ഒരു തിരിച്ചുവരവ് എന്തുകൊണ്ട്?
ഒരു തിരിച്ചുവരവ് എന്തുകൊണ്ട്?
ഏകദേശം 40 വർഷം മുമ്പ്, കീടങ്ങൾ പരത്തുന്ന സാധാരണ രോഗങ്ങളായ മലമ്പനി, മഞ്ഞപ്പനി, ഡെംഗി എന്നിവയെ ഭൂതലത്തിന്റെ സിംഹഭാഗത്തുനിന്നും ഏതാണ്ട് ഉന്മൂലനം ചെയ്തതായാണു കരുതിയിരുന്നത്. പക്ഷേ, നിനച്ചിരിക്കാത്തതു സംഭവിച്ചു—അവ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി.
എന്തുകൊണ്ട്? ചില കീടങ്ങളും അവ വഹിക്കുന്ന സൂക്ഷ്മാണുക്കളും അവയെ നിയന്ത്രിക്കാൻ ഉപയോഗിച്ചു വരുന്ന കീടനാശിനികളെയും മരുന്നുകളെയും പ്രതിരോധിക്കാനുള്ള കഴിവു വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് ഒരു സംഗതി. കീടനാശിനികൾ അമിതമായി ഉപയോഗിക്കുന്നതിനു പുറമേ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതും ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാകാൻ ഇടയാക്കിയിരിക്കുന്നു. “അനേകം ദരിദ്ര കുടുംബങ്ങളും, രോഗലക്ഷണങ്ങൾക്കു താത്കാലിക ശമനം വരുത്താൻ മാത്രമുള്ള മരുന്നേ ഉപയോഗിക്കൂ. അടുത്ത തവണ രോഗം വരുമ്പോൾ ഉപയോഗിക്കാനായി അവർ ബാക്കി മരുന്ന് സൂക്ഷിച്ചുവെക്കും” എന്ന് മൊസ്കിറ്റോ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഇങ്ങനെ പൂർണ രോഗശമനം വരുത്താത്തതു മൂലം ശക്തരായ സൂക്ഷ്മജീവികൾ വ്യക്തിയുടെ ശരീരത്തിൽ അതിജീവിക്കുകയും മരുന്നുകളോടു പ്രതിരോധശേഷി ഉള്ള പുതിയ തലമുറയെ ഉത്പാദിപ്പിക്കുകയും ചെയ്തേക്കാം.
കാലാവസ്ഥയിലെ മാറ്റം
കീടങ്ങൾ പരത്തുന്ന രോഗങ്ങൾ തിരികെ വരാനുള്ള ഒരു മുഖ്യ കാരണം പ്രകൃതിയിലും സമൂഹത്തിലും സംഭവിച്ചിരിക്കുന്ന മാറ്റങ്ങളാണ്. ആഗോള കാലാവസ്ഥാ വ്യതിയാനംതന്നെ ഇതിനുള്ള ഒരു പ്രമുഖ ഉദാഹരണമാണ്. ആഗോള പരിസ്ഥിതിയിലെ താപവർധന, ഇപ്പോൾ ശീതകാലാവസ്ഥയുള്ള ചില പ്രദേശങ്ങളിലും കീടങ്ങൾ പരത്തുന്ന രോഗങ്ങൾ സംക്രമിക്കാൻ ഇടയാക്കുമെന്നു ചില ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നു. ഇത് ഇപ്പോൾത്തന്നെ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിനു ചില തെളിവുകളുണ്ട്. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ആരോഗ്യ-ആഗോള പരിസ്ഥിതി കേന്ദ്രത്തിലെ ഡോ. പോൾ ആർ. എപ്സ്റ്റൈൻ ഇപ്രകാരം പറയുന്നു: “കീടങ്ങളും അവ പരത്തുന്ന രോഗങ്ങളും (മലമ്പനി, ഡെംഗിപ്പനി എന്നിവ ഉൾപ്പെടെ) ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.” കോസ്റ്ററിക്കയിൽ അടുത്തകാലംവരെ പസിഫിക് തീരപ്രദേശത്തു മാത്രം കണ്ടുവന്നിരുന്ന ഡെംഗി ഇപ്പോൾ പർവത പ്രദേശങ്ങളും കടന്ന് രാജ്യത്തൊട്ടാകെ പടർന്നു പിടിച്ചിരിക്കുന്നു.
ഉഷ്ണകാലാവസ്ഥയ്ക്ക് വേറെയും കുഴപ്പങ്ങളുണ്ട്. ചൂടുള്ള കാലാവസ്ഥ ചിലയിടത്ത് നദികളെ ചേറും ചെളിയും കലർന്ന കുളങ്ങളാക്കി മാറ്റുന്നു. മറ്റു ചില സ്ഥലങ്ങളിൽ അവ മഴയ്ക്കു കാരണമാകുകയും വെള്ളപ്പൊക്കം ഉണ്ടാക്കുകയും വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഈ രണ്ടു സാഹചര്യങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾക്കു തികച്ചും യോജിച്ച പ്രജനന കേന്ദ്രങ്ങളായി വർത്തിക്കുന്നു. ഉഷ്ണ കാലാവസ്ഥ കൊതുകുകളുടെ പ്രജനനകാലം ഹ്രസ്വമാക്കുകയും അവയുടെ പുനരുത്പാദന നിരക്ക് ദ്രുതഗതിയിൽ ആക്കുകയും ചെയ്യുന്നു. ഒപ്പം, കൊതുകുകൾ ധാരാളമായി കാണപ്പെടുന്ന സമയത്തിന്റെ ദൈർഘ്യവും വർധിപ്പിക്കുന്നു. ഉഷ്ണകാലാവസ്ഥയിൽ കൊതുകുകൾ കൂടുതൽ ഊർജസ്വലരായിരിക്കും. ഉഷ്ണകാലാവസ്ഥ കൊതുകിന്റെ ഉള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. അവിടെ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ പുനരുത്പാദനത്തെ അത് ത്വരിതപ്പെടുത്തുന്നു. അപ്പോൾ ഒറ്റത്തവണത്തെ കൊതുകുകടിയിലൂടെ രോഗസംക്രമണം നടക്കാനുള്ള സാധ്യത വർധിക്കുന്നു. എന്നാൽ, ഉത്കണ്ഠയ്ക്കു കാരണമായ മറ്റു ചില സംഗതികൾ കൂടിയുണ്ട്.
