വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബ്രോളി എടുക്കാൻ മറക്കല്ലേ!”

“ബ്രോളി എടുക്കാൻ മറക്കല്ലേ!”

“ബ്രോളി എടുക്കാൻ മറക്കല്ലേ!”

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

ബ്രിട്ട​നിൽ സാധാ​ര​ണ​മാ​യി മിക്ക ആളുക​ളും കുട കൊണ്ടു​ന​ട​ക്കാ​റുണ്ട്‌. മഴ പെയ്യില്ല എന്നു തീർത്തു​പ​റ​യാൻ പറ്റില്ല. അതു​കൊണ്ട്‌ ഞങ്ങൾ വീട്ടിൽനി​ന്നും ഇറങ്ങു​മ്പോൾ “ബ്രോളി എടുക്കാൻ മറക്കല്ലേ!” എന്നു പരസ്‌പരം ഓർമി​പ്പി​ക്കും. a എന്നാൽ ചില​പ്പോൾ ഞങ്ങൾ അത്‌ ബസ്സിലോ ട്രെയി​നി​ലോ കടയി​ലോ മറന്നു വെച്ചെ​ന്നും വരാം. അതേ, കൊണ്ടു​ന​ട​ക്കാ​വുന്ന ഈ കൂടാ​രത്തെ നമ്മിൽ പലരും നിസ്സാ​ര​മാ​യി കരുതാൻ ഇടയുണ്ട്‌. കാരണം കളഞ്ഞു​പോ​യാൽ മറ്റൊ​രെണ്ണം വാങ്ങാ​മ​ല്ലോ. പക്ഷേ കുടയെ എല്ലായ്‌പോ​ഴും ഇത്ര നിസ്സാ​ര​മാ​യല്ല കരുതി​പ്പോ​ന്നി​രു​ന്നത്‌.

ഒരു ഉത്‌കൃഷ്ട ചരിത്രം

ചരി​ത്ര​ത്തി​ലെ ആദ്യത്തെ കുടയ്‌ക്ക്‌ മഴയു​മാ​യി യാതൊ​രു ബന്ധവും ഇല്ലായി​രു​ന്നു. അവ പദവി​യു​ടെ​യും ആഭിജാ​ത്യ​ത്തി​ന്റെ​യും ചിഹ്നങ്ങൾ ആയിരു​ന്നു, ഉന്നതരാ​യ​വർക്കു മാത്ര​മാ​യു​ള്ളത്‌. അസീറിയ, ഈജി​പ്‌ത്‌, പേർഷ്യ, ഇന്ത്യ എന്നിവി​ട​ങ്ങ​ളി​ലെ ആയിര​ക്ക​ണ​ക്കി​നു വർഷം മുമ്പുള്ള കൊത്തു​പ​ണി​ക​ളി​ലും ചിത്ര​ങ്ങ​ളി​ലും, രാജാ​ക്ക​ന്മാ​രെ വെയി​ലിൽനി​ന്നു സംരക്ഷി​ക്കു​ന്ന​തി​നാ​യി മറക്കുട പിടി​ച്ചു​കൊ​ണ്ടു​നിൽക്കുന്ന സേവക​ന്മാ​രെ കാണാം. അസീറി​യ​യിൽ, രാജാ​വി​നു മാത്രമേ ഒരു കുട ഉണ്ടായി​രി​ക്കാ​നുള്ള അനുവാ​ദം ഉണ്ടായി​രു​ന്നു​ള്ളൂ.

