മുതൽ ഞാൻ പയനിയർ—യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ മുഴു​സമയ ശുശ്രൂ​ഷകർ അങ്ങനെ​യാണ്‌ അറിയ​പ്പെ​ടു​ന്നത്‌—ആയി പ്രവർത്തി​ക്കാൻ തുടങ്ങി. പുതു​താ​യി രൂപീ​ക​രിച്ച ഒരു ചെറിയ സഭയു​ണ്ടാ​യി​രുന്ന പ്രദേ​ശ​ത്തേക്കു ഞാൻ മാറി. ലഭിച്ച വിദ്യാ​ഭ്യാ​സം പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട്‌, അവിടെ ഞാൻ സ്വകാര്യ ഭാഷാ​ധ്യാ​പനം നടത്തു​ക​യും മറ്റു വിഷയങ്ങൾ പഠിപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ എന്റെ സൗകര്യ​ത്തി​ന​നു​സ​രിച്ച്‌ കാര്യാ​ദി​കൾ ക്രമീ​ക​രി​ക്കാൻ എനിക്കു കഴിഞ്ഞു.

ഒരു വിദേശ വയലിൽ സേവി​ക്കു​ന്നു

ഞാൻ മനസ്സി​ലാ​ക്കിയ ബൈബിൾ സത്യങ്ങൾ കഴിയു​ന്നത്ര ആളുക​ളു​മാ​യി പങ്കു​വെ​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. ഫ്രഞ്ച്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ, ഫ്രഞ്ച്‌ ഉപയോ​ഗി​ക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തു സേവി​ക്കു​ന്ന​തി​നെ കുറിച്ച്‌ ഞാൻ ആലോ​ചി​ച്ചു. അങ്ങനെ​യി​രി​ക്കെ, അയൽരാ​ജ്യ​മായ അൽബേ​നി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ 1992-ൽ നിയമാം​ഗീ​കാ​രം ലഭിച്ചു. ആ വർഷാ​വ​സാ​നം ഇറ്റലി​യിൽനി​ന്നുള്ള ഏതാനും പയനി​യർമാർ അവി​ടേക്കു നിയമി​ക്ക​പ്പെട്ടു. അവരിൽ എന്റെ സഭയിൽനി​ന്നുള്ള മാരി​യോ ഫാറ്റ്‌സി​യോ​യും ഭാര്യ ക്രിസ്റ്റീ​ന​യും ഉണ്ടായി​രു​ന്നു. അവരെ ചെന്നു കാണാ​നും അൽബേ​നി​യ​യിൽ സേവി​ക്കു​ന്ന​തി​നെ കുറിച്ച്‌ ആലോ​ചി​ക്കാ​നും അവർ എന്നോട്‌ പറഞ്ഞു. അങ്ങനെ, നല്ലവണ്ണം ചിന്തി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം 52-ാം വയസ്സിൽ, എനിക്ക്‌ ഉണ്ടായി​രുന്ന ഒരളവി​ലുള്ള സുരക്ഷി​ത​ത്വം ഒരിക്കൽക്കൂ​ടി ഉപേക്ഷി​ച്ചു​കൊണ്ട്‌ തികച്ചും വ്യത്യ​സ്‌ത​മായ ചുറ്റു​പാ​ടു​ക​ളി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

അത്‌ 1993 മാർച്ചിൽ ആയിരു​ന്നു. മാതൃ​രാ​ജ്യ​ത്തു​നി​ന്നും ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യി വിദൂ​ര​ത്തിൽ അല്ലായി​രു​ന്നെ​ങ്കിൽപ്പോ​ലും ഞാൻ എത്തി​പ്പെ​ട്ടി​രി​ക്കു​ന്നത്‌ വേറൊ​രു ലോകത്ത്‌ ആണെന്ന്‌ അവിടെ ചെന്നയു​ടനെ എനിക്കു ബോധ്യ​മാ​യി. അവിട​ത്തു​കാർ എല്ലായി​ട​ത്തും നടന്നാണ്‌ പോയി​രു​ന്നത്‌, ഭാഷയാ​ണെ​ങ്കിൽ എനിക്ക്‌ ഒരുവി​ധ​ത്തി​ലും മനസ്സി​ലാ​കാത്ത അൽബേ​നി​യ​നും. കൂടാതെ ഭരണകൂ​ടങ്ങൾ മാറി​മാ​റി വന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നതി​നാൽ രാജ്യം വലിയ മാറ്റത്തി​ന്റെ ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ കടന്നു പോകു​ക​യാ​യി​രു​ന്നു. എങ്കിലും ആളുകൾ ബൈബിൾ സത്യത്തി​നു​വേണ്ടി ദാഹി​ച്ചി​രു​ന്നു. അവർക്ക്‌ വായന​യും പഠനവും ഇഷ്ടമാ​യി​രു​ന്നു. ബൈബിൾ വിദ്യാർഥി​ക​ളു​ടെ ആത്മീയ പുരോ​ഗതി പെട്ടെ​ന്നാ​യി​രു​ന്നു. അത്‌ എന്നെ സന്തോ​ഷി​പ്പി​ക്കു​ക​യും പുതിയ ചുറ്റു​പാ​ടു​ക​ളു​മാ​യി ഇണങ്ങാൻ സഹായി​ക്കു​ക​യും ചെയ്‌തു.