രോഗസംക്രമണം നടക്കുന്ന വിധം —ഒരു ഉദാഹരണം
കീടങ്ങൾ മൂലമുള്ള രോഗസംക്രമണത്തിന് സാമൂഹിക മാറ്റങ്ങളും കാരണമായേക്കാം. ഇത് എങ്ങനെയെന്നു മനസ്സിലാക്കുന്നതിന്, പ്രാണികളുടെ പങ്കിനെ നാം ഒന്നുകൂടെ അടുത്തു പരിശോധിക്കേണ്ടതുണ്ട്. പല രോഗങ്ങളുടെ കാര്യത്തിലും, രോഗസംക്രമണത്തിന്റെ വ്യത്യസ്ത കണ്ണികളിൽ കേവലം ഒന്നു മാത്രമായിരിക്കും പ്രാണികൾ. ചില മൃഗങ്ങളോ പക്ഷികളോ രോഗവാഹികളായ കീടങ്ങളെ അവയുടെ ശരീരത്തിൽ പാർപ്പിക്കുകയോ രക്തത്തിൽ രോഗകാരികളായ സൂക്ഷ്മാണുക്കളെ വഹിക്കുകയോ ചെയ്യുന്നു. രോഗവാഹികളായ ഇവയ്ക്ക് രോഗം പിടിപെടാത്തപക്ഷം ഇവയുടെ ശരീരവും രോഗത്തിന്റെ സംഭരണസ്ഥലമായി വർത്തിച്ചേക്കാം.
ലൈം രോഗത്തിന്റെ കാര്യം പരിചിന്തിക്കുക. 1975-ൽ യു.എസ്.എ.-യിലെ കണക്റ്റിക്കട്ടിലുള്ള ലൈം പട്ടണത്തിലാണ് ഇത് ആദ്യം കണ്ടത്. നൂറോളം വർഷം മുമ്പ് യൂറോപ്പിൽനിന്നു കപ്പലുകളിൽ എത്തിയ കന്നുകാലികളിലൂടെയോ എലികളിലൂടെയോ ആണ് ഈ രോഗം പരത്തുന്ന ബാക്ടീരിയ വടക്കേ അമേരിക്കയിൽ എത്തിയത് എന്നു കരുതപ്പെടുന്നു. ഇക്സോഡസ് കുലത്തിൽപ്പെട്ട തീരെ ചെറിയ ഒരു തരം ടിക്, രോഗം ബാധിച്ച മൃഗത്തിന്റെ രക്തം കുടിക്കുമ്പോൾ ഈ ബാക്ടീരിയ അതിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. പിന്നെ, ബാക്ടീരിയ അതിന്റെ ശിഷ്ട ജീവിതം ടിക്കിന്റെ ശരീരത്തിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടുന്നു. ഈ ടിക് അടുത്തതായി ഒരു മൃഗത്തെയോ മനുഷ്യനെയോ കടിക്കുമ്പോൾ ബാക്ടീരിയ ഇരയുടെ രക്തത്തിലേക്കു സംക്രമിക്കുന്നു.
ലൈം രോഗം, ഐക്യനാടുകളുടെ വടക്കു കിഴക്കൻ ഭാഗത്തു വളരെ കാലമായി കാണപ്പെടുന്നു. അവിടെ ഈ ബാക്ടീരിയകളുടെ മുഖ്യ സംഭരണിയായി വർത്തിക്കുന്നതു വെളുത്ത കാലുകളുള്ള ഒരുതരം എലിയാണ്. ഇവ ടിക്കുകളുടെ ആതിഥേയരായും വർത്തിക്കുന്നു, പ്രത്യേകിച്ച് വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നവയുടെ. പൂർണ വളർച്ചയെത്തുമ്പോൾ മാനുകളുടെ ശരീരമാണ് ടിക്കുകൾക്ക് ഏറെ പ്രിയം. അവിടെ അവ ഭക്ഷണം കണ്ടെത്തുകയും ഇണചേരുകയും ചെയ്യുന്നു. രക്തം കുടിച്ചു വീർത്തു കഴിഞ്ഞാൽ പെൺ ടിക് മാനിന്റെ ശരീരം വിട്ടു നിലത്തിറങ്ങുന്നു. അവിടെയാണ് അതു മുട്ടയിടുന്നത്. മുട്ടയിൽനിന്നു പുറത്തു വരുന്ന ലാർവകൾ ഇതേ ജീവിത ചക്രംതന്നെ ആവർത്തിക്കുന്നു.
