വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചിറകു മുറി​ക്ക​പ്പെട്ട സ്രാവു​കൾ

ലോക​മൊ​ട്ടാ​കെ, കച്ചവട​ക്ക​ണ്ണുള്ള മത്സ്യബ​ന്ധ​ന​ക്കാർ സ്രാവു​കൾക്കാ​യി സമു​ദ്ര​ങ്ങ​ളിൽ പരതു​ക​യാണ്‌, അവയുടെ ചിറകു മുറി​ച്ചെ​ടു​ത്തി​ട്ടു ശരീരം വെള്ളത്തി​ലേക്ക്‌ എറിയു​ന്നു. “ഇത്തരം കിരാ​ത​മായ അംഗവി​ച്ഛേ​ദനം നടത്തു​ന്നതു സ്രാവിൻ ചിറകു​കൊ​ണ്ടുള്ള വിലകൂ​ടിയ ഒരു സൂപ്പി​നു​വേണ്ടി മാത്ര​മാണ്‌” എന്നു സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. 2002 ആഗസ്റ്റിൽ യു.എസ്‌. തീരസേന, മെക്‌സി​ക്കൻ തീരത്തിന്‌ അടുത്തു​വെച്ച്‌ ഒരു ഹവായി​യൻ കപ്പൽ പിടി​ച്ചെ​ടു​ത്തു. അതിൽ 32 ടൺ സ്രാവിൻചി​റക്‌ ഉള്ളതായി അറിവു കിട്ടി​യ​തി​നെ തുടർന്നാ​യി​രു​ന്നു ഇത്‌. സ്രാവി​ന്റെ മറ്റു ശരീര ഭാഗങ്ങൾ ഒന്നും കപ്പലിൽ ഇല്ലായി​രു​ന്നു. “ബീഭത്സ​മായ ഈ ചരക്ക്‌ കുറഞ്ഞത്‌ 30,000 സ്രാവു​കളെ കശാപ്പു ചെയ്‌ത​തി​ന്റെ തെളി​വാ​യി​രു​ന്നു. അതുവഴി, ഏതാണ്ട്‌ 5,80,000 കിലോ​ഗ്രാം മത്സ്യമാം​സ​മാണ്‌ ഉപയോഗ ശൂന്യ​മാ​ക്കി​യത്‌” എന്നു മാസിക പറയുന്നു. “ഗോള​ത്തി​നു ചുറ്റും മീൻപി​ടു​ത്ത​ക്കാർ ഏതാണ്ടു പത്തു​കോ​ടി സ്രാവു​കളെ വർഷം​തോ​റും കൊല്ലു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.” സ്രാവിൻചി​റകു വിൽക്കു​ന്ന​വർക്ക്‌ 450 ഗ്രാമിന്‌ 200 ഡോളർവരെ വില പരസ്യ വിപണി​യിൽ വിലകി​ട്ടും. അതു​കൊണ്ട്‌ ഇതിനു​വേ​ണ്ടി​യുള്ള ആവശ്യം നിലയ്‌ക്കു​ന്നില്ല. (g03 7/22)