ചരി​ത്ര​ത്തി​ലു​ട​നീ​ളം, കുട അധികാ​ര​ത്തി​ന്റെ പ്രതീ​ക​മാ​യി തുടർന്നു, പ്രത്യേ​കിച്ച്‌ ഏഷ്യയിൽ. ഒരു ഭരണാ​ധി​കാ​രി​യു​ടെ ഔന്നത്യം കണക്കാ​ക്കി​യി​രു​ന്നത്‌ അദ്ദേഹ​ത്തിന്‌ സ്വന്തമാ​യി എത്ര കുടയുണ്ട്‌ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. ബർമയി​ലെ ഒരു രാജാവ്‌ ‘ഇരുപ​ത്തി​നാല്‌ കുടക​ളു​ടെ നാഥൻ’ എന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നു. ചില​പ്പോൾ കുടയ്‌ക്ക്‌ എത്ര നിലക​ളുണ്ട്‌ എന്നതി​നും പ്രാധാ​ന്യം കൽപ്പി​ച്ചി​രു​ന്നു. ചൈന​യി​ലെ ചക്രവർത്തി​യു​ടെ കുടയ്‌ക്ക്‌ നാല്‌ നിലകൾ ഉണ്ടായി​രു​ന്നു, സയമിലെ രാജാ​വി​ന്റെ കുടകൾക്കാ​കട്ടെ ഏഴോ ഒമ്പതോ എണ്ണവും. ചില പൗരസ്‌ത്യ രാജ്യ​ങ്ങ​ളി​ലും ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലും കുട ഇന്നും അധികാ​ര​ത്തി​ന്റെ ചിഹ്നമാണ്‌.

കുടയു​ടെ ഉപയോ​ഗം മതങ്ങളി​ലും

കുടയു​ടെ ചരി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ അതിനു മതവു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നു. നട്ട്‌ ദേവത തന്റെ ശരീരം ഒരു കുട​പോ​ലെ നിവർത്തി ഭൂമിക്കു തണലേ​കു​ന്നു എന്ന്‌ പുരാതന ഈജി​പ്‌തു​കാർ വിശ്വ​സി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അവളുടെ സംരക്ഷണം ലഭിക്കാൻ ആളുകൾ കൊണ്ടു​ന​ട​ക്കാ​വുന്ന തങ്ങളുടെ സ്വന്തം “മേൽക്കൂര”യ്‌ക്കു കീഴെ നടക്കു​മാ​യി​രു​ന്നു. നിവർത്തിയ കുട ആകാശ കമാനത്തെ അർഥമാ​ക്കു​ന്നു​വെന്ന്‌ ഇന്ത്യയി​ലും ചൈന​യി​ലും ഉള്ളവർ വിശ്വ​സി​ച്ചു. ആദിമ ബുദ്ധമ​ത​ക്കാർ കുടയെ ബുദ്ധന്റെ പ്രതീ​ക​മാ​യി ഉപയോ​ഗി​ച്ചു. അവർ തീർത്ത സ്‌മാ​ര​ക​ങ്ങ​ളു​ടെ കുംഭ​ഗോ​പു​ര​ങ്ങൾക്കു മീതെ മിക്ക​പ്പോ​ഴും നിവർത്തിയ കുടകൾ സ്ഥാപി​ച്ചി​രു​ന്നു. കുട ഹിന്ദു​മ​ത​ത്തി​ന്റെ​യും ഭാഗമാ​യി​രു​ന്നു.

പൊ.യു.മു. 500-ാം ആണ്ടോ​ടെ​യാണ്‌ കുട ഗ്രീസിൽ എത്തിയത്‌. അവിടത്തെ ഉത്സവങ്ങ​ളിൽ അവർ ദേവീ​ദേ​വ​ന്മാ​രു​ടെ പ്രതി​മ​കളെ കുട ചൂടി​ക്കു​മാ​യി​രു​ന്നു. ഏഥെൻസി​ലെ സ്‌ത്രീ​കളെ മറക്കുട ചൂടി​ക്കാൻ വേലക്കാ​രു​ണ്ടാ​യി​രു​ന്നു. എന്നാൽ പുരു​ഷ​ന്മാർ വിരള​മാ​യേ കുട ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു​ള്ളൂ. ഗ്രീസിൽനിന്ന്‌ ഈ രീതികൾ റോമി​ലേക്കു പ്രചരി​ച്ചു.

