വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അശ്ലീലം വരുത്തുന്ന ഹാനി

അശ്ലീലം വരുത്തുന്ന ഹാനി

അശ്ലീലം വരുത്തുന്ന ഹാനി

ടെലി​വി​ഷൻ, ചലച്ചി​ത്രങ്ങൾ, മ്യൂസിക്‌ വീഡി​യോ​കൾ, ഇന്റർനെറ്റ്‌ എന്നിവ​യി​ലൂ​ടെ ലൈം​ഗി​കത സംബന്ധി​ച്ചുള്ള സകലതരം വിവര​ങ്ങ​ളും അനായാ​സം ലഭ്യമാണ്‌. അശ്ലീലം​നി​റഞ്ഞ രതി സങ്കൽപ്പങ്ങൾ ഇങ്ങനെ സ്ഥിരമാ​യി മനസ്സിൽ കുത്തി​നി​റ​യ്‌ക്കു​ന്ന​തു​കൊണ്ട്‌ യാതൊ​രു ഹാനി​യു​മില്ല എന്നു ചിലർ പറയു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്ന​താ​ണോ? a

അശ്ലീല​ത്തിന്‌ മുതിർന്ന​വ​രു​ടെ​മേ​ലുള്ള ഫലം

അശ്ലീലത്തെ അനുകൂ​ലി​ക്കു​ന്നവർ എന്തുതന്നെ പറഞ്ഞാ​ലും, അശ്ലീലം ലൈം​ഗി​കത സംബന്ധി​ച്ചുള്ള ആളുക​ളു​ടെ വീക്ഷണ​ത്തെ​യും അവരുടെ ലൈം​ഗിക സ്വഭാ​വ​രീ​തി​ക​ളെ​യും അങ്ങേയറ്റം പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. “അശ്ലീല രംഗങ്ങൾ വീക്ഷി​ക്കു​ന്ന​വ​രിൽ അധമ ലൈം​ഗിക പ്രവണ​തകൾ വളർന്നു​വ​രു​ന്ന​തി​നുള്ള വർധിച്ച അപകട​സാ​ധ്യ​ത​യുണ്ട്‌” എന്ന്‌ നാഷണൽ ഫൗണ്ടേഷൻ ഫോർ ഫാമിലി റിസേർച്ച്‌ ആൻഡ്‌ എജ്യൂ​ക്കേ​ഷ​നി​ലെ ഗവേഷകർ അഭി​പ്രാ​യ​പ്പെട്ടു. അവരുടെ റിപ്പോർട്ടു പ്രകാരം “ബലാത്സം​ഗത്തെ കുറിച്ച്‌ ഒരു കെട്ടുകഥ (അതിനു കാരണ​ക്കാർ സ്‌ത്രീ​കൾ ആണെന്നും അവർ അത്‌ ആസ്വദി​ക്കു​ന്നു​വെ​ന്നും ബലാത്സം​ഗ​ക്കാർ തെറ്റൊ​ന്നും ചെയ്യു​ന്നി​ല്ലെ​ന്നു​മൊ​ക്കെ​യുള്ള വിശ്വാ​സം) അശ്ലീലാ​സ്വാ​ദ​ക​രായ പുരു​ഷ​ന്മാ​രു​ടെ ഇടയിൽ വളരെ വ്യാപ​ക​മാ​യി പ്രചരി​ച്ചി​രി​ക്കു​ന്നു.”