മാറിയ ചുറ്റുപാടുകൾ
രോഗകാരികൾ മനുഷ്യർക്ക് അപകടം വരുത്താതെ മൃഗങ്ങളും പ്രാണികളുമായി വർഷങ്ങളോളം സഹവർത്തിത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മാറിയ ചുറ്റുപാടുകൾക്ക് ഒരു പ്രാദേശിക രോഗത്തെ നിരവധി സമൂഹങ്ങളെ ഗ്രസിക്കുന്ന ഒരു മഹാമാരിയാക്കി മാറ്റാൻ കഴിയും. ലൈം രോഗത്തിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള എന്തു മാറ്റമാണ് ഉണ്ടായത്?
കഴിഞ്ഞകാലങ്ങളിൽ, ഇരപിടിയൻ മൃഗങ്ങൾ മാനുകളെ തിന്നുന്നതുമൂലം അവയുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരുന്നു. അങ്ങനെ മാനിന്റെ ദേഹത്തു കാണപ്പെടുന്ന ടിക്കുകളും മനുഷ്യനും തമ്മിലുള്ള സമ്പർക്കത്തിനും നിയന്ത്രണം ഉണ്ടായിരുന്നു. ആദിമ യൂറോപ്യൻ കുടിയേറ്റക്കാർ വനങ്ങൾ വെട്ടിത്തെളിച്ചു കൃഷിയിടങ്ങൾ ആക്കിയപ്പോൾ മാനുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. തത്ഫലമായി ഇരപിടിയന്മാർ അവിടം വിട്ടു മറ്റു സ്ഥലങ്ങളിലേക്കു പോയി. എന്നാൽ 1800-കളുടെ മധ്യത്തിൽ പല കർഷകരും ഈ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു പടിഞ്ഞാറേക്കു നീങ്ങി. ഇങ്ങനെ ഉപേക്ഷിച്ചുപോയ
പഴയ കൃഷിസ്ഥലങ്ങൾ ക്രമേണ വനങ്ങളാകാൻ തുടങ്ങി. മാൻകൂട്ടങ്ങൾ തിരികെ വന്നെങ്കിലും അവയുടെ സ്വാഭാവിക ഇരപിടിയന്മാർ തിരിച്ചു വന്നില്ല. അങ്ങനെ മാൻകൂട്ടങ്ങൾ അനവധിയായി പെറ്റുപെരുകി. അതുപോലെതന്നെ ടിക്കുകളുടെ എണ്ണവും കൂടി.കുറച്ചു കാലങ്ങൾക്കു ശേഷം, ലൈം രോഗം പരത്തുന്ന ബാക്ടീരിയ പ്രത്യക്ഷപ്പെട്ടു. എന്നാൽ മനുഷ്യനു വിനയാകാതെതന്നെ ദശകങ്ങളോളം അവ ഈ മൃഗങ്ങളുടെ ശരീരത്തിൽ കുടിപാർത്തു. എന്നാൽ പട്ടണപ്രാന്തങ്ങൾ വനാതിർത്തികളിലേക്കു വ്യാപിച്ചതോടെ മുതിർന്നവരും കുട്ടികളുമടക്കം ധാരാളംപേർ ടിക്കുകളുടെ അധിനിവേശ പ്രദേശവുമായി സമ്പർക്കത്തിലായി. ഇവ മനുഷ്യരുമായും സമ്പർക്കത്തിലാവുകയും അങ്ങനെ മനുഷ്യനു ലൈം രോഗം പിടിപെടുകയും ചെയ്തു.
അസ്ഥിരമായ ഒരു ലോകത്തിലെ രോഗങ്ങൾ
രോഗവികസനവും സംക്രമണവും നടക്കുന്ന അനവധി വിധങ്ങളിൽ കേവലം ഒന്നുമാത്രമാണ് മേൽവിവരിച്ചത്. അതുപോലെ രോഗം പൊട്ടിപ്പുറപ്പെടാൻ മനുഷ്യൻ കാരണക്കാരനാകുന്നതിന്റെ ഒരു ചിത്രീകരണം മാത്രമായിരുന്നു അത്. “ഒട്ടുമിക്ക രോഗങ്ങളും കരുത്താർജിച്ചു തിരിച്ചുവരാൻ കാരണം മനുഷ്യന്റെ കൈകടത്തലാണ്” എന്നു പരിസ്ഥിതിവാദിയായ യൂജിൻ ലിൻഡെൻ ദി ഫ്യൂച്ചർ ഇൻ പ്ലെയിൻ സൈറ്റ് എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. മനുഷ്യന്റെ കൈകടത്തലിന്റെ ചില ഉദാഹരണങ്ങൾ കൂടി: ജനപ്രീതിയാർജിച്ച വേഗമേറിയ ആധുനിക യാത്രാ സൗകര്യങ്ങൾ രോഗകാരികളും രോഗവാഹികളും ഭൂഗോളത്തിലെവിടെയും അനായാസം ചെന്നുപറ്റാൻ ഇടയാക്കുന്നു. വലുതും ചെറുതുമായ ജീവികളുടെ ആവാസ വ്യവസ്ഥകൾ നശിക്കുന്നത് ജൈവവൈവിധ്യത്തിനു ഭീഷണി ഉയർത്തുന്നു. “മലിനീകരണം വായുവിനെയും വെള്ളത്തെയും ബാധിക്കുന്നു, അത് മൃഗങ്ങളുടെയും മനുഷ്യന്റെയും പ്രതിരോധ വ്യവസ്ഥയെ ഒരുപോലെ ക്ഷയിപ്പിക്കുന്നു” എന്ന് ലിൻഡെൻ പറയുന്നു. ഡോ. എപ്സ്റ്റൈന്റെ പിൻവരുന്ന പ്രസ്താവന അദ്ദേഹം ഉദ്ധരിച്ചു: “പരിസ്ഥിതിവ്യവസ്ഥയിൽ