റോമൻ കത്തോ​ലി​ക്കാ സഭ കുടയെ തങ്ങളുടെ ആചാര​ചി​ഹ്ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി. പാപ്പാ മുഖം കാണി​ക്കാൻ വരുന്നത്‌ ചുവപ്പും മഞ്ഞയും വരകളുള്ള സിൽക്ക്‌ കുടക്കീ​ഴി​ലാ​യി. അതേസ​മയം, കർദി​നാ​ള​ന്മാർക്കും ബിഷപ്പു​മാർക്കും ചൂടാ​നാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ വയലറ്റോ പച്ചയോ കുടക​ളാ​യി​രു​ന്നു. ബസിലി​ക്ക​ക​ളിൽ പാപ്പാ​യു​ടെ സിംഹാ​സ​ന​ത്തി​നു മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങ​ളുള്ള ഓം​ബ്രെ​ലോൻ അഥവാ ‘അംബ്രെല’ നിവർത്തി വെക്കുന്ന പതിവ്‌ ഇന്നും തുടരു​ന്നു. ഒരു പാപ്പാ​യു​ടെ മരണ​ശേഷം മറ്റൊരു പാപ്പായെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ​യുള്ള ഇടക്കാ​ലത്ത്‌ സഭാത​ല​വന്റെ സ്ഥാനം അലങ്കരി​ക്കുന്ന കർദി​നാ​ളി​നും ആ കാലയ​ള​വിൽ തന്റെ അധികാര ചിഹ്നമാ​യി ഉപയോ​ഗി​ക്കാൻ ഒരു ഓം​ബ്രെ​ലോൻ ഉണ്ട്‌.

മറക്കു​ട​യിൽനിന്ന്‌ മഴക്കു​ട​യി​ലേക്ക്‌

ഇന്നു വെയി​ലിൽനിന്ന്‌ തണൽ നൽകുന്ന മറക്കു​ട​യും (parasol) മഴയിൽനി​ന്നു സംരക്ഷണം നൽകുന്ന കുടയും (umbrella) ഉണ്ട്‌. എന്നാൽ ഇവയ്‌ക്ക്‌ ഇംഗ്ലീ​ഷിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന രണ്ടു വാക്കു​കൾക്കും മഴയു​മാ​യി യാതൊ​രു ബന്ധവു​മില്ല. ഇംഗ്ലീഷ്‌ വാക്കായ “അംബ്രെല” ലാറ്റിൻ പദമായ അംബ്ര​യിൽനി​ന്നും വന്നതാണ്‌. “തണൽ” അഥവാ “നിഴൽ” എന്നൊ​ക്കെ​യാണ്‌ അതിന്റെ അർഥം. “പാര​സോൾ” എന്ന പദം വന്നത്‌ “തണലേ​കുക” “സൂര്യൻ” എന്ന അർഥങ്ങൾ വരുന്ന വാക്കിൽനി​ന്നാണ്‌. കടലാസു കുടയിൽ എണ്ണയും മെഴു​കും പുരട്ടി മഴയിൽനി​ന്നുള്ള സംരക്ഷ​ണ​മാ​യി ഉപയോ​ഗി​ക്കാൻ തുടങ്ങി​യത്‌ ചൈനാ​ക്കാ​രോ സാധ്യ​ത​യ​നു​സ​രിച്ച്‌ പുരാതന റോമി​ലെ സ്‌ത്രീ​ക​ളോ ആയിരു​ന്നു. എന്നിരു​ന്നാ​ലും, മറക്കു​ട​യു​ടെ​യും മഴക്കു​ട​യു​ടെ​യും ആശയം 16-ാം നൂറ്റാ​ണ്ടു​വരെ യൂറോ​പ്പിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി​രു​ന്നു, ഇറ്റലി​ക്കാ​രും പിന്നീട്‌ ഫ്രഞ്ചു​കാ​രു​മാണ്‌ അതു വീണ്ടും കണ്ടെത്തി ഉപയോ​ഗി​ച്ചു തുടങ്ങി​യത്‌.