അശ്ലീലം സ്ഥിരം കണ്ട്‌ ആസ്വദി​ക്കു​ന്നത്‌, വിവാഹ ഇണയോ​ടൊ​പ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ടു​ന്ന​തി​നും ആസ്വദി​ക്കു​ന്ന​തി​നു​മുള്ള പ്രാപ്‌തിക്ക്‌ വിഘാതം സൃഷ്ടി​ക്കു​മെന്ന്‌ ചില ഗവേഷകർ മുന്നറി​യി​പ്പു നൽകുന്നു. അശ്ലീലം കണ്ട്‌ ആസ്വദി​ക്കു​ന്ന​വ​രിൽ അതി​നോ​ടുള്ള അഭിനി​വേശം ഒന്നി​നൊ​ന്നു വർധി​ക്കു​ന്ന​താ​യി നിരീ​ക്ഷി​ക്കാൻ കഴിഞ്ഞി​ട്ടു​ണ്ടെന്ന്‌ ലൈം​ഗി​കാ​സ​ക്തരെ ചികി​ത്സി​ക്കു​ന്ന​തിൽ വിദഗ്‌ധ​നായ ഡോക്ടർ വിക്ടർ ക്ലൈൻ പറഞ്ഞു. കടിഞ്ഞാൺ ഇടാതി​രു​ന്നാൽ, ആകസ്‌മി​ക​മാ​യി തുടങ്ങുന്ന അശ്ലീല ദർശനം ഒടുവിൽ കൂടുതൽ പച്ചയായ, ജുഗു​പ്‌സാ​വ​ഹ​മായ രംഗങ്ങൾ നിരീ​ക്ഷി​ക്കു​ന്ന​തി​ലേക്കു നയി​ച്ചേ​ക്കാം. അത്‌ അധമമായ രതി​വൈ​കൃ​തങ്ങൾ കാട്ടി​ക്കൂ​ട്ടു​ന്ന​തിന്‌ ഇടയാ​ക്കി​യേ​ക്കാം എന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു. മനുഷ്യ​ന്റെ സ്വഭാവ രീതി​കളെ കുറിച്ചു പഠനം നടത്തുന്ന ശാസ്‌ത്ര​ജ്ഞ​രും ആ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്നു. “ഏതുത​ര​ത്തി​ലു​മുള്ള ലൈം​ഗിക സ്വഭാവ വൈകൃ​ത​ങ്ങ​ളും ഇത്തരത്തിൽ കടന്നു​കൂ​ടി​യേ​ക്കാം . . . ശക്തമായ കുറ്റ​ബോ​ധ​ത്തി​നു പോലും അതു പിഴു​തെ​റി​യുക സാധ്യമല്ല” എന്ന്‌ ഡോക്ടർ ക്ലൈൻ റിപ്പോർട്ടു ചെയ്യുന്നു. കാല​ക്ര​മ​ത്തിൽ, അശ്ലീല രംഗങ്ങ​ളിൽ കണ്ടതു​പോ​ലുള്ള അധാർമിക ലൈം​ഗിക ചേഷ്ടകൾ കാഴ്‌ച​ക്കാ​രൻ അനുക​രി​ക്കാൻ ശ്രമി​ക്കു​ക​യും വലിയ അപകട​ങ്ങ​ളിൽ ചെന്നു ചാടു​ക​യും ചെയ്‌തേ​ക്കാം.

ഈ അപഥ സഞ്ചാരം തിരി​ച്ച​റി​യാൻ കഴിയാത്ത വിധം സാവധാ​ന​മാ​യി​രു​ന്നേ​ക്കാം സംഭവി​ക്കു​ന്നത്‌ എന്നാണ്‌ ഡോക്ടർ ക്ലൈനി​ന്റെ നിഗമനം. അദ്ദേഹം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അർബു​ദം​പോ​ലെ​യാണ്‌ അത്‌ വളരു​ക​യും പടരു​ക​യും ചെയ്യു​ന്നത്‌. അതിൽനിന്ന്‌ ഒരു തിരി​ച്ചു​പോക്ക്‌ അത്ര എളുപ്പമല്ല, ചികി​ത്സി​ക്കാ​നും സുഖ​പ്പെ​ടു​ത്താ​നും വളരെ ബുദ്ധി​മു​ട്ടാ​ണു​താ​നും. തനിക്കു പ്രശ്‌ന​മു​ണ്ടെന്നു സമ്മതി​ക്കാ​നുള്ള വിമു​ഖ​ത​യും പ്രശ്‌ന​ത്തി​നെ​തി​രെ പോരാ​ടാ​നുള്ള വിസമ്മ​ത​വും അശ്ലീലാ​സ​ക്ത​രായ പുരു​ഷ​ന്മാ​രിൽ സാധാ​ര​ണ​മാണ്‌, അതു പ്രതീ​ക്ഷി​ക്കാ​വു​ന്ന​തു​മാണ്‌. ഇതു മിക്ക​പ്പോ​ഴും ദാമ്പത്യ അസ്വാ​ര​സ്യ​ങ്ങ​ളി​ലേ​ക്കും, ചില​പ്പോൾ വിവാ​ഹ​മോ​ച​ന​ത്തി​ലേ​ക്കും മറ്റു വ്യക്തി​ബ​ന്ധങ്ങൾ ശിഥി​ല​മാ​കു​ന്ന​തി​ലേ​ക്കും നയിക്കു​ന്നു.”

യുവജ​ന​ങ്ങ​ളു​ടെ​മേൽ വരുത്തുന്ന ദ്രോഹം

അശ്ലീല​ത്തി​ന്റെ പ്രഥമ ഉപഭോ​ക്താ​ക്കൾ 12-നും 17-നും മധ്യേ​യുള്ള കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌ എന്നു കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, അവരിൽ പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം നീലച്ചി​ത്ര​ങ്ങ​ളാണ്‌ അവരുടെ ലൈം​ഗിക വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മുഖ്യ പാഠപു​സ്‌തകം. ഇതിനു മാരക​മായ ഭവിഷ്യ​ത്തു​ക​ളുണ്ട്‌. “കൗമാര ഗർഭധാ​രണം, എയ്‌ഡ്‌സ്‌ പോലുള്ള ലൈം​ഗിക രോഗങ്ങൾ എന്നിവയെ കുറി​ച്ചൊ​ന്നും നീലച്ചി​ത്ര​ങ്ങ​ളിൽ പരാമർശി​ക്കാ​റേ ഇല്ല, അത്‌ അത്തരം രംഗങ്ങ​ളിൽ ചിത്രീ​ക​രി​ക്കുന്ന തരം ജീവി​ത​ത്തിന്‌ യാതൊ​രു​വിധ തിക്ത ഫലങ്ങളു​മില്ല എന്ന വഴിപി​ഴ​പ്പി​ക്കുന്ന ഒരു വിശ്വാ​സം വളർത്തി​വി​ടു​ന്നു” എന്ന്‌ ഒരു റിപ്പോർട്ട്‌ പറയുന്നു.

