കാലാവസ്ഥ വിനാശം വിതയ്ക്കുകയില്ലാത്ത ഒരു കാലം!
കാലാവസ്ഥ വിനാശം വിതയ്ക്കുകയില്ലാത്ത ഒരു കാലം!
“ആധുനിക മനുഷ്യന് സുഖം, വേഗം, ധനം എന്നിവയോടുള്ള അത്യാർത്തി നിമിത്തം ഭൂമിയോടുള്ള ആദരവ് നഷ്ടപ്പെട്ടിരിക്കുന്നു.” ഭൂഗ്രഹത്തെ രക്ഷിക്കാൻ 5000 ദിവസങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പുറംചട്ടയിലാണ് ഇപ്രകാരം എഴുതിയിരിക്കുന്നത്. മനുഷ്യന്റെ അത്യാർത്തിയുടെ പരിണതഫലങ്ങൾ നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതപനത്തിന്റെ പരിണതഫലങ്ങളെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, ഒരു കാര്യം ഉറപ്പാണ്—മനുഷ്യൻ നമ്മുടെ മനോഹരമായ ഗ്രഹത്തെ നശിപ്പിക്കുകയാണ്. ‘ഭൂമിയെ നശിപ്പിക്കുന്നവരെ [ദൈവം] നശിപ്പിക്കും’ എന്ന ബൈബിൾ വാഗ്ദാനത്തിന്റെ നിവൃത്തിയിലാണ് നമ്മുടെ ഏക പ്രത്യാശ.—വെളിപ്പാടു 11:18.
അഴിമതി നിറഞ്ഞ മനുഷ്യ ഭരണാധിപത്യങ്ങളെ ഇവിടെനിന്നു നീക്കിയിട്ട് തികച്ചും പുതിയൊരു വ്യവസ്ഥിതി ദൈവം സ്ഥാപിക്കും. ഇതിനെ മതപരമായ അസംബന്ധം എന്നു കരുതി തള്ളിക്കളയുന്നതിനു മുമ്പ് പിൻവരുന്നതു പരിചിന്തിക്കുക: ഭൂമിയുടെ പരിസ്ഥിതിക്ക് ആവശ്യമായിരിക്കുന്നത് എന്താണെന്ന് അതിന്റെ സൃഷ്ടാവിനെക്കാൾ നന്നായി അറിയാവുന്നത് മറ്റാർക്കാണ്? ഈ ഗ്രഹത്തിന്മേൽ ഉടമസ്ഥാവകാശം ഉള്ളവനെന്ന നിലയിൽ ഇതിനു സംഭവിക്കുന്ന കാര്യങ്ങളിൽ അവനു താത്പര്യം ഉണ്ടായിരിക്കില്ലേ? ഉണ്ടെന്നു ബൈബിൾ വ്യക്തമാക്കുന്നു. യെശയ്യാവു 45:18-ൽ യഹോവ “തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു: പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്” എന്നു പറഞ്ഞിരിക്കുന്നു. ആ ഉദ്ദേശ്യം നിവർത്തിക്കാനായി ദൈവത്തിന് ഇടപെടാൻ കഴിയും, അവൻ അതു ചെയ്യുകയും ചെയ്യും.
ഭൂമിയെ ഭരിക്കാൻ ഒരു രാജ്യം അഥവാ പുതിയ ഭരണകൂടം സ്ഥാപിച്ചുകൊണ്ടായിരിക്കും ദൈവം ഇതു ചെയ്യുന്നത്. കർത്താവിന്റെ പ്രാർഥനയിൽ “നിന്റെ രാജ്യം വരേണമേ” എന്നു ക്രിസ്ത്യാനികൾ പ്രാർഥിക്കുമ്പോൾ ഈ രാജ്യം ഭൂമിയുടെ ഭരണം ഏറ്റെടുക്കേണമേ എന്നാണ് അവർ അപേക്ഷിക്കുന്നത്. (മത്തായി 6:9, 10) ദൈവത്തിന്റെ രാജ്യത്തിന് അഥവാ ഗവൺമെന്റിന് ഭൂമിയുടെ അതിസങ്കീർണമായ പ്രകൃതിദത്ത പരിവൃത്തികൾ സംബന്ധിച്ച പൂർണഗ്രാഹ്യം ഉണ്ടായിരിക്കും. ഇപ്പോൾ മലിനീകരണത്താലും പരിസ്ഥിതിവിനാശം വരുത്തുന്ന മറ്റു പ്രവർത്തനങ്ങളാലും താറുമാറായിരിക്കുന്ന ഭൂവിഭാഗങ്ങളെ അത് പുനരുദ്ധരിക്കും. യെശയ്യാവു 35:1, 6 ഇപ്രകാരം പറയുന്നു: “മരുഭൂമി . . . പനിനീർപുഷ്പം പോലെ പൂക്കും. . . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.”
