വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കുക
ബൈബിളിന്റെ വീക്ഷണം
വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കുക
“ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.”—യാക്കോബ്. 3:10.
നമ്മെ മൃഗങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്ന ഒരു അനുപമ സവിശേഷതയാണ് സംസാരപ്രാപ്തി. ഖേദകരമെന്നു പറയട്ടെ, ചിലയാളുകൾ ഈ വരം ദുരുപയോഗം ചെയ്യുന്നു. അധിക്ഷേപം, ശാപവാക്കുകൾ, നിന്ദ, ദൈവദൂഷണം, അശ്ലീലം, അസഭ്യം എന്നിവയ്ക്ക് മറ്റുള്ളവരെ വ്രണപ്പെടുത്താൻ കഴിയും. ചിലപ്പോൾ ശാരീരിക മുറിവിനെക്കാൾ വേദനാജനകമായിരിക്കും അവ. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്” എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 12:18.
നിന്ദാവാക്കുകൾ ഉപയോഗിക്കുന്നതു ശീലമാക്കിയിരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കുട്ടികൾക്കിടയിലെ അസഭ്യ സംസാരം വർധിച്ചിരിക്കുകയാണ് എന്ന് സ്കൂളുകൾ റിപ്പോർട്ടു ചെയ്യുന്നു. വികാരങ്ങളുടെ കെട്ടഴിച്ചുവിടാൻ വ്രണപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിലരുടെ അഭിപ്രായം. ഒരു പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി ഇപ്രകാരം പറഞ്ഞു: “നമ്മുടെ വികാരത്തിന്റെ തീവ്രത പ്രകടിപ്പിക്കാൻ സാധാരണ പദങ്ങൾക്കു കഴിയാത്തപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ
ആയുധമാണ് അസഭ്യ ഭാഷ.” വ്രണപ്പെടുത്തുന്ന സംസാരത്തോട് അത്തരമൊരു തണുപ്പൻ വീക്ഷണമാണോ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ടത്? ദൈവം ഇതിനെ എങ്ങനെയാണു വീക്ഷിക്കുന്നത്?സഭ്യമല്ലാത്ത തമാശകൾ ഒഴിവാക്കുക
ആളുകൾ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ഒരു പുതുമയല്ല. ഏതാണ്ട്, 2,000 വർഷം മുമ്പ് അപ്പൊസ്തലന്മാരുടെ നാളുകളിലും ആളുകൾ അസഭ്യ ഭാഷ ഉപയോഗിക്കുമായിരുന്നു എന്നറിയുന്നത് ഒരുപക്ഷേ നിങ്ങളെ അതിശയിപ്പിച്ചേക്കാം. ഉദാഹരണത്തിന്, കൊലൊസ്സ്യ സഭയിലെ ചിലർ കോപം വരുമ്പോൾ അസഭ്യം പറഞ്ഞിരുന്നതായി കാണപ്പെടുന്നു. അവർ അതു ചെയ്തത് മറ്റുള്ളവരെ മനപ്പൂർവം വ്രണപ്പെടുത്താനോ പകരത്തിനു പകരം എന്ന നിലയിലോ ആയിരുന്നിരിക്കാം. സമാനമായി ഇന്നും, കോപത്താൽ പൊട്ടിത്തെറിക്കുമ്പോൾ പലരും അസഭ്യം പറയാറുണ്ട്. അതുകൊണ്ട് പൗലൊസ് കൊലൊസ്സ്യർക്ക് എഴുതിയ ലേഖനത്തിനു നമ്മുടെ നാളിലും പ്രസക്തി ഉണ്ട്. അവൻ ഇപ്രകാരം എഴുതി: “ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.” (കൊലൊസ്സ്യർ 3:8) അതുകൊണ്ട് കോപാവേശവും അസഭ്യ സംസാരവും ഒഴിവാക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നു. മിക്കപ്പോഴും ഇവ രണ്ടും ഒന്നിച്ചു സംഭവിക്കാറുള്ളതാണ്.