അശ്ലീല രംഗങ്ങൾ വീക്ഷി​ക്കു​ന്നത്‌ കുട്ടി​ക​ളു​ടെ മസ്‌തി​ഷ്‌ക​ത്തി​ന്റെ സ്വാഭാ​വിക വളർച്ചയെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം എന്ന്‌ ചില ഗവേഷകർ പറയുന്നു. മാധ്യമ വിദ്യാ​ഭ്യാ​സ ഇൻസ്റ്റി​റ്റ്യൂട്ട്‌ പ്രസി​ഡന്റ്‌ ഡോക്ടർ ജൂഡിത്‌ റൈസ്‌മെൻ പിൻവ​രുന്ന പ്രകാരം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “അശ്ലീല രംഗങ്ങ​ളോ​ടും ശബ്ദങ്ങ​ളോ​ടു​മുള്ള തലച്ചോ​റി​ന്റെ സ്വാഭാ​വിക പ്രതി​ക​രണം സംബന്ധിച്ച്‌ നാഡീ വ്യവസ്ഥ​യു​ടെ ആരോ​ഗ്യ​ത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി നടത്തിയ നിരീ​ക്ഷ​ണങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌, അശ്ലീലം വീക്ഷി​ക്കു​മ്പോൾ തലച്ചോ​റിൽ സ്വാഭാ​വി​ക​മാ​യി ജൈവ​ശാ​സ്‌ത്ര​പ​ര​മായ മാറ്റങ്ങൾ ഉണ്ടാകു​ന്നു എന്നും അത്‌ വകതി​രി​വി​നെ ചവിട്ടി​മെ​തി​ക്കു​ന്നു എന്നുമാണ്‌. തന്നിമി​ത്തം അത്‌ രൂപ​പ്പെ​ടു​ത്ത​ലിന്‌ അനായാ​സം വഴങ്ങുന്ന ബാല മസ്‌തി​ഷ്‌ക​ങ്ങൾക്ക്‌ ഹാനി​ക​ര​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ യാഥാർഥ്യം തിരി​ച്ച​റി​യാ​നുള്ള കുട്ടി​ക​ളു​ടെ പ്രാപ്‌തി​യെ അപകട​ത്തി​ലാ​ക്കു​ക​യും അവരുടെ ശാരീ​രിക-മാനസിക ആരോ​ഗ്യ​ത്തെ​യും ക്ഷേമ​ത്തെ​യും സന്തോഷം തേടുന്ന വിധ​ത്തെ​യും ബാധി​ക്കു​ക​യും ചെയ്യുന്നു.”

വ്യക്തി​ബ​ന്ധ​ങ്ങളെ ബാധി​ക്കുന്ന വിധം

അശ്ലീലം മനോ​ഭാ​വ​ങ്ങളെ രൂപ​പ്പെ​ടു​ത്തു​ക​യും സ്വഭാ​വ​രീ​തി​കളെ സ്വാധീ​നി​ക്കു​ക​യും ചെയ്യുന്നു. അശ്ലീല രംഗങ്ങൾ വെറും കാൽപ്പ​നി​ക​മാണ്‌. അതു​കൊണ്ട്‌ അത്‌ യാഥാർഥ്യ​ത്തെ അപേക്ഷിച്ച്‌ കൂടുതൽ ത്രസി​പ്പി​ക്കു​ന്ന​താ​യി ആവിഷ്‌ക​രി​ക്ക​പ്പെ​ടു​ന്നു. അതിന്റെ സന്ദേശ​ങ്ങ​ളു​ടെ മാസ്‌മ​രിക വശീക​ര​ണ​ത്തി​നു നിദാ​ന​വും ഇതൊ​ക്കെ​ത്ത​ന്നെ​യാണ്‌. (“നിങ്ങൾ ഏതു സന്ദേശം സ്വീക​രി​ക്കും?” എന്ന ചതുരം കാണുക.) “അശ്ലീലം കണ്ട്‌ ആസ്വദി​ക്കു​ന്നവർ അയഥാർഥ​മായ പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തു​ന്നു, അത്‌ വ്യക്തി​ബ​ന്ധങ്ങൾ ശിഥി​ല​മാ​കു​ന്ന​തി​ലേക്കു നയിക്കു​ന്നു” എന്ന്‌ ഒരു റിപ്പോർട്ട്‌ പറയുന്നു.