കൈകടത്തിക്കൊണ്ട് അടിസ്ഥാനപരമായി മനുഷ്യൻ താറുമാറാക്കിയിരിക്കുന്നതു ഭൂഗ്രഹത്തിന്റെ പ്രതിരോധ വ്യവസ്ഥയെയാണ്, അതുവഴി അവർ സൂക്ഷ്മാണുക്കൾക്ക് ഒരു വിളനിലം ഒരുക്കിയിരിക്കുന്നു.”രാഷ്ട്രീയ അസ്ഥിരത യുദ്ധത്തിലേക്കും ആവാസ വ്യവസ്ഥകളുടെ തകർച്ചയിലേക്കും നയിക്കുന്നു. ആരോഗ്യ പരിപാലനവും ഭക്ഷ്യവിതരണവും സാധ്യമാക്കുന്ന സേവന സൗകര്യങ്ങളെ അതു താറുമാറാക്കുന്നു. കൂടാതെ, ദ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ബയോബുള്ളറ്റിൻ ചൂണ്ടിക്കാണിക്കുന്ന പ്രകാരം “വികലപോഷിതരും ക്ഷീണിതരുമായ അഭയാർഥികൾ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരായിത്തീരുമ്പോൾ അവിടങ്ങളിലെ തിക്കും തിരക്കും ശുചിത്വമില്ലായ്മയും ആളുകളെ നിരവധി രോഗങ്ങൾക്ക് ഇരകളാക്കുന്നു.”
സാമ്പത്തിക അസ്ഥിരത, അനേകർ രാജ്യാതിർത്തികൾക്ക് അകത്തും പുറത്തും മുഖ്യമായും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലേക്കും മറ്റും കുടിയേറാൻ ഇടയാക്കുന്നു. “ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങൾ രോഗാണുക്കളുടെ വിളനിലങ്ങളാണ്” എന്ന് ബയോബുള്ളറ്റിൻ പറയുന്നു. നഗരത്തിലെ കുതിച്ചുയരുന്ന ജനസംഖ്യയ്ക്കനുസരിച്ച് “പലപ്പോഴും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് അത്യാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസം, പോഷണം, പ്രതിരോധ കുത്തിവെപ്പു സംരംഭങ്ങൾ എന്നിവ ഒപ്പം കൊണ്ടുപോകാൻ കഴിയാതെ വരുന്നു.” ജനങ്ങൾ അമിതമായി തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ വെള്ളം, അഴുക്കുചാൽ, മാലിന്യ നിർമാർജന പദ്ധതികൾ എന്നിവ ലഭ്യമാക്കുക എന്നതും കൂടുതൽ പ്രയാസകരമായിത്തീരുന്നു. അതിന്റെ ഫലമായി ആരോഗ്യപരമായ ചുറ്റുപാടുകൾ, വ്യക്തിപരമായ ശുചിത്വം എന്നിവ നിലനിറുത്തുന്നതു ബുദ്ധിമുട്ടാകുന്നു. അതേസമയം അവ കീടങ്ങൾക്കും മറ്റു രോഗവാഹികൾക്കും അനുസ്യൂതം പെരുകുന്നതിന് തികച്ചും അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, തുടർന്നു വരുന്ന ലേഖനം കാണിക്കുന്നതുപോലെ സാഹചര്യം തീർത്തും ആശയറ്റതല്ല. (g03 5/22)
[11-ാം പേജിലെ ആകർഷക വാക്യം]
“ഒട്ടുമിക്ക രോഗങ്ങളും കരുത്താർജിച്ചു തിരിച്ചുവരാൻ കാരണം മനുഷ്യന്റെ കൈകടത്തലാണ്”
[7-ാം പേജിലെ ചതുരം/ചിത്രം]
വെസ്റ്റ് നൈൽ വൈറസ് ഐക്യനാടുകളെ ആക്രമിക്കുന്നു
പ്രധാനമായും കൊതുകിലൂടെ മനുഷ്യനിലേക്കു പകരുന്ന വെസ്റ്റ് നൈൽ വൈറസ് ആദ്യമായി കണ്ടെത്തിയത് ഉഗാണ്ടയിലായിരുന്നു, 1937-ൽ. പിന്നീട് മധ്യപൂർവദേശം, ഏഷ്യ, ഓഷ്യാനിയ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇതിനെ കണ്ടുതുടങ്ങി. 1999-വരെ പശ്ചിമാർധ ഗോളത്തിൽ എങ്ങും ഇതിനെ കണ്ടെത്തിയിരുന്നില്ല. എന്നാൽ, അതിനുശേഷം ഐക്യനാടുകളിൽ ഈ വൈറസ് ബാധയുടെ 3,000-ത്തിൽപ്പരം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുകയും 200-ൽ അധികംപേർ മരണമടയുകയും ചെയ്തു.