സമയം ഉചിത​മാ​യി ചെലവ​ഴി​ക്കൽ

“തങ്ങൾക്ക്‌ ഒട്ടും സമയമില്ല എന്നു പരാതി​പ്പെ​ടു​ന്ന​വ​രു​ടെ ധാരണ വാസ്‌ത​വ​ത്തിൽ തെറ്റാണ്‌” എന്ന്‌ അടുത്ത​കാ​ലത്തെ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്ന​താ​യി ദ ഓസ്‌​ട്രേ​ലി​യൻ റിപ്പോർട്ടു ചെയ്യുന്നു. ന്യൂ സൗത്ത്‌ വെയിൽസ്‌ യൂണി​വേ​ഴ്‌സി​റ്റി​യും ഓസ്‌​ട്രേ​ലി​യൻ നാഷണൽ യൂണി​വേ​ഴ്‌സി​റ്റി​യും നടത്തിയ ഒരു പഠനത്തെ കുറിച്ചു പത്രം ഇങ്ങനെ പറയുന്നു: “നമ്മിൽ പലരും തൊഴി​ലി​നും വീട്ടു​ജോ​ലി​കൾക്കു​മാ​യി ആവശ്യ​ത്തി​ല​ധി​കം സമയം ചെലവ​ഴി​ക്കു​ന്നു.” കുട്ടി​ക​ളി​ല്ലാത്ത, ജോലി​ക്കാ​രായ ദമ്പതികൾ തങ്ങളുടെ ജീവി​ത​ത്തി​ന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറ​വേ​റ്റാൻ എത്ര സമയം ചെലവ​ഴി​ക്കേ​ണ്ട​തു​ണ്ടെന്നു ഗവേഷകർ കണക്കു​കൂ​ട്ടി. എന്നിട്ട്‌ അതും അത്തരം കാര്യ​ങ്ങൾക്കാ​യി അവർ സാധാരണ ചെലവ​ഴി​ക്കുന്ന സമയവും തമ്മിൽ താരത​മ്യം ചെയ്‌തു. പഠനം വെളി​പ്പെ​ടു​ത്തു​ന്നത്‌ അനുസ​രിച്ച്‌ കുട്ടി​ക​ളി​ല്ലാത്ത ദമ്പതികൾ “ആഴ്‌ച​യിൽ 79 മണിക്കൂർ തൊഴി​ലി​നും 37 മണിക്കൂർ വീട്ടു​കാ​ര്യ​ങ്ങൾക്കും 138 മണിക്കൂർ വ്യക്തി​പ​ര​മായ കാര്യ​ങ്ങൾക്കും ചെലവ​ഴി​ക്കു​ന്നു. പക്ഷേ, വാസ്‌ത​വ​ത്തിൽ അവർക്കു തൊഴിൽ ചെയ്യാൻ 20 മണിക്കൂ​റും [ഒരാൾ 10 മണിക്കൂർ വീതം] വീട്ടു​ജോ​ലി​കൾ ചെയ്യാൻ 18 മണിക്കൂ​റും വ്യക്തി​പ​ര​മായ കാര്യ​ങ്ങൾക്കാ​യി [ഭക്ഷണം കഴിക്കാ​നും ഉറങ്ങാ​നും ഉൾപ്പെടെ] 116 മണിക്കൂ​റും മാത്രമേ ആവശ്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ” എന്നു പത്രം പറയുന്നു. ദമ്പതികൾ തങ്ങളുടെ ജീവിതം ലളിത​മാ​ക്കു​ന്നെ​ങ്കിൽ അവർക്ക്‌ ആഴ്‌ച​യിൽ കുറഞ്ഞതു 100 മണിക്കൂ​റെ​ങ്കി​ലും ലാഭി​ക്കാൻ കഴിയും. പഠനത്തെ കുറിച്ച്‌ ദ ഓസ്‌​ട്രേ​ലി​യൻ പറയു​ന്ന​പ്ര​കാ​രം കുട്ടി​ക​ളി​ല്ലാത്ത, ജോലി​ക്കാ​രായ ദമ്പതികൾ തങ്ങൾക്കാ​ണു “മറ്റാ​രെ​ക്കാ​ളും സമയമി​ല്ലാ​ത്തത്‌ എന്ന്‌ പരാതി​പ്പെ​ടു​ന്നെ​ങ്കി​ലും, അവർക്കാ​ണു മറ്റാ​രെ​ക്കാ​ളും സമയം ഉള്ളത്‌, മാതാ​പി​താ​ക്കൾക്കാ​ണു വാസ്‌ത​വ​ത്തിൽ കൂടുതൽ സമയം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌.” (g03 7/22)