ദാമ്പത്യ​ബ​ന്ധ​ത്തി​ലെ അവശ്യ ഗുണങ്ങ​ളായ പരസ്‌പ​ര​വി​ശ്വാ​സ​ത്തെ​യും സത്യസ​ന്ധ​ത​യെ​യും ഹനിക്കാൻ അശ്ലീല​ത്തി​നു കഴിയും. അത്തരം കാര്യങ്ങൾ സാധാ​ര​ണ​മാ​യി കാണാ​റു​ള്ളത്‌ രഹസ്യ​മാ​യി​ട്ടാ​യ​തി​നാൽ അശ്ലീലം മിക്ക​പ്പോ​ഴും വഞ്ചന കാണി​ക്കു​ന്ന​തി​ലേ​ക്കും നുണ പറയു​ന്ന​തി​ലേ​ക്കും നയിക്കു​ന്നു. ഇണകൾക്ക്‌ തങ്ങൾ വഞ്ചിത​രാ​കു​ന്ന​താ​യി തോന്നു​ന്നു. തന്റെ ഇണയ്‌ക്ക്‌ തന്നോ​ടുള്ള താത്‌പ​ര്യം കുറഞ്ഞു​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​കു​ന്നില്ല.

ആത്മീയ ഹാനി

അശ്ലീലം വീക്ഷി​ക്കു​ന്നത്‌ ഗുരു​ത​ര​മായ ആത്മീയ ക്ഷതം വരുത്തി​വെ​ക്കു​ന്നു. ദൈവ​വു​മാ​യി ഒരു ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ അത്‌ പ്രതി​ബ​ന്ധ​മാ​യി​ത്തീ​രു​ന്നു. b ലൈം​ഗിക തൃഷ്‌ണയെ ബൈബിൾ അത്യാ​ഗ്ര​ഹ​ത്തോ​ടും വിഗ്ര​ഹാ​രാ​ധ​ന​യോ​ടും ബന്ധപ്പെ​ടു​ത്തു​ന്നു. (കൊ​ലൊ​സ്സ്യർ 3:5) ഒരു വ്യക്തി അത്യാ​ഗ്ര​ഹ​ത്തോ​ടെ എന്തെങ്കി​ലും മോഹി​ക്കു​മ്പോൾ അത്‌ മറ്റെല്ലാ​റ്റി​നെ​യും മൂടി​ക്ക​ള​ഞ്ഞു​കൊണ്ട്‌ അയാളു​ടെ ജീവി​ത​ത്തി​ലെ പരമ​പ്ര​ധാന സംഗതി​യാ​യി മാറുന്നു. വാസ്‌ത​വ​ത്തിൽ, അശ്ലീലാ​സക്തർ തങ്ങളുടെ ലൈം​ഗിക മോഹ​ങ്ങളെ ദൈവ​ത്തി​നും മുകളിൽ പ്രതി​ഷ്‌ഠി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. അങ്ങനെ അവർ അതിനെ ഒരു വിഗ്ര​ഹ​മാ​ക്കു​ന്നു. എന്നാൽ “ഞാനല്ലാ​തെ അന്യ​ദൈ​വങ്ങൾ നിനക്കു ഉണ്ടാക​രുത്‌” എന്ന്‌ യഹോ​വ​യാം ദൈവം കൽപ്പി​ക്കു​ന്നു.—പുറപ്പാ​ടു 20:3.

അശ്ലീലം സ്‌നേഹ ബന്ധങ്ങളെ താറു​മാ​റാ​ക്കു​ന്നു. വിവാ​ഹി​ത​നാ​യി​രുന്ന അപ്പൊ​സ്‌ത​ല​നായ പത്രൊസ്‌ ഭാര്യ​മാ​രെ ആദരി​ക്കാൻ ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാ​രെ ഉദ്‌ബോ​ധി​പ്പി​ച്ചു. അങ്ങനെ ചെയ്യാൻ പരാജ​യ​പ്പെ​ടുന്ന ഒരു ഭർത്താവ്‌, ദൈവ​ത്തോ​ടുള്ള തന്റെ പ്രാർഥന തടസ്സ​പ്പെ​ടു​ന്ന​താ​യി കണ്ടെത്തും. (1 പത്രൊസ്‌ 3:7) സ്വന്തം ഭാര്യ​യോട്‌ ആദരവുള്ള ഒരുവൻ സ്‌ത്രീ​ക​ളു​ടെ നഗ്നചി​ത്രങ്ങൾ രഹസ്യ​മാ​യി കാണു​മോ? ഭാര്യ അതു കണ്ടുപി​ടി​ച്ചാൽ അവൾക്ക്‌ എന്തായി​രി​ക്കും തോന്നുക? “നല്ലതും തീയതു​മായ സകല​പ്ര​വൃ​ത്തി​യെ​യും സകലര​ഹ​സ്യ​ങ്ങ​ളു​മാ​യി ന്യായ​വി​സ്‌താ​ര​ത്തി​ലേക്കു” വരുത്തു​ന്ന​വ​നും “ആത്മാക്കളെ തൂക്കി​നോ​ക്കുന്ന”വനുമായ ദൈവം എന്തായി​രി​ക്കും കരുതുക? (സഭാ​പ്ര​സം​ഗി 12:14; സദൃശ​വാ​ക്യ​ങ്ങൾ 16:2) അശ്ലീലം വീക്ഷി​ക്കുന്ന ഒരാൾക്ക്‌ തന്റെ പ്രാർഥ​നകൾ ദൈവം ശ്രദ്ധി​ക്കു​മെന്നു കരുതാൻ എന്തെങ്കി​ലും ന്യായം ഉണ്ടായി​രി​ക്കു​മോ?