ചിലരിൽ ഫ്ളൂപോലെയുള്ള ലക്ഷണങ്ങൾ പ്രകടമായേക്കാം എങ്കിലും വൈറസ് ബാധിതരായ മിക്കവരും തങ്ങൾക്കു രോഗബാധയുണ്ടെന്ന് ഒരിക്കലും തിരിച്ചറിയുന്നില്ല. എന്നാൽ ചുരുക്കം ചിലർക്ക് മസ്തിഷ്കവീക്കം, സുഷുമ്നയുടെ ആവരണങ്ങളുടെ വീക്കം എന്നിങ്ങനെയുള്ള ഗുരുതരമായ രോഗങ്ങളുണ്ടാകുന്നു. വെസ്റ്റ് നൈൽ വൈറസിന് പ്രതിരോധ വാക്സിനോ പ്രത്യേക പ്രതിവിധിയോ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. അവയവ മാറ്റിവെക്കലിലൂടെയും രോഗവാഹിയായ വ്യക്തിയിൽനിന്ന് രക്തപ്പകർച്ച നടത്തുന്നതിലൂടെയും ഈ വൈറസ് ബാധ ഉണ്ടാകാൻ ഇടയുണ്ടെന്ന് യു.എസ്. രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. “രക്തത്തിൽ വെസ്റ്റ് നൈൽ വൈറസ് ഉണ്ടോ എന്നറിയാനുള്ള ഒരു മാർഗവും ഇപ്പോഴില്ല” എന്ന് റോയിറ്റേഴ്സ് വാർത്താ ഏജൻസി 2002-ൽ റിപ്പോർട്ടു ചെയ്തു.
[കടപ്പാട്]
CDC/James D. Gathany
[8, 9 പേജുകളിലെ ചതുരം/ചിത്രം]
നിങ്ങൾക്ക് എങ്ങനെ സ്വയം സംരക്ഷിക്കാം? ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ ചില കാര്യങ്ങൾ
ലോകത്തിന്റെ പല ഭാഗങ്ങളിൽ കീടങ്ങൾ മൂലമുള്ള രോഗബാധ വളരെ കൂടുതലായിരിക്കുന്ന പ്രദേശങ്ങളിലെ നിവാസികളുമായി ഉണരുക! സംസാരിച്ചു. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് അവർ മുന്നോട്ടു വെച്ച ചില നിർദേശങ്ങൾ ഒരു പക്ഷേ നിങ്ങളുടെ പ്രദേശത്തും സഹായകം ആയിരുന്നേക്കാം.
ശുചിത്വം—പ്രതിരോധത്തിനുള്ള പ്രഥമപടി
◼ നിങ്ങളുടെ ഭവനം വൃത്തിയായി സൂക്ഷിക്കുക
“ഭക്ഷണപദാർഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ മൂടിവെക്കുക. പാകം ചെയ്ത ഭക്ഷണം വിളമ്പുന്നതുവരെ അടച്ചുവെക്കുക. ഭക്ഷണത്തിന്റെ അംശം താഴെ വീണാൽ അപ്പോൾത്തന്നെ പെറുക്കിക്കളഞ്ഞു വൃത്തിയാക്കുക. ഉപയോഗിച്ച പാത്രങ്ങൾ രാത്രി മുഴുവനും കഴുകാതെ ഇട്ടേക്കരുത്. കൂടാതെ, രാവിലെ കളയാം എന്നു കരുതി അവശിഷ്ടങ്ങൾ വീടിനു വെളിയിൽ ഇട്ടേക്കരുത്. പ്രാണികളും കരണ്ടുതീനികളും രാത്രിയിൽ തീറ്റി അന്വേഷിച്ച് ഇറങ്ങുന്നതിനാൽ അവശിഷ്ടങ്ങൾ മൂടിവെക്കുകയോ കുഴിച്ചിടുകയോ ചെയ്യുക. മണ്ണിട്ട തറയുടെ മീതെ സിമന്റിടുകയാണെങ്കിൽ—അതു വലിയ കനത്തിലൊന്നും ആയിരിക്കേണ്ടതില്ല—വീടു വൃത്തിയായി സൂക്ഷിക്കാനും പ്രാണിശല്യം ഒഴിവാക്കാനും എളുപ്പമായിരിക്കും.”—ആഫ്രിക്ക.
“പഴങ്ങളോ പ്രാണികളെ ആകർഷിക്കുന്ന മറ്റു വസ്തുക്കളോ വീട്ടിൽനിന്നും മാറ്റി എവിടെയെങ്കിലും സൂക്ഷിക്കുക. ആട്, പന്നി, കോഴികൾ എന്നിങ്ങനെയുള്ള വളർത്തുമൃഗങ്ങളെ വീടിനകത്തു കയറ്റരുത്. വെളിയിലുള്ള കക്കൂസുകൾ മൂടിയിടുക. ഈച്ചകളെ അകറ്റാനായി മൃഗങ്ങളുടെ വിസർജ്യങ്ങൾ പെട്ടെന്നുതന്നെ കുഴിച്ചുമൂടുകയോ അവയുടെമേൽ കുമ്മായം വിതറുകയോ ചെയ്യുക. അയൽക്കാർ ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും നിങ്ങൾ ഇപ്രകാരം ചെയ്യുന്നെങ്കിൽ ഒരു പരിധിവരെ പ്രാണികളെ നിയന്ത്രിക്കുന്നതിനും നല്ല മാതൃക വെക്കുന്നതിനും കഴിയും.”—തെക്കേ അമേരിക്ക.