ആനകളെ തുരത്തുന്ന തേനീ​ച്ച​കൾ

കെനി​യ​യിൽ ആനകൾ പെരു​കു​ന്നു. ഇതു ചില പ്രശ്‌ന​ങ്ങൾക്കും ഇടയാ​ക്കു​ന്നുണ്ട്‌. ചുറ്റി​ക്ക​റ​ങ്ങുന്ന ആനക്കൂ​ട്ടങ്ങൾ വൃക്ഷങ്ങ​ളും വിളക​ളും മറ്റും നശിപ്പി​ക്കു​ന്നു. കൂടാതെ, ഓരോ രണ്ടാഴ്‌ച​യി​ലും ഇവ ഒരാ​ളെ​യെ​ങ്കി​ലും വകവരു​ത്തും. എന്നിരു​ന്നാ​ലും, ഓക്‌സ്‌ഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ജീവശാ​സ്‌ത്ര​ജ്ഞ​നായ ഫ്രിറ്റ്‌സ്‌ വൊൾറാറ്റ്‌ ഇവയെ തുരത്താൻ ഒരു വിദ്യ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. ആനകൾ ഒരു തേനീ​ച്ച​ക്കൂട്‌ ഇളക്കു​മ്പോൾ “സാധാ​ര​ണ​പോ​ലെയല്ല, അവയ്‌ക്ക്‌ പേടി​യുണ്ട്‌. അവ ഓടുന്നു, പുറകേ തേനീ​ച്ച​ക​ളും, അവ കിലോ​മീ​റ്റ​റു​ക​ളോ​ളം ആനകളെ പിൻചെ​ല്ലു​ന്നു,” അദ്ദേഹം പറയുന്നു. തേനീ​ച്ചകൾ ആനകളു​ടെ കണ്ണിനു ചുറ്റും ചെവിക്കു പുറകി​ലും തുമ്പി​ക്കൈ​യു​ടെ അടിവ​ശ​ത്തും വയറി​ലും എല്ലാം നല്ല കുത്തു​കൊ​ടു​ക്കും. വൊൾറാറ്റ്‌ എന്തു ചെയ്‌തെ​ന്നോ? ആഫ്രിക്കൻ തേനീ​ച്ച​ക​ളു​ടെ, വാസമു​ള്ള​തും ഇല്ലാത്ത​തു​മായ കൂടുകൾ എടുത്ത്‌ കാട്ടിൽ ആനകൾ പതിവു സന്ദർശ​ന​ത്തിന്‌ എത്തുന്ന ഭാഗത്തെ മരങ്ങളിൽ വെച്ചു. തേനീ​ച്ചകൾ ഉള്ള കൂടുകൾ വെച്ച ഒരു മരം​പോ​ലും ആനകൾ തൊട്ടില്ല. ഒഴിഞ്ഞ കൂടുകൾ വെച്ച മരങ്ങളിൽ മൂന്നി​ലൊ​ന്നേ അവ ആക്രമി​ച്ചു​ള്ളൂ എന്നു ന്യൂ സയന്റിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ കൂടുകൾ ഇല്ലാതി​രുന്ന 10 മരങ്ങളിൽ 9 എണ്ണത്തി​ലും അവ കൈ​യേറ്റം നടത്തി. ദേഷ്യം മൂത്ത തേനീ​ച്ച​ക​ളു​ടെ ശബ്ദം ഉച്ചഭാ​ഷി​ണി​ക​ളി​ലൂ​ടെ കേൾപ്പി​ച്ചാ​ലും ആനകൾ സ്ഥലംവി​ടു​മെന്ന്‌ വൊൾറാറ്റ്‌ കണ്ടെത്തി. (g03 7/08)

