വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കീടപ്രതിരോധകം കുരങ്ങന്മാർക്ക്‌!

കീടപ്രതിരോധകം കുരങ്ങന്മാർക്ക്‌!

കീട​പ്ര​തി​രോ​ധകം കുരങ്ങ​ന്മാർക്ക്‌!

വെനെ​സ്വേ​ല​യു​ടെ ഉഷ്‌ണ​മേ​ഖലാ വനങ്ങൾ, അതിബു​ദ്ധി​മാ​ന്മാ​രായ ഒരുതരം പ്രൈ​മേ​റ്റു​ക​ളു​ടെ ആവാസ​കേ​ന്ദ്ര​മാണ്‌. കാഴ്‌ച​യ്‌ക്ക്‌ കൂർത്ത തൊപ്പി ധരിച്ച​തു​പോ​ലെ തോന്നി​ക്കുന്ന കപ്പൂച്ചിൻ കുരങ്ങാണ്‌ അത്‌. ഈ വാനര​ന്മാ​രു​ടെ കാനന വസതി​യിൽ വർഷകാ​ല​മെ​ത്തു​മ്പോൾ, രൂക്ഷമായ ആക്രമണം നടത്തുന്ന കൊതു​കു​ക​ളു​ടെ ഒരു വൻപട​യും കൂടെ എത്താറുണ്ട്‌. ഒരു ശല്യം എന്നതി​ലു​പരി ഈ കൊതു​കു​കൾ മഹാ അപകട​കാ​രി​ക​ളാണ്‌. മിക്ക​പ്പോ​ഴും ഇവ ഒരുതരം പരാദ ഈച്ചയായ ബോട്ട്‌ ഫ്‌​ളൈ​യു​ടെ മുട്ടകൾ വഹിക്കു​ന്നു. ഈ പരാദങ്ങൾ കുരങ്ങ​ന്മാ​രു​ടെ തൊലി​ക്ക​ടി​യിൽ എത്തി​പ്പെ​ടാ​നി​ട​യാ​യാൽ അവയെ തീർത്തും തളർത്തി​ക്ക​ള​യുന്ന പഴുപ്പ്‌ നിറഞ്ഞ വ്രണങ്ങൾക്ക്‌ ഇതു കാരണ​മാ​കു​ന്നു.

കൊതു​കു​ക​ളു​ടെ ആക്രമ​ണ​ത്തിൽനി​ന്നു രക്ഷനേ​ടാ​നാ​കണം ഈ കുരങ്ങ​ന്മാർ തങ്ങളുടെ ശരീര​മാ​കെ ഒരുതരം ശക്തി​യേ​റിയ പ്രകൃ​തി​ദത്ത കീട​പ്ര​തി​രോ​ധകം തേച്ചു​പി​ടി​പ്പി​ക്കു​ന്നു. എന്താ​ണെ​ന്നോ? കാട്ടി​ലുള്ള ഒരുതരം തേരട്ട​യു​ടെ സ്രവം. കീടങ്ങളെ തുരത്താ​നുള്ള ഫലപ്ര​ദ​മായ രണ്ട്‌ ഘടകങ്ങൾ ഈ തേരട്ട​യു​ടെ സ്രവത്തിൽ അടങ്ങി​യി​ട്ടുണ്ട്‌. വാസ്‌ത​വ​ത്തിൽ, ഇത്‌ പട്ടാള​ക്കാർ ഉപയോ​ഗി​ക്കുന്ന മനുഷ്യ​നിർമിത കീട​പ്ര​തി​രോ​ധ​ക​ങ്ങ​ളെ​ക്കാൾ ശക്തി​യേ​റി​യ​താണ്‌!

അതു​കൊണ്ട്‌, മഴക്കാ​ലത്ത്‌ ഈ തൊപ്പി​ക്കാ​രൻ കുരങ്ങച്ചൻ മരപ്പട്ട​യി​ലും ചിതൽപ്പു​റ്റു​ക​ളു​ടെ സമീപ​ത്തും മറ്റും ഈ തേരട്ടയെ—ഇതിന്‌ പത്തു സെന്റി​മീ​റ്റർ നീളമുണ്ട്‌—അന്വേ​ഷി​ച്ചു നടക്കും. ഒരെണ്ണത്തെ കിട്ടി​ക്ക​ഴി​ഞ്ഞാൽ ഇഷ്ടൻ അതിനെ ദേഹത്താ​ക​മാ​നം, അടിമു​ടി ഉരയ്‌ക്കും. “ഈ സ്രവം അങ്ങേയറ്റം വില​പ്പെ​ട്ട​താ​യ​തി​നാൽ ഒരൊറ്റ തേരട്ട​യു​ടെ സ്രവം നാലു കുരങ്ങ​ന്മാർവരെ പങ്കു​വെ​ക്കും” എന്ന്‌ ജേർണൽ ഓഫ്‌ കെമിക്കൽ ഇക്കോ​ളജി പറയുന്നു. തീറ്റതി​ന്നു​മ്പോ​ഴും മറ്റു സന്ദർഭ​ങ്ങ​ളി​ലു​മെ​ല്ലാം വാനര​ക്കൂ​ട്ടം അവയ്‌ക്കി​ട​യി​ലെ ‘അധികാര ശ്രേണി’ മാനി​ക്കാ​റുണ്ട്‌. എന്നാൽ തേരട്ട​പ്ര​യോ​ഗ​ത്തി​ന്റെ കാര്യ​ത്തിൽ ഇവ അതു​പോ​ലും ഗൗനി​ക്കില്ല. (g03 8/22)

[13-ാം പേജിലെ ചിത്രം]

തേരട്ടയുടെ സ്രവം

[കടപ്പാട്‌]

Thomas Eisner/Cornell University

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Dr. Zoltan Takacs