[ചിത്രം]
ഭക്ഷണസാധനങ്ങളും അവശിഷ്ടങ്ങളും മൂടിയിടാത്തത്, പ്രാണികളെ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതുപോലെയാണ്
◼ വ്യക്തിപരമായ ശുചിത്വം
“സോപ്പിന് അധികം വിലയില്ല. അതുകൊണ്ട് കൈയും വസ്ത്രങ്ങളും കൂടെക്കൂടെ കഴുകുക, പ്രത്യേകിച്ച് മനുഷ്യരോടോ മൃഗങ്ങളോടോ സമ്പർക്കത്തിൽ വന്നതിനുശേഷം. ചത്ത മൃഗങ്ങളെ തൊടരുത്. നിങ്ങളുടെ വായിലും മൂക്കിലും കണ്ണിലും ഒക്കെ കൈകൊണ്ടു തൊടുന്നത് ഒഴിവാക്കുക. വൃത്തിയുള്ളത് എന്നു തോന്നിയാലും വസ്ത്രങ്ങൾ കൂടെക്കൂടെ അലക്കുക. ചില സുഗന്ധങ്ങൾ പ്രാണികളെ ആകർഷിക്കുന്നതിനാൽ സുഗന്ധമുള്ള സോപ്പോ ശുചീകരണ സാധനങ്ങളോ ഉപയോഗിക്കാതിരിക്കുക.”—ആഫ്രിക്ക.
പ്രതിരോധ മാർഗങ്ങൾ
◼ കൊതുകിന്റെ പ്രജനനസ്ഥലങ്ങൾ നശിപ്പിക്കുക
വാട്ടർ ടാങ്കുകളും അലക്കുതൊട്ടികളും മൂടിയിടുക. വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. നാലു ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുന്ന ഏതൊരു സ്ഥലത്തും മുട്ടയിട്ടു പെരുകാൻ കൊതുകിനു കഴിയും.—തെക്കുകിഴക്കൻ ഏഷ്യ.
◼ പ്രാണികളുമായുള്ള സമ്പർക്കം കഴിയുന്നത്ര കുറയ്ക്കുക
പ്രാണികൾ സാധാരണമായി തീറ്റിതേടിയിറങ്ങുന്ന സമയവും സ്ഥലവും ഒഴിവാക്കുക. ഉഷ്ണമേഖലാ പ്രദേശത്ത് സൂര്യൻ നേരത്തേ അസ്തമിക്കുന്നതിനാൽ പല ദൈനംദിന ജോലികളും ചെയ്യുന്നത് ഇരുട്ടുവീണശേഷം ആയിരിക്കും, മിക്ക പ്രാണികളും കൂടുതൽ സജീവമായിരിക്കുന്ന സമയവും അതാണ്. കീടങ്ങളിലൂടെയുള്ള രോഗസംക്രമണത്തിനു കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വെളിയിൽ ഇരിക്കുന്നതും ഉറങ്ങുന്നതും അപകടകരമാണ്.—ആഫ്രിക്ക.
[ചിത്രം]
കൊതുകുകൾ പെരുകിയിട്ടുള്ള സ്ഥലങ്ങളിൽ വെളിയിൽ ഉറങ്ങുന്നത്, നിങ്ങളെ ഭക്ഷിക്കാൻ അവയെ ക്ഷണിക്കുന്നതുപോലെയാണ്
ശരീരം കഴിയുന്നത്ര മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, പ്രത്യേകിച്ചു വനപ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ. കീടങ്ങളെ അകറ്റിനിറുത്തുന്ന ലേപനങ്ങൾ വസ്ത്രങ്ങളിലും ചർമത്തിലും പുരട്ടുക. എല്ലായ്പോഴും അവയുടെ ലേബലിലെ നിർദേശങ്ങൾ പിൻപറ്റുക. പുറത്തുപോയി വന്നശേഷം ദേഹത്തോ വസ്ത്രത്തിലോ മറ്റോ ചെള്ളുകൾ പറ്റിയിരിപ്പുണ്ടോ എന്നറിയാൻ നിങ്ങളെയും കുട്ടികളെയും പരിശോധിക്കുക. ഓമനമൃഗങ്ങളെ കീടങ്ങളിൽനിന്ന് അകറ്റി, ആരോഗ്യമുള്ളവയാക്കി സൂക്ഷിക്കുക.—വടക്കേ അമേരിക്ക.
വളർത്തു മൃഗങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക. അവയിൽനിന്നു മനുഷ്യനിലേക്ക് രോഗം പരത്താൻ കീടങ്ങൾക്കു കഴിയും.—മധ്യ ഏഷ്യ.
വീട്ടിലെ എല്ലാം അംഗങ്ങളും കൊതുകുവല ഉപയോഗിക്കുക. കീടനാശിനികൾ കൊണ്ട് പ്രതിരോധിച്ച വലകളാണ് ഏറെ അഭികാമ്യം. ജനലുകൾക്കു വല പിടിപ്പിക്കുക, അവ ക്രമമായി കേടുപോക്കുക. മേൽക്കൂരയും ഭിത്തിയും ചേരുന്നിടത്തെ വിടവുകളിലൂടെ കീടങ്ങൾക്കു പ്രവേശിക്കാൻ കഴിയുന്നതിനാൽ അവ അടയ്ക്കുക. ഈ പ്രതിരോധ നടപടികൾ പണച്ചെലവുള്ളതാണ് എന്നു സമ്മതിക്കുന്നു. എന്നാൽ ഇത്തരം മുൻകരുതലുകൾക്കു പണം ചെലവാക്കാതിരുന്നാൽ പിന്നീടുണ്ടാകുന്ന പണനഷ്ടം വലുതായിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയെ ആശുപത്രിയിൽ ആക്കേണ്ടിവരികയോ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഒരാൾ രോഗബാധിതനായി കിടപ്പിലാകുകയോ ചെയ്യുമ്പോൾ.—ആഫ്രിക്ക.