ജോലി​സ്ഥ​ലത്തെ സമ്മർദം

“കാനഡ​ക്കാ​രിൽ അഞ്ചിൽ ഒരാൾ വീതം പറയു​ന്നത്‌ തങ്ങൾ ഭാരിച്ച സമ്മർദം അനുഭ​വി​ക്കു​ന്ന​തി​നാൽ അതിൽനി​ന്നു മോചനം നേടാ​നാ​യി ആത്മഹത്യ​യെ കുറി​ച്ചു​വരെ ചിന്തി​ക്കു​ന്നു എന്നാണ്‌.” ദ ഗ്ലോബ്‌ ആൻഡ്‌ മെയ്‌ൽ ആണ്‌ ഇതു റിപ്പോർട്ടു ചെയ്‌തത്‌. എന്താണു സമ്മർദ​ത്തി​നു കാരണം? 1,002 വ്യക്തി​കളെ ഉൾപ്പെ​ടു​ത്തിയ സർവേ​യിൽ 43 ശതമാനം പേരും പറഞ്ഞത്‌ ഇതിനു കാരണം ജോലി​സ്ഥ​ലത്തെ സമ്മർദ​മാ​ണെ​ന്നാണ്‌. “ഇന്നത്തെ തൊഴിൽ സ്ഥലങ്ങളിൽ നാം ആളുക​ളു​ടെ ശാരീ​രി​ക​വും മാനസി​ക​വു​മായ പ്രാപ്‌തി​ക​ളു​ടെ അങ്ങേയറ്റം പോകാൻ അവരു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നു” എന്നു മൊൺട്രി​യൽ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റും സാമൂ​ഹിക മനശ്ശാ​സ്‌ത്ര​ജ്ഞ​നു​മായ ഷിമൊൺ ഡോളൻ പറയുന്നു. “നല്ല പ്രകടനം കാഴ്‌ച​വെ​ക്കാ​നുള്ള സമ്മർദം വളരെ വലുതാണ്‌. അതോ​ടൊ​പ്പം അനിശ്ചി​ത​ത്വ​വു​മുണ്ട്‌, കാരണം നാളെ നിങ്ങൾക്ക​വി​ടെ ജോലി ഉണ്ടാകു​മോ എന്നുള്ള​തി​നു യാതൊ​രു ഉറപ്പു​മില്ല.” കാനഡ​ക്കാർ ഈ സമ്മർദത്തെ എങ്ങനെ​യാ​ണു നേരി​ടു​ന്നത്‌? വ്യായാ​മ​മാണ്‌ ആളുകൾ പൊതു​വേ സ്വീക​രി​ച്ചി​രി​ക്കുന്ന മാർഗം എന്ന്‌ ഗ്ലോബ്‌ പറയുന്നു. “പുസ്‌ത​ക​വാ​യന, ഹോബി​കൾ, കളിക​ളിൽ ഏർപ്പെടൽ, സാമൂ​ഹിക കൂടി​വ​ര​വു​കൾ, കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കൽ എന്നിവ​യും ഉൾപ്പെ​ടു​ന്നു.” (g03 7/08)

മാതാ​പി​താ​ക്ക​ളോ​ടൊ​ത്തുള്ള വായന കുട്ടി​കളെ ശാന്തരാ​ക്കു​ന്നു

“മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ഇരുന്നു കുട്ടികൾ ക്രമമാ​യി വായി​ക്കു​ന്നത്‌, വഴക്കു​ണ്ടാ​ക്കു​ക​യും മോഷ്ടി​ക്കു​ക​യും നുണപ​റ​യു​ക​യും ചെയ്യുന്ന, മോശ​മായ പ്രവണ​ത​ക​ളുള്ള കുട്ടി​കൾക്കി​ട​യി​ലെ സാമൂ​ഹ്യ​വി​രുദ്ധ പെരു​മാ​റ്റം ശ്രദ്ധേ​യ​മായ വിധത്തിൽ കുറയ്‌ക്കു​ന്നു” എന്നു ലണ്ടന്റെ വർത്തമാ​ന​പ​ത്ര​മായ ദ ടൈംസ്‌ പറയുന്നു. ലണ്ടൻ നഗരത്തി​ന്റെ ഉൾഭാ​ഗ​ത്തു​നി​ന്നുള്ള അഞ്ചും ആറും വയസ്സു​കാ​രായ 100 കുട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ മനോ​രോഗ ചികിത്സാ സ്ഥാപനം പത്ത്‌ ആഴ്‌ചത്തെ ഒരു പഠനം നടത്തി. അതിൽ, “കുട്ടി​ക​ളോ​ടൊ​പ്പം വായി​ക്കാൻ ഇരിക്കു​ന്ന​തി​നു മുമ്പ്‌ തങ്ങളുടെ മൊ​ബൈൽ ഫോൺ ഓഫ്‌ ചെയ്യാ​നും വായി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പ്‌ കഥയുടെ മുഖ്യ സവി​ശേ​ഷ​തകൾ പറയാ​നും പേജുകൾ മറിച്ച്‌ ചിത്രങ്ങൾ നോക്കാൻ വേണ്ടത്ര സമയ​മെ​ടു​ക്കാ​നും” മാതാ​പി​താ​ക്ക​ളോ​ടു നിർദേ​ശി​ച്ചി​രു​ന്നു. ഫലമോ? “കുട്ടി​കൾക്കു നന്നായി ശ്രദ്ധ കൊടു​ത്തു​കൊ​ണ്ടുള്ള മാതാ​പി​താ​ക്ക​ളു​ടെ പരിപാ​ലന പരിപാ​ടി എന്ന ലളിത​മായ ഈ സംരംഭം ചെറു​പ്രാ​യ​ത്തിൽത്തന്നെ കുട്ടി​ക​ളു​ടെ പെരു​മാറ്റ രീതികൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തിൽ വളരെ ഫലപ്ര​ദ​മാ​യി​രി​ക്കും എന്നു വ്യക്തമാ​യി തെളി​ഞ്ഞി​രി​ക്കു​ന്നു” എന്ന്‌ പത്രം റിപ്പോർട്ടു ചെയ്‌തു. “കുട്ടി​കൾക്കു വേണ്ടത്‌ മാതാ​പി​താ​ക്ക​ളു​ടെ ശ്രദ്ധയാണ്‌,” ഗവേഷ​ക​സം​ഘ​ത്തി​ന്റെ തലവൻ ഡോ. സ്റ്റീഫൻ സ്‌കോട്ട്‌ പറയുന്നു. “തങ്ങളുടെ മാതാ​പി​താ​ക്ക​ളോ​പ്പം ഇരുന്നു പുസ്‌ത​കങ്ങൾ വായി​ക്കു​മ്പോൾ അവർക്ക്‌ അതു കിട്ടും.” (g03 7/08)