ദൈവം ഇടപെടുന്നതുവരെ
രണ്ടായിരത്തിരണ്ടിലെ വെള്ളപ്പൊക്കങ്ങൾക്കുശേഷം, പശ്ചിമ ജർമനിയുടെ മുൻ ചാൻസലർ ആയിരുന്ന ഹെൽമൂട്ട് ഷ്മിത്ത് ഇങ്ങനെ എഴുതി: “അണക്കെട്ടുകളെ തകർത്തൊഴുകുന്ന പ്രകൃതിശക്തികളെ പിടിച്ചുനിറുത്താൻ ആർക്കും കഴിയില്ല. ദുരന്തങ്ങൾ ഇനിയും തുടർന്നുകൊണ്ടിരിക്കും.” അതു സത്യമാണ്. കാലാവസ്ഥയുടെ മുഖം കറുക്കുമ്പോൾ അതുമായി കഴിയുന്നത്ര പൊരുത്തപ്പെടാനല്ലാതെ മനുഷ്യനു മറ്റൊന്നും ചെയ്യാനാകില്ല. ഇവ വരുത്തിവെക്കുന്ന വിപത്ത് ഏറെയാണെങ്കിലും മർക്കൊസ് 12:31) ഉദാഹരണത്തിന്, യൂറോപ്പിൽ ഉണ്ടായ വെള്ളപ്പൊക്കം ചിലരിൽ ഇത്തരം ഒരു ഫലം ഉളവാക്കിയതായി കാണുന്നു. ഒരു വർത്തമാനപത്രം ഇപ്രകാരം എഴുതി: “[ദുരിതാശ്വാസ] പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി ജർമനിയുടെ എല്ലാ ഭാഗത്തുനിന്നും ഉത്സുകരായ സന്നദ്ധ സേവകർ എത്തിച്ചേർന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായിട്ടുള്ള എറ്റവും വലിയ സന്നദ്ധ സേവനമാണ് ഇത്.”
ഇത്തരം ദുരന്തങ്ങൾക്ക് ആളുകളിൽ ഒരു നല്ല ഫലം ഉളവാക്കാൻ കഴിയും. തങ്ങളുടെ അയൽക്കാരോടു സ്നേഹവും പരിഗണനയും പ്രകടിപ്പിക്കാൻ ഇത് അവരെ പ്രചോദിപ്പിച്ചേക്കാം. (ഈ സന്നദ്ധ സേവകരിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട നിരവധി പേർ ഉണ്ടായിരുന്നു. വ്യത്യസ്ത ദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്. ഈ ക്രിസ്ത്യാനികളുടെ പെരുമാറ്റം, ആസന്നമായിരിക്കുന്ന ദൈവിക ഭരണത്തിൻ കീഴിലെ ജീവിതത്തിന്റെ ഒരു പൂർവവീക്ഷണം ആണ്. അന്ന്, അത്യാഗ്രഹവും സ്വാർഥതയും അല്ല മറിച്ച് സ്നേഹവും സാഹോദര്യവും കളിയാടും—യെശയ്യാവു 11:9. a
പുരാതന ഇസ്രായേൽ ജനതയോട് ദൈവം ചെയ്ത വാഗ്ദാനത്തിൽ ക്രിസ്ത്യാനികൾക്ക് ആശ്വാസം കണ്ടെത്താൻ കഴിയും: “ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.” (ആവർത്തനപുസ്തകം 11:14) ദൈവത്തിന്റെ പുതിയലോകത്തിൽ ജീവിക്കാൻ പദവി ലഭിക്കുന്നവർക്കും ആ വാഗ്ദത്ത നിവൃത്തി ആസ്വദിക്കാൻ കഴിയും—അത് കാലാവസ്ഥയുടെ രൗദ്രഭാവങ്ങൾ വിനാശം വിതയ്ക്കാത്ത ഒരു ലോകമായിരിക്കും. (g03 8/08)
[അടിക്കുറിപ്പ്]
a ദൈവരാജ്യ ഗവൺമെന്റിനെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിക്കുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.
[9-ാം പേജിലെ ചതുരം/ചിത്രം]
സമ്പൂർണമായ കാലാവസ്ഥാ നിയന്ത്രണം
ദൈവത്തിന്റെ പുതിയലോകത്തിൽ, ഭ്രാന്തമായ കൊടുങ്കാറ്റുകൾ തങ്ങളുടെ വീടുകളും വിളകളും തകർത്തു കളയുമെന്ന് ആളുകൾ ഭയക്കേണ്ടതില്ല. (2 പത്രൊസ് 3:13) ദൈവത്തിനും അവന്റെ പുത്രനായ യേശുക്രിസ്തുവിനും കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള സമ്പൂർണ പ്രാപ്തിയുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. പിൻവരുന്ന വാക്യങ്ങൾ പരിചിന്തിക്കുക.
◼ ഉല്പത്തി 7:4: “ഇനി ഏഴു ദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും.”
◼ പുറപ്പാടു 14:21: “യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.”
◼ 1 ശമൂവേൽ 12:18: “അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏററവും ഭയപ്പെട്ടു.”
◼ യോനാ 1:4: “യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാററു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി.”
◼ മർക്കൊസ് 4:39: “അവൻ [യേശു, ദൈവത്തിൽനിന്നുള്ള ശക്തിയാൽ] എഴുന്നേററു കാററിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാററു അമർന്നു, വലിയ ശാന്തത ഉണ്ടായി.”
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ പുതിയ ലോകത്തിൽ കാലാവസ്ഥ വിനാശം വിതയ്ക്കുമെന്ന് നാം ഭയക്കേണ്ടതില്ല