വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലാവസ്ഥ—അതിന്റെ താളം തെറ്റുകയാണോ?

കാലാവസ്ഥ—അതിന്റെ താളം തെറ്റുകയാണോ?

കാലാവസ്ഥ—അതിന്റെ താളം തെറ്റു​ക​യാ​ണോ?

“രണ്ട്‌ ഇംഗ്ലീ​ഷു​കാർ പരസ്‌പരം കണ്ടുമു​ട്ടു​മ്പോൾ, ആദ്യം സംസാ​രി​ക്കു​ന്നത്‌ കാലാ​വ​സ്ഥയെ കുറി​ച്ചാണ്‌.” പ്രശസ്‌ത എഴുത്തു​കാ​ര​നായ സാമുവൽ ജോൺസൺ തമാശ​രൂ​പേണ പറഞ്ഞതാണ്‌ ഇത്‌. എന്നാൽ അടുത്ത കാലങ്ങ​ളി​ലെ അവസ്ഥ എടുത്താൽ, അതു സംഭാ​ഷണം തുടങ്ങാ​നുള്ള ഒരു വിഷയം എന്നതി​ലു​പരി ലോക​മെ​മ്പാ​ടു​മുള്ള ആളുക​ളിൽ ഉത്‌കണ്‌ഠ ജനിപ്പി​ക്കുന്ന ഒന്നായി മാറി​യി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? കാലാവസ്ഥ മുമ്പും മുൻകൂ​ട്ടി പറയാൻ കഴിയാ​ത്തത്‌ ആയിരു​ന്നെ​ങ്കി​ലും ഇപ്പോൾ അത്‌ അങ്ങേയറ്റം അസ്ഥിര​മാ​യി​രി​ക്കു​ന്നു എന്നതാണു കാരണം.

ഉദാഹ​ര​ണ​ത്തിന്‌, 2002-ലെ വേനൽക്കാ​ലത്ത്‌ യൂറോ​പ്പിൽ അസാധാ​ര​ണ​മായ പേമാ​രി​യും കൊടു​ങ്കാ​റ്റും ആഞ്ഞടിച്ചു. അത്‌ “ഒരു നൂറ്റാ​ണ്ടിൽ അധിക​മാ​യി മധ്യയൂ​റോ​പ്പി​നെ ഗ്രസി​ച്ചി​ട്ടുള്ള പ്രളയ​ങ്ങ​ളിൽവെച്ച്‌ ഏറ്റവും ഭയങ്കരം” എന്നു വർണി​ക്ക​പ്പെ​ട്ട​തി​ലേക്കു നയിച്ചു. പിൻവ​രുന്ന ചില വാർത്താ റിപ്പോർട്ടു​കൾ ശ്രദ്ധി​ക്കുക:

ഓസ്‌ട്രിയ: “ഓസ്‌ട്രി​യ​യിൽ പ്രത്യേ​കിച്ച്‌ സോൾസ്‌ബർഗ്‌, കരിന്തിയ, റ്റിറോൾ എന്നിവി​ട​ങ്ങ​ളിൽ അത്യു​ഗ്ര​മായ പേമാ​രി​യും കൊടു​ങ്കാ​റ്റും വൻ നാശം വിതച്ചു. മിക്ക തെരു​വു​ക​ളും ചേറി​ലും ചെളി​യി​ലും പുതഞ്ഞു​പോ​യി. മണ്ണും നാശാ​വ​ശി​ഷ്ട​ങ്ങ​ളും തെരു​വു​ക​ളിൽ 15 മീറ്റർ ഉയരത്തിൽ കിടന്നി​രു​ന്നു. വിയന്ന​യി​ലെ സുയെ​ത്‌ബാ​ങ്‌ഹോഫ്‌ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഇടിമഴ ഒരു ട്രെയിൻ അപകട​ത്തി​നു കാരണ​മാ​കു​ക​യും അതിൽ നിരവധി ആളുകൾക്കു പരി​ക്കേൽക്കു​ക​യും ചെയ്‌തു.”

ചെക്ക്‌ റിപ്പബ്ലിക്ക്‌: “പ്രാഗി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ കിടിലം കൊള്ളി​ക്കുന്ന ഒരു അനുഭ​വ​മാ​യി​രു​ന്നു. എന്നാൽ മറ്റു പ്രവി​ശ്യ​ക​ളി​ലെ ദുരന്തം ഏറെ കനത്തതാണ്‌. എതാണ്ട്‌ 2,00,000 ആളുകൾക്ക്‌ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച്‌ പോ​കേ​ണ്ടി​വന്നു. പ്രളയം ചില പട്ടണങ്ങളെ പൂർണ​മാ​യും വെള്ളത്തിൽ ആഴ്‌ത്തി​യി​രി​ക്കു​ക​യാണ്‌.”