എന്നാൽ, പലരും അസഭ്യ ഭാഷ ഉപയോഗിക്കുന്നത് മറ്റുള്ളവരെ ദ്രോഹിക്കാനോ വ്രണപ്പെടുത്താനോ ആയിരിക്കില്ല, മിക്കപ്പോഴും വെറുതെ ഒരു രസത്തിനായിരിക്കും. എന്നാൽ ക്രമേണ അത്തരം അധമമായ സംസാരം ദൈനംദിന സംഭാഷണത്തിന്റെ ഭാഗമായി മാറുന്നു. അസഭ്യ വാക്കുകളുടെ മേമ്പൊടി ഇല്ലാതെ സംസാരിക്കാൻതന്നെ ചിലർക്കു ബുദ്ധിമുട്ടാണ്. പലപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാൻപോലും അസഭ്യ ഭാഷ ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം വൃത്തികെട്ട തമാശകൾ പറയുന്നതിനെ ലാഘവത്തോടെയോ ഒരു സാധാരണ സംഗതിപോലെയോ ആണോ നാം വീക്ഷിക്കേണ്ടത്? പിൻവരുന്നവ പരിചിന്തിക്കുക.
മറ്റുള്ളവരെ രസിപ്പിക്കാൻ പറയുന്ന ഞെട്ടിക്കുന്ന സംസാരമാണ് അസഭ്യ തമാശകൾ. ഇന്ന് ഇത്തരം സംഭാഷണങ്ങൾ ലൈംഗിക ചുവയുള്ളവയാണ്. മാന്യന്മാരാണ് എന്നു സ്വയം അഭിമാനിക്കുന്ന പലരും ഇത്തരം ഭാഷ ഉപയോഗിക്കുന്നതിൽ രസം കണ്ടെത്തുന്നു. (റോമർ 1:28-32) ജനപ്രീതി നേടിയിട്ടുള്ള പല ഹാസ്യ കലാകാരന്മാരുടെയും അവതരണവിഷയം സ്വാഭാവികവും അസ്വാഭാവികവും ആയ ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ളതാണ് എന്നതിൽ അതിശയിക്കാനില്ല. മിക്ക സിനിമകളിലും ടെലിവിഷനിലും റേഡിയോ പരിപാടികളിലും സഭ്യമല്ലാത്ത തമാശകൾ അവതരിപ്പിക്കുന്നു.
ഇത്തരം തമാശകൾ സംബന്ധിച്ച് ബൈബിളിനു ചിലതു പറയാനുണ്ട്. എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസ് എഴുതി: “ദുർവൃത്തിയും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേരു പറയുകപോലും അരുത്; അതാകുന്നു വിശുദ്ധന്മാർക്ക് ഉചിതം. അസഭ്യം, വ്യർത്ഥഭാഷണം, അശ്ലീലഫലിതം എന്നിവയും അരുത്; ഇവയൊന്നും യോഗ്യമല്ല; സ്തോത്രമത്രേ വേണ്ടത്. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (എഫെസ്യർ 5:3, 4, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ [MMV]) അതുകൊണ്ട്, അസഭ്യ ഭാഷ ഉപയോഗിക്കുന്നത് ഏത് ഉദ്ദേശ്യത്തോടെ ആയിരുന്നാലും, ദൈവം അതിനെ വെറുക്കുന്നു. അത് അധമമാണ്. അത് വ്രണപ്പെടുത്തുന്നതാണ്.
ദൈവം വെറുക്കുന്നതരം പരുഷ സംസാരം
വ്രണപ്പെടുത്തുന്ന സംസാരത്തിൽ അസഭ്യ സംസാരം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. അധിക്ഷേപം, കുത്തുവാക്ക്, പരിഹാസം, നിശിത വിമർശനം എന്നിങ്ങനെ ആഴത്തിൽ മുറിപ്പെടുത്തുന്നവയും ഉണ്ട്. നാം എല്ലാവരും നാവുകൊണ്ടു പാപം ചെയ്യുന്നു എന്നതു സത്യംതന്നെ, പ്രത്യേകിച്ച് കുത്തുവാക്കുകളും പരദൂഷണവും പ്രബലമായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ. (യാക്കോബ് 3:2) എങ്കിൽപ്പോലും, സത്യക്രിസ്ത്യാനികൾ മോശമായ സംസാരത്തെ ഒരു സാധാരണ സംഗതി എന്ന മട്ടിൽ ഒരിക്കലും വീക്ഷിക്കരുത്. വ്രണപ്പെടുത്തുന്ന എല്ലാത്തരം സംസാരവും യഹോവ വെറുക്കുന്നു എന്നു ബൈബിൾ വ്യക്തമാക്കുന്നു.