എന്തു വില​കൊ​ടു​ത്തും സ്വന്തം തൃഷ്‌ണ​കളെ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ത്വര അശ്ലീല​ത്തി​ന്റെ കൂടെ​പ്പി​റ​പ്പാണ്‌. അതു​കൊ​ണ്ടു​തന്നെ അശ്ലീലം വീക്ഷി​ക്കു​ന്നത്‌ സ്‌നേ​ഹ​ശൂ​ന്യ​മായ പ്രവൃ​ത്തി​യാണ്‌. ലൈം​ഗിക നിർമലത പാലി​ച്ചു​കൊണ്ട്‌ ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു ധാർമിക നില കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ഒരു ക്രിസ്‌ത്യാ​നി​യു​ടെ പോരാ​ട്ടത്തെ അത്‌ ദുർബ​ല​മാ​ക്കു​ന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ദൈവ​ത്തി​ന്റെ ഇഷ്ടമോ നിങ്ങളു​ടെ ശുദ്ധീ​ക​രണം തന്നേ. നിങ്ങൾ ദുർന്ന​ടപ്പു വിട്ടൊ​ഴി​ഞ്ഞു ഓരോ​രു​ത്തൻ ദൈവത്തെ അറിയാത്ത ജാതി​ക​ളെ​പ്പോ​ലെ കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ. ഈ കാര്യ​ത്തിൽ ആരും അതി​ക്ര​മി​ക്ക​യും സഹോ​ദ​രനെ ചതിക്ക​യും അരുതു.”—1 തെസ്സ​ലൊ​നീ​ക്യർ 4:3-7.

അശ്ലീലം വിശേ​ഷാൽ സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ചൂഷണ​ത്തി​നു വിധേ​യ​രാ​ക്കു​ന്നു. അത്‌ അവരെ അവഹേ​ളി​ക്കു​ക​യും അവരുടെ അന്തസ്സും അവകാ​ശ​ങ്ങ​ളും അപഹരി​ക്കു​ക​യും ചെയ്യുന്നു. അശ്ലീലം കണ്ട്‌ ആസ്വദി​ക്കുന്ന വ്യക്തി ആ ചൂഷണ​ത്തിൽ പങ്കു​ചേ​രു​ക​യും അതിനു പിന്തുണ നൽകു​ക​യും ചെയ്യുന്നു. “ഒരു മനുഷ്യൻ, താൻ എത്ര ഉത്തമനാ​ണെന്നു സ്വയം കരുതി​യാ​ലും, അശ്ലീലം കണ്ടു​കൊണ്ട്‌ അയാൾ അതിനു പരോ​ക്ഷാം​ഗീ​കാ​രം നൽകു​ന്നെ​ങ്കിൽ, താൻ വിലമ​തി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടുന്ന സ്‌ത്രീ​യു​ടെ നേർക്കു നടക്കുന്ന ചൂഷണ​ത്തി​ന്റെ കാര്യ​ത്തിൽ അത്‌ അയാളെ കുറഞ്ഞ​പക്ഷം [നിസ്സം​ഗ​നാ​ക്കു​ന്നു]; അതിന്റെ ഏറ്റവും മോശ​മായ ഫലമാ​കട്ടെ അയാൾ സ്‌ത്രീ​നി​ന്ദകൻ ആയിത്തീ​രു​ന്നു എന്നതാണ്‌.”

അശ്ലീല​ത്തി​ന്റെ പിടി​യിൽനി​ന്നു മോചനം

അശ്ലീലാ​സ​ക്തി​യു​മാ​യി നിങ്ങൾ ഇപ്പോൾ മല്ലിടു​ക​യാ​ണെ​ങ്കിൽ എന്ത്‌? അതിന്റെ പിടി​യിൽനി​ന്നു മോചനം നേടാൻ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ? ബൈബിൾ പ്രത്യാ​ശ​യ്‌ക്കു വക നൽകുന്നു! ക്രിസ്‌തു​വി​നെ അറിയു​ന്ന​തി​നു മുമ്പ്‌ ആദിമ ക്രിസ്‌ത്യാ​നി​ക​ളിൽ അനേക​രും പരസം​ഗ​ക്കാ​രും വ്യഭി​ചാ​രി​ക​ളും അത്യാ​ഗ്ര​ഹി​ക​ളും ഒക്കെ ആയിരു​ന്നു. എന്നാൽ ‘നിങ്ങൾ ശുദ്ധീ​ക​രണം പ്രാപി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ പൗലൊസ്‌ പറഞ്ഞു. അത്‌ സാധ്യ​മാ​യത്‌ എങ്ങനെ​യാ​യി​രു​ന്നു? ‘ദൈവ​ത്തി​ന്റെ ആത്മാവി​നാൽ’ ആണ്‌ ആ ശുദ്ധീ​ക​രണം നടന്നത്‌ എന്ന്‌ പൗലൊസ്‌ ഉത്തരം നൽകി.—1 കൊരി​ന്ത്യർ 6:9-11.