ഞാൻ 1993-ൽ തലസ്ഥാന നഗരി​യായ റ്റിറാ​ന​യിൽ എത്തിയ​പ്പോൾ അൽബേ​നി​യ​യിൽ ഒരു സഭ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. കൂടാതെ, മുഴു രാജ്യ​ത്തു​മുള്ള സാക്ഷി​ക​ളു​ടെ എണ്ണമാ​കട്ടെ വെറും നൂറി​ല​ധി​ക​വും. ആ മാസം, റ്റിറാ​ന​യിൽവെച്ച്‌ ആദ്യമാ​യി നടത്തപ്പെട്ട പ്രത്യേക സമ്മേളന ദിന പരിപാ​ടി​യിൽ 585 പേർ ഹാജരാ​കു​ക​യും 42 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. എനിക്ക്‌ ഒന്നും​തന്നെ മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും സാക്ഷികൾ പാട്ടു പാടു​ന്ന​തും പരിപാ​ടി​കൾക്കു സൂക്ഷ്‌മ ശ്രദ്ധ നൽകു​ന്ന​തും കാണു​ന്നത്‌ ഹൃദയ​സ്‌പർശി​യായ ഒരു അനുഭ​വ​മാ​യി​രു​ന്നു. ഏപ്രി​ലിൽ നടന്ന യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാരക ആചരണ​ത്തിൽ 1,318 പേർ സന്നിഹി​ത​രാ​യി! അവിടം മുതൽ, അൽബേ​നി​യ​യി​ലെ ക്രിസ്‌തീയ പ്രവർത്ത​ന​ത്തി​ന്റെ വളർച്ച​യ്‌ക്ക്‌ ആക്കംകൂ​ടി.

നാലാം നിലയി​ലെ ബാൽക്ക​ണി​യിൽനിന്ന്‌ റ്റിറാന നഗരത്തെ നോക്കി​ക്കൊണ്ട്‌ “ഈ ആളുക​ളു​ടെ​യെ​ല്ലാം അടുത്ത്‌ ഏതു കാലത്താ​ണോ ഞങ്ങൾ എത്തി​ച്ചേ​രുക” എന്നു ഞാൻ ചിന്തി​ക്കു​മാ​യി​രു​ന്നു. യഹോ​വ​യാം ദൈവം വേണ്ടതു ചെയ്‌തു. റ്റിറാ​ന​യിൽ ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 23 സഭകളുണ്ട്‌. രാജ്യ​ത്തൊ​ട്ടാ​കെ 68 സഭകളും 22 കൂട്ടങ്ങ​ളും ഉണ്ട്‌. മൊത്തം സാക്ഷി​ക​ളു​ടെ എണ്ണം 2,846 ആണ്‌. ഏതാനും വർഷം​കൊണ്ട്‌ എത്ര വലിയ വർധന​യാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌! 2002-ലെ സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ 12,795 പേർ ഹാജരാ​യി!