ഫ്രാൻസ്‌: “ഇരുപ​ത്തി​മൂ​ന്നു പേർ മരിച്ചു, 9 പേരെ കാണാ​നില്ല, ആയിരങ്ങൾ ദുരന്ത​ബാ​ധി​ത​രാണ്‌. . . . തിങ്കളാ​ഴ്‌ചത്തെ കൊടു​ങ്കാ​റ്റത്ത്‌ ഉണ്ടായ ഇടിമി​ന്ന​ലിൽ മൂന്നു​പേർ കൊല്ല​പ്പെട്ടു. . . . പ്രളയ​ജലം കാറി​നൊ​പ്പം ഒഴുക്കി​ക്കൊ​ണ്ടു​പോയ ദമ്പതി​കളെ രക്ഷപെ​ടു​ത്തിയ ഒരു അഗ്നിശമന പ്രവർത്ത​ക​നും മരിച്ച​വ​രിൽപ്പെ​ടു​ന്നു.”

ജർമനി: “നൂറു​വർഷ​ത്തി​നി​ടെ, ഫെഡറൽ റിപ്പബ്ലി​ക്കി​ന്റെ ചരി​ത്ര​ത്തിൽ പട്ടണങ്ങ​ളും ഗ്രാമ​ങ്ങ​ളും ഇത്രമാ​ത്രം ഒഴിപ്പി​ക്കേണ്ടി വന്നിട്ടുള്ള ഇത്ര വലി​യൊ​രു പ്രളയം ഉണ്ടായി​ട്ടില്ല. ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ തങ്ങളുടെ പട്ടണങ്ങൾ വിട്ടു പലായനം ചെയ്‌തി​രി​ക്കു​ന്നത്‌. മിക്കവ​രും അങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌ ഒരു മുൻക​രു​തൽ എന്ന നിലയ്‌ക്കാണ്‌. ചിലരെ അവസാന നിമിഷം ബോട്ടി​ലോ ഹെലി​കോ​പ്‌റ്റ​റി​ലോ രക്ഷപെ​ടു​ത്തു​ക​യാ​യി​രു​ന്നു.”

റൊമേനിയ: “ജൂലൈ പകുതി മുതൽ ഇവിടെ ആഞ്ഞടിച്ച കൊടു​ങ്കാറ്റ്‌ ഒരു ഡസനോ​ളം പേരുടെ ജീവൻ അപഹരി​ച്ചു.”

റഷ്യ: “കരിങ്ക​ട​ലി​ന്റെ തീരങ്ങ​ളിൽ കുറഞ്ഞത്‌ 58 പേർ മരിച്ചു. . . . ഏകദേശം 30 കാറു​ക​ളും ബസ്സുക​ളും ഇപ്പോ​ഴും കരിങ്ക​ട​ലി​ന്റെ അടിത്ത​ട്ടിൽ ആഴ്‌ന്നു​കി​ട​ക്കു​ക​യാണ്‌. ഇനിയും കൊടു​ങ്കാറ്റ്‌ ഉണ്ടാകാൻ ഇടയു​ണ്ടെന്ന മുന്നറി​യി​പ്പു ലഭിച്ചി​ട്ടു​ള്ള​തി​നാൽ അവയ്‌ക്കാ​യുള്ള തിരച്ചിൽ അസാധ്യ​മാ​യി​രി​ക്കു​ക​യാണ്‌.”