ദൈവാ​ത്മാ​വി​ന്റെ ശക്തിയെ ഒരിക്ക​ലും കുറച്ചു കാണരുത്‌. ‘ദൈവം വിശ്വ​സ്‌തൻ; നിങ്ങൾക്കു കഴിയു​ന്ന​തി​ന്നു​മീ​തെ പരീക്ഷ [“പ്രലോ​ഭനം,” NW] നേരി​ടു​വാൻ അവൻ സമ്മതി​ക്കു​ക​യില്ല’ എന്ന്‌ ബൈബിൾ പറയുന്നു. തീർച്ച​യാ​യും അവൻ പോക്കു​വഴി കാണി​ച്ചു​ത​രും. (1 കൊരി​ന്ത്യർ 10:13) നിങ്ങളു​ടെ പ്രശ്‌നം ദൈവ​ത്തോട്‌ പറഞ്ഞു​കൊണ്ട്‌ ഇടവി​ടാ​തെ ആത്മാർഥ​മാ​യി പ്രാർഥി​ക്കു​ന്നത്‌ ഫലം ഉളവാ​ക്കു​ക​തന്നെ ചെയ്യും. ദൈവ​വ​ചനം ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.”—സങ്കീർത്തനം 55:22.

തീർച്ച​യാ​യും, പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നിങ്ങൾ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. അശ്ലീലം വർജി​ക്കാൻ നിങ്ങൾ നിശ്ചയ​ദാർഢ്യ​ത്തോ​ടും ആത്മാർഥ​ത​യോ​ടും കൂടിയ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. തീരു​മാ​ന​ത്തോ​ടു പറ്റിനിൽക്കാൻ ആവശ്യ​മായ പിന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും നൽകാൻ വിശ്വ​സ്‌ത​നായ ഒരു സുഹൃ​ത്തി​നോ കുടും​ബാം​ഗ​ത്തി​നോ സാധി​ച്ചേ​ക്കാം. (“സഹായം തേടൽ” എന്ന ചതുരം കാണുക.) ഇത്തര​മൊ​രു നടപടി കൈ​ക്കൊ​ള്ളു​ന്നത്‌ തീർച്ച​യാ​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​മെന്ന്‌ ഓർമി​ക്കു​ന്നത്‌ തീരു​മാ​ന​ത്തിൽ തുടരാൻ നിങ്ങളെ സഹായി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 27:11) കൂടാതെ, അശ്ലീലം വീക്ഷി​ക്കു​ന്നത്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു എന്നു മനസ്സി​ലാ​ക്കു​ന്നത്‌ ആ ശീലം ഉപേക്ഷി​ക്കാൻ നിങ്ങൾക്ക്‌ കൂടു​ത​ലായ പ്രചോ​ദനം പകരും. (ഉല്‌പത്തി 6:5, 6) ഈ പോരാ​ട്ടം അത്ര എളുപ്പ​മുള്ള ഒന്നല്ലെ​ങ്കി​ലും അതിൽ നിങ്ങൾക്കു വിജയി​ക്കാൻ കഴിയും. അശ്ലീല​ത്തിൽനി​ന്നു കരകയ​റുക സാധ്യ​മാണ്‌!

അശ്ലീലം വീക്ഷി​ക്കു​ന്നത്‌ അപകട​ക​ര​മാണ്‌ എന്നത്‌ ഒരു വസ്‌തു​ത​യാണ്‌. അതു ഹാനി​ക​ര​വും നശീക​ര​ണാ​ത്മ​ക​വു​മാണ്‌. അത്‌ നിർമാ​താ​ക്ക​ളെ​യും കാണി​ക​ളെ​യും ഒരു​പോ​ലെ ദുഷി​പ്പി​ക്കു​ന്നു, പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും ഒരു​പോ​ലെ അധി​ക്ഷേ​പി​ക്കു​ന്നു, കുട്ടി​കളെ അപകട​പ്പെ​ടു​ത്തു​ന്നു. അതേ, നാം ശക്തമായി തള്ളിക്ക​ള​യേണ്ട ഒന്നുത​ന്നെ​യാണ്‌ അശ്ലീലം. (g03 7/22)