ബ്രിട്ട​നി​ലെ സ്‌ത്രീ​കൾ 18-ാം നൂറ്റാ​ണ്ടോ​ടെ കുട കൊണ്ടു​ന​ട​ക്കാൻ തുടങ്ങി. എന്നാൽ പുരു​ഷ​ന്മാർ ഇതിനെ സ്‌​ത്രൈണത നിഴലി​ക്കുന്ന ഒരു അലങ്കാര വസ്‌തു​വാ​യി കരുതി കൊണ്ടു​ന​ട​ക്കാൻ വിസമ്മ​തി​ച്ചു. എന്നാൽ കോഫീ​ഹൗ​സു​ക​ളു​ടെ ഉടമസ്ഥർ കുടയു​ടെ പ്രയോ​ജനം തിരി​ച്ച​റി​ഞ്ഞു, കാരണം മഴയോ നല്ല വെയി​ലോ ഉള്ള ദിവസ​ങ്ങ​ളിൽ തങ്ങളുടെ ഉപഭോ​ക്താ​ക്കൾ അവരുടെ കുതി​ര​വ​ണ്ടി​യിൽനി​ന്നു പുറത്തി​റ​ങ്ങു​മ്പോൾ അവർക്കു​വേണ്ടി ഒരു കുട തയ്യാറാ​ക്കി​വെ​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കു​മെന്ന്‌ അവർക്കു തോന്നി. കോരി​ച്ചൊ​രി​യുന്ന മഴയത്ത്‌ പള്ളിയ​ങ്ക​ണ​ത്തിൽനി​ന്നു​കൊണ്ട്‌ ശവസം​സ്‌കാര ശുശ്രൂഷ നടത്തു​മ്പോൾ കുട തികച്ചും ഉപകാ​ര​പ്ര​ദ​മാ​ണെന്നു പുരോ​ഹി​ത​ന്മാ​രും തിരി​ച്ച​റി​ഞ്ഞു.

അങ്ങനെ​യി​രി​ക്കെ, ഒരു സഞ്ചാരി​യും മനുഷ്യ​സ്‌നേ​ഹി​യു​മായ ജോനാസ്‌ ഹാൻവേ ഇംഗ്ലണ്ടിൽ കുടയു​ടെ ചരിത്രം തിരു​ത്തി​ക്കു​റി​ച്ചു. ലണ്ടനിൽ പരസ്യ​മാ​യി ഒരു കുട കൊണ്ടു​ന​ട​ക്കാ​നുള്ള ധൈര്യം കാണി​ച്ചത്‌ അദ്ദേഹ​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. തന്റെ വിദേ​ശ​യാ​ത്ര​കൾക്കി​ട​യിൽ, മറ്റു ദേശങ്ങ​ളി​ലെ പുരു​ഷ​ന്മാർ കുട ഉപയോ​ഗി​ക്കു​ന്നത്‌ അദ്ദേഹം കണ്ടു. ദേഷ്യ​ത്തിൽ വണ്ടി​യോ​ടി​ച്ചു പോകു​ന്നവർ കുഴി​യിൽ കിടക്കുന്ന ചെളി​വെള്ളം മനഃപൂർവം തന്റെ ദേഹത്തു തെറി​പ്പി​ക്കു​ന്നതു തടയാ​നാ​യി കുട ഉപയോ​ഗി​ക്കാൻ അദ്ദേഹം നിശ്ചയി​ച്ചു. 30 വർഷ​ത്തോ​ളം ഹാൻവേ​യു​ടെ സന്തതസ​ഹ​ചാ​രി ആയിരു​ന്നു കുട. 1786-ൽ അദ്ദേഹം മരിക്കു​മ്പോൾ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും യാതൊ​രു മടിയു​മി​ല്ലാ​തെ കുട കൊണ്ടു​ന​ട​ക്കാൻ തുടങ്ങി​യി​രു​ന്നു.