യൂറോ​പ്പിൽ മാത്രമല്ല

ജർമൻ ദിനപ​ത്ര​മായ സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ 2002 ആഗസ്റ്റിൽ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “മുമ്പ​ത്തേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഇടയ്‌ക്കി​ടെ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കുന്ന പേമാ​രി​യും കൊടു​ങ്കാ​റ്റും ഏഷ്യ, യൂറോപ്പ്‌, തെക്കേ അമേരിക്ക എന്നിവി​ട​ങ്ങ​ളിൽ കനത്ത നാശം വിതച്ചി​രി​ക്കു​ന്നു. ബുധനാഴ്‌ച നേപ്പാ​ളിൽ ഉണ്ടായ മണ്ണിടി​ച്ചി​ലിൽ കുറഞ്ഞത്‌ 50 പേർ മരിച്ചു. ദക്ഷിണ ചൈന​യി​ലു​ണ്ടായ ഒരു ചുഴലി​ക്കാറ്റ്‌ എട്ടു പേരുടെ മരണത്തി​നി​ട​യാ​ക്കു​ക​യും മധ്യ ചൈന​യിൽ കനത്ത മഴയ്‌ക്കു കാരണ​മാ​കു​ക​യും ചെയ്‌തു. ചൈന​യി​ലെ പ്രളയം മേകൊങ്‌ നദിയി​ലെ വെള്ളം അസാധാ​ര​ണ​മാം വിധം ഉയരാൻ ഇടയാക്കി, കഴിഞ്ഞ 30 വർഷത്തിൽ ജലനി​രപ്പ്‌ ഇത്രയും ഉയരു​ന്നത്‌ ആദ്യമാ​യാണ്‌. വടക്കു കിഴക്കൻ തായ്‌ലൻഡിൽ 100-ലേറെ വീടുകൾ വെള്ളത്തി​ന​ടി​യി​ലാ​യി. . . . അർജന്റീ​ന​യി​ലു​ണ്ടായ പേമാ​രി​യിൽ കുറഞ്ഞത്‌ അഞ്ചുപേർ മുങ്ങി​മ​രി​ച്ചു. . . . അടുത്ത വേനൽക്കാ​ലത്ത്‌ ഉണ്ടായ മഴയി​ലും കൊടു​ങ്കാ​റ്റി​ലും ചൈന​യിൽ ആയിര​ത്തി​ലേറെ പേർക്കു ജീവഹാ​നി സംഭവി​ച്ചു.”

ലോക​ത്തി​ന്റെ പല ഭാഗത്തും പ്രളയ​ജലം മരണം വിതച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഐക്യ​നാ​ടു​ക​ളിൽ കൊടും വരൾച്ച അനുഭ​വ​പ്പെട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “രാജ്യ​ത്താ​ക​മാ​നം കിണറു​ക​ളി​ലെ ജലനി​രപ്പ്‌ തീരെ താഴു​ക​യും കിണറു​കൾ വറ്റിവ​ര​ളു​ക​യും ചെയ്യു​ന്ന​തിൽ ആളുകൾ ആശങ്കാ​കു​ല​രാണ്‌. അതു​പോ​ലെ മിക്ക നീർച്ചാ​ലു​ക​ളി​ലെ​യും വെള്ളത്തി​ന്റെ ഒഴുക്ക്‌ എക്കാല​ത്തേ​തി​ലും കുറഞ്ഞു, കാട്ടുതീ സാധാരണ ഉണ്ടാകാ​റു​ള്ള​തി​ന്റെ ഇരട്ടി​യി​ലേ​റെ​യാണ്‌. വിളക​ളും പുൽമേ​ടു​ക​ളും ഉണങ്ങി​ക്ക​രി​യു​ന്നു, കുടി​വെള്ളം ആവശ്യ​ത്തി​നു ലഭ്യമല്ല, കാട്ടുതീ, മണൽക്കാറ്റ്‌ എന്നിങ്ങനെ എല്ലാം കൂടി 2002-ലെ വരൾച്ച കോടി​ക്ക​ണ​ക്കി​നു ഡോള​റു​ക​ളാണ്‌ സമ്പദ്‌വ്യ​വ​സ്ഥ​യ്‌ക്കു നഷ്ടം വരുത്തി​വെ​ക്കാൻ പോകു​ന്ന​തെന്ന്‌ വിദഗ്‌ധർ മുന്നറി​യി​പ്പു നൽകുന്നു.”

വടക്കേ ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ 1960-കൾ മുതൽ കൊടിയ വരൾച്ച അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. റിപ്പോർട്ടു​കൾ പറയുന്ന പ്രകാരം, “20-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യപ​കു​തി​യിൽ ഉണ്ടായ വർഷപാ​ത​ത്തെ​ക്കാൾ ഇപ്പോൾ 20 മുതൽ 49 വരെ ശതമാനം വർഷപാ​തം കുറവാണ്‌, ഇത്‌ വ്യാപ​ക​മായ ക്ഷാമത്തി​നും മരണത്തി​നും ഇടയാ​ക്കു​ന്നു.”

