അശ്ലീലം വിപരീത കാഴ്ചപ്പാടുകൾ
അശ്ലീലം വിപരീത കാഴ്ചപ്പാടുകൾ
“ഒരിക്കലും ഉണ്ടാകരുതാത്ത അഭിനിവേശങ്ങൾക്ക് അതു തിരികൊളു ത്തുന്നു, ഒരിക്കലും തൃപ്തിപ്പെടുത്തരുതാത്ത തൃഷ്ണകളെ അത് തൊട്ടുണർത്തുന്നു.”—പംക്തിയെഴുത്തുകാരനായ ടോണി പാർസൺസ്.
‘ഇന്റർനെറ്റ് ലൈംഗികതയിൽ’ ആസക്തനാകാൻ ജോൺ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. a അശ്ലീല സൈറ്റുകളിലും ലൈംഗിക സല്ലാപ വേദികളിലും യാദൃശ്ചികമായി ചെന്നുപെടുന്ന മറ്റനേകരെയും പോലെ, ഒരുനാൾ ഇന്റർനെറ്റിൽ പരതുമ്പോൾ അത്തരം സല്ലാപത്തിനു വേദിയൊരുക്കുന്ന ഒരു സൈറ്റിൽ ജോണിന്റെയും കണ്ണുടക്കി. സൈബർസെക്സിന്റെ ചതുപ്പിലാണ്ടുപോകാൻ പിന്നെ വലിയ താമസമൊന്നും ഉണ്ടായില്ല. “ഭാര്യ ജോലിക്കു പോകുന്നതും കാത്ത് ഞാനങ്ങനെ കിടക്കുമായിരുന്നു, പിന്നെ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റ് കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് ആർത്തിയോടെ ഓടും, അവിടെ മണിക്കൂറുകൾതന്നെ കഴിച്ചുകൂട്ടും,” ജോൺ ഓർമിക്കുന്നു. ചില നെടുനീളൻ സല്ലാപങ്ങൾക്കിടയിൽ അയാൾ തിന്നാനും കുടിക്കാനുംകൂടെ മറന്നുപോകുമായിരുന്നു. “വിശപ്പൊന്നും ഞാൻ അറിഞ്ഞതേയില്ല,” അയാൾ പറയുന്നു. തന്റെ ഈ രഹസ്യ ഏർപ്പാടുകളെപ്പറ്റി അയാൾ ഭാര്യയോടു കള്ളം പറഞ്ഞു നിന്നു. അത് ജോലിയിലെ അയാളുടെ ഏകാഗ്രത നഷ്ടപ്പെടുത്തി. പെരുമാറ്റത്തിൽ ഒരുതരം പേടിയും പരിഭ്രമവുമൊക്കെ നിഴലിക്കാൻ തുടങ്ങി, അത് ഒന്നിനൊന്ന് കൂടിവരികയും ചെയ്തു. ജോണിന്റെ വിവാഹബന്ധത്തെയും അതു ബാധിച്ചു. ഒടുവിൽ അയാൾ തന്റെ സൈബർസെക്സ് പങ്കാളികളിൽ ഒരാളെ നേരിട്ടു കാണാൻ ക്രമീകരിച്ചപ്പോൾ അയാളുടെ ഭാര്യ അതു കണ്ടുപിടിച്ചു. സൈബർസെക്സ് ആസക്തിയിൽ നിന്നു മോചനം തേടി ജോൺ ഇന്നു ചികിത്സയിലാണ്.
അശ്ലീലത്തിന്റെ അധഃപതിപ്പിക്കുന്ന ഫലങ്ങൾക്കു തെളിവായി അശ്ലീല-വിരുദ്ധ പ്രവർത്തകർ ഇത്തരം അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്. അശ്ലീലം ബന്ധങ്ങളെ ശിഥിലമാക്കുകയും സ്ത്രീകളെ അപഹസിക്കുകയും കുട്ടികളെ ദുരുപയോഗം ചെയ്യുകയും ലൈംഗികതയെ കുറിച്ച് വികടവും അപകടകരവുമായ ഒരു വീക്ഷണം ഉരുത്തിരിയാൻ ഇടയാക്കുകയും ചെയ്യുമെന്ന് അവർ വാദിക്കുന്നു. അതേസമയം, അതിനെ അനുകൂലിക്കുന്നവർ അതൊരു തുറന്ന വികാരപ്രകടനമാണ് എന്ന് സമർഥിക്കുകയും അശ്ലീല-വിരുദ്ധ പ്രവർത്തകർ, ഇത്തരം കാര്യങ്ങൾ തങ്ങളെ ഞെട്ടിക്കുന്നതായി വെറുതേ നടിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നു. “ആളുകൾ തങ്ങളുടെ ലൈംഗിക അഭിനിവേശങ്ങളെ അഥവാ രതി തൃഷ്ണകളെ മൂടിവെക്കേണ്ടതില്ല” എന്ന് ഒരു അനുകൂലവാദി തുറന്നെഴുതുന്നു. “ഒരൽപ്പം അശ്ലീലം ഉപയോഗിച്ച് ലൈംഗികതയെ കുറിച്ചുള്ള സരളമായ ചർച്ചകൾക്ക് വഴിതുറക്കാൻ കഴിയും” എന്നും അയാൾ കൂട്ടിച്ചേർക്കുന്നു. രതിസംബന്ധിയായ വിഷയങ്ങളുടെ വ്യാപനം ഹൃദയവിശാലതയും മാനസികാരോഗ്യവുമുള്ള ഒരു സമൂഹത്തിന്റെ മുഖമുദ്രയാണ് എന്നുവരെ ചിലർ പറയുന്നു. “മുതിർന്ന രണ്ടാളുകൾ പരസ്പരസമ്മതത്തോടെ ഏർപ്പെടുന്ന രതിക്രീഡകളുടെ മറയില്ലാത്ത ചിത്രണങ്ങൾ കണ്ടുനിൽക്കാൻ കെൽപ്പുള്ള ഒരു സമൂഹത്തിലെ ആളുകൾ സാധ്യതയനുസരിച്ച് രതിവൈചിത്ര്യങ്ങളും സ്ത്രീസമത്വവും വെച്ചുപൊറുപ്പിക്കുന്നവരായിരിക്കും” എന്ന് എഴുത്തുകാരനായ ബ്രയൻ മെക്നേർ അഭിപ്രായപ്പെടുന്നു.
സമൂഹത്തിന്റെ സമ്മിശ്ര കാഴ്ചപ്പാടുകൾ അശ്ലീലത്തെ അംഗീകാരയോഗ്യമാക്കുന്നുണ്ടോ? അത് ഇത്ര വ്യാപകം ആയിരിക്കുന്നത് എന്തുകൊണ്ടാണ്? അശ്ലീലം കണ്ട് ആസ്വദിക്കുന്നത് അത്ര അപകടകരമായ ഒരു സംഗതിയാണോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (g03 7/22)
[അടിക്കുറിപ്പ്]
a പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.