അൽബേ​നി​യ​യി​ലെ ഈ പത്തു വർഷത്തി​നി​ടെ കുറഞ്ഞത്‌ 40 പേരെ സ്‌നാ​പ​ന​മേൽക്കാൻ സഹായി​ച്ച​തി​ന്റെ സന്തോഷം എനിക്കുണ്ട്‌. അവരിൽ അനേകർ ഇപ്പോൾ പയനി​യർമാ​രാ​യും മുഴു​സമയ സേവന​ത്തി​ന്റെ മറ്റു മേഖല​ക​ളി​ലും പ്രവർത്തി​ക്കു​ന്നു. ഈ സമയത്ത്‌, അൽബേ​നി​യ​യി​ലെ വേലയെ പിന്തു​ണ​യ്‌ക്കാ​നാ​യി ഇറ്റലി​യിൽനി​ന്നുള്ള പയനി​യർമാ​രു​ടെ ആറു സംഘങ്ങളെ ഇങ്ങോട്ട്‌ അയച്ചി​ട്ടുണ്ട്‌. ഓരോ സംഘത്തി​നും മൂന്നു മാസത്തെ ഒരു ഭാഷാ​പഠന കോഴ്‌സ്‌ നൽകി​യി​രു​ന്നു, അവസാ​നത്തെ നാലു ക്ലാസ്സു​ക​ളിൽ പഠിപ്പി​ക്കാ​നുള്ള ക്ഷണം എനിക്കു ലഭിച്ചു.

സഭ വിടാ​നുള്ള എന്റെ തീരു​മാ​നത്തെ കുറിച്ച്‌ ആദ്യം അറിഞ്ഞ​പ്പോൾ സ്‌നേ​ഹി​തർ വളരെ ശക്തമാ​യാണ്‌ പ്രതി​ക​രി​ച്ചത്‌. എന്നാൽ ഇത്രയും വർഷങ്ങൾക്കു​ശേഷം, എന്റെ ശാന്തത​യും സമാധാ​ന​വും കണ്ടിട്ട്‌ അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം​വ​ന്നി​രി​ക്കു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഒരു കന്യാ​സ്‌ത്രീ​യായ 93 വയസ്സുള്ള എന്റെ ആന്റി ഉൾപ്പെ​ടെ​യുള്ള എന്റെ കുടും​ബാം​ഗ​ങ്ങ​ളും എന്നെ ഇപ്പോൾ കൂടു​ത​ലാ​യി പിന്തു​ണ​യ്‌ക്കു​ന്നു.

യഹോ​വ​യെ അറിയാൻ ഇടയാ​യതു മുതൽ വിവിധ സാഹച​ര്യ​ങ്ങ​ളിൽ അവൻ എന്നെ പരിപാ​ലി​ച്ചു വഴിന​ട​ത്തി​യി​രി​ക്കു​ന്നു! അവന്റെ സംഘട​ന​യി​ലേ​ക്കുള്ള വഴി അവൻ എനിക്കു കാണി​ച്ചു​തന്നു. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, പാവ​പ്പെ​ട്ട​വ​രെ​യും അടിസ്ഥാന അവകാ​ശങ്ങൾ നിഷേ​ധി​ക്ക​പ്പെ​ട്ട​വ​രെ​യും ദരി​ദ്ര​രെ​യും സഹായി​ക്കാ​നും ദൈവ​സേ​വ​ന​ത്തിൽ പൂർണ​മാ​യി മുഴു​കി​യി​രി​ക്കാ​നു​മുള്ള എന്റെ ആഗ്രഹത്തെ കുറിച്ചു ഞാൻ ഓർമി​ക്കു​ന്നു. അതു​കൊണ്ട്‌ ഞാൻ യഹോ​വ​യ്‌ക്ക്‌ നന്ദി പറയുന്നു. എന്റെ ആത്മീയ ദാഹം ശമിച്ചു​വെന്ന്‌ അവൻ ഉറപ്പു​വ​രു​ത്തി. (g03 6/22)

[23-ാം പേജിലെ ചിത്രം]

ഞാൻ ബൈബിൾ പഠിപ്പിച്ച ഒരു അൽബേ​നി​യൻ കുടും​ബം, പതി​നൊ​ന്നു​പേർ സ്‌നാ​പ​ന​മേ​റ്റു

[23-ാം പേജിലെ ചിത്രം]

അൽബേനിയയിൽവെച്ച്‌ ഞാൻ ബൈബിൾ പഠിപ്പിച്ച ഈ സ്‌ത്രീ​ക​ളിൽ മിക്കവ​രും ഇപ്പോൾ മുഴു​സമയ ശുശ്രൂ​ഷ​ക​രാണ്‌