[ചിത്രം]
കീടനാശിനികൾകൊണ്ട് പ്രതിരോധിച്ച കൊതുകുവലകൾ മരുന്നിനെക്കാളും ആശുപത്രി ബില്ലിനെക്കാളും വളരെ ചെലവു കുറഞ്ഞതാണ്
നിങ്ങളുടെ വീട്ടിൽ പ്രാണികൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒന്നും ഉണ്ടായിരിക്കരുത്. ഭിത്തികളും മേൽക്കൂരയും തേക്കുക. വിള്ളലുകളും പൊത്തുകളും അടയ്ക്കുക. പുല്ലുമേഞ്ഞ മേൽക്കൂരയുടെ അടിവശം പ്രാണികൾക്കു കടക്കാനാവാത്ത തുണികൊണ്ടു മൂടുക. ഭിത്തികളിൽ വളരെയധികം ചിത്രങ്ങൾ പതിച്ചിട്ടുണ്ടെങ്കിൽ അവ, കടലാസു കെട്ടുകൾ, തുണിക്കെട്ടുകൾ എന്നിവയെല്ലാം നീക്കം ചെയ്യുക. കാരണം ഇവയുടെ ഇടയിലെല്ലാമാണ് പ്രാണികൾ ഒളിച്ചിരിക്കുന്നത്.—തെക്കേ അമേരിക്ക.
കീടങ്ങളും കരണ്ടുതീനികളും മറ്റും വീട്ടിലുള്ള അതിഥികളാണ് എന്നു ചിലർ കരുതുന്നു. അങ്ങനെ വിചാരിക്കരുത്! അവയെ അകറ്റി നിറുത്തുക. കീടപ്രതിരോധകങ്ങളും കീടനാശിനികളും ഉപയോഗിക്കുക, പക്ഷേ നിർദേശാനുസരണം മാത്രമേ ആകാവൂ. ഈച്ചക്കെണികളും ഈച്ചതല്ലികളും ഉപയോഗിക്കുക. ഇവയെ ഒഴിവാക്കാൻ എന്തെങ്കിലുമൊക്കെ മാർഗങ്ങൾ കണ്ടുപിടിക്കുക: ഒരു സ്ത്രീ തുണികൊണ്ട് ഒരു കുഴലുണ്ടാക്കി അതിൽ മണൽ നിറച്ചു, എന്നിട്ട് പ്രാണികൾ അകത്തേക്കു കടക്കാതിരിക്കാൻ വാതിലിനു താഴെ വിടവുള്ള ഭാഗത്തു വെച്ചു.—ആഫ്രിക്ക.
[ചിത്രം]
കീടങ്ങൾ നമ്മുടെ വീട്ടിലെ അതിഥികൾ ആയിരിക്കരുത്. അവയെ പുറത്താക്കുക!
◼ പ്രതിരോധ ശേഷി വർധിപ്പിക്കുക
നല്ല പോഷണം, വിശ്രമം, വ്യായാമം എന്നിവയിലൂടെ നിങ്ങളുടെ പ്രതിരോധശേഷി നിലനിറുത്തുക. സമ്മർദം കുറയ്ക്കുക.—ആഫ്രിക്ക.
യാത്രചെയ്യുന്നവർക്ക്: കീടങ്ങൾ പരത്തുന്ന രോഗങ്ങളുടെ അപകട സാധ്യതകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നിങ്ങൾക്ക് ഉണ്ടായിരിക്കണം. പൊതുജനാരോഗ്യ വിഭാഗത്തിൽനിന്നും ഗവൺമെന്റിന്റെ ഇന്റർനെറ്റ് സൈറ്റിൽനിന്നും നിങ്ങൾക്ക് അവ ലഭിക്കും. യാത്ര തുടങ്ങുന്നതിനുമുമ്പ്, നിങ്ങൾ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തിനു പറ്റിയ പ്രതിരോധ ചികിത്സ സ്വീകരിക്കുക.
അസുഖം തോന്നുന്നെങ്കിൽ
◼ സത്വരം വൈദ്യസഹായം തേടുക
മിക്ക രോഗങ്ങളും നേരത്തേ കണ്ടുപിടിച്ചാൽ ഭേദമാക്കാൻ കൂടുതൽ എളുപ്പമാണ്.