[അടിക്കു​റി​പ്പു​കൾ]

a ഇന്റർനെറ്റ്‌ അശ്ലീല​ത്തി​ന്റെ അപകടങ്ങൾ സംബന്ധി​ച്ചുള്ള വിശദാം​ശ​ങ്ങൾക്കാ​യി, 2000 ജൂൺ 8 ലക്കം ഉണരുക!യുടെ 3-10 പേജു​ക​ളി​ലെ “ഇന്റർനെറ്റ്‌ അശ്ലീലം—എത്ര​ത്തോ​ളം അപകട​കരം?” എന്ന തലക്കെ​ട്ടോ​ടു കൂടിയ ലേഖന പരമ്പര ദയവായി കാണുക.

b അശ്ലീലം സംബന്ധി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണത്തെ കുറിച്ച്‌ മനസ്സി​ലാ​ക്കാൻ ദയവായി 2002 ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യുടെ 19-21 പേജുകൾ കാണുക.

[10-ാം പേജിലെ ചതുരം/ചിത്രം]

സഹായം തേടൽ

അശ്ലീല​ത്തി​ന്റെ പിടി​യിൽനി​ന്നു പുറത്തു​ക​ട​ക്കാ​നുള്ള പോരാ​ട്ടത്തെ ലാഘവ​ത്തോ​ടെ കാണരുത്‌; അത്‌ ഒരു കടുത്ത യുദ്ധം​തന്നെ ആയിരു​ന്നേ​ക്കാം. നിരവധി കാമാ​സ​ക്തരെ ചികി​ത്സി​ച്ചി​ട്ടുള്ള ഡോക്ടർ വിക്ടർ ക്ലൈൻ ഇങ്ങനെ പറയുന്നു: “ശപഥം മാത്രം മതിയാ​കു​ക​യില്ല. സദു​ദ്ദേ​ശ്യ​ങ്ങൾ മനസ്സി​ലു​ണ്ടാ​യി​ട്ടും കാര്യ​മില്ല. [ലൈം​ഗി​കാ​സ​ക്ത​നായ വ്യക്തിക്ക്‌] ഒറ്റയ്‌ക്കു പോരാ​ടി വിജയി​ക്കാൻ പറ്റി​ല്ലെന്നു ചുരുക്കം.” വ്യക്തി വിവാ​ഹി​തൻ ആണെങ്കിൽ ഇണയെ​ക്കൂ​ടി ഉൾപ്പെ​ടു​ത്തുക എന്നത്‌ വിജയ​പ്ര​ദ​മായ ചികി​ത്സ​യ്‌ക്ക്‌ ഒഴിച്ചു​കൂ​ടാ​നാ​വാത്ത സംഗതി​യാണ്‌. “രണ്ടാളും ഉൾപ്പെ​ടു​ന്നെ​ങ്കിൽ ചികിത്സ ത്വരി​ത​ഗ​തി​യിൽ ഫലം കാണും. ഇരുവ​രും വ്രണി​ത​രാണ്‌, ഇരുവർക്കും സഹായം ആവശ്യ​മാണ്‌,” അദ്ദേഹം അഭി​പ്രാ​യ​പ്പെ​ടു​ന്നു.

വ്യക്തി ഏകാകി​യാ​ണെ​ങ്കിൽ, അയാൾക്കു സഹായം നൽകാൻ മിക്ക​പ്പോ​ഴും വിശ്വ​സ്‌ത​നായ ഒരു സുഹൃ​ത്തി​നോ കുടും​ബാം​ഗ​ത്തി​നോ സാധി​ച്ചേ​ക്കും. ചികി​ത്സ​യിൽ ഉൾപ്പെ​ടു​ന്നത്‌ ആരായി​രു​ന്നാ​ലും, നിങ്ങളു​ടെ പ്രശ്‌ന​ത്തെ​യും ഇടയ്‌ക്കു​ണ്ടാ​കുന്ന വീഴ്‌ച​ക​ളെ​യും പറ്റി തുറന്നു സംസാ​രി​ക്കുക എന്നതാണ്‌ ഡോക്ടർ ക്ലൈനി​ന്റെ മാറ്റമി​ല്ലാത്ത ചട്ടം. “രഹസ്യങ്ങൾ ‘നിങ്ങളെ കൊല്ലു​ന്നു’” എന്നാണ്‌ അദ്ദേഹം പറയു​ന്നത്‌. “അവ മാനഹാ​നി​യും കുറ്റ​ബോ​ധ​വും സൃഷ്ടി​ക്കു​ന്നു.”

[9-ാം പേജിലെ ചാർട്ട്‌]

നിങ്ങൾ ഏതു സന്ദേശം സ്വീക​രി​ക്കും?