ഇന്ത്യയിൽ പ്രമേഹം വർധി​ക്കു​ന്നു

ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കണക്കു​പ്ര​കാ​രം ലോക​മൊ​ട്ടാ​കെ 17 കോടി​യിൽ അധികം ആളുകൾക്കു പ്രമേ​ഹ​മുണ്ട്‌. പ്രമേ​ഹ​രോ​ഗി​കൾ ഏറ്റവും കൂടു​ത​ലു​ള്ളത്‌ ഇന്ത്യയി​ലാണ്‌, 3.2 കോടി. 2005 ആകു​മ്പോ​ഴേക്ക്‌ ഈ സംഖ്യ 5.7 കോടി കവിയാൻ ഇടയു​ണ്ടെന്ന്‌ ഡെക്കാൻ ഹെറാൾഡ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയി​ലെ പ്രമേ​ഹ​രോ​ഗത്തെ കുറിച്ച്‌, ശ്രീല​ങ്ക​യിൽ വെച്ച്‌ ഒരു അന്തർദേ​ശീയ സമ്മേളനം നടത്തു​ക​യു​ണ്ടാ​യി. അതിൽ, ഭക്ഷണത്തി​ലും ജീവി​ത​രീ​തി​യി​ലും വന്ന മാറ്റങ്ങ​ളാണ്‌ ഈ രോഗ​ത്തി​ന്റെ കുതിച്ചു കയറ്റത്തി​നു പ്രഥമ കാരണ​മാ​യി പറഞ്ഞത്‌. അതോ​ടൊ​പ്പം, സമ്മർദം, ജനിതക ഘടകങ്ങൾ, നവജാത ശിശു​ക്കൾക്കുള്ള തൂക്കക്കു​റവ്‌ എന്നിവ​യും കുഞ്ഞു​ങ്ങൾക്ക്‌ അമിത​മാ​യി ഭക്ഷണം നൽകു​ന്ന​തും ഇതിനു കാരണ​മാ​യി​ത്തീ​രു​ന്നു. ലോകത്ത്‌ ഏറ്റവും കുറഞ്ഞ ചെലവിൽ പ്രമേ​ഹ​ചി​കിത്സ ലഭ്യമാ​കുന്ന സ്ഥലങ്ങളി​ലൊന്ന്‌ ഇന്ത്യയാണ്‌. എന്നിട്ടും, പ്രമേ​ഹ​വു​മാ​യി ബന്ധപ്പെട്ട സങ്കീർണ​മായ ആരോഗ്യ പ്രശ്‌ന​ങ്ങ​ളും മരണ നിരക്കും ഇവിടെ ഉയർന്നു​കാ​ണു​ന്നു. അറിവി​ല്ലാ​യ്‌മ​യും രോഗ​നിർണയം നടത്തു​ന്ന​തിൽ വരുത്തുന്ന താമസ​വു​മാണ്‌ ഒരു പരിധി​വരെ ഇതിനു കാരണം. ഇന്ത്യയി​ലെ പ്രധാന നഗരങ്ങ​ളിൽ നടത്തിയ ഒരു പഠനം അനുസ​രിച്ച്‌, അവിടത്തെ മുതിർന്ന​വ​രിൽ 12 ശതമാനം പ്രമേ​ഹ​രോ​ഗി​ക​ളാണ്‌. 14 ശതമാ​ന​ത്തിന്‌ ഗ്ലൂക്കോ​സി​ന്റെ പ്രവർത്തനം ശരിയാ​യി നടക്കു​ന്നില്ല, ഇതു ക്രമേണ പ്രമേ​ഹ​രോ​ഗ​ത്തി​ലേക്കു നയിക്കു​ക​യും ചെയ്യും. (g03 7/22)