ഉദാഹരണത്തിന്, പ്രവാചകനായ എലീശയെ പരിഹസിച്ച ഒരു കൂട്ടം ബാലന്മാരെ കുറിച്ച് രണ്ടു രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. “അവനെ പരിഹസിച്ചു”കൊണ്ട് അവർ “അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു” എന്ന് വിവരണത്തിൽ നാം വായിക്കുന്നു. ഹൃദയം വായിക്കാൻ കഴിവുള്ള യഹോവയാം ദൈവം ഈ ബാലന്മാരുടെ ദ്രോഹകരമായ ഉള്ളിലിരുപ്പ് മനസ്സിലാക്കിക്കൊണ്ട് അവരുടെ അധിക്ഷേപ വാക്കുകളെ വളരെ ഗൗരവമായെടുത്തു. വിവരണം പറയുന്നപ്രകാരം 42 ബാലന്മാർ കൊല്ലപ്പെടാൻ ദൈവം ഇടയാക്കി.—2 രാജാക്കന്മാർ 2:23, 24.
ഇസ്രായേൽ ജനത “ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 36:16) തന്റെ ജനത്തിന്റെമേൽ ദൈവത്തിന്റെ കോപം ജ്വലിക്കാനുള്ള മുഖ്യ കാരണം അവരുടെ വിഗ്രഹാരാധനയും അനുസരണക്കേടും ആയിരുന്നെങ്കിലും, ദൈവത്തിന്റെ പ്രവാചകന്മാരെ അവർ അധിക്ഷേപിച്ചെന്നും ബൈബിൾ എടുത്തു പറയുന്നു. ഇത്തരം പെരുമാറ്റത്തോട് ദൈവത്തിനു കടുത്ത അപ്രീതിയാണ് ഉള്ളത് എന്ന വസ്തുതയ്ക്ക് ഈ വിവരണങ്ങൾ അടിവരയിടുന്നു.
അതുകൊണ്ട്, ക്രിസ്ത്യാനികളോട് ബൈബിൾ ഇപ്രകാരം അനുശാസിക്കുന്നു: “പ്രായമുള്ളവനെ രൂക്ഷമായി വിമർശിക്കരുത്” (1 തിമൊഥെയൊസ് 5:1, NW) എല്ലാവരോടുമുള്ള നമ്മുടെ ഇടപെടലുകളിൽ ഈ തത്ത്വം പിൻപറ്റാൻ കഴിയും. ബൈബിൾ നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണി”ക്കുക.—തീത്തൊസ് 3:2.
അധരങ്ങളെ അടക്കുക
പരുഷമായി സംസാരിക്കാനുള്ള പ്രേരണയെ നിയന്ത്രിക്കാൻ ചില സന്ദർഭങ്ങളിൽ ബുദ്ധിമുട്ടാണ്. ദ്രോഹം സഹിക്കേണ്ടി വരുമ്പോൾ ദ്രോഹിച്ച ആളിന്റെ മുഖത്തുനോക്കിയോ അല്ലാതെയോ കടുത്ത വാക്കുകൾ പറയുന്നതിൽ തെറ്റില്ല എന്ന് ഒരു വ്യക്തി ന്യായവാദം ചെയ്തേക്കാം. എന്നിരുന്നാലും ക്രിസ്ത്യാനികൾ അത്തരം പ്രവണതയെ ചെറുക്കുന്നു. സദൃശവാക്യങ്ങൾ 10:19 ഇപ്രകാരം പറയുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”
ദൈവദൂതന്മാർ ഇതിനു നല്ല മാതൃക വെക്കുന്നു. മനുഷ്യവർഗം ചെയ്തു കൂട്ടുന്ന ദ്രോഹങ്ങളെ കുറിച്ചെല്ലാം അവർക്കു നന്നായി അറിയാം. ദൂതന്മാർ മനുഷ്യരെക്കാൾ ബലവും ശക്തിയും ഏറിയവർ ആണെങ്കിലും അവർ മനുഷ്യരെ അപഹസിച്ച് ഒന്നും പറയുന്നില്ല. ‘യഹോവയോടുള്ള ആദരവുകൊണ്ടാണ് അവർ അതു ചെയ്യാത്തത്.’ (2 പത്രൊസ് 2:11, NW) സകലരുടെയും തെറ്റുകൾ സംബന്ധിച്ച് യഹോവ തികച്ചും ബോധവാനാണെന്നും കാര്യങ്ങൾ നേരെയാക്കാനുള്ള പ്രാപ്തി അവന് ഉണ്ടെന്നും അവർക്ക് അറിയാം. അതുകൊണ്ട് ദൂതന്മാർ തങ്ങളുടെ അധരങ്ങളെ അടക്കുന്നു. പ്രധാന ദൂതനായ മീഖായേൽ, പിശാചിനോടുപോലും ദൂഷണവിധി ഉച്ചരിക്കാൻ തുനിഞ്ഞില്ല.—യൂദാ 9.