അശ്ലീലം നൽകുന്ന സന്ദേശം ബൈബി​ളി​ന്റെ വീക്ഷണം

◼ ആരുമാ​യും, എപ്പോൾ വേണ​മെ​ങ്കി​ലും, ◼ “വിവാഹം എല്ലാവർക്കും മാന്യവും

ഏതു സാഹച​ര്യ​ത്തി​ലും ലൈം​ഗി​ക​മാ​യി കിടക്ക നിർമ്മ​ല​വും ആയിരി​ക്കട്ടെ;

ബന്ധപ്പെടാം, അതു പാപമല്ല, എന്നാൽ ദുർന്ന​ട​പ്പു​കാ​രെ​യും വ്യഭിചാരികളെയും

അതിനു തിക്ത ഫലങ്ങളു​മില്ല. ദൈവം വിധി​ക്കും.”എബ്രായർ 13:4.

 

“ദുർന്ന​ട​പ്പു​കാ​ര​നോ സ്വന്തശരീരത്തിന്നു

വിരോ​ധ​മാ​യി പാപം ചെയ്യുന്നു.”

1 കൊരി​ന്ത്യർ 6:18;

റോമർ 1:26, 27 കൂടെ കാണുക.

◼ വിവാഹം കാമസം​തൃ​പ്‌തിക്ക്‌ ◼ “നിന്റെ യൌവ​ന​ത്തി​ലെ ഭാര്യയിൽ

ഒരു വിലങ്ങു​ത​ടി​യാണ്‌. സന്തോ​ഷി​ച്ചു​കൊൾക.

അവളുടെ പ്രേമ​ത്താൽ നീ എല്ലായ്‌പോഴും

മത്തനാ​യി​രിക്ക.”സദൃശ​വാ​ക്യ​ങ്ങൾ 5:18, 19;

ഉല്‌പത്തി 1:28-ഉം 2:24-ഉം

1 കൊരി​ന്ത്യർ 7:3-ഉം കൂടെ കാണുക.

◼ സ്‌ത്രീ​കളെ കൊണ്ട്‌ ◼ “ഞാൻ [യഹോ​വ​യായ ദൈവം] അവന്നു

ഒരു ഉദ്ദേശ്യ​മേ​യു​ള്ളൂ—പുരു​ഷന്റെ തക്കതാ​യൊ​രു തുണ

ലൈംഗിക ദാഹം ശമിപ്പി​ക്കുക. ഉണ്ടാക്കി​ക്കൊ​ടു​ക്കും.”

ഉല്‌പത്തി 2:18; എഫെസ്യർ 5:28

കൂടെ കാണുക.

◼ പുരു​ഷ​നും സ്‌ത്രീ​യും ◼“ആകയാൽ ദുർന്ന​ടപ്പു, അശുദ്ധി,

തങ്ങളുടെ ലൈം​ഗിക തൃഷ്‌ണ​ക​ളു​ടെ അതിരാ​ഗം, ദുർമ്മോ​ഹം,

അടിമകളാണ്‌. വിഗ്ര​ഹാ​രാ​ധ​ന​യായ അത്യാഗ്രഹം

ഇങ്ങനെ ഭൂമി​യി​ലുള്ള നിങ്ങളുടെ

അവയവ​ങ്ങളെ മരിപ്പി​പ്പിൻ.”

കൊ​ലൊ​സ്സ്യർ 3:5.

 

“ഓരോ​രു​ത്തൻ ദൈവത്തെ അറിയാത്ത

ജാതി​ക​ളെ​പ്പോ​ലെ കാമവി​കാ​ര​ത്തി​ലല്ല,

വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തിലും

താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ.”

1 തെസ്സ​ലൊ​നീ​ക്യർ 4:4, 5.

 

“മൂത്ത സ്‌ത്രീ​കളെ അമ്മമാരെപ്പോലെയും

ഇളയ സ്‌ത്രീ​കളെ പൂർണ്ണനിർമ്മലതയോടെ

സഹോ​ദ​രി​ക​ളെ​പ്പോ​ലെ​യും”

കരുതുക.1 തിമൊ​ഥെ​യൊസ്‌ 5:1, 2;

1 കൊരി​ന്ത്യർ 9:27 കൂടെ കാണുക.

[7-ാം പേജിലെ ചിത്രം]

അശ്ലീല രംഗങ്ങൾ വീക്ഷി​ക്കു​ന്നത്‌ കുട്ടി​ക​ളു​ടെ മസ്‌തി​ഷ്‌ക​ത്തി​ന്റെ സ്വാഭാ​വിക വളർച്ചയെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചേ​ക്കാം എന്ന്‌ ചില ഗവേഷകർ പറയുന്നു

[8-ാം പേജിലെ ചിത്രം]

ദാമ്പത്യബന്ധത്തിലെ പരസ്‌പ​ര​വി​ശ്വാ​സ​ത്തെ​യും സത്യസ​ന്ധ​ത​യെ​യും ഹനിക്കാൻ അശ്ലീല​ത്തി​നു കഴിയും

[10-ാം പേജിലെ ചിത്രം]

ആത്മാർഥമായ പ്രാർഥന ഫലം ഉളവാ​ക്കു​ക​തന്നെ ചെയ്യും