◼ തെറ്റായ രോഗനിർണയത്തിനെതിരെ ജാഗ്രത പാലിക്കുക
രോഗാണുവാഹികൾ പരത്തുന്ന രോഗങ്ങളും ഉഷ്ണമേഖലാ രോഗങ്ങളും—നിങ്ങൾ ഉഷ്ണമേഖലയിൽ ആയിരിക്കുകയോ അവിടം സന്ദർശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ—സംബന്ധിച്ചു നല്ല പരിചയമുള്ള ഡോക്ടർമാരെ സമീപിക്കുക. നിങ്ങൾക്ക് അനുഭവപ്പെടുന്ന എല്ലാ രോഗലക്ഷണങ്ങളെ കുറിച്ചും നിങ്ങൾ എവിടെയൊക്കെ യാത്ര ചെയ്തെന്നും (അത് അടുത്തകാലത്തൊന്നും അല്ലായിരുന്നെങ്കിൽ പോലും) ഡോക്ടറോടു പറയുക. ആവശ്യമെങ്കിൽ മാത്രം ആന്റിബയോട്ടിക് കഴിക്കുക, ചികിത്സ പൂർത്തിയാക്കുക.
[ചിത്രം]
പ്രാണികൾ പരത്തുന്ന രോഗങ്ങൾക്ക് മറ്റു ചില രോഗങ്ങളോടു സാമ്യം ഉണ്ടായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ ഡോക്ടർക്ക് മുഴുവിവരങ്ങളും നൽകുക
[കടപ്പാട്]
ഭൂഗോളം: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[10-ാം പേജിലെ ചതുരം/ചിത്രം]
പ്രാണികൾ എച്ച്ഐവി പരത്തുമോ?
പത്തിലധികം വർഷത്തെ അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷം പ്രാണികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്മാർക്കും വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്രജ്ഞന്മാർക്കും, കൊതുകുകളോ മറ്റ് ഏതെങ്കിലും പ്രാണികളോ എയ്ഡ്സ് വൈറസായ എച്ച്ഐവി പരത്തുന്നു എന്നതിന് ഒരു തെളിവും കിട്ടിയിട്ടില്ല.
ഉദാഹരണത്തിന് കൊതുകിന്റെ കാര്യമെടുക്കുക. അതിന്റെ വദനഭാഗം, രക്തം തിരികെ കുത്തിവെക്കാൻ പാകത്തിന് ഒറ്റ ദ്വാരമുള്ള ഒരു സിറിഞ്ചുപോലെയല്ല. മറിച്ച് അത് രക്തം വലിച്ചെടുക്കുന്നതും ഉമിനീർ സ്രവിപ്പിക്കുന്നതും വ്യത്യസ്ത ഭാഗങ്ങളിലൂടെയാണ്. കൂടാതെ, കൊതുകിന്റെ ദഹനവ്യവസ്ഥ രക്തത്തെ വിഘടിപ്പിച്ച് അതിലുള്ള വൈറസിനെ നശിപ്പിക്കുന്നു എന്ന് സാമ്പിയയിലെ മൊങ്കു പട്ടണത്തിലുള്ള ജില്ലാ ആരോഗ്യ കേന്ദ്രത്തിലെ എച്ച്ഐവി വിദഗ്ധനായ തോമസ് ഡമാസ്സോ പറയുന്നു. കീടങ്ങളുടെ വിസർജ്യത്തിൽ എച്ച്ഐവി ഉണ്ടായിരിക്കില്ല. മലേറിയ പരാദങ്ങളുടെ കാര്യത്തിലെന്ന പോലെ എച്ച്ഐവി വൈറസ് കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ കയറിക്കൂടുന്നുമില്ല.
രോഗവാഹികളായ നിരവധി സൂക്ഷ്മ ഘടകങ്ങളുമായി ഒരു വ്യക്തി സമ്പർക്കത്തിൽ വന്നാലേ എച്ച്ഐവി പകരുകയുള്ളൂ. രക്തം കുടിച്ചുകൊണ്ടിരിക്കുന്ന കൊതുക് അതു പൂർത്തിയാക്കാതെ മറ്റൊരാളിലേക്കു പോകുമ്പോൾ അതിന്റെ വായിൽ പറ്റിയിരിക്കുന്ന രക്തത്തിന്റെ അളവ് തീരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ അതു ദോഷം ചെയ്യില്ല. എച്ച്ഐവി പോസിറ്റീവ് രക്തം കുടിച്ചുവീർത്തിരിക്കുന്ന കൊതുകിനെ ഒരു മുറിവിൽ വെച്ച് അടിച്ചു കൊല്ലുകയാണെങ്കിൽപ്പോലും എച്ച്ഐവി രോഗബാധ ഉണ്ടാകുകയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
[കടപ്പാട്]
CDC/James D. Gathany
[7-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യനിൽ ലൈം രോഗം പരത്തുന്നത് മാനിന്റെ ദേഹത്തു കാണപ്പെടുന്ന ടിക്കാണ് (വലത്തു വശത്ത് വലുതാക്കി കാണിച്ചിരിക്കുന്നു)
ഇടത്തുനിന്ന്: പൂർണ വളർച്ചയെത്തിയ പെൺ ടിക്, പൂർണ വളർച്ചയെത്തിയ ആൺ ടിക്, പൂർണ വളർച്ചയെത്താത്തത് (യഥാർഥ വലുപ്പം)
[കടപ്പാട്]
എല്ലാ ടിക്കുകളും: CDC
[10, 11 പേജുകളിലെ ചിത്രങ്ങൾ]
വെള്ളപ്പൊക്കം, ശുചിത്വമില്ലാത്ത ചുറ്റുപാടുകൾ, ജനങ്ങളുടെ കുടിയേറ്റം എന്നിവ പ്രാണികൾ പരത്തുന്ന രോഗങ്ങൾ വ്യാപിക്കാൻ ഇടയാക്കുന്നു
[കടപ്പാട്]
FOTO UNACIONES (from U.S. Army)