മഴക്കുട ഉപയോ​ഗി​ക്കാൻ അക്കാലത്ത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. അത്തരം കുടകൾ വലുപ്പ​വും ഭാരവും ഉള്ളവയും അതേസ​മയം ഗുണമേന്മ ഇല്ലാത്ത​വ​യും ആയിരു​ന്നു. അവയുടെ ശീല എണ്ണപു​ര​ട്ടിയ സിൽക്കോ കാൻവാ​സോ കൊണ്ടു​ള്ള​തും കമ്പിക​ളും കുടക്കാ​ലും മറ്റും മുള​കൊ​ണ്ടോ തിമിം​ഗ​ല​ത്തി​ന്റെ എല്ലു​കൊ​ണ്ടോ നിർമി​ച്ച​വ​യും ആയിരു​ന്നു. അതു​കൊണ്ട്‌ നനഞ്ഞി​രി​ക്കു​മ്പോൾ കുട നിവർത്താൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. മാത്രമല്ല കുട ചോരു​ക​യും ചെയ്യു​മാ​യി​രു​ന്നു. എങ്കിലും, അവയ്‌ക്ക്‌ ആവശ്യ​ക്കാർ ഏറെ ഉണ്ടായി​ക്കൊ​ണ്ടി​രു​ന്നു, കാരണം മഴ വരു​മ്പോ​ഴെ​ല്ലാം ഒരു വാടക​വണ്ടി വിളി​ക്കു​ന്ന​തി​ലും ചെലവു കുറവ്‌ ഒരു കുട വാങ്ങാ​നാ​യി​രു​ന്നു. കുട നിർമാ​ണ​വും കുട വിൽപ്പ​ന​യും തകൃതി​യാ​യി വർധിച്ചു, കുടയ്‌ക്ക്‌ പുതിയ രൂപവും ഭാവവും വരുത്തു​ന്ന​തി​ലാ​യി നിർമാ​താ​ക്ക​ളു​ടെ ശ്രദ്ധ. 19-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ സാമുവൽ ഫോക്‌സ്‌ മേൽത്ത​ര​മായ ഒരു കുടയു​ടെ നിർമാ​ണ​ത്തി​ന്റെ കുത്തക ഏറ്റെടു​ത്തു. ഇത്തരം കുടയ്‌ക്ക്‌ ഭാരം കുറഞ്ഞ ബലമുള്ള സ്റ്റീൽ ചട്ടക്കൂട്‌ ഉണ്ടായി​രു​ന്നു, എണ്ണതേച്ചു മിനു​ക്കിയ പണ്ടത്തെ ഭാരിച്ച കാൻവാസ്‌ ശീലകൾ സിൽക്ക്‌, കോട്ടൺ, മെഴു​കു​തേച്ചു മിനു​ക്കിയ ചണത്തുണി തുടങ്ങിയ കനം കുറഞ്ഞ ശീലകൾക്കു വഴിമാ​റി. അങ്ങനെ ആധുനിക കുട രംഗ​പ്ര​വേശം ചെയ്‌തു.

ഫാഷന്റെ സന്തത സഹചാരി

ഇംഗ്ലണ്ടി​ലെ അണി​ഞ്ഞൊ​രു​ങ്ങി നടക്കുന്ന വനിത​യു​ടെ കൈയി​ലെ കമനീ​യ​മായ ഒരു ഫാഷൻവ​സ്‌തു ആയി മാറി അലങ്കാ​ര​ക്കുട. ഫാഷൻ തരംഗങ്ങൾ മാറു​ന്നത്‌ അനുസ​രിച്ച്‌ അവളുടെ കുടയ്‌ക്ക്‌ വലുപ്പം കൂടു​ക​യും അതിൽ വർണശ​ബ​ള​മായ എല്ലാത്തരം സിൽക്കും സാറ്റി​നും സ്ഥാനം പിടി​ക്കു​ക​യും ചെയ്‌തു. മിക്ക​പ്പോ​ഴും അവളുടെ വേഷഭൂ​ഷാ​ദി​കൾക്കു ചേരു​ന്ന​തരം കുടയാ​യി​രു​ന്നു അവൾ കൊണ്ടു​ന​ട​ന്നി​രു​ന്നത്‌, അതിൽ ലേസുകൾ പിടി​പ്പിച്ച്‌ മോടി​കൂ​ട്ടു​ക​യും തൊങ്ങ​ലും റിബണു​ക​ളും ഞൊറി​വു​ക​ളും തൂവലു​ക​ളും കൊണ്ട്‌ അലങ്കരി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. 20-ാം നൂറ്റാണ്ട്‌ ആയപ്പോ​ഴേക്ക്‌, തന്റെ മൃദു​ല​ചർമത്തെ പരിര​ക്ഷി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാ മാന്യ​വ​നി​ത​ക​ളു​ടെ​യും കൈയിൽ കുട സ്ഥാനം പിടി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