ലൈം​ഗിക വിദ്യാ​ഭ്യാ​സം എന്നത്തേ​തി​ലും ആവശ്യം

ജർമനി​യി​ലെ ഔദ്യോ​ഗിക കണക്കനു​സ​രിച്ച്‌, 1996-നും 2001-നും ഇടയ്‌ക്ക്‌ 15 മുതൽ 17 വരെ പ്രായ​മുള്ള കുട്ടി​ക​ളു​ടെ ഇടയിലെ ഗർഭച്ഛി​ദ്ര​ങ്ങ​ളു​ടെ എണ്ണം 60 ശതമാനം വർധി​ക്കു​ക​യു​ണ്ടാ​യി, ഇതിലും കുറഞ്ഞ പ്രായ​ക്കാ​രി​ലാ​കട്ടെ 90 ശതമാ​ന​വും എന്ന്‌ ഡെർ ഷ്‌പീ​ഗെൽ റിപ്പോർട്ടു ചെയ്യുന്നു. കോ​ബ്ലെൻസ്‌ ലാൻഡൗ സർവക​ലാ​ശാ​ല​യി​ലെ നോർബെർട്ട്‌ ക്ലൂഗെ പറയു​ന്ന​ത​നു​സ​രിച്ച്‌, മുമ്പത്തെ അപേക്ഷിച്ച്‌ കുട്ടികൾ ഇളം പ്രായ​ത്തിൽ ലൈം​ഗിക പക്വത​യിൽ എത്തി​ച്ചേ​രു​ന്നു. അതേസ​മയം അവർക്ക്‌ ‘ലൈം​ഗിക കാര്യ​ങ്ങളെ കുറിച്ച്‌ ഉചിത​മായ വിദ്യാ​ഭ്യാ​സം ലഭിക്കു​ന്നു​മില്ല, പ്രത്യേ​കിച്ച്‌ വേണ്ടത്ര നേരത്തേ.’ പത്തു വയസ്സ്‌ ആകുന്ന​തി​നു മുമ്പു​തന്നെ കുട്ടി​കളെ ലൈം​ഗി​ക​ത​യെ​യും പുനരു​ത്‌പാ​ദ​ന​ത്തെ​യും കുറിച്ചു നന്നായി പറഞ്ഞു മനസ്സി​ലാ​ക്കേ​ണ്ട​താണ്‌. എന്നാൽ, മിക്ക മാതാ​പി​താ​ക്കൾക്കും അതിനു മടിയാണ്‌, അവർ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ത്തിൽനി​ന്നും ഒഴിഞ്ഞു​മാ​റു​ന്നു എന്നു ക്ലൂഗെ പറയുന്നു. കുട്ടി​കൾക്കു ലൈം​ഗിക വിദ്യാ​ഭ്യാ​സം നൽകു​മ്പോൾ ജീവശാ​സ്‌ത്ര​പ​ര​മായ കാര്യ​ങ്ങൾക്ക്‌ കൂടുതൽ ഊന്നൽ നൽകു​ന്ന​തി​നു പകരം, “സ്‌നേ​ഹ​വും ബന്ധങ്ങളും” പോലുള്ള വൈകാ​രിക വശങ്ങൾക്ക്‌ അധികം ഊന്നൽ നൽകാൻ ബോണി​ലെ ഫെഡറൽ പേരന്റ്‌സ്‌ കൗൺസി​ലി​ന്റെ ഡയറക്ടർ മാതാ​പി​താ​ക്ക​ളോ​ടു നിർദേ​ശി​ക്കു​ക​യു​ണ്ടാ​യി എന്നു ബർളി​നാർ മോർഗൻപോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. (g03 7/22)

രണ്ടു കൂട്ടം നാഡി​ക​ളോ?