ക്രിസ്ത്യാനികൾ ദൂതന്മാരുടെ മാതൃക അനുകരിക്കാൻ ശ്രമിക്കുന്നു. അവർ ബൈബിളിന്റെ ഈ ഉദ്ബോധനം പിൻപറ്റുന്നു: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; ‘പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.’”—റോമർ 12:17-19.
നമ്മുടെ സംസാരത്തിന്റെ ധ്വനിയും ശബ്ദവുംപോലും വ്രണപ്പെടുത്തുന്ന വിധത്തിലുള്ളത് ആയിരിക്കാൻ കഴിയും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉരുളയ്ക്കുപ്പേരിപോലെ വാക്കേറ്റം നടത്തി പരസ്പരം വ്രണപ്പെടുത്തുന്നത് സാധാരണമാണ്. നിരവധി മാതാപിതാക്കൾ പലപ്പോഴും കുട്ടികളുടെ നേരെ ആക്രോശിക്കാറുണ്ട്. എന്നിരുന്നാലും, നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് ആക്രോശിക്കേണ്ട കാര്യമില്ല. ബൈബിൾ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും [“ആക്രോശവും,” NW] ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനായി അത്രേ ഇരിക്കേണ്ടത്’ എന്നും ബൈബിൾ നമ്മോടു പറയുന്നു.—2 തിമൊഥെയൊസ് 2:24.
സുഖപ്പെടുത്തുന്ന വാക്കുകൾ
മോശവും സഭ്യമല്ലാത്തതും ആയ സംസാരം പ്രബലമായിരിക്കുന്ന ഇക്കാലത്ത് ഈ ദ്രോഹകരമായ സ്വാധീനത്തെ ചെറുക്കാൻ ക്രിസ്ത്യാനികൾ ബുദ്ധിപൂർവം ശ്രമിക്കേണ്ടതുണ്ട്. ബൈബിൾ അതിന് മികച്ച ഒരു വഴി പറഞ്ഞുതരുന്നു, അയൽക്കാരനെ സ്നേഹിക്കുക. (മത്തായി 7:12; ലൂക്കൊസ് 10:27) അയൽക്കാരനോടുള്ള യഥാർഥ സ്നേഹം, എല്ലായ്പോഴും സുഖപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കാൻ നമ്മെ സഹായിക്കും. ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.”—എഫെസ്യർ 4:29.
കൂടാതെ, ദൈവവചനം നമ്മുടെ ഹൃദയത്തിൽ ഉൾനടുന്നത് വ്രണപ്പെടുത്തുന്ന സംസാരം ഒഴിവാക്കാൻ നമ്മെ സഹായിക്കും. വിശുദ്ധ തിരുവെഴുത്തുകളുടെ വായനയും ധ്യാനവും “എല്ലാ അഴുക്കും” വിട്ടൊഴിയാൻ നമ്മെ പ്രാപ്തരാക്കും. (യാക്കോബ് 1:21) അതേ, ദൈവവചനത്തിന് നമ്മുടെ മനസ്സുകളെ സുഖപ്പെടുത്താൻ കഴിയും. (g03 6/8)