എന്നാൽ, 1920-കൾ ആയപ്പോ​ഴേക്ക്‌, വെയിൽ കൊള്ളിച്ച്‌ ചർമത്തി​ന്റെ നിറത്തി​നു മങ്ങലേൽപ്പി​ക്കു​ന്നത്‌ ഒരു ഫാഷനാ​യി മാറി, ഫലമോ നമ്മുടെ അലങ്കാ​ര​ക്കുട അപ്രത്യ​ക്ഷ​മാ​യി. അങ്ങനെ​യി​രി​ക്കെ, ഇംഗ്ലണ്ടി​ലെ ചില കുലീനർ കറുത്ത കമ്പിളി​ത്തൊ​പ്പി ധരിച്ച്‌, മടക്കിയ കറുത്ത കുടയെ വിശേ​ഷ​പ്പെട്ട ഒരു ഊന്നു​വ​ടി​യാ​യി ഉപയോ​ഗി​ക്കുന്ന കാലഘട്ടം വന്നു.

രണ്ടാം ലോക മഹായു​ദ്ധ​ത്തി​നു ശേഷം, പുതിയ സാങ്കേ​തിക വിദ്യകൾ പുതിയ മുഖച്ഛാ​യ​ക​ളു​മാ​യി കുടയെ വിപണി​യിൽ എത്തിച്ചു. പലതായി മടക്കാ​വു​ന്ന​തും വെള്ളം പിടി​ക്കാത്ത നൈ​ലോൺ, പോളി​സ്റ്റർ, പ്ലാസ്റ്റിക്ക്‌ ശീലകൾ ഉള്ളതു​മാ​യി​രു​ന്നു അവ. വിലപി​ടി​പ്പുള്ള മെച്ചപ്പെട്ട കുടകൾ കൈ​കൊ​ണ്ടു നിർമി​ക്കുന്ന ചില കടകൾ ഇപ്പോ​ഴു​മുണ്ട്‌. എന്നാൽ ഇപ്പോൾ, എല്ലാ നിറത്തി​ലും വലുപ്പ​ത്തി​ലും ഉള്ള കുടകൾ ഫാക്ടറി​കൾ വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. അതിൽ വലിയ ഗോൾഫ്‌ കളിക്ക​ള​ത്തി​ലും പുറത്തെ ഭക്ഷണ​വേ​ള​ക​ളി​ലും ഉപയോ​ഗി​ക്കുന്ന വലിയ കുട മുതൽ ഒരു പേഴ്‌സിൽ മടക്കി വെക്കാൻ പാകത്തിന്‌ 15 സെന്റി​മീ​റ്റർ വലുപ്പ​മു​ള്ളവ വരെയുണ്ട്‌.