കിഴക്കൻ പസിഫി​ക്കി​ലെ സമുദ്ര ജലം ചൂടു​പി​ടിച്ച്‌ ഉണ്ടാകുന്ന എൽ നിന്യോ എന്ന ഒരു കാലാ​വസ്ഥാ പ്രതി​ഭാ​സം ഇടയ്‌ക്കി​ടെ വടക്കേ അമേരി​ക്ക​യി​ലും തെക്കേ അമേരി​ക്ക​യി​ലും വെള്ള​പ്പൊ​ക്ക​ത്തി​നും കാലാ​വസ്ഥാ വ്യതി​ച​ല​ന​ത്തി​നും കാരണ​മാ​കു​ന്നു. a 1983/84-ൽ ഉണ്ടായ എൽ നിന്യോ “കാലാ​വ​സ്ഥ​യിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഏതാണ്ട്‌ എല്ലാ ഭൂഖണ്ഡ​ങ്ങ​ളി​ലും വിപത്തു വിതയ്‌ക്കു​ക​യും 1,000-ത്തിലധി​കം പേരുടെ മരണത്തി​നി​ട​യാ​ക്കു​ക​യും ചെയ്‌തു. ഇതിൽ മൊത്തം 1,000 കോടി ഡോള​റി​ന്റെ വസ്‌തു​വ​ക​ക​ളും മൃഗങ്ങ​ളും നശിച്ചു” എന്ന്‌ സിഎൻഎൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 19-ാം നൂറ്റാ​ണ്ടിൽ എൽ നിന്യോ എന്ന പ്രതി​ഭാ​സത്തെ തിരി​ച്ച​റി​ഞ്ഞതു മുതൽ, ഇതു ക്രമമായ ഇടവേ​ള​ക​ളിൽ (ഏതാണ്ട്‌ ഓരോ നാലു​വർഷ​ത്തി​ലും) സംഭവി​ക്കാ​റുണ്ട്‌. എന്നാൽ എൽ നിന്യോ അതിന്റെ സന്ദർശ​ന​ങ്ങ​ളു​ടെ എണ്ണം ഇപ്പോൾത്തന്നെ വർധി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ഭാവി​യിൽ അത്‌ ഇനിയും വർധി​ക്കു​മെ​ന്നും ചില വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

യു.എസ്‌. നാഷണൽ എയ്‌റോ​നോ​ട്ടി​ക്ക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ഒരു ലേഖനം പിൻവ​രു​ന്ന​പ്ര​കാ​രം ഉറപ്പു നൽകുന്നു: “അസാധാ​രണ ചൂടും അസാധാ​ര​ണ​മായ വർഷപാ​ത​മുള്ള ശൈത്യ​കാ​ല​വും പോലെ നാം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ‘വിചി​ത്ര​മായ’ കാലാ​വ​സ്ഥ​യ്‌ക്ക്‌ എറെയും കാരണം കാലാ​വ​സ്ഥ​യിൽ പ്രാ​ദേ​ശി​ക​മാ​യി ഉണ്ടാകുന്ന സാധാരണ മാറ്റങ്ങ​ളാണ്‌.” എന്നിരു​ന്നാ​ലും ഗുരു​ത​ര​മായ ഒരു പ്രശ്‌നം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടാ​കാം എന്നു വിശ്വ​സി​ക്കു​ന്ന​തി​നുള്ള അടയാ​ള​ങ്ങ​ളും ദൃശ്യ​മാ​കു​ന്നുണ്ട്‌. ഒരു പരിസ്ഥി​തി​വാ​ദി സംഘട​ന​യായ ‘ഗ്രീൻപീസ്‌’ ഇപ്രകാ​രം പ്രവചി​ക്കു​ന്നു: “പൂർവാ​ധി​കം ശക്തി​യേ​റിയ ചുഴലി​ക്കൊ​ടു​ങ്കാ​റ്റും പേമാ​രി​യും ഉൾപ്പെട്ട അപകട​ക​ര​മായ കാലാവസ്ഥ ഈ ഗ്രഹത്തി​ലൊ​ട്ടാ​കെ സംഹാര താണ്ഡവ​മാ​ടു​ന്ന​തിൽ തുടരും. കാഠി​ന്യ​മേ​റിയ വരൾച്ച​യും പ്രളയ​വും ഈ ഭൂമി​യു​ടെ മുഖച്ഛായ അക്ഷരാർഥ​ത്തിൽത്തന്നെ മാറ്റി​മ​റി​ക്കും. അത്‌ തീര​ദേ​ശങ്ങൾ നഷ്ടമാ​കു​ന്ന​തി​നും വനങ്ങൾ നശിക്കു​ന്ന​തി​നും കാരണ​മാ​കും.” ഈ അവകാ​ശ​വാ​ദ​ങ്ങ​ളിൽ എന്തെങ്കി​ലും കഴമ്പു​ണ്ടോ? ഉണ്ടെങ്കിൽ മേൽപ്പറഞ്ഞ “അപകട​ക​ര​മായ കാലാ​വ​സ്ഥ​യ്‌ക്ക്‌” കാരണം എന്തായി​രി​ക്കും? (g03 8/08)

[അടിക്കു​റിപ്പ്‌]

a ഉണരുക!യുടെ 2000 മാർച്ച്‌ 22 ലക്കത്തിലെ “എൽ നിന്യോ—അത്‌ എന്താണ്‌?” എന്ന ലേഖനം കാണുക.

[2, 3 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ജർമനി​യി​ലെ​യും (മുകളിൽ) ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ​യും (ഇടത്ത്‌) പ്രളയം