സ്‌നേ​ഹ​വും ആർദ്ര​ത​യും അനുഭ​വി​ച്ച​റി​യാൻ മനുഷ്യർക്ക്‌ ഒരു പ്രത്യേക നാഡീ​വ്യ​വസ്ഥ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു ജർമൻ സയന്റി​ഫിക്‌ ജേർണ​ലായ ബിൽറ്റ്‌ ഡേർ വിസ്സെൻഷാ​ഫ്‌റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. പ്രധാന സ്‌പർശന ഗ്രാഹി​യു​ടെ പ്രവർത്തനം തീരെ നിലച്ചു​പോയ ഒരു സ്‌ത്രീ​യെ മൃദു​വായ ഒരു പെയിന്റ്‌ ബ്രഷു​കൊ​ണ്ടു തഴുകി​യ​പ്പോൾ ഹൃദ്യ​മായ ഒരു അനുഭൂ​തി അവർക്ക്‌ അനുഭ​വ​പ്പെ​ട്ട​താ​യി സ്വീഡിഷ്‌ ശാസ്‌ത്രജ്ഞർ കണ്ടെത്തി. ഇതിനു കാരണ​മാ​യത്‌ ത്വക്കിലെ മറ്റൊരു നാഡീ​ശൃം​ഖല ആയിരു​ന്നെന്ന്‌ അവർ മനസ്സി​ലാ​ക്കി. വളരെ സാവധാ​നം പ്രവർത്തി​ക്കുന്ന, സ്‌പർശ​ന​ത്തോ​ടു സംവേ​ദ​ക​ത്വ​മുള്ള സി തന്തുക്ക​ളാ​ണിവ. വളരെ മൃദു​വായ സ്‌പർശ​ന​ത്തോ​ടു മാത്ര​മാണ്‌ ഈ ശൃംഖല പ്രതി​ക​രി​ക്കു​ന്നത്‌, എന്നിട്ട്‌ അതു വികാ​രങ്ങൾ കൈകാ​ര്യം ചെയ്യുന്ന തലച്ചോ​റി​ന്റെ ഭാഗത്തെ ഉത്തേജി​പ്പി​ക്കു​ന്നു. മനുഷ്യർക്ക്‌ ഇങ്ങനെ രണ്ടു നാഡീ​വ്യ​വസ്ഥ ഉള്ളത്‌ എന്തിനാണ്‌ എന്നതിനെ കുറിച്ച്‌ ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ ഇപ്രകാ​രം പറയുന്നു: “സാവധാ​നം പ്രവർത്തി​ക്കുന്ന തന്തുക്കൾ ജീവന്റെ ആദിമ​ഘ​ട്ട​ത്തിൽ, ഒരു പക്ഷേ അമ്മയുടെ വയറ്റിൽ ആയിരി​ക്കു​മ്പോൾത്തന്നെ പ്രവർത്തനം ആരംഭി​ക്കു​ന്നു. എന്നാൽ ത്വരി​ത​ഗ​തി​യിൽ സംവേ​ദ​ന​ക്ഷ​മ​മാ​കുന്ന തന്തുക്കൾ ജനന​ശേഷം സാവധാ​ന​ത്തി​ലാ​ണു വികാസം പ്രാപി​ക്കു​ന്നത്‌. നവജാ​ത​ശി​ശു​ക്കൾക്ക്‌ ഒരുപക്ഷേ മാതാ​പി​താ​ക്ക​ളു​ടെ സ്‌പർശനം അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്ന​തി​നു മുമ്പു​തന്നെ മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ സ്‌പർശ​ന​ത്തി​ലെ സ്‌നേഹം അനുഭ​വി​ച്ച​റി​യാൻ കഴി​ഞ്ഞേ​ക്കും.” (g03 7/22)