ഒരിക്കൽ ആർഭാ​ട​വും പദവി​ചി​ഹ്ന​വും ആയി വീക്ഷി​ച്ചി​രുന്ന കുട ഇന്ന്‌ കുറഞ്ഞ വിലയ്‌ക്കു കിട്ടു​ന്ന​തും കളഞ്ഞു​പോ​കുന്ന സാധന​ങ്ങ​ളിൽ മുമ്പനു​മാണ്‌. എന്നാൽ ലോകത്ത്‌ എവിടെ ആയിരു​ന്നാ​ലും മോശ​മായ കാലാ​വ​സ്ഥ​ക​ളിൽനിന്ന്‌ സംരക്ഷണം നേടു​ന്ന​തിന്‌ പറ്റിയ ഒരു ഉപകര​ണ​മാണ്‌ ഇത്‌. സൂര്യാ​തപം ഏൽക്കു​ന്ന​തി​ന്റെ അപകട സാധ്യ​ത​ക​ളെ​പ്പറ്റി കൂടെ​ക്കൂ​ടെ മുന്നറി​യി​പ്പു ലഭിക്കു​ന്ന​തി​നാൽ ചില രാജ്യ​ങ്ങ​ളിൽ, പണ്ടത്തെ​പ്പോ​ലെ​തന്നെ സൂര്യ​ര​ശ്‌മി​ക​ളിൽനി​ന്നു സംരക്ഷണം നേടാ​നാ​യി ഇത്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നു. അതു​കൊണ്ട്‌ ഇന്നു നിങ്ങൾ വീട്ടിൽനി​ന്നും പുറത്തു​പോ​കു​മ്പോൾ നിങ്ങ​ളെ​യും ആരെങ്കി​ലും ഓർമി​പ്പി​ച്ചെന്നു വരും: “ബ്രോളി എടുക്കാൻ മറക്കല്ലേ!” (g03 7/22)

[അടിക്കു​റിപ്പ്‌]

a ബ്രിട്ടീഷ്‌ സംസാ​ര​ഭാ​ഷ​യിൽ കുടയ്‌ക്ക്‌ പറയുന്ന പദമാണ്‌ “ബ്രോളി.”

[20-ാം പേജിലെ ചതുരം/ചിത്രം]

കുട വാങ്ങു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യേണ്ട വിധം

സൗകര്യ​മാ​ണോ ബലമാ​ണോ കുടയ്‌ക്കു വേണ്ടത്‌ എന്നു നിങ്ങൾതന്നെ തീരു​മാ​നി​ക്കുക. പോക്ക​റ്റിൽ കൊള്ളു​ന്ന​തരം വിലകു​റഞ്ഞ മടക്കു​കു​ട​യ്‌ക്ക്‌ സാധാ​ര​ണ​മാ​യി കമ്പികൾ കുറവാണ്‌, ശക്തിയായ കാറ്റിൽ ചെറുത്തു നിൽക്കാ​നുള്ള കരുത്തും കുറവാണ്‌. അതേസ​മയം, പരമ്പരാ​ഗത കാലൻകു​ട​യ്‌ക്ക്‌ ഒരുപക്ഷേ വില അൽപ്പം കൂടി​യേ​ക്കാം എങ്കിലും അത്‌ കാലാ​വ​സ്ഥയെ ചെറു​ക്കു​ക​യും ഈടു​നിൽക്കു​ക​യും ചെയ്യും. അതേ, നല്ല ഒരു കുട വളരെ​ക്കാ​ലം നിലനിൽക്കും. നിങ്ങൾ ഏതു തിര​ഞ്ഞെ​ടു​ത്താ​ലും ശരി, കുട കരിമ്പ​ന​ടി​ക്കാ​തെ​യും തുരു​മ്പെ​ടു​ക്കാ​തെ​യും ശ്രദ്ധി​ക്കണം. കുട നിവർത്തി നന്നായി ഉണങ്ങി​യ​ശേഷം മാത്രം മടക്കി​വെ​ക്കുക. കുട അതിന്റെ കവറിൽത്തന്നെ ഇട്ടുസൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ പൊടി​പി​ടി​ക്കാ​തെ വൃത്തി​യാ​യി ഇരിക്കും.

[19-ാം പേജിലെ ചിത്രങ്ങൾ]

അസീറിയൻ രാജാ​വി​നെ ഒരു സേവകൻ കുട ചൂടി​ക്കു​ന്നു

കുടപിടിച്ചിരിക്കുന്ന പുരാതന ഗ്രീസി​ലെ ഒരു സ്‌ത്രീ

[കടപ്പാട്‌]

ചിത്രങ്ങൾ: The Complete Encyclopedia of Illustration/J. G. Heck

[20-ാം പേജിലെ ചിത്രം]

ഏതാണ്ട്‌ 1900-ാം ആണ്ടിലെ ഒരു അലങ്കാ​ര​ക്കു​ട

[കടപ്പാട്‌]